< ദാനീയേൽ 9 >

1 ബാബേൽ രാജ്യത്തിൽ രാജാവായിത്തീർന്നവനും മേദ്യനായ അഹശ്വേരോശിന്റെ പുത്രനുമായ ദാര്യാവേശിന്റെ ഭരണത്തിന്റെ ഒന്നാംവർഷത്തിൽ,
കല്ദയരാജ്യത്തിന് രാജാവായിത്തീർന്നവനും മേദ്യവംശത്തിൽ ഉള്ള അഹശ്വേരോശിന്റെ മകനുമായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ,
2 ദാനീയേൽ എന്ന ഞാൻ, ജെറുശലേമിന്റെ ശൂന്യാവസ്ഥ എഴുപതു വർഷംകൊണ്ട് അവസാനിക്കും എന്നു യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാടനുസരിച്ചുള്ള ഒരു കാലസംഖ്യ തിരുവെഴുത്തുകളിൽനിന്ന് ഗ്രഹിച്ചു.
അവന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ തന്നെ, ദാനീയേൽ എന്ന ഞാൻ, യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപത് സംവത്സരംകൊണ്ട് തീരും എന്നുള്ള യഹോവയുടെ അരുളപ്പാട് യിരെമ്യാപ്രവാചകനുണ്ടായതിന്റെ ഒരു കാലസംഖ്യ പുസ്തകങ്ങളിൽനിന്ന് ഗ്രഹിച്ചു.
3 അതിനാൽ ഞാൻ ഉപവസിച്ചും ചാക്കുശീലയുടുത്തും വെണ്ണീറിൽ ഇരുന്നുംകൊണ്ട് പ്രാർഥനയിലും യാചനയിലുമായി കർത്താവായ ദൈവത്തെ അന്വേഷിക്കാൻ മനസ്സുവെച്ചു.
അപ്പോൾ ഞാൻ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നുകൊണ്ടും പ്രാർത്ഥനയോടും യാചനകളോടും കൂടി അപേക്ഷിക്കേണ്ടതിന് ദൈവമായ കർത്താവിങ്കലേക്ക് മുഖം തിരിച്ചു.
4 ഞാൻ എന്റെ ദൈവമായ യഹോവയോട് ഇപ്രകാരം പ്രാർഥിച്ച് ഏറ്റുപറഞ്ഞു: “വലിയവനും ഭയങ്കരനും തന്നെ സ്നേഹിക്കുന്നവർക്കും തന്റെ കൽപ്പനകളെ പ്രമാണിക്കുന്നവർക്കും അചഞ്ചലസ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കുന്ന ദൈവവുമായ കർത്താവേ,
എന്റെ ദൈവമായ യഹോവയോടു ഞാൻ പ്രാർത്ഥിച്ച് ഏറ്റുപറഞ്ഞത്: “തന്നെ സ്നേഹിക്കുന്നവർക്കും തന്റെ കല്പനകൾ പ്രമാണിക്കുന്നവർക്കും നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമായ കർത്താവേ,
5 ഞങ്ങൾ പാപംചെയ്തു, അതിക്രമം പ്രവർത്തിച്ചു; ദുഷ്ടതയോടെ ജീവിച്ചു. അങ്ങയുടെ കൽപ്പനകളിൽനിന്നും നിയമങ്ങളിൽനിന്നും വിട്ടുമാറി അങ്ങയോടു മത്സരിച്ചു.
ഞങ്ങൾ പാപംചെയ്തു, തിന്മയിൽ നടന്നു, ദുഷ്ടത പ്രവർത്തിച്ചു; ഞങ്ങൾ മത്സരിച്ച് അങ്ങയുടെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു.
6 ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തിലെ സകലജനങ്ങളോടും അവിടത്തെ നാമത്തിൽ സംസാരിച്ച അങ്ങയുടെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കു ഞങ്ങൾ കേട്ടനുസരിച്ചതുമില്ല.
ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തിലെ സകലജനത്തോടും അങ്ങയുടെ നാമത്തിൽ സംസാരിച്ച അങ്ങയുടെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്ക് ഞങ്ങൾ കേട്ടനുസരിച്ചതുമില്ല.
7 “കർത്താവേ, അങ്ങു നീതിമാനാണ് എന്നാൽ യെഹൂദാജനവും ജെറുശലേംനിവാസികളും സകല ഇസ്രായേൽജനവും അങ്ങയോടു കാണിച്ച അവിശ്വസ്തതനിമിത്തം സർവദേശങ്ങളിലും ചിതറിക്കപ്പെട്ട ദൂരസ്ഥരും സമീപസ്ഥരുമായ ഞങ്ങൾക്കോ, ഇന്നുള്ളത് ലജ്ജമാത്രം.
കർത്താവേ, അങ്ങയുടെ പക്കൽ നീതിയുണ്ട്; ഇന്ന് ഞങ്ങൾക്കുള്ളത് ലജ്ജയത്രെ; അങ്ങയോട് ചെയ്തിരിക്കുന്ന ദ്രോഹം ഹേതുവായി അങ്ങ് അവരെ ഓടിച്ചുകളഞ്ഞിരിക്കുന്ന സകലദേശങ്ങളിലുമുള്ള സമീപസ്ഥരും ദൂരസ്ഥരുമായ യെഹൂദാപുരുഷന്മാർക്കും യെരൂശലേം നിവാസികൾക്കും എല്ലാ യിസ്രായേലിനും തന്നെ.
8 യഹോവേ, ഞങ്ങൾ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുകയാൽ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ഞങ്ങളുടെ പിതാക്കന്മാരും ലജ്ജകൊണ്ടു മൂടിയിരിക്കുന്നു.
കർത്താവേ, ഞങ്ങൾ അങ്ങയോട് പാപം ചെയ്തിരിക്കുകയാൽ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പിതാക്കന്മാരും ലജ്ജിക്കേണ്ടതു തന്നെ.
9 ഞങ്ങളുടെ ദൈവമായ കർത്താവിന്റെ പക്കൽ കരുണയും വിമോചനവുമുണ്ട്. ഞങ്ങളോ, അവിടത്തോടു മത്സരിച്ചിരിക്കുന്നു.
ഞങ്ങളുടെ ദൈവമായ കർത്താവിന്റെ പക്കൽ കരുണയും പാപമോചനവും ഉണ്ട്; ഞങ്ങളോ യഹോവയോട് മത്സരിച്ചു.
10 ഞങ്ങളുടെ ദൈവമായ യഹോവയുടെ വചനം ഞങ്ങൾ അനുസരിക്കുകയോ അവിടത്തെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞങ്ങളുടെമുമ്പിൽവെച്ച ന്യായപ്രമാണം പ്രമാണിക്കുകയോ ചെയ്തിട്ടില്ല.
൧൦യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാർ മുഖാന്തരം ഞങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന ന്യായപ്രമാണപ്രകാരം നടക്കുവാൻ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേട്ടനുസരിച്ചില്ല.
11 ഇസ്രായേൽ മുഴുവനും അവിടത്തെ അനുസരിക്കാതെ, അവിടത്തെ ന്യായപ്രമാണം ലംഘിച്ച് വഴിവിട്ടു നടന്നിരിക്കുന്നു. “ഞങ്ങൾ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുകയാൽ ദൈവത്തിന്റെ ദാസനായ മോശയുടെ ന്യായപ്രമാണത്തിൽ ആണയിലൂടെ ശപഥംചെയ്തു രേഖപ്പെടുത്തിയിട്ടുള്ള ന്യായവിധി ഞങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു.
൧൧യിസ്രായേലൊക്കെയും അങ്ങയുടെ വചനം കേട്ടനുസരിക്കാതെ വിട്ടുമാറി അങ്ങയുടെ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു; ഇങ്ങനെ ഞങ്ങൾ അങ്ങയോട് പാപം ചെയ്തിരിക്കുകയാൽ ദൈവത്തിന്റെ ദാസനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന ശാപവും ആണയും ഞങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു.
12 വലിയ അനർഥം ഞങ്ങളുടെമേൽ വരുത്തുമെന്ന് ഞങ്ങൾക്കും ഞങ്ങളെ ന്യായപാലനംചെയ്തവർക്കും എതിരേ സംസാരിച്ചിരിക്കുന്ന വചനങ്ങൾ അങ്ങു നിറവേറ്റിയിരിക്കുന്നു; ജെറുശലേമിനു സംഭവിച്ചതുപോലെയുള്ള ഒന്ന് ആകാശത്തിൻകീഴിലെങ്ങും ഒരിക്കലും സംഭവിച്ചിട്ടില്ലല്ലോ.
൧൨യഹോവ വലിയ അനർത്ഥം ഞങ്ങളുടെമേൽ വരുത്തിയതിനാൽ ഞങ്ങൾക്കും ഞങ്ങൾക്ക് ന്യായപാലനം നടത്തിവന്ന ന്യായാധിപന്മാർക്കും വിരോധമായി താൻ അരുളിച്ചെയ്ത വചനങ്ങൾ നിവർത്തിച്ചിരിക്കുന്നു; യെരൂശലേമിൽ സംഭവിച്ചതുപോലെ ആകാശത്തിൻ കീഴിലെങ്ങും സംഭവിച്ചിട്ടില്ലല്ലോ.
13 മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിട്ടുള്ളതുപോലെ ഈ അനർഥമെല്ലാം ഞങ്ങൾക്കു ഭവിച്ചിരിക്കുന്നു. എന്നിട്ടും ഞങ്ങളുടെ അകൃത്യം വിട്ടുതിരിഞ്ഞ് അങ്ങയുടെ സത്യത്തിനു ചെവികൊടുത്തുകൊണ്ട് ഞങ്ങളുടെ ദൈവമായ യഹോവയുടെ കരുണയ്ക്കായി ഞങ്ങൾ അപേക്ഷിച്ചിട്ടില്ല.
൧൩മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങൾക്ക് ഈ അനർത്ഥങ്ങൾ എല്ലാം വന്നിരിക്കുന്നു; എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ അകൃത്യങ്ങൾ വിട്ടുതിരിഞ്ഞ് അങ്ങയുടെ സത്യത്താൽ ബുദ്ധിപഠിക്കേണ്ടതിന് ഞങ്ങളുടെ ദൈവമായ യഹോവയുടെ കൃപയ്ക്കായി യാചിച്ചില്ല.
14 അതുകൊണ്ട് ഈ വിനാശം ഞങ്ങളുടെമേൽ വരുത്തുന്നതിനു യഹോവ മടിച്ചില്ല, കാരണം അവിടന്നു ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും ഞങ്ങളുടെ ദൈവമായ യഹോവ നീതിമാനാകുന്നു; എന്നിട്ടും ഞങ്ങൾ അവിടത്തെ വചനം കേട്ടനുസരിച്ചിട്ടില്ല.
൧൪അതുകൊണ്ട് യഹോവ ഹൃദയത്തിൽ കരുതിയിരുന്ന അനർത്ഥം ഞങ്ങളുടെമേൽ വരുത്തിയിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവ താൻ ചെയ്യുന്ന സകലപ്രവൃത്തികളിലും നീതിമാനാകുന്നു; ഞങ്ങളോ യഹോവയുടെ വചനം കേട്ടനുസരിച്ചില്ല.
15 “ബലമുള്ള ഭുജത്താൽ തന്റെ ജനത്തെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവരികയും ഇന്നുള്ളതുപോലെ തനിക്കായി ഒരു നാമം സ്ഥാപിക്കുകയും ചെയ്തിട്ടുള്ള ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങൾ പാപംചെയ്തിരിക്കുന്നു, ഞങ്ങൾ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു.
൧൫അങ്ങയുടെ ജനത്തെ ബലമുള്ള കൈകൊണ്ട് ഈജിപ്റ്റ്ദേശത്തുനിന്ന് കൊണ്ടുവന്ന്, ഇന്നുള്ളതുപോലെ അങ്ങയുടെ നാമം മഹത്വപ്പെടുത്തിയവനായ ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങൾ പാപംചെയ്ത് ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു.
16 കർത്താവേ, അവിടത്തെ സർവനീതിക്കും തക്കവണ്ണം ഇപ്പോൾ അങ്ങയുടെ കോപവും ക്രോധവും അങ്ങയുടെ വിശുദ്ധപർവതമായ ജെറുശലേം നഗരംവിട്ടു നീങ്ങുമാറാകട്ടെ. എന്തെന്നാൽ ഞങ്ങളുടെ പാപവും ഞങ്ങളുടെ പിതാക്കന്മാരുടെ അതിക്രമവുംനിമിത്തം ജെറുശലേമും അങ്ങയുടെ ജനങ്ങളും ചുറ്റുമുള്ള എല്ലാവർക്കും ഒരു നിന്ദാവിഷയമായിത്തീർന്നിരിക്കുന്നു.
൧൬കർത്താവേ, അങ്ങയുടെ സർവ്വനീതിക്കും ഒത്തവണ്ണം അങ്ങയുടെ കോപവും ക്രോധവും അങ്ങയുടെ വിശുദ്ധ പർവ്വതമായ യെരൂശലേം നഗരത്തിൽനിന്ന് നീങ്ങിപ്പോകുമാറാകട്ടെ; ഞങ്ങളുടെ പാപങ്ങൾ നിമിത്തവും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾ നിമിത്തവും യെരൂശലേമും അങ്ങയുടെ ജനവും, ചുറ്റുമുള്ള എല്ലാവർക്കും നിന്ദയായി തീർന്നിരിക്കുന്നുവല്ലോ.
17 “അതിനാൽ ഞങ്ങളുടെ ദൈവമേ, ഇപ്പോൾ അവിടത്തെ ദാസന്റെ പ്രാർഥനയ്ക്കും യാചനകൾക്കും ചെവിചായ്‌ക്കണമേ. ശൂന്യമായിക്കിടക്കുന്ന അവിടത്തെ വിശുദ്ധമന്ദിരത്തിന്മേൽ കർത്താവ് നിമിത്തം തിരുമുഖം പ്രകാശിപ്പിക്കണമേ.
൧൭ആകയാൽ ഞങ്ങളുടെ ദൈവമേ, അടിയന്റെ പ്രാർത്ഥനയും യാചനകളും കേട്ട്, ശൂന്യമായിരിക്കുന്ന അങ്ങയുടെ വിശുദ്ധമന്ദിരത്തിന്മേൽ കർത്താവിൻ നിമിത്തം തിരുമുഖം പ്രകാശിപ്പിക്കുമാറാക്കണമേ.
18 എന്റെ ദൈവമേ, ചെവിചായ്ച്ചു കേൾക്കണമേ. കണ്ണുതുറന്നു തിരുനാമം വഹിക്കുന്ന നഗരത്തിന്റെ ശൂന്യത കാണണമേ. ഞങ്ങളുടെ നീതിനിമിത്തമല്ല, അവിടത്തെ മഹാദയ കാരണമാണ് ഞങ്ങൾ ഈ അപേക്ഷ തിരുസന്നിധിയിൽ സമർപ്പിക്കുന്നത്.
൧൮എന്റെ ദൈവമേ, ചെവിചായിച്ച് കേൾക്കണമേ; കണ്ണ് തുറന്ന് ഞങ്ങളുടെ നാശകരമായ അവസ്ഥയും അങ്ങയുടെ നാമം വിളിച്ചിരിക്കുന്ന നഗരവും കടാക്ഷിക്കണമേ; ഞങ്ങൾ ഞങ്ങളുടെ നീതിപ്രവൃത്തികളിൽ അല്ല, അങ്ങയുടെ മഹാകരുണയിൽ ആശ്രയിച്ചുകൊണ്ടത്രെ ഞങ്ങളുടെ യാചനകൾ തിരുസന്നിധിയിൽ ബോധിപ്പിക്കുന്നത്.
19 കർത്താവേ, കേൾക്കണമേ. കർത്താവേ, ക്ഷമിക്കണമേ. കർത്താവേ, ചെവിക്കൊണ്ട് പ്രവർത്തിക്കണമേ. എന്റെ ദൈവമേ, തിരുനാമംനിമിത്തം ഇനിയും താമസിക്കരുതേ; അവിടത്തെ നഗരവും അവിടത്തെ ജനവും തിരുനാമം വഹിക്കുന്നല്ലോ.”
൧൯കർത്താവേ, കേൾക്കണമേ; കർത്താവേ, ക്ഷമിക്കണമേ; കർത്താവേ, ചെവിക്കൊണ്ട് പ്രവർത്തിക്കണമേ; എന്റെ ദൈവമേ, തിരുനാമംനിമിത്തം ഇനിയും താമസിക്കരുതേ; ഈ പട്ടണവും ഈ ജനവും അങ്ങയുടെ നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ”.
20 ഞാൻ ഇങ്ങനെ പ്രാർഥിക്കുകയും എന്റെ പാപവും എന്റെ ജനമായ ഇസ്രായേലിന്റെ പാപവും ഏറ്റുപറയുകയും എന്റെ ദൈവത്തിന്റെ വിശുദ്ധപർവതത്തിനുവേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അപേക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ—
൨൦ഇങ്ങനെ ഞാൻ പ്രാർത്ഥിക്കുകയും എന്റെ പാപവും എന്റെ ജനമായ യിസ്രായേലിന്റെ പാപവും ഏറ്റുപറയുകയും എന്റെ ദൈവത്തിന്റെ വിശുദ്ധപർവ്വതത്തിനു വേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അപേക്ഷ കഴിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ,
21 ഞാൻ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, മുമ്പു ഞാൻ ദർശനത്തിൽ കണ്ടിരുന്ന പുരുഷനായ ഗബ്രീയേൽ, സന്ധ്യായാഗത്തിന്റെ സമയത്ത് അത്യന്തം ക്ഷീണിതനായിരുന്ന എന്റെ അടുക്കൽ അതിവേഗത്തിൽ പറന്നെത്തി.
൨൧ഞാൻ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, ആദിയിൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്ത് എന്നോട് അടുത്തുവന്നു.
22 അദ്ദേഹം എന്നോടു സംസാരിക്കുകയും ഇത്തരം നിർദേശങ്ങൾ നൽകുകയും ചെയ്തു: “ദാനീയേലേ, നിനക്ക് ഉൾക്കാഴ്ചയും വിവേകവും പകർന്നുതരാൻ ഞാൻ ഇപ്പോൾ വന്നിരിക്കുന്നു.
൨൨അവൻ വന്ന് എന്നോട് പറഞ്ഞതെന്തെന്നാൽ: “ദാനീയേലേ, നിനക്ക് ബുദ്ധി ഉപദേശിച്ചുതരേണ്ടതിന് ഞാൻ ഇപ്പോൾ വന്നിരിക്കുന്നു.
23 നീ ഏറ്റവും പ്രിയപ്പെട്ടവനാകുകയാൽ നിന്റെ പ്രാർഥനയുടെ ആരംഭത്തിൽതന്നെ എനിക്കു കൽപ്പന ലഭിച്ചു; നിന്നോടു സംസാരിക്കാൻ ഞാൻ വന്നിരിക്കുന്നു. അതിനാൽ ഈ സന്ദേശം കേട്ടു ദർശനത്തിന്റെ അർഥം ഗ്രഹിച്ചുകൊൾക.
൨൩നീ ഏറ്റവും പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിൽതന്നെ കല്പന പുറപ്പെട്ടു, നിന്നോട് അറിയിക്കുവാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ട് നീ കാര്യം ചിന്തിച്ച് ദർശനം ഗ്രഹിച്ചുകൊള്ളുക.
24 “അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും പാപത്തിനു വിരാമംകുറിക്കുന്നതിനും അനീതിക്കു പ്രായശ്ചിത്തം ചെയ്യുന്നതിനും അനന്തമായ നീതി സ്ഥാപിക്കുന്നതിനും ദർശനവും പ്രവചനവും മുദ്രയിടുന്നതിനും അതിവിശുദ്ധസ്ഥലത്തെ അഭിഷേകം ചെയ്യുന്നതിനും നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ‘ഏഴുകൾ’ നിയമിച്ചിരിക്കുന്നു.
൨൪അതിക്രമത്തിന് അവസാനം വരുത്തി പാപത്തിന് അറുതി വരുത്തുവാനും അകൃത്യത്തിന് പ്രായശ്ചിത്തം ചെയ്ത് നിത്യനീതി വരുത്തുവാനും, ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായ ആലയം അഭിഷേകം ചെയ്യുവാനും തക്കവിധം നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.
25 “അതുകൊണ്ട് ഇത് അറിയുകയും മനസ്സിലാക്കുകയുംചെയ്യുക: ജെറുശലേമിനെ പുനരുദ്ധരിച്ചു പുനർനിർമിക്കാൻ കൽപ്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായ ഭരണാധിപന്റെ വരവുവരെ ഏഴ് ‘ഏഴുകളും’ അറുപത്തിരണ്ട് ‘ഏഴുകളും’ ഉണ്ടായിരിക്കും. അതു കഷ്ടതയുടെ കാലത്തുതന്നെ തെരുവീഥികളും കിടങ്ങുകളുമായി പുനർനിർമിക്കപ്പെടും.
൨൫അതുകൊണ്ട് നീ അറിയുകയും ഗ്രഹിക്കുകയും ചെയ്യേണ്ടത് എന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിയുവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായ ഒരു അഭിഷിക്തനായ ഒരു നായകന്‍ വരെ ഏഴ് ആഴ്ചവട്ടം; അറുപത്തിരണ്ട് ആഴ്ചവട്ടം കൊണ്ട് അതിനെ വീഥിയും കിടങ്ങുമായി, കഷ്ടകാലങ്ങളിൽ തന്നെ, വീണ്ടും പണിയും.
26 അറുപത്തിരണ്ട് ‘ഏഴുകൾ’ ക്കുശേഷം അഭിഷിക്തൻ വധിക്കപ്പെടും; തനിക്കുവേണ്ടി അല്ലതാനും. വരാനിരിക്കുന്ന ഭരണാധിപന്റെ ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും. അതിന്റെ അവസാനം ഒരു പ്രളയംപോലെ കടന്നുവരും: അന്ത്യംവരെയും യുദ്ധങ്ങൾ തുടരും. വിനാശം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
൨൬അറുപത്തിരണ്ട് ആഴ്ചവട്ടം കഴിഞ്ഞ് അഭിഷിക്തൻ ഛേദിക്കപ്പെടും; അവന് ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യമാക്കുന്ന കാര്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
27 ഒരു ‘ഏഴു’ കാലത്തേക്ക് അദ്ദേഹം പലരോടും ഉടമ്പടി ചെയ്യും. ‘ഏഴിന്റെ’ മധ്യത്തിൽ അദ്ദേഹം ദഹനയാഗവും ഭോജനയാഗവും നിർത്തലാക്കും. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന അന്ത്യം അദ്ദേഹത്തിന്റെമേൽ വർഷിക്കുന്നതുവരെ എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത ദൈവാലയത്തിൽ അദ്ദേഹം സ്ഥാപിക്കും.”
൨൭അവൻ ഒരു ആഴ്ചവട്ടത്തേക്ക് പലരോടും നിയമം ഉറപ്പാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യത്തിൽ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കും; മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേൽ കോപം ചൊരിയും”.

< ദാനീയേൽ 9 >