< ആവർത്തനപുസ്തകം 5 >
1 മോശ എല്ലാ ഇസ്രായേല്യരെയും വിളിച്ച് ഇപ്രകാരം പറഞ്ഞു: ഇസ്രായേലേ, കേൾക്കുക, ഇന്നു ഞാൻ നിങ്ങൾ കേൾക്കുംവിധം നിങ്ങളോടു കൽപ്പിക്കുന്ന ഉത്തരവുകളും നിയമങ്ങളും പഠിക്കുകയും അവ നിശ്ചയമായും പാലിക്കുകയുംവേണം.
൧മോശെ യിസ്രായേൽ ജനത്തെയെല്ലാം വിളിച്ചുകൂട്ടി അവരോട് പറഞ്ഞത്: “യിസ്രായേലേ, ഞാൻ ഇന്ന് നിങ്ങളെ കേൾപ്പിക്കുന്ന ചട്ടങ്ങളും വിധികളും ശ്രദ്ധിച്ച് പഠിക്കുകയും അവ പ്രമാണിച്ച് നടക്കുകയും ചെയ്യുവിൻ.
2 നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ചു നമ്മോട് ഒരു ഉടമ്പടിചെയ്തു.
൨നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവച്ച് നമ്മോട് ഒരു നിയമം ചെയ്തുവല്ലോ.
3 യഹോവ ഈ ഉടമ്പടി നമ്മുടെ പിതാക്കന്മാരോടല്ല, ഇന്ന് ഇവിടെ ജീവിച്ചിരിക്കുന്ന നമ്മോടെല്ലാവരോടുമാണു ചെയ്തത്.
൩ഈ നിയമം യഹോവ നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോട്, ഇന്ന് ജീവനോടിരിക്കുന്ന നമ്മോടത്രേ ചെയ്തത്.
4 യഹോവ പർവതത്തിൽ അഗ്നിയുടെ നടുവിൽനിന്ന് നിങ്ങളോടഭിമുഖമായി സംസാരിച്ചു.
൪യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അഭിമുഖമായി അരുളിച്ചെയ്തു.
5 തീ നിമിത്തം നിങ്ങൾ ഭയന്ന് പർവതത്തിൽ കയറാത്തതുകൊണ്ട് യഹോവയുടെ വചനം നിങ്ങളെ അറിയിക്കേണ്ടതിനു ഞാൻ അപ്പോൾ യഹോവയ്ക്കും നിങ്ങൾക്കും മധ്യസ്ഥനായി നിന്നു. അവിടന്ന് ഇപ്രകാരം കൽപ്പിച്ചു:
൫അഗ്നി ഹേതുവായി നിങ്ങൾ ഭയപ്പെട്ട് പർവ്വതത്തിൽ കയറാഞ്ഞതുകൊണ്ട് യഹോവയുടെ വചനം നിങ്ങളോട് അറിയിക്കേണ്ടതിന് ഞാൻ അപ്പോൾ യഹോവയ്ക്കും നിങ്ങൾക്കും മദ്ധ്യേ നിന്നു. അവൻ കല്പിച്ചത് എന്തെന്നാൽ:
6 “അടിമനാടായ ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറത്തുകൊണ്ടുവന്ന യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.
൬‘അടിമകളായി പാര്‍ത്തിരുന്ന ഈജിപ്റ്റ്ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
7 “ഞാൻ അല്ലാതെ അന്യദേവന്മാർ നിങ്ങൾക്കുണ്ടാകരുത്.
൭ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്.
8 നിങ്ങൾക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മീതേ ആകാശത്തിലോ താഴേ ഭൂമിയിലോ കീഴേ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്.
൮വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗ്ഗത്തിലോ, താഴെ ഭൂമിയിലോ, ഭൂമിക്കു കിഴെ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്.
9 അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ളവനാകുന്നു. എന്നെ വെറുക്കുന്ന മാതാപിതാക്കളുടെ പാപത്തിന് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും.
൯അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്; നിന്റെ ദൈവമായ യഹോവ എന്ന ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകക്കുന്നവരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറ വരെയുള്ള മക്കളുടെമേൽ കണക്കിടുകയും
10 എന്നാൽ, എന്നെ സ്നേഹിച്ച് എന്റെ കൽപ്പനകൾ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ ഞാൻ കരുണകാണിക്കും.
൧൦എന്നെ സ്നേഹിച്ച് എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ ദയ കാണിക്കുകയും ചെയ്യുന്നു.
11 നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്. അവിടത്തെ നാമം വ്യർഥമായി ഉപയോഗിക്കുന്നവരെ യഹോവ ശിക്ഷിക്കാതിരിക്കുകയില്ല.
൧൧നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
12 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചതുപോലെ ശബ്ബത്തുദിവസത്തെ വിശുദ്ധിയോടെ ആചരിക്കണം.
൧൨നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചതുപോലെ ശബ്ബത്തുനാൾ ശുദ്ധീകരിച്ച് ആചരിക്കുക.
13 ആറുദിവസം അധ്വാനിച്ച് നിങ്ങളുടെ ജോലികളെല്ലാം ചെയ്യുക.
൧൩ആറുദിവസം അദ്ധ്വാനിച്ച് നിന്റെ വേല ഒക്കെയും ചെയ്യുക.
14 എന്നാൽ ഏഴാംദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നിങ്ങളോ നിങ്ങളുടെ പുത്രനോ പുത്രിയോ ദാസനോ ദാസിയോ കാള, കഴുത തുടങ്ങി ഏതെങ്കിലും മൃഗങ്ങളോ നിങ്ങളുടെ പട്ടണങ്ങളിൽ താമസിക്കുന്ന പ്രവാസിയോ ജോലിയൊന്നും ചെയ്യാൻ പാടില്ല. നിങ്ങളുടെ ദാസനും ദാസിയും നിങ്ങളെപ്പോലെ സ്വസ്ഥതയോടെ ഇരിക്കേണ്ടതാണ്.
൧൪ഏഴാം ദിവസമോ നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്ന് നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കാളയും കഴുതയും നിനക്കുള്ള എല്ലാ നാല്ക്കാലികളും നിന്റെ പടിവാതിലുകൾക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുത്; നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതാകുന്നു.
15 നിങ്ങൾ ഈജിപ്റ്റിൽ അടിമകളായിരുന്നു എന്നും അവിടെനിന്നു നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ ശക്തിയുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും വിടുവിച്ചു എന്നും ഓർക്കുക. അതുകൊണ്ടാണ് ശബ്ബത്തുദിവസം ആചരിക്കണമെന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചത്.
൧൫നീ ഈജിപ്റ്റ് ദേശത്ത് അടിമയായിരുന്നു എന്നും അവിടെനിന്നു ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഓർക്കുക; അതുകൊണ്ടാകുന്നു ശബ്ബത്തുനാൾ ആചരിക്കുവാൻ നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചത്.
16 നിങ്ങൾക്കു ദീർഘായുസ്സുണ്ടാകേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തു നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകുന്നതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചപ്രകാരം നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം.
൧൬നിനക്ക് ദീർഘായുസ്സ് ഉണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് നിനക്ക് നന്നായിരിക്കുവാനും നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.
20 അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്.
൨൦കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുത്.
21 അയൽവാസിയുടെ ഭാര്യയെ മോഹിക്കരുത്. അയൽവാസിയുടെ വീട്, നിലം, പരിചാരകൻ, പരിചാരിക, കാള, കഴുത ഇങ്ങനെ നിന്റെ അയൽവാസിക്കുള്ള യാതൊന്നും മോഹിക്കരുത്.”
൨൧കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.’
22 ഈ കൽപ്പനകൾ പർവതത്തിൽ അഗ്നി, മേഘം, കൂരിരുട്ട് എന്നിവയുടെ നടുവിൽവെച്ച് യഹോവ നിങ്ങളുടെ സകലസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തതാകുന്നു. അന്ന് ഇതല്ലാതെ യാതൊന്നും അവിടന്നു കൽപ്പിച്ചതുമില്ല; അതിനുശേഷം അവ രണ്ടു ശിലാഫലകങ്ങളിൽ എഴുതി എന്റെ കൈവശം നൽകി.
൨൨ഈ വചനങ്ങൾ യഹോവ പർവ്വതത്തിൽ അഗ്നി, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്ന് നിങ്ങളുടെ സർവ്വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിനപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ട് കല്പലകകളിൽ എഴുതി എന്റെ പക്കൽ തന്നു.
23 എന്നാൽ പർവതത്തിൽ തീ ജ്വലിച്ചുകൊണ്ടിരിക്കുകയും കൂരിരുട്ടിനു നടുവിൽനിന്ന് നിങ്ങൾ ശബ്ദം കേൾക്കുകയും ചെയ്തപ്പോൾ, നിങ്ങളുടെ സകലഗോത്രത്തലവന്മാരും എന്റെ അടുത്തുവന്ന് ഇങ്ങനെ പറഞ്ഞു:
൨൩എന്നാൽ പർവ്വതത്തിൽ അഗ്നി ആളിക്കത്തിക്കൊണ്ടിരിക്കുമ്പോൾ, അന്ധകാരത്തിന്റെ നടുവിൽനിന്നുള്ള ശബ്ദം കേട്ടപ്പോൾ നിങ്ങൾ നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരുമായി എന്റെ അടുക്കൽവന്ന് പറഞ്ഞത്:
24 “ഞങ്ങളുടെ ദൈവമായ യഹോവ അവിടത്തെ തേജസ്സും മഹിമയും ഞങ്ങൾക്കു വെളിപ്പെടുത്തിയിരിക്കുന്നു. അവിടത്തെ ശബ്ദം അഗ്നിയുടെ നടുവിൽനിന്ന് ഞങ്ങൾ കേട്ടിരിക്കുന്നു. ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടെ ഇരിക്കുമെന്ന് ഇന്നു ഞങ്ങൾ കണ്ടു!
൨൪‘ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്ന് അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോട് സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്ന് ഞങ്ങൾ ഇന്ന് കണ്ടുമിരിക്കുന്നു.
25 അതുകൊണ്ട് ഞങ്ങൾ മരിക്കുന്നതെന്തിന്? ഈ മഹാഗ്നി ഞങ്ങളെ ദഹിപ്പിച്ചുകളയും. ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാൽ ഞങ്ങൾ തീർച്ചയായും മരിക്കും.
൨൫ആകയാൽ ഞങ്ങൾ എന്തിന് മരിക്കുന്നു? ഈ മഹത്തായ അഗ്നിക്ക് ഞങ്ങൾ ഇരയായിത്തീരും; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാൽ ഞങ്ങൾ മരിച്ചുപോകും.
26 അഗ്നിയിൽനിന്ന് സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും ഞങ്ങളെപ്പോലെ ഏതെങ്കിലും മനുഷ്യൻ ജീവിച്ചിരിക്കുന്നുണ്ടോ?
൨൬ഞങ്ങളെപ്പോലെ മറ്റാരെങ്കിലും അഗ്നിയുടെ നടുവിൽനിന്ന് സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ട് ജീവനോടുകൂടി ഇരുന്നിട്ടുണ്ടോ?
27 നീ അടുത്തുചെന്ന് നമ്മുടെ ദൈവമായ യഹോവ പറയുന്നതെല്ലാം കേൾക്കുക. നമ്മുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്യുന്നതെല്ലാം ഞങ്ങളോടു പറയുക. ഞങ്ങൾ കേട്ട് അനുസരിക്കാം.”
൨൭നീ അടുത്തുചെന്ന് നമ്മുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നത് സകലവും കേൾക്കുക; നമ്മുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്യുന്നത് ഞങ്ങളോട് പറയുക: ഞങ്ങൾ കേട്ട് അനുസരിച്ചുകൊള്ളാം.’
28 നിങ്ങൾ എന്നോടു പറഞ്ഞവാക്കുകൾ കേട്ടിട്ട് യഹോവ എന്നോട് ഇപ്രകാരം കൽപ്പിച്ചു: “ഈ ജനം നിന്നോടു സംസാരിച്ച വാക്കുകൾ ഞാൻ കേട്ടു—അവർ പറഞ്ഞതെല്ലാം നല്ലതാകുന്നു—
൨൮നിങ്ങൾ എന്നോട് സംസാരിച്ച വാക്കുകൾ യഹോവ കേട്ട് എന്നോട് കല്പിച്ചത്: ‘ഈ ജനം നിന്നോട് പറഞ്ഞവാക്ക് ഞാൻ കേട്ടു; അവർ പറഞ്ഞത് നല്ലകാര്യം.
29 അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്മയുണ്ടാകേണ്ടതിന് അവർ എന്നെ ഭയപ്പെടുകയും എന്റെ നിയമങ്ങൾ എല്ലാം അനുസരിക്കുകയും ചെയ്യുന്ന ഒരു ഹൃദയം അവർക്ക് എന്നും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
൨൯അവരും അവരുടെ മക്കളും എന്നേക്കും ശുഭമായിരിക്കുവാൻ അവർ എന്നെ ഭയപ്പെടേണ്ടതിനും എന്റെ കല്പനകൾ സകലവും പ്രമാണിക്കേണ്ടതിനും ഇങ്ങനെയുള്ള ഹൃദയം അവർക്ക് എപ്പോഴും ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു.
30 “കൂടാരങ്ങളിലേക്കു മടങ്ങിപ്പോകാൻ അവരോടു പറയുക.
൩൦നിങ്ങളുടെ കൂടാരങ്ങളിലേക്ക് മടങ്ങിപ്പോകുവീൻ എന്ന് അവരോട് പറയുക.
31 നീ ഇവിടെ എന്റെ സന്നിധിയിൽ നിൽക്കുക. ഞാൻ അവർക്ക് അവകാശമായി നൽകുന്ന ദേശത്ത് അവർ പ്രമാണിച്ചു നടക്കേണ്ടതിന് നീ അവരോട് ഉപദേശിക്കേണ്ട എല്ലാ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും ഞാൻ നിന്നോടു കൽപ്പിക്കും.”
൩൧നീയോ ഇവിടെ എന്റെ അടുക്കൽ നില്ക്കുക; ഞാൻ അവർക്ക് അവകാശമായി കൊടുക്കുന്ന ദേശത്ത് അവർ എന്നെ അനുസരിച്ച് നടക്കുവാൻ നീ അവരെ ഉപദേശിക്കേണ്ട സകല കല്പനകളും ചട്ടങ്ങളും വിധികളും ഞാൻ നിന്നോട് കല്പിക്കും.’
32 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകളെല്ലാം പാലിച്ചു ജീവിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക; ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്.
൩൨ആകയാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോട് കല്പിച്ചതുപോലെ ചെയ്യുവാൻ ജാഗ്രത കാണിക്കുക; ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.
33 നിങ്ങൾ അവകാശമാക്കുന്ന ദേശത്ത് ജീവിക്കുകയും അഭിവൃദ്ധിപ്പെടുകയും ദീർഘായുസ്സോടിരിക്കുകയും ചെയ്യേണ്ടതിനു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളതുപോലെ അവിടത്തെ എല്ലാ കൽപ്പനകളും പാലിച്ച് ജീവിക്കുക.
൩൩നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനും നിങ്ങൾക്ക് നന്നായിരിക്കേണ്ടതിനും നിങ്ങൾ കൈവശമാക്കുന്ന ദേശത്ത് ദീർഘായുസ്സോടിരിക്കേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാ വഴികളിലും നടന്നുകൊള്ളുവിൻ”.