< പുറപ്പാട് 21 >
1 “നീ അവരുടെ മുന്നിൽ വെക്കേണ്ടുന്ന നിയമങ്ങൾ ഇവയാണ്:
2 “ഒരു എബ്രായദാസനെ നീ വിലയ്ക്കു വാങ്ങുന്നെങ്കിൽ അവൻ ആറുവർഷം നിന്നെ സേവിക്കട്ടെ. എന്നാൽ ഏഴാംവർഷം പ്രതിഫലംവാങ്ങാതെ അവനെ സ്വതന്ത്രനാക്കണം.
3 അവൻ ഏകനായിട്ടാണു വരുന്നതെങ്കിൽ ഏകനായിത്തന്നെ പോകാവുന്നതാണ്; വരുമ്പോൾ ഭാര്യയുണ്ടെങ്കിൽ അവളും അവനോടൊപ്പം പൊയ്ക്കൊള്ളണം.
4 യജമാനൻ ഒരുവളെ അവനു ഭാര്യയായി നൽകി അവൾ അവനു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കുന്നെങ്കിൽ ആ സ്ത്രീയും അവളുടെ കുട്ടികളും യജമാനന് അവകാശപ്പെട്ടിരിക്കും; ആ പുരുഷൻമാത്രം സ്വതന്ത്രനാകും.
5 “എന്നാൽ ആ ദാസൻ: ‘ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും സ്നേഹിക്കുന്നു; എനിക്കു സ്വതന്ത്രനായി പോകാൻ ആഗ്രഹമില്ല’ എന്നു തുറന്നുപറയുന്നെങ്കിൽ
6 യജമാനൻ അവനെ ദൈവത്തിന്റെ മുമ്പിൽ കൂട്ടിക്കൊണ്ടുപോകണം. അദ്ദേഹം അവനെ വാതിലിന്റെയോ കട്ടിളക്കാലിന്റെയോ അടുത്തുകൊണ്ടുചെന്ന് സൂചികൊണ്ട് അവന്റെ കാതു തുളയ്ക്കണം. പിന്നെ അവൻ ആജീവനാന്തം അദ്ദേഹത്തെ സേവിക്കണം.
7 “ഒരുവൻ തന്റെ മകളെ ദാസിയായി വിൽക്കുന്നെങ്കിൽ അവൾ ദാസന്മാർ പോകുന്നതുപോലെ സ്വതന്ത്രയായി പോകരുത്.
8 അവളെ തനിക്കായി തെരഞ്ഞെടുത്ത യജമാനന് അവളോട് ഇഷ്ടമില്ലെങ്കിൽ അദ്ദേഹം അവൾക്കു വീണ്ടെടുപ്പിനുള്ള അനുവാദം നൽകണം. അവളോടു വിശ്വാസലംഘനം നടത്തിയതുകൊണ്ട് അയാൾക്ക് അവളെ അന്യർക്ക് വിൽക്കാൻ അവകാശം ഇല്ല.
9 അദ്ദേഹം തന്റെ മകനുവേണ്ടിയാണ് അവളെ തെരഞ്ഞെടുക്കുന്നതെങ്കിൽ ഒരു മകളുടെ അവകാശങ്ങൾ അവൾക്ക് അനുവദിച്ചുകൊടുക്കണം.
10 ആ മനുഷ്യൻ മറ്റൊരുവളെ വിവാഹംചെയ്യുന്നെങ്കിൽ ഒന്നാമത്തവൾക്കു ഭക്ഷണം, വസ്ത്രം, വൈവാഹികാവകാശം എന്നിവ കുറയ്ക്കരുത്.
11 ഇവ മൂന്നും അദ്ദേഹം അവൾക്കു കൊടുക്കുന്നില്ലെങ്കിൽ, പണം കൊടുക്കാതെ അവൾക്കു സ്വതന്ത്രയായി പോകാവുന്നതാണ്.
12 “ആരെങ്കിലും ഒരു മനുഷ്യനെ അടിച്ചുകൊന്നാൽ അയാൾ മരണശിക്ഷ അനുഭവിക്കണം.
13 എങ്കിലും ഒരു വ്യക്തി മനഃപൂർവം ചെയ്യാതെ അങ്ങനെ സംഭവിക്കാൻ ദൈവം ഇടയാക്കിയതാണെങ്കിൽ ഞാൻ നിർദേശിക്കുന്ന സ്ഥലത്തേക്ക് ആ മനുഷ്യൻ ഓടിപ്പോകണം.
14 എന്നാൽ ഒരു വ്യക്തി കരുതിക്കൂട്ടി മറ്റൊരു വ്യക്തിയെ കൊല്ലുന്നെങ്കിൽ ആ മനുഷ്യനെ എന്റെ യാഗപീഠത്തിൽനിന്ന് പിടിച്ചുകൊണ്ടുപോയി കൊന്നുകളയണം.
15 “അപ്പനെയോ അമ്മയെയോ അടിക്കുന്നവരും മരണശിക്ഷ അനുഭവിക്കണം.
16 “ഒരാൾ മറ്റൊരാളെ തട്ടിക്കൊണ്ടുപോയി വിൽക്കുകയോ കൈവശം വെച്ചുകൊണ്ടിരിക്കുകയോ ചെയ്താൽ ആ വ്യക്തി മരണശിക്ഷ അനുഭവിക്കണം.
17 “അപ്പനെയോ അമ്മയെയോ ശപിക്കുന്നവരും മരണശിക്ഷ അനുഭവിക്കണം.
18 “ആളുകൾതമ്മിൽ വഴക്കുണ്ടായിട്ട് ഒരാൾ മറ്റൊരാളെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ ഇടിച്ച് അയാൾ മരിക്കാതെ, കിടപ്പിലാകുകയും
19 പിന്നീട് എഴുന്നേറ്റ് വടി ഊന്നി വെളിയിൽ നടക്കുകയും ചെയ്താൽ ഇടിച്ച വ്യക്തിയെ ശിക്ഷിക്കേണ്ടതില്ല; എങ്കിലും ഇടിയേറ്റയാൾക്കു നഷ്ടപരിഹാരം കൊടുക്കുകയും പരിപൂർണസൗഖ്യം വരുത്താൻ വേണ്ടതു ചെയ്യുകയും വേണം.
20 “ആരെങ്കിലും തന്റെ ദാസനെയോ ദാസിയെയോ വടികൊണ്ട് അടിച്ചിട്ട് അതിന്റെ ഫലമായി ആ അടിമ മരിച്ചുപോയാൽ അടിച്ച വ്യക്തിയെ ശിക്ഷിക്കണം;
21 എന്നാൽ അടിമ ഒന്നോ രണ്ടോ ദിവസംകൂടി ജീവിച്ചിരുന്നാൽ ആ മനുഷ്യനെ ശിക്ഷിക്കേണ്ടതില്ല; അടിമ അവന്റെ സ്വത്താണല്ലോ!
22 “ആളുകൾതമ്മിൽ വഴക്കുണ്ടായിട്ട് ഒരു ഗർഭിണിക്ക് ആഘാതം ഏൽക്കുകയും മാസംതികയാതെ പ്രസവിക്കുകയും എന്നാൽ ഗുരുതരമായ പരിക്ക് ഇല്ലാതിരിക്കുകയും ചെയ്താൽ സ്ത്രീയുടെ ഭർത്താവ് ആവശ്യപ്പെടുന്നതും ന്യായാധിപന്മാർ നിശ്ചയിക്കുന്നതുമായ പിഴ അക്രമി അടയ്ക്കേണ്ടതാണ്.
23 എന്നാൽ ഗുരുതരമായ പരിക്കുണ്ടെങ്കിൽ നിങ്ങൾ ജീവനുപകരം ജീവൻ കൊടുക്കണം.
24 കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, കൈക്കു പകരം കൈ, പാദത്തിനു പകരം പാദം,
25 പൊള്ളലിനു പകരം പൊള്ളൽ, മുറിവിനു പകരം മുറിവ്, ചതവിനു പകരം ചതവ് എന്നീ ക്രമത്തിൽ ശിക്ഷ നടപ്പാക്കണം.
26 “ഒരു യജമാനൻ തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണ് അടിച്ചു നശിപ്പിച്ചാൽ, കണ്ണിനു നഷ്ടപരിഹാരമായി ആ ദാസനെയോ ദാസിയെയോ, സ്വാതന്ത്ര്യം കൊടുത്തു വിട്ടയയ്ക്കണം.
27 ആ മനുഷ്യൻ ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചുകൊഴിച്ചാൽ പല്ലിനുള്ള നഷ്ടപരിഹാരമായി ആ ദാസനെ, അഥവാ, ദാസിയെ വിട്ടയയ്ക്കണം.
28 “ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞുകൊല്ലണം; അതിന്റെ മാംസം ഭക്ഷിക്കാൻ പാടില്ല. കാളയുടെ ഉടമ ശിക്ഷ അർഹിക്കുന്നില്ല.
29 എന്നാൽ ആ കാള കുത്തുന്ന സ്വഭാവമുള്ളതും ഉടമയ്ക്കു മുന്നറിയിപ്പു നൽകിയിട്ടും അയാൾ അതിനെ കെട്ടി സൂക്ഷിക്കാതിരുന്നതുമാണെങ്കിൽ, അത് ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ അതിനെ കല്ലെറിഞ്ഞുകൊല്ലണം; ഉടമയും മരണശിക്ഷ അനുഭവിക്കണം.
30 എന്നാൽ മോചനദ്രവ്യം നിശ്ചയിച്ചാൽ ആ മോചനദ്രവ്യം കൊടുത്ത് ഉടമയ്ക്കു തന്റെ ജീവൻ വീണ്ടെടുക്കാം.
31 മകനെയോ മകളെയോ കാള കുത്തിക്കൊന്നാലും ഈ നിയമം ബാധകമായിരിക്കും.
32 ഒരു ദാസനെയോ ദാസിയെയോ കാള കുത്തിക്കൊന്നാൽ അതിന്റെ ഉടമ അടിമയുടെ ഉടമയ്ക്കു മുപ്പതു ശേക്കേൽ വെള്ളി കൊടുക്കുകയും കാളയെ കല്ലെറിഞ്ഞു കൊല്ലുകയും വേണം.
33 “ആരെങ്കിലും ഒരു കുഴി തുറന്നുവെക്കുകയോ ഒരു കുഴി ഉണ്ടാക്കിയിട്ടു മൂടാതിരിക്കുകയോ ചെയ്തിട്ട് ഒരു കാളയോ കഴുതയോ അതിൽ വീണാൽ,
34 കുഴിയുടെ ഉടമ മൃഗത്തിന്റെ ഉടമയ്ക്കു നഷ്ടപരിഹാരം നൽകണം എന്നാൽ ചത്ത മൃഗം കുഴിയുടെ ഉടമയ്ക്ക് അവകാശപ്പെട്ടതുമായിരിക്കും.
35 “ആരുടെയെങ്കിലും കാള മറ്റൊരാളുടെ കാളയെ കുത്തിക്കൊന്നാൽ അവർ ജീവനുള്ളതിനെ വിറ്റ് ആ പണം പങ്കിട്ടെടുക്കണം; ചത്തകാളയെയും തുല്യമായി വീതിച്ചെടുക്കണം.
36 എന്നാൽ, ആ കാള കുത്തുന്ന ശീലം ഉള്ളതാണെന്ന് അറിഞ്ഞിട്ടും മൃഗത്തിന്റെ ഉടമ അതിനെ സൂക്ഷിക്കാതിരുന്നതാണെങ്കിൽ അയാൾ ചത്തമൃഗത്തെ എടുത്തുകൊണ്ട്; മൃഗത്തിനുപകരം മൃഗത്തെ കൊടുക്കണം.