< ആവർത്തനപുസ്തകം 9 >
1 ഇസ്രായേലേ കേൾക്ക, ഇന്നു നീ യോർദാൻ കടന്നു നിന്നെക്കാൾ വലുപ്പവും ശക്തിയുമുള്ള ജനതകളെയും ആകാശത്തോളം ഉയർന്ന മതിലുകളുള്ള വലിയ പട്ടണങ്ങളും പിടിച്ചടക്കാൻ പോകുന്നു.
൧യിസ്രായേലേ, കേൾക്കുക; നീ ഇന്ന് യോർദ്ദാൻ നദി കടന്ന് നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജനതകളെയും ആകാശത്തോളം ഉയർന്ന മതിലുള്ള വലിയ പട്ടണങ്ങളെയും
2 നിനക്ക് അറിയാവുന്നതുപോലെ ശക്തിയും ഉയരവുമുള്ള അനാക്യരെന്ന ജനതയാണവർ. “അനാക്യരുടെമുമ്പിൽ ആര് നിൽക്കും,” എന്നിങ്ങനെയുള്ള പറച്ചിൽ നീ കേട്ടിട്ടുണ്ടല്ലോ.
൨വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജനതയെയും ജയിച്ചടക്കുവാൻ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ? ‘അനാക്യരുടെ മുമ്പിൽ നില്ക്കുവാൻ കഴിയുന്നവൻ ആര്?’ എന്നിങ്ങനെയുള്ള ചൊല്ല് നീ കേട്ടിരിക്കുന്നു.
3 എന്നാൽ നിന്റെ ദൈവമായ യഹോവ നിനക്കു മുമ്പേ ദഹിപ്പിക്കുന്ന തീയായി കടന്നുപോകുന്നു എന്നു നീ ഇന്ന് അറിയണം. അവിടന്ന് അവരെ നശിപ്പിക്കുകയും നിന്റെ മുമ്പിൽ കീഴ്പ്പെടുത്തുകയും ചെയ്യും. അങ്ങനെ യഹോവ നിന്നോടു വാഗ്ദാനംചെയ്തതുപോലെ നിങ്ങൾ അവരെ ഓടിച്ചുകളയുകയും വേഗം നശിപ്പിക്കുകയും ചെയ്യും.
൩എന്നാൽ നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്ക് മുമ്പിൽ കടന്നുപോകുന്നു എന്ന് നീ ഇന്ന് അറിഞ്ഞുകൊള്ളുക. അവൻ അവരെ നശിപ്പിക്കുകയും നിന്റെ മുമ്പിൽ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളയുകയും ക്ഷണത്തിൽ നശിപ്പിക്കുകയും ചെയ്യും.
4 നിന്റെ ദൈവമായ യഹോവ നിന്റെ മുമ്പിൽനിന്ന് അവരെ ഓടിച്ചുകളഞ്ഞശേഷം, “എന്റെ നീതി നിമിത്തമാണ് ഈ ദേശം അവകാശമാക്കാൻ യഹോവ എന്നെ കൊണ്ടുവന്നത്” എന്നു നീ നിന്റെ ഹൃദയത്തിൽ പറയരുത്. അല്ല, ഈ ജനതകളുടെ ദുഷ്ടതനിമിത്തമാണ് യഹോവ അവരെ നിന്റെ മുമ്പിൽനിന്നും ഓടിച്ചുകളഞ്ഞത്.
൪നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞശേഷം: ‘എന്റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാൻ യഹോവ എന്നെ കൊണ്ടുവന്നു’ എന്ന് നിന്റെ ഹൃദയത്തിൽ പറയരുത്; ആ ജനതയുടെ ദുഷ്ടത നിമിത്തമത്രേ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നത്.
5 നീ അവരുടെ ദേശം കൈവശമാക്കാൻ പോകുന്നത് നിന്റെ നീതിയോ ഹൃദയപരമാർഥതയോകൊണ്ടല്ല, പ്രത്യുത, ഈ ജനതകളുടെ ദുഷ്ടതനിമിത്തവും നിന്റെ പിതാക്കന്മാരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോട് യഹോവ ശപഥംചെയ്ത വചനം നിറവേറ്റേണ്ടതിനും ആകുന്നു നിങ്ങളുടെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നും ഓടിച്ചുകളയുന്നത്.
൫നീ അവരുടെ ദേശം കൈവശമാക്കുവാൻ ചെല്ലുന്നത് നിന്റെ നീതിയും ഹൃദയപരമാർത്ഥതയും നിമിത്തം അല്ല; ആ ജനതയുടെ ദുഷ്ടതനിമിത്തവും അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ നിന്റെ പിതാക്കന്മാരോട് യഹോവ സത്യംചെയ്ത വചനം നിവർത്തിക്കേണ്ടതിനും അത്രേ നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നത്.
6 അതുകൊണ്ട് ആ നല്ലദേശം യഹോവയായ ദൈവം നിനക്ക് അവകാശമായി നൽകുന്നതു നിന്റെ നീതികൊണ്ടല്ലെന്ന് നീ അറിയണം; നീ ദുശ്ശാഠ്യമുള്ള ജനതയാണല്ലോ.
൬ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്ക് ആ നല്ലദേശം അവകാശമായി തരുന്നത് നിന്റെ നീതിനിമിത്തം അല്ലെന്ന് അറിഞ്ഞുകൊള്ളുക; നീ ദുശ്ശാഠ്യമുള്ള ജനമല്ലയോ;
7 നിന്റെ ദൈവമായ യഹോവയെ മരുഭൂമിയിൽവെച്ച് നീ എങ്ങനെ പ്രകോപിപ്പിച്ചുവെന്നത് ഒരിക്കലും മറക്കാതെ ഓർക്കുക. ഈജിപ്റ്റിൽനിന്ന് യാത്രപുറപ്പെട്ട നാൾമുതൽ ഇവിടെ എത്തുന്നതുവരെ നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.
൭നീ മരുഭൂമിയിൽവച്ച് നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്ന് ഓർക്കുക; മറന്നുകളയരുത്; ഈജിപ്റ്റ്ദേശത്തുനിന്ന് പുറപ്പെട്ട നാൾമുതൽ ഈ സ്ഥലത്ത് വന്നതുവരെ നിങ്ങൾ യഹോവയോട് മത്സരിക്കുന്നവരായിരുന്നു.
8 ഹോരേബിൽവെച്ച് നിങ്ങൾ യഹോവയെ പ്രകോപിപ്പിച്ചു, അതുകൊണ്ട് നിങ്ങളെ നശിപ്പിക്കാൻ വിചാരിക്കത്തക്കവിധം യഹോവ കോപിച്ചു.
൮ഹോരേബിലും നിങ്ങൾ യഹോവയെ കോപിപ്പിച്ചു; അതുകൊണ്ട് നിങ്ങളെ നശിപ്പിച്ചുകളയുവാൻ തോന്നും വിധം യഹോവ നിങ്ങളോട് കോപിച്ചു.
9 യഹോവ നിങ്ങളോടു ചെയ്ത ഉടമ്പടിയുടെ ഫലകങ്ങളായ ശിലാഫലകങ്ങൾ സ്വീകരിക്കാൻ ഞാൻ പർവതത്തിൽ കയറിപ്പോയി. നാൽപ്പതുരാവും നാൽപ്പതുപകലും ഞാൻ പർവതത്തിൽ താമസിച്ചു. ഞാൻ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.
൯യഹോവ നിങ്ങളോട് ചെയ്ത നിയമം എഴുതിയ കല്പലകകൾ വാങ്ങുവാൻ ഞാൻ പർവ്വതത്തിൽ കയറി, നാല്പത് രാവും നാല്പത് പകലും പർവ്വതത്തിൽ താമസിച്ചു; ഞാൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.
10 ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ രണ്ടു ശിലാഫലകങ്ങൾ യഹോവ എനിക്കു തന്നു. മഹാസമ്മേളനദിവസം പർവതത്തിൽ അഗ്നിയുടെ നടുവിൽനിന്ന് യഹോവ നിങ്ങളോടു വിളംബരംചെയ്ത കൽപ്പനകളെല്ലാം അവയിൽ ആലേഖനംചെയ്തിരുന്നു.
൧൦ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ രണ്ടു കല്പലകകൾ യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽവച്ച് അഗ്നിയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്ത സകലവചനങ്ങളും അവയിൽ എഴുതിയിരുന്നു.
11 നാൽപ്പതുരാവും നാൽപ്പതുപകലും കഴിഞ്ഞശേഷമാണ് ഉടമ്പടിയുടെ ഫലകങ്ങളായ ആ രണ്ടു ശിലാഫലകങ്ങൾ യഹോവ എനിക്കു നൽകിയത്.
൧൧നാല്പതുരാവും നാല്പതുപകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്റെ പക്കൽ നിയമം എഴുതിയ ആ രണ്ട് കല്പലകകൾ തന്നത്.
12 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “എഴുന്നേൽക്കുക, വേഗം ഇവിടെനിന്ന് ഇറങ്ങിച്ചെല്ലുക. നീ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ മലിനപ്പെടുത്തിയിരിക്കുന്നു. ഞാൻ അവരോടു കൽപ്പിച്ച വഴിയിൽനിന്ന് അതിവേഗം വ്യതിചലിച്ച് അവർക്കുവേണ്ടി ഒരു വിഗ്രഹം വാർത്തുണ്ടാക്കിയിരിക്കുന്നു.”
൧൨അപ്പോൾ യഹോവ എന്നോട്: “നീ എഴുന്നേറ്റ് ക്ഷണത്തിൽ ഇവിടെനിന്ന് ഇറങ്ങിച്ചെല്ലുക; നീ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ വഷളാക്കി, ഞാൻ അവരോട് കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറി ഒരു വിഗ്രഹം വാർത്തുണ്ടാക്കിയിരിക്കുന്നു” എന്ന് കല്പിച്ചു.
13 യഹോവ വീണ്ടും എന്നോട് അരുളിച്ചെയ്തു: “ഞാൻ ഈ ജനത്തെ ദുശ്ശാഠ്യക്കാരായി കണ്ടിരിക്കുന്നു!
൧൩ഈ ജനത ദുശ്ശാഠ്യമുള്ളവർ എന്ന് ഞാൻ കാണുന്നു;
14 എന്നെ വിടുക. അവരെ നശിപ്പിച്ച് ആകാശത്തിനുകീഴേനിന്ന് അവരുടെ നാമം ഞാൻ മായിച്ചുകളയും. അതിനുശേഷം നിന്നെ ഞാൻ അവരെക്കാൾ ശക്തിയും അസംഖ്യവുമായ ഒരു ജനതയാക്കും.”
൧൪“എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ച് അവരുടെ പേര് ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജനതയാക്കും” എന്നും യഹോവ എന്നോട് അരുളിച്ചെയ്തു.
15 അങ്ങനെ ഞാൻ തിരിഞ്ഞ് പർവതത്തിൽനിന്ന് ഇറങ്ങിവന്നു. അപ്പോൾ പർവതത്തിൽ തീ കത്തിക്കൊണ്ടിരുന്നു. ഉടമ്പടിയുടെ പലക രണ്ടും എന്റെ കൈകളിൽ ഉണ്ടായിരുന്നു.
൧൫അങ്ങനെ ഞാൻ തിരിഞ്ഞ് പർവ്വതത്തിൽനിന്ന് ഇറങ്ങി; പർവ്വതത്തിൽ അഗ്നി ആളിക്കത്തുകയായിരുന്നു; നിയമത്തിന്റെ രണ്ട് പലകകളും എന്റെ കയ്യിൽ ഉണ്ടായിരുന്നു.
16 ഞാൻ നോക്കിയപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി പാപംചെയ്ത്; നിങ്ങൾക്കുവേണ്ടി ഒരു കാളക്കിടാവിന്റെ രൂപം വാർത്തുണ്ടാക്കി. യഹോവ കൽപ്പിച്ച വഴിയിൽനിന്ന് എത്രവേഗത്തിലാണ് നിങ്ങൾ വ്യതിചലിച്ചുപോയിരിക്കുന്നത്.
൧൬ഞാൻ നോക്കിയപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോട് പാപംചെയ്ത് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി, യഹോവ നിങ്ങളോട് കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നത് കണ്ടു.
17 അപ്പോൾ ഞാൻ നിങ്ങളുടെ കണ്മുമ്പിൽവെച്ച് ആ രണ്ടു ഫലകങ്ങളും എടുത്ത് എറിഞ്ഞു പൊട്ടിച്ചുകളഞ്ഞു.
൧൭അപ്പോൾ ഞാൻ രണ്ടു പലകകളും എന്റെ കയ്യിൽനിന്ന് നിങ്ങൾ കാൺകെ എറിഞ്ഞ് ഉടച്ചുകളഞ്ഞു.
18 പിന്നെ ഞാൻ ആദ്യം ചെയ്തതുപോലെ നാൽപ്പതുരാവും നാൽപ്പതുപകലും യഹോവയുടെ സന്നിധിയിൽ സാഷ്ടാംഗം വീണുകിടന്നു. യഹോവയെ പ്രകോപിപ്പിക്കാൻ തക്കവിധം നിങ്ങൾ അവിടത്തെ ദൃഷ്ടിയിൽ തിന്മയായി ചെയ്ത സകലപാപങ്ങളും ഹേതുവായി ഞാൻ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.
൧൮പിന്നെ യഹോവയെ കോപിപ്പിക്കുവാൻ തക്കവണ്ണം നിങ്ങൾ അവന് അനിഷ്ടമായി പ്രവർത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാൻ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പത് രാവും നാല്പത് പകലും വീണ് കിടന്നു; ഞാൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.
19 യഹോവ നിങ്ങളെ നശിപ്പിക്കുംവിധം നിങ്ങളുടെനേരേ യഹോവയ്ക്കുണ്ടായ കോപവും ക്രോധവും എന്നെ ഭയപ്പെടുത്തി. എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു.
൧൯നിങ്ങളെ നശിപ്പിക്കുമാറ് നിങ്ങളുടെനേരെ ജ്വലിച്ച യഹോവയുടെ കോപവും ക്രോധവും കണ്ട് ഞാൻ ഭയപ്പെട്ടു; എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു.
20 അഹരോനെ നശിപ്പിക്കുംവിധം യഹോവ അവനോടും വളരെയധികം കോപിച്ചു. അപ്പോൾ ഞാൻ അവനുവേണ്ടിയും അപേക്ഷിച്ചു.
൨൦അഹരോനെ നശിപ്പിക്കുവാൻ തക്കവണ്ണം അവന്റെ നേരെയും യഹോവ ഏറ്റവും കോപിച്ചു; എന്നാൽ ഞാൻ അന്ന് അഹരോനുവേണ്ടിയും അപേക്ഷിച്ചു.
21 നിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കിടാവിനെ ഞാൻ എടുത്ത് തീയിൽ ഇട്ടു ചുട്ടുകളഞ്ഞു. അത് അരച്ചു നേരിയ പൊടിയാക്കി. തുടർന്ന് ആ പൊടി പർവതത്തിൽനിന്നും ഒഴുകിവരുന്ന അരുവിയിൽ എറിഞ്ഞു.
൨൧നിങ്ങൾ ഉണ്ടാക്കിയ, നിങ്ങൾക്ക് പാപകാരണമായ, കാളക്കുട്ടിയെ ഞാൻ എടുത്ത് തീയിൽ ഇട്ട് ചുട്ട് നന്നായി അരച്ച് നേരിയ പൊടിയാക്കി, ആ പൊടി പർവ്വതത്തിൽനിന്ന് പുറപ്പെടുന്ന തോട്ടിൽ വിതറി.
22 തബേരയിലും മസ്സായിലും കിബ്രോത്ത്-ഹത്താവയിലുംവെച്ച് നിങ്ങൾ യഹോവയെ പ്രകോപിപ്പിച്ചു.
൨൨തബേരയിലും മസ്സയിലും കിബ്രോത്ത്-ഹത്താവയിലും വെച്ച് നിങ്ങൾ യഹോവയെ കോപിപ്പിച്ചു.
23 “ഞാൻ നിങ്ങൾക്കു നൽകിയ ദേശം പോയി കൈവശമാക്കുക,” എന്നു കൽപ്പിച്ച്, യഹോവ നിങ്ങളെ കാദേശ്-ബർന്നേയയിൽനിന്ന് അയച്ചപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനയോടു മത്സരിച്ചു. അവിടത്തെ വിശ്വസിക്കുകയോ അവിടത്തെ വചനം പ്രമാണിക്കുകയോ ചെയ്തില്ല.
൨൩‘നിങ്ങൾ ചെന്ന് ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള ദേശം കൈവശമാക്കുവിൻ’ എന്ന് കല്പിച്ച് യഹോവ നിങ്ങളെ കാദേശ്ബർന്നേയയിൽനിന്ന് അയച്ചപ്പോഴും നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനയോട് മറുത്തുനിന്നു; അവനെ വിശ്വസിച്ചില്ല; അവന്റെ വാക്ക് അനുസരിച്ചതുമില്ല.
24 ഞാൻ നിങ്ങളെ അറിഞ്ഞ ദിവസംമുതൽ നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.
൨൪ഞാൻ നിങ്ങളെ അറിഞ്ഞ നാൾമുതൽ നിങ്ങൾ യഹോവയോട് മത്സരിച്ചിരിക്കുന്നു.
25 യഹോവ നിങ്ങളെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തതുകൊണ്ടാണ് ഞാൻ യഹോവയുടെ സന്നിധിയിൽ നാൽപ്പതുരാവും നാൽപ്പതുപകലും സാഷ്ടാംഗം വീണുകിടന്നത്.
൨൫യഹോവ നിങ്ങളെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തിരുന്നതുകൊണ്ട് ഞാൻ യഹോവയുടെ സന്നിധിയിൽ നാല്പത് രാവും നാല്പത് പകലും വീണുകിടന്നു;
26 ഞാൻ യഹോവയോട് ഇപ്രകാരം അപേക്ഷിച്ചു: “സർവശക്തനായ യഹോവേ, അവിടത്തെ മഹാശക്തിയാൽ അങ്ങ് വീണ്ടെടുക്കുകയും ശക്തിയുള്ള ഭുജത്താൽ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവരികയും ചെയ്ത അങ്ങയുടെ ജനത്തെ, അവിടത്തെ സ്വന്തം അവകാശത്തെ, നശിപ്പിക്കരുതേ.
൨൬ഞാൻ യഹോവയോട് അപേക്ഷിച്ചുപറഞ്ഞത്: ‘കർത്താവായ യഹോവേ, നിന്റെ മഹത്വംകൊണ്ട് നീ വീണ്ടെടുത്ത് ബലമുള്ള കയ്യാൽ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നിന്റെ ജനത്തെയും നിന്റെ അവകാശത്തെയും നശിപ്പിക്കരുതേ.
27 അങ്ങയുടെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യാക്കോബിനെയും ഓർക്കണമേ. ഈ ജനതയുടെ മത്സരവും ലംഘനവും പാപവും ഓർക്കരുതേ.
൨൭അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ നിന്റെ ദാസന്മാരെ ഓർക്കണമേ; താൻ അവർക്ക് വാഗ്ദത്തം ചെയ്തിരുന്ന ദേശത്ത് അവരെ എത്തിക്കുവാൻ യഹോവയ്ക്ക് കഴിയായ്കകൊണ്ടും അവൻ അവരെ പകച്ചതു കൊണ്ടും അവരെ കൊണ്ടുപോയി മരുഭൂമിയിൽവച്ച് കൊന്നുകളഞ്ഞു എന്ന് നീ ഞങ്ങളെ വിടുവിച്ച് കൊണ്ടുപോന്ന ദേശക്കാർ പറയാതിരിക്കുവാൻ
28 അല്ലെങ്കിൽ, അങ്ങു ഞങ്ങളെ ഏതു ദേശത്തുനിന്നാണോ വിടുവിച്ചുകൊണ്ടുവന്നത് ആ ദേശത്തെ ജനങ്ങൾ, ‘താൻ വാഗ്ദാനംചെയ്ത ദേശത്ത് അവരെ എത്തിക്കാൻ യഹോവയ്ക്ക് സാധിക്കാത്തതുകൊണ്ടും അവിടന്ന് അവരെ വെറുത്തതുകൊണ്ടും അവരെ മരുഭൂമിയിൽ കൊണ്ടുപോയി കൊന്നുകളഞ്ഞു’ എന്നു പറയും.
൨൮ഈ ജനത്തിന്റെ ശാഠ്യവും അകൃത്യവും പാപവും നോക്കരുതേ.
29 ഇവർ അങ്ങയുടെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും അങ്ങ് വിടുവിച്ചുകൊണ്ടുവന്ന അങ്ങയുടെ ജനവും അങ്ങയുടെ അവകാശവും ആണല്ലോ.”
൨൯അവർ നിന്റെ മഹാബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ പുറപ്പെടുവിച്ച് കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും അല്ലയോ?”.