< അപ്പൊ. പ്രവൃത്തികൾ 3 >
1 ഒരു ദിവസം പത്രോസും യോഹന്നാനും ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുള്ള പ്രാർഥനയുടെ സമയത്ത് ദൈവാലയത്തിലേക്കു പോകുകയായിരുന്നു.
2 ജന്മനാ മുടന്തനായിരുന്ന ഒരാളെ ദൈവാലയത്തിന്റെ സുന്ദരം എന്നു പേരുള്ള ഗോപുരവാതിലിനടുത്തേക്ക് ചിലർ എടുത്തുകൊണ്ടുവന്നു. ദൈവാലയത്തിൽ വരുന്നവരോടു ഭിക്ഷ യാചിക്കുന്നതിനുവേണ്ടി അയാളെ ദിനംപ്രതി അവിടെ ഇരുത്തുക പതിവായിരുന്നു.
3 പത്രോസും യോഹന്നാനും ദൈവാലയത്തിലേക്കു പ്രവേശിക്കാൻ പോകുന്നതുകണ്ട് അയാൾ അവരോടു ഭിക്ഷ യാചിച്ചു.
4 പത്രോസ് യോഹന്നാനോടുകൂടെ നിന്ന് അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “ഞങ്ങളുടെനേരേ നോക്കൂ” എന്നു പറഞ്ഞു.
5 അവരുടെ പക്കൽനിന്ന് എന്തെങ്കിലും ലഭിക്കും എന്ന പ്രതീക്ഷയോടെ അയാൾ അവരെ നോക്കി.
6 അപ്പോൾ പത്രോസ്, “വെള്ളിയോ സ്വർണമോ എനിക്കില്ല; എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു; നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക” എന്നു പറഞ്ഞു.
7 അയാളെ വലതുകൈയിൽ പിടിച്ചെഴുന്നേൽപ്പിച്ചു, അപ്പോൾത്തന്നെ അയാളുടെ പാദങ്ങൾക്കും കണങ്കാലുകൾക്കും ബലം ലഭിച്ചു.
8 അയാൾ ചാടിയെഴുന്നേറ്റു നിന്നു; നടന്നും തുള്ളിച്ചാടിയും ദൈവത്തെ സ്തുതിച്ചുംകൊണ്ട് അവരോടൊപ്പം ദൈവാലയാങ്കണത്തിൽ പ്രവേശിച്ചു.
9 അയാൾ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനമെല്ലാം കണ്ടു.
10 ദൈവാലയത്തിന്റെ സുന്ദരം എന്ന ഗോപുരകവാടത്തിൽ ഇരുന്ന യാചകനാണ് അയാൾ എന്ന് അവർ മനസ്സിലാക്കി. അയാൾക്കു സംഭവിച്ചതുകണ്ട് അവർ അത്ഭുതവും സംഭ്രമവും നിറഞ്ഞവരായി.
11 അയാൾ പത്രോസിനെയും യോഹന്നാനെയും വിട്ടുപോകാതെ നിൽക്കുമ്പോൾ ആശ്ചര്യഭരിതരായ ജനം “ശലോമോന്റെ മണ്ഡപം” എന്ന സ്ഥാനത്ത് അവരുടെ അടുക്കൽ ഓടിക്കൂടി.
12 പത്രോസ് അതുകണ്ട് അവരെ അഭിസംബോധനചെയ്ത് ഇങ്ങനെ പറഞ്ഞു: “ഇസ്രായേൽജനമേ, ഇതിൽ നിങ്ങൾ ആശ്ചര്യപ്പെടുന്നതെന്തിന്? ഞങ്ങളുടെ സ്വന്തം ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇയാളെ നടക്കാൻ പ്രാപ്തനാക്കി എന്ന ഭാവത്തിൽ ഞങ്ങളെ എന്തിനാണ് സൂക്ഷിച്ചുനോക്കുന്നത്?
13 അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്മാരുടെ ദൈവംതന്നെ, തന്റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തി. നിങ്ങൾ അദ്ദേഹത്തെ വധിക്കാൻ ഏൽപ്പിച്ചുകൊടുത്തു. യേശുവിനെ വിട്ടയയ്ക്കാൻ പീലാത്തോസ് തീരുമാനിച്ചിരുന്നിട്ടും നിങ്ങൾ അദ്ദേഹത്തെ തിരസ്കരിച്ചുകളഞ്ഞു.
14 പരിശുദ്ധനും നീതിമാനുമായവനെ നിരാകരിച്ചുകൊണ്ട് കൊലപാതകിയെ മോചിപ്പിച്ച് നിങ്ങൾക്കു വിട്ടുതരണം എന്ന് അപേക്ഷിക്കുകയും ചെയ്തു.
15 ജീവന്റെ ഉറവിടമായവനെ നിങ്ങൾ വധിച്ചുകളഞ്ഞു; എന്നാൽ, ദൈവം അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു; ഞങ്ങൾ അതിനു സാക്ഷികളാണ്.
16 അവിടത്തെ നാമത്തിലുള്ള വിശ്വാസത്താൽത്തന്നെയാണ്, ഇയാൾ ഇപ്പോൾ ബലംപ്രാപിച്ചവനായി നിങ്ങൾ കാണുകയും അറിയുകയുംചെയ്യുന്നത്. തീർച്ചയായും, യേശുവിന്റെ നാമത്തിലുള്ള വിശ്വാസത്താൽത്തന്നെയാണ് നിങ്ങളുടെയെല്ലാം മുമ്പിൽവെച്ച് അയാൾക്കു പരിപൂർണസൗഖ്യം ലഭിച്ചിരിക്കുന്നത്.
17 “ഇപ്പോൾ സഹോദരങ്ങളേ, അജ്ഞതമൂലമാണ് നിങ്ങളുടെ നേതാക്കളെപ്പോലെതന്നെ നിങ്ങളും യേശുവിനോട് ഇങ്ങനെ പ്രവർത്തിച്ചത് എന്ന് എനിക്കറിയാം.
18 എന്നാൽ ദൈവത്തിന്റെ ക്രിസ്തു ഇവയെല്ലാം സഹിക്കുമെന്ന് എല്ലാ പ്രവാചകന്മാരുടെയും അധരങ്ങളിലൂടെ മുൻകൂട്ടി അരുളിച്ചെയ്തത് ഇങ്ങനെ ദൈവം പൂർത്തീകരിച്ചു.
19 ഇപ്പോൾ നിങ്ങളുടെ പാപങ്ങൾ മായിക്കപ്പെടേണ്ടതിന് അവ ഉപേക്ഷിച്ച് ദൈവത്തിലേക്കു തിരിയുക;
20 അങ്ങനെ കർത്താവിന്റെ സന്നിധിയിൽനിന്ന് ആശ്വാസകാലങ്ങൾ വരികയും നിങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ക്രിസ്തു എന്ന യേശുവിനെ അവിടന്ന് അയയ്ക്കുകയും ചെയ്യും.
21 ആരംഭംമുതൽതന്നെ തന്റെ വിശുദ്ധപ്രവാചകന്മാരുടെ അധരങ്ങളിലൂടെ ദൈവം വാഗ്ദാനംചെയ്തിട്ടുള്ളതെല്ലാം അവിടന്ന് പുനഃസ്ഥാപിക്കുന്ന കാലംവരെ യേശു സ്വർഗത്തിൽത്തന്നെ തുടരേണ്ടതാകുന്നു. (aiōn )
22 മോശ ഇപ്രകാരം പറഞ്ഞു, ‘നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരുടെ മധ്യത്തിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും; അദ്ദേഹം പറയുന്നതെല്ലാം നിങ്ങൾ ശ്രദ്ധയോടെ കേൾക്കണം.
23 ആ പ്രവാചകനെ ആരെങ്കിലും അനുസരിക്കാതിരുന്നാൽ അയാൾ ജനത്തിന്റെ ഇടയിൽനിന്ന് സമ്പൂർണമായി ഛേദിക്കപ്പെടും.’
24 “ശമുവേൽമുതലുള്ള എല്ലാ പ്രവാചകന്മാരും ഈ നാളുകളെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട്.
25 ‘ഭൂമിയിലെ സകലകുടുംബങ്ങളും നിന്റെ സന്തതിയിലൂടെ അനുഗ്രഹിക്കപ്പെടും’ എന്നു ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തു. നിങ്ങൾ ആ പ്രവാചകരുടെയും നിങ്ങളുടെ പിതാക്കന്മാരോട് ദൈവം ചെയ്ത ഉടമ്പടിയുടെയും മക്കളാണ്.
26 അങ്ങനെ, നിങ്ങളിൽ ഓരോരുത്തരെയും അവരവരുടെ ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കേണ്ടതിനാണ് ആദ്യം ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേൽപ്പിച്ച് നിങ്ങളുടെ അടുത്തേക്കയച്ചത്.”