< 2 തെസ്സലോനിക്യർ 3 >
1 ശേഷം കാര്യങ്ങൾ: സഹോദരങ്ങളേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ എല്ലായിടത്തും അതിവേഗത്തിൽ പ്രചരിച്ച് മഹത്ത്വപ്പെടാനും
2 അധർമികളും ദുഷ്ടരുമായ മനുഷ്യരിൽനിന്ന് ഞങ്ങൾ രക്ഷപ്പെടാനുമായി പ്രാർഥിക്കുക. എല്ലാവരും വിശ്വാസം ഉള്ളവരല്ലല്ലോ.
3 എന്നാൽ കർത്താവ് വിശ്വസ്തനാണ്; അവിടന്ന് നിങ്ങളെ ശാക്തീകരിക്കുകയും പിശാചിൽനിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.
4 ഞങ്ങൾ കൽപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾ അനുസരിക്കുന്നുണ്ടെന്നും അങ്ങനെതന്നെ തുടർന്നും ആചരിക്കുമെന്നും കർത്താവിൽ ഞങ്ങൾക്ക് ഉത്തമബോധ്യമുണ്ട്.
5 കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ ദൈവസ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹനശക്തിയിലേക്കും നയിക്കട്ടെ.
6 സഹോദരങ്ങളേ, കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു കൽപ്പിക്കുന്നത്: ഞങ്ങളിൽനിന്ന് നിങ്ങൾക്കു ലഭിച്ചിട്ടുള്ള പ്രമാണങ്ങൾ പാലിക്കാതെ അലസമായി ജീവിതം നയിക്കുന്ന എല്ലാ സഹോദരങ്ങളിൽനിന്നും അകന്നുകൊള്ളണം എന്നാണ്.
7 ഞങ്ങളുടെ മാതൃക എപ്രകാരമാണ് പിൻതുടരേണ്ടതെന്നു നിങ്ങൾക്കുതന്നെ അറിയാമല്ലോ. ഞങ്ങൾ നിങ്ങളോടൊപ്പം ആയിരുന്നപ്പോൾ അലസരായിരുന്നിട്ടില്ല.
8 ആരുടെയും ഭക്ഷണം ഞങ്ങൾ സൗജന്യമായി ഭക്ഷിച്ചിട്ടില്ല. മറിച്ച് നിങ്ങളിൽ ആർക്കും ഭാരമാകാതിരിക്കേണ്ടതിനു ഞങ്ങൾ രാവും പകലും കഠിനാധ്വാനംചെയ്തു പണിയെടുത്തു.
9 സഹായം സ്വീകരിക്കാനുള്ള അവകാശം ഞങ്ങൾക്ക് ഇല്ലാതിരുന്നതുകൊണ്ടല്ല, പിന്നെയോ നിങ്ങൾക്കു പിൻതുടരാനായി ഒരു മാതൃക നൽകാനാണു ഞങ്ങൾ അങ്ങനെ ചെയ്തത്.
10 ഞങ്ങൾ നിങ്ങളോടൊപ്പം ആയിരുന്നപ്പോൾ “ജോലിചെയ്യാൻ മനസ്സില്ലാത്തവൻ ഭക്ഷിക്കരുത്” എന്നൊരു കൽപ്പന നിങ്ങൾക്കു നൽകിയിരുന്നല്ലോ.
11 നിങ്ങളിൽ ചിലർ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് ഒരു ജോലിയും ചെയ്യാതെ അലസരായി നടക്കുന്നുണ്ടെന്ന് ഞങ്ങൾ കേൾക്കുന്നു.
12 അവരോട് ശാന്തതയോടെ ജോലിചെയ്ത് തങ്ങളുടെ ഭക്ഷണം നേടണമെന്നു കർത്താവായ യേശുക്രിസ്തുവിന്റെ പേരിൽ ഞങ്ങൾ ആജ്ഞാപിക്കുകയും അഭ്യർഥിക്കുകയുംചെയ്യുന്നു.
13 സഹോദരങ്ങളേ, നന്മ ചെയ്യുന്നതിൽ നിങ്ങൾ പരിക്ഷീണരാകരുത്.
14 ഈ ലേഖനത്തിൽ ഞങ്ങൾ നൽകുന്ന നിർദേശം അനുസരിക്കാൻ വിസമ്മതിക്കുന്ന ഏതൊരാളിനെയും പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെയുള്ള ആളുകളുമായി സമ്പർക്കം പുലർത്തരുത്. അപ്പോൾ അവർ ലജ്ജിതരാകും.
15 എന്നിരുന്നാലും, അവരെ ഒരു ശത്രുവായി കണക്കാക്കാതെ ഒരു സഹവിശ്വാസി എന്നനിലയിൽ ഗുണദോഷിക്കുകയാണ് വേണ്ടത്.
16 സമാധാനദായകനായ കർത്താവുതന്നെ നിങ്ങൾക്ക് എപ്പോഴും എല്ലാവിധത്തിലും സമാധാനം നൽകട്ടെ. നിങ്ങളോട് എല്ലാവരോടുംകൂടെ കർത്താവ് ഉണ്ടാകുമാറാകട്ടെ.
17 ഈ ആശംസകൾ പൗലോസ് എന്ന ഞാൻതന്നെ എന്റെ സ്വന്തം കൈയാൽ എഴുതുന്നു. എന്റെ എല്ലാ ലേഖനങ്ങളും എന്റേതുതന്നെ എന്ന് തിരിച്ചറിയാനുള്ള അടയാളം ഇതുതന്നെ.
18 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോട് എല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.