< ദാനീയേൽ 2 >
1 നെബൂഖദ്നേസരിന്റെ ഭരണത്തിന്റെ രണ്ടാംവർഷത്തിൽ അദ്ദേഹം ഒരു സ്വപ്നംകണ്ടു. അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായി; അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല.
൧തന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ്-നേസർ ഒരു സ്വപ്നം കണ്ടു; അവന്റെ മനസ്സ് വ്യാകുലപ്പെട്ടു; അവന് ഉറക്കമില്ലാതെയായി.
2 അപ്പോൾ രാജാവു സ്വപ്നം തന്നെ അറിയിക്കാൻ ആഭിചാരകരെയും മന്ത്രവാദികളെയും ക്ഷുദ്രക്കാരെയും ജ്യോതിഷികളെയും വിളിക്കാൻ കൽപ്പനകൊടുത്തു. അങ്ങനെ അവർ വന്ന് രാജസന്നിധിയിൽ നിന്നു.
൨രാജാവിനോട് സ്വപ്നം അറിയിക്കുവാൻ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിക്കുവാൻ രാജാവ് കല്പിച്ചു; അവർ വന്ന് രാജസന്നിധിയിൽ നിന്നു.
3 അപ്പോൾ രാജാവ് അവരോട്, “ഞാൻ ഒരു സ്വപ്നംകണ്ടു. അത് എന്നെ വളരെയധികം അസ്വസ്ഥനാക്കുന്നു സ്വപ്നത്തിന്റെ അർഥം എന്താണെന്ന് എനിക്ക് അറിയണം” എന്നു പറഞ്ഞു.
൩രാജാവ് അവരോട്: “ഞാൻ ഒരു സ്വപ്നം കണ്ടു; സ്വപ്നം ഓർക്കുവാൻ കഴിയാതെ എന്റെ മനസ്സ് വ്യാകുലപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞു.
4 ജ്യോതിഷികൾ അരാമ്യഭാഷയിൽ രാജാവിനോടു പറഞ്ഞു: “രാജാവു ദീർഘായുസ്സായിരിക്കട്ടെ! സ്വപ്നമെന്തെന്ന് അടിയങ്ങളോടു കൽപ്പിച്ചാലും; ഞങ്ങൾ അതിന്റെ അർഥം വെളിപ്പെടുത്താം.”
൪അതിന് കല്ദയർ അരാമ്യഭാഷയിൽ രാജാവിനോട്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു അറിയിച്ചാലും; അർത്ഥം ബോധിപ്പിക്കാം” എന്നുണർത്തിച്ചു.
5 രാജാവ് ജ്യോതിഷികളോട് ഉത്തരം പറഞ്ഞത്: “എന്റെ ദൃഢനിശ്ചയം ഇതാണ്: സ്വപ്നവും അതിന്റെ അർഥവും നിങ്ങൾ എന്നെ അറിയിക്കാത്തപക്ഷം നിങ്ങളുടെ അവയവങ്ങൾ ഓരോന്നായി ഛേദിച്ചു വേർപെടുത്തുകയും നിങ്ങളുടെ വീട് കൽക്കൂമ്പാരമാക്കുകയും ചെയ്യും.
൫രാജാവ് കല്ദയരോട് ഉത്തരം അരുളിയത്: “വിധി കല്പിച്ചുപോയി; സ്വപ്നവും അർത്ഥവും അറിയിക്കാഞ്ഞാൽ നിങ്ങളെ കഷണംകഷണമായി നുറുക്കുകയും നിങ്ങളുടെ വീടുകൾ കുപ്പക്കുന്നാക്കുകയും ചെയ്യും;
6 എന്നാൽ സ്വപ്നവും അർഥവും നിങ്ങൾ എന്നെ അറിയിക്കുമെങ്കിൽ, നിങ്ങൾക്കു സമ്മാനങ്ങളും പ്രതിഫലവും വലിയ ബഹുമതിയും ലഭിക്കും. അതിനാൽ സ്വപ്നവും അതിന്റെ അർഥവും എന്നെ അറിയിക്കുക,” എന്നായിരുന്നു.
൬സ്വപ്നവും അർത്ഥവും അറിയിച്ചാൽ നിങ്ങൾക്ക് സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ട് സ്വപ്നവും അർത്ഥവും അറിയിക്കുവിൻ”.
7 അവർ ഒരിക്കൽക്കൂടി രാജാവിനോട് ഉത്തരം പറഞ്ഞു: “രാജാവ് സ്വപ്നം അടിയങ്ങളെ അറിയിച്ചാലും; അർഥം ഞങ്ങൾ വെളിപ്പെടുത്താം.”
൭അവർ പിന്നെയും: “രാജാവ് സ്വപ്നം അടിയങ്ങളോട് അറിയിച്ചാലും; അർത്ഥം ബോധിപ്പിക്കാം” എന്ന് ഉണർത്തിച്ചു.
8 രാജാവ് ഉത്തരം പറഞ്ഞു: “എന്റെ കൽപ്പന മാറ്റം വരുത്താൻ കഴിയാത്തതെന്നറിഞ്ഞിട്ടും നിങ്ങൾ സമയം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണ്.
൮അതിന് രാജാവ് മറുപടി കല്പിച്ചത്: “വിധി കല്പിച്ചുപോയി എന്ന് നിങ്ങൾ മനസ്സിലാക്കി കാലതാമസം വരുത്തുവാൻ നോക്കുന്നു എന്ന് ഞാൻ അറിയുന്നു.
9 നിങ്ങൾ സ്വപ്നം എന്നെ അറിയിക്കുന്നില്ലെങ്കിൽ നിങ്ങൾക്കുള്ള വിധി ഒന്നുമാത്രം. ഞാൻ എന്റെ മനസ്സു മാറ്റുന്നതുവരെ എന്നോടു വ്യാജവും വഷളത്തവും പറയാൻ നിങ്ങൾ ഒത്തുചേർന്നിരിക്കുന്നു. അതിനാൽ നിങ്ങൾക്ക് അർഥം പറയാൻ കഴിയുമോ എന്ന് എനിക്ക് അറിയേണ്ടതിന് ആദ്യം സ്വപ്നം എന്തെന്നു നിങ്ങൾ എന്നോടു പറയുക.”
൯നിങ്ങൾ സ്വപ്നം അറിയിക്കാതിരുന്നാൽ നിങ്ങൾക്ക് ഒരു വിധി മാത്രമേയുള്ളു; സാഹചര്യം മാറുന്നതുവരെ എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറയുവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറയുവിൻ; എന്നാൽ അർത്ഥവും അറിയിക്കുവാൻ നിങ്ങൾക്ക് കഴിയും എന്ന് എനിക്ക് ബോധ്യമാകും”.
10 ജ്യോതിഷികൾ രാജാവിനോട് ഉത്തരം പറഞ്ഞത്: “ഭൂമിയിലുള്ള മഹാനും ശക്തനുമായ ഒരു രാജാവും ഇപ്രകാരമൊരു കാര്യം ഏതെങ്കിലും ആഭിചാരകനോടോ മന്ത്രവാദിയോടോ ജ്യോത്സ്യനോടോ നാളിതുവരെ ചോദിച്ചിട്ടില്ല. ഈ കാര്യം രാജാവിനെ അറിയിക്കാൻ കഴിവുള്ള യാതൊരു മനുഷ്യനും ഭൂമിയിൽ ഇല്ല.
൧൦കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: “രാജാവിന്റെ കാര്യം അറിയിക്കുവാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഒരു രാജാവും ഇതുപോലെ ഒരു കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.
11 തന്നെയുമല്ല, രാജാവ് ആവശ്യപ്പെടുന്ന കാര്യം വളരെ പ്രയാസമുള്ളതാണ്. ദേവതകൾ ഒഴികെ, ഈ കാര്യം രാജാവിനെ അറിയിക്കാൻ കഴിവുള്ള ആരുംതന്നെയില്ല. ദേവതകൾ മനുഷ്യരുടെ ഇടയിൽ ജീവിക്കുന്നവരുമല്ലല്ലോ,” എന്നായിരുന്നു.
൧൧രാജാവ് ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അത് അറിയിക്കുവാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴിയുകയില്ല”.
12 ഇതു കേട്ടപ്പോൾ രാജാവ് അത്യന്തം കുപിതനായി. ബാബേലിലെ എല്ലാ ജ്ഞാനികളെയും നശിപ്പിക്കാൻ അദ്ദേഹം കൽപ്പനകൊടുത്തു.
൧൨ഇതു മൂലം രാജാവ് കോപിച്ച് അത്യന്തം ക്രുദ്ധിച്ചു: ബാബേലിലെ സകലവിദ്വാന്മാരെയും നശിപ്പിക്കുവാൻ കല്പന കൊടുത്തു.
13 അങ്ങനെ സകലജ്ഞാനികളെയും കൊന്നുകളയാനുള്ള കൽപ്പന രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു. ദാനീയേലിനെയും സ്നേഹിതന്മാരെയുംകൂടെ കൊല്ലുന്നതിന് അവർ ഉദ്യോഗസ്ഥരെ അയച്ചു.
൧൩അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പ് പുറപ്പെട്ടതിനാൽ, അവർ ദാനീയേലിനെയും കൂട്ടുകാരെയും കൂടി കൊല്ലുവാൻ അന്വേഷിച്ചു.
14 അങ്ങനെ ബാബേലിലെ ജ്ഞാനികളെയെല്ലാം കൊല്ലുന്നതിനു രാജാവിന്റെ സൈന്യാധിപനായ അര്യോക്ക് പുറപ്പെട്ടു. അദ്ദേഹത്തോട് ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും ഉത്തരം പറഞ്ഞു.
൧൪എന്നാൽ ബാബേലിലെ വിദ്വാന്മാരെ കൊന്നുകളയുവാൻ പുറപ്പെട്ട രാജാവിന്റെ അകമ്പടിനായകനായ അര്യോക്കിനോട് ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും കൂടി സംസാരിച്ചു.
15 രാജാവിന്റെ സൈന്യാധിപനായ അര്യോക്കിനോട് ദാനീയേൽ ചോദിച്ചു: “രാജാവ് ഇത്ര കഠിനമായ ഈ കൽപ്പന പുറപ്പെടുവിക്കാൻ സംഗതിയെന്ത്?” അപ്പോൾ അര്യോക്ക് ദാനീയേലിനോട് കാര്യം വിശദീകരിച്ചു.
൧൫“രാജസന്നിധിയിൽനിന്ന് ഇത്ര കഠിനകല്പന പുറപ്പെടുവാൻ സംഗതി എന്ത്” എന്ന് അവൻ രാജാവിന്റെ സേനാപതിയായ അര്യോക്കിനോട് ചോദിച്ചു; അര്യോക്ക് ദാനീയേലിനോട് കാര്യം അറിയിച്ചു;
16 ഉടൻതന്നെ രാജസന്നിധിയിൽച്ചെന്ന് സ്വപ്നവ്യാഖ്യാനം രാജാവിനെ അറിയിക്കേണ്ടതിനു തനിക്കു സമയം നൽകണമെന്ന് ദാനീയേൽ അപേക്ഷിച്ചു.
൧൬ദാനീയേൽ അകത്ത് ചെന്ന് രാജാവിനോട് തനിക്കു സമയം നൽകണം എന്നും താൻ രാജാവിനോട് അർത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.
17 പിന്നീട്, ദാനീയേൽ ഭവനത്തിലെത്തി തന്റെ സ്നേഹിതന്മാരായ ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവരോട് കാര്യം വിവരിച്ചുകേൾപ്പിച്ചു.
൧൭പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു; താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടി നശിച്ചുപോകാതിരിക്കേണ്ടതിന്,
18 അദ്ദേഹം അവരോട്, ബാബേലിലെ ജ്ഞാനികളായ മറ്റു പുരുഷന്മാരോടൊപ്പം വധിക്കപ്പെടാതിരിക്കേണ്ടതിന് ഈ രഹസ്യത്തെ സംബന്ധിച്ച് സ്വർഗത്തിലെ ദൈവത്തിന്റെ കാരുണ്യം തങ്ങൾക്കു ലഭിക്കേണ്ടതിന് അപേക്ഷിക്കാൻ ഉദ്ബോധിപ്പിച്ചു.
൧൮ഈ രഹസ്യത്തെക്കുറിച്ച് സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിക്കുവാൻ തക്കവിധം കൂട്ടുകാരായ ഹനന്യാവിനോടും മീശായേലിനോടും അസര്യാവിനോടും കാര്യം അറിയിച്ചു.
19 ആ രാത്രിയിൽ ഒരു ദർശനത്തിൽ ദാനീയേലിന് ആ രഹസ്യം വെളിപ്പെട്ടു. അപ്പോൾ ദാനീയേൽ സ്വർഗത്തിലെ ദൈവത്തെ ഇപ്രകാരം സ്തുതിച്ചു.
൧൯അങ്ങനെ ആ രഹസ്യം ദാനീയേലിന് രാത്രിദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ച് പറഞ്ഞത്:
20 അദ്ദേഹം: “ദൈവത്തിന്റെ നാമം എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ; ജ്ഞാനവും ശക്തിയും അവിടത്തേക്കുള്ളത്.
൨൦“ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവനുള്ളതല്ലയോ.
21 അവിടന്നു കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവിടന്നു രാജാക്കന്മാരെ നീക്കംചെയ്യുകയും ഉറപ്പിക്കുകയും ചെയ്യുന്നു. അവിടന്നു ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു വിവേകവും നൽകുന്നു.
൨൧അവൻ കാലങ്ങളും സമയങ്ങളും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കുകയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.
22 അവിടന്ന് അഗാധവും നിഗൂഢവുമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നു; ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് അവിടന്ന് അറിയുന്നു, വെളിച്ചം അവിടത്തോടൊപ്പം വസിക്കുന്നു.
൨൨അവൻ അഗാധവും ഗൂഢവും ആയ കാര്യങ്ങൾ വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളത് അറിയുന്നു; വെളിച്ചം അവനോടുകൂടി വസിക്കുന്നു.
23 എന്റെ പിതാക്കന്മാരുടെ ദൈവമേ, അവിടന്ന് എനിക്കു ജ്ഞാനവും ശക്തിയും നൽകിയിരിക്കുകയാൽ ഞാൻ അവിടത്തെ വാഴ്ത്തുന്നു. ഞങ്ങൾ അവിടത്തോട് അപേക്ഷിച്ച കാര്യം അവിടന്ന് എന്നെ അറിയിച്ചിരിക്കുന്നു, രാജാവിന്റെ സ്വപ്നത്തെക്കുറിച്ച് അവിടന്നു ഞങ്ങൾക്ക് വെളിപ്പെടുത്തിയിരിക്കുന്നു.”
൨൩എന്റെ പിതാക്കന്മാരുടെ ദൈവമേ, നീ എനിക്ക് ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോട് അപേക്ഷിച്ചത് ഇപ്പോൾ എന്നെ അറിയിച്ച് രാജാവിന്റെ കാര്യം ഞങ്ങൾക്ക് വെളിപ്പെടുത്തിത്തന്നിരിക്കുകയാൽ ഞാൻ നിന്നെ വാഴ്ത്തിസ്തുതിക്കുന്നു”.
24 പിന്നീട്, ദാനീയേൽ ബാബേലിലെ ജ്ഞാനികളെ നശിപ്പിക്കാൻ രാജാവു നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്നു. അദ്ദേഹത്തോട്: “ബാബേലിലെ ജ്ഞാനികളെ വധിക്കരുത്. എന്നെ രാജസന്നിധിയിലേക്കു കൊണ്ടുപോകുക; ഞാൻ രാജാവിനു സ്വപ്നത്തിന്റെ പൊരുൾ വ്യാഖ്യാനിച്ചുകൊടുക്കാം” എന്നു പറഞ്ഞു.
൨൪അതുകൊണ്ട് ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കുവാൻ രാജാവ് നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്ന് അവനോട്: “ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുത്; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകണം; ഞാൻ രാജാവിനെ അർത്ഥം ബോധിപ്പിക്കാം” എന്ന് പറഞ്ഞു.
25 അര്യോക്ക് തിടുക്കത്തിൽ ദാനീയേലിനെ രാജസന്നിധിയിലെത്തിച്ചിട്ട് രാജാവിനോട്: “രാജാവിനു സ്വപ്നം വ്യാഖ്യാനിച്ചുനൽകാൻ കഴിവുള്ള ഒരുവനെ ഞാൻ യെഹൂദാപ്രവാസികളിൽ കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു.
൨൫അര്യോക്ക് ദാനീയേലിനെ വേഗം രാജസന്നിധിയിൽ കൊണ്ടുചെന്നു: “രാജാവിനെ അർത്ഥം ബോധിപ്പിക്കേണ്ടതിന് യെഹൂദാപ്രവാസികളിൽ ഒരുവനെ ഞാൻ കണ്ടെത്തിയിരിക്കുന്നു” എന്ന് ഉണർത്തിച്ചു.
26 രാജാവ് ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേലിനോട്: “ഞാൻ കണ്ട സ്വപ്നവും അതിന്റെ അർഥവും വെളിപ്പെടുത്താൻ നിനക്കു കഴിയുമോ?” എന്നു ചോദിച്ചു.
൨൬ബേല്‍ത്ത്ശസ്സർ എന്നും പേരുള്ള ദാനീയേലിനോട് രാജാവ്: “ഞാൻ കണ്ട സ്വപ്നവും അർത്ഥവും അറിയിക്കുവാൻ നിനക്ക് കഴിയുമോ?” എന്ന് ചോദിച്ചു.
27 ദാനീയേൽ രാജാവിനോട് ഇപ്രകാരം ഉത്തരം പറഞ്ഞു: “രാജാവു ചോദിച്ച ഈ രഹസ്യം തിരുമനസ്സിനെ അറിയിക്കാൻ ജ്ഞാനികൾക്കോ മന്ത്രവാദികൾക്കോ ആഭിചാരകന്മാർക്കോ ദേവപ്രശ്നംവെക്കുന്നവർക്കോ കഴിയുകയില്ല.
൨൭ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: “രാജാവു ചോദിച്ച രഹസ്യകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിക്കുവാൻ കഴിയുന്നതല്ല.
28 എന്നാൽ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിലുണ്ട്. ഭാവിയിൽ സംഭവിക്കേണ്ടത് അവിടന്ന് നെബൂഖദ്നേസർ രാജാവിനു വെളിപ്പെടുത്തിയിരിക്കുന്നു. പള്ളിമെത്തയിലായിരുന്നപ്പോൾ കണ്ട സ്വപ്നവും തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ഇവയാണ്:
൨൮എങ്കിലും രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; അവൻ ഭാവികാലത്ത് സംഭവിക്കുവാനിരിക്കുന്നത് നെബൂഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവച്ച് തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ഇവയാകുന്നു:
29 “രാജാവേ, പള്ളിമെത്തയിൽ ആയിരുന്നപ്പോൾ ഭാവിയിൽ എന്തു സംഭവിക്കും എന്നുള്ള ചിന്ത തിരുമനസ്സിലുണ്ടായി. രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവൻ അത് അങ്ങയെ അറിയിച്ചുമിരിക്കുന്നു.
൨൯“രാജാവേ, ഇനി മേൽ സംഭവിക്കുവാനിരിക്കുന്നത് എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവച്ച് തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവൻ സംഭവിക്കുവാനിരിക്കുന്നത് അറിയിച്ചുമിരിക്കുന്നു.
30 ജീവനോടിരിക്കുന്ന ഏതെങ്കിലും മനുഷ്യനെക്കാൾ അധികം ജ്ഞാനം എന്നിൽ ഉള്ളതുകൊണ്ടല്ല, പിന്നെയോ, രാജാവിനോട് അർഥം ബോധിപ്പിക്കേണ്ടതിനും അങ്ങയുടെ മനസ്സിലുണ്ടായ ചിന്തകൾ അങ്ങ് ഗ്രഹിക്കുന്നതിനുംവേണ്ടിയാണ് ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നത്.
൩൦എനിക്ക് ജീവനോടിരിക്കുന്ന ആരേക്കാളും അധിക ജ്ഞാനം ഉണ്ടായിട്ടല്ല, പ്രത്യുത, രാജാവിനോട് അർത്ഥം ബോധിപ്പിക്കേണ്ടതിനും തിരുമനസ്സിലെ വിചാരം അങ്ങ് അറിയേണ്ടതിനും ആകുന്നു ഈ രഹസ്യം എനിക്ക് വെളിപ്പെട്ടിരിക്കുന്നത്.
31 “രാജാവേ, അങ്ങു നോക്കിയപ്പോൾ അങ്ങയുടെ മുമ്പിലായി ഒരു വലിയ പ്രതിമ—അത്യധികം വലുപ്പമുള്ളതും ശോഭയോടെ തിളങ്ങുന്നതും കാഴ്ചയിൽ ഭയാനകവുമായ ഒരു പ്രതിമ—കാണപ്പെട്ടു.
൩൧രാജാവു കണ്ട ദർശനം: വലിയ ഒരു ബിംബം; വലിപ്പമേറിയതും വിശേഷശോഭയുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.
32 പ്രതിമയുടെ തല തങ്കനിർമിതമായിരുന്നു. അതിന്റെ നെഞ്ചും കൈകളും വെള്ളികൊണ്ടും വയറും തുടകളും വെങ്കലംകൊണ്ടും
൩൨ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കൈകളും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പുകൊണ്ടും
33 കാലുകൾ ഇരുമ്പുകൊണ്ടും അതിന്റെ പാദങ്ങൾ ഭാഗികമായി ഇരുമ്പുകൊണ്ടും ഭാഗികമായി കളിമണ്ണുകൊണ്ടും ആയിരുന്നു.
൩൩കാൽ പകുതി ഇരിമ്പുകൊണ്ടും പകുതി കളിമണ്ണുകൊണ്ടും ആയിരുന്നു.
34 അങ്ങ് നോക്കിക്കൊണ്ടിരിക്കെ, മനുഷ്യന്റെ കൈകൾകൊണ്ടല്ലാതെ രൂപപ്പെടുത്തിയ ഒരു പാറ അടർന്നുവന്നു പ്രതിമയുടെ ഇരുമ്പും കളിമണ്ണുംകൊണ്ടുള്ള കാൽ ഇടിച്ചുതകർത്തുകളഞ്ഞു.
൩൪തിരുമനസ്സുകൊണ്ട് നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ല് പറിഞ്ഞുവന്ന് ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ച് തകർത്തുകളഞ്ഞു.
35 അപ്പോൾ ഇരുമ്പും കളിമണ്ണും വെങ്കലവും വെള്ളിയും സ്വർണവും എല്ലാം ഒരുപോലെ തകർന്നു തരിപ്പണമായി; അതു വേനൽക്കാലത്തു മെതിക്കളത്തിലെ പതിരുപോലെ ആയിത്തീർന്നു. ഒന്നും ശേഷിപ്പിക്കാതെ കാറ്റ് അവയെ പറപ്പിച്ചുകളഞ്ഞു. പ്രതിമയെ ഇടിച്ച കല്ലോ, ഒരു വലിയ പർവതമായിത്തീർന്ന് ഭൂമിയിലെല്ലാം നിറഞ്ഞു.
൩൫ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്ന് വേനല്ക്കാലത്ത് കളത്തിലെ പതിർപോലെ ആയിത്തീർന്നു; ഒരിടത്തും തങ്ങാതെ കാറ്റ് അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ല് ഒരു മഹാപർവ്വതമായിത്തീർന്ന് ഭൂമിയിൽ എല്ലാം നിറഞ്ഞു.
36 “ഇതായിരുന്നു സ്വപ്നം. ഇനി ഞങ്ങൾ രാജാവിനോട് സ്വപ്നത്തിന്റെ പൊരുൾ വിവരിക്കാം.
൩൬ഇതത്രെ സ്വപ്നം; അർത്ഥവും അടിയങ്ങൾ തിരുമുമ്പാകെ അറിയിക്കാം.
37 രാജാവേ, അങ്ങ് രാജാധിരാജൻതന്നെ. സ്വർഗസ്ഥനായ ദൈവം അങ്ങേക്ക് ആധിപത്യവും ശക്തിയും ബലവും മഹത്ത്വവും നൽകിയിരിക്കുന്നു;
൩൭രാജാവേ, തിരുമനസ്സുകൊണ്ട് രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്ക് രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.
38 മനുഷ്യവർഗത്തെയും വയലിലെ മൃഗങ്ങളെയും ആകാശത്തിലെ പറവകളെയും അവിടന്ന് അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു. അവയ്ക്കെല്ലാം അവിടന്ന് അങ്ങയെ ഭരണാധികാരിയാക്കിയിരിക്കുന്നു. സ്വർണംകൊണ്ടുള്ള തല അങ്ങുതന്നെ.
൩൮മനുഷ്യവാസം ഉള്ളിടത്തൊക്കെ അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കൈയിൽ തന്നു, എല്ലാറ്റിനും അങ്ങയെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സു തന്നെ.
39 “അങ്ങേക്കുശേഷം അങ്ങയുടേതിനെക്കാൾ താണ മറ്റൊരു രാജത്വം ഉയർന്നുവരും. അടുത്തതായി വെങ്കലംകൊണ്ടുള്ള മൂന്നാമതൊരു രാജത്വം ഭൂമിയെ മുഴുവൻ ഭരിക്കും.
൩൯തിരുമനസ്സിനു ശേഷം തിരുമേനിയേക്കാൾ താഴ്ന്ന മറ്റൊരു രാജത്വവും സർവ്വഭൂമിയിലും വാഴുവാനിരിക്കുന്ന താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.
40 പിന്നീടുള്ള നാലാമത്തെ രാജത്വം ഇരുമ്പുപോലെ ശക്തമായിരിക്കും—ഇരുമ്പ് സകലതിനെയും തകർത്തു നശിപ്പിക്കുന്നല്ലോ—ഇരുമ്പു സകലതിനെയും തകർത്തുകളയുന്നതുപോലെ അത് എല്ലാറ്റിനെയും തകർത്തു തരിപ്പണമാക്കും.
൪൦നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പ് സകലത്തെയും തകർത്ത് കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അത് മറ്റു രാജത്വങ്ങളെയെല്ലാം ഇടിച്ച് തകർത്തുകളയും.
41 കാലും കാൽവിരലുകളും, ഭാഗികമായി കളിമണ്ണും ഭാഗികമായി ഇരുമ്പുമായി, അങ്ങു കണ്ടതുപോലെ അത് ഒരു വിഭജിതരാജത്വം ആയിരിക്കും. എന്നാൽ ഇരുമ്പും കളിമണ്ണും ഇടകലർന്നുകണ്ടതുപോലെ അതിൽ ഇരുമ്പിന്റെ ശക്തി കുറെ ഉണ്ടായിരിക്കും.
൪൧കാലും കാൽ വിരലും പകുതി കളിമണ്ണും പാതി ഇരുമ്പും കൊണ്ടുള്ളതായി കണ്ടതിന്റെ അർത്ഥമോ: അത് ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിനുള്ള ബലം കുറെ ഉണ്ടായിരിക്കും.
42 കാൽവിരലുകൾ പകുതി ഇരുമ്പും പകുതി കളിമണ്ണും ആയിരുന്നതുപോലെ ആ രാജത്വം ഭാഗികമായി ശക്തവും ഭാഗികമായി ദുർബലവും ആയിരിക്കും.
൪൨കാൽവിരൽ പകുതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ട് ആയിരുന്നതുപോലെ രാജത്വം കുറെ ബലമുള്ളതും കുറെ ഉടഞ്ഞുപോകുന്നതും ആയിരിക്കും.
43 അതിൽ ഇരുമ്പു കേവലം കളിമണ്ണിനോടു കലർന്നിരുന്നതുപോലെ അവർ വിവാഹബന്ധത്തിലൂടെ പരസ്പരം ഇടകലർന്നിരിക്കും. എങ്കിലും ഇരുമ്പു കളിമണ്ണിനോടു ചേരാത്തതുപോലെ അവർതമ്മിലും ചേർച്ചയുണ്ടാകുകയില്ല.
൪൩ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ അർത്ഥമോ: മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല.
44 “ആ രാജാക്കന്മാരുടെ കാലത്ത് സ്വർഗത്തിലെ ദൈവം ഒരിക്കലും നശിക്കാത്ത ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം മറ്റൊരു ജനതയ്ക്ക് ഏൽപ്പിക്കപ്പെടുകയില്ല. അത് ഈ സകലരാജ്യങ്ങളെയും തകർത്തു നശിപ്പിക്കും. എന്നാൽ ആ രാജ്യം എന്നേക്കും നിലനിൽക്കും.
൪൪ഈ രാജാക്കന്മാരുടെ കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജനതക്കും ഏല്പിക്കപ്പെടുകയില്ല; അത് മറ്റ് രാജത്വങ്ങളെ എല്ലാം തകർത്ത് നശിപ്പിക്കുകയും എന്നേക്കും നിലനില്‍ക്കുകയും ചെയ്യും.
45 പർവതത്തിൽനിന്ന് മനുഷ്യന്റെ കരസ്പർശം കൂടാതെ പൊട്ടിച്ചെടുത്ത ഒരു കല്ലു വന്ന് ഇരുമ്പിനെയും വെങ്കലത്തെയും കളിമണ്ണിനെയും വെള്ളിയെയും സ്വർണത്തെയും തകർത്തുകളഞ്ഞതായി അങ്ങു കണ്ട ദർശനത്തിന്റെ അർഥം ഇതാണ്: “ഭാവിയിൽ സംഭവിക്കാനുള്ളത് വലിയവനായ ദൈവം അങ്ങയെ അറിയിച്ചിരിക്കുന്നു. സ്വപ്നം യാഥാർഥ്യവും അതിന്റെ വ്യാഖ്യാനം വിശ്വാസയോഗ്യവുമാണ്.”
൪൫കൈ തൊടാതെ ഒരു കല്ല് പർവ്വതത്തിൽനിന്ന് പറിഞ്ഞുവന്ന് ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്റെ അർത്ഥമോ: മഹാദൈവം മേലാൽ സംഭവിക്കുവാനുള്ളത് രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു”.
46 അപ്പോൾ നെബൂഖദ്നേസർ രാജാവു സാഷ്ടാംഗം വീണ് ദാനീയേലിനെ നമസ്കരിച്ചു. അദ്ദേഹത്തിന് ഒരു വഴിപാടും സൗരഭ്യധൂപവും അർപ്പിക്കാൻ കൽപ്പനകൊടുത്തു.
൪൬അപ്പോൾ നെബൂഖദ്നേസർ രാജാവ് സാഷ്ടാംഗം വീണ് ദാനീയേലിനെ നമസ്കരിച്ചു; അവന് ഒരു വഴിപാടും സൗരഭ്യവാസനയും അർപ്പിക്കണമെന്ന് കല്പിച്ചു. രാജാവ് ദാനീയേലിനോട്:
47 രാജാവു ദാനീയേലിനോട് ഉത്തരം പറഞ്ഞത്: “ഈ രഹസ്യം വെളിപ്പെടുത്താൻ നിനക്കു കഴിഞ്ഞതുകൊണ്ട് നിന്റെ ദൈവം ദേവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവനും ആകുന്നു.”
൪൭“നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ട് നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം” എന്ന് കല്പിച്ചു.
48 അതിനുശേഷം രാജാവ് ദാനീയേലിനെ ഉന്നതസ്ഥാനത്തേക്ക് ഉയർത്തുകയും അദ്ദേഹത്തിനു ധാരാളം സമ്മാനങ്ങൾ നൽകുകയും ചെയ്തു. രാജാവ് അദ്ദേഹത്തെ ബാബേൽ പ്രവിശ്യ മുഴുവന്റെയും ഭരണാധിപനാക്കുകയും ബാബേലിലെ എല്ലാ ജ്ഞാനികൾക്കും മേലധികാരിയാക്കുകയും ചെയ്തു.
൪൮രാജാവ് ദാനീയേലിന് ബഹുമതികളും അനേകം വലിയ സമ്മാനങ്ങളും കൊടുത്തു; അവനെ ബാബേൽസംസ്ഥാനത്തിന് അധിപതിയും ബാബേലിലെ സകലവിദ്വാന്മാർക്കും പ്രധാനവിചാരകനും ആക്കി.
49 മാത്രമല്ല, ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ബാബേൽ പ്രവിശ്യയുടെ ഭരണകാര്യങ്ങൾക്കു മേൽവിചാരകരാക്കി; ദാനീയേലോ, രാജകൊട്ടാരത്തിൽ താമസിച്ചു.
൪൯ദാനീയേലിന്റെ അപേക്ഷ പ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്ക് മേൽവിചാരകന്മാരാക്കി; ദാനീയേൽ രാജാവിന്റെ അരമനക്കുള്ളിൽ വസിച്ചു.