< സഭാപ്രസംഗി 6 >
1 സൂര്യനുകീഴേ ഞാൻ മറ്റൊരു തിന്മ കണ്ടു, അതു മനുഷ്യർക്ക് അസഹനീയമായിരുന്നു:
൧സൂര്യനുകീഴിൽ ഞാൻ കണ്ടിരിക്കുന്ന ഒരു തിന്മ ഉണ്ട്; അത് മനുഷ്യർക്ക് ഭാരമുള്ളതാകുന്നു.
2 ദൈവം ചിലർക്ക് ധനവും സമ്പാദ്യങ്ങളും ബഹുമാനവും നൽകുന്നു; അവർ ആഗ്രഹിക്കുന്നത് അവർക്കു ലഭിക്കാതിരിക്കുന്നതുമില്ല. എന്നാൽ അവ ആസ്വദിക്കുന്നതിനു ദൈവം അവരെ അനുവദിക്കുന്നതുമില്ല, അവർക്കുപകരം അപരിചിതർ അത് ആസ്വദിക്കും. ഇത് അർഥശൂന്യം, കഠിനതിന്മയും ആകുന്നു.
൨ദൈവം ഒരു മനുഷ്യന് ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവൻ ആഗ്രഹിക്കുന്ന ഒന്നിനും അവന് കുറവില്ല; എങ്കിലും അത് അനുഭവിക്കുവാൻ ദൈവം അവന് അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അത് അനുഭവിക്കുന്നത്; അത് മായയും വല്ലാത്ത ദോഷവും തന്നെ.
3 ഒരു മനുഷ്യന് നൂറു മക്കളും ദീർഘായുസ്സും ഉണ്ടാകാം; അയാൾ എത്രകാലം ജീവിക്കുന്നു എന്നതല്ല, അയാൾക്കു തന്റെ ഐശ്വര്യം ആസ്വദിക്കാനാവുകയും ഉചിതമായ ശവസംസ്കാരം ലഭിക്കുകയും ചെയ്യുന്നില്ലെങ്കിൽ ഒരു ചാപിള്ള അയാളെക്കാളും വളരെയേറെ ഭാഗ്യമുള്ളത് എന്നു ഞാൻ പറയുന്നു.
൩ഒരു മനുഷ്യൻ നൂറുമക്കളെ ജനിപ്പിക്കുകയും ഏറിയ സംവത്സരം ജീവിച്ച് ദീർഘായുസ്സായിരിക്കുകയും ചെയ്തിട്ടും അവൻ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്കാരം പ്രാപിക്കാതെയും പോയാൽ ഗർഭം അലസിപ്പോയ പിണ്ഡം അവനെക്കാൾ നല്ലത് എന്നു ഞാൻ പറയുന്നു.
4 അർഥമില്ലാതെ അതു വരുന്നു, ഇരുട്ടിൽ അത് മറയുന്നു, ഇരുട്ടിൽത്തന്നെ അതിന്റെ പേരും മറയ്ക്കപ്പെടുന്നു.
൪അത് മായയിൽ വരുന്നു; അന്ധകാരത്തിലേക്കു പോകുന്നു; അവന്റെ പേര് അവിടെ ഉണ്ടാകൂകയില്ല.
5 അത് ഒരിക്കലും സൂര്യനെ കണ്ടിട്ടില്ലെങ്കിലും ഒന്നും അറിഞ്ഞിട്ടില്ലെങ്കിലും, ആ മനുഷ്യനുള്ളതിനെക്കാൾ വിശ്രമം അതിനുണ്ട്.
൫സൂര്യനെ അത് കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലെങ്കിലും; മറ്റേ മനുഷ്യനെക്കാൾ അധികം വിശ്രാമം അതിനുണ്ട്.
6 അയാൾ രണ്ടായിരം വർഷം ജീവിച്ചിരുന്നിട്ടും തന്റെ സമൃദ്ധി ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ എല്ലാവരും ഒരേ സ്ഥലത്തേക്കല്ലേ പോകുന്നത്?
൬അവൻ രണ്ടായിരം വർഷം ജീവിച്ചിരുന്നിട്ടും നന്മ അനുഭവിച്ചില്ലെങ്കിൽ എന്ത് പ്രയോജനം? എല്ലാവരും ഒരു സ്ഥലത്തേക്കല്ലയോ പോകുന്നത്?
7 എല്ലാ മനുഷ്യരുടെയും അധ്വാനം അവരുടെ ഉദരപൂരണത്തിനുവേണ്ടിയാണ്, എന്നിട്ടും അവരുടെ ഭക്ഷണേച്ഛയ്ക്കു തൃപ്തിവരുന്നില്ല.
൭മനുഷ്യന്റെ പ്രയത്നമൊക്കെയും അവന്റെ വായുടെ തൃപ്തിക്കുവേണ്ടിയാകുന്നു; എങ്കിലും അവന്റെ കൊതിക്കു ശമനം വരുന്നില്ല.
8 ജ്ഞാനിക്ക് ഭോഷരെക്കാൾ എന്ത് നേട്ടമുണ്ട്? അന്യരുടെമുമ്പിൽ പെരുമാറേണ്ടതെങ്ങനെയെന്ന് അറിയുന്നതുകൊണ്ട് ദരിദ്രർ എന്തു നേടുന്നു?
൮മൂഢനെക്കാൾ ജ്ഞാനിക്ക് എന്ത് വിശേഷതയുള്ളു? പരിജ്ഞാനത്തോടെ ജീവനുള്ളവരുടെ മുമ്പിൽ നടക്കുന്ന സാധുവിന് എന്ത് വിശേഷതയുള്ളു?
9 അഭിലാഷത്തിന്റെ അലഞ്ഞുതിരിയലിനെക്കാൾ കണ്ണിനു കാണുന്നതെന്തോ അതു നല്ലത്. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ.
൯മോഹിച്ച് അലഞ്ഞു നടക്കുന്നതിനെക്കാൾ കണ്ണുകൊണ്ട് കാണുന്നത് നല്ലത്; അതും മായയും വൃഥാപ്രയത്നവും തന്നെ.
10 നിലനിൽക്കുന്നതിനെല്ലാം മുമ്പേതന്നെ പേരു നൽകപ്പെട്ടിരിക്കുന്നു, മനുഷ്യരാശി എന്തെന്ന് മുമ്പേതന്നെ അറിയപ്പെട്ടുമിരിക്കുന്നു; തന്നെക്കാളും ശക്തരായവരോട് ഒരു മനുഷ്യനും എതിർത്ത് ജയിക്കാൻ കഴിയുകയില്ല.
൧൦ഒരുവൻ ജീവിതത്തിൽ എന്ത് തന്നെ ആയിരുന്നാലും അവന് പണ്ടേ പേര് വിളിച്ചിരിക്കുന്നു; മനുഷ്യൻ എന്താകും എന്ന് വിധിച്ചുമിരിക്കുന്നു; തന്നിലും ബലമേറിയവനോടു വാദിക്കുവാൻ അവന് കഴിവില്ല.
11 വാക്കുകൾ ഏറുമ്പോൾ അർഥം കുറയുന്നു, അതുകൊണ്ട് ആർക്ക് എന്തു പ്രയോജനം?
൧൧മായയെ വർദ്ധിപ്പിക്കുന്ന വാക്കുകൾ എത്രതന്നെ പെരുക്കിയാലും മനുഷ്യന് എന്ത് ലാഭം?
12 നിഴൽപോലെ നീങ്ങിപ്പോകുന്ന ഹ്രസ്വവും അർഥശൂന്യവും ആയ നാളുകൾക്കിടയിൽ ഒരാളുടെ ജീവിതത്തിൽ നല്ലത് ഏതെന്ന് ആരറിയുന്നു? അദ്ദേഹത്തിനുശേഷം സൂര്യനുകീഴേ എന്തു സംഭവിക്കും എന്ന് ആർക്ക് അദ്ദേഹത്തോട് പറയാൻകഴിയും?
൧൨മനുഷ്യന്റെ ജീവിതകാലത്ത്, അവൻ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യർത്ഥമായുള്ള ആയുഷ്കാലത്തൊക്കെയും, അവന് എന്താകുന്നു നല്ലത് എന്ന് ആർക്കറിയാം? അവന്റെ ശേഷം സൂര്യനുകീഴിൽ എന്ത് സംഭവിക്കും എന്ന് മനുഷ്യനോട് ആര് അറിയിക്കും?