17“തങ്കംകൊണ്ട് രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയുമുള്ള പാപനിവാരണസ്ഥാനം ഉണ്ടാക്കണം.
18അതിനുശേഷം പാപനിവാരണസ്ഥാനത്തിന്റെ രണ്ടറ്റത്തും അടിപ്പുപണിയായി തങ്കംകൊണ്ടു രണ്ടു കെരൂബുകൾ നിർമിക്കണം.
19ഒരു കെരൂബ് ഒരറ്റത്തും മറ്റേ കെരൂബ് മറ്റേ അറ്റത്തും. ഇങ്ങനെ കെരൂബുകളെ പാപനിവാരണസ്ഥാനത്തിന്റെ രണ്ടറ്റത്തും അതിൽനിന്നുതന്നെ ഉള്ളതായി യോജിപ്പിക്കണം.
20കെരൂബുകൾ മുകളിലേക്കു ചിറകുകൾ വിടർത്തി, ചിറകുകൾകൊണ്ടു പാപനിവാരണസ്ഥാനത്തെ മൂടണം; അവ പരസ്പരം അഭിമുഖമായിരിക്കണം. കെരൂബുകളുടെ മുഖം പാപനിവാരണസ്ഥാനത്തിനുനേരേ ആയിരിക്കണം.
21പാപനിവാരണസ്ഥാനം പേടകത്തിന്റെ മുകളിൽ വെക്കണം; ഞാൻ നിനക്കു തരാൻ പോകുന്ന ഉടമ്പടിയുടെ പലക പേടകത്തിന്റെ ഉള്ളിൽ വെക്കണം.
22അവിടെ പാപനിവാരണസ്ഥാനത്തിനു മുകളിൽ ഉടമ്പടിയുടെ പേടകത്തിനുമീതേയുള്ള രണ്ടു കെരൂബുകൾക്കും മധ്യേ ഞാൻ നിനക്കു പ്രത്യക്ഷനായി, ഇസ്രായേല്യർക്കുള്ള കൽപ്പനകളെല്ലാം നിന്നോട് അരുളിച്ചെയ്യും.
23“ഖദിരമരംകൊണ്ടു മേശ ഉണ്ടാക്കണം; അതിനു രണ്ടുമുഴം നീളവും ഒരുമുഴം വീതിയും ഒന്നരമുഴം പൊക്കവും ഉണ്ടായിരിക്കണം.
24അതു തങ്കംകൊണ്ടു പൊതിയുകയും ചുറ്റും തങ്കംകൊണ്ട് ഒരു വക്ക് ഉണ്ടാക്കുകയും വേണം.
25മേശയുടെ ചുറ്റും കൈപ്പത്തിയുടെ വീതിയുള്ള ഒരു പട്ടയും പട്ടയ്ക്കുമേൽ തങ്കംകൊണ്ടു വാർത്തുണ്ടാക്കിയ അരികുപാളിയും വേണം.
26മേശയ്ക്കു നാലു തങ്കവളയം ഉണ്ടാക്കണം. അത് നാലു കോണുകളിലുമുള്ള നാലു കാലുകളിൽ ഉറപ്പിക്കണം.
27മേശ ചുമക്കാൻ ഉപയോഗിക്കുന്ന തണ്ടുകൾ ചെലുത്താൻ തക്കവണ്ണം വളയങ്ങൾ പട്ടയോടു ചേർന്നിരിക്കണം.
28തണ്ടുകൾ ഖദിരമരംകൊണ്ടുണ്ടാക്കി തങ്കംകൊണ്ടു പൊതിയണം. അവ ഉപയോഗിച്ച് മേശ ചുമക്കണം.
30മേശമേൽ നിത്യവും കാഴ്ചയപ്പം എന്റെമുമ്പിൽ വെക്കണം.
31“തങ്കംകൊണ്ട് ഒരു നിലവിളക്കു നിർമിക്കണം. വിളക്കിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും ഒറ്റത്തണ്ടിൽനിന്ന് അടിച്ചുണ്ടാക്കിയതായിരിക്കണം.
32നിലവിളക്കിന്റെ ഒരു വശത്തുനിന്നു മൂന്നുശാഖ, മറ്റേവശത്തുനിന്നു മൂന്നുശാഖ, ഇങ്ങനെ ആറുശാഖകൾ ഉണ്ടായിരിക്കണം.
33ഓരോശാഖയിൽ ഓരോമൊട്ടും ഓരോപൂവുമായി ബദാംപുഷ്പംപോലെ മൂന്നു പുഷ്പപുടവും, അതുപോലെ അടുത്തശാഖയിലും ഉണ്ടായിരിക്കണം; ഇങ്ങനെ വിളക്കിന്റെ ആറുശാഖയിലും ഉണ്ടായിരിക്കണം.
34നിലവിളക്കിൽ മൊട്ടുകളോടും പൂക്കളോടുംകൂടിയ ബദാംപൂക്കൾപോലുള്ള നാലു പുടങ്ങൾ വേണം.
35നിലവിളക്കിൽനിന്നു നീണ്ടുനിൽക്കുന്ന ശാഖകളിൽ ഒന്നാമത്തെ ജോടിക്കുകീഴേ ഒരു മൊട്ട്, രണ്ടാമത്തെ ജോടിക്കുകീഴേ മറ്റൊരു മൊട്ട്, മൂന്നാമത്തെ ജോടിക്കുകീഴേ വേറൊരു മൊട്ട് എന്നിങ്ങനെ ആറു ശാഖയ്ക്കും ഉണ്ടായിരിക്കണം.
36മൊട്ടുകളും ശാഖകളും നിലവിളക്കിൽനിന്നുള്ള ഒറ്റഖണ്ഡമെന്നവിധത്തിൽ തങ്കംകൊണ്ട് അടിച്ചുപണിതതായിരിക്കണം.
37“അതിന് ഏഴ് ദീപങ്ങൾ ഉണ്ടാക്കി, മുൻവശത്തുള്ള സ്ഥലം പ്രകാശിപ്പിക്കാൻ തക്കവണ്ണം ദീപങ്ങൾ കൊളുത്തണം.