< പുറപ്പാട് 36 >
1 ബെസലേലും ഒഹൊലീയാബും, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു യഹോവയുടെ കൽപ്പനപ്രകാരം സകലപ്രവൃത്തിയും ചെയ്യുന്നതിനു യഹോവ വൈദഗ്ദ്ധ്യവും പ്രാപ്തിയും നൽകിയ സകലജ്ഞാനികളും, യഹോവ കൽപ്പിച്ചതനുസ്സരിച്ച് വേലചെയ്യണം.”
ബെസലേലും ഒഹൊലീയാബും വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കു യഹോവ കല്പിച്ചതുപോലെ ഒക്കെയും സകലപ്രവൃത്തിയും ചെയ്‌വാൻ അറിയേണ്ടതിന്നു യഹോവ ജ്ഞാനവും ബുദ്ധിയും നല്കിയ സകലജ്ഞാനികളും പ്രവൃത്തി ചെയ്യേണം.
2 അങ്ങനെ മോശ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ ജ്ഞാനം നൽകിയിരുന്ന എല്ലാ വിദഗ്ദ്ധരെയും ജോലിചെയ്യാൻ മനസ്സിൽ പ്രേരണ ലഭിച്ച എല്ലാവരെയും വിളിച്ചുകൂട്ടി.
അങ്ങനെ മോശെ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ മനസ്സിൽ ജ്ഞാനം നല്കിയിരുന്ന എല്ലാവരെയും പ്രവൃത്തിയിൽ ചേരുവാൻ മനസ്സിൽ ഉത്സാഹം തോന്നിയ എല്ലാവരെയും വിളിച്ചുവരുത്തി.
3 വിശുദ്ധമന്ദിരത്തിന്റെ പണിക്കുവേണ്ടി ഇസ്രായേൽമക്കൾ കൊടുത്തിരുന്ന വഴിപാടുകൾ എല്ലാം അവർ മോശയുടെ പക്കൽനിന്നു വാങ്ങി. എന്നാൽ ജനം പിന്നെയും പ്രഭാതംതോറും സ്വമേധാദാനങ്ങളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു.
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്‌വാൻ യിസ്രായേൽമക്കൾ കൊണ്ടുവന്ന വഴിപാടു ഒക്കെയും അവർ മോശെയുടെ പക്കൽനിന്നു വാങ്ങി; എന്നാൽ അവർ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങളെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
4 അപ്പോൾ, വിശുദ്ധമന്ദിരത്തിലെ സകലജോലികളും ചെയ്തുപോന്ന വിദഗ്ദ്ധന്മാർ ജോലി നിർത്തി മോശയുടെ അടുക്കൽവന്നു.
അപ്പോൾ വിശുദ്ധമന്ദിരത്തിന്റെ സകല പ്രവൃത്തിയും ചെയ്യുന്ന ജ്ഞാനികൾ ഒക്കെയും താന്താൻ ചെയ്തുവന്ന പണി നിൎത്തി വന്നു മോശെയോടു:
5 “യഹോവ ചെയ്യാൻ കൽപ്പിച്ചിട്ടുള്ള പ്രവൃത്തികൾക്കു വേണ്ടതിലധികമായി ജനങ്ങൾ കൊണ്ടുവരുന്നു,” എന്നു പറഞ്ഞു.
യഹോവ ചെയ്‌വാൻ കല്പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
6 അപ്പോൾ മോശ ഒരു കൽപ്പന നൽകി, “പുരുഷന്മാരോ സ്ത്രീകളോ വിശുദ്ധമന്ദിരത്തിലേക്കു വഴിപാടായി ഇനി ഒന്നും കൊണ്ടുവരേണ്ടതില്ല” എന്നു പാളയത്തിലെങ്ങും അറിയിച്ചു. അങ്ങനെ, ജനം വഴിപാടുകൾ കൊണ്ടുവരുന്നതു നിർത്തി.
അതിന്നു മോശെ: പുരുഷന്മാരാകട്ടെ സ്ത്രീകളാകട്ടെ വിശുദ്ധമന്ദിരത്തിന്റെ വഴിപാടുവകെക്കു മേലാൽ പ്രവൃത്തി ചെയ്യേണ്ട എന്നു കല്പിച്ചു; അവർ അതു പാളയത്തിൽ പ്രസിദ്ധമാക്കി. അങ്ങനെ ജനം കൊണ്ടുവരുന്നതു നിൎത്തലായി.
7 അവർക്കു ലഭിച്ച സാധനങ്ങൾ, എല്ലാ പണികളും ചെയ്യാൻ ആവശ്യമായതിലും അധികം ആയിരുന്നു.
കിട്ടിയ സാമാനങ്ങളോ സകല പ്രവൃത്തിയും ചെയ്‌വാൻ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു.
8 പണിക്കാരിൽ വൈദഗ്ദ്ധ്യമുള്ളവർ എല്ലാവരും, പിരിച്ച മൃദുലചണനൂൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടുണ്ടാക്കിയ പത്തു തിരശ്ശീലകൊണ്ടു സമാഗമകൂടാരം ഉണ്ടാക്കി; തിരശ്ശീലകളിൽ നെയ്ത്തുകാരന്റെ ചിത്രപ്പണിയായി കെരൂബുകൾ ഉണ്ടാക്കിയിരുന്നു.
പണി ചെയ്യുന്നവരിൽ ജ്ഞാനികളായ എല്ലാവരും പഞ്ഞിനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടുള്ള പത്തു മൂടുശീലകൊണ്ടു തിരുനിവാസം ഉണ്ടാക്കി; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.
9 എല്ലാ തിരശ്ശീലകൾക്കും ഒരേ അളവായിരുന്നു. ഓരോ തിരശ്ശീലയ്ക്കും ഇരുപത്തെട്ടുമുഴം നീളവും നാലുമുഴം വീതിയും ഉണ്ടായിരുന്നു.
ഓരോ മൂടുശീലെക്കു ഇരുപത്തെട്ടു മുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; എല്ലാമൂടുശീലകൾക്കും ഒരു അളവു തന്നേ.
10 അവർ അഞ്ചു തിരശ്ശീലകളും ഒന്നോടൊന്നു തുന്നിച്ചേർത്തു; മറ്റേ അഞ്ചു തിരശ്ശീലകളും ഒന്നോടൊന്നു തുന്നിച്ചേർത്തു.
അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചു; മറ്റെ അഞ്ചു മൂടുശീലയും ഒന്നോടൊന്നു ഇണെച്ചു.
11 അതിനുശേഷം അവർ തുന്നിച്ചേർത്ത ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ നീലനൂൽകൊണ്ടു കണ്ണികൾ ഉണ്ടാക്കി. മറ്റേ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിലും അതുപോലെ കണ്ണികൾ ഉണ്ടാക്കി.
അങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂൽ കൊണ്ടു കണ്ണികൾ ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കി.
12 ഒരുകൂട്ടം തിരശ്ശീലയിൽ അൻപതു കണ്ണികൾ ഉണ്ടാക്കി; രണ്ടാമത്തെ കൂട്ടം തിരശ്ശീലയുടെ വിളുമ്പിലും അൻപതു കണ്ണികൾ ഉണ്ടാക്കി. കണ്ണികൾ നേർക്കുനേർ ആയിരുന്നു.
ഒരു മൂടുശീലയിൽ അമ്പതു കണ്ണി ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കി; കണ്ണികൾ നേൎക്കുനേരെ ആയിരുന്നു.
13 അവർ തങ്കംകൊണ്ട് അൻപതു കൊളുത്തും ഉണ്ടാക്കി. കൊളുത്തുകൊണ്ടു രണ്ടു തിരശ്ശീലക്കൂട്ടവും ഒന്നോടൊന്ന് ഒരുമിച്ചുചേർത്തു. അങ്ങനെ സമാഗമകൂടാരം ഒന്നായിത്തീർന്നു.
അവൻ പൊന്നുകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി; കൊളുത്തുകൊണ്ടു മൂടുശീലകളെ ഒന്നോടൊന്നു ഇണെച്ചു; അങ്ങനെ തിരുനിവാസം ഒന്നായി തീൎന്നു.
14 സമാഗമകൂടാരത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമംകൊണ്ടു പതിനൊന്നു തിരശ്ശീല ഉണ്ടാക്കി.
തിരുനിവാസത്തിന്മേൽ മൂടുവരിയായി കോലാട്ടുരോമംകൊണ്ടുള്ള മൂടുശീലകൾ ഉണ്ടാക്കി, പതിനൊന്നു മൂടുശീലയായി അവയെ ഉണ്ടാക്കി.
15 പതിനൊന്നു തിരശ്ശീലയ്ക്കും ഒരേ അളവ് ആയിരുന്നു—മുപ്പതുമുഴം നീളവും നാലുമുഴം വീതിയും ഉണ്ടായിരുന്നു.
ഓരോ മൂടുശീലെക്കു മുപ്പതു മുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; മൂടുശീല പതിനൊന്നിന്നും ഒരു അളവു തന്നേ.
16 അവർ അഞ്ചു തിരശ്ശീല ഒരുമിച്ചും മറ്റ് ആറു തിരശ്ശീല ഒരുമിച്ചും തുന്നിച്ചേർത്തു.
അവൻ അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു.
17 ഇപ്രകാരം തുന്നിച്ചേർത്ത ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ അൻപതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ അൻപതു കണ്ണിയും അവർ ഉണ്ടാക്കി.
ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കി.
18 കൂടാരം ഒന്നായി ഇണച്ചു ചേർക്കേണ്ടതിന്, അവർ വെങ്കലംകൊണ്ട് അൻപതു കൊളുത്ത് ഉണ്ടാക്കി.
കൂടാരം ഒന്നായിരിക്കേണ്ടതിന്നു അതു ഇണെപ്പാൻ താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി.
19 ആട്ടുകൊറ്റന്റെ ചെമപ്പിച്ചതുകൽകൊണ്ടു കൂടാരത്തിന് ഒരു മൂടിയും അതിന്റെമീതേ തഹശുതുകൽകൊണ്ട് ഒരു പുറമൂടിയും അവർ ഉണ്ടാക്കി.
ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു കൂടാരത്തിന്നു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോൽകൊണ്ടു ഒരു പുറമൂടിയും അവൻ ഉണ്ടാക്കി.
20 അവർ, സമാഗമകൂടാരത്തിനു നിവർന്നുനിൽക്കുന്ന ഖദിരമരംകൊണ്ടുള്ള പലകകൾ ഉണ്ടാക്കി.
ഖദിരമരംകൊണ്ടു തിരുനിവാസത്തിന്നു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി.
21 ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നരമുഴം വീതിയും ഉണ്ടായിരുന്നു.
ഓരോ പലകെക്കു പത്തുമുഴം നീളവും ഓരോ പലകെക്കു ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
22 പലകകൾതമ്മിൽ ചേർന്നിരിക്കുംവിധം ഓരോ പലകയ്ക്കും രണ്ടു കുടുമകൾവീതം ഉണ്ടാക്കി; സമാഗമകൂടാരത്തിന്റെ എല്ലാ പലകകളും ഇതേരീതിയിൽ ഉണ്ടാക്കി.
ഓരോ പലകെക്കു തമ്മിൽ ചേൎന്നിരിക്കുന്ന ഈരണ്ടു കുടുമ ഉണ്ടായിരുന്നു; ഇങ്ങനെ തിരുനിവാസത്തിന്റെ എല്ലാപലകെക്കും ഉണ്ടാക്കി.
23 അവർ സമാഗമകൂടാരത്തിന്റെ തെക്കുവശത്ത് ഇരുപതു പലക ഉണ്ടാക്കി.
അവൻ തിരുനിവാസത്തിന്നു പലക ഉണ്ടാക്കിയതു തെക്കുവശത്തേക്കു ഇരുപതു പലക:
24 ഒരു പലകയുടെ അടിയിൽ രണ്ടു കുടുമകളും അതിനു രണ്ടു ചുവടും അങ്ങനെ നാൽപ്പതു വെള്ളിച്ചുവടും ഉണ്ടാക്കി.
ഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെ അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു അവൻ ഉണ്ടാക്കി.
25 സമാഗമകൂടാരത്തിന്റെ മറ്റേവശമായ വടക്കുവശത്ത് ഇരുപതു പലകയും
തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കും ഇരുപതു പലക ഉണ്ടാക്കി.
26 ഒരു പലകയുടെ അടിയിൽ രണ്ടു ചുവടുകൾവീതം നാൽപ്പതു വെള്ളിച്ചുവടുകളും ഉണ്ടാക്കി.
ഒരു പലകയുടെ അടിയിൽ രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവടും ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടു ഉണ്ടാക്കി.
27 സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്ത് ആറു പലകകൾ അവർ ഉണ്ടാക്കി.
തിരുനിവാസത്തിന്റെ പടിഞ്ഞാറെ വശത്തേക്കു ആറു പലക ഉണ്ടാക്കി.
28 സമാഗമകൂടാരത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്ക് ഈരണ്ടു പലകയും അവർ ഉണ്ടാക്കി.
തിരുനിവാസത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്കു ഈരണ്ടു പലക ഉണ്ടാക്കി.
29 രണ്ടു മൂലകളിലും താഴെമുതൽ മുകളിൽ ഒറ്റവളയംവരെ അവ ഇരട്ടപ്പലകയായിരുന്നു. രണ്ടു പലകകളും ഇപ്രകാരം ആയിരുന്നു. അവ രണ്ടും മൂലപ്പലകകളാണ്.
അവ താഴെ ഇരട്ടയായും മേലറ്റത്തു ഒന്നാമത്തെ വളയംവരെ തമ്മിൽ ചേൎന്നു ഒറ്റയായും ഇരുന്നു. രണ്ടു മൂലയിലുള്ള രണ്ടിന്നും അങ്ങനെ തന്നേ ചെയ്തു.
30 ഇങ്ങനെ എട്ടു പലകയും ഓരോ പലകയുടെയും അടിയിൽ രണ്ടു ചുവടുവീതം പതിനാറു വെള്ളിച്ചുവടും ഉണ്ടാക്കി.
ഇങ്ങനെ എട്ടു പലകയും ഓരോ പലകയുടെ അടിയിൽ ഈരണ്ടു ചുവടായി പതിനാറു വെള്ളിച്ചുവടും ഉണ്ടായിരുന്നു.
31 അവർ ഖദിരമരംകൊണ്ടു സാക്ഷകൾ ഉണ്ടാക്കി; സമാഗമകൂടാരത്തിന്റെ ഒരു വശത്തെ പലകയ്ക്ക് അഞ്ചു സാക്ഷയും
അവൻ ഖദിരമരംകൊണ്ടു അന്താഴങ്ങളും ഉണ്ടാക്കി; തിരുനിവാസത്തിന്റെ ഒരു വശത്തെ പലകെക്കു അഞ്ചു അന്താഴം;
32 മറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും ഉണ്ടാക്കി.
തിരുനിവാസത്തിന്റെ മറുവശത്തെ പലകെക്കു അഞ്ചു അന്താഴം; തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിൻവശത്തെ പലകെക്കു അഞ്ചു അന്താഴം.
33 നടുവിലുള്ള സാക്ഷ പലകകളുടെ നടുവിൽ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എത്തുംവിധം ഉണ്ടാക്കി.
നടുവിലത്തെ അന്താഴം പലകയുടെ ഒത്ത നടുവിൽ ഒരു അറ്റത്തുനിന്നു മറ്റെ അറ്റത്തോളം ചെല്ലുവാൻ തക്കവണ്ണം ഉണ്ടാക്കി.
34 പലകകൾ അവർ തങ്കംകൊണ്ടു പൊതിഞ്ഞു: സാക്ഷ കടത്തുന്നതിന് തങ്കംകൊണ്ടു വളയങ്ങൾ ഉണ്ടാക്കി: സാക്ഷകളും അവർ തങ്കംകൊണ്ടു പൊതിഞ്ഞു.
പലകകൾ പൊന്നുകൊണ്ടു പൊതിഞ്ഞു; അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ടു ഉണ്ടാക്കി, അന്താഴം പൊന്നുകൊണ്ടു പൊതിഞ്ഞു.
35 നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് അവർ തിരശ്ശീല ഉണ്ടാക്കി. തിരശ്ശീലയിൽ കെരൂബുകളുടെ രൂപം ചിത്രപ്പണിയായി നെയ്ത്തുകാരൻ തുന്നിച്ചേർത്തിരുന്നു.
നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു അവൻ ഒരു തിരശ്ശീലയും ഉണ്ടാക്കി: നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.
36 അവർ, അതിനു ഖദിരമരംകൊണ്ടു നാലുതൂണും ഉണ്ടാക്കി. അവ തങ്കംകൊണ്ടു പൊതിഞ്ഞു: അവയ്ക്കു തങ്കക്കൊളുത്തുകൾ ഉണ്ടാക്കി; വെള്ളികൊണ്ടു നാലുചുവടും വാർപ്പിച്ചുണ്ടാക്കി.
അതിന്നു ഖദിരമരംകൊണ്ടു നാലു തൂണും ഉണ്ടാക്കി, പൊന്നുകൊണ്ടു പൊതിഞ്ഞു; അവയുടെ കൊളുത്തുകൾ പൊന്നുകൊണ്ടു ആയിരുന്നു; അവെക്കു വെള്ളികൊണ്ടു നാലു ചുവടു വാൎപ്പിച്ചു.
37 കൂടാരവാതിലിനു നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായി ഒരു മറശ്ശീലയും
കൂടാരത്തിന്റെ വാതിലിന്നു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽക്കാരന്റെ പണിയായ ഒരു മറശ്ശീലയും
38 അതിന് അഞ്ചുതൂണും അവയ്ക്കു കൊളുത്തും ഉണ്ടാക്കി; അവർ തൂണുകളുടെ ചുവടുകളും മേൽച്ചുറ്റുപടികളും തങ്കംകൊണ്ടു പൊതിഞ്ഞു; അവയ്ക്ക് അഞ്ചു വെങ്കലച്ചുവടുകളും ഉണ്ടാക്കി.
അതിന്നു അഞ്ചു തൂണും അവെക്കു കൊളുത്തും ഉണ്ടാക്കി; അവയുടെ കുമിഴുകളും മേൽചുറ്റുപടികളും പൊന്നുകൊണ്ടു പൊതിഞ്ഞു; എന്നാൽ അവയുടെ ചുവടു അഞ്ചും താമ്രം കൊണ്ടു ആയിരുന്നു.