< ആവർത്തനപുസ്തകം 31 >

1 അതിനുശേഷം മോശ ചെന്ന് ഈ വചനങ്ങൾ എല്ലാ ഇസ്രായേലിനോടും പറഞ്ഞു:
മോശെ യിസ്രായേൽ ജനത്തിന്റെ അടുക്കൽ ചെന്ന് ഈ വചനങ്ങൾ എല്ലാം കേൾപ്പിച്ചു.
2 “എനിക്ക് ഇപ്പോൾ നൂറ്റിയിരുപത് വയസ്സായി. ഇനിയും നിങ്ങളെ നയിക്കാൻ എനിക്കു സാധിക്കുകയില്ല. ‘നീ യോർദാൻ കടക്കുകയില്ല’ എന്ന് യഹോവ എന്നോടു കൽപ്പിച്ചിട്ടുണ്ട്.
പിന്നെ അവരോടു പറഞ്ഞത്: “എനിക്ക് ഇപ്പോൾ നൂറ്റിയിരുപത് വയസ്സായി; യാത്ര ചെയ്യാനും കാര്യാദികൾ നടത്തുവാനും എനിക്ക് കഴിവില്ല; യഹോവ എന്നോട്, നീ യോർദ്ദാൻ നദി കടക്കുകയില്ല, എന്ന് കല്പിച്ചിട്ടും ഉണ്ട്.
3 നിന്റെ ദൈവമായ യഹോവതന്നെ നിനക്കുമുമ്പായി കടന്നുചെല്ലും. അവിടന്ന് ഈ ജനതകളെ നിന്റെ മുമ്പിൽനിന്ന് നശിപ്പിക്കുകയും നീ അവരുടെ ദേശം അവകാശമാക്കുകയും ചെയ്യും. യഹോവ കൽപ്പിച്ചിട്ടുള്ളതുപോലെ യോശുവയും നിങ്ങൾക്കുമുമ്പേ കടന്നുചെല്ലും.
നിന്റെ ദൈവമായ യഹോവ തന്നെ നിനക്ക് മുമ്പായി കടന്നുപോകും; ഈ ജനതകളെ അവൻ നിന്റെ മുമ്പിൽനിന്നു നശിപ്പിക്കുകയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്ക് നായകനായിരിക്കും.
4 യഹോവ അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും അവരുടെ ദേശവാസികളോടൊപ്പം നശിപ്പിച്ചതുപോലെ ഇവരോടും ചെയ്യും.
താൻ സംഹരിച്ചുകളഞ്ഞ അമോര്യരാജാക്കന്മാരായ സീഹോനോടും ഓഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ ഇവരോടും ചെയ്യും.
5 യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും, ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളതുപോലെയെല്ലാം നിങ്ങൾ അവരോടു ചെയ്യണം.
യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; ഞാൻ നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരം നിങ്ങൾ അവരോടു ചെയ്യണം.
6 ബലവും ധൈര്യവും ഉള്ളവരായിരിക്കുക. അവർനിമിത്തം നിങ്ങൾ ഭയപ്പെടുകയോ പേടിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു നിങ്ങളോടുകൂടെ പോകുന്നത്. അവിടന്നു നിങ്ങളെ കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല.”
ഉറപ്പും ധൈര്യവുമുള്ളവരായിരിക്കുവിൻ; അവരെ പേടിക്കരുത്, ഭ്രമിക്കയുമരുത്; നിന്റെ ദൈവമായ യഹോവ തന്നെ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല”.
7 അതിനുശേഷം മോശ യോശുവയെ വിളിച്ചുവരുത്തി എല്ലാ ഇസ്രായേലിന്റെയും സാന്നിധ്യത്തിൽ അവനോടു പറഞ്ഞു: “ബലവും ധൈര്യവും ഉള്ളവനായിരിക്കുക. അവരുടെ പിതാക്കന്മാർക്കു നൽകുമെന്ന് യഹോവ ശപഥംചെയ്ത ദേശത്തേക്ക് നീ ഈ ജനത്തോടുകൂടെ പോകണം; അവരുടെ അവകാശമായി അവർക്ക് അതു വിഭാഗിച്ചു നൽകണം.
പിന്നെ മോശെ യോശുവയെ വിളിച്ച് എല്ലാ യിസ്രായേലും കാൺകെ അവനോട് പറഞ്ഞത്: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക; യഹോവ ഈ ജനത്തിന് കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്ക് നീ അവരോടുകൂടി ചെല്ലും; അതിനെ അവർക്ക് വിഭാഗിച്ചുകൊടുക്കും.
8 യഹോവതന്നെ നിനക്കുമുമ്പായി പുറപ്പെടും, അവിടന്ന് നിന്നോടുകൂടെ ഇരിക്കും. അവിടന്ന് നിന്നെ ഒരുനാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല. ഭയപ്പെടുകയോ അധൈര്യപ്പെടുകയോ ചെയ്യരുത്.”
യഹോവ തന്നെ നിനക്ക് മുമ്പായി നടക്കുന്നു; അവൻ നിന്നോട് കൂടി ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയും ഇല്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുത്”.
9 അങ്ങനെ മോശ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ ഉടമ്പടിയുടെ പേടകം ചുമക്കുന്ന ലേവിയുടെ മക്കളായ പുരോഹിതന്മാർക്കും ഇസ്രായേലിലെ എല്ലാ ഗോത്രത്തലവന്മാർക്കും നൽകി.
അനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്റെ എല്ലാ മൂപ്പന്മാരെയും ഏല്പിച്ചു.
10 അതിനുശേഷം മോശ അവരോട് ഇങ്ങനെ കൽപ്പിച്ചു: “ഏഴുവർഷം കൂടുമ്പോഴുള്ള വിമോചനവർഷത്തിലെ കൂടാരപ്പെരുന്നാളിൽ,
൧൦മോശെ അവരോട് കല്പിച്ചതെന്തെന്നാൽ: “ഏഴ് സംവത്സരം കൂടുമ്പോൾ ഉള്ള വിമോചനസംവത്സരത്തിലെ കൂടാരപ്പെരുനാളിൽ
11 നിങ്ങളുടെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത്, അവിടത്തെ സന്നിധിയിൽ എല്ലാ ഇസ്രായേലും കൂടിവരുമ്പോൾ അവർ കേൾക്കേണ്ടതിന് നിങ്ങൾ ഈ ന്യായപ്രമാണം വായിച്ചു കേൾപ്പിക്കണം.
൧൧യിസ്രായേൽ മുഴുവനും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അവൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വരുമ്പോൾ ഈ ന്യായപ്രമാണം എല്ലാവരും കേൾക്കത്തക്കവണ്ണം അവരുടെ മുമ്പിൽ വായിക്കണം.
12 പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ നഗരത്തിലുള്ള പ്രവാസികളും ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ സൂക്ഷ്മതയോടെ അനുസരിക്കേണ്ടതിന് അതു കേൾക്കുകയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കുകയുംചെയ്യേണ്ടതിന് അവരെ ഒരുമിച്ചുകൂട്ടിവരുത്തണം.
൧൨പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ട് പഠിച്ച് ദൈവമായ യഹോവയെ ഭയപ്പെട്ട് ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ എല്ലാം പ്രമാണിച്ചു നടക്കണം
13 ഈ ന്യായപ്രമാണം അറിയാത്തവരായ അവരുടെ മക്കൾ യോർദാൻ കടന്ന് അവകാശമാക്കുന്ന ദേശത്തു ജീവിക്കുന്ന കാലത്തോളം നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കേണ്ടതിന് ഈ നിയമം തീർച്ചയായും ശ്രദ്ധിച്ചു കേൾക്കണം.”
൧൩അവ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ കേൾക്കുന്നതിനും നിങ്ങൾ യോർദ്ദാൻ കടന്ന് കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് ആയുഷ്കാലം മുഴുവനും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിനും ജനത്തെ വിളിച്ചുകൂട്ടണം”.
14 യഹോവ മോശയോടു കൽപ്പിച്ചു: “നിന്റെ മരണദിനം സമീപിച്ചിരിക്കുന്നു. ഞാൻ യോശുവയെ അധികാരപ്പെടുത്തേണ്ടതിനു നീയും യോശുവയും സമാഗമകൂടാരത്തിൽ സന്നിഹിതരാകുക.” അങ്ങനെ മോശയും യോശുവയും സമാഗമകൂടാരത്തിൽ സന്നിഹിതരായി.
൧൪അനന്തരം യഹോവ മോശെയോട്: “നീ മരിക്കുവാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവക്ക് കല്പന കൊടുക്കണ്ടതിന് അവനെയും കൂട്ടി നിങ്ങൾ ഇരുവരും സമാഗമനകൂടാരത്തിനു സമീപം വന്നു നില്‍ക്കുവിൻ” എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്ന് സമാഗമനകൂടാരത്തിനടുത്ത് നിന്നു.
15 അതിനുശേഷം യഹോവ കൂടാരത്തിൽ മേഘസ്തംഭത്തിൽ പ്രത്യക്ഷനായി. മേഘസ്തംഭം കൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നിലകൊണ്ടു.
൧൫അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന് മീതെ നിന്നു.
16 യഹോവ മോശയോടു കൽപ്പിച്ചു: “നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കാൻപോകുന്നു. ഈ ജനത വേഗത്തിൽ അവർ പ്രവേശിക്കുന്ന ദേശത്ത് അന്യദേവന്മാരുമായി പരസംഗം ചെയ്യും. അവർ എന്നെ ഉപേക്ഷിക്കുകയും ഞാൻ അവരോടു ചെയ്ത ഉടമ്പടി ലംഘിക്കുകയും ചെയ്യും.
൧൬യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: “നീ നിന്റെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാൽ ഈ ജനം പാർപ്പാൻ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിൻചെന്ന് പരസംഗം ചെയ്യുകയും, എന്നെ ഉപേക്ഷിച്ച് ഞാൻ അവരോടു ചെയ്തിട്ടുള്ള എന്റെ നിയമം ലംഘിക്കുകയും ചെയ്യും.
17 അന്ന് ഞാൻ അവരോടു കോപിച്ച് അവരെ ഉപേക്ഷിച്ചുകളയും. ഞാൻ എന്റെ മുഖം അവരിൽനിന്നും മറയ്ക്കും, അവർ നശിച്ചുപോകും. അനവധി അത്യാഹിതങ്ങളും കഷ്ടതകളും അവരുടെമേൽ വരും. ‘നമ്മുടെ ദൈവം നമ്മോടുകൂടെ ഇല്ലാത്തതുകൊണ്ടല്ലേ ഈ അത്യാഹിതം നമുക്കു വന്നത്?’ എന്ന് ആ ദിവസം അവർ ചോദിക്കും.
൧൭എന്റെ കോപം അവരുടെ നേരെ ജ്വലിച്ച് ഞാൻ അവരെ ഉപേക്ഷിക്കുകയും എന്റെ മുഖം അവർക്ക് മറയ്ക്കുകയും ചെയ്യും; അവർ നാശത്തിനിരയായിത്തീരും; നിരവധി അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്ക് ഭവിക്കും; ‘നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലാത്തതുകൊണ്ടല്ലേ ഈ അനർത്ഥങ്ങൾ നമുക്കു ഭവിച്ചത്’ എന്ന് അവർ അന്ന് പറയും.
18 അവർ അന്യദേവന്മാരിലേക്കു പിന്തിരിഞ്ഞ് ചെയ്ത സകലദുഷ്ടതകളുംനിമിത്തം ആ ദിവസം ഞാൻ എന്റെ മുഖം അവരിൽനിന്നും നിശ്ചയമായും മറയ്ക്കും.
൧൮എങ്കിലും അന്യദൈവങ്ങളുടെ അടുക്കലേക്ക് തിരിഞ്ഞ് അവർ ചെയ്തിട്ടുള്ള സകലദോഷവും നിമിത്തം ഞാൻ അന്ന് എന്റെ മുഖം മറച്ചുകളയും.
19 “ഇപ്പോൾ നീ തന്നെ ഈ ഗീതം എഴുതി ഇസ്രായേൽമക്കളെ പഠിപ്പിക്കുക. ഇസ്രായേൽജനം ഈ ഗീതം ആലപിക്കട്ടെ. അങ്ങനെ ഈ ഗീതം ഇസ്രായേൽമക്കൾക്കെതിരേ എനിക്കുള്ള ഒരു സാക്ഷ്യമായിരിക്കും.
൧൯ആകയാൽ ഈ പാട്ടെഴുതി യിസ്രായേൽ മക്കളെ പഠിപ്പിക്കുക; യിസ്രായേൽ മക്കളുടെ നേരെ ഈ പാട്ട് എനിക്ക് സാക്ഷിയായിരിക്കേണ്ടതിന് അത് അവർക്ക് മനപാഠമാക്കിക്കൊടുക്കുക.
20 ഞാൻ അവരുടെ പിതാക്കന്മാർക്കു നൽകുമെന്നു ശപഥത്താൽ വാഗ്ദാനംചെയ്ത പാലും തേനും ഒഴുകുന്ന ദേശത്ത് ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ ഭക്ഷിച്ചു തൃപ്തരായി ചീർത്തിരിക്കുമ്പോൾ അവർ അന്യദേവന്മാരിലേക്കു തിരിഞ്ഞ് അവയെ ആരാധിക്കുകയും എന്നോടുള്ള ഉടമ്പടി ലംഘിച്ച് എന്നെ ഉപേക്ഷിക്കുകയും ചെയ്യും.
൨൦ഞാൻ അവരുടെ പൂര്‍വ്വ പിതാക്കന്മാരോട് സത്യംചെയ്ത പാലും തേനും ഒഴുകുന്ന ദേശത്ത് അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി പുഷ്ടിവച്ചിരിക്കുമ്പോൾ, അന്യദൈവങ്ങളുടെ അടുക്കലേക്ക് തിരിഞ്ഞ് അവയെ സേവിക്കുകയും എന്റെ നിയമം ലംഘിച്ച് എന്നെ പ്രകോപിപ്പിക്കുകയും ചെയ്യും.
21 നിരവധി അത്യാഹിതങ്ങളും കഷ്ടതകളും അവരുടെമേൽ വരുമ്പോൾ ഈ ഗീതം അവർക്കെതിരേ സാക്ഷ്യമായിരിക്കും. കാരണം അവരുടെ സന്തതികൾ ഇതു മറന്നുപോകുകയില്ല. ഞാൻ അവർക്കു നൽകുമെന്ന് ശപഥംചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുവരുന്നതിനു മുമ്പുതന്നെ അവർ ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന കാര്യങ്ങൾ ഞാൻ അറിഞ്ഞിരിക്കുന്നു.”
൨൧എന്നാൽ നിരവധി അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്ക് ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്ന് മറന്നുപോകാത്ത ഈ പാട്ട് അവരുടെ നേരെ സാക്ഷ്യം പറയും; ഞാൻ സത്യംചെയ്ത ദേശത്ത് അവരെ എത്തിക്കുന്നതിന് മുമ്പ്, ഇന്ന് തന്നെ അവരുടെ നിരൂപണങ്ങൾ ഞാൻ അറിയുന്നു”.
22 അങ്ങനെ മോശ ആ ദിവസംതന്നെ ഈ ഗീതം എഴുതി ഇസ്രായേല്യരെ പഠിപ്പിച്ചു.
൨൨ആകയാൽ മോശെ അന്ന് തന്നെ ഈ പാട്ടെഴുതി യിസ്രായേൽ മക്കളെ പഠിപ്പിച്ചു.
23 യഹോവ നൂന്റെ മകനായ യോശുവയ്ക്ക് ഈ കൽപ്പന നൽകി: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക. ഞാൻ ഇസ്രായേൽജനത്തോട്, അവർക്കു നൽകുമെന്നു വാഗ്ദാനംചെയ്ത ദേശത്ത് നീ അവരെ എത്തിക്കും. ഞാൻ നിന്നോടുകൂടെ ഇരിക്കും.”
൨൩പിന്നെ അവൻ നൂന്റെ മകനായ യോശുവയോട്: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക; ഞാൻ യിസ്രായേൽ മക്കളോട് സത്യംചെയ്ത ദേശത്ത് നീ അവരെ എത്തിക്കും; ഞാൻ നിന്നോടുകൂടെ ഇരിക്കും” എന്നരുളിച്ചെയ്തു.
24 മോശ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങൾ ആദ്യവസാനം ഒരു പുസ്തകത്തിൽ എഴുതിത്തീർന്നശേഷം
൨൪മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിത്തീർന്നപ്പോൾ
25 യഹോവയുടെ ഉടമ്പടിയുടെ പേടകം വഹിക്കുന്ന ലേവ്യരോട് മോശെ ഇങ്ങനെ കൽപ്പിച്ചു:
൨൫യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോട് കല്പിച്ചതെന്ത്:
26 “ഈ ന്യായപ്രമാണഗ്രന്ഥം എടുത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനു സമീപം വെക്കുക. അത് അവിടെ നിനക്കെതിരേ സാക്ഷ്യമായിരിക്കും.
൨൬“ഈ ന്യായപ്രമാണപുസ്തകം എടുത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമ പെട്ടകത്തിനരികിൽ വയ്ക്കുവിൻ; അവിടെ അത് നിന്റെനേരെ സാക്ഷിയായിരിക്കും.
27 നിങ്ങൾ എത്ര മൽസരികളും ദുശ്ശാഠ്യമുള്ളവരും ആണെന്ന് എനിക്കറിയാം. ഞാൻ നിങ്ങളോടുകൂടെ ജീവിച്ചിരിക്കുമ്പോൾത്തന്നെ നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നെങ്കിൽ എന്റെ മരണശേഷം അത് എത്ര അധികം!
൨൭നിന്റെ മത്സരസ്വഭാവവും ദുശ്ശാഠ്യവും എനിക്കറിയാം; ഇതാ, ഇന്ന് ഞാൻ നിങ്ങളോടുകൂടി, ജീവനോടിരിക്കുമ്പോൾ തന്നേ, നിങ്ങൾ യഹോവയോട് മത്സരികളായിരിക്കുന്നുവല്ലോ? എന്റെ മരണശേഷം എത്ര അധികം?
28 നിങ്ങളുടെ സകലഗോത്രങ്ങളിലെയും നേതാക്കന്മാരെയും ഉദ്യോഗസ്ഥരെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുക. ഞാൻ ഈ വചനങ്ങൾ അവർ കേൾക്കേണ്ടതിനു പ്രസ്താവിക്കും, അവർക്കുനേരേ സാക്ഷിയായി ആകാശത്തെയും ഭൂമിയെയും വിളിക്കും.
൨൮നിങ്ങളുടെ ഗോത്രങ്ങളിലെ എല്ലാ മൂപ്പന്മാരെയും പ്രമാണികളെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുവീൻ; അപ്പോൾ ഞാൻ ഈ വചനങ്ങൾ അവരെ പറഞ്ഞു കേൾപ്പിച്ച് അവരുടെ നേരെ ആകാശത്തെയും ഭൂമിയെയും സാക്ഷിയാക്കും.
29 എന്റെ മരണശേഷം, നിങ്ങൾ ഉറപ്പായും വഷളത്തം പ്രവർത്തിക്കുകയും ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ള വഴി വിട്ടുമാറുകയും ചെയ്യുമെന്ന് എനിക്കറിയാം. നിങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ച് നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് അവിടത്തെ കോപിപ്പിക്കുന്നതുകൊണ്ട് ഭാവിയിൽ അത്യാഹിതം നിങ്ങളുടെമേൽ വരും.”
൨൯എന്റെ മരണശേഷം നിങ്ങൾ വഷളത്തം പ്രവർത്തിക്കും എന്നും ഞാൻ നിങ്ങളോട് ആജ്ഞാപിച്ച വഴി വിട്ടു മാറിപ്പോകും എന്നും എനിക്കറിയാം; അങ്ങനെ നിങ്ങൾ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്ത് നിങ്ങളുടെ പ്രവൃത്തികളാൽ അവനെ പ്രകോപിപ്പിക്കുന്നതുകൊണ്ട് ഭാവികാലത്ത് നിങ്ങൾക്ക് അനർത്ഥം ഭവിക്കും”.
30 ആദിയോടന്തം മോശ ഈ ഗാനത്തിലെ വചനങ്ങൾ ഇസ്രായേലിന്റെ സകലസഭയും കേൾക്കത്തക്കവിധം ചൊല്ലിക്കേൾപ്പിച്ചു.
൩൦അങ്ങനെ മോശെ യിസ്രായേലിന്റെ സർവ്വസഭയെയും ഈ പാട്ടിന്റെ വചനങ്ങളെല്ലാം ചൊല്ലിക്കേൾപ്പിച്ചു.

< ആവർത്തനപുസ്തകം 31 >