< പുറപ്പാട് 15 >
1 ഈ സംഭവത്തിനുശേഷം മോശയും ഇസ്രായേൽമക്കളും യഹോവയ്ക്ക് ഈ ഗീതം ആലപിച്ചു: “ഞാൻ യഹോവയ്ക്കു പാടും, അവിടന്ന് പരമോന്നതനല്ലോ. അശ്വത്തെയും അശ്വാരൂഢനെയും അവിടന്ന് ആഴിയിലേക്ക് ചുഴറ്റിയെറിഞ്ഞു.
൧മോശെയും യിസ്രായേൽമക്കളും അന്ന് യഹോവയ്ക്ക് സങ്കീർത്തനം പാടി ചൊല്ലിയത് എന്തെന്നാൽ: “ഞാൻ യഹോവയ്ക്ക് പാട്ടുപാടും, അങ്ങ് മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അങ്ങ് കടലിൽ തള്ളിയിട്ടിരിക്കുന്നു.
2 “യഹോവ എന്റെ ബലവും എന്റെ ഗീതവും ആകുന്നു; അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു. അവിടന്ന് എന്റെ ദൈവം, ഞാൻ അവിടത്തെ സ്തുതിക്കും. അവിടന്ന് എന്റെ പിതാവിന്റെ ദൈവം, ഞാൻ അവിടത്തെ പുകഴ്ത്തും.
൨എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവിടുന്ന് എനിക്ക് രക്ഷയായിത്തീർന്നു. അവിടുന്ന് എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവിടുന്ന് എന്റെ പിതാവിൻ ദൈവം; ഞാൻ അങ്ങയെ പുകഴ്ത്തും.
3 യഹോവ യുദ്ധവീരനാകുന്നു; യഹോവ എന്നാകുന്നു അവിടത്തെ നാമം.
൩യഹോവ യുദ്ധവീരൻ; യഹോവ എന്ന് അവിടുത്തെ നാമം.
4 ഫറവോന്റെ രഥങ്ങളെയും അയാളുടെ സൈന്യത്തെയും അവിടന്നു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞിരിക്കുന്നു. ഫറവോന്റെ സൈന്യാധിപന്മാരിൽ മികവുറ്റവർ ചെങ്കടലിൽ മുങ്ങിത്താണുപോയി.
൪ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അങ്ങ് കടലിൽ തള്ളിയിട്ടു; അവന്റെ ധീരരായ തേരാളികൾ ചെങ്കടലിൽ മുങ്ങിപ്പോയി.
5 അഗാധജലം അവരെ മൂടിക്കളഞ്ഞു; അവർ കല്ലുപോലെ ആഴങ്ങളിലേക്കു താണുപോയി.
൫സമുദ്രം അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.
6 യഹോവേ, അവിടത്തെ വലങ്കൈ അത്യന്തം ശ്രേഷ്ഠവും ബലവും ഉള്ളത്! യഹോവേ, അവിടത്തെ വലങ്കൈ ശത്രുവിനെ ചിതറിച്ചിരിക്കുന്നു.
൬യഹോവേ, അങ്ങയുടെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു; യഹോവേ, അങ്ങയുടെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു.
7 “അവിടത്തോട് എതിർത്തവരെ അവിടത്തെ രാജകീയ പ്രഭാവത്താൽ അങ്ങ് വീഴ്ത്തിക്കളഞ്ഞു. അവിടന്നു ക്രോധാഗ്നി അയച്ചു; അതു വൈക്കോൽക്കുറ്റിപോലെ അവരെ ദഹിപ്പിച്ചുകളഞ്ഞു.
൭അങ്ങ് എതിരാളികളെ മഹാശക്തിയാൽ സംഹരിക്കുന്നു; അങ്ങ് അവിടുത്തെ ക്രോധം അയയ്ക്കുന്നു; അത് അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.
8 അവിടത്തെ ശക്തമായ ഉച്ഛ്വാസത്താൽ വെള്ളം കൂമ്പാരമായി ഉയർന്നു; ഇരച്ചുകയറുന്ന ജലപ്രവാഹങ്ങൾ മതിൽപോലെ ഉറച്ചുനിന്നു; അഗാധപ്രവാഹങ്ങൾ ആഴിയുടെ അന്തർഭാഗത്ത് ഉറഞ്ഞുപോയി.
൮അവിടുത്തെ മൂക്കിലെ ശ്വാസത്താൽ വെള്ളം ഒന്നിച്ചുകൂടി; പ്രവാഹങ്ങൾ ചിറപോലെ നിന്നു; ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറച്ചുപോയി.
9 ‘ഞാൻ പിൻതുടരും, ഞാൻ അവരെ കീഴടക്കും,’ എന്നു ശത്രു അഹങ്കരിച്ചു. ‘കൊള്ളമുതൽ പങ്കിടും, ഞാൻതന്നെ അവരെ വിഴുങ്ങിക്കളയും, എന്റെ വാൾ ഊരിയെടുത്ത് എന്റെ കൈകൊണ്ടുതന്നെ അവരെ നശിപ്പിക്കും എന്നുംതന്നെ.’
൯“ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആഗ്രഹം അവരാൽ പൂർത്തിയാകും; ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും” എന്ന് ശത്രു പറഞ്ഞു.
10 എന്നാൽ, അവിടന്നു തന്റെ ശ്വാസത്താൽ അവരെ ഊതിപ്പറപ്പിച്ചു; സമുദ്രം അവരെ മൂടിക്കളഞ്ഞു. അവർ ഈയംപോലെ ആഴിയിൽ ആഴ്ന്നുപോയി.
൧൦നിന്റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി; അവർ ഈയംപോലെ പെരുവെള്ളത്തിൽ താണു.
11 യഹോവേ, ദേവന്മാരിൽ അവിടത്തേക്കു സദൃശനായി ആരുള്ളൂ? വിശുദ്ധിയിൽ രാജപ്രൗഢിയുള്ളവൻ! തേജസ്സിൽ ഭയങ്കരൻ! അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ! അങ്ങേക്കു തുല്യനായി ആരുള്ളൂ?
൧൧യഹോവേ, ദേവന്മാരിൽ നിനക്ക് തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്ക് തുല്യൻ ആർ?
12 “അവിടന്നു വലങ്കൈ നീട്ടുകയും ഭൂമി അവരെ വിഴുങ്ങുകയും ചെയ്തു.
൧൨നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി.
13 അവിടന്നു വീണ്ടെടുത്ത ജനത്തെ ആർദ്രസ്നേഹത്തോടെ അങ്ങു നയിക്കും. അവിടത്തെ വിശുദ്ധനിവാസത്തിലേക്ക് അവരെ സ്വന്തം ശക്തിയാൽ അവിടന്നു വഴിനടത്തും.
൧൩നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്ക് നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു.
14 ജനതകൾ കേട്ടു വിറയ്ക്കും, ഫെലിസ്ത്യനിവാസികൾക്കു ഭീതിപിടിക്കും.
൧൪ജാതികൾ കേട്ട് നടുങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്ക് ഭീതിപിടിച്ചിരിക്കുന്നു.
15 ഏദോമിലെ പ്രമുഖന്മാർ ഭയന്നുവിറയ്ക്കും, മോവാബിലെ നേതാക്കന്മാർ വിറകൊള്ളും, കനാനിലെ ജനങ്ങൾ ഉരുകിപ്പോകും;
൧൫ഏദോമ്യപ്രഭുക്കന്മാർ സംഭ്രമിച്ചു; മോവാബ്യവീരന്മാർ ഭയന്നുവിറച്ചു; കനാന്യ നിവാസികളെല്ലാം അധൈര്യപ്പെട്ടു.
16 ഭീതിയും സംഭ്രമവും അവർക്കുണ്ടാകും. യഹോവേ, അവിടത്തെ ജനം കടന്നുപോകുന്നതുവരെ അവിടന്നു വിലകൊടുത്തു വാങ്ങിയ ജനം കടന്നുപോകുന്നതുവരെ, അവിടത്തെ ഭുജബലംനിമിത്തം അവർ കല്ലുപോലെ നിശ്ചലരാകും.
൧൬ഭയവും ഭീതിയും അവരുടെ മേൽ വീണു, നിന്‍റെ ഭുജമാഹാത്മ്യത്താൽ അവർ ശിലാതുല്യരായി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നുപോയി.
17 യഹോവേ, അവിടന്ന് അവരെ അകത്തുകൊണ്ടുവന്ന് അവിടത്തെ അവകാശമായ പർവതത്തിൽ നട്ടുപിടിപ്പിക്കും. ആ സ്ഥലം, യഹോവേ, അങ്ങേക്കു വസിക്കേണ്ടതിന്, തൃക്കരം സ്ഥാപിച്ചിട്ടുള്ള വിശുദ്ധനിവാസംതന്നെ.
൧൭നീ അവരെ കൊണ്ടുചെന്ന് തിരുനിവാസത്തിനായി ഒരുക്കിയ സ്ഥാനത്ത്, യഹോവേ, നിന്നവകാശപർവ്വതത്തിൽ നീ അവരെ നട്ടു, കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നേ.
18 “യഹോവ വാഴും എന്നും എന്നേക്കും.”
൧൮യഹോവ എന്നും എന്നേക്കും രാജാവായി വാഴും”.
19 ഫറവോന്റെ കുതിരകളും രഥങ്ങളും കുതിരക്കാരും കടലിന്റെ ഉള്ളിലേക്കു കടന്നപ്പോൾ യഹോവ വെള്ളം തിരികെ അവർക്കുമീതേ വരുത്തി; ഇസ്രായേല്യരോ, കടലിൽ ഉണങ്ങിയ നിലത്തുകൂടി നടന്നു.
൧൯എന്നാൽ ഫറവോന്റെ കുതിരകൾ അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കിവരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു.
20 അപ്പോൾ പ്രവാചികയും അഹരോന്റെ സഹോദരിയുമായ മിര്യാം കൈയിൽ ഒരു തപ്പെടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളെടുത്തും നൃത്തംചെയ്തും അവളെ അനുഗമിച്ചു.
൨൦അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കയ്യിൽ തപ്പ് എടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.
21 മിര്യാം അവർക്കു പാടിക്കൊടുത്തു: “യഹോവയ്ക്കു പാടുക, അവിടന്ന് പരമോന്നതനല്ലോ. അശ്വത്തെയും അശ്വാരൂഢനെയും അവിടന്ന് ആഴിയിൽ ചുഴറ്റിയെറിഞ്ഞു.”
൨൧മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയത്: “യഹോവയ്ക്ക് പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു”.
22 ഇതിനുശേഷം മോശ ഇസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ടുകൊണ്ടുപോയി. അവർ ശൂർ മരുഭൂമിയിൽ എത്തി. വെള്ളം കണ്ടെത്താതെ അവർ മൂന്നുദിവസം മരുഭൂമിയിൽ സഞ്ചരിച്ചു.
൨൨അതിനുശേഷം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ട് നയിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്ന്, മൂന്നുദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു.
23 അവർ മാറായിൽ എത്തി, മാറായിലെ വെള്ളം കയ്‌പുള്ളതായിരുന്നതിനാൽ അവർക്ക് അതു കുടിക്കാൻ കഴിഞ്ഞില്ല. (അതുകൊണ്ടാണ് ആ സ്ഥലത്തിനു മാറാ എന്നു പറയുന്നത്.)
൨൩മാറയിൽ എത്തിയപ്പോൾ, മാറയിലെ വെള്ളം കുടിക്കുവാൻ അവർക്ക് കഴിഞ്ഞില്ല; അത് കയ്പുപ്പുള്ളതായിരുന്നു. അതുകൊണ്ട് അതിന് മാറാ എന്ന് പേരിട്ടു.
24 “ഞങ്ങൾ ഇനി എന്തു കുടിക്കും?” എന്നു പറഞ്ഞുകൊണ്ട് ജനം മോശയ്ക്കു വിരോധമായി പിറുപിറുത്തു.
൨൪അപ്പോൾ ജനം: “ഞങ്ങൾ എന്ത് കുടിക്കും” എന്ന് പറഞ്ഞ് മോശെയുടെ നേരെ പിറുപിറുത്തു.
25 അപ്പോൾ മോശ യഹോവയോടു നിലവിളിച്ചു. യഹോവ അദ്ദേഹത്തിന് ഒരു വൃക്ഷശിഖരം കാണിച്ചുകൊടുത്തു. മോശ അതു വെള്ളത്തിൽ ഇട്ടു; വെള്ളം മധുരമുള്ളതായി. അവിടെവെച്ച് യഹോവ അവർക്കായി ഒരു കൽപ്പനയും നിയമവും ഉണ്ടാക്കി; അവിടെ യഹോവ അവരെ പരീക്ഷിച്ചു.
൨൫അവൻ യഹോവയോട് അപേക്ഷിച്ചു; യഹോവ അവന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അത് വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവച്ച് അവൻ അവർക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവൻ അവരെ പരീക്ഷിച്ചു:
26 അവിടന്ന് അരുളിച്ചെയ്തു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം നിങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അവിടത്തെ ദൃഷ്ടിയിൽ യോഗ്യമായതു പ്രവർത്തിക്കുകയും ചെയ്യുമെങ്കിൽ, അവിടത്തെ കൽപ്പനകൾ ശ്രദ്ധിക്കുകയും സകല ഉത്തരവുകളും പാലിക്കുകയും ചെയ്യുമെങ്കിൽ, ഈജിപ്റ്റുകാരുടെമേൽ ഞാൻ വരുത്തിയ വ്യാധികളിൽ ഒന്നുപോലും നിങ്ങളുടെമേൽ വരുത്തുകയില്ല; ഞാൻ നിങ്ങളെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു.”
൨൬“നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട് അവന് പ്രസാദമുള്ളതു ചെയ്യുകയും അവന്റെ കല്പനകൾ അനുസരിച്ച് അവന്റെ സകലവിധികളും പ്രമാണിക്കുകയും ചെയ്താൽ ഞാൻ ഈജിപ്റ്റുകാരുടെമേൽ വരുത്തിയ വ്യാധികളിൽ ഒന്നും നിനക്ക് വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു” എന്ന് അരുളിച്ചെയ്തു.
27 പിന്നെ അവർ ഏലീമിൽ എത്തി. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമടിച്ചു.
൨൭പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.