< ആവർത്തനപുസ്തകം 24 >
1 ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹംകഴിച്ചശേഷം അവളിൽ ദോഷം കണ്ടെത്തിയതുകൊണ്ട് ഇഷ്ടപ്പെടാതെ വന്നാൽ വിവാഹമോചനപത്രം എഴുതിക്കൊടുത്ത് അവളെ അവളുടെ വീട്ടിലേക്ക് അയയ്ക്കണം,
൧ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം ചെയ്തശേഷം അവളിൽ വല്ല അശുദ്ധിയും കണ്ട് അവന് അവളോട് അനിഷ്ടം തോന്നിയാൽ ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് അയയ്ക്കേണം.
2 അവന്റെ വീട്ടിൽനിന്ന് പോയതിനുശേഷം അവൾക്ക് മറ്റൊരു പുരുഷന്റെ ഭാര്യയായിരിക്കാം.
൨അവന്റെ വീട്ടിൽനിന്ന് പുറപ്പെട്ടശേഷം അവൾക്ക് മറ്റൊരു പുരുഷന് ഭാര്യയായി ഇരിക്കാം.
3 രണ്ടാമത്തെ ഭർത്താവും അവളെ ഇഷ്ടപ്പെടാതെ വിവാഹമോചനത്തിനുള്ള പത്രം എഴുതിക്കൊടുത്ത് അവളെ അവളുടെ വീട്ടിലേക്കു പറഞ്ഞയയ്ക്കുകയോ ആ പുരുഷൻ മരിക്കുകയോ ചെയ്താൽ
൩എന്നാൽ രണ്ടാമത്തെ ഭർത്താവും അവളെ വെറുത്ത് ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് അയയ്ക്കുകയോ, രണ്ടാമത്തെ ഭർത്താവ് മരിച്ചുപോവുകയോ ചെയ്താൽ
4 അവൾക്ക് ഉപേക്ഷണപത്രം നൽകിയ ആദ്യഭർത്താവിന്, അവൾ അശുദ്ധയായശേഷം വീണ്ടും അവളെ വിവാഹംകഴിക്കാൻ അനുവാദമില്ല. അത് യഹോവയുടെ ദൃഷ്ടിയിൽ വെറുപ്പുള്ള കാര്യമാകുന്നു. നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുത്.
൪അവളെ ഉപേക്ഷിച്ച ആദ്യത്തെ ഭർത്താവിന് അവൾ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി സ്വീകരിച്ചുകൂടാ. അത് യഹോവയുടെ മുമ്പാകെ അറപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ട് മലിനമാക്കരുത്.
5 വിവാഹംകഴിഞ്ഞ ഉടൻ ഒരു പുരുഷനെ യുദ്ധത്തിന് അയയ്ക്കുകയോ അവന്റെമേൽ മറ്റ് ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയോ ചെയ്യരുത്. അവൻ ഒരുവർഷം സ്വതന്ത്രനായി വീട്ടിൽ താമസിച്ച് താൻ വിവാഹംകഴിച്ച ഭാര്യയെ സന്തുഷ്ടയാക്കണം.
൫ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിച്ച ഉടൻ യുദ്ധത്തിന് പോകരുത്; അവന്റെമേൽ യാതൊരു ഭാരവും വെക്കരുത്; അവൻ ഒരു സംവത്സരം വീട്ടിൽ സ്വതന്ത്രനായിരുന്ന് താൻ വിവാഹം ചെയ്ത ഭാര്യയെ സന്തോഷിപ്പിക്കണം.
6 തിരികല്ലോ അതിന്റെ മേൽക്കല്ലോ പണയമായി വാങ്ങരുത്. അതുമൂലം ഒരുവന്റെ ഉപജീവനമാണ് പണയമായി വാങ്ങുന്നത്.
൬മാവ് കുഴയ്ക്കുന്ന അടിക്കല്ലോ അതിന്റെ മേൽക്കല്ലോ ആരും പണയം വാങ്ങരുത്; അത് ജീവനെ പണയം വാങ്ങുകയാണല്ലോ.
7 ആരെങ്കിലും തന്റെ സഹയിസ്രായേല്യരിൽ ഒരാളെ തട്ടിക്കൊണ്ടുപോയി അയാളോട് അടിമയോടെന്നപോലെ പെരുമാറുകയോ അയാളെ വിൽക്കുകയോ ചെയ്താൽ തട്ടിക്കൊണ്ടുപോയ വ്യക്തി മരിക്കണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.
൭ആരെങ്കിലും തന്റെ സഹോദരന്മാരായ യിസ്രായേൽ മക്കളിൽ ഒരുവനെ തട്ടിക്കൊണ്ടുപോയി അവനോട് കാഠിന്യം പ്രവർത്തിക്കുകയോ, അവനെ വില്ക്കുകയോ ചെയ്യുന്നതു കണ്ടാൽ മോഷ്ടാവ് മരണശിക്ഷ അനുഭവിക്കണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയണം.
8 കുഷ്ഠംപോലുള്ള രോഗം ബാധിച്ചവരുടെ കാര്യത്തിൽ ലേവ്യരായ പുരോഹിതന്മാർ നിങ്ങളോടു നിർദേശിച്ചിട്ടുള്ളതു കൃത്യമായി ചെയ്യാൻ ജാഗ്രത കാണിക്കണം. ഞാൻ അവരോടു കൽപ്പിച്ചിട്ടുള്ളതെല്ലാം ജാഗ്രതയോടെ നിങ്ങൾ ചെയ്യണം.
൮കുഷ്ഠരോഗം പടർന്നുപിടിക്കാതെ സൂക്ഷിക്കുകയും ലേവ്യരായ പുരോഹിതന്മാർ നിങ്ങൾക്ക് ഉപദേശിച്ചുതരുന്നതുപോലെ എല്ലാം ചെയ്യുവാനും ജാഗ്രതയായിരിക്കണം; ഞാൻ അവരോടു കല്പിച്ചതുപോലെ തന്നെ നിങ്ങൾ ചെയ്യണം.
9 നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടശേഷം വഴിയിൽവെച്ച് നിന്റെ ദൈവമായ യഹോവ മിര്യാമിനോടു ചെയ്തത് ഓർക്കണം.
൯നിങ്ങൾ ഈജിപ്റ്റിൽനിന്നു പുറപ്പെട്ടശേഷം നിന്റെ ദൈവമായ യഹോവ വഴിയിൽവച്ച് മിര്യാമിനോടു ചെയ്തത് ഓർത്തുകൊള്ളുക.
10 നീ അയൽവാസിക്ക് എന്തെങ്കിലും വായ്പ കൊടുക്കുമ്പോൾ അയാൾ നിനക്കു നൽകാമെന്നു സമ്മതിച്ച പണയം വാങ്ങാൻ നീ ആ മനുഷ്യന്റെ വീടിനുള്ളിൽ പോകരുത്.
൧൦കൂട്ടുകാരന് എന്തെങ്കിലും വായ്പ്പ കൊടുക്കുമ്പോൾ അവന്റെ പണയം വാങ്ങുവാൻ വീടിനകത്തു കടക്കരുത്.
11 നീ പുറത്തു നിൽക്കുക, വായ്പ വാങ്ങുന്നവ്യക്തി പണയം നിന്റെ അടുക്കൽ പുറത്തുകൊണ്ടുവരണം.
൧൧നീ പുറത്തു നില്‍ക്കണം; വായ്പ്പ വാങ്ങിയവൻ പണയം നിന്റെ അടുക്കൽ പുറത്തു കൊണ്ടുവരണം.
12 അയൽവാസി ദരിദ്രനെങ്കിൽ അയാളുടെ പണയവസ്തുവായ കുപ്പായംകൊണ്ട് നീ ഉറങ്ങരുത്.
൧൨അവൻ ദരിദ്രനെങ്കിൽ നീ അവന്റെ പണയം കൈവശം വച്ചുകൊണ്ട് ഉറങ്ങരുത്.
13 അയാൾക്കു തന്റെ പുറങ്കുപ്പായം പുതച്ച് ഉറങ്ങേണ്ടതിനു സൂര്യൻ അസ്തമിക്കുമ്പോൾ അയാളുടെ കുപ്പായം നീ തിരികെ നൽകണം. അപ്പോൾ അവർ നിന്നോടു നന്ദിയുള്ളവരായിരിക്കും. നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ അത് ഒരു നീതിപ്രവൃത്തിയായിരിക്കും.
൧൩അവൻ തന്റെ വസ്ത്രം പുതച്ച്, ഉറങ്ങി, നിന്നെ അനുഗ്രഹിക്കേണ്ടതിന് സൂര്യൻ അസ്തമിക്കുമ്പോൾ പണയം നീ അവന് മടക്കിക്കൊടുക്കേണം; അത് നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്ക് നീതിയായിരിക്കും.
14 ഇസ്രായേല്യരായ നിന്റെ സഹോദരന്മാരുടെ കൂട്ടത്തിലോ നിന്റെ നഗരത്തിൽ പാർക്കുന്ന പ്രവാസികളുടെ കൂട്ടത്തിലോ ഉള്ള ദരിദ്രരും ബുദ്ധിമുട്ടുള്ളവരുമായ കൂലിക്കാരെ പീഡിപ്പിക്കരുത്.
൧൪നിന്റെ സഹോദരന്മാരിലോ, നിന്റെ ദേശത്ത് നിന്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ, ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുത്.
15 അവർ ദരിദ്രരും കൂലി ആശ്രയിച്ചു കഴിയുന്നവരുമാകുകയാൽ അവരുടെ കൂലി ഓരോ ദിവസവും സൂര്യൻ അസ്തമിക്കുന്നതിനുമുമ്പു നൽകണം. അല്ലെങ്കിൽ അവർ യഹോവയോടു നിനക്കു വിരോധമായി നിലവിളിക്കും, അതിൽ നീ കുറ്റക്കാരനായിത്തീരും.
൧൫അവന്റെ കൂലി അന്നന്ന് കൊടുക്കണം; സൂര്യൻ അതിന്മേൽ അസ്തമിക്കരുത്; അവൻ ദരിദ്രനും അതിനായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവൻ നിനക്ക് വിരോധമായി യഹോവയോടു നിലവിളിക്കുവാനും അത് നിനക്ക് പാപമായിത്തീരുവാനും ഇടവരുത്തരുത്.
16 മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ മരണശിക്ഷ അനുഭവിക്കരുത്; ഓരോരുത്തരുടെയും പാപത്തിന് അവരവർതന്നെ മരണശിക്ഷ അനുഭവിക്കണം.
൧൬മക്കൾക്കു പകരം അപ്പന്മാരും, അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുത്; അവനവന്റെ പാപത്തിന് അവനവൻ മരണശിക്ഷ അനുഭവിക്കണം.
17 പ്രവാസിക്കും അനാഥർക്കും നീതി നിഷേധിക്കരുത്. വിധവയുടെ പുറങ്കുപ്പായം പണയമായി എടുക്കരുത്.
൧൭പരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുത്; വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുത്.
18 നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നും നിന്നെ നിന്റെ ദൈവമായ യഹോവ അവിടെനിന്ന് വീണ്ടെടുത്തു എന്നും ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്.
൧൮നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഓർക്കണം; അതുകൊണ്ടാകുന്നു ഇക്കാര്യം ഞാൻ നിന്നോട് കല്പിക്കുന്നത്.
19 നിന്റെ വയൽ കൊയ്യുമ്പോൾ ഒരു കറ്റ വയലിൽ മറന്നുപോയാൽ അതെടുക്കാൻ തിരികെപ്പോകരുത്. നിന്റെ കൈകളുടെ എല്ലാ പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്, അതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമായി ഉപേക്ഷിക്കണം.
൧൯നിന്റെ വയലിലെ വിളവു കൊയ്തിട്ട് ഒരു കറ്റ വയലിൽ മറന്നുപോയാൽ അത് എടുക്കുവാൻ മടങ്ങിപ്പോകരുത്; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന് അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ.
20 നീ ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ രണ്ടാംതവണയും കൊമ്പുകൾ തപ്പിപ്പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്.
൨൦ഒലിവുവൃക്ഷത്തിന്റെ ഫലം പറിക്കുമ്പോൾ കൊമ്പുകൾ തപ്പിപ്പറിക്കരുത്; അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ.
21 നിന്റെ മുന്തിരിത്തോപ്പിൽനിന്ന് മുന്തിരിപ്പഴം ശേഖരിക്കുമ്പോൾ രണ്ടാമതും പോയി തീർത്തു പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്.
൨൧മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോൾ കാലാപെറുക്കരുത്; അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ;
22 നിങ്ങൾ ഈജിപ്റ്റിൽ അടിമകളായിരുന്നു എന്ന് ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്.
൨൨നീ ഈജിപ്റ്റ് ദേശത്ത് അടിമയായിരുന്നു എന്ന് ഓർക്കണം; അതുകൊണ്ടാകുന്നു ഞാൻ ഇക്കാര്യം നിന്നോട് കല്പിക്കുന്നത്.