< ദാനീയേൽ 11 >
1 മേദ്യനായ ദാര്യാവേശിന്റെ ഒന്നാംവർഷത്തിൽ അദ്ദേഹത്തെ പിൻതാങ്ങുന്നതിനും സംരക്ഷിക്കുന്നതിനും ഞാൻ എഴുന്നേറ്റു.
ഞാനോ മേദ്യനായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു.
2 “ഇപ്പോഴോ, ഞാൻ നിന്നോടു സത്യം അറിയിക്കാം: പാർസിയിൽ ഇനി മൂന്നു രാജാക്കന്മാർകൂടെ എഴുന്നേൽക്കും. അതിനുശേഷം വരുന്ന നാലാമൻ അവരെല്ലാവരെക്കാളും അതിസമ്പന്നനായിരിക്കും. സമ്പത്തിലൂടെ പ്രബലനാകുമ്പോൾ അദ്ദേഹം എല്ലാവരെയും ഗ്രീക്കുദേശത്തിനെതിരേ ഇളക്കിവിടും.
ഇപ്പോഴോ, ഞാൻ നിന്നോടു സത്യം അറിയിക്കാം: പാർസിദേശത്തു ഇനി മൂന്നു രാജാക്കന്മാർ എഴുന്നേല്ക്കും; നാലാമത്തവൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പിക്കും.
3 പിന്നീടു ശക്തനായ ഒരു രാജാവ് എഴുന്നേൽക്കും. അദ്ദേഹം വലിയ അധികാരത്തോടെ ഭരിക്കുകയും സ്വന്തം ഇഷ്ടംപോലെ പ്രവർത്തിക്കുകയും ചെയ്യും.
പിന്നെ വിക്രമനായൊരു രാജാവു എഴുന്നേല്ക്കും; അവൻ വലിയ അധികാരത്തോടെ വാണു ഇഷ്ടംപോലെ പ്രവർത്തിക്കും.
4 അദ്ദേഹത്തിന്റെ പ്രതാപകാലത്തുതന്നെ അദ്ദേഹത്തിന്റെ രാജ്യം ഛിന്നഭിന്നമായി ആകാശത്തിലെ നാലുകാറ്റിലേക്കും ചിതറിപ്പോകും. അദ്ദേഹത്തിന്റെ അനന്തരഗാമികൾക്ക് അതു ലഭിക്കുകയില്ല. അദ്ദേഹത്തിന്റെ പ്രതാപം പിന്നെ അതിന് ഉണ്ടായിരിക്കില്ല. കാരണം, അത് ഉന്മൂലനംചെയ്യപ്പെട്ട് അന്യാധീനമാകും.
അവൻ നില്ക്കുമ്പോൾ തന്നേ, അവന്റെ രാജ്യം തകർന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അതു അവന്റെ സന്തതിക്കല്ല അവൻ വാണിരുന്ന അധികാരംപോലയുമല്ല അവന്റെ രാജത്വം നിർമ്മൂലമായി അവർക്കല്ല അന്യർക്കു അധീനമാകും.
5 “അപ്പോൾ തെക്കേരാജ്യത്തിലെ രാജാവു ശക്തനായിത്തീരും. അദ്ദേഹത്തിന്റെ സൈന്യാധിപന്മാരിൽ ഒരുവൻ അദ്ദേഹത്തെക്കാൾ ശക്തനായി ഭരണംനടത്തും. അദ്ദേഹത്തിന്റെ ആധിപത്യം മഹാ ആധിപത്യമായിരിക്കും.
എന്നാൽ തെക്കെദേശത്തിലെ രാജാവു പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരിൽ ഒരുത്തൻ അവനെക്കാൾ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായ്തീരും.
6 ഏതാനും വർഷം കഴിഞ്ഞ് അവർ ഒരു സഖ്യംചെയ്യും. തെക്കേരാജ്യത്തിലെ രാജാവിന്റെ പുത്രി, വടക്കേരാജ്യത്തിലെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്യാൻ വരും. എങ്കിലും അവളുടെ അധികാരം നിലനിർത്താൻ കഴിയുകയില്ല. ആ കാലത്ത് അദ്ദേഹവും അദ്ദേഹത്തിന്റെ ശക്തിയും തുടരുകയുമില്ല. അവളും അവളെ കൊണ്ടുചെന്നവരും അവളുടെ പിതാവും അവളെ തുണച്ചവരും ഉപേക്ഷിക്കപ്പെടും.
കുറെക്കാലം കഴിഞ്ഞിട്ടു അവർ തമ്മിൽ ഏകോപിക്കും; തെക്കെദേശത്തിലെ രാജാവിന്റെ മകൾ വടക്കെദേശത്തിലെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്‌വാൻ വരും; എങ്കിലും അതു നില്ക്കയില്ല; അവനും അവന്റെ സാഹിത്യവും നിലനില്ക്കയുമില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണെച്ചവനും ഭീതിവിഷയങ്ങളായ്തീരും.
7 “അവളുടെ വേരുകളിൽനിന്ന് മുളച്ച ഒരുവൻ അവളുടെ സ്ഥാനത്ത് ഉയർന്നുവരും. അദ്ദേഹം വടക്കേരാജ്യത്തെ രാജാവിന്റെ സൈന്യത്തിനെതിരേ വന്ന് അദ്ദേഹത്തിന്റെ കോട്ടയ്ക്കുള്ളിൽ പ്രവേശിക്കും; അദ്ദേഹം അവരോടു പൊരുതി ജയിക്കും.
എന്നാൽ അവന്നു പകരം അവളുടെ വേരിൽനിന്നു മുളെച്ച തൈയായ ഒരുവൻ എഴുന്നേല്ക്കും; അവൻ ബലം പ്രാപിച്ചു വടക്കെദേശത്തിലെ രാജാവിന്റെ കോട്ടയിൽ കടന്നു അവരുടെ നേരെ പ്രവർത്തിച്ചു ജയിക്കും.
8 മാത്രവുമല്ല, അവരുടെ ദേവതകളെ, അവരുടെ ലോഹപ്രതിമകളോടും സ്വർണവും വെള്ളിയുംകൊണ്ടുള്ള വിലയേറിയ പാത്രങ്ങളോടുംകൂടി അദ്ദേഹം ഈജിപ്റ്റിലേക്കു കൊണ്ടുപോകും. പിന്നീട് കുറെ വർഷത്തേക്ക് അദ്ദേഹം വടക്കേരാജ്യത്തിലെ രാജാവിനെ ആക്രമിക്കാതെയിരിക്കും.
അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവൻ എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവൻ കുറെ സംവത്സരത്തോളം വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും.
9 അതിനുശേഷം വടക്കേരാജ്യത്തിലെ രാജാവ് തെക്കേരാജ്യത്തിനെതിരേ ആക്രമണം അഴിച്ചുവിടും; എങ്കിലും സ്വന്തം രാജ്യത്തേക്കുതന്നെ മടങ്ങിപ്പോകും.
അവൻ തെക്കെ ദേശത്തിലെ രാജാവിന്റെ രാജ്യത്തേക്കു ചെന്നു സ്വദേശത്തേക്കു മടങ്ങിപ്പോരും.
10 അദ്ദേഹത്തിന്റെ പുത്രന്മാർ വീണ്ടും യുദ്ധത്തിനു തയ്യാറെടുക്കുകയും വിപുലമായൊരു സൈന്യത്തെ കൂട്ടിവരുത്തുകയും ചെയ്യും. ആ സൈന്യം മുന്നേറി, ആരാലും തടഞ്ഞുനിർത്താൻ കഴിയാത്ത പ്രളയജലപ്രവാഹംപോലെ മുന്നേറിവന്ന് അയാളുടെ കോട്ടവരെ യുദ്ധം എത്തിച്ചേരും.
അവന്റെ പുത്രന്മാരോ വീണ്ടും യുദ്ധം ആരംഭിക്കയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കയും ചെയ്യും; അതു വന്നു കവിഞ്ഞു കടന്നുപോകും; പിന്നെ അവൻ മടങ്ങിച്ചെന്നു അവന്റെ കോട്ടവരെ യുദ്ധം നടത്തും
11 “തെക്കേരാജ്യത്തിലെ രാജാവ് കുപിതനായി സൈന്യത്തെ നീക്കി വടക്കേദേശത്തിലെ രാജാവിനോടു യുദ്ധംചെയ്യും. വടക്കേദേശത്തിലെ രാജാവ് വലിയൊരു സൈന്യത്തെ അണിനിരത്തും, എന്നാൽ ആ സൈന്യം പരാജയപ്പെടും.
അപ്പോൾ തെക്കെദേശത്തിലെ രാജാവു ദ്വേഷ്യം പൂണ്ടു പുറപ്പെട്ടു വടക്കെദേശത്തിലെ രാജാവിനോടു യുദ്ധം ചെയ്യും; അവൻ വലിയോരു സമൂഹത്തെ അണിനിരത്തും; എന്നാൽ ആ സമൂഹം മറ്റവന്റെ കയ്യിൽ ഏല്പിക്കപ്പെടും.
12 ആ സൈന്യം തൂത്തെറിയപ്പെടുമ്പോൾ തെക്കേരാജ്യത്തിലെ രാജാവ് തന്റെ അഹന്തനിമിത്തം പതിനായിരക്കണക്കിന് ആളുകളെ അരിഞ്ഞുവീഴ്ത്തും, എന്നാലും അദ്ദേഹത്തിന്റെ വിജയം നിലനിൽക്കുകയില്ല.
ആ ജനസമൂഹം മുടിഞ്ഞുപോകും; അവന്റെ ഹൃദയം ഗർവ്വിച്ചു, അവൻ പതിനായിരം പതിനായിരം പേരെ വീഴുമാറാക്കും; എങ്കിലും അവൻ പ്രാബല്യം പ്രാപിക്കയില്ല.
13 വടക്കേരാജ്യത്തിലെ രാജാവ് മടങ്ങിവന്ന് മുമ്പിലത്തേതിലധികം സൈന്യത്തെ അണിനിരത്തും. ഏതാനും വർഷങ്ങൾക്കുശേഷം അദ്ദേഹം വലിയൊരു സൈന്യത്തോടും സർവസന്നാഹങ്ങളോടുംകൂടെ വരും.
വടക്കെദേശത്തിലെ രാജാവു മടങ്ങിവന്നു, മുമ്പിലത്തേതിനെക്കാൾ വലിയോരു ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരം കഴിഞ്ഞിട്ടു അവൻ വലിയോരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടെ പോരും.
14 “ആ കാലത്ത് തെക്കേരാജ്യത്തിലെ രാജാവിനെതിരേ പലരും എഴുന്നേൽക്കും. നിന്റെ ജനങ്ങളുടെ ഇടയിലുള്ള അക്രമികളും ദർശനം നിറവേറാൻ തക്കവണ്ണം മത്സരിക്കും, എന്നാൽ അവരും അടിപതറിവീഴും.
ആ കാലത്തു പലരും തെക്കെദേശത്തിലെ രാജാവിന്റെ നേരെ എഴുന്നേല്ക്കും; നിന്റെ ജനത്തിലുള്ള അക്രമികൾ ദർശനത്തെ നിവർത്തിപ്പാൻ തക്കവണ്ണം മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും.
15 അപ്പോൾ വടക്കേദേശത്തിലെ രാജാവു വന്ന് ചരിഞ്ഞ പാത പണിത് കോട്ടകെട്ടിയുറപ്പിച്ച ഒരു പട്ടണം പിടിച്ചെടുക്കും. തെക്കേരാജ്യത്തിലെ സൈന്യത്തിന് ആക്രമണം ചെറുത്തുനിൽക്കാനുള്ള ശേഷി ഉണ്ടാകുകയില്ല; അവരിൽ അതിശക്തരായ സൈനികവ്യൂഹംപോലും ഉറച്ചുനിൽക്കുകയില്ല,
എന്നാൽ വടക്കെദേശത്തിലെ രാജാവു വന്നു വാടകോരി ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കും; തെക്കെപടക്കൂട്ടങ്ങളും അവന്റെ ശ്രേഷ്ഠജനവും ഉറെച്ചുനില്ക്കയില്ല; ഉറെച്ചുനില്പാൻ അവർക്കു ശക്തിയുണ്ടാകയുമില്ല.
16 വടക്കേദേശത്തിലെ രാജാവ് അക്രമിച്ചുമുന്നേറി അദ്ദേഹത്തിന്റെ ഇഷ്ടംപോലെ പ്രവർത്തിക്കും; അദ്ദേഹത്തോട് എതിർത്തുനിൽക്കാൻ ആർക്കും കഴിയുകയില്ല. കുറെ കാലത്തേക്ക് അദ്ദേഹം മനോഹരദേശത്തു തന്റെ സ്ഥാനം ഉറപ്പിക്കും. അദ്ദേഹത്തിന്റെ പക്കൽ സംഹാരശേഷി ഉണ്ടായിരിക്കും.
അവന്റെ നേരെ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും. ആരും അവന്റെ മുമ്പാകെ നില്ക്കയില്ല; അവൻ മനോഹരദേശത്തു നില്ക്കും; അവന്റെ കയ്യിൽ സംഹാരം ഉണ്ടായിരിക്കും.
17 തന്റെ സർവരാജ്യത്തിന്റെയും ശക്തിയോടെ വരാൻ അദ്ദേഹം തീരുമാനിച്ച് തെക്കേരാജ്യത്തെ രാജാവുമായി സന്ധിചെയ്യും. അദ്ദേഹം ആ രാജ്യത്തെ നശിപ്പിക്കാൻവേണ്ടി ഒരു പുത്രിയെ അദ്ദേഹത്തിനു വിവാഹംചെയ്തുകൊടുക്കും. എന്നാൽ തന്റെ പദ്ധതി ഫലംകാണുകയില്ല; അവൾ അദ്ദേഹത്തിന്റെ പക്ഷത്തു നിൽക്കുകയുമില്ല.
അവൻ തന്റെ സർവ്വരാജ്യത്തിന്റെയും ശക്തിയോടുകൂടെ വരുവാൻ താല്പര്യം വെക്കും; എന്നാൽ അവൻ അവനോടു ഒരു ഉടമ്പടി ചെയ്തു, അവന്നു നാശത്തിന്നായി തന്റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവൾ നില്ക്കയില്ല; അവന്നു ഇരിക്കയുമില്ല.
18 പിന്നീട് അദ്ദേഹം തീരപ്രദേശങ്ങളിലേക്കു തിരിഞ്ഞ് നിരവധി പട്ടണങ്ങളും പിടിച്ചെടുക്കും. എന്നാൽ അദ്ദേഹത്തിന്റെ ധിക്കാരം ഒരു സൈന്യാധിപൻ നിർത്തലാക്കും; ആ ധിക്കാരത്തിനനുസൃതമായ പ്രതികാരവുംചെയ്യും.
പിന്നെ അവൻ തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതും പിടിക്കും; എന്നാൽ അവൻ കാണിച്ച നിന്ദ ഒരു അധിപതി നിർത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേൽ തന്നേ വരുത്തും.
19 പിന്നീട് അദ്ദേഹം സ്വന്തം ദേശത്തിലെ കോട്ടകൾക്കുനേരേ തിരിയും; എന്നാൽ പിന്നീടൊരിക്കലും കാണാത്തവിധം കാലിടറി നിലംപൊത്തും.
പിന്നെ അവൻ സ്വദേശത്തിലെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവൻ ഇടറിവീണു, ഇല്ലാതെയാകും;
20 “അതിനുശേഷം അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരുവൻ എഴുന്നേൽക്കും. അദ്ദേഹം തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു പീഡകനെ അയയ്ക്കും. എങ്കിലും ചില വർഷങ്ങൾക്കുള്ളിൽ അദ്ദേഹം സംഹരിക്കപ്പെടും. അതു കോപത്താലോ യുദ്ധത്താലോ ആയിരിക്കുകയില്ല.
അവന്നു പകരം എഴുന്നേല്ക്കുന്നവൻ തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു അപഹാരിയെ അയ്യക്കും; എങ്കിലും കുറെ ദിവസത്തിന്നകം അവൻ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.
21 “അദ്ദേഹത്തിന്റെ സ്ഥാനത്തു രാജത്വപദവി നൽകപ്പെട്ടിട്ടില്ലാത്ത നിന്ദ്യനായ ഒരുവൻ അധികാരത്തിലേക്കുവരും. ജനം സുരക്ഷിതരെന്നു കരുതിയിരിക്കുമ്പോൾ അയാൾ വന്ന് ഗൂഢാലോചനയിലൂടെ രാജ്യം കൈവശമാക്കും.
അവന്നു പകരം നിന്ദ്യനായ ഒരുത്തൻ എഴുന്നേല്ക്കും; അവന്നു അവർ രാജത്വത്തിന്റെ പദവി കൊടുപ്പാൻ വിചാരിച്ചിരുന്നില്ല; എങ്കിലും അവൻ സമാധാനകാലത്തു വന്നു ഉപായത്തോടെ രാജത്വം കൈവശമാക്കും.
22 പിന്നീട് പ്രളയതുല്യമായ ഒരു സൈന്യം അദ്ദേഹത്തിന്റെ മുമ്പിൽനിന്ന് തുടച്ചുനീക്കപ്പെടും. ഉടമ്പടിയുടെ പ്രഭുവും നാശമടയും.
പ്രളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവും കൂടെ അവന്റെ മുമ്പിൽ പ്രവഹിക്കപ്പെട്ടു തകർന്നുപോകും.
23 അദ്ദേഹത്തോടൊപ്പം സന്ധിചെയ്തശേഷം അദ്ദേഹം വഞ്ചന പ്രവർത്തിക്കും; ചുരുക്കംചില അനുയായികളോടൊപ്പം അദ്ദേഹം അധികാരത്തിലേക്ക് ഉയർത്തപ്പെടും.
ആരെങ്കിലും അവനോടു സഖ്യത ചെയ്താൽ അവൻ വഞ്ചന പ്രവർത്തിക്കും; അവൻ പുറപ്പെട്ടു അല്പം പടജ്ജനവുമായി വന്നു ജയംപ്രാപിക്കും.
24 സമാധാനകാലത്ത് പ്രവിശ്യകളിലെ ഏറ്റവും സമ്പത്തുള്ള സ്ഥലങ്ങളിലേക്കു കടന്നുചെന്ന് തന്റെ പിതാക്കന്മാർക്കോ അവരുടെ പൂർവപിതാക്കന്മാർക്കോ സാധിക്കാതിരുന്നത് അദ്ദേഹം നേടിയെടുക്കും. അദ്ദേഹം കൊള്ളയും കവർച്ചയും സമ്പത്തും തന്റെ അനുയായികൾക്കിടയിൽ വാരിവിതറും. കോട്ടകളുടെനേരേ അദ്ദേഹം തന്റെ പദ്ധതികൾ ആസൂത്രണം ചെയ്യും; എന്നാൽ അത് അൽപ്പകാലത്തേക്കുമാത്രമായിരിക്കും.
അവൻ സമാധാനകാലത്തു തന്നേ സംസ്ഥാനത്തിലെ പുഷ്ടിയേറിയ സ്ഥലങ്ങളിൽ വന്നു, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവൻ കവർച്ചയും കൊള്ളയും സമ്പത്തും അവർക്കു വിതറിക്കൊടുക്കും; അവൻ കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാൽ കുറെക്കാലത്തേക്കേയുള്ളു.
25 “അദ്ദേഹം ഒരു വിപുലസൈന്യത്തോടുകൂടെ വന്ന് തെക്കേദേശത്തിലെ രാജാവിനെതിരേ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും. തന്മൂലം തെക്കേദേശത്തിലെ രാജാവ് വളരെ വിപുലവും ശക്തവുമായ ഒരു സൈന്യവുമായി യുദ്ധത്തിനു പുറപ്പെടും; എങ്കിലും അവർ അദ്ദേഹത്തിനെതിരേ തന്ത്രങ്ങൾ പ്രയോഗിക്കുകകൊണ്ട് ചെറുത്തുനിൽക്കുക ദുഷ്കരമായിരിക്കും.
അവൻ ഒരു മഹാസൈന്യത്തോടുകൂടെ തെക്കെദേശത്തിലെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിന്നു പുറപ്പെടും; എങ്കിലും അവർ അവന്റെ നേരെ ഉപായം പ്രയോഗിക്കകൊണ്ടു അവൻ ഉറെച്ചുനില്ക്കയില്ല.
26 രാജാവിന്റെ ഭക്ഷണവിഹിതം കഴിക്കുന്നവർതന്നെ അദ്ദേഹത്തെ നശിപ്പിക്കും. അയാളുടെ സൈന്യം തൂത്തെറിയപ്പെടും; വളരെപ്പേർ കൊല്ലപ്പെട്ടവരായി വീഴുകയും ചെയ്യും.
അവന്റെ അന്നംകൊണ്ടു ഉപജീവനം കഴിക്കുന്നവൻ അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പോകും; പലരും നിഹതന്മാരായി വീഴും.
27 ഈ രാജാക്കന്മാർ ഇരുവരും ദുഷ്ടത പ്രവർത്തിക്കാൻ ഒരുമ്പെട്ടുകൊണ്ട് ഒരേ മേശയിൽവെച്ചുതന്നെ പരസ്പരം കപടം സംസാരിക്കും; എങ്കിലും അതു സഫലമാകുകയില്ല. നിർണയിക്കപ്പെട്ട സമയത്തുമാത്രമേ അവസാനം വരികയുള്ളൂ.
ഈ രാജാക്കന്മാർ ഇരുവരും ദുഷ്ടത പ്രവർത്തിപ്പാൻ ഭാവിച്ചുംകൊണ്ടു ഒരേ മേശയിങ്കൽവെച്ചു ഭോഷ്കു സംസാരിക്കും; എങ്കിലും അതു സാധിക്കയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമേ അവസാനം വരികയുള്ളു.
28 പിന്നീട് വടക്കേദേശത്തെ രാജാവ് വലിയ കവർച്ചയോടുകൂടെ സ്വന്തം ദേശത്തേക്കു മടങ്ങും; അദ്ദേഹത്തിന്റെ ഹൃദയം വിശുദ്ധ ഉടമ്പടിക്കെതിരേ ഉറച്ചിരിക്കും. അദ്ദേഹം അതിനെതിരേ സ്വന്തം ഇഷ്ടം പ്രവർത്തിച്ച് സ്വദേശത്തേക്കു മടങ്ങിപ്പോകും.
പിന്നെ അവൻ വളരെ സമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവൻ വിശുദ്ധനിയമത്തിന്നു വിരോധമായി മനോഗതം വെച്ചു, അതു അനുഷ്ഠിച്ചു സ്വദേശത്തേക്കു മടങ്ങിപ്പോകും.
29 “നിശ്ചയിക്കപ്പെട്ട സമയത്ത് അദ്ദേഹം വീണ്ടും തെക്കേദേശത്തെ ആക്രമിക്കും, എന്നാൽ ഈ അന്ത്യകാലഘട്ടത്തിൽ അതു മുമ്പിലത്തേതുപോലെ ഫലിക്കുകയില്ല.
നിയമിക്കപ്പെട്ട കാലത്തു അവൻ വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാദ്ധ്യമാകയില്ല.
30 കിത്തീം കപ്പലുകൾ അദ്ദേഹത്തിനുനേരേ വരും; അതിനാൽ അദ്ദേഹം നിരാശനായി മടങ്ങും. പിന്നീട് അദ്ദേഹം തന്റെ ക്രോധം വിശുദ്ധ ഉടമ്പടിക്കെതിരേ അഴിച്ചുവിടും. പിന്നീട് അദ്ദേഹം മടങ്ങിവന്ന് വിശുദ്ധ ഉടമ്പടി ഉപേക്ഷിക്കുന്നവരെ ആദരിക്കും.
കിത്തീംകപ്പലുകൾ അവന്റെ നേരെ വരും; അതുകൊണ്ടു അവൻ വ്യസനിച്ചു മടങ്ങിച്ചെന്നു, വിശുദ്ധനിയമത്തിന്നു നേരെ ക്രുദ്ധിച്ചു പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്നു വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.
31 “അദ്ദേഹം അയച്ച സൈന്യങ്ങൾ അണിനിരന്ന് വിശുദ്ധമന്ദിരത്തിന്റെ കോട്ട അശുദ്ധമാക്കി നിരന്തരം അർപ്പിക്കേണ്ട ഹോമയാഗം നിർത്തലാക്കും. അപ്പോൾ എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത അവർ അവിടെ പ്രതിഷ്ഠിക്കും.
അവൻ അയച്ച സൈന്യങ്ങൾ അണിനിരന്നു, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിർത്തൽചെയ്തു ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കും.
32 ഉടമ്പടിക്കു വിരുദ്ധമായി ദുഷ്ടതയോടെ പ്രവർത്തിക്കുന്നവരെ അയാൾ മുഖസ്തുതികൊണ്ട് വഷളാക്കും. എന്നാൽ തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്നു ധീരത കാണിക്കും.
നിയമത്തിന്നു വിരോധമായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറെച്ചുനിന്നു വീര്യം പ്രവർത്തിക്കും.
33 “ജനത്തിൽ ജ്ഞാനികൾ പലരെയും പ്രബോധിപ്പിക്കും. എങ്കിലും കുറെക്കാലത്തേക്ക് അവർ വാൾകൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും വീണുകൊണ്ടിരിക്കും.
ജനത്തിൽ ബുദ്ധിമാന്മാരായവർ പലർക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്കു അവർ വാൾകൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും വീണുകൊണ്ടിരിക്കും;
34 അവർ വീഴുമ്പോൾ അൽപ്പസഹായം അവർക്കു ലഭിക്കും. എന്നാൽ പലരും കാപട്യത്തോടെ അവരോടു ചേരും.
വീഴുമ്പോൾ അവർ അല്പസഹായത്താൽ രക്ഷപ്രാപിക്കും; പലരും കപടഭാവത്തോടെ അവരോടു ചേർന്നുകൊള്ളും.
35 എന്നാൽ അന്ത്യകാലംവരെയും അവരിൽ ശുദ്ധീകരണവും നിർമലീകരണവുംകൊണ്ട് നിഷ്കളങ്കരായി മാറ്റപ്പെടേണ്ടതിന് ജ്ഞാനികളിൽ ചിലർ ഇടറിവീഴും; കാരണം നിശ്ചയിക്കപ്പെട്ട സമയത്തുമാത്രമേ അന്ത്യം വരുകയുള്ളൂ.
എന്നാൽ അന്ത്യകാലംവരെ അവരിൽ പരിശോധനയും ശുദ്ധീകരണവും നിർമ്മലീകരണവും സാധിക്കേണ്ടതിന്നു ബുദ്ധിമാന്മാരിൽ ചിലർ വീഴും; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അന്തം വരും.
36 “രാജാവ് സ്വേച്ഛാധിപതിയെപ്പോലെ പ്രവർത്തിക്കും. അദ്ദേഹം എല്ലാ ദേവന്മാർക്കുംമീതേ തന്നെത്താൻ ഉയർത്തി ദേവാധിദൈവത്തിനെതിരേ കൊടിയ ദൂഷണം സംസാരിക്കും. ക്രോധകാലം തികയുവോളും അദ്ദേഹത്തിന്റെ പരിശ്രമങ്ങളെല്ലാം വിജയംനേടും; കാരണം നിർണയിക്കപ്പെട്ടത് അപ്രകാരം സംഭവിക്കുകതന്നെചെയ്യും.
രാജാവോ, ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവന്നും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കയും കോപം നിവൃത്തിയാകുവോളം അവന്നു സാധിക്കയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.
37 എല്ലാവർക്കുംമീതേ സ്വയം ഉയർത്തുന്നവനാകുകയാൽ അദ്ദേഹം തന്റെ പിതാക്കന്മാരുടെ ദേവതകളെയോ സ്ത്രീകളുടെ ഇഷ്ടദേവനെയോ മറ്റേതെങ്കിലും ദേവനെയോ ആദരിക്കുകയില്ല.
അവൻ എല്ലാറ്റിന്നും മേലായി തന്നെത്താൽ മഹത്വീകരിക്കയാൽ, തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.
38 പകരം അദ്ദേഹം തന്റെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത ഒരു ദേവനെ—കോട്ടകളുടെ ദേവനെത്തന്നെ—സ്വർണം, വെള്ളി, രത്നങ്ങൾ, അമൂല്യവസ്തുക്കൾ എന്നിവയാൽ ആദരിക്കും.
അതിന്നു പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാർ അറിയാത്ത ഒരു ദേവനെ അവൻ പൊന്നു കൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും.
39 ഒരു വിദേശദേവന്റെ സഹായത്തോടെ ഏറ്റവും ശക്തമായ കോട്ടകൾക്കെതിരേ അദ്ദേഹം ആഞ്ഞടിക്കും; തന്നെ അംഗീകരിക്കുന്നവർക്ക് അദ്ദേഹം വലിയ ബഹുമതി കൽപ്പിക്കും. പല ദേശങ്ങളെയും ഭരിക്കാൻ അദ്ദേഹം അവർക്ക് അനുവാദം നൽകി ദേശങ്ങളെ പ്രതിഫലമായി വിഭജിച്ചുകൊടുക്കും.
അവൻ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവെക്കും; അവനെ സ്വീകരിക്കുന്നവന്നു അവൻ മഹത്വം വർദ്ധിപ്പിക്കും; അവൻ അവരെ പലർക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.
40 “അന്ത്യകാലത്ത് തെക്കേദേശത്തെ രാജാവ് വടക്കേദേശത്തെ രാജാവുമായി യുദ്ധംചെയ്യും. രഥങ്ങളും കുതിരച്ചേവകരും വലിയ കപ്പൽവ്യൂഹങ്ങളുമായി വടക്കേദേശരാജാവ് ചുഴലിക്കാറ്റുപോലെ അദ്ദേഹത്തിനുനേരേ ചെല്ലും. അയാൾ അനേകം രാജ്യങ്ങളുടെമേൽ പാഞ്ഞുകയറി അവയെയെല്ലാം ഒരു പ്രളയംപോലെ കവിഞ്ഞൊഴുകി കടന്നുപോകും.
പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിർത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവൻ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും;
41 അദ്ദേഹം മനോഹരദേശത്തെയും ആക്രമിക്കും. അനേകം രാജ്യങ്ങൾ വീഴും; എന്നാൽ ഏദോമും മോവാബും അമ്മോന്യനേതാക്കന്മാരും അദ്ദേഹത്തിന്റെ കൈയിൽനിന്നു രക്ഷപ്പെടും.
അവൻ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേർ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യിൽനിന്നു വഴുതിപ്പോകും.
42 അദ്ദേഹം തന്റെ ശക്തിയുള്ള കൈനീട്ടി അനേകം രാജ്യങ്ങളെ പിടിച്ചടക്കും; ഈജിപ്റ്റുദേശം അതിൽനിന്ന് ഒഴിവാകുകയില്ല.
അവൻ ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല.
43 ഈജിപ്റ്റിലെ സ്വർണം, വെള്ളി എന്നീ നിക്ഷേപങ്ങളെയും അമൂല്യവസ്തുക്കളെയും അദ്ദേഹം കൈക്കലാക്കും. ലിബിയക്കാരും കൂശ്യരും അദ്ദേഹത്തിനു കീഴടങ്ങും.
അവൻ പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹര വസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികൾ ആയിരിക്കും.
44 എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള കിംവദന്തികൾ കേട്ട് അദ്ദേഹം അസ്വസ്ഥനാകും. അതുകൊണ്ടു പലരെയും നശിപ്പിക്കാനും ഉന്മൂലനംചെയ്യാനും അദ്ദേഹം മഹാക്രോധത്തോടെ പുറപ്പെടും.
എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അങ്ങനെ അവൻ പലരെയും നശിപ്പിച്ചു നിർമ്മൂലനാശം വരുത്തേണ്ടതിന്നു മഹാക്രോധത്തോടെ പുറപ്പെടും.
45 സമുദ്രത്തിനും മനോഹരമായ വിശുദ്ധപർവതത്തിനും മധ്യേ അദ്ദേഹം രാജകീയ കൂടാരങ്ങൾ തീർക്കും; എങ്കിലും അദ്ദേഹം ഒടുങ്ങും; ആരും അദ്ദേഹത്തെ സഹായിക്കുകയില്ല.
പിന്നെ അവൻ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപർവ്വതത്തിന്നും മദ്ധ്യേ മണിപ്പന്തൽ ഇടും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.