< അപ്പൊ. പ്രവൃത്തികൾ 2 >
1 പെന്തക്കൊസ്തുനാൾ വന്നെത്തിയപ്പോൾ അവരെല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ച് ഇരിക്കുകയായിരുന്നു.
൧പെന്തെക്കൊസ്ത് ദിനത്തിൽ അവർ എല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയിരുന്നു.
2 പെട്ടെന്ന്, കൊടുങ്കാറ്റ് വീശിയടിക്കുന്നതുപോലെ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായി, അത് അവർ ഇരുന്ന വീടാകെ നിറഞ്ഞു.
൨പെട്ടെന്ന് കൊടുങ്കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീട് മുഴുവനും നിറച്ചു.
3 തീജ്വാലപോലെ പിളർന്ന നാവുകൾ അവർക്കു ദൃശ്യമായി; അവ അവരിൽ ഓരോരുത്തരുടെമേൽ ആവസിക്കുകയും ചെയ്തു.
൩അഗ്നിജ്വാലപോലുള്ള പിളർന്നിരിക്കുന്ന നാവുകൾ അവർക്ക് പ്രത്യക്ഷമായി അവരിൽ ഓരോരുത്തരുടെയും മേൽ പതിഞ്ഞു. അവർ എല്ലാവരും
4 എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി, ആത്മാവ് കഴിവു നൽകിയതുപോലെ അവർക്ക് അന്യമായിരുന്ന ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.
൪പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.
5 എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഭക്തരായ യെഹൂദർ അപ്പോൾ ജെറുശലേമിൽ വന്നു താമസിക്കുന്നുണ്ടായിരുന്നു.
൫അന്ന് ആകാശത്തിൻ കീഴിലുള്ള സകലരാജ്യങ്ങളിൽ നിന്നും യെരൂശലേമിൽ വന്നുപാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ അവിടെ ഉണ്ടായിരുന്നു.
6 ഈ ശബ്ദംകേട്ട് ജനങ്ങൾ വന്നുകൂടി; വന്നുകൂടിയ ഓരോരുത്തരുടെയും മാതൃഭാഷയിലുള്ള സംസാരം കേട്ട് അവർ സംഭ്രാന്തരായി.
൬ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, തങ്ങളോരോരുത്തരുടെയും ഭാഷയിൽ അപ്പൊസ്തലന്മാർ സംസാരിക്കുന്നത് കേട്ട് അമ്പരന്നുപോയി.
7 അത്ഭുതപരതന്ത്രരായ അവർ ആശ്ചര്യത്തോടെ ഇങ്ങനെ പരസ്പരം പറഞ്ഞു: “നോക്കൂ, ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലേ?
൭എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു പറഞ്ഞത്: “ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലയോ?
8 പിന്നെ നാം ഓരോരുത്തരും ജനിച്ച നമ്മുടെ സ്വന്തംഭാഷയിൽ ഇവർ സംസാരിച്ചുകേൾക്കുന്നതെങ്ങനെ?
൮പിന്നെ നാം ഓരോരുത്തൻ നമ്മുടെ മാതൃഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നത് എങ്ങനെ?
9 പാർഥ്യരും മേദ്യരും ഏലാമ്യരും; മെസൊപ്പൊത്താമിയ, യെഹൂദ്യാ, കപ്പദോക്യ,
൯പർത്ഥരും മേദ്യരും ഏലാമ്യരും മെസൊപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും
10 പൊന്തൊസ്, ഏഷ്യാപ്രവിശ്യ, ഫ്രുഗ്യ, പംഫുല്യ, ഈജിപ്റ്റ്, കുറേനയ്ക്കു സമീപമുള്ള ലിബ്യാപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജീവിക്കുന്നവരും; റോമിൽനിന്ന് വന്ന സന്ദർശകരായ യെഹൂദരും യെഹൂദാമതം സ്വീകരിച്ചവരും ക്രേത്തരും അറബികളും ആയ നാം
൧൦പൊന്തൊസിലും ആസ്യയിലും ഫ്രുഗ്യയയിലും പംഫുല്യയിലും മിസ്രയീമിലും കുറേനയ്ക്ക് ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്ന് വന്ന് പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അരാബിക്കാരുമായ നാം
11 നമ്മുടെ ഭാഷകളിൽ ദൈവത്തിന്റെ അത്ഭുതകാര്യങ്ങൾ, ഇവർ പ്രസ്താവിക്കുന്നതു കേൾക്കുന്നു!”
൧൧ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വലിയ പ്രവൃത്തികളെ പ്രസ്താവിക്കുന്നത് കേൾക്കുന്നുവല്ലോ” എന്ന് പറഞ്ഞു.
12 എല്ലാവരും അത്ഭുതവും പരിഭ്രാന്തിയും നിറഞ്ഞവരായി “ഇത് എന്തായിരിക്കുമോ?” എന്നു പരസ്പരം ചോദിച്ചു.
൧൨എല്ലാവരും പരിഭ്രമിച്ച്, ചഞ്ചലിച്ചുകൊണ്ട്; “ഇത് എന്തായിരിക്കും” എന്ന് തമ്മിൽതമ്മിൽ പറഞ്ഞു.
13 എന്നാൽ മറ്റുചിലർ, “പുതുവീഞ്ഞിനാൽ ഇവർ ഉന്മത്തരായിരിക്കുന്നു” എന്നു പറഞ്ഞ് പരിഹസിച്ചു.
൧൩“ഇവർ പുതുവീഞ്ഞ് കുടിച്ച് ലഹരിപിടിച്ചിരിക്കുന്നു” എന്നു മറ്റ് ചിലർ പരിഹസിച്ച് പറഞ്ഞു.
14 അപ്പോൾ പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി ജനത്തെ അഭിസംബോധനചെയ്ത് ഇങ്ങനെ വിശദീകരിച്ചു: “യെഹൂദാജനമേ, ജെറുശലേംനിവാസികൾ എല്ലാവരുമേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക, ഞാൻ വിശദീകരിക്കാം.
൧൪അപ്പോൾ പത്രൊസ് മറ്റ് പതിനൊന്ന് അപ്പൊസ്തലന്മാരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ പറഞ്ഞത്: “യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, എന്റെ വാക്ക് ശ്രദ്ധിച്ചു കൊൾവിൻ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ;
15 നിങ്ങൾ ചിന്തിക്കുന്നതുപോലെ ഇവർ ലഹരിപിടിച്ചവരല്ല; കാരണം, ഇപ്പോൾ രാവിലെ ഒൻപതുമണിമാത്രമല്ലേ ആയിട്ടുള്ളൂ?
൧൫നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ.
16 യോവേൽ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തിട്ടുള്ളതാണിത്:
൧൬ഇത് യോവേൽ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:
17 “‘അന്തിമനാളുകളിൽ, ഞാൻ എന്റെ ആത്മാവിനെ സകലമനുഷ്യരുടെമേലും പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും, നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
൧൭‘അന്ത്യകാലത്ത് ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
18 എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും, അതിനാൽ അവരും പ്രവചിക്കും.
൧൮എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
19 ഞാൻ ഉയരെ ആകാശത്തിൽ അത്ഭുതങ്ങളും താഴേ ഭൂമിയിൽ ചിഹ്നങ്ങളും നൽകും— രക്തവും തീയും പുകച്ചുരുളുംതന്നെ.
൧൯ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിയ്ക്കും; രക്തവും തീയും പുകയാവിയും തന്നേ.
20 കർത്താവിന്റെ ശ്രേഷ്ഠവും തേജോമയവുമായ ദിവസം വരുന്നതിനുമുമ്പേ സൂര്യൻ ഇരുളായി മാറുകയും ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും.
൨൦കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
21 കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും,’ എന്നു ദൈവം അരുളിച്ചെയ്യുന്നു.
൨൧എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിയ്ക്കപ്പെടും’ എന്നു ദൈവം അരുളിച്ചെയ്യുന്നു.
22 “ഇസ്രായേൽജനമേ, ഈ വാക്കുകൾ കേട്ടാലും: നസറെത്തുകാരനായ യേശു, ദൈവം അദ്ദേഹത്തിലൂടെ നിങ്ങളുടെ മധ്യത്തിൽ ചെയ്ത വീര്യപ്രവൃത്തികളും അത്ഭുതങ്ങളും ചിഹ്നങ്ങളുംമുഖേന ദൈവംതന്നെ സാക്ഷ്യപ്പെടുത്തിയ വ്യക്തി ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമല്ലോ.
൨൨യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ട് കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം യേശു മുഖാന്തരം നിങ്ങളുടെ നടുവിൽ ചെയ്യിച്ച മഹത്തായ പ്രവർത്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ട്
23 ദൈവം തന്റെ നിശ്ചിതപദ്ധതിയാലും പൂർവജ്ഞാനത്താലും അദ്ദേഹത്തെ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നു. എന്നാൽ യെഹൂദേതരരുടെ സഹായത്തോടെ നിങ്ങൾ അദ്ദേഹത്തെ ക്രൂശിന്മേൽ തറച്ചുകൊന്നു.
൨൩അവൻ നിങ്ങൾക്ക് ഉറപ്പിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ അവൻ മുന്നമേ അറിഞ്ഞ് തീരുമാനിച്ചതുപോലെ നിങ്ങൾക്ക് ഏല്പിച്ചു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറപ്പിച്ചു കൊന്നു;
24 എന്നാൽ, മരണത്തിന്റെ അതിതീവ്രവേദനയിൽ അടക്കിവെക്കാതെ അതിന്റെ ബന്ധനങ്ങളഴിച്ച് ദൈവം അദ്ദേഹത്തെ ഉയിർപ്പിച്ചു; മരണത്തിന് അദ്ദേഹത്തെ ബന്ധിതനാക്കിവെക്കുന്നത് അസാധ്യമായിരുന്നു.
൨൪എന്നാൽ ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. എന്തുകൊണ്ടെന്നാൽ മരണം അവനെ അടക്കി വെയ്ക്കുന്നത് അസാദ്ധ്യമായിരുന്നു.
25 ക്രിസ്തുവിനെക്കുറിച്ച് ദാവീദ് പറയുന്നത് ഇപ്രകാരമാണ്: “‘ഞാൻ കർത്താവിനെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു; അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.
൨൫എന്നാൽ ദാവീദ് യേശുവിനെ കുറിച്ച്; ‘ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലഭാഗത്ത് ഇരിക്കയാൽ ഞാൻ കുലുങ്ങിപ്പോകയില്ല.
26 അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു; എന്റെ ശരീരവും പ്രത്യാശയിൽ നിവസിക്കും.
൨൬എന്റെ ഹൃദയം സന്തോഷിക്കുകയും എന്റെ നാവ് ആനന്ദിക്കുകയും എന്റെ ജഡവും ധൈര്യത്തോടെ വസിക്കുകയും ചെയ്യും.
27 എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല; അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അങ്ങ് അനുവദിക്കുകയുമില്ല. (Hadēs )
൨൭നീ എന്റെ പ്രാണനെ പാതാളത്തിൽ വിട്ടുകളയുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല. (Hadēs )
28 ജീവന്റെ വഴികൾ അവിടന്ന് എന്നെ അറിയിച്ചു; തിരുസന്നിധിയിൽ അവിടന്ന് എന്നെ ആനന്ദത്താൽ നിറയ്ക്കും.’
൨൮നീ ജീവന്റെ മാർഗ്ഗങ്ങളെ എനിക്ക് വെളിപ്പെടുത്തി; നിന്റെ സാന്നിദ്ധ്യംകൊണ്ട് എന്നെ സന്തോഷ പൂർണ്ണനാക്കും’ എന്നു പറയുന്നുവല്ലോ.
29 “സഹോദരങ്ങളേ, പൂർവപിതാവായ ദാവീദിനെക്കുറിച്ച്, അദ്ദേഹം മരിച്ചുവെന്നും അടക്കപ്പെട്ടുവെന്നും എനിക്ക് നിങ്ങളോട് ഉറപ്പായി പറയാൻകഴിയും; അദ്ദേഹത്തിന്റെ കല്ലറ ഇന്നുവരെ നമ്മുടെ മധ്യേ ഇവിടെ ഉണ്ടല്ലോ.
൨൯സഹോദരന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്ക് നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.
30 ദാവീദ് ഒരു പ്രവാചകൻ ആയിരുന്നു: തന്റെ സിംഹാസനത്തിൽ അദ്ദേഹത്തിന്റെ പിൻഗാമികളിൽ ഒരുവനെ ഇരുത്തുമെന്ന് ദൈവം അദ്ദേഹത്തോട് ആണയിട്ട് ശപഥംചെയ്ത കാര്യം ദാവീദിന് അറിയാമായിരുന്നു.
൩൦എന്നാൽ ദാവീദ്, പ്രവാചകൻ ആയിരുന്നതുകൊണ്ട് ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തിൽനിന്ന് ഒരുവനെ അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്നു തന്നോട് സത്യംചെയ്തു ഉറപ്പിച്ചിരുന്നു.
31 ‘അദ്ദേഹത്തെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അദ്ദേഹത്തിന്റെ ശരീരം ജീർണത കണ്ടതുമില്ല’ എന്നു ദാവീദ് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട് പ്രവചിച്ചു. (Hadēs )
൩൧അത് മുൻകൂട്ടി അറിഞ്ഞതുകൊണ്ട് ക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച്: അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്ന് പ്രസ്താവിച്ചു. (Hadēs )
32 ഈ യേശുവിനെ ദൈവം ഉയിർപ്പിച്ചു; അതിനു ഞങ്ങളെല്ലാവരും സാക്ഷികളാകുന്നു.
൩൨ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിന് ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു.
33 അദ്ദേഹം ദൈവത്തിന്റെ വലതുഭാഗത്തേക്ക് ഉയർത്തപ്പെട്ടിട്ട്, പരിശുദ്ധാത്മാവ് എന്ന വാഗ്ദാനം പിതാവിൽനിന്ന് സ്വീകരിച്ച്, സമൃദ്ധമായി നൽകിയതാണ് നിങ്ങൾ ഈ കാണുകയും കേൾക്കുകയുംചെയ്യുന്നത്.
൩൩അവൻ ദൈവത്തിന്റെ വലഭാഗത്തേക്ക് ഉയർത്തപ്പെട്ടു, പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം പിതാവിനോട് വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു.
34 ദാവീദ് സ്വർഗാരോഹണം ചെയ്തില്ലല്ലോ! എങ്കിലും അദ്ദേഹം പറയുന്നതിങ്ങനെയാണ്: “‘കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ,
൩൪ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ല, എങ്കിലും അവൻ: ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം
35 നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.”’
൩൫നീ എന്റെ വലത്തുഭാഗത്ത് ഇരിക്ക എന്ന് കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു’ എന്ന് പറയുന്നു.
36 “അതുകൊണ്ട്, നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെത്തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചിരിക്കുന്നു എന്ന് ഇസ്രായേൽജനം മുഴുവനും നിസ്സന്ദേഹം അറിഞ്ഞുകൊള്ളട്ടെ.”
൩൬ആകയാൽ നിങ്ങൾ ക്രൂശിൽ തറച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്ന് യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ”.
37 ഇതു കേട്ട ജനം ഹൃദയത്തിൽ മുറിവേറ്റവരായി പത്രോസിനോടും മറ്റ് അപ്പൊസ്തലന്മാരോടും, “സഹോദരന്മാരേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” എന്നു ചോദിച്ചു.
൩൭ഇത് കേട്ടിട്ട് അവർ ഹൃദയത്തിൽ കുത്തുകൊണ്ട് പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: “സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്ത് ചെയ്യേണ്ടു?” എന്ന് ചോദിച്ചു.
38 പത്രോസ് അവരോടു പറഞ്ഞു: “നിങ്ങൾ ഓരോരുത്തരും പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്കു മടങ്ങുകയും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുകയുംചെയ്യുക; അപ്പോൾ നിങ്ങളുടെ പാപങ്ങൾ മോചിക്കപ്പെടും, പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങൾക്കു ലഭിക്കും.
൩൮പത്രൊസ് അവരോട്: “നിങ്ങൾ നിങ്ങളുടെ പാപസ്വഭാവങ്ങളെ വിട്ടുമാറി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനമേൽപ്പിൻ; എന്നാൽ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും പരിശുദ്ധാത്മാവ് എന്ന ദാനം നൽകുകയുംചെയ്യും.
39 നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുത്തേക്കു വിളിക്കുന്ന എല്ലാവർക്കുംവേണ്ടി ഉള്ളതാണ് ഈ വാഗ്ദാനം—നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കുംമാത്രമല്ല, വിദൂരസ്ഥരായ എല്ലാവർക്കുംകൂടിയാണ്.”
൩൯ഈ വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ” എന്ന് പറഞ്ഞു.
40 ഇതുമാത്രമല്ല, മറ്റനേകം വാക്കുകളിലൂടെ പത്രോസ് അവർക്കു സാക്ഷ്യം നൽകുകയും “വക്രതയുള്ള ഈ തലമുറയിൽനിന്നു രക്ഷിക്കപ്പെടുക,” എന്നു പ്രബോധിപ്പിക്കുകയും ചെയ്തു.
൪൦മറ്റ് പല വാക്കുകളാലും പത്രൊസ് സാക്ഷ്യം പറഞ്ഞ് അവരെ പ്രബോധിപ്പിച്ചു: “ഈ വക്രതയുള്ള തലമുറയിൽനിന്ന് രക്ഷിയ്ക്കപ്പെടുവിൻ” എന്ന് പറഞ്ഞു.
41 അദ്ദേഹത്തിന്റെ സന്ദേശം അംഗീകരിച്ചവർ സ്നാനം സ്വീകരിച്ചു. അന്നു മൂവായിരത്തോളംപേർ അവരോടു ചേർന്നു.
൪൧അവന്റെ വാക്ക് കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്ന് മൂവായിരത്തോളം പേർ അവരോട് ചേർന്നു.
42 അവർ അപ്പൊസ്തലന്മാരുടെ ഉപദേശത്തിലും കൂട്ടായ്മയിലും കർത്തൃമേശാചരണത്തിലും പ്രാർഥനയിലും അർപ്പണബോധത്തോടെ തുടർന്നുവന്നു.
൪൨അവർ തുടർച്ചയായി അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടനുസരിച്ചും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.
43 അപ്പൊസ്തലന്മാർമുഖേന സംഭവിച്ചുകൊണ്ടിരുന്ന അനവധി അത്ഭുതങ്ങളും ചിഹ്നങ്ങളുംനിമിത്തം എല്ലാവരുടെയും മനസ്സിൽ ഭക്ത്യാദരങ്ങൾ നിറഞ്ഞു.
൪൩അപ്പൊസ്തലന്മാരാൽ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നതുകൊണ്ട് എല്ലാവർക്കും ഭയമായി.
44 വിശ്വാസികൾ എല്ലാവരും ഏകഹൃദയത്തോടെ ഒരിടത്തു കൂടിവരികയും വസ്തുവകകൾ എല്ലാം എല്ലാവരുടേതും എന്നപോലെ കരുതുകയും ചെയ്തു.
൪൪വിശ്വസിച്ചവർ എല്ലാവരും ഒരു സമൂഹമായിരുന്ന് തങ്ങൾക്കുള്ളതെല്ലാം പൊതുവക എന്ന് എണ്ണുകയും
45 തങ്ങളുടെ വസ്തുവകകളും മറ്റു സമ്പാദ്യങ്ങളും വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം അവർ എല്ലാവർക്കുമായി പങ്കിട്ടു.
൪൫തങ്ങളുടെ വസ്തുവകകളും കൈവശമുള്ളവയും വിറ്റ് ഓരോരുത്തർക്കും ആവശ്യമുള്ളതുപോലെ എല്ലാം പങ്കിടുകയും,
46 അവർ നാൾതോറും നിരന്തരമായി ദൈവാലയാങ്കണത്തിൽ ഏകഹൃദയത്തോടെ കൂടിവരികയും വീടുകൾതോറും അപ്പംനുറുക്കുകയും ആനന്ദത്തോടെയും ആത്മാർഥതയോടെയും ഭക്ഷണം കഴിക്കുകയും
൪൬ഒരുമനപ്പെട്ട് ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീടുകളിൽ അപ്പം നുറുക്കിക്കൊണ്ട് ഉല്ലാസത്തോടും ഹൃദയപരമാർത്ഥതയോടും കൂടെ ഭക്ഷണം കഴിക്കുകയും
47 ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അവർ സകലരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു. ഓരോ ദിവസവും രക്ഷിക്കപ്പെടുന്നവരെ കർത്താവ് ആ കൂട്ടത്തോട് ചേർത്തുകൊണ്ടിരുന്നു.
൪൭ദൈവത്തെ സ്തുതിക്കുകയും സകലജനത്തിന്റെയും പ്രീതി അനുഭവിക്കയും ചെയ്തു. കർത്താവ് രക്ഷിയ്ക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരുന്നു.