< പുറപ്പാട് 33 >

1 യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: “നീയും ഈജിപ്റ്റിൽനിന്ന് നീ പുറപ്പെടുവിച്ചുകൊണ്ടുവന്ന ഈ ജനവും ഈ സ്ഥലംവിട്ട്, ‘ഞാൻ നിന്റെ സന്തതിക്കു നൽകും’ എന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ശപഥംചെയ്ത ദേശത്തേക്കു പോകുക.
וידבר יהוה אל משה לך עלה מזה אתה והעם אשר העלית מארץ מצרים אל הארץ אשר נשבעתי לאברהם ליצחק וליעקב לאמר לזרעך אתננה׃
2 ഞാൻ ഒരു ദൂതനെ നിനക്കുമുമ്പായി അയയ്ക്കും, കനാന്യരെയും അമോര്യരെയും ഹിത്യരെയും പെരിസ്യരെയും ഹിവ്യരെയും യെബൂസ്യരെയും ദേശത്തുനിന്ന് ഓടിച്ചുകളയും.
ושלחתי לפניך מלאך וגרשתי את הכנעני האמרי והחתי והפרזי החוי והיבוסי׃
3 പാലും തേനും ഒഴുകുന്ന ദേശത്തേക്കു പോകുക. വഴിയിൽവെച്ചു ഞാൻ നിങ്ങളെ നശിപ്പിക്കാതിരിക്കേണ്ടതിന് ഞാൻ നിങ്ങളോടുകൂടെ വരികയില്ല; നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.”
אל ארץ זבת חלב ודבש כי לא אעלה בקרבך כי עם קשה ערף אתה פן אכלך בדרך׃
4 ദുഃഖകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും ആഭരണമൊന്നും ധരിച്ചില്ല.
וישמע העם את הדבר הרע הזה ויתאבלו ולא שתו איש עדיו עליו׃
5 “നിങ്ങൾ ദുശ്ശാഠ്യമുള്ള ജനമാകുന്നു. ഞാൻ ഒരു നിമിഷമെങ്കിലും നിങ്ങളോടുകൂടെ നടന്നാൽ നിങ്ങളെ നശിപ്പിക്കാൻ ഇടയായേക്കും; ഇപ്പോൾ നിങ്ങളുടെ ആഭരണങ്ങൾ നീക്കിക്കളയുക; നിങ്ങളോട് എന്തു ചെയ്യണമെന്ന് ഞാൻ നിശ്ചയിക്കും എന്നിങ്ങനെ ഇസ്രായേൽമക്കളോടു പറയുക,” എന്ന് യഹോവ മോശയോടു കൽപ്പിച്ചിരുന്നു.
ויאמר יהוה אל משה אמר אל בני ישראל אתם עם קשה ערף רגע אחד אעלה בקרבך וכליתיך ועתה הורד עדיך מעליך ואדעה מה אעשה לך׃
6 അങ്ങനെ, ഹോരേബ് പർവതത്തിങ്കൽ തുടങ്ങി ഇസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.
ויתנצלו בני ישראל את עדים מהר חורב׃
7 പാളയത്തിനു വെളിയിൽ അകലെയായി മോശ ഒരു കൂടാരമടിച്ചിരുന്നു. അതിനു “സമാഗമകൂടാരം” എന്നു പേരിട്ടു. യഹോവയെ അന്വേഷിക്കുന്നവരെല്ലാം പാളയത്തിനുപുറത്തു സമാഗമകൂടാരത്തിലേക്കു പോയിരുന്നു.
ומשה יקח את האהל ונטה לו מחוץ למחנה הרחק מן המחנה וקרא לו אהל מועד והיה כל מבקש יהוה יצא אל אהל מועד אשר מחוץ למחנה׃
8 മോശ കൂടാരത്തിലേക്കു പോകുമ്പോഴെല്ലാം, സകലജനവും എഴുന്നേറ്റ് ഓരോരുത്തനും സ്വന്തം കൂടാരവാതിൽക്കൽ നിന്നുകൊണ്ട്, മോശ കൂടാരത്തിൽ പ്രവേശിക്കുന്നതുവരെ, അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു.
והיה כצאת משה אל האהל יקומו כל העם ונצבו איש פתח אהלו והביטו אחרי משה עד באו האהלה׃
9 മോശ കൂടാരത്തിൽ പ്രവേശിക്കുമ്പോൾ, മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കുകയും യഹോവ മോശയോടു സംസാരിക്കുകയും ചെയ്യും.
והיה כבא משה האהלה ירד עמוד הענן ועמד פתח האהל ודבר עם משה׃
10 മേഘസ്തംഭം കൂടാരവാതിൽക്കൽ നിൽക്കുന്നതു കാണുമ്പോഴെല്ലാം ജനം എഴുന്നേറ്റ് അവരവരുടെ കൂടാരവാതിൽക്കൽ നിന്നുകൊണ്ട് യഹോവയെ നമസ്കരിച്ചു.
וראה כל העם את עמוד הענן עמד פתח האהל וקם כל העם והשתחוו איש פתח אהלו׃
11 ഒരു മനുഷ്യൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശയോട് അഭിമുഖമായി സംസാരിച്ചു. അതിനുശേഷം മോശ പാളയത്തിലേക്കു മടങ്ങിപ്പോകും. എന്നാൽ അവന്റെ ശുശ്രൂഷക്കാരനും നൂന്റെ പുത്രനുമായ യോശുവ എന്ന യുവാവു കൂടാരത്തെ വിട്ടുപിരിഞ്ഞില്ല.
ודבר יהוה אל משה פנים אל פנים כאשר ידבר איש אל רעהו ושב אל המחנה ומשרתו יהושע בן נון נער לא ימיש מתוך האהל׃
12 മോശ യഹോവയോട് ഇപ്രകാരം സംസാരിച്ചു: “ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോടു കൽപ്പിച്ചു: എന്നാൽ, ആരെയാണ് എന്നോടുകൂടെ അയയ്ക്കുന്നത് എന്ന് അങ്ങ് എന്നെ അറിയിച്ചിട്ടില്ല. ‘ഞാൻ നിന്റെ പേരിനാൽത്തന്നെ നിന്നെ അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപതോന്നിയിരിക്കുന്നു,’ എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുമുണ്ട്.
ויאמר משה אל יהוה ראה אתה אמר אלי העל את העם הזה ואתה לא הודעתני את אשר תשלח עמי ואתה אמרת ידעתיך בשם וגם מצאת חן בעיני׃
13 അതുകൊണ്ട്, എന്നോടു പ്രസാദമുണ്ടെങ്കിൽ അങ്ങയുടെ വഴി എന്നെ അറിയിക്കണമേ; തുടർന്നും എന്നോടു കൃപയുണ്ടാകണം. ഈ ജനത അങ്ങയുടെ ജനമാകുന്നു എന്നും ഓർക്കണമേ.”
ועתה אם נא מצאתי חן בעיניך הודעני נא את דרכך ואדעך למען אמצא חן בעיניך וראה כי עמך הגוי הזה׃
14 യഹോവ മറുപടി നൽകി: “എന്റെ സാന്നിധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥതനൽകും.”
ויאמר פני ילכו והנחתי לך׃
15 അപ്പോൾ മോശ യഹോവയോട് ഇപ്രകാരം സംസാരിച്ചു: “അങ്ങയുടെ സാന്നിധ്യം ഞങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ.
ויאמר אליו אם אין פניך הלכים אל תעלנו מזה׃
16 അങ്ങു ഞങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ, എന്നോടും ഈ ജനത്തോടും അങ്ങേക്കു കൃപയുണ്ടെന്നു ഞങ്ങൾ അറിയുന്നതെങ്ങനെ? എന്നെയും അങ്ങയുടെ ഈ ജനത്തെയും ഭൂമുഖത്തു മറ്റു ജനങ്ങളിൽനിന്നു വ്യത്യസ്തരാക്കുന്നത് എന്താണ്?”
ובמה יודע אפוא כי מצאתי חן בעיניך אני ועמך הלוא בלכתך עמנו ונפלינו אני ועמך מכל העם אשר על פני האדמה׃
17 യഹോവ മോശയോടു കൽപ്പിച്ചു: “എനിക്കു നിന്നോടു കൃപതോന്നിയിരിക്കുന്നു: ഞാൻ നിന്റെ പേരിനാൽത്തന്നെ നിന്നെ അറിഞ്ഞുമിരിക്കുന്നു; അതുകൊണ്ടു നീ അപേക്ഷിച്ച ഈ കാര്യവും ഞാൻ ചെയ്യും.”
ויאמר יהוה אל משה גם את הדבר הזה אשר דברת אעשה כי מצאת חן בעיני ואדעך בשם׃
18 അപ്പോൾ മോശ, “അങ്ങയുടെ തേജസ്സ് എന്നെ കാണിക്കണമേ” എന്നപേക്ഷിച്ചു.
ויאמר הראני נא את כבדך׃
19 യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ നന്മമുഴുവനും നിനക്കു ദൃശ്യമാക്കും, യഹോവ എന്ന എന്റെ നാമം ഞാൻ നിന്റെ മുമ്പിൽ ഘോഷിക്കും; കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും. കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും.
ויאמר אני אעביר כל טובי על פניך וקראתי בשם יהוה לפניך וחנתי את אשר אחן ורחמתי את אשר ארחם׃
20 എന്നാൽ, നിനക്ക് എന്റെ മുഖം കാണാൻ കഴിയുകയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കുകയില്ല.”
ויאמר לא תוכל לראת את פני כי לא יראני האדם וחי׃
21 യഹോവ വീണ്ടും അരുളിച്ചെയ്തു: “എന്റെ സമീപത്തുള്ള ഒരു സ്ഥലം ഉണ്ട്; ആ പാറമേൽ നീ നിൽക്കണം.
ויאמר יהוה הנה מקום אתי ונצבת על הצור׃
22 എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ ആ പാറയുടെ പിളർപ്പിൽ ആക്കി, ഞാൻ കടന്നുപോകുന്നതുവരെ എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും.
והיה בעבר כבדי ושמתיך בנקרת הצור ושכתי כפי עליך עד עברי׃
23 പിന്നീടു ഞാൻ എന്റെ കൈ മാറ്റും; അപ്പോൾ നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖം കാണപ്പെടാവുന്നതല്ല.”
והסרתי את כפי וראית את אחרי ופני לא יראו׃

< പുറപ്പാട് 33 >