< സഭാപ്രസംഗി 5 >
1 നീ ദൈവാലയത്തിലേക്കു പോകുമ്പോൾ നിന്റെ കാലടികൾ സൂക്ഷിക്കുക. തങ്ങൾ തെറ്റു ചെയ്യുന്നു എന്നതറിയാതെ യാഗമർപ്പിക്കുന്ന ഭോഷരെപ്പോലെയാകാതെ, അടുത്തുചെന്നു ശ്രദ്ധിക്കുക.
൧ദൈവാലയത്തിലേക്ക് പോകുമ്പോൾ പാദം സൂക്ഷിക്കുക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു ശ്രദ്ധിച്ച് കേൾക്കുന്നതാണ് നല്ലത്; പരിജ്ഞാനമില്ലാത്തതുകൊണ്ടാണ് അവർ ദോഷം ചെയ്യുന്നത്.
2 സംസാരിക്കുന്നതിൽ തിടുക്കമാകരുത്, ദൈവസന്നിധിയിൽ എന്തെങ്കിലും ഉച്ചരിക്കുന്നതിന് ഹൃദയത്തിൽ തിരക്കുകൂട്ടരുത്. കാരണം ദൈവം സ്വർഗത്തിലും നീ ഭൂമിയിലും ആകുന്നു, അതുകൊണ്ട് നിന്റെ വാക്കുകൾ പരിമിതമായിരിക്കട്ടെ.
൨അതിവേഗത്തിൽ ഒന്നും പറയരുത്; ദൈവസന്നിധിയിൽ ഒരു വാക്ക് ഉച്ചരിക്കുവാൻ നിന്റെ ഹൃദയം ബദ്ധപ്പെടരുത്; ദൈവം സ്വർഗ്ഗത്തിലും നീ ഭൂമിയിലും അല്ലയോ; ആകയാൽ നിന്റെ വാക്കുകൾ ചുരുക്കമായിരിക്കട്ടെ.
3 അനേകം ക്ലേശങ്ങളുള്ളപ്പോൾ സ്വപ്നം കാണുന്നതുപോലെയാണ് വാക്കുകളുടെ പെരുമഴപൊഴിക്കുന്ന ഭോഷന്റെ ഭാഷണവും.
൩കഷ്ടപ്പാടിന്റെ ആധിക്യംകൊണ്ട് സ്വപ്നം ഉണ്ടാകുന്നു. ഭോഷൻ വാക്കുകളുടെ പെരുപ്പംകൊണ്ട് വൃഥാ സംസാരിക്കുന്നു.
4 ദൈവത്തോടു നീ നേരുമ്പോൾ അത് നിവർത്തിക്കാൻ കാലവിളംബം വരുത്തരുത്. ഭോഷനിൽ അവിടത്തേക്ക് പ്രസാദമില്ലല്ലോ; നിന്റെ നേർച്ച നിവർത്തിക്കുക.
൪ദൈവത്തിന് നേർച്ച നേർന്നാൽ ആ നേർച്ച അർപ്പിക്കുവാൻ താമസിക്കരുത്; മൂഢന്മാരിൽ അവന് പ്രസാദമില്ല; നീ നേർന്നത് അർപ്പിക്കുക.
5 നേർച്ച നേരാതിരിക്കുന്നതാണ്, നേർന്നിട്ട് നിവർത്തിക്കാതിരിക്കുന്നതിലും നല്ലത്.
൫നേർന്നിട്ട് അർപ്പിക്കാതെ ഇരിയ്ക്കുന്നതിനെക്കാൾ നേരാതെയിരിക്കുന്നത് നല്ലത്.
6 നിന്റെ വാക്കുകൾ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. ദൈവാലയത്തിലെ ദൂതുവാഹിയോട് എതിർത്ത്, “എന്റെ നേർച്ച അബദ്ധത്തിൽ നേർന്നുപോയതാണ്” എന്നു പറയരുത്. ദൈവം കോപിക്കുന്നതിനും നിന്റെ കൈകളുടെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനും നിന്റെ വാക്കുമൂലം എന്തിനിടയാകണം?
൬നിന്റെ വായ് നിന്റെ ദേഹത്തിന് പാപകാരണമാകരുത്; അബദ്ധവശാൽ വന്നുപോയി എന്ന് നീ ദൂതന്റെ സന്നിധിയിൽ പറയുകയും അരുത്; ദൈവം നിന്റെ വാക്കുനിമിത്തം കോപിച്ച് നിന്റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നത് എന്തിന്?
7 അധികം സ്വപ്നങ്ങളും ഏറെ വാക്കുകളും അർഥശൂന്യം. അതുകൊണ്ട് ദൈവത്തെ ഭയപ്പെടുക.
൭സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യർത്ഥത ഉണ്ട്; നീയോ ദൈവത്തെ ഭയപ്പെടുക.
8 ഒരു പ്രവിശ്യയിൽ ദരിദ്രർ പീഡിപ്പിക്കപ്പെടുകയും അവരുടെ നീതിയും അവകാശങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യുന്നത് നീ കാണുന്നെങ്കിൽ, അത്ഭുതപ്പെടരുത്, കാരണം ഒരു അധികാരി ഒരു ഉന്നതാധികാരിയാൽ നിരീക്ഷിക്കപ്പെടുന്നു. അവർക്കിരുവർക്കുംമുകളിലും ഉന്നതരുണ്ട്.
൮ഒരു സംസ്ഥാനത്ത് ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുത്; ഉന്നതനു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.
9 ദേശത്തിന്റെ സമൃദ്ധിയുടെ ഗുണഭോക്താക്കൾ ആ ദേശവാസികളെല്ലാമാണ്; രാജാവുതന്നെയും കൃഷിയിടങ്ങളിലെ സമൃദ്ധിയിൽ പങ്കുചേരുന്നു.
൯കൃഷിതൽപരനായ രാജാവ് ദേശത്തിന് എല്ലാറ്റിലും ഉപകാരി ആയിരിക്കുന്നു. രാജാവുപോലും ആ വിളവിൽനിന്ന് ഭക്ഷണം കഴിക്കുന്നു.
10 പണത്തെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും മതിയാകുംവരെ പണം ഉണ്ടാകുകയില്ല; സമ്പത്തിനെ സ്നേഹിക്കുന്നവർക്ക് അവരുടെ വരുമാനംകൊണ്ട് ഒരിക്കലും തൃപ്തിവരികയുമില്ല. ഇതും അർഥശൂന്യം.
൧൦ദ്രവ്യപ്രിയന് ദ്രവ്യം കിട്ടിയിട്ടും തൃപ്തി വരുന്നില്ല. സമൃദ്ധിയിൽ കണ്ണുള്ളവന് ആദായം വർദ്ധിച്ചിട്ടും തൃപ്തി വരുന്നില്ല. അതും മായ തന്നെ.
11 വിഭവങ്ങൾ പെരുകുന്നതനുസരിച്ച് അവയുടെ ഗുണഭോക്താക്കളും പെരുകുന്നു. അതുകണ്ടു കണ്ണിനു വിരുന്നാകുമെന്നതല്ലാതെ അതിന്റെ ഉടമസ്ഥന് എന്തു പ്രയോജനമാണു ലഭിക്കുന്നത്?
൧൧വസ്തുവക പെരുകുമ്പോൾ അതുകൊണ്ട് ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന് കണ്ണുകൊണ്ട് കാണുകയല്ലാതെ മറ്റെന്തു പ്രയോജനം?
12 വേലക്കാർ ഭക്ഷിക്കുന്നത് അൽപ്പമോ അധികമോ ആയാലും അവരുടെ ഉറക്കം സുഖകരമാണ്, എന്നാൽ, സമ്പന്നരുടെ സമൃദ്ധി അവരുടെ ഉറക്കം കെടുത്തുന്നു.
൧൨അദ്ധാനിക്കുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.
13 സൂര്യനുകീഴിൽ ഒരു കഠിനതിന്മ ഞാൻ കണ്ടു: ഉടമസ്ഥർക്ക് അനർഥമാകുമാറു കൂട്ടിവെക്കുന്ന സമ്പത്തുതന്നെ.
൧൩സൂര്യനുകീഴിൽ ഞാൻ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ട്: ഉടമസ്ഥൻ തനിക്ക് അനർത്ഥത്തിനായി സൂക്ഷിച്ചുവയ്ക്കുന്ന സമ്പത്ത് തന്നെ.
14 ദൗർഭാഗ്യവശാൽ ആ സമ്പത്ത് നഷ്ടപ്പെട്ടുപോകുന്നു, അവർക്ക് മക്കളുണ്ടാകുമ്പോൾ അവകാശമായി നൽകാൻ യാതൊന്നും ശേഷിക്കുന്നില്ല.
൧൪ആ സമ്പത്ത് നിർഭാഗ്യവശാൽ നശിച്ചുപോകുന്നു; അവന് ഒരു മകൻ ജനിച്ചാൽ അവന്റെ കയ്യിൽ ഒന്നും ഉണ്ടാകുകയില്ല.
15 അമ്മയുടെ ഗർഭത്തിൽനിന്ന് സകലരും നഗ്നരായി വരുന്നു, സകലരും വരുന്നതുപോലെതന്നെ മടങ്ങിപ്പോകുന്നു. തങ്ങളുടെ അധ്വാനത്തിൽനിന്ന് ഒന്നുംതന്നെ അവരുടെ കൈയിൽ കൊണ്ടുപോകുകയുമില്ല.
൧൫അവൻ അമ്മയുടെ ഗർഭത്തിൽനിന്ന് പുറപ്പെട്ടുവന്നതുപോലെ നഗ്നനായി തന്നെ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായി അവൻ കയ്യിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല.
16 ഇതും കഠിനതിന്മതന്നെ: സകലമനുഷ്യരും വരുന്നതുപോലെതന്നെ മടങ്ങുന്നു, കാറ്റിനെ പിടിക്കുന്നതിനായുള്ള പരക്കംപാച്ചിലുകൊണ്ട് അവർ എന്തു നേടുന്നു?
൧൬അതും ഒരു വല്ലാത്ത തിന്മ തന്നെ; അവൻ വന്നതുപോലെ തന്നെ പോകുന്നു; അവന്റെ വൃഥാപ്രയത്നത്താൽ അവന് എന്ത് പ്രയോജനം?
17 തങ്ങളുടെ ജീവകാലമെല്ലാം അവർ ഇരുട്ടിൽ കഴിയുന്നു; വലിയ വ്യസനത്തോടും നിരാശയോടും ക്രോധത്തോടുംതന്നെ.
൧൭അവൻ ജീവകാലം എല്ലാം ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.
18 തനിക്കു ദൈവം നൽകിയ ഹ്രസ്വജീവിതകാലത്ത് ഭക്ഷിച്ച് പാനംചെയ്ത്, സൂര്യനുകീഴേയുള്ള തന്റെ അധ്വാനത്തിൽ സംതൃപ്തി കണ്ടെത്തുന്നതാണ് ഒരു മനുഷ്യന് ഉത്തമവും ഉചിതവുമായ കാര്യമെന്ന് എനിക്കു ബോധ്യമായി—അതാണല്ലോ അവരുടെ ഓഹരി.
൧൮ഞാൻ ശുഭവും യോഗ്യവുമായി കണ്ടത്: ദൈവം ഒരുവന് കൊടുക്കുന്ന ആയുഷ്കാലമെല്ലാം അവൻ തിന്നുകുടിച്ച് സൂര്യനു കീഴിലുള്ള തന്റെ സകലപ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നെ; അതാകുന്നു അവന്റെ ഓഹരി.
19 മാത്രവുമല്ല, ദൈവം നൽകിയ ധനസമ്പത്തുക്കൾ ആസ്വദിച്ച് തന്റെ പ്രയത്നത്തിൽ ആനന്ദിക്കാൻ ദൈവം ഒരാൾക്ക് ഇടയാക്കുന്നു—അതും ദൈവത്തിന്റെ ദാനം.
൧൯ദൈവം ധനവും ഐശ്വര്യവും നല്കുകയും, അതനുഭവിച്ച് തന്റെ ഓഹരി ലഭിച്ച് തന്റെ പ്രയത്നത്തിൽ സന്തോഷിക്കുവാൻ അധികാരം കൊടുത്തിരിക്കുകയും ചെയ്യുന്ന ഏതു മനുഷ്യനും അത് ദൈവത്തിന്റെ ദാനം തന്നെ.
20 ആനന്ദാതിരേകത്താൽ അവരുടെ ഹൃദയം നിറച്ചുകൊണ്ട് ദൈവം അവരെ കർത്തവ്യനിരതരാക്കുമ്പോൾ ജീവിതത്തിലെ കഴിഞ്ഞുപോയ ദിനങ്ങളെക്കുറിച്ച് അവർ ചിന്തിക്കാറേയില്ല.
൨൦ദൈവം അവന് ഹൃദയസന്തോഷം അരുളുന്നതുകൊണ്ട് അവൻ തന്റെ ആയുഷ്കാലത്തെപ്പറ്റി ഏറെ വിചാരപ്പെടുകയില്ല.