< പുറപ്പാട് 26 >

1 “പിരിച്ച മൃദുലചണനൂൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടുണ്ടാക്കിയ പത്തു തിരശ്ശീലകൊണ്ടു സമാഗമകൂടാരം നിർമിക്കണം; തിരശ്ശീലകളിൽ നെയ്ത്തുകാരന്റെ ചിത്രപ്പണിയായി കെരൂബുകൾ ഉണ്ടായിരിക്കണം.
പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവ കൊണ്ടുണ്ടാക്കിയ പത്ത് മൂടുശീലകൊണ്ട് തിരുനിവാസം നിർമ്മിക്കണം. നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകൾ അവയിൽ ഉണ്ടായിരിക്കണം.
2 എല്ലാ തിരശ്ശീലകൾക്കും ഒരേ അളവായിരിക്കണം; ഓരോ തിരശ്ശീലയ്ക്കും ഇരുപത്തെട്ടുമുഴം നീളവും നാലുമുഴം വീതിയും ഉണ്ടായിരിക്കണം.
ഓരോ മൂടുശീലയ്ക്കും ഇരുപത്തെട്ട് മുഴം നീളവും നാല് മുഴം വീതിയും ഇങ്ങനെ മൂടുശീലയ്ക്കെല്ലാം ഒരേ അളവ് ആയിരിക്കണം.
3 അഞ്ചു തിരശ്ശീലകളും ഒന്നോടൊന്നു തുന്നിച്ചേർക്കണം; മറ്റേ അഞ്ചു തിരശ്ശീലകളും ഒന്നോടൊന്നു തുന്നിച്ചേർക്കണം;
അഞ്ച് മൂടുശീല ഒന്നോടൊന്ന് ബന്ധിപ്പിച്ചിരിക്കണം; മറ്റെ അഞ്ച് മൂടുശീലയും ഒന്നോടൊന്ന് ബന്ധിപ്പിച്ചിരിക്കണം.
4 ഇങ്ങനെ തുന്നിച്ചേർത്ത ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ നീലനൂൽകൊണ്ടു കണ്ണികൾ ഉണ്ടാക്കണം. മറ്റേ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിലും അതുപോലെ കണ്ണികൾ ഉണ്ടാക്കണം.
ഇങ്ങനെ ഇണച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂൽകൊണ്ട് കണ്ണി ഉണ്ടാക്കണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നെ ഉണ്ടാക്കണം.
5 ഒരുകൂട്ടം തിരശ്ശീലയിൽ അൻപതു കണ്ണികൾ ഉണ്ടാക്കണം. രണ്ടാമത്തെ കൂട്ടം തിരശ്ശീലയുടെ വിളുമ്പിലും അൻപതു കണ്ണികൾ ഉണ്ടാക്കണം. കണ്ണികൾ നേർക്കുനേർ ആയിരിക്കണം.
ഒരു മൂടുശീലയിൽ അമ്പത് കണ്ണി ഉണ്ടാക്കണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പത് കണ്ണി ഉണ്ടാക്കണം; കണ്ണി നേർക്കുനേരെ ആയിരിക്കണം.
6 തങ്കംകൊണ്ട് അൻപതു കൊളുത്തും ഉണ്ടാക്കണം. സമാഗമകൂടാരം ഒന്നായിരിക്കത്തക്കവണ്ണം തിരശ്ശീലകളെ കൊളുത്തുകൊണ്ട് ഒന്നായി പിണച്ചുചേർക്കണം.
പൊന്നുകൊണ്ട് അമ്പത് കൊളുത്തും ഉണ്ടാക്കണം; തിരുനിവാസം ഒന്നായിരിക്കുവാൻ തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ട് ഒന്നിച്ച് യോജിപ്പിക്കണം.
7 “സമാഗമകൂടാരത്തിന്മേൽ മൂടുവിരിയായി, കോലാട്ടുരോമംകൊണ്ടു പതിനൊന്നു തിരശ്ശീല ഉണ്ടാക്കണം.
തിരുനിവാസത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമം കൊണ്ട് മൂടുശീല ഉണ്ടാക്കണം; പതിനൊന്ന് മൂടുശീല വേണം.
8 പതിനൊന്നു തിരശ്ശീലയ്ക്കും ഒരേ അളവ് ആയിരിക്കണം. ഓരോന്നിനും മുപ്പതുമുഴം നീളവും നാലുമുഴം വീതിയും ഉണ്ടായിരിക്കണം.
ഓരോ മൂടുശീലയ്ക്കും മുപ്പത് മുഴം നീളവും നാല് മുഴം വീതിയും വേണം. ഇങ്ങനെ മൂടുശീല പതിനൊന്നിനും ഒരേ അളവ് ആയിരിക്കണം.
9 അഞ്ചു തിരശ്ശീല ഒരുമിച്ചും മറ്റ് ആറു തിരശ്ശീല ഒരുമിച്ചും തുന്നിച്ചേർക്കണം; ആറാമത്തെ തിരശ്ശീല കൂടാരത്തിന്റെ മുൻവശത്തു മടക്കി ഇടണം.
അഞ്ച് മൂടുശീല ഒന്നായും ആറ് മൂടുശീല ഒന്നായും യോജിപ്പിച്ച് ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുൻവശത്ത് മടക്കി ഇടണം.
10 തുന്നിച്ചേർത്ത ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ അൻപതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ അൻപതു കണ്ണിയും ഉണ്ടാക്കണം.
൧൦യോജിപ്പിച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പത് കണ്ണിയും രണ്ടാമത്തെ വിരിയിലെ മൂടുശീലയുടെ വിളുമ്പിൽ അമ്പത് കണ്ണിയും ഉണ്ടാക്കണം.
11 അതിനുശേഷം വെങ്കലംകൊണ്ട് അൻപതു കൊളുത്ത് ഉണ്ടാക്കണം. കൂടാരം ഒന്നായി ഇണച്ചുചേർക്കത്തക്കവണ്ണം, കൊളുത്തുകൾ കണ്ണികളിൽ ഇട്ട് ഒന്നായി യോജിപ്പിക്കണം.
൧൧താമ്രംകൊണ്ട് അമ്പത് കൊളുത്ത് ഉണ്ടാക്കി കൊളുത്ത് കണ്ണിയിൽ ഇട്ട് കൂടാരം ഒന്നായിരിക്കത്തക്കവണ്ണം യോജിപ്പിക്കണം.
12 കൂടാരതിരശ്ശീലകളിൽ മിച്ചമായി കവിഞ്ഞുകിടക്കുന്ന പകുതിഭാഗം, സമാഗമകൂടാരത്തിന്റെ പിൻവശത്തു തൂക്കിയിടണം.
൧൨മൂടുവിരിയുടെ മൂടുശീലയിൽ മിച്ചമായി കവിഞ്ഞുകിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്റെ പിൻവശത്ത് തൂക്കിയിടണം.
13 മൂടുവിരിയുടെ നീളത്തിൽ ശേഷിപ്പുള്ള ഭാഗം, സമാഗമകൂടാരത്തെ മൂടേണ്ടതിന് ഒരുവശത്ത് ഒരുമുഴവും മറ്റേവശത്ത് ഒരുമുഴവും എന്നിങ്ങനെ രണ്ടുവശങ്ങളിലും തൂങ്ങിക്കിടക്കണം.
൧൩മൂടുവിരിയുടെ മൂടുശീല നീളത്തിൽ അവശേഷിക്കുന്നത് ഇപ്പുറത്ത് ഒരു മുഴവും അപ്പുറത്ത് ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടത്തക്കവണ്ണം അതിന്റെ രണ്ടു വശങ്ങളിലും തൂങ്ങിക്കിടക്കണം.
14 ആട്ടുകൊറ്റന്റെ ചെമപ്പിച്ചതുകൽകൊണ്ടു കൂടാരത്തിന് ഒരു മൂടിയും അതിന്റെമീതേ തഹശുതുകൽകൊണ്ട് ഒരു പുറമൂടിയും ഉണ്ടാക്കണം.
൧൪ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ട് മൂടുവിരിക്ക് ഒരു പുറമൂടിയും അതിന്റെ മീതെ തഹശുതോൽകൊണ്ട് ഒരു പുറമൂടിയും ഉണ്ടാക്കണം.
15 “സമാഗമകൂടാരത്തിനു നിവർന്നുനിൽക്കുന്ന ഖദിരമരംകൊണ്ടുള്ള പലകകൾ ഉണ്ടാക്കണം.
൧൫തിരുനിവാസത്തിന് ഖദിരമരംകൊണ്ട് നിവർന്ന് നില്ക്കുന്ന പലകകളും ഉണ്ടാക്കണം.
16 ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നരമുഴം വീതിയും ഉണ്ടായിരിക്കണം.
൧൬ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കണം.
17 പലകകൾതമ്മിൽ ചേർന്നിരിക്കുംവിധം ഓരോ പലകയ്ക്കും രണ്ടു കുടുമകൾവീതം ഉണ്ടാക്കണം. സമാഗമകൂടാരത്തിന്റെ എല്ലാ പലകകളും ഇതേരീതിയിൽ ഉണ്ടാക്കണം.
൧൭ഓരോ പലകയ്ക്കും ഒന്നോടൊന്ന് ചേർന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കണം, തിരുനിവാസത്തിന്റെ എല്ലാ പലകയ്ക്കും അങ്ങനെ തന്നെ ഉണ്ടാക്കണം.
18 സമാഗമകൂടാരത്തിന്റെ തെക്കുവശത്ത് ഇരുപതു പലക ഉണ്ടാക്കണം.
൧൮തിരുനിവാസത്തിന് പലകകൾ ഉണ്ടാക്കണം; തെക്ക് വശത്തേക്ക് ഇരുപത് പലക.
19 ഒരു പലകയുടെ അടിയിൽ രണ്ടു കുടുമകളും അതിനു രണ്ടു ചുവടും അങ്ങനെ നാൽപ്പതു വെള്ളിച്ചുവടും ഉണ്ടാക്കണം.
൧൯ഇരുപത് പലകയ്ക്കും താഴെ വെള്ളികൊണ്ട് നാല്പത് ചുവട്, ഒരു പലകയുടെ അടിയിൽ രണ്ട് കുടുമെക്കു രണ്ട് ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ട് കുടുമെക്കു രണ്ട് ചുവടും ഇങ്ങനെ ഇരുപത് പലകയുടെയും അടിയിൽ വെള്ളികൊണ്ട് നാല്പത് ചുവട് ഉണ്ടാക്കണം.
20 സമാഗമകൂടാരത്തിന്റെ മറ്റേവശമായ വടക്കുവശത്ത് ഇരുപതു പലകയും
൨൦തിരുനിവാസത്തിന്റെ മറുപുറത്ത് വടക്കുവശത്തേക്ക് ഇരുപത് പലകയും ഒരു പലകയുടെ താഴെ രണ്ട് ചുവട്,
21 ഒരു പലകയുടെ അടിയിൽ രണ്ടു ചുവടുകൾവീതം നാൽപ്പതു വെള്ളിച്ചുവടുകളും ഉണ്ടാക്കണം.
൨൧മറ്റൊരു പലകയുടെ താഴെ രണ്ട് ചുവട്, ഇങ്ങനെ അവയ്ക്ക് നാല്പത് വെള്ളിച്ചുവടും ഉണ്ടാക്കണം.
22 സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്ത് ആറു പലകകൾ ഉണ്ടാക്കണം.
൨൨തിരുനിവാസത്തിന്റെ പിൻവശത്ത് പടിഞ്ഞാറോട്ട് ആറ് പലക ഉണ്ടാക്കണം.
23 സമാഗമകൂടാരത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്ക് ഈരണ്ടു പലകയും ഉണ്ടാക്കണം.
൨൩തിരുനിവാസത്തിന്റെ രണ്ട് വശത്തുമുള്ള മൂലയ്ക്ക് ഈ രണ്ട് പലക ഉണ്ടാക്കണം.
24 രണ്ടു മൂലകളിലും, താഴെമുതൽ മുകളിൽ ഒറ്റവളയംവരെ അവ ഇരട്ടപ്പലകയായിരിക്കണം. രണ്ടു പലകകളും ഇപ്രകാരം ആയിരിക്കണം. അവ രണ്ടും മൂലപ്പലകകളാണ്.
൨൪ഇവ താഴെ ഇരട്ടിയായിരിക്കണം; മേലറ്റത്ത് ഒന്നാം വളയംവരെ തമ്മിൽ ചേർന്ന് ഒറ്റയായിരിക്കണം; രണ്ടിലും അങ്ങനെ തന്നെ വേണം; അവ രണ്ട് മൂലയ്ക്കും ഇരിക്കണം.
25 ഇങ്ങനെ എട്ടു പലകയും ഓരോ പലകയുടെയും അടിയിൽ രണ്ടു ചുവടുവീതം പതിനാറു വെള്ളിച്ചുവടും ഉണ്ടായിരിക്കണം.
൨൫ഇങ്ങനെ എട്ട് പലകയും അവയുടെ വെള്ളിച്ചുവട്, ഒരു പലകയുടെ അടിയിൽ രണ്ട് ചുവട് മറ്റൊരു പലകയുടെ അടിയിൽ രണ്ട് ചുവട് ഇങ്ങനെ പതിനാറ് വെള്ളിച്ചുവടും വേണം.
26 “ഖദിരമരംകൊണ്ടു സാക്ഷകൾ ഉണ്ടാക്കുക; സമാഗമകൂടാരത്തിന്റെ ഒരു വശത്തെ പലകയ്ക്ക് അഞ്ചു സാക്ഷയും
൨൬ഖദിരമരംകൊണ്ടു അന്താഴങ്ങൾ ഉണ്ടാക്കണം; തിരുനിവാസത്തിന്റെ ഒരു ഭാഗത്തെ പലകയ്ക്ക് അഞ്ച് അന്താഴം
27 മറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും ഉണ്ടാക്കണം.
൨൭തിരുനിവാസത്തിന്റെ മറുഭാഗത്തെ പലകക്ക് അഞ്ച് അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് പിൻവശത്തെ പലകക്ക് അഞ്ച് അന്താഴം.
28 നടുവിലുള്ള സാക്ഷ പലകകളുടെ നടുവിൽ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എത്തുന്നതായിരിക്കണം.
൨൮നടുവിലത്തെ അന്താഴം പലകയുടെ നടുവിൽ ഒരു അറ്റത്തുനിന്ന് മറ്റെ അറ്റത്തോളം ചെല്ലുന്നതായിരിക്കണം.
29 പലകകൾ തങ്കംകൊണ്ടു പൊതിയണം; സാക്ഷ കടത്തുന്നതിന് തങ്കംകൊണ്ടു വളയങ്ങൾ ഉണ്ടാക്കണം; സാക്ഷകളും തങ്കംകൊണ്ടു പൊതിയണം.
൨൯പലക പൊന്നുകൊണ്ട് പൊതിയുകയും അന്താഴം ഇടുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ട് ഉണ്ടാക്കുകയും വേണം; അന്താഴങ്ങൾ പൊന്നുകൊണ്ട് പൊതിയണം.
30 “പർവതത്തിൽ നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ചു നീ സമാഗമകൂടാരം ഉയർത്തണം.
൩൦അങ്ങനെ പർവ്വതത്തിൽവച്ച് കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിർമ്മിക്കണം.
31 “നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കണം. തിരശ്ശീലയിൽ കെരൂബുകളുടെ രൂപം ചിത്രപ്പണിയായി നെയ്ത്തുകാരൻ തുന്നിച്ചേർക്കണം.
൩൧നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കണം.
32 നാലു വെള്ളിച്ചുവടുകളിൽ നിൽക്കുന്നതും തങ്കം പൊതിഞ്ഞ ഖദിരമരംകൊണ്ടുള്ള നാലു തൂണുകളുടെന്മേൽ അവ തങ്കക്കൊളുത്തുകളിൽ തൂക്കിയിടണം.
൩൨പൊന്ന് പൊതിഞ്ഞതും പൊൻകൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാല് ചുവടിന്മേൽ നില്‍ക്കുന്നതുമായ നാല് ഖദിരസ്തംഭങ്ങളിന്മേൽ അത് തൂക്കിയിടണം.
33 കൊളുത്തുകളിൽ തിരശ്ശീല തൂക്കിയിടണം; തിരശ്ശീലയ്ക്കു പിന്നിൽ ഉടമ്പടിയുടെ പേടകം വെക്കണം. തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവുംതമ്മിൽ വേർതിരിക്കുന്നതായിരിക്കണം.
൩൩കൊളുത്തുകളിൽ തിരശ്ശീല തൂക്കി സാക്ഷ്യപ്പെട്ടകം തിരശ്ശീലയ്ക്കകത്ത് കൊണ്ടുചെന്ന് വെക്കണം; തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കുന്നതായിരിക്കണം.
34 അതിവിശുദ്ധസ്ഥലത്ത്, ഉടമ്പടിയുടെ പേടകത്തിനുമീതേ പാപനിവാരണസ്ഥാനം വെക്കണം.
൩൪അതിവിശുദ്ധസ്ഥലത്ത് സാക്ഷ്യപ്പെട്ടകത്തിൻ മീതെ കൃപാസനം വെക്കണം.
35 തിരശ്ശീലയ്ക്കു വെളിയിൽ, സമാഗമകൂടാരത്തിന്റെ വടക്കുഭാഗത്തു മേശയും, മേശയുടെ എതിരേ തെക്കുഭാഗത്തു നിലവിളക്കും വെക്കണം.
൩൫തിരശ്ശീലയുടെ പുറമെ മേശയും മേശയ്ക്ക് എതിരെ തിരുനിവാസത്തിന്റെ തെക്കുഭാഗത്ത് നിലവിളക്കും വെക്കണം; മേശ വടക്കുഭാഗത്ത് വെക്കണം.
36 “കൂടാരവാതിലിനു നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായി ഒരു മറശ്ശീലയും ഉണ്ടാക്കണം.
൩൬നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപണിയായ ഒരു മറയും കൂടാരത്തിന്റെ വാതിലിന് ഉണ്ടാക്കണം.
37 ഈ മറശ്ശീലയ്ക്ക് തങ്കക്കൊളുത്തുകൾ ഉണ്ടാക്കണം; ഖദിരമരംകൊണ്ട് അഞ്ചുതൂണുകൾ ഉണ്ടാക്കി, അവ തങ്കംകൊണ്ടു പൊതിയണം. അവയ്ക്കു വെങ്കലംകൊണ്ട് അഞ്ചു ചുവടും വാർത്തുണ്ടാക്കണം.
൩൭മറശ്ശീലയ്ക്ക് ഖദിരമരംകൊണ്ട് അഞ്ച് തൂണുണ്ടാക്കി പൊന്നുകൊണ്ട് പൊതിയണം. അവയുടെ കൊളുത്ത് പൊന്നുകൊണ്ട് ആയിരിക്കണം; അവയ്ക്ക് താമ്രംകൊണ്ട് അഞ്ച് ചുവടും വാർപ്പിക്കണം.

< പുറപ്പാട് 26 >