< ആവർത്തനപുസ്തകം 1 >
1 സൂഫിന് എതിർവശത്തുള്ള പാരാൻ പട്ടണത്തിനും തോഫെൽ, ലാബാൻ, ഹസേരോത്ത്, ദീസാഹാബ് എന്നീ പട്ടണങ്ങൾക്കും മധ്യത്തിൽ, യോർദാൻനദിക്കു കിഴക്കുള്ള അരാബയിൽവെച്ച് മോശ എല്ലാ ഇസ്രായേലിനോടും പറഞ്ഞ സന്ദേശം.
൧സൂഫിനെതിരെ, പാരാനും തോഫെലിനും ലാബാനും ഹസേരോത്തിനും ദീസാഹാബിനും മദ്ധ്യത്തിൽ യോർദ്ദാനക്കരെ മരുഭൂമിയിലുള്ള അരാബയിൽവെച്ച് മോശെ യിസ്രായേൽ ജനത്തോട് പറഞ്ഞ വചനങ്ങൾ:
2 ഹോരേബിൽനിന്ന് സേയീർ പർവതംവഴി കാദേശ്-ബർന്നേയയിലേക്കു പതിനൊന്നു ദിവസത്തെ യാത്രയുണ്ട്.
൨സേയീർപർവ്വതം വഴിയായി ഹോരേബിൽനിന്ന് കാദേശ്ബർന്നേയയിലേക്ക് പതിനൊന്ന് ദിവസത്തെ വഴി ഉണ്ട്.
3 ഇസ്രായേൽമക്കളെ അറിയിക്കാൻ യഹോവ മോശയോടു കൽപ്പിച്ചതെല്ലാം അദ്ദേഹം നാൽപ്പതാംവർഷം പതിനൊന്നാംമാസം ഒന്നാംതീയതി അവരെ അറിയിച്ചു.
൩നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തീയതി മോശെ യിസ്രായേൽ മക്കളോട് യഹോവ അവർക്കുവേണ്ടി തന്നോട് കല്പിച്ചതുപോലെ പറഞ്ഞുതുടങ്ങി.
4 ഇതു ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോനെയും അസ്തരോത്തിൽ വാണിരുന്ന ബാശാൻരാജാവായ ഓഗിനെയും എദ്രെയിൽവെച്ചു വധിച്ചതിനുശേഷമായിരുന്നു.
൪ഹെശ്ബോനിൽ വസിച്ചിരുന്ന അമോര്യ രാജാവായ സീഹോനെയും അസ്തരോത്തിൽ വസിച്ചിരുന്ന ബാശാൻരാജാവായ ഓഗിനെയും എദ്രെയിൽ വച്ച് സംഹരിച്ചശേഷം
5 യോർദാൻനദിക്കു കിഴക്കുള്ള മോവാബിന്റെ ഭൂപ്രദേശത്തുവെച്ച് മോശ യഹോവയുടെ ഈ നിയമം വളരെ വ്യക്തമായി അവരെ അറിയിച്ചു:
൫യോർദ്ദാന് അക്കരെ മോവാബ് ദേശത്തുവച്ച് മോശെ ഈ ന്യായപ്രമാണം വിവരിച്ചുതുടങ്ങിയത് എങ്ങനെയെന്നാൽ:
6 നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ച് നമ്മോട് ഇപ്രകാരം അരുളിച്ചെയ്തു: “നിങ്ങൾ ഈ പർവതത്തിൽ വേണ്ടുവോളം താമസിച്ചുകഴിഞ്ഞു.
൬ഹോരേബിൽവച്ച് നമ്മുടെ ദൈവമായ യഹോവ നമ്മോട് കല്പിച്ചത്: “നിങ്ങൾ ഈ പർവ്വതത്തിൽ വസിച്ചത് മതി.
7 നിങ്ങൾ തിരിഞ്ഞു യാത്രചെയ്ത് അമോര്യരുടെ പർവതത്തിലേക്കും അതിന്റെ എല്ലാ സമീപദേശങ്ങളായ അരാബാ, മലനാട്, പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങളിലും, തെക്കേദേശം, തീരപ്രദേശം എന്നിവിടങ്ങളിലുള്ള നിവാസികളിലേക്കും മുന്നേറുക. കനാന്യദേശത്തേക്കും ലെബാനോനിലേക്കും യൂഫ്രട്ടീസ് മഹാനദിവരെയും പോകുക.
൭തിരിഞ്ഞ് യാത്രചെയ്ത് അമോര്യരുടെ പർവ്വതത്തിലേക്കും അതിന്റെ അയൽപ്രദേശങ്ങളായ അരാബാ, മലനാട്, താഴ്വീതി, തെക്കേദേശം, കടൽക്കര തുടങ്ങിയ കനാന്യദേശത്തേക്കും ലെബാനോനിലേക്കും യൂഫ്രട്ടീസ് എന്ന മഹാനദിവരെയും പോകുവിൻ.
8 ഇതാ, ഈ ദേശം നിങ്ങൾക്കായി നൽകിയിരിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും അവരുടെ സന്തതിപരമ്പരകൾക്കും നൽകാമെന്ന് യഹോവ ശപഥംചെയ്ത ഈ ദേശം പോയി കൈവശമാക്കുക.”
൮ഇതാ, ഞാൻ ആ ദേശം നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു; നിങ്ങൾ കടന്നുചെന്ന് യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും അവരുടെ സന്തതിക്കും കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത ദേശം കൈവശമാക്കുവിൻ.
9 യഹോവയുടെ അരുളപ്പാടിനുശേഷം ഞാൻ നിങ്ങളോടു പറഞ്ഞത്: “എനിക്കു തനിയേ വഹിക്കാൻ കഴിയുന്നതിലും അപ്പുറം നിങ്ങൾ അധികമാകുന്നു.
൯അക്കാലത്ത് ഞാൻ നിങ്ങളോട് പറഞ്ഞത്: “എനിക്ക് തനിയെ നിങ്ങളെ വഹിക്കുവാൻ കഴിയുകയില്ല.
10 ദൈവമായ യഹോവ നിങ്ങളെ വർധിപ്പിച്ചിരിക്കുന്നു. ഇന്നു നിങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകിയിരിക്കുന്നു.
൧൦നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വർദ്ധിപ്പിച്ചിരിക്കുന്നു; ഇതാ നിങ്ങൾ ഇന്ന് ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ അസംഖ്യം ആയിരിക്കുന്നു.
11 നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ആയിരം മടങ്ങ് വർധിപ്പിച്ച്, അവിടന്ന് വാഗ്ദാനംചെയ്തതുപോലെ അനുഗ്രഹിക്കട്ടെ!
൧൧നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാൾ ഇനിയും ആയിരം ഇരട്ടിയാക്കി, അവിടുന്ന് നിങ്ങളോട് അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.
12 എന്നാൽ നിങ്ങളുടെ പ്രശ്നങ്ങളും ഭാരങ്ങളും പരാതികളും എങ്ങനെ ഞാൻ തനിയേ വഹിക്കും?
൧൨ഞാൻ ഏകനായി നിങ്ങളുടെ പ്രശ്നങ്ങളും ഭാരങ്ങളും വ്യവഹാരങ്ങളും വഹിക്കുന്നത് എങ്ങനെ?
13 നിങ്ങളുടെ ഗോത്രങ്ങളിൽനിന്ന് ജ്ഞാനവും വിവേകവുമുള്ള ആദരണീയരായ ചില പുരുഷന്മാരെ തെരഞ്ഞെടുക്കുക. അവരെ ഞാൻ നിങ്ങളുടെ നേതാക്കന്മാരാക്കും.”
൧൩ഓരോ ഗോത്രത്തിൽനിന്നും ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുക്കുവിൻ; അവരെ ഞാൻ നിങ്ങൾക്ക് തലവന്മാരാക്കും”.
14 അതിനു നിങ്ങൾ, “താങ്കൾ നിർദേശിച്ച കാര്യം നല്ലതാകുന്നു” എന്ന് എന്നോട് ഉത്തരം പറഞ്ഞു.
൧൪അതിന് നിങ്ങൾ എന്നോട്: “നീ പറഞ്ഞ കാര്യം നല്ലത്” എന്ന് ഉത്തരം പറഞ്ഞു.
15 അതുകൊണ്ടു ജ്ഞാനികളും ആദരണീയരുമായ പുരുഷന്മാരെ ആയിരംപേർക്ക് അധിപന്മാർ, നൂറുപേർക്ക് അധിപന്മാർ, അൻപതുപേർക്ക് അധിപന്മാർ, പത്തുപേർക്ക് അധിപന്മാർ എന്നിങ്ങനെ നിങ്ങളുടെ നേതാക്കന്മാരായും ഗോത്രങ്ങളുടെ കാര്യസ്ഥന്മാരായും ഞാൻ നിയോഗിച്ചു.
൧൫ആകയാൽ ഞാൻ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരം പേർക്കും നൂറുപേർക്കും അമ്പതുപേർക്കും പത്തുപേർക്കും അധിപതിമാരും തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.
16 അന്നു ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോട് ഇപ്രകാരമാണു കൽപ്പിച്ചത്, “ഇസ്രായേല്യ സഹോദരങ്ങൾതമ്മിലും ഇസ്രായേല്യരും പ്രവാസികളുമായിട്ടും ഉള്ള തർക്കങ്ങൾകേട്ട് അവർക്കിടയിൽ നീതിയുക്തമായി വിധികൽപ്പിക്കുക.
൧൬അന്ന് ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോട് ആജ്ഞാപിച്ചത്: “നിങ്ങളുടെ സഹോദരന്മാരിൽ ആർക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ല വ്യവഹാരവും ഉണ്ടായാൽ അത് കേട്ട് നീതിയോടെ വിധിക്കുവിൻ.
17 നിങ്ങൾ വിധിക്കുമ്പോൾ മുഖപക്ഷം കാണിക്കരുത്. വലിയവരുടെയും ചെറിയവരുടെയും പ്രശ്നങ്ങൾ ഒരുപോലെ കേൾക്കണം. ന്യായവിധി ദൈവത്തിന്റേതാകുകയാൽ ആരെയും ഭയപ്പെടരുത്. നിങ്ങൾക്ക് പരിഹരിക്കാൻ പ്രയാസമുള്ള പ്രശ്നങ്ങൾ എന്റെ അടുക്കൽ കൊണ്ടുവരിക. അവയ്ക്കു ഞാൻ തീർപ്പുകൽപ്പിക്കും.”
൧൭ന്യായവിസ്താരത്തിൽ മുഖം നോക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ കേൾക്കണം; മനുഷ്യനെ ഭയപ്പെടരുത്; ന്യായവിധി ദൈവത്തിനുള്ളതാണല്ലോ? നിങ്ങൾക്ക് അധികം പ്രയാസമുള്ള കാര്യം എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അത് ഞാൻ തീർക്കാം
18 നിങ്ങൾ ചെയ്യേണ്ട സകലകാര്യങ്ങളും അന്നു ഞാൻ നിങ്ങളോടു കൽപ്പിച്ചിരുന്നു.
൧൮അങ്ങനെ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഞാൻ അക്കാലത്ത് നിങ്ങളോട് കല്പിച്ചുവല്ലോ.
19 അതിനുശേഷം, നമ്മുടെ ദൈവമായ യഹോവ നമ്മോടു കൽപ്പിച്ചതുപോലെ, നാം ഹോരേബിൽനിന്ന് യാത്രതിരിച്ച് അമോര്യരുടെ മലനാട്ടിൽക്കൂടെ—നിങ്ങൾ കണ്ട വലുതും ഭയാനകവുമായ മരുഭൂമിവഴി—കാദേശ്-ബർന്നേയയിൽ എത്തി.
൧൯പിന്നെ, നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബിൽനിന്ന് പുറപ്പെട്ടശേഷം, നിങ്ങൾ കണ്ട ഭയങ്കരമായ മഹാമരുഭൂമിയിൽകൂടി അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ച് കാദേശ്ബർന്നേയയിൽ എത്തി.
20 അപ്പോൾ ഞാൻ നിങ്ങളോടു പറഞ്ഞു: “നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോര്യരുടെ മലനാട്ടിൽ നിങ്ങൾ എത്തിയിരിക്കുന്നു.
൨൦അപ്പോൾ ഞാൻ നിങ്ങളോട്: “നമ്മുടെ ദൈവമായ യഹോവ നമുക്ക് തരുന്ന അമോര്യരുടെ മലനാടുവരെ നിങ്ങൾ എത്തിയിരിക്കുന്നുവല്ലോ.
21 ഇതാ, നിങ്ങളുടെ ദൈവമായ യഹോവ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളോട് അരുളിച്ചെയ്തതുപോലെ പോയി അതു കൈവശമാക്കിക്കൊൾക. ഭയപ്പെടുകയോ തളർന്നുപോകുകയോ അരുത്.”
൨൧ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ ചെന്ന് അത് കൈവശമാക്കിക്കൊള്ളുക; ഭയപ്പെടരുത്; അധൈര്യപ്പെടുകയും അരുത്” എന്ന് പറഞ്ഞു.
22 ആ സമയം നിങ്ങൾ എല്ലാവരും എന്റെ അടുത്തുവന്നു പറഞ്ഞു: “ദേശം പര്യവേക്ഷണംചെയ്തു നാം പോകേണ്ട വഴിയും എത്തിച്ചേരേണ്ട പട്ടണങ്ങളും പറഞ്ഞുതരേണ്ടതിന് ചില പുരുഷന്മാരെ മുൻകൂട്ടി അങ്ങോട്ടയയ്ക്കുക.”
൨൨എന്നാൽ നിങ്ങൾ എല്ലാവരും അടുത്തുവന്ന്: “നാം ചില ആളുകളെ മുമ്പേ അയക്കുക; അവർ ദേശം ഒറ്റുനോക്കി, നാം പോകേണ്ടതിന് ഏറ്റവും നല്ലവഴി ഏതെന്നും അവിടെയുള്ള പട്ടണങ്ങൾ എങ്ങനെ ഉണ്ടെന്നും വർത്തമാനം കൊണ്ടുവരട്ടെ” എന്ന് പറഞ്ഞു.
23 അക്കാര്യം നല്ലതെന്ന് എനിക്ക് തോന്നി, അങ്ങനെ ഞാൻ ഓരോ ഗോത്രത്തിൽനിന്നും ഒരാളെവീതം പന്ത്രണ്ടുപേരെ നിങ്ങളിൽനിന്ന് തെരഞ്ഞെടുത്തു.
൨൩ആ പദ്ധതി എനിക്ക് സ്വീകാര്യമായി തോന്നി; ഞാൻ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തിൽനിന്ന് തിരഞ്ഞെടുത്തു.
24 അവർ പുറപ്പെട്ട് മലനാടുവരെയും പോയി എസ്കോൽ താഴ്വരവരെ ദേശം പര്യവേക്ഷണംചെയ്തു.
൨൪അവർ പുറപ്പെട്ട് പർവ്വതത്തിൽ കയറി എസ്കോൽതാഴ്വര വരെ ചെന്ന് ദേശം ഒറ്റുനോക്കി.
25 ആ ദേശത്തുനിന്ന് ചില ഫലങ്ങൾ നമ്മുടെ അടുക്കൽ കൊണ്ടുവന്നിട്ട് ദേശത്തെപ്പറ്റി അവർ ഇങ്ങനെ പറഞ്ഞു, “ദൈവമായ യഹോവ നമുക്കു നൽകുന്ന ദേശം നല്ലതാകുന്നു.”
൨൫ദേശത്തിലെ ചില ഫലങ്ങൾ അവർ നമ്മുടെ അടുക്കൽ കൊണ്ടുവന്ന്, വർത്തമാനമെല്ലാം അറിയിച്ചു; ‘നമ്മുടെ ദൈവമായ യഹോവ നമുക്ക് തരുന്ന ദേശം നല്ലത്’ എന്ന് പറഞ്ഞു.
26 എന്നാൽ നിങ്ങൾ ദൈവമായ യഹോവയുടെ കൽപ്പന എതിർത്തുനിന്നതുകൊണ്ട് അങ്ങോട്ടു കയറിപ്പോകാൻ വിസമ്മതിച്ചു.
൨൬എന്നാൽ ആ ദേശത്തേക്ക് പോകുവാൻ നിങ്ങൾക്ക് മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ നിരസിച്ചു.
27 നിങ്ങൾ കൂടാരങ്ങളിലിരുന്ന് പിറുപിറുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “യഹോവ നമ്മെ വെറുക്കുന്നു. അതുകൊണ്ട് നാം നശിക്കേണ്ടതിന് അമോര്യരുടെ കൈയിൽ നമ്മെ ഏൽപ്പിക്കാനാണ് ഈജിപ്റ്റിൽനിന്ന് ഞങ്ങളെ കൊണ്ടുവന്നത്.
൨൭“യഹോവ നമ്മെ വെറുക്കുന്നതുകൊണ്ട് അമോര്യരുടെ കയ്യിൽ ഏല്പിച്ച് നശിപ്പിക്കേണ്ടതിന് ഈജിപ്റ്റ്ദേശത്തുനിന്ന് കൊണ്ടുവന്നിരിക്കുന്നു.
28 നാം എങ്ങോട്ടു കയറിപ്പോകും? ‘അവിടത്തെ ജനം നമ്മെക്കാൾ ബലവാന്മാരും ദീർഘകായരുമാണ്. പട്ടണങ്ങൾ ആകാശംവരെ ഉയർന്ന മതിലുകൾ ഉള്ളവയാണ്, ഞങ്ങൾ അനാക്യരെയും അവിടെ കണ്ടു’ എന്നിങ്ങനെ പറഞ്ഞ് നമ്മുടെ സഹോദരന്മാർ നമ്മുടെ മനോവീര്യം കെടുത്തിക്കളഞ്ഞു.”
൨൮എവിടേക്കാകുന്നു നാം കയറിപ്പോകുന്നത്? അവിടെയുള്ള ജനങ്ങൾ നമ്മെക്കാൾ വലിയവരും ദീർഘകായന്മാരും പട്ടണങ്ങൾ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങൾ അവിടെ അനാക്യരെയും കണ്ടു” എന്ന് പറഞ്ഞു. ഇങ്ങനെ നമ്മുടെ സഹോദരന്മാർ നമ്മുടെ ഹൃദയം ക്ഷീണിപ്പിച്ചിരിക്കുന്നു എന്ന് നിങ്ങൾ നിങ്ങളുടെ കൂടാരങ്ങളിൽ വെച്ച് പിറുപിറുത്തു.
29 എന്നാൽ ഞാൻ നിങ്ങളോടു പറഞ്ഞു: “നിങ്ങൾ ഭ്രമിക്കുകയോ; അവരെ ഭയപ്പെടുകയോ അരുത്.
൨൯അപ്പോൾ ഞാൻ നിങ്ങളോട്: “നിങ്ങൾ ഭ്രമിക്കരുത്, അവരെ ഭയപ്പെടുകയും അരുത്.
30 നിങ്ങൾക്കുമുമ്പായി പോകുന്ന നിങ്ങളുടെ ദൈവമായ യഹോവ, ഈജിപ്റ്റിൽ നിങ്ങളുടെ കണ്മുമ്പിൽവെച്ചു ചെയ്തതുപോലെ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും.
൩൦നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു. നിങ്ങൾ കാൺകെ അവൻ ഈജിപ്റ്റിലും മരുഭൂമിയിലും ചെയ്തതുപോലെ നിങ്ങൾക്കുവേണ്ടി ഇനിയും യുദ്ധം ചെയ്യും.
31 മാത്രവുമല്ല, ഒരു പിതാവ് തന്റെ മകനെ വഹിക്കുന്നതുപോലെ, ഇവിടെ എത്തുന്നതുവരെ നിങ്ങളുടെ ദൈവമായ യഹോവ മരുഭൂമിയിൽ നിങ്ങൾ സഞ്ചരിച്ച വഴിയിലെല്ലാം നിങ്ങളെ വഹിച്ചു എന്നു കണ്ടതല്ലേ?”
൩൧ഒരു മനുഷ്യൻ തന്റെ മകനെ വഹിക്കുന്നതുപോലെ നിങ്ങൾ നടന്ന് ഈ സ്ഥലത്ത് എത്തുവോളം എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്ന് നിങ്ങൾ കണ്ടുവല്ലോ” എന്ന് പറഞ്ഞു.
32 ഇതെല്ലാമായിട്ടും, കൂടാരമടിക്കേണ്ട സ്ഥലം അന്വേഷിക്കാനും പോകേണ്ട വഴി കാണിക്കാനുമായി രാത്രി അഗ്നിയായും പകൽ മേഘമായും നിങ്ങൾക്കുമുമ്പായി കടന്നുപോയ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല.
൩൨ഇങ്ങനെയെല്ലാമായിട്ടും, പാളയമിറങ്ങേണ്ടതിന് നിങ്ങൾക്ക് സ്ഥലം അന്വേഷിക്കുവാനും നിങ്ങൾ പോകേണ്ട വഴി കാണിച്ചുതരുവാനും
൩൩രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്ക് മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല.
34 യഹോവ നിങ്ങളുടെ പിറുപിറുപ്പു കേട്ടപ്പോൾ, കോപിച്ചു ശപഥംചെയ്തുപറഞ്ഞു:
൩൪ആകയാൽ യഹോവ നിങ്ങളുടെ വാക്ക് കേട്ട് കോപിച്ചു:
35 “യെഫുന്നയുടെ മകനായ കാലേബ് ഒഴികെ ഈ ദുഷ്ടതലമുറയിലെ പുരുഷന്മാരാരും, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു വാഗ്ദാനംചെയ്ത നല്ലദേശം കാണുകയില്ല. അവൻ അതു കാണും.
൩൫ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് സത്യംചെയ്ത നല്ലദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല.
36 അവൻ യഹോവയെ പൂർണഹൃദയത്തോടെ അനുഗമിച്ചതുകൊണ്ട്, അവൻ നടന്ന് പര്യവേക്ഷണംചെയ്ത ദേശമെല്ലാം ഞാൻ അവനും അവന്റെ സന്തതികൾക്കും കൊടുക്കും.”
൩൬യെഫുന്നെയുടെ മകനായ കാലേബ് മാത്രം അത് കാണുകയും അവൻ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ട് അവനും അവന്റെ പുത്രന്മാർക്കും അവന്റെ കാൽ ചവിട്ടിയ ദേശം ഞാൻ കൊടുക്കുകയും ചെയ്യുമെന്ന് സത്യംചെയ്ത് കല്പിച്ചു.
37 യഹോവ നിങ്ങൾനിമിത്തം എന്നോടും കോപിച്ച് അരുളിച്ചെയ്തു: “നീയും അവിടെ പ്രവേശിക്കുകയില്ല.
൩൭യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ച് കല്പിച്ചത്: “നീയും അവിടെ ചെല്ലുകയില്ല.
38 എന്നാൽ നിന്റെ സഹശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ പ്രവേശിക്കും. നീ അവനെ ധൈര്യപ്പെടുത്തണം. കാരണം ഇസ്രായേലിന് ആ ദേശം കൈവശപ്പെടുത്തിക്കൊടുക്കുന്നത് അവനായിരിക്കും.
൩൮നിന്റെ ശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന് അത് കൈവശമാക്കിക്കൊടുക്കേണ്ടത്.
39 മാത്രമല്ല, കൊള്ളയായിപ്പോകുമെന്നു നിങ്ങൾ കരുതിയ നിങ്ങളുടെ കുട്ടികളും നന്മതിന്മകളെക്കുറിച്ച് ഇപ്പോൾ അറിവില്ലാത്തവരുമായ നിങ്ങളുടെ മക്കളുമായിരിക്കും അവിടം കൈവശമാക്കുന്നത്. ഞാൻ ആ ദേശം അവർക്കു കൊടുക്കും. അവർ അതു കൈവശപ്പെടുത്തും.
൩൯ശത്രുവിന് കൊള്ളയാകുമെന്ന് നിങ്ങൾ പറഞ്ഞ, ഇന്ന് ഗുണദോഷങ്ങൾ തിരിച്ചറിയാത്ത നിങ്ങളുടെ കുഞ്ഞുങ്ങൾ, അവിടെ ചെല്ലും; അവർക്ക് ഞാൻ അത് കൊടുക്കും; അവർ അത് കൈവശമാക്കും.
40 ഇപ്പോഴോ നിങ്ങൾ തിരിഞ്ഞ് ചെങ്കടൽവഴി മരുഭൂമിയിലേക്കു യാത്രചെയ്യുക.”
൪൦നിങ്ങൾ തിരിഞ്ഞ് ചെങ്കടൽവഴിയായി മരുഭൂമിയിലേക്ക് യാത്ര ചെയ്യുവിൻ.
41 അപ്പോൾ നിങ്ങൾ പറഞ്ഞു: “ഞങ്ങൾ യഹോവയോടു പാപംചെയ്തു. നമ്മുടെ ദൈവമായ യഹോവ കൽപ്പിച്ചതുപോലെ ഞങ്ങൾ പോയി യുദ്ധംചെയ്യും.” അങ്ങനെ മലമ്പ്രദേശത്തേക്കു കയറിപ്പോകുന്നത് എളുപ്പമെന്നു വിചാരിച്ച് നിങ്ങൾ ഓരോരുത്തരും യുദ്ധത്തിനുള്ള ആയുധങ്ങൾ ധരിച്ചു.
൪൧അതിന് നിങ്ങൾ എന്നോട്: “ഞങ്ങൾ യഹോവയോട് പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ പോയി യുദ്ധം ചെയ്യും” എന്ന് ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങൾ ഓരോരുത്തൻ അവനവന്റെ യുദ്ധായുധം ധരിച്ച് പർവ്വതത്തിൽ കയറുവാൻ തുനിഞ്ഞു.
42 എന്നാൽ യഹോവ എന്നോട്, “‘നിങ്ങൾ യുദ്ധത്തിനു കയറിപ്പോകുകയോ യുദ്ധംചെയ്യുകയോ അരുത്. കാരണം ഞാൻ നിങ്ങളോടുകൂടെയില്ല. ശത്രുക്കളുടെമുമ്പിൽ നിങ്ങൾ പരാജയപ്പെടും’ എന്ന് അവരോടു പറയുക” എന്നു കൽപ്പിച്ചു.
൪൨എന്നാൽ യഹോവ എന്നോട്: “നിങ്ങൾ പോകരുത്; യുദ്ധം ചെയ്യരുത്; ഞാൻ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോട് നിങ്ങൾ തോറ്റുപോകും” എന്ന് അവരോട് പറയുക എന്ന് കല്പിച്ചു.
43 ഞാൻ അങ്ങനെ നിങ്ങളോടു പറഞ്ഞു, എന്നാൽ നിങ്ങൾ അതു കേൾക്കാതെ യഹോവയുടെ കൽപ്പനയോട് എതിർത്ത് സ്വന്തം ഇഷ്ടപ്രകാരം മലമുകളിലേക്കു പടനീക്കി.
൪൩അങ്ങനെ ഞാൻ നിങ്ങളോട് പറഞ്ഞു; എന്നാൽ നിങ്ങൾ കേൾക്കാതെ യഹോവയുടെ കല്പന നിരസിച്ച് അഹങ്കാരത്തോടെ പർവ്വതത്തിൽ കയറി.
44 ആ മലകളിൽ അധിവസിച്ചിരുന്ന അമോര്യർ നിങ്ങൾക്കെതിരേ വന്ന്, തേനീച്ചക്കൂട്ടംപോലെ നിങ്ങളെ സേയീരിൽനിന്ന് ഹോർമാവരെ പിൻതുടർന്ന് തുരത്തിക്കളഞ്ഞു.
൪൪ആ പർവ്വതത്തിൽ താമസിച്ചിരുന്ന അമോര്യർ നിങ്ങളുടെനേരെ പുറപ്പെട്ടുവന്ന് തേനീച്ചപോലെ നിങ്ങളെ പിന്തുടർന്ന്, സേയീരിൽ ഹോർമ്മവരെ ചിതറിച്ചുകളഞ്ഞു.
45 നിങ്ങൾ മടങ്ങിവന്ന് യഹോവയുടെമുമ്പാകെ കരഞ്ഞു എങ്കിലും യഹോവ നിങ്ങളുടെ നിലവിളി ചെവിക്കൊണ്ടില്ല.
൪൫നിങ്ങൾ മടങ്ങിവന്ന് യഹോവയുടെ മുമ്പാകെ കരഞ്ഞു; എന്നാൽ യഹോവ നിങ്ങളുടെ നിലവിളി കേട്ടില്ല; നിങ്ങളുടെ അപേക്ഷയ്ക്ക് ചെവി തന്നതുമില്ല.
46 അങ്ങനെ കാദേശിൽ താമസിച്ച അത്രയുംകാലം നിങ്ങൾക്ക് അവിടെത്തന്നെ താമസിക്കേണ്ടിവന്നു.
൪൬അങ്ങനെ നിങ്ങൾ കാദേശിൽ ദീർഘകാലം താമസിക്കേണ്ടിവന്നു.