< പുറപ്പാട് 16 >
1 ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടതിന്റെ രണ്ടാംമാസം പതിനഞ്ചാംദിവസം ഇസ്രായേല്യസമൂഹം ഒന്നാകെ ഏലീമിൽനിന്ന് പുറപ്പെട്ട്, ഏലീമിനും സീനായിക്കും ഇടയ്ക്കു സ്ഥിതിചെയ്യുന്ന സീൻമരുഭൂമിയിൽ എത്തി.
2 മരുഭൂമിയിൽവെച്ചു ജനസമൂഹം മോശയ്ക്കും അഹരോനും എതിരേ പിറുപിറുത്തു.
3 ഇസ്രായേൽമക്കൾ അവരോടു പറഞ്ഞു: “ഞങ്ങൾ ഈജിപ്റ്റിൽവെച്ച് യഹോവയുടെ കൈയാൽ മരിച്ചുപോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു! അവിടെ ഞങ്ങൾ മാംസക്കലങ്ങൾക്കുചുറ്റും ഇരുന്ന് മതിയാകുംവരെ ഭക്ഷണം കഴിച്ചുവന്നു. എന്നാൽ നിങ്ങൾ, ഈ ജനസമൂഹത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുന്നതിന്, ഈ മരുഭൂമിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.”
4 അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഞാൻ നിങ്ങൾക്കുവേണ്ടി ആകാശത്തുനിന്ന് അപ്പം വർഷിക്കും. ജനം ഓരോ ദിവസവും പുറത്തേക്കുചെന്ന് അന്നത്തേക്കുള്ളതു ശേഖരിച്ചുകൊള്ളണം. അവർ എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു പരീക്ഷിക്കേണ്ടതിനുതന്നെ.
5 ആറാംദിവസം അവർ അകത്തുകൊണ്ടുവരുന്നതു പാകംചെയ്യണം; അതു മറ്റു ദിവസങ്ങളിൽ ശേഖരിക്കുന്നതിന്റെ ഇരട്ടി ആയിരിക്കും.”
6 അതനുസരിച്ച് മോശയും അഹരോനും എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു, “നിങ്ങളെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടു വന്നതു യഹോവതന്നെ എന്നു സന്ധ്യക്കു നിങ്ങൾ മനസ്സിലാക്കും;
7 രാവിലെ നിങ്ങൾ യഹോവയുടെ മഹത്ത്വം കാണും. കാരണം, തനിക്കു വിരോധമായുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടന്നു കേട്ടിരിക്കുന്നു. നിങ്ങൾ ഞങ്ങൾക്കെതിരേ പിറുപിറുക്കാൻ ഞങ്ങൾ എന്താണ് ചെയ്തത്?”
8 മോശ പിന്നെയും പറഞ്ഞു: “നിങ്ങൾക്കു സന്ധ്യക്കു ഭക്ഷിക്കാൻ ഇറച്ചിയും രാവിലെ മതിയാകുംവരെ അപ്പവും യഹോവ തരും. അവിടന്നാണ് അങ്ങനെ ചെയ്യുന്നതെന്ന് അപ്പോൾ നിങ്ങൾ അറിയും; തനിക്കെതിരേയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടന്നു കേട്ടിരിക്കുന്നു. ഞങ്ങൾ എന്തുള്ളൂ? നിങ്ങൾ പിറുപിറുത്തുകൊണ്ടിരിക്കുന്നതു ഞങ്ങളുടെനേരേ അല്ല, യഹോവയുടെ നേരേയാണ്.”
9 പിന്നെ മോശ അഹരോനോടു പറഞ്ഞു, “‘യഹോവയുടെ സന്നിധിയിലേക്കു വരിക, അവിടന്നു നിങ്ങളുടെ പിറുപിറുപ്പു കേട്ടിരിക്കുന്നു’ എന്ന് സകല ഇസ്രായേല്യസമൂഹത്തോടും പറയുക.”
10 അഹരോൻ മുഴുവൻ ഇസ്രായേല്യസമൂഹത്തോടും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവർ മരുഭൂമിയിലേക്കു നോക്കി, അവിടെ യഹോവയുടെ തേജസ്സ് മേഘത്തിൽ പ്രത്യക്ഷപ്പെട്ടു.
11 യഹോവ മോശയോട് അരുളിച്ചെയ്തു,
12 “ഞാൻ ഇസ്രായേല്യരുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു. നീ അവരോടു പറയുക, ‘നിങ്ങൾ സന്ധ്യാസമയത്ത് മാംസം ഭക്ഷിക്കുകയും പ്രഭാതത്തിൽ അപ്പം തിന്നു തൃപ്തരാകുകയും ചെയ്യും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.’”
13 അന്നു സന്ധ്യയായപ്പോൾ കാടകൾ വന്നു പാളയത്തെ മൂടി. പ്രഭാതമായപ്പോൾ പാളയത്തിനുചുറ്റും മഞ്ഞിന്റെ ഒരു പാളി കാണപ്പെട്ടു.
14 മഞ്ഞു മാറിയപ്പോൾ മരുഭൂമിയിൽ, ചെതുമ്പലുകൾപോലെയുള്ള നേർത്ത ഒരു വസ്തു, ഉറച്ച മഞ്ഞുകഷണങ്ങൾക്കു തുല്യമായി നിലത്ത് എല്ലായിടത്തും കാണപ്പെട്ടു.
15 അതുകണ്ടിട്ട് ഇസ്രായേല്യർ പരസ്പരം, “ഇത് എന്താണ്” എന്നു ചോദിച്ചു. അവർക്ക് അതെന്താണെന്ന് അറിഞ്ഞുകൂടായിരുന്നു. മോശ അവരോടു പറഞ്ഞു, “ഇതു നിങ്ങൾക്കു ഭക്ഷണമായി യഹോവ തന്നിരിക്കുന്ന അപ്പം ആകുന്നു.
16 ‘ഓരോരുത്തരും തനിക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചുകൊള്ളണം. കൂടാരത്തിലുള്ള നിങ്ങളുടെ ആളുകൾക്ക് ഓരോരുത്തർക്കും ഓരോ ഓമെർവീതം എടുത്തുകൊള്ളണം’ എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നു.”
17 തങ്ങളോടു പറഞ്ഞിരുന്നതുപോലെ ഇസ്രായേല്യർ ചെയ്തു; ചിലർ കൂടുതലും ചിലർ കുറച്ചും ശേഖരിച്ചു.
18 അത് അവർ ഓമെർകൊണ്ട് അളന്നപ്പോൾ, കൂടുതൽ ശേഖരിച്ചവർക്കു കൂടുതലോ കുറച്ചു ശേഖരിച്ചവർക്കു കുറവോ കണ്ടില്ല. ഓരോരുത്തരും അവരവർക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചു.
19 മോശ അവരോട്, “ആരും അതിൽനിന്ന് രാവിലെവരെ മിച്ചം വെച്ചേക്കരുത്” എന്നു പറഞ്ഞു.
20 എങ്കിലും അവരിൽ ചിലർ മോശ പറഞ്ഞതു കൂട്ടാക്കിയില്ല; അതിൽ ഒരു അംശം രാവിലെവരെ സൂക്ഷിച്ചുവെച്ചു. എന്നാൽ അതു പുഴുവരിച്ചു നാറി. മോശ അവരോടു കോപിച്ചു.
21 ഓരോ ദിവസവും ഓരോരുത്തരും തനിക്ക് ആവശ്യമുള്ളേടത്തോളം ശേഖരിക്കും; വെയിൽ മൂക്കുമ്പോൾ അത് ഉരുകിപ്പോകും.
22 ആറാംദിവസം അവർ ഇരട്ടി ശേഖരിച്ചു—അതായത്, ഒരാൾക്ക് രണ്ട് ഓമെർ. സമൂഹത്തിലെ നേതാക്കന്മാർ വന്ന് ഇക്കാര്യം മോശയോട് അറിയിച്ചു.
23 അദ്ദേഹം അവരോടു പറഞ്ഞു, “യഹോവ കൽപ്പിച്ചിരിക്കുന്നത് ഇതാണ്: ‘നാളെ വിശ്രമത്തിനുള്ള ദിവസവും യഹോവയ്ക്കു വിശുദ്ധ ശബ്ബത്തുദിനവും ആയിരിക്കണം. ആകയാൽ, നിങ്ങൾ ചുടാൻ ആഗ്രഹിക്കുന്നതു ചുടുകയും പുഴുങ്ങാൻ ആഗ്രഹിക്കുന്നതു പുഴുങ്ങുകയും വേണം. ശേഷിക്കുന്നത് രാവിലെവരെ സൂക്ഷിച്ചുവെച്ചേക്കണം.’”
24 അങ്ങനെ അവർ മോശ കൽപ്പിച്ചതുപോലെ അതു രാവിലെവരെ സൂക്ഷിച്ചു. അതിൽനിന്ന് ദുർഗന്ധം വമിച്ചതുമില്ല; പുഴുത്തതുമില്ല.
25 മോശ പറഞ്ഞു, “ഈ ദിവസം യഹോവയ്ക്കു ശബ്ബത്താകുകയാൽ അത് ഇന്നു തിന്നുകൊള്ളണം. ഇന്നു നിങ്ങൾ നിലത്ത് അതു കാണുകയില്ല.
26 ആറുദിവസം നിങ്ങൾക്ക് അതു ശേഖരിക്കാം, എന്നാൽ ശബ്ബത്തായ ഏഴാംദിവസം അത് ഉണ്ടായിരിക്കുകയില്ല.”
27 എന്നിരുന്നാലും, ചില ആളുകൾ ഏഴാംദിവസം അതു ശേഖരിക്കാൻ പുറത്തേക്കുപോയി. എന്നാൽ അവർ ഒന്നും കണ്ടെത്തിയില്ല.
28 അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു, “എത്രകാലം നിങ്ങൾ എന്റെ കൽപ്പനകളും നിർദേശങ്ങളും അനുസരിക്കാതിരിക്കും?
29 യഹോവ നിങ്ങൾക്കു ശബ്ബത്തു തന്നിരിക്കുന്നെന്ന് ഓർക്കുക; അതുകൊണ്ടാണ് അവിടന്ന് ആറാംദിവസം നിങ്ങൾക്ക് രണ്ടു ദിവസത്തേക്കുള്ള അപ്പം തരുന്നത്. ഏഴാംദിവസം ഓരോരുത്തരും അവരവരുടെ സ്ഥലത്തുതന്നെ ഉണ്ടായിരിക്കണം. ആരും പുറത്തേക്കു പോകരുത്.”
30 അങ്ങനെ, ജനം ഏഴാംദിവസം വിശ്രമിച്ചു.
31 ഇസ്രായേൽമക്കൾ അതിനു മന്ന എന്നു പേരിട്ടു. അതു വെളുത്ത്, കൊത്തമല്ലിയരിപോലെയുള്ളതും തേൻചേർത്തുണ്ടാക്കിയ കനംകുറഞ്ഞ ദോശയുടെ രുചിയുള്ളതും ആയിരുന്നു.
32 മോശ പറഞ്ഞു, “യഹോവ ഇങ്ങനെ കൽപ്പിച്ചിരിക്കുന്നു: ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്നപ്പോൾ, ‘മരുഭൂമിയിൽ നിങ്ങൾക്കു ഭക്ഷിക്കാൻ നൽകിയ അപ്പം വരുംതലമുറകൾക്കു കാണാൻ കഴിയേണ്ടതിന്, അവർക്കായി അതിൽ ഒരു ഓമെർ എടുത്തു സൂക്ഷിച്ചുവെക്കുക.’”
33 മോശ അഹരോനോട്, “ഒരു പാത്രമെടുത്ത് അതിൽ ഒരു ഓമെർ മന്ന ഇടണം. പിന്നെ അത്, വരാനുള്ള തലമുറകൾക്കായി യഹോവയുടെമുമ്പാകെ സൂക്ഷിച്ചുവെക്കണം” എന്നു പറഞ്ഞു.
34 യഹോവ മോശയോടു കൽപ്പിച്ചതുപോലെ അഹരോൻ ഉടമ്പടിയുടെ പലകയുടെമുമ്പാകെ മന്നാ സൂക്ഷിച്ചുവെച്ചു.
35 ഇസ്രായേല്യർ, ജനവാസമുള്ള ദേശത്ത് എത്തുന്നതുവരെ, നാൽപ്പതുവർഷം മന്ന ഭക്ഷിച്ചു; കനാന്റെ അതിരിൽ എത്തുന്നതുവരെ അവർ മന്ന ഭക്ഷിക്കുകയുണ്ടായി.
36 ഒരു ഓമെർ ഒരു ഏഫായുടെ പത്തിലൊന്നാണ്.