< ആവർത്തനപുസ്തകം 3 >

1 അതിനുശേഷം നാം തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയേ കയറിപ്പോയി. അപ്പോൾ ബാശാൻരാജാവായ ഓഗും അദ്ദേഹത്തിന്റെ സർവസൈന്യവും നമ്മുടെനേരേവന്ന് എദ്രെയിൽവെച്ചു യുദ്ധംചെയ്തു.
അനന്തരം നാം തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയിലൂടെ പോയി; അപ്പോൾ ബാശാൻരാജാവായ ഓഗും അവന്റെ സർവ്വജനവും നമ്മുടെനേരെ പുറപ്പെട്ട് എദ്രെയിൽവെച്ച് യുദ്ധംചെയ്തു.
2 അപ്പോൾ യഹോവ എന്നോടു കൽപ്പിച്ചു: “അവനെ ഭയപ്പെടരുത്; ഞാൻ അവനെ അവന്റെ സർവസൈന്യത്തോടും അവന്റെ ദേശത്തോടുംകൂടി നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുതന്നെ നീ അവനോടും ചെയ്യുക.”
അപ്പോൾ യഹോവ എന്നോട്: “അവനെ ഭയപ്പെടരുത്; ഞാൻ അവനെയും അവന്റെ സർവ്വജനത്തെയും ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു: ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യ രാജാവായ സീഹോനോട് ചെയ്തതുപോലെ നീ അവനോടും ചെയ്യും” എന്ന് കല്പിച്ചു.
3 ഇപ്രകാരം നമ്മുടെ ദൈവമായ യഹോവ ബാശാൻരാജാവായ ഓഗിനെയും അവന്റെ സകലസൈന്യത്തെയും നമ്മുടെ കൈയിൽ ഏൽപ്പിച്ചുതന്നു. ആരും ശേഷിക്കാതവണ്ണം നാം അവരെ സംഹരിച്ചുകളഞ്ഞു.
അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാൻരാജാവായ ഓഗിനെയും അവന്റെ സകലജനത്തെയും നമ്മുടെ കയ്യിൽ ഏല്പിച്ചു; ആരും ശേഷിക്കാതെ നാം അവരെ സംഹരിച്ചുകളഞ്ഞു.
4 അന്നു നാം അവന്റെ സകലപട്ടണങ്ങളും പിടിച്ചെടുത്തു; ബാശാനിലെ ഓഗിന്റെ രാജ്യത്തിലുള്ള അറുപതു പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന അർഗോബ് മുഴുവൻ പിടിച്ചെടുത്തു. നാം അവരിൽനിന്നു പിടിച്ചെടുക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല.
അക്കാലത്ത് നാം അവന്റെ എല്ലാ പട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കൽനിന്ന് പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഓഗിന്റെ രാജ്യമായ അറുപത് പട്ടണങ്ങളുള്ള അർഗ്ഗോബ് ദേശവും
5 ആ പട്ടണങ്ങൾ എല്ലാം ഉയരമുള്ള മതിലുകളും കവാടങ്ങളും ഓടാമ്പലുകളുംകൊണ്ട് ഉറപ്പാക്കിയിരുന്നു. ഇവകൂടാതെ മതിലില്ലാത്ത നിരവധി ഗ്രാമങ്ങളും അവിടെ ഉണ്ടായിരുന്നു.
നാട്ടുമ്പുറങ്ങളിലെ അനവധി ഗ്രാമങ്ങളും പിടിച്ചടക്കി; ആ പട്ടണങ്ങൾ എല്ലാം ഉയർന്ന മതിലുകളും വാതിലുകളും ഓടാമ്പലുകളുംകൊണ്ട് ഉറപ്പിച്ചിരുന്നു.
6 ഹെശ്ബോൻരാജാവായ സീഹോനോടു ചെയ്തതുപോലെ നാം ബാശാന്റെ രാജ്യം പട്ടണങ്ങൾതോറും—പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും—നിശ്ശേഷം നശിപ്പിച്ചു.
ഹെശ്ബോൻ രാജാവായ സീഹോനോട് ചെയ്തതുപോലെ നാം അവയെ നിർമ്മൂലമാക്കി; പട്ടണം തോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചു.
7 എന്നാൽ എല്ലാ പട്ടണങ്ങളിൽനിന്നുമുള്ള വളർത്തുമൃഗങ്ങൾ, കൊള്ളമുതൽ എന്നിവ നാം കൈവശപ്പെടുത്തി.
എന്നാൽ നാൽക്കാലികൾ ഉൾപ്പെടെ പട്ടണങ്ങളിലെ സമ്പത്തെല്ലാം നാം കൊള്ള ചെയ്തു.
8 ഇങ്ങനെ നാം അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കൈയിൽനിന്ന് യോർദാൻനദിക്ക് കിഴക്ക് അർന്നോൻതാഴ്വരമുതൽ ഹെർമോൻപർവതംവരെയുള്ള ഭൂപ്രദേശം അന്നു പിടിച്ചടക്കി.
ഇങ്ങനെ അക്കാലത്ത് അമോര്യരുടെ രണ്ടു രാജാക്കന്മാരുടേയും കയ്യിൽനിന്ന് യോർദ്ദാനക്കരെ അർന്നോൻതാഴ്വരതുടങ്ങി ഹെർമ്മോൻപർവ്വതംവരെയുള്ള ദേശവും -
9 സീദോന്യർ ഹെർമോനെ ശിര്യോൻ എന്നും അമോര്യർ സെനീർ എന്നും വിളിച്ചുവന്നു.
സീദോന്യർ ഹെർമ്മോന് സീര്യോൻ എന്നും അമോര്യർ അതിന് സെനീർ എന്നും പേര് പറയുന്നു -
10 പീഠഭൂമിയിലെ സകലപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തിലുള്ള സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾ ഉൾപ്പെടെ ബാശാൻ രാജ്യംമുഴുവനും നാം പിടിച്ചെടുത്തു.
൧൦സമഭൂമിയിലെ എല്ലാ പട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തുള്ള സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾവരെയുള്ള ബാശാൻ മുഴുവനും നാം പിടിച്ചടക്കി. -
11 മല്ലന്മാരിൽ ശേഷിച്ചത് ബാശാൻരാജാവായ ഓഗുമാത്രമായിരുന്നു. അമ്മോന്യനഗരമായ രബ്ബയിൽ ഇരുമ്പുകൊണ്ട് പൊതിഞ്ഞ അവന്റെ കല്ലറയുണ്ട്. അതിന്റെ നീളം പുരുഷന്റെ കൈക്ക് ഒൻപതുമുഴവും വീതി നാലുമുഴവും ആയിരുന്നു.
൧൧ബാശാൻരാജാവായ ഓഗ് മാത്രമേ മല്ലന്മാരിൽ ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്റെ കട്ടിൽ അമ്മോന്യനഗരമായ രെഫയീൽ ഉണ്ടല്ലോ? അതിന് ഒമ്പത് മുഴം നീളവും നാല് മുഴം വീതിയും ഉണ്ട്. -
12 അന്ന് ഈ രാജ്യം നാം സ്വന്തമാക്കിയപ്പോൾ അർന്നോൻ താഴ്വരയുടെ സമീപത്തുള്ള അരോയേർമുതൽ മലനാടായ ഗിലെയാദിന്റെ പകുതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യർക്കും ഗാദ്യർക്കുമായി കൊടുത്തു.
൧൨ഈ ദേശം നാം അക്കാലത്ത് കൈവശമാക്കി. അർന്നോൻതാഴ്വരയുടെ അരികെയുള്ള അരോവേർ എന്ന പട്ടണം മുതൽ ഗിലെയാദ് മലനാടിന്റെ പകുതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യർക്കും ഗാദ്യർക്കും കൊടുത്തു.
13 ഓഗിന്റെ ഭരണത്തിൻകീഴിലായിരുന്ന ബാശാൻമുഴുവനും ഗിലെയാദിൽ ശേഷിച്ചഭാഗവും മനശ്ശെയുടെ പാതിഗോത്രത്തിനു ഞാൻ കൊടുത്തു. ബാശാനിലെ അർഗോബുദേശം മുഴുവനും മല്ലന്മാരുടെ നാട് എന്നാണ് അറിയപ്പെട്ടിരുന്നത്.
൧൩ഗിലെയാദിന്റെ മറ്റെ പകുതിയും ഓഗിന്റെ രാജ്യമായ ബാശാൻ മുഴുവനും അർഗ്ഗോബ്ദേശം മുഴുവനും ഞാൻ മനശ്ശെയുടെ പകുതിഗോത്രത്തിന് കൊടുത്തു. - ബാശാന് മല്ലന്മാരുടെ ദേശം എന്ന് പേര് പറയുന്നു.
14 മനശ്ശെഗോത്രത്തിൽനിന്നുള്ള യായീർ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള അർഗോബ് ദേശംമുഴുവനും പിടിച്ചെടുത്തു, അതിന് അദ്ദേഹത്തിന്റെ പേരിനനുസരിച്ച് ഹാവോത്ത്-യായീർ എന്നു പേരുനൽകി; അതുകൊണ്ട് ബാശാന് ഇന്നുവരെ ആ പേര് വിളിച്ചുവരുന്നു.
൧൪മനശ്ശെയുടെ മകനായ യായീർ ഗെശൂര്യരുടെയും മയഖാത്യരുടെയും അതിർവരെ അർഗ്ഗോബ്ദേശം മുഴുവനും പിടിച്ച് തന്റെ പേരിൻ പ്രകാരം ബാശാന് ഹവോത്ത് - യായീർ എന്ന് പേര് ഇട്ടു; ഇന്നുവരെ ആ പേര് നിലനിൽക്കുന്നു. -
15 ഞാൻ മാഖീർകുലത്തിന് ഗിലെയാദ് കൊടുത്തു.
൧൫മാഖീരിന് ഞാൻ ഗിലെയാദ്‌ദേശം കൊടുത്തു.
16 ഗിലെയാദുമുതൽ അർന്നോൻ താഴ്വരയുടെ മധ്യഭാഗംവരെ അതിരായും അമ്മോന്യരുടെ അതിർത്തിയായ യാബ്ബോക്കുനദിവരെയും
൧൬രൂബേന്യർക്കും ഗാദ്യർക്കും ഗിലെയാദ് മുതൽ അർന്നോൻതാഴ്വരയുടെ മദ്ധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യാബ്ബോക്ക്തോടുവരെയും
17 കിന്നെരെത്തുമുതൽ കിഴക്കുഭാഗത്ത് പിസ്ഗായുടെ ചെരിവിൽ അരാബയിലെ ഉപ്പുകടൽ എന്ന അരാബാക്കടലും പടിഞ്ഞാറേ അതിർത്തിയായി യോർദാൻനദിയും ഞാൻ രൂബേന്യർക്കും ഗാദ്യർക്കും അവകാശമായി കൊടുത്തു.
൧൭കിന്നേരെത്ത് തുടങ്ങി കിഴക്കോട്ട് പിസ്ഗയുടെ ചരിവിന് താഴെ അരാബയിലെ ഉപ്പുകടൽവരെ അരാബയും യോർദ്ദാൻപ്രദേശവും ഞാൻ കൊടുത്തു.
18 അക്കാലത്തു ഞാൻ യോർദാൻനദിക്ക് കിഴക്ക് താമസിക്കുന്നവരായ നിങ്ങളോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ ഈ ദേശം നിങ്ങൾക്ക് അവകാശമായി നൽകിയിരിക്കുന്നു. നിങ്ങളുടെയിടയിൽ യുദ്ധപ്രാപ്തരായ എല്ലാവരും ഇസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാരുടെമുമ്പിൽ യുദ്ധംചെയ്യാൻ സന്നദ്ധരായി അണിനിരക്കണം.
൧൮അക്കാലത്ത് ഞാൻ നിങ്ങളോട് ആജ്ഞാപിച്ചത്: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഈ ദേശം അവകാശമായി തന്നിരിക്കുന്നു; നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും യിസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാർക്ക് മുമ്പായി യുദ്ധസന്നദ്ധരായി കടന്നുപോകണം
19 നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും ആടുമാടുകളും ഞാൻ നിങ്ങൾക്കു നൽകിയിട്ടുള്ള പട്ടണങ്ങളിൽ താമസിച്ചുകൊള്ളട്ടെ. നിങ്ങൾക്കു വളരെ ആടുമാടുകൾ ഉണ്ടെന്ന് എനിക്കറിയാം.
൧൯നിങ്ങളുടെ ഭാര്യമാരും മക്കളും ആടുമാടുകളും ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള പട്ടണങ്ങളിൽ വസിക്കട്ടെ; നിങ്ങൾക്ക് ആടുമാടുകൾ വളരെ ഉണ്ട് എന്ന് എനിക്ക് അറിയാം.
20 യഹോവ നിങ്ങൾക്കു സ്വസ്ഥത നൽകിയതുപോലെ യഹോവയായ ദൈവം യോർദാനക്കരെ നിങ്ങളുടെ സഹോദരന്മാർക്കും അവകാശമായി കൊടുക്കുന്ന ദേശം കൈവശപ്പെടുത്തുന്നതുവരെയാണിത്. അതിനുശേഷം നിങ്ങൾക്കു നിങ്ങളുടെ അവകാശത്തിലേക്കു മടങ്ങിപ്പോകാം.”
൨൦യഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും യോർദ്ദാനക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവർക്ക് കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം തന്നെ. പിന്നെ നിങ്ങൾ ഓരോരുത്തൻ ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള അവകാശത്തിലേക്ക് മടങ്ങിപ്പോരണം”.
21 അക്കാലത്തു ഞാൻ യോശുവയോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതെല്ലാം നീ വ്യക്തമായി കണ്ടല്ലോ. നീ കൈവശമാക്കാൻചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെതന്നെ ചെയ്യും.
൨൧അക്കാലത്ത് ഞാൻ യോശുവയോട് ആജ്ഞാപിച്ചത്: “നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോട് ചെയ്തതൊക്കെയും നീ കണ്ണുകൊണ്ട് കണ്ടുവല്ലോ; നീ കൈവശമാക്കുവാൻ ചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെ തന്നെ ചെയ്യും.
22 നിങ്ങൾ അവരെ ഭയപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും.”
൨൨നിങ്ങൾ അവരെ ഭയപ്പെടരുത്; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും”.
23 ആ സമയത്ത് ഞാൻ യഹോവയോട് ഇപ്രകാരം പ്രാർഥിച്ചു:
൨൩അക്കാലത്ത് ഞാൻ യഹോവയോട് അപേക്ഷിച്ചു:
24 “കർത്താവായ യഹോവേ, അവിടത്തെ മഹിമയും ഭുജബലവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ. അങ്ങയുടെ പ്രവൃത്തികൾപോലെയും അങ്ങയുടെ അത്ഭുതങ്ങൾപോലെയും ചെയ്യാൻ കഴിയുന്ന ദേവൻ സ്വർഗത്തിലും ഭൂമിയിലും വേറെ ഇല്ലല്ലോ.
൨൪“കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്യുവാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?
25 യോർദാന് അക്കരെയുള്ള നല്ല പ്രദേശങ്ങളും മനോഹരമായ പർവതവും ലെബാനോനും ഞാൻ പോയി കണ്ടുകൊള്ളട്ടെ!”
൨൫ഞാൻ കടന്നുചെന്ന് യോർദ്ദാനക്കരെയുള്ള നല്ല ദേശവും മനോഹരമായ പർവ്വതവും ലെബാനോനും ഒന്ന് കണ്ടുകൊള്ളട്ടെ” എന്ന് പറഞ്ഞു.
26 എന്നാൽ യഹോവ നിങ്ങൾനിമിത്തം എന്നോടു കോപിച്ചിരുന്നതുകൊണ്ട് എന്റെ അപേക്ഷ കേട്ടില്ല. യഹോവ എന്നോട്, “മതി, ഈ കാര്യം ഇനിയും എന്നോടു സംസാരിക്കരുത്.
൨൬എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോട് കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോട്: “മതി; ഈ കാര്യത്തെക്കുറിച്ച് ഇനി എന്നോട് സംസാരിക്കരുത്;
27 പിസ്ഗായുടെ മുകളിൽ കയറിനിന്ന് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നിന്റെ സ്വന്തം കണ്ണുകൊണ്ടുതന്നെ നോക്കിക്കൊൾക, എന്നാൽ ഈ യോർദാൻനദി നീ കടക്കുകയില്ല.
൨൭പിസ്ഗയുടെ മുകളിൽ കയറി തല ഉയർത്തി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാണുക;
28 പകരം യോശുവയ്ക്ക് അധികാരംനൽകി അവനെ പ്രോത്സാഹിപ്പിച്ച് ഉറപ്പുള്ളവനാക്കുക; അവന്റെ നേതൃത്വത്തിലായിരിക്കും ഈ ജനത അക്കരെ എത്തുക. നീ കാണുന്ന ഈ ദേശം അവൻ അവർക്ക് അവകാശമായി പങ്കിട്ടുകൊടുക്കും” എന്ന് യഹോവ എന്നോട് അരുളിച്ചെയ്തു.
൨൮ഈ യോർദ്ദാൻ നീ കടക്കുകയില്ല; യോശുവയോട് കല്പിച്ച് അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്കുക; അവൻ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവൻ അവർക്ക് അവകാശമായി പങ്കിട്ടു കൊടുക്കും” എന്ന് അരുളിച്ചെയ്തു.
29 അങ്ങനെ നാം ബേത്-പെയോരിന് എതിർവശത്തുള്ള താഴ്വരയിൽ താമസിച്ചു.
൨൯അങ്ങനെ നാം ബേത്ത്-പെയോരിനെതിരെ താഴ്വരയിൽ പാർത്തു.

< ആവർത്തനപുസ്തകം 3 >