< 2 തിമൊഥെയൊസ് 3 >
1 അന്തിമകാലത്ത് ദുരന്തകലുഷിതമായ നാളുകൾ ഉണ്ടാകും എന്നു നീ അറിയുക.
അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക.
2 മനുഷ്യർ സ്വാർഥരും ധനമോഹികളും വീമ്പിളക്കുന്നവരും അഹങ്കാരികളും ദൈവദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദികെട്ടവരും നാസ്തികരും
മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും
3 മനുഷ്യത്വമില്ലാത്തവരും കൊടുംക്രൂരരും അപഖ്യാതി പരത്തുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും നിഷ്ഠുരരും സദ്ഗുണവൈരികളും ആയിത്തീരും.
വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും
4 അവർ വഞ്ചകരും വീണ്ടുവിചാരമില്ലാത്തവരും മതിമറന്ന് അഹങ്കരിക്കുന്നവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം സുഖത്തെ സ്നേഹിക്കുന്നവരും
സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി
5 ഭക്തിയുടെ ബാഹ്യരൂപം പുലർത്തി അതിന്റെ ശക്തിയെ നിഷേധിക്കുന്നവരും ആയിരിക്കും. ഇങ്ങനെയുള്ളവരിൽനിന്ന് അകന്നുനിൽക്കുക.
ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.
6 ഇവർ ഭവനങ്ങളിൽ നുഴഞ്ഞുകയറി, പാപത്തിന് അധീനരും ബഹുവിധമോഹങ്ങളിൽ ആസക്തരുമായി ധാർമിക ചാപല്യമുള്ള സ്ത്രീകളെ വശംവദരാക്കുന്നു.
വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങൾക്കും അധീനരായി
7 ഇത്തരം സ്ത്രീകൾ നിരന്തരം പഠിക്കുന്നവർ ആണെങ്കിലും സത്യം തിരിച്ചറിയാൻ പ്രാപ്തരായിത്തീരുന്നില്ല.
എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു.
8 യന്നേസും യംബ്രേസും മോശയോട് എതിർത്തു. അതുപോലെ ഇവരും സത്യത്തോട് എതിർക്കുന്നു. ഇവർ ദൂഷിതമനസ്ക്കരും വിശ്വാസം സംബന്ധിച്ച് പരാജിതരുമാണ്.
യന്നേസും യംബ്രേസും മോശെയോടു എതിർത്തുനിന്നതുപോലെ തന്നേ ഇവരും സത്യത്തോടു മറുത്തുനില്ക്കുന്നു; ദുർബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ചു കൊള്ളരുതാത്തവരുമത്രേ.
9 ഈ വിധത്തിൽ ഇവർ അധികം മുന്നോട്ടു പോകുകയില്ല; കാരണം, മുൻപറഞ്ഞ ഇരുവരുടെയും കാര്യത്തിലെന്നപോലെ ഇവരുടെയും മൗഢ്യം എല്ലാവർക്കും വ്യക്തമാകും.
അവർ അധികം മുഴുക്കയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേടു എല്ലാവർക്കും വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും വെളിപ്പെടും.
10 ഞാൻ അഭ്യസിപ്പിച്ച ഉപദേശം, എന്റെ ജീവിതരീതി, ലക്ഷ്യബോധം, വിശ്വാസം, സമചിത്തത, സ്നേഹം, സഹിഷ്ണുത എന്നിവയും
നീയോ എന്റെ ഉപദേശം, നടപ്പു, ഉദ്ദേശം, വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണത എന്നിവയും
11 ഞാൻ സഹിച്ച പീഡകളും അന്ത്യോക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എനിക്കുണ്ടായ കഷ്ടതകളും സശ്രദ്ധം നീ മനസ്സിലാക്കിയല്ലോ. ഞാൻ എല്ലാവിധത്തിലുമുള്ള പീഡകൾ സഹിച്ചു; അവയിൽനിന്നെല്ലാം കർത്താവ് എന്നെ രക്ഷപ്പെടുത്തി.
അന്ത്യൊക്യയിലും ഇക്കൊന്യയിലും ലൂസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റിൽ നിന്നും കർത്താവു എന്നെ വിടുവിച്ചു.
12 ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പീഡകൾ ഉണ്ടാകും,
എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.
13 എന്നാൽ, ദുഷ്ടമനുഷ്യരും ആൾമാറാട്ടക്കാരും മറ്റുള്ളവരെ വഞ്ചിച്ചും മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടും തിന്മയിലേക്ക് കൂപ്പുകുത്തും.
ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നു വരും.
14 എന്നാൽ, നീ പഠിച്ചകാര്യങ്ങളിൽ വിശ്വസ്തനായി തുടരുക; അവ സത്യമാണെന്ന് നിനക്കറിയാം. കാരണം നിന്നെ ഉപദേശിച്ചവർ വിശ്വാസയോഗ്യരാണ്.
നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതുകൊണ്ടു
15 ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നതിലൂടെ രക്ഷനേടുന്നതിന് ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ നീ ബാല്യംമുതലേ അറിഞ്ഞിരിക്കുന്നല്ലോ.
നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്ക.
16 എല്ലാ തിരുവെഴുത്തും ദൈവനിശ്വസിതമാണ്; അത് ഉപദേശിക്കാനും ശാസിക്കാനും തെറ്റ് തിരുത്താനും നീതിയുക്തമായ ജീവിതം അഭ്യസിപ്പിക്കാനും പ്രയോജനപ്രദമാണ്.
എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു
17 അങ്ങനെ ദൈവമനുഷ്യൻ നൈപുണ്യമുള്ളവനായി സകലസൽപ്രവൃത്തികൾക്കും സുസജ്ജനായിത്തീരുന്നു.
ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.