< ആമോസ് 6 >
1 സീയോനിൽ നിർവിചാരികളായിരിക്കുന്നവർക്കും ശമര്യാപർവതത്തിൽ നിർഭയരായിരിക്കുന്നവർക്കും യെഹൂദേതരരിൽ പ്രധാനികളായി ഇസ്രായേൽജനം അന്വേഷിക്കുന്ന ശ്രേഷ്ഠന്മാർക്കും ഹാ കഷ്ടം!
സീയോനിൽ സ്വൈരികളായി ശമൎയ്യാപൎവ്വതത്തിൽ നിൎഭയരായി ജാതികളിൽ പ്രധാനമായതിൽ ശ്രേഷ്ഠന്മാരായി യിസ്രായേൽഗൃഹം വന്നു ചേരുന്നവരായുള്ളോരേ, നിങ്ങൾക്കു അയ്യോ കഷ്ടം.
2 കൽനെയിൽച്ചെന്ന് അതിനെ നോക്കുക; അവിടെനിന്നു മഹാനഗരമായ ഹമാത്തിലേക്കു പോകുക; അവിടെനിന്നു ഫെലിസ്ത്യരുടെ ഗത്തിലേക്കും പോകുക. ഇവർ നിങ്ങളുടെ രണ്ടു രാജ്യങ്ങളെക്കാൾ നന്നായിരിക്കുന്നോ? അവരുടെ ദേശം നിങ്ങളുടേതിനെക്കാൾ വിശാലമോ?
നിങ്ങൾ കല്നെക്കു ചെന്നു നോക്കുവിൻ; അവിടെ നിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിൻ; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിൻ; അവ ഈ രാജ്യങ്ങളെക്കാൾ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാൾ വിസ്താരമുള്ളതോ?
3 നിങ്ങൾ ദുർദിനം നീട്ടിവെക്കുന്നു, ഭീകരവാഴ്ചയെ സമീപസ്ഥമാക്കുന്നു.
നിങ്ങൾ ദുൎദ്ദിവസം അകറ്റിവെക്കുകയും സാഹസത്തിന്റെ ഇരിപ്പിടം അടുപ്പിക്കയും ചെയ്യുന്നു.
4 ദന്താലംകൃതമായ കട്ടിലുകളിൽ നിങ്ങൾ കിടക്കുന്നു ചാരുകട്ടിലുകളിൽ ചാരിക്കിടക്കുകയും ചെയ്യുന്നു. കുഞ്ഞാടുകളെയും തടിപ്പിച്ച കാളക്കിടാങ്ങളെയും നിങ്ങൾ ഭക്ഷിക്കുന്നു.
നിങ്ങൾ ആനക്കൊമ്പു കൊണ്ടുള്ള കട്ടിലുകളിന്മേൽ ചാരിയിരിക്കയും നിങ്ങളുടെ ശയ്യകളിന്മേൽ നിവിൎന്നു കിടക്കയും ആട്ടിൻകൂട്ടത്തിൽനിന്നു കുഞ്ഞാടുകളെയും തൊഴുത്തിൽനിന്നു പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു.
5 നിങ്ങൾ ദാവീദിനെപ്പോലെ കിന്നരങ്ങൾ ഉപയോഗിക്കുന്നു; സംഗീതോപകരണങ്ങൾ യാതൊരു മുന്നൊരുക്കവുമില്ലാതെ മീട്ടുന്നു.
നിങ്ങൾ വീണാനാദത്തോടെ വ്യൎത്ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു.
6 നിങ്ങൾ ചഷകങ്ങൾ നിറയെ വീഞ്ഞു കുടിക്കുന്നു വിശേഷതൈലങ്ങൾ തേക്കുകയും ചെയ്യുന്നു. എന്നാൽ, യോസേഫിന്റെ നഷ്ടാവശിഷ്ടങ്ങളിൽ നിങ്ങൾ ദുഃഖിക്കുന്നില്ല.
നിങ്ങൾ കലശങ്ങളിൽ വീഞ്ഞു കുടിക്കയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്റെ കേടിനെക്കുറിച്ചു വ്യസനിക്കുന്നില്ലതാനും.
7 അതുകൊണ്ടു, നിങ്ങൾ ആദ്യം പ്രവാസത്തിലേക്കു പോകേണ്ടിവരും; നിങ്ങളുടെ വിരുന്നും സുഖശയനവും അവസാനിക്കും.
അതുകൊണ്ടു അവർ ഇപ്പോൾ പ്രവാസികളിൽ മുമ്പരായി പ്രവാസത്തിലേക്കു പോകും; നിവിൎന്നു കിടക്കുന്നവരുടെ മദ്യപാനഘോഷം തീൎന്നുപോകും.
8 യഹോവയായ കർത്താവു തന്നെക്കൊണ്ടുതന്നെ ശപഥംചെയ്യുന്നു; സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു: “ഞാൻ യാക്കോബിന്റെ നിഗളത്തെ വെറുക്കുന്നു; അവന്റെ കോട്ടകളിൽ എനിക്കു പ്രിയമില്ല, ഞാൻ പട്ടണത്തെയും അതിലുള്ള സകലത്തെയും ഏൽപ്പിച്ചുകൊടുക്കും.”
യഹോവയായ കൎത്താവു തന്നെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടു: ഞാൻ യാക്കോബിന്റെ ഗൎവ്വത്തെ വെറുത്തു അവന്റെ അരമനകളെ ദ്വേഷിക്കുന്നു; ഞാൻ പട്ടണവും അതിലുള്ളതൊക്കെയും ഏല്പിച്ചുകൊടുക്കും;
9 ഒരു വീട്ടിൽ പത്തു പുരുഷന്മാർ ശേഷിച്ചിരുന്നാൽ അവരും മരിച്ചുപോകും.
ഒരു വീട്ടിൽ പത്തു പുരുഷന്മാർ ശേഷിച്ചിരുന്നാലും അവർ മരിക്കും;
10 മൃതശരീരങ്ങളെ ദഹിപ്പിക്കേണ്ടതിനു വീട്ടിൽനിന്ന് പുറത്തുകൊണ്ടുപോകാൻ അവരുടെ ഒരു ബന്ധു വന്നു, ആ വീട്ടിൽ ഒളിച്ചിരിക്കുന്ന ഒരുവനോടു “നിന്റെ അടുക്കൽ ആരെങ്കിലും ഉണ്ടോ?” എന്നു ചോദിക്കും. അപ്പോൾ: “ഇല്ല, ശബ്ദിക്കരുത്; നാം യഹോവയുടെ നാമം ഉച്ചരിക്കരുത്.” എന്ന് അവൻ പറയും.
ഒരു മനുഷ്യന്റെ ചാൎച്ചക്കാരൻ, അവനെ ദഹിപ്പിക്കേണ്ടുന്നവൻ തന്നേ, അവന്റെ അസ്ഥികളെ വീട്ടിൽനിന്നു നീക്കേണ്ടതിന്നു അവനെ ചുമന്നുകൊണ്ടു പോകുമ്പോൾ അവൻ വീട്ടിന്റെ അകത്തെ മൂലയിൽ ഇരിക്കുന്നവനോടു: നിന്റെ അടുക്കൽ ഇനി വല്ലവരും ഉണ്ടോ? എന്നു ചോദിക്കുന്നതിന്നു അവൻ: ആരുമില്ല എന്നു പറഞ്ഞാൽ അവൻ: യഹോവയുടെ നാമത്തെ കീൎത്തിച്ചുകൂടായ്കയാൽ നീ മിണ്ടാതിരിക്ക എന്നു പറയും.
11 യഹോവ കൽപ്പന അയച്ചുകഴിഞ്ഞു, യഹോവ വലിയ വീട് തകർത്തുകളയും ചെറിയ വീട് ഛിന്നഭിന്നമാകും.
യഹോവ കല്പിച്ചിട്ടു വലിയ വീടു ഇടിഞ്ഞും ചെറിയ വീടു പിളൎന്നും തകൎന്നുപോകും.
12 കുതിര പാറപ്പുറത്ത് ഓടുമോ? അവിടെ ആരെങ്കിലും കാളയെ പൂട്ടി ഉഴുമോ? എന്നാൽ, നിങ്ങൾ ന്യായത്തെ വിഷമാക്കി; നീതിയിൻ ഫലത്തെ കയ്‌പാക്കിയുമിരിക്കുന്നു.
കുതിര പാറമേൽ ഓടുമോ? അവിടെ കാളയെ പൂട്ടു ഉഴുമോ? എന്നാൽ നിങ്ങൾ ന്യായത്തെ നഞ്ചായും നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു.
13 ലോ-ദേബാരിനെ കീഴടക്കിയതിൽ ആനന്ദിച്ചുകൊണ്ട്, “നമ്മുടെ സ്വന്തശക്തികൊണ്ടു കർണയിമിനെ നാം പിടിച്ചടക്കിയില്ലയോ” എന്നു പറയുന്നവരേ,
നിങ്ങൾ മിത്ഥ്യാവസ്തുവിൽ സന്തോഷിച്ചുംകൊണ്ടു: സ്വന്തശക്തിയാൽ ഞങ്ങൾ പ്രാബല്യം പ്രാപിച്ചിട്ടില്ലയോ എന്നു പറയുന്നു.
14 സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു: “ഇസ്രായേൽഗൃഹമേ, ഞാൻ നിനക്കെതിരേ ഒരു രാജ്യത്തെ ഉണർത്തും; അവർ നിങ്ങളെ ലെബോ-ഹമാത്തുമുതൽ അരാബാ താഴ്വരവരെ എല്ലാ നിലകളിലും പീഡിപ്പിക്കും.”
എന്നാൽ യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളുടെ നേരെ ഒരു ജാതിയെ എഴുന്നേല്പിക്കും; അവർ ഹമാത്തിലേക്കുള്ള പ്രവേശനംമുതൽ അരാബയിലെ തോടുവരെ നിങ്ങളെ ഞെരുക്കും എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടു.