< സഭാപ്രസംഗി 2 >
1 ഞാൻ എന്നോടുതന്നെ പറഞ്ഞു, “വരിക, എന്താണ് നല്ലത് എന്നത് സുഖലോലുപതകൊണ്ട് ഞാൻ നിന്നെ പരീക്ഷിക്കും.” എന്നാൽ അതും അർഥശൂന്യമെന്നു തെളിഞ്ഞിരിക്കുന്നു.
൧ഞാൻ എന്നോട് തന്നെ പറഞ്ഞു: “വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊള്ളുക”.
2 “ചിരി വെറും മതിഭ്രമം; സുഖലോലുപതകൊണ്ട് എന്തുനേട്ടം,” ഞാൻ പറഞ്ഞു.
൨എന്നാൽ അതും മായ തന്നെ. ഞാൻ ചിരിയെക്കുറിച്ച് “അത് ഭ്രാന്ത്” എന്നും സന്തോഷത്തെക്കുറിച്ച് “അതുകൊണ്ട് എന്ത് ഫലം?” എന്നും പറഞ്ഞു.
3 മനുഷ്യർക്ക് അവരുടെ ചുരുങ്ങിയ നാളുകളിൽ ആകാശത്തിനുകീഴിൽ മൂല്യവത്തായുള്ളത് എന്തുണ്ടെന്നു മനസ്സിലാക്കാൻ, എന്റെ മനസ്സ് ജ്ഞാനപൂർവം എന്നെ നയിച്ചുകൊണ്ടിരുന്നു; അപ്പോഴും ഞാൻ വീഞ്ഞിൽ ആഹ്ലാദിക്കാനും ഭോഷത്വം ആലിംഗനം ചെയ്യാനും പരിശ്രമിച്ചു.
൩മനുഷ്യർക്ക് ആകാശത്തിൻ കീഴിൽ ജീവപര്യന്തം ചെയ്യുവാൻ നല്ലത് ഏതെന്നു ഞാൻ കാണുവോളം എന്റെ ഹൃദയത്തെ ജ്ഞാനത്തിൽ സൂക്ഷിച്ചുകൊണ്ട്, എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിക്കുവാനും ഭോഷത്തം പിടിച്ചു കൊള്ളുവാനും എന്റെ മനസ്സിൽ നിരൂപിച്ചു.
4 ഞാൻ ബൃഹദ് പദ്ധതികൾ ആസൂത്രണംചെയ്തു: ഞാൻ എനിക്ക് അരമനകൾ പണിതു; മുന്തിരിത്തോപ്പുകൾ നട്ടുപിടിപ്പിച്ചു.
൪ഞാൻ എന്റെ പ്രവർത്തികളെ മഹത്തരമാക്കി; എനിക്കുവേണ്ടി അരമനകൾ പണിതു; മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി.
5 ഞാൻ തോട്ടങ്ങളും പൂങ്കാവനങ്ങളും നിർമിക്കുകയും അവയിൽ എല്ലാവിധ ഫലവൃക്ഷങ്ങൾ നട്ടുണ്ടാക്കുകയും ചെയ്തു.
൫ഞാൻ തോട്ടങ്ങളും ഉദ്യാനങ്ങളും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളും നട്ടു.
6 തഴച്ചുവളരുന്ന വൃക്ഷങ്ങളുടെ തോട്ടങ്ങൾ നനയ്ക്കാൻ ജലാശയങ്ങൾ നിർമിച്ചു.
൬തോട്ടങ്ങളിൽ വച്ചുപിടിപ്പിച്ചിരുന്ന വൃക്ഷങ്ങൾ നനയ്ക്കുവാൻ കുളങ്ങളും കുഴിപ്പിച്ചു.
7 ഞാൻ ദാസീദാസന്മാരെ വിലയ്ക്കുവാങ്ങി. എന്റെ ഭവനത്തിൽ ജനിച്ച മറ്റു ദാസരും എനിക്കുണ്ടായിരുന്നു. ജെറുശലേമിൽ ഉണ്ടായിരുന്ന എന്റെ മുൻഗാമികളിൽ ആരെക്കാളും കൂടുതൽ ആടുമാടുകളുടെ ഒരു വമ്പിച്ചശേഖരം എനിക്കു സ്വന്തമായിരുന്നു.
൭ഞാൻ ദാസന്മാരെയും ദാസിമാരെയും വിലയ്ക്കു വാങ്ങി; വീട്ടിൽ ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമിൽ എന്റെ മുൻ ഗാമികളെക്കാൾ അധികം ആടുമാടുകളുടെ സമ്പത്ത് എനിക്കുണ്ടായിരുന്നു.
8 ഞാൻ എനിക്കായി വെള്ളിയും സ്വർണവും സമാഹരിച്ചു. രാജാക്കന്മാരുടെയും പ്രവിശ്യകളുടെയും നിധികളും ഞാൻ ശേഖരിച്ചു. മാനവഹൃദയത്തിന് ആനന്ദംപകരുന്ന എല്ലാറ്റിനെയും—ഗായകന്മാരെയും ഗായികമാരെയും അന്തഃപുരസ്ത്രീകളെയും—ഞാൻ സമ്പാദിച്ചു.
൮ഞാൻ വെള്ളിയും പൊന്നും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉള്ള നിക്ഷേപങ്ങളും സ്വരൂപിച്ചു; സംഗീതക്കാരെയും സംഗീതക്കാരത്തികളെയും മനുഷ്യരുടെ പ്രമോദമായ അനവധി സ്ത്രീജനത്തെയും സമ്പാദിച്ചു.
9 എനിക്കുമുമ്പ് ജെറുശലേമിൽ വാണിരുന്ന ആരെക്കാളും ഞാൻ ധനികനായിത്തീർന്നു. ഇവയോടൊപ്പം എന്റെ ജ്ഞാനവും എന്നോടൊപ്പം വസിച്ചു.
൯ഇങ്ങനെ ഞാൻ, എനിക്കുമുമ്പ് യെരൂശലേമിൽ ഉണ്ടായിരുന്ന എല്ലാവരിലും മഹാനായിത്തീരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു; എനിയ്ക്ക് ജ്ഞാനവും ഒട്ടും കുറവില്ലായിരുന്നു.
10 എന്റെ കണ്ണുകൾ അഭിലഷിച്ചതൊന്നും ഞാൻ എനിക്ക് വിലക്കിയില്ല; എന്റെ ഹൃദയത്തിന് ആനന്ദംനൽകുന്ന യാതൊന്നിനോടും ഞാൻ വിമുഖതകാട്ടിയില്ല. എന്റെ എല്ലാ പ്രവൃത്തികളിലും എന്റെ ഹൃദയം ആനന്ദിച്ചു, ഇതായിരുന്നു എന്റെ എല്ലാ പ്രയത്നങ്ങളുടെയും പ്രതിഫലം.
൧൦എന്റെ കണ്ണ് ആഗ്രഹിച്ചതൊന്നും ഞാൻ അതിന് നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന് ഒരു സന്തോഷവും വിലക്കിയില്ല; എന്റെ സകലപ്രയത്നവുംനിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതുതന്നെ.
11 എന്നാൽ എന്റെ കരങ്ങൾ ചെയ്ത പ്രവൃത്തികളെല്ലാം; ഞാൻ കരഗതമാക്കാൻ പരിശ്രമിച്ചതെല്ലാംതന്നെ പരിശോധിച്ചു. സകലതും അർഥശൂന്യമായിരുന്നു, കാറ്റിനുപിന്നാലെയുള്ള ഓട്ടമായിരുന്നു; സൂര്യനുകീഴേ ഒന്നും ഞാൻ നേടിയതുമില്ല.
൧൧ഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും എന്റെ സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.
12 പിന്നീട്, എന്റെ ചിന്താഗതികൾ ജ്ഞാനം വിശകലനം ചെയ്യുന്നതിന് ഞാൻ തിരിച്ചുവിട്ടു, മതിഭ്രമവും ഭോഷത്വവും അതിനോടൊപ്പം പരിഗണിച്ചു. രാജാവിന്റെ അനന്തരഗാമിക്ക് മുൻഗാമികളുടെ ചെയ്തികളെക്കാൾ എന്താണ് അധികമായി ചെയ്യാൻ കഴിയുക?
൧൨ഞാൻ ജ്ഞാനവും ഭ്രാന്തും ഭോഷത്തവും നോക്കുവാൻ തിരിഞ്ഞു; ഒരു രാജാവിന്റെ പിൻഗാമിയായി വരുന്ന മനുഷ്യൻ എന്ത് ചെയ്യും? പണ്ടു ചെയ്തതു തന്നെ.
13 ഭോഷത്വത്തെക്കാൾ ജ്ഞാനം നല്ലതെന്നു ഞാൻ കണ്ടു, പ്രകാശം അന്ധകാരത്തെക്കാൾ നല്ലതായിരിക്കുന്നതുപോലെതന്നെ.
൧൩വെളിച്ചം ഇരുളിനെക്കാൾ ശ്രേഷ്ഠമായിരിക്കുന്നതുപോലെ ജ്ഞാനം ഭോഷത്തത്തെക്കാൾ ശ്രേഷ്ഠമായിരിക്കുന്നു എന്നു ഞാൻ കണ്ടു.
14 ജ്ഞാനിക്ക് തന്റെ ശിരസ്സിൽ കണ്ണുകളുണ്ട്, എന്നാൽ ഭോഷർ അന്ധകാരത്തിൽ നടക്കുന്നു; എന്നാൽ വിധി രണ്ടുപേർക്കും ഒന്നുതന്നെയാണ് എന്നു ഞാൻ മനസ്സിലാക്കി.
൧൪ജ്ഞാനിയുടെ കണ്ണ് തലയുടെ ഉള്ളിലാണ്; ഭോഷൻ ഇരുട്ടിൽ നടക്കുന്നു; എന്നാൽ അവർ ഇരുവർക്കും ഗതി ഒന്ന് തന്നെ എന്നു ഞാൻ ഗ്രഹിച്ചു.
15 ഞാൻ എന്നോടുതന്നെ പറഞ്ഞു, “ഭോഷന്റെ അന്ത്യംതന്നെയാണ് എന്റെയും ഗതി എങ്കിൽ ജ്ഞാനം ആർജിച്ചതുകൊണ്ട് എനിക്കെന്തു നേട്ടം?” ഞാൻ എന്നോടുതന്നെ പറഞ്ഞു, “ഇതും അർഥശൂന്യമത്രേ.”
൧൫ആകയാൽ ഞാൻ എന്നോട്: “ഭോഷനും എനിക്കും ഗതി ഒന്ന് തന്നെ; പിന്നെ ഞാൻ എന്തിന് അധികം ജ്ഞാനം സമ്പാദിക്കുന്നു?” എന്നു പറഞ്ഞു. ഇതും മായയത്രേ എന്നു ഞാൻ മനസ്സിൽ പറഞ്ഞു.
16 കാരണം ഭോഷനെക്കുറിച്ചെന്നതുപോലെ, ജ്ഞാനിയെക്കുറിച്ചും ദീർഘകാലസ്മരണകൾ നിലനിൽക്കുകയില്ല; ഇരുവരും വിസ്മൃതിയിലാണ്ടുപോകുന്ന കാലം വന്നെത്തിയിരിക്കുന്നു. ഭോഷനെപ്പോലെതന്നെ ജ്ഞാനിയും മരണത്തിനു കീഴടങ്ങണം!
൧൬ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓർമ്മയില്ല; വരുംകാലത്ത് അവരെ ഒക്കെയും മറന്നുപോകും; അയ്യോ ഭോഷൻ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;
17 സൂര്യനുകീഴേയുള്ള സകലപ്രവൃത്തികളും എനിക്കു വ്യസനഹേതു ആയതുകൊണ്ട് ജീവിതത്തെ ഞാൻ വെറുത്തു. സകലതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംമാത്രം.
൧൭അങ്ങനെ സൂര്യന് കീഴിൽ നടക്കുന്ന കാര്യം എനിക്ക് അനിഷ്ടമായതുകൊണ്ട് ഞാൻ ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.
18 എന്റെ പിന്നാലെ വരുന്നവർക്കുവേണ്ടി എല്ലാം ഉപേക്ഷിച്ചുപോകണമെന്ന് ഓർത്തപ്പോൾ, സൂര്യനുകീഴിൽ ഞാൻ കഠിനാധ്വാനംചെയ്ത് സമ്പാദിച്ച എല്ലാറ്റിനെയും ഞാൻ വെറുത്തു.
൧൮സൂര്യന് കീഴിലുള്ള എന്റെ പ്രയത്നത്തെ എല്ലാം ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യനുവേണ്ടി ഞാൻ അത് വിട്ടേച്ചു പോകേണ്ടിവരുമല്ലോ.
19 പിന്നാലെ വരുന്നവർ ജ്ഞാനികളോ ഭോഷരോ എന്നാരറിഞ്ഞു? എന്തായാലും സൂര്യനുകീഴേ ഞാൻ എന്റെ കഠിനാധ്വാനവും സാമർഥ്യവും അർപ്പിച്ച എല്ലാറ്റിന്റെയും കാര്യനിർവഹണാധികാരം അവരിലേക്കു ചെന്നുചേരുന്നു. ഇതും അർഥശൂന്യമത്രേ.
൧൯അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം? എന്തായാലും ഞാൻ സൂര്യന് കീഴിൽ പ്രയത്നിച്ചതും ജ്ഞാനം വെളിപ്പെടുത്തിയതുമായ സകലപ്രയത്നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായ അത്രേ.
20 അതുകൊണ്ട് സൂര്യനുകീഴിൽ അത്യധ്വാനംചെയ്ത് ഞാൻ നേടിയതിനെക്കുറിച്ചെല്ലാം എന്റെ ഹൃദയം നിരാശപ്പെടാൻ തുടങ്ങി.
൨൦ആകയാൽ സൂര്യന് കീഴിൽ ഞാൻ പ്രയത്നിച്ച സർവ്വപ്രയത്നത്തെക്കുറിച്ചും എന്റെ ഹൃദയത്തിൽ മടുപ്പുണ്ടാകുവാൻ തുടങ്ങി.
21 ഒരാൾ ജ്ഞാനത്തോടും വിവേകത്തോടും നൈപുണ്യത്തോടും തന്റെ വേല ചെയ്യുന്നു, പിന്നെ തനിക്കവകാശപ്പെട്ടതെല്ലാം അതിനായി ഒരു ചെറുവിരൽപോലും ചലിപ്പിക്കാത്ത മറ്റൊരാൾക്ക് വിട്ടുകൊടുക്കേണ്ടിവരുന്നു. ഇതും അർഥശൂന്യവും കടുത്ത ദൗർഭാഗ്യവുംതന്നെ.
൨൧ഒരുവൻ ജ്ഞാനത്തോടും അറിവോടും സാമർത്ഥ്യത്തോടുംകൂടി പ്രയത്നിക്കുന്നു; എങ്കിലും അതിൽ പ്രയത്നിക്കാത്ത ഒരുവന് അവൻ അത് അവകാശമായി വിട്ടുകൊടുക്കേണ്ടി വരും; അതും മായയും വലിയ തിന്മയും അത്രേ.
22 സൂര്യനുകീഴേയുള്ള സകലകഠിനപ്രയത്നംകൊണ്ടും ആകുലതകൊണ്ടും മനുഷ്യർക്ക് എന്തു കിട്ടും?
൨൨സൂര്യന് കീഴിലുള്ള സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന് എന്ത് ഫലം?
23 എല്ലാ ദിവസവും അവരുടെ വേല വേദനാപൂർണവും ദുഃഖകരവും ആകുന്നു; രാത്രികാലങ്ങളിൽപോലും അവരുടെ മനസ്സിന് വിശ്രമം ലഭിക്കുന്നില്ല. ഇതും അർഥശൂന്യമത്രേ.
൨൩അവന്റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാട് വ്യസനകരവും അല്ലയോ; രാത്രിയിലും അവന്റെ ഹൃദയത്തിന് സ്വസ്ഥതയില്ല; അതും മായ അത്രേ.
24 ഭക്ഷിക്കുകയും പാനംചെയ്യുകയും തന്റെ പ്രവൃത്തിയിൽ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നതിനെക്കാൾ കൂടുതൽ ഒരു മനുഷ്യന് അഭികാമ്യമായിരിക്കുന്നത് മറ്റെന്താണ്? ഈ ആസ്വാദനങ്ങളും ദൈവകരത്തിൽനിന്നുള്ളതാണെന്ന് ഞാൻ അറിയുന്നു.
൨൪തിന്നുകുടിച്ച് തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന് മറ്റൊരു നന്മയുമില്ല; അതും ദൈവത്തിന്റെ കയ്യിൽനിന്നുള്ളത് എന്നു ഞാൻ കണ്ടു.
25 അവിടത്തെക്കൂടാതെ ഭക്ഷിക്കാനും ആനന്ദം കണ്ടെത്താനും ആർക്കു കഴിയും?
൨൫അവൻ നല്കീട്ടല്ലാതെ ആര് ഭക്ഷിക്കും; ആര് അനുഭവിക്കും?
26 അവിടത്തെ പ്രസാദിപ്പിക്കുന്ന മനുഷ്യർക്ക് ദൈവം ജ്ഞാനവും പരിജ്ഞാനവും ആനന്ദവും നൽകുന്നു; എന്നാൽ പാപികൾക്ക്, ദൈവത്തെ പ്രസാദിപ്പിക്കുന്നവർക്കു നൽകുന്നതിനുള്ള ധനം സമ്പാദിക്കുന്നതിനും സ്വരൂപിക്കുന്നതിനുംമാത്രമുള്ള നിയോഗം നൽകുന്നു. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടമാകുന്നു.
൨൬തനിക്കു പ്രസാദമുള്ള മനുഷ്യന് അവൻ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു; പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന് അനുഭവമാകുവാൻ തക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയും ചെയ്യുവാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു. അതും മായയും വൃഥാപ്രയത്നവും അത്രേ.