< ആമോസ് 6 >

1 സീയോനിൽ നിർവിചാരികളായിരിക്കുന്നവർക്കും ശമര്യാപർവതത്തിൽ നിർഭയരായിരിക്കുന്നവർക്കും യെഹൂദേതരരിൽ പ്രധാനികളായി ഇസ്രായേൽജനം അന്വേഷിക്കുന്ന ശ്രേഷ്ഠന്മാർക്കും ഹാ കഷ്ടം!
സീയോനിൽ സ്വൈരമായിരിക്കുന്നവരും ശമര്യാപർവ്വതത്തിൽ നിർഭയരായിരിക്കുന്നവരും ജനതകളിൽ പ്രധാനികളായ ശ്രേഷ്ഠന്മാരും, യിസ്രായേൽഗൃഹം സമീപിക്കുന്നവരുമായുള്ളോരേ, നിങ്ങൾക്ക് അയ്യോ കഷ്ടം.
2 കൽനെയിൽച്ചെന്ന് അതിനെ നോക്കുക; അവിടെനിന്നു മഹാനഗരമായ ഹമാത്തിലേക്കു പോകുക; അവിടെനിന്നു ഫെലിസ്ത്യരുടെ ഗത്തിലേക്കും പോകുക. ഇവർ നിങ്ങളുടെ രണ്ടു രാജ്യങ്ങളെക്കാൾ നന്നായിരിക്കുന്നോ? അവരുടെ ദേശം നിങ്ങളുടേതിനെക്കാൾ വിശാലമോ?
നിങ്ങൾ കല്നെയിൽ ചെന്നു നോക്കുവിൻ; അവിടെനിന്ന് മഹാനഗരമായ ഹമാത്തിലേക്ക് പോകുവിൻ; ഫെലിസ്ത്യരുടെ ഗത്തിലേക്ക് ചെല്ലുവിൻ; അവ ഈ രാജ്യങ്ങളെക്കാൾ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാൾ വിസ്താരമുള്ളതോ?
3 നിങ്ങൾ ദുർദിനം നീട്ടിവെക്കുന്നു, ഭീകരവാഴ്ചയെ സമീപസ്ഥമാക്കുന്നു.
നിങ്ങൾ ദുർദ്ദിവസം അകറ്റിവയ്ക്കുകയും സാഹസത്തിന്റെ ഇരിപ്പിടം അടുപ്പിക്കുകയും ചെയ്യുന്നു.
4 ദന്താലംകൃതമായ കട്ടിലുകളിൽ നിങ്ങൾ കിടക്കുന്നു ചാരുകട്ടിലുകളിൽ ചാരിക്കിടക്കുകയും ചെയ്യുന്നു. കുഞ്ഞാടുകളെയും തടിപ്പിച്ച കാളക്കിടാങ്ങളെയും നിങ്ങൾ ഭക്ഷിക്കുന്നു.
നിങ്ങൾ ആനക്കൊമ്പുകൊണ്ടുള്ള കട്ടിലുകളിന്മേൽ ചാരിയിരിക്കുകയും നിങ്ങളുടെ ശയ്യകളിന്മേൽ നിവർന്നു കിടക്കുകയും ആട്ടിൻകൂട്ടത്തിൽനിന്ന് കുഞ്ഞാടുകളെയും തൊഴുത്തിൽനിന്ന് പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു.
5 നിങ്ങൾ ദാവീദിനെപ്പോലെ കിന്നരങ്ങൾ ഉപയോഗിക്കുന്നു; സംഗീതോപകരണങ്ങൾ യാതൊരു മുന്നൊരുക്കവുമില്ലാതെ മീട്ടുന്നു.
നിങ്ങൾ വീണാനാദത്തോടെ വ്യർത്ഥസംഗീതം മീട്ടി ദാവീദിനെപ്പോലെ സംഗീതോപകരണങ്ങൾ ഉണ്ടാക്കുന്നു.
6 നിങ്ങൾ ചഷകങ്ങൾ നിറയെ വീഞ്ഞു കുടിക്കുന്നു വിശേഷതൈലങ്ങൾ തേക്കുകയും ചെയ്യുന്നു. എന്നാൽ, യോസേഫിന്റെ നഷ്ടാവശിഷ്ടങ്ങളിൽ നിങ്ങൾ ദുഃഖിക്കുന്നില്ല.
നിങ്ങൾ കലശങ്ങളിൽ വീഞ്ഞ് കുടിക്കുകയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്റെ കഷ്ടതയെക്കുറിച്ച് വ്യസനിക്കുന്നില്ലതാനും.
7 അതുകൊണ്ടു, നിങ്ങൾ ആദ്യം പ്രവാസത്തിലേക്കു പോകേണ്ടിവരും; നിങ്ങളുടെ വിരുന്നും സുഖശയനവും അവസാനിക്കും.
അതുകൊണ്ട് അവർ ഇപ്പോൾ പ്രവാസികളിൽ മുമ്പന്മാരായി പ്രവാസത്തിലേക്ക് പോകും; സുഖശയനം നടത്തുന്നവരുടെ മദ്യപാനഘോഷം നിന്നുപോകും.
8 യഹോവയായ കർത്താവു തന്നെക്കൊണ്ടുതന്നെ ശപഥംചെയ്യുന്നു; സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു: “ഞാൻ യാക്കോബിന്റെ നിഗളത്തെ വെറുക്കുന്നു; അവന്റെ കോട്ടകളിൽ എനിക്കു പ്രിയമില്ല, ഞാൻ പട്ടണത്തെയും അതിലുള്ള സകലത്തെയും ഏൽപ്പിച്ചുകൊടുക്കും.”
യഹോവയായ കർത്താവ് തന്നെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാട്: “ഞാൻ യാക്കോബിന്റെ ഗർവ്വത്തെ വെറുത്ത് അവന്റെ അരമനകളെ ദ്വേഷിക്കുന്നു; ഞാൻ പട്ടണവും അതിലുള്ളതൊക്കെയും ഏല്പിച്ചുകൊടുക്കും”;
9 ഒരു വീട്ടിൽ പത്തു പുരുഷന്മാർ ശേഷിച്ചിരുന്നാൽ അവരും മരിച്ചുപോകും.
ഒരു വീട്ടിൽ പത്ത് പുരുഷന്മാർ ശേഷിച്ചിരുന്നാലും അവർ മരിക്കും;
10 മൃതശരീരങ്ങളെ ദഹിപ്പിക്കേണ്ടതിനു വീട്ടിൽനിന്ന് പുറത്തുകൊണ്ടുപോകാൻ അവരുടെ ഒരു ബന്ധു വന്നു, ആ വീട്ടിൽ ഒളിച്ചിരിക്കുന്ന ഒരുവനോടു “നിന്റെ അടുക്കൽ ആരെങ്കിലും ഉണ്ടോ?” എന്നു ചോദിക്കും. അപ്പോൾ: “ഇല്ല, ശബ്ദിക്കരുത്; നാം യഹോവയുടെ നാമം ഉച്ചരിക്കരുത്.” എന്ന് അവൻ പറയും.
൧൦ഒരു മനുഷ്യന്റെ ബന്ധു, അവനെ ദഹിപ്പിക്കേണ്ടുന്നവൻ തന്നെ, അവന്റെ അസ്ഥികളെ വീട്ടിൽനിന്ന് നീക്കേണ്ടതിന് അവനെ ചുമന്നുകൊണ്ടുപോകുമ്പോൾ അവൻ വീടിന്റെ അകത്തെ മൂലയിൽ ഇരിക്കുന്നവനോട്: “നിന്റെ അടുക്കൽ ഇനി വല്ലവരും ഉണ്ടോ”? എന്ന് ചോദിക്കുന്നതിന് അവൻ: “ആരുമില്ല” എന്ന് പറഞ്ഞാൽ അവൻ: “യഹോവയുടെ നാമത്തെ കീർത്തിച്ചുകൂടായ്കയാൽ നീ മിണ്ടാതിരിക്കുക” എന്ന് പറയും.
11 യഹോവ കൽപ്പന അയച്ചുകഴിഞ്ഞു, യഹോവ വലിയ വീട് തകർത്തുകളയും ചെറിയ വീട് ഛിന്നഭിന്നമാകും.
൧൧യഹോവ കല്പിച്ചിട്ട് വലിയ വീട് ഇടിഞ്ഞും ചെറിയ വീട് പിളർന്നും തകർന്നുപോകും.
12 കുതിര പാറപ്പുറത്ത് ഓടുമോ? അവിടെ ആരെങ്കിലും കാളയെ പൂട്ടി ഉഴുമോ? എന്നാൽ, നിങ്ങൾ ന്യായത്തെ വിഷമാക്കി; നീതിയിൻ ഫലത്തെ കയ്‌പാക്കിയുമിരിക്കുന്നു.
൧൨കുതിര പാറമേൽ ഓടുമോ? അവിടെ കാളയെ പൂട്ടി ഉഴുമോ? എന്നാൽ നിങ്ങൾ ന്യായത്തെ വിഷമായും നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു.
13 ലോ-ദേബാരിനെ കീഴടക്കിയതിൽ ആനന്ദിച്ചുകൊണ്ട്, “നമ്മുടെ സ്വന്തശക്തികൊണ്ടു കർണയിമിനെ നാം പിടിച്ചടക്കിയില്ലയോ” എന്നു പറയുന്നവരേ,
൧൩ലോദേബാര്‍ പിടിച്ചടക്കിയതില്‍ നിങ്ങൾ സന്തോഷിച്ചുകൊണ്ട്: “സ്വന്തശക്തിയാൽ ഞങ്ങൾ കര്‍ണ്ണയിം പിടിച്ചടക്കിയില്ലയോ” എന്ന് പറയുന്നു.
14 സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു: “ഇസ്രായേൽഗൃഹമേ, ഞാൻ നിനക്കെതിരേ ഒരു രാജ്യത്തെ ഉണർത്തും; അവർ നിങ്ങളെ ലെബോ-ഹമാത്തുമുതൽ അരാബാ താഴ്വരവരെ എല്ലാ നിലകളിലും പീഡിപ്പിക്കും.”
൧൪“എന്നാൽ യിസ്രായേൽ ഗൃഹമേ, ഞാൻ നിങ്ങളുടെനേരെ ഒരു ജനതയെ എഴുന്നേല്പിക്കും; അവർ ഹമാത്തിലേക്കുള്ള പ്രവേശനംമുതൽ അരാബയിലെ തോടുവരെ നിങ്ങളെ ഞെരുക്കും” എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാട്.

< ആമോസ് 6 >