< എസ്ഥേർ 8 >

1 അന്നുതന്നെ അഹശ്വേരോശ് രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വസ്തുവകകൾ എസ്ഥേർ രാജ്ഞിക്കു നൽകി. മൊർദെഖായിയുമായി തനിക്കുള്ള ബന്ധം എസ്ഥേർരാജ്ഞി രാജാവിനെ അറിയിച്ചതിനാൽ അദ്ദേഹത്തിനു രാജസന്നിധിയിൽ പ്രവേശനം ലഭിച്ചു.
בַּיּוֹם הַהוּא נָתַן הַמֶּלֶךְ אֲחַשְׁוֵרוֹשׁ לְאֶסְתֵּר הַמַּלְכָּה אֶת־בֵּית הָמָן צֹרֵר (היהודיים) [הַיְּהוּדִים] וּמׇרְדֳּכַי בָּא לִפְנֵי הַמֶּלֶךְ כִּֽי־הִגִּידָה אֶסְתֵּר מַה הוּא־לָֽהּ׃
2 രാജാവ് ഹാമാനിൽനിന്ന് തിരികെ വാങ്ങിയ മുദ്രമോതിരം മൊർദെഖായിക്കു സമ്മാനിച്ചു. എസ്ഥേർ അദ്ദേഹത്തെ ഹാമാന്റെ വസ്തുവകകൾക്കെല്ലാം അധികാരിയാക്കി.
וַיָּסַר הַמֶּלֶךְ אֶת־טַבַּעְתּוֹ אֲשֶׁר הֶֽעֱבִיר מֵֽהָמָן וַֽיִּתְּנָהּ לְמׇרְדֳּכָי וַתָּשֶׂם אֶסְתֵּר אֶֽת־מׇרְדֳּכַי עַל־בֵּית הָמָֽן׃
3 എസ്ഥേർ വീണ്ടും രാജാവിന്റെ കാൽക്കൽവീണ് കരഞ്ഞു യാചിച്ചു. ആഗാഗ്യനായ ഹാമാൻ യെഹൂദർക്കെതിരേ ആസൂത്രണംചെയ്ത തന്ത്രം അവസാനിപ്പിക്കണമെന്ന് അവൾ അപേക്ഷിച്ചു.
וַתּוֹסֶף אֶסְתֵּר וַתְּדַבֵּר לִפְנֵי הַמֶּלֶךְ וַתִּפֹּל לִפְנֵי רַגְלָיו וַתֵּבְךְּ וַתִּתְחַנֶּן־לוֹ לְהַֽעֲבִיר אֶת־רָעַת הָמָן הָֽאֲגָגִי וְאֵת מַֽחֲשַׁבְתּוֹ אֲשֶׁר חָשַׁב עַל־הַיְּהוּדִֽים׃
4 രാജാവ് തന്റെ തങ്കച്ചെങ്കോൽ എസ്ഥേരിനുനേരേ നീട്ടി; അവൾ എഴുന്നേറ്റ് രാജാവിന്റെ മുമ്പിൽനിന്നു.
וַיּוֹשֶׁט הַמֶּלֶךְ לְאֶסְתֵּר אֵת שַׁרְבִט הַזָּהָב וַתָּקׇם אֶסְתֵּר וַֽתַּעֲמֹד לִפְנֵי הַמֶּֽלֶךְ׃
5 എസ്ഥേർ രാജാവിനോടു പറഞ്ഞു: “രാജാവിനു തിരുവുള്ളമുണ്ടായി, ഇക്കാര്യം ശരിയെന്നു ബോധ്യപ്പെടുകയും എന്നോടു പ്രിയംതോന്നുകയും ചെയ്യുന്നെങ്കിൽ, രാജാവിന്റെ പ്രവിശ്യകളിലുള്ള സകല യെഹൂദരെയും സംഹരിക്കാൻ ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാൻ എഴുതിയ നിയമത്തിനു വിരോധമായി രാജാവ് ഒരു കൽപ്പന പുറപ്പെടുവിച്ചാലും.
וַתֹּאמֶר אִם־עַל־הַמֶּלֶךְ טוֹב וְאִם־מָצָאתִי חֵן לְפָנָיו וְכָשֵׁר הַדָּבָר לִפְנֵי הַמֶּלֶךְ וְטוֹבָה אֲנִי בְּעֵינָיו יִכָּתֵב לְהָשִׁיב אֶת־הַסְּפָרִים מַחֲשֶׁבֶת הָמָן בֶּֽן־הַמְּדָתָא הָאֲגָגִי אֲשֶׁר כָּתַב לְאַבֵּד אֶת־הַיְּהוּדִים אֲשֶׁר בְּכׇל־מְדִינוֹת הַמֶּֽלֶךְ׃
6 ഒരു ദുരന്തം എന്റെ ജനത്തെ മൂടുന്നത് ഞാൻ എങ്ങനെ കണ്ടു സഹിക്കും? എന്റെ കുടുംബത്തിന്റെ നാശം ഞാൻ എങ്ങനെ കണ്ടു സഹിക്കും?”
כִּי אֵיכָכָה אוּכַל וְֽרָאִיתִי בָּרָעָה אֲשֶׁר־יִמְצָא אֶת־עַמִּי וְאֵֽיכָכָה אוּכַל וְֽרָאִיתִי בְּאׇבְדַן מוֹלַדְתִּֽי׃
7 അഹശ്വേരോശ് രാജാവ് എസ്ഥേർരാജ്ഞിയോടും മൊർദെഖായി എന്ന യെഹൂദനോടും പറഞ്ഞു, “ഹാമാൻ യെഹൂദരെ ആക്രമിച്ചതിനാൽ അവന്റെ വീട് ഞാൻ എസ്ഥേരിനു നൽകി. അവനെ അവൻതന്നെ ഒരുക്കിയ തൂക്കുമരത്തിലേറ്റുകയും ചെയ്തു.
וַיֹּאמֶר הַמֶּלֶךְ אֲחַשְׁוֵרֹשׁ לְאֶסְתֵּר הַמַּלְכָּה וּֽלְמׇרְדֳּכַי הַיְּהוּדִי הִנֵּה בֵית־הָמָן נָתַתִּי לְאֶסְתֵּר וְאֹתוֹ תָּלוּ עַל־הָעֵץ עַל אֲשֶׁר־שָׁלַח יָדוֹ (ביהודיים) [בַּיְּהוּדִֽים]׃
8 ഇനി രാജാവിന്റെ നാമത്തിൽ യെഹൂദർക്ക് അനുകൂലമായി നിങ്ങൾക്ക് ഉത്തമമെന്നു തോന്നുന്ന മറ്റൊരു കൽപ്പന എഴുതിക്കൊള്ളുക. അതിൽ രാജാവിന്റെ മുദ്രമോതിരത്താൽ മുദ്രയിടുക. രാജാവിന്റെ നാമത്തിൽ എഴുതി രാജാവിന്റെ മുദ്രമോതിരത്താൽ മുദ്രയിടപ്പെട്ട ഒരു കൽപ്പനയും റദ്ദാക്കാവുന്നതല്ല.”
וְאַתֶּם כִּתְבוּ עַל־הַיְּהוּדִים כַּטּוֹב בְּעֵֽינֵיכֶם בְּשֵׁם הַמֶּלֶךְ וְחִתְמוּ בְּטַבַּעַת הַמֶּלֶךְ כִּֽי־כְתָב אֲשֶׁר־נִכְתָּב בְּשֵׁם־הַמֶּלֶךְ וְנַחְתּוֹם בְּטַבַּעַת הַמֶּלֶךְ אֵין לְהָשִֽׁיב׃
9 മൂന്നാംമാസമായ സീവാൻ മാസം ഇരുപത്തിമൂന്നാംതീയതി രാജാവിന്റെ ലേഖകരെ എല്ലാം വിളിച്ചുവരുത്തി. ഇന്ത്യമുതൽ കൂശ് വരെ വ്യാപിച്ചുകിടക്കുന്ന 127 പ്രവിശ്യകളിലെ സകല യെഹൂദർക്കും രാജപ്രതിനിധികൾക്കും ദേശാധിപതികൾക്കും ജനത്തിന്റെ പ്രഭുക്കന്മാർക്കുംവേണ്ടി മൊർദെഖായി നിർദേശിച്ചതൊക്കെയും അവർ എഴുതി. കൽപ്പനകൾ എല്ലാം ഓരോ സംസ്ഥാനത്തിന്റെ ലിപിയിലും ഓരോ ജനതയുടെ ഭാഷയിലും യെഹൂദർക്ക് അവരുടേതായ ലിപിയിലും ആണ് എഴുതിയത്.
וַיִּקָּרְאוּ סֹפְרֵֽי־הַמֶּלֶךְ בָּֽעֵת־הַהִיא בַּחֹדֶשׁ הַשְּׁלִישִׁי הוּא־חֹדֶשׁ סִיוָן בִּשְׁלוֹשָׁה וְעֶשְׂרִים בּוֹ וַיִּכָּתֵב כְּֽכׇל־אֲשֶׁר־צִוָּה מׇרְדֳּכַי אֶל־הַיְּהוּדִים וְאֶל הָאֲחַשְׁדַּרְפְּנִֽים־וְהַפַּחוֹת וְשָׂרֵי הַמְּדִינוֹת אֲשֶׁר ׀ מֵהֹדּוּ וְעַד־כּוּשׁ שֶׁבַע וְעֶשְׂרִים וּמֵאָה מְדִינָה מְדִינָה וּמְדִינָה כִּכְתָבָהּ וְעַם וָעָם כִּלְשֹׁנוֹ וְאֶל־הַיְּהוּדִים כִּכְתָבָם וְכִלְשׁוֹנָֽם׃
10 അഹശ്വേരോശ് രാജാവിന്റെ നാമത്തിൽ എഴുതിയതും മുദ്രമോതിരത്താൽ മുദ്ര ചെയ്യപ്പെട്ടതുമായ കൽപ്പനകളുമായി രാജാവിനുവേണ്ടി വളർത്തിയിരുന്ന വേഗമുള്ള കുതിരകളുടെ പുറത്ത് സന്ദേശവാഹകരെ അയച്ചു.
וַיִּכְתֹּב בְּשֵׁם הַמֶּלֶךְ אֲחַשְׁוֵרֹשׁ וַיַּחְתֹּם בְּטַבַּעַת הַמֶּלֶךְ וַיִּשְׁלַח סְפָרִים בְּיַד הָרָצִים בַּסּוּסִים רֹכְבֵי הָרֶכֶשׁ הָֽאֲחַשְׁתְּרָנִים בְּנֵי הָֽרַמָּכִֽים׃
11 ഈ കൽപ്പനയാൽ, എല്ലാ പട്ടണങ്ങളിലുമുള്ള യെഹൂദർക്ക് സ്വയസംരക്ഷണയ്ക്കായി ഒത്തുകൂടുന്നതിനും അവരെയും അവരുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കാൻ ഏതു ജനവിഭാഗങ്ങളിൽനിന്നും പ്രവിശ്യയിൽനിന്നും വരുന്ന എല്ലാ സൈന്യത്തെയും കൊന്നു നശിപ്പിച്ച് ഉന്മൂലനംചെയ്യാനും ശത്രുക്കളെ കൊള്ളയടിക്കാനുമുള്ള അനുമതി ലഭിച്ചു.
אֲשֶׁר נָתַן הַמֶּלֶךְ לַיְּהוּדִים ׀ אֲשֶׁר בְּכׇל־עִיר־וָעִיר לְהִקָּהֵל וְלַעֲמֹד עַל־נַפְשָׁם לְהַשְׁמִיד וְלַהֲרֹג וּלְאַבֵּד אֶת־כׇּל־חֵיל עַם וּמְדִינָה הַצָּרִים אֹתָם טַף וְנָשִׁים וּשְׁלָלָם לָבֽוֹז׃
12 അഹശ്വേരോശ് രാജാവിന്റെ എല്ലാ പ്രവിശ്യകളിലും പന്ത്രണ്ടാംമാസമായ ആദാർമാസം പതിമ്മൂന്നാംതീയതിയായിരുന്നു യെഹൂദർക്ക് ഇതു ചെയ്യാൻ അനുവാദം.
בְּיוֹם אֶחָד בְּכׇל־מְדִינוֹת הַמֶּלֶךְ אֲחַשְׁוֵרוֹשׁ בִּשְׁלוֹשָׁה עָשָׂר לְחֹדֶשׁ שְׁנֵים־עָשָׂר הוּא־חֹדֶשׁ אֲדָֽר׃
13 ആ ദിവസം യെഹൂദർ തങ്ങളുടെ ശത്രുക്കളെ നേരിടാൻ തയ്യാറായിരിക്കേണ്ടതിനു കൽപ്പനയുടെ ഒരു പകർപ്പ് ഒരു നിയമമായിത്തന്നെ എല്ലാ പ്രവിശ്യകളിലും എല്ലാ ജനവിഭാഗങ്ങൾക്കിടയിലും പ്രസിദ്ധപ്പെടുത്തി.
פַּתְשֶׁגֶן הַכְּתָב לְהִנָּתֵֽן דָּת בְּכׇל־מְדִינָה וּמְדִינָה גָּלוּי לְכׇל־הָעַמִּים וְלִהְיוֹת (היהודיים) [הַיְּהוּדִים] (עתודים) [עֲתִידִים] לַיּוֹם הַזֶּה לְהִנָּקֵם מֵאֹיְבֵיהֶֽם׃
14 അങ്ങനെ, സന്ദേശവാഹകർ രാജകൽപ്പനയാൽ നിർബന്ധിതരായി രാജാവിന്റെ കുതിരകളുടെ പുറത്ത് കയറി അതിവേഗം പുറപ്പെട്ടു. കൽപ്പന ശൂശൻ രാജധാനിയിലും പ്രസിദ്ധപ്പെടുത്തി.
הָרָצִים רֹכְבֵי הָרֶכֶשׁ הָֽאֲחַשְׁתְּרָנִים יָצְאוּ מְבֹהָלִים וּדְחוּפִים בִּדְבַר הַמֶּלֶךְ וְהַדָּת נִתְּנָה בְּשׁוּשַׁן הַבִּירָֽה׃
15 മൊർദെഖായി നീലയും വെള്ളയും നിറങ്ങൾ ഉള്ള രാജവസ്ത്രവും വലിയ സ്വർണക്കിരീടവും മൃദുലചണനൂൽകൊണ്ടുള്ള ഊതവർണ നിലയങ്കിയും ധരിച്ച് രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു. ശൂശൻ പട്ടണം ആനന്ദത്താൽ ആഘോഷിച്ചാർത്തു.
וּמׇרְדֳּכַי יָצָא ׀ מִלִּפְנֵי הַמֶּלֶךְ בִּלְבוּשׁ מַלְכוּת תְּכֵלֶת וָחוּר וַעֲטֶרֶת זָהָב גְּדוֹלָה וְתַכְרִיךְ בּוּץ וְאַרְגָּמָן וְהָעִיר שׁוּשָׁן צָהֲלָה וְשָׂמֵֽחָה׃
16 യെഹൂദർക്ക് അത് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും അഭിമാനത്തിന്റെയും സമയമായിരുന്നു.
לַיְּהוּדִים הָֽיְתָה אוֹרָה וְשִׂמְחָה וְשָׂשֹׂן וִיקָֽר׃
17 എല്ലാ പ്രവിശ്യയിലും എല്ലാ പട്ടണങ്ങളിലും രാജകൽപ്പന ലഭിച്ച എല്ലായിടത്തും യെഹൂദർക്കിടയിൽ സന്തോഷവും ആനന്ദവും ഉണ്ടായി. അവിടെ വിരുന്നും ആഘോഷവും ഉണ്ടായി. യെഹൂദരെക്കുറിച്ചുള്ള ഭയംനിമിത്തം ഇതര ജനവിഭാഗങ്ങളിലുള്ള അനേകരും യെഹൂദരായിത്തീർന്നു.
וּבְכׇל־מְדִינָה וּמְדִינָה וּבְכׇל־עִיר וָעִיר מְקוֹם אֲשֶׁר דְּבַר־הַמֶּלֶךְ וְדָתוֹ מַגִּיעַ שִׂמְחָה וְשָׂשׂוֹן לַיְּהוּדִים מִשְׁתֶּה וְיוֹם טוֹב וְרַבִּים מֵֽעַמֵּי הָאָרֶץ מִֽתְיַהֲדִים כִּֽי־נָפַל פַּֽחַד־הַיְּהוּדִים עֲלֵיהֶֽם׃

< എസ്ഥേർ 8 >