< 2 ശമൂവേൽ 23 >

1 ദാവീദിന്റെ അന്ത്യവചസ്സുകൾ ഇവയാകുന്നു: “യിശ്ശായിപുത്രനായ ദാവീദിന്റെ, പരമോന്നതനായ ദൈവത്താൽ ഉയർത്തപ്പെട്ട പുരുഷന്റെ, യാക്കോബിൻദൈവത്താൽ അഭിഷിക്തനായ മനുഷ്യന്റെ, ഇസ്രായേലിന്റെ മധുരഗായകന്റെ വചസ്സുകൾ:
ദാവീദിന്റെ അന്ത്യവാക്യങ്ങളാവിതു: യിശ്ശായിപ്പുത്രൻ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷൻ ചൊല്ലുന്നു; യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ, യിസ്രായേലിൻ മധുരഗായകൻ തന്നേ.
2 “യഹോവയുടെ ആത്മാവ് എന്നിലൂടെ സംസാരിച്ചു; അവിടത്തെ വചനം എന്റെ നാവിന്മേൽ ഉണ്ടായിരുന്നു.
യഹോവയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു.
3 ഇസ്രായേലിന്റെ ദൈവം അരുളിച്ചെയ്തു, ഇസ്രായേലിന്റെ പാറയായുള്ളവൻ എന്നോടു കൽപ്പിച്ചു: ‘ഒരുവൻ നീതിയോടെ മനുഷ്യരെ ഭരിക്കുമ്പോൾ, അയാൾ ദൈവഭയത്തിൽ ഭരണം നടത്തുമ്പോൾ,
യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിൻ പാറ എന്നോടു അരുളിച്ചെയ്തു: മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ,
4 കാർമേഘരഹിതമായ പ്രഭാതത്തിലെ സൂര്യോദയത്തിൽ തിളങ്ങുന്ന അരുണാഭപോലെയാണ് അയാൾ; മഴയ്ക്കുശേഷം ഭൂമിയിൽനിന്നു മുളയ്ക്കുന്ന പുൽനാമ്പുകളിൽ സൂര്യൻ പ്രതിജ്വലിക്കുന്നതുപോലെയും.’
ദൈവഭയത്തോടെ വാഴുന്നവൻ, മേഘമില്ലാത്ത പ്രഭാതകാലത്തു സുര്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യൻ; മഴെക്കു പിമ്പു സൂര്യകാന്തിയാൽ ഭൂമിയിൽ മുളെക്കുന്ന ഇളമ്പുല്ലിന്നു തുല്യൻ.
5 “എന്റെ ഭവനവും ദൈവസന്നിധിയിൽ അതുപോലെതന്നെയല്ലേ? അവിടന്ന് എന്നോട് ഒരു ശാശ്വതമായ ഉടമ്പടി ചെയ്തിട്ടില്ലയോ? വിശദാംശങ്ങളിലെല്ലാം ക്രമീകൃതമായ സുഭദ്രമായ ഒരു ഉടമ്പടിതന്നെ. അവിടന്ന് എന്റെ രക്ഷ സഫലമാക്കുകയും എന്റെ അഭിലാഷം സാധിതമാക്കുകയും ചെയ്യുകയില്ലേ?
ദൈവസന്നിധിയിൽ എന്റെ ഗൃഹം അതുപോലെയല്ലയോ? അവൻ എന്നോടു ഒരു ശാശ്വതനിയമം ചെയ്തുവല്ലോ: അതു എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു. അവൻ എനിക്കു സകലരക്ഷയും വാഞ്ഛയും തഴെപ്പിക്കയില്ലയോ?
6 എന്നാൽ ദുഷ്ടമനുഷ്യരോ, മുൾച്ചെടിപോലെ പറിച്ചെറിഞ്ഞു കളയപ്പെടേണ്ടവരാകുന്നു, അവ കൈകൊണ്ടു ശേഖരിക്കപ്പെടുന്നില്ല,
എന്നാൽ സകലനീചന്മാരും എറിഞ്ഞുകിടക്കുന്നതും കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു.
7 അവയെ തൊടേണ്ടവർ ഇരുമ്പുദണ്ഡോ കുന്തത്തടിയോ ഉപയോഗിക്കുന്നു. അവ കിടക്കുന്നിടത്തുവെച്ചുതന്നെ ചുട്ടുകളയപ്പെടുന്നു.”
അവയെ തൊടുവാൻ തുനിയുന്നവൻ ഇരിമ്പും കുന്തപ്പിടിയും ധരിച്ചിരിക്കേണം; അവയെ അവ കിടക്കുന്നേടത്തു തന്നേ തീ വെച്ചു ചുട്ടുകളയേണം.
8 ദാവീദിന്റെ പരാക്രമശാലികളായ യോദ്ധാക്കളുടെ പേരുകൾ ഇവയാണ്: തഹ്കെമോന്യനായ യോശേബ്-ബോശ്ശേബെത്ത്, ഇദ്ദേഹം പരാക്രമശാലികളായിരുന്ന മൂന്നുപേരിൽ പ്രധാനിയായിരുന്നു, അദ്ദേഹം ഒരൊറ്റ സംഘട്ടനത്തിൽത്തന്നെ എണ്ണൂറുപേരെ തന്റെ കുന്തംകൊണ്ട് വധിച്ചയാളായിരുന്നു.
ദാവീദിന്നു ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിതു: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറുപേരെ ഒരേ സമയത്തു ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻ തന്നേ.
9 അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ ആയിരുന്നു അടുത്ത പ്രധാനി. അദ്ദേഹം പരാക്രമശാലികളായ മൂന്നു യോദ്ധാക്കളിൽ ഒരുവനായിരുന്നു. യുദ്ധത്തിനായി പാസ്-ദമ്മീമിൽ അണിനിരന്ന ഫെലിസ്ത്യരെ ഇസ്രായേൽ വെല്ലുവിളിച്ചപ്പോൾ അദ്ദേഹവും ദാവീദിനോടൊപ്പമുണ്ടായിരുന്നു. അന്ന് ഇസ്രായേൽസൈന്യം പിന്തിരിഞ്ഞോടിയിരുന്നു.
അവന്റെ ശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകൻ എലെയാസാർ; അവൻ ഫെലിസ്ത്യർ യുദ്ധത്തിന്നു കൂടിയിരുന്ന സ്ഥലത്തുനിന്നു യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടെ നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു.
10 എന്നാൽ എലെയാസാർ, യുദ്ധക്കളത്തിൽനിന്നു പിന്മാറാതെ ഉറച്ചുനിന്ന്, കൈ തളർന്നു മരവിച്ച് വാൾപ്പിടിയിൽനിന്നും ഇളകാതെയാകുന്നതുവരെ, ഫെലിസ്ത്യരെ വെട്ടിവീഴ്ത്തി. അന്ന് യഹോവ അവർക്കൊരു മഹാവിജയം നൽകി. മരിച്ചുവീണവരെ കൊള്ളയടിക്കാൻമാത്രമായിരുന്നു പടയാളികൾ എലെയാസാരിന്റെ അടുത്തേക്കു തിരിച്ചുവന്നത്.
അവൻ എഴുന്നേറ്റു കൈതളർന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്നു യഹോവ വലിയോരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്റെ അടുക്കൽ മടങ്ങിവന്നുള്ളു.
11 അടുത്ത ആൾ ഹരാര്യനായ ആഗേയുടെ മകൻ ശമ്മാ ആയിരുന്നു. ഒരിക്കൽ നിറയെ പയറുള്ള ഒരു വയലിൽ ഫെലിസ്ത്യർ സംഘംചേർന്നപ്പോൾ ഇസ്രായേൽസൈന്യം അവരുടെമുമ്പിൽനിന്ന് ഓടിപ്പോയി.
അവന്റശേഷം ഹാരാര്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയർ ഉള്ളോരു വയലിൽ കവർച്ചെക്കു ഫെലിസ്ത്യർ കൂടിവന്നപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി.
12 എന്നാൽ ശമ്മാ വയലിന്റെ മധ്യത്തിൽത്തന്നെ നിലയുറപ്പിച്ചു. അദ്ദേഹം അതു സംരക്ഷിക്കുകയും ഫെലിസ്ത്യരെ വീഴ്ത്തുകയും ചെയ്തു. അന്ന് യഹോവ അവർക്കൊരു മഹാവിജയം വരുത്തി.
അവനോ വയലിന്റെ നടുവിൽനിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയോരു ജയം നല്കി.
13 കൊയ്ത്തുകാലത്ത് ഒരിക്കൽ മുപ്പതു പ്രമുഖയോദ്ധാക്കളിൽ മൂന്നുപേർ അദുല്ലാം ഗുഹയിൽ ദാവീദിന്റെ അടുത്തെത്തി. അന്ന് ഫെലിസ്ത്യരുടെ ഒരുസംഘം രെഫായീം താഴ്വരയിൽ താവളമടിച്ചിരുന്നു.
മുപ്പതു നായകന്മാരിൽ മൂന്നുപേർ കൊയ്ത്തുകാലത്തു അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്‌വരയിൽ പാളയമിറങ്ങിയിരുന്നു.
14 ആ സമയത്തു ദാവീദ് സുരക്ഷിതസങ്കേതത്തിലായിരുന്നു. ഫെലിസ്ത്യരുടെ കാവൽസേനാവിഭാഗം ബേത്ലഹേമിലും ആയിരുന്നു.
അന്നു ദാവീദ് ദുർഗ്ഗത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്കു ബേത്ത്ലേഹെമിൽ അക്കാലത്തു ഒരു കാവൽപട്ടാളം ഉണ്ടായിരുന്നു.
15 ദാവീദ് ദാഹാർത്തനായി, “ഹാ, ബേത്ലഹേം! നഗരവാതിൽക്കലെ കിണറ്റിൽനിന്ന് ആരെങ്കിലും എനിക്ക് കുടിക്കാൻ വെള്ളം കൊണ്ടുവന്നിരുന്നെങ്കിൽ! ആ വെള്ളത്തിനായി എനിക്ക് കൊതിയാകുന്നു.”
ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആർത്തിപൂണ്ടു പറഞ്ഞു.
16 അതുകേട്ട പരാക്രമശാലികളായ ആ മൂവരും ഫെലിസ്ത്യരുടെ അണികളെ മുറിച്ചുകടന്ന് ബേത്ലഹേം നഗരവാതിലിനടുത്തുള്ള കിണറ്റിൽനിന്ന് വെള്ളം കോരി ദാവീദിന്റെ അടുത്തേക്കു കൊണ്ടുവന്നു. എന്നാൽ അദ്ദേഹം അതു കുടിക്കാൻ വിസമ്മതിച്ചു; പകരം അദ്ദേഹം ആ ജലം യഹോവയുടെമുമ്പിൽ നിവേദ്യമായി നിലത്തൊഴിച്ചുകൊണ്ടു
അപ്പോൾ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്നു ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; അവനോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവെക്കു നിവേദിച്ചു ഒഴിച്ചു:
17 പറഞ്ഞു: “അയ്യോ യഹോവേ! ഇതു ചെയ്യാൻ എനിക്ക് ഇടവരുത്താതിരിക്കട്ടെ! തങ്ങളുടെ ജീവനെ പണയപ്പെടുത്തിപ്പോയ പുരുഷന്മാരുടെ രക്തമല്ലേ, ഇത്?” ദാവീദ് ആ ജലം കുടിച്ചില്ല. ആ മൂന്നു പരാക്രമശാലികളുടെ ഉജ്ജ്വല വീരകൃത്യങ്ങൾ ഈ വിധമായിരുന്നു.
യഹോവേ, തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? ഇതു ചെയ്‌വാൻ എനിക്കു സംഗതിവരരുതേ എന്നു പറഞ്ഞു; അതു കുടിപ്പാൻ അവന്നു മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തതു.
18 സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായി ഈ മൂവരിൽ പ്രമുഖനായിരുന്നു. അദ്ദേഹം മുന്നൂറു പേർക്കെതിരേ തന്റെ കുന്തമുയർത്തി പൊരുതി; അവരെ വധിച്ചു. അങ്ങനെ അദ്ദേഹം മറ്റേ മൂവരോളംതന്നെ വിഖ്യാതനായിത്തീർന്നു.
യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരിൽ തലവൻ ആയിരുന്നു. അവൻ തന്റെ കുന്തത്തെ മുന്നൂറുപേരുടെ നേരെ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവൻ മൂവരിൽവെച്ചു കീർത്തി പ്രാപിച്ചു.
19 അദ്ദേഹം ആ മൂവരെക്കാളും അധികം ബഹുമാനിതൻ ആയിരുന്നു. അദ്ദേഹം അവർക്ക് അധിപനായിത്തീർന്നു. എന്നിരുന്നാലും അദ്ദേഹം ആദ്യത്തെ പരാക്രമശാലികളായ മൂന്നുപേരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നില്ല.
അവൻ മൂവരിലും മാനം ഏറിയവൻ ആയിരുന്നു; അവർക്കു തലവനായ്തീർന്നു. എന്നാൽ അവൻ മറ്റെ മൂവരോളം വരികയില്ല.
20 യെഹോയാദായുടെ മകനായ ബെനായാവ് കബ്സെയേൽക്കാരനും ശൂരപരാക്രമിയും ആയ ഒരു യോദ്ധാവായിരുന്നു. അദ്ദേഹം ഉജ്ജ്വല വീരകൃത്യങ്ങൾ ചെയ്തിട്ടുണ്ട്: അദ്ദേഹം മോവാബ്യരിലെ ഏറ്റവും ശക്തരായ രണ്ടു യോദ്ധാക്കളെ അടിച്ചുവീഴ്ത്തി. മഞ്ഞുകാലത്ത് ഒരു ദിവസം അദ്ദേഹം ഒരു ഗുഹയിൽ ഇറങ്ങിച്ചെന്ന് ഒരു സിംഹത്തെ കൊന്നു.
കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
21 ഭീമാകാരനായ ഒരു ഈജിപ്റ്റുകാരനെയും അദ്ദേഹം അടിച്ചുവീഴ്ത്തി. ആ ഈജിപ്റ്റുകാരന്റെ കൈവശം ഒരു കുന്തമുണ്ടായിരുന്നു. എങ്കിലും ഒരു ദണ്ഡുമായി ബെനായാവ് അയാളെ എതിരിട്ടു. അദ്ദേഹം ഈജിപ്റ്റുകാരന്റെ കൈയിൽനിന്നു കുന്തം പിടിച്ചുപറിച്ച് അതുകൊണ്ടുതന്നെ അയാളെ വധിച്ചു.
അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽ നിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നു.
22 യെഹോയാദായുടെ മകനായ ബെനായാവിന്റെ വീരകൃത്യങ്ങൾ ഈ വിധമൊക്കെയായിരുന്നു. അദ്ദേഹവും പരാക്രമശാലികളായ ആ മൂന്ന് യോദ്ധാക്കളെപ്പോലെ കീർത്തിശാലിയായിരുന്നു.
ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽ കീർത്തി പ്രാപിച്ചു.
23 മുപ്പതുപേരിൽ മറ്റാരെക്കാളും കൂടുതൽ ആദരണീയനായി അദ്ദേഹം അവരോധിക്കപ്പെട്ടു. എന്നാൽ അദ്ദേഹം ആ മൂവരിൽ ഉൾപ്പെട്ടിരുന്നില്ല. ദാവീദ് അദ്ദേഹത്തെ തന്റെ അംഗരക്ഷകസേനയുടെ തലവനാക്കി.
അവൻ മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും മറ്റെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
24 മുപ്പതു പരാക്രമശാലികളിൽ താഴെപ്പറയുന്നവർ ഉൾപ്പെട്ടിരുന്നു: യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ലഹേമിൽനിന്നുള്ള ദോദോവിന്റെ മകൻ എൽഹാനാൻ,
യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ,
25 ഹരോദ്യനായ ശമ്മാ, ഹരോദ്യനായ എലീക്കാ,
പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ,
26 ഫൽത്യനായ ഹേലെസ്, തെക്കോവക്കാരനായ ഇക്കേശിന്റെ മകൻ ഈരാ,
അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, അഹോഹ്യൻ സൽമോൻ,
27 അനാഥോത്തുകാരനായ അബിയേസെർ, ഹൂശാത്യനായ സിബ്ബെഖായി,
നെത്തോഫാത്യൻ മഹരായി,
28 അഹോഹ്യനായ സൽമോൻ, നെതോഫാത്യനായ മഹരായി,
നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്,
29 നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്, ബെന്യാമീനിലെ ഗിബെയാക്കാരനായ രീബായിയുടെ മകൻ ഇത്ഥായി,
ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി,
30 പിരാഥോന്യനായ ബെനായാവ്, ഗായശ് മലയിടുക്കിൽനിന്നുള്ള ഹിദ്ദായി,
പിരാതോന്യൻ ബെനായ്യാവു,
31 അർബാത്യനായ അബീ-അൽബോൻ, ബർഹൂമ്യനായ അസ്മാവെത്ത്,
നഹലേഗാശുകാരൻ ഹിദ്ദായി, അർബാത്യൻ അബീ-അല്ബോൻ, ബർഹൂമ്യൻ അസ്മാവെത്ത്,
32 ശാൽബോന്യനായ എല്യഹ്ബാ, യാശേന്റെ പുത്രന്മാരും, ഹരാര്യനായ
ശാൽബോന്യൻ എല്യഹ്ബാ, യാശേന്റെ പുത്രന്മാർ:
33 ശമ്മായുടെ മകൻ യോനാഥാൻ, ഹരാര്യനായ ശരാരിന്റെ മകൻ അഹീയാം
യോനാഥാൻ, ഹരാര്യൻ ശമ്മ, അരാര്യനായ ശാരാരിന്റെ മകൻ അഹീരാം,
34 മാഖാത്യനായ അഹശ്ബായിയുടെ മകൻ എലീഫേലെത്ത്, ഗീലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം,
മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം,
35 കർമേല്യനായ ഹെസ്രോ, അർബ്യനായ പാറായി,
കർമ്മേല്യൻ ഹെസ്രോ, അർബ്യൻ പാറായി,
36 സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ, ഗാദ്യനായ ബാനി,
സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ,
37 അമ്മോന്യനായ സേലെക്ക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യനായ നഹരായി,
ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോത്യൻ നഹരായി.
38 യിത്രിയനായ ഈരാ, യിത്രിയനായ ഗാരേബ്,
യിത്രിയൻ ഈരാ, യിത്രിയൻ ഗാരേബ്,
39 ഹിത്യനായ ഊരിയാവ് എന്നിവരും. ഇങ്ങനെ ഇവർ ആകെ മുപ്പത്തിയേഴു പേരുണ്ടായിരുന്നു.
ഹിത്യൻ ഊരീയാവു ഇങ്ങനെ ആകെ മുപ്പത്തേഴുപേർ.

< 2 ശമൂവേൽ 23 >