< 2 ശമൂവേൽ 21 >
1 ദാവീദിന്റെ ഭരണകാലത്ത് മൂന്നുവർഷം തുടർച്ചയായി ക്ഷാമമുണ്ടായി. അപ്പോൾ ദാവീദ് യഹോവയോട് അരുളപ്പാടു ചോദിച്ചു. അപ്പോൾ “ശൗലും രക്തപാതകമുള്ള അവന്റെ ഭവനവുംകാരണം ഈ വിധം സംഭവിച്ചിരിക്കുന്നു. ശൗൽ ഗിബെയോന്യരെ കൊന്നൊടുക്കിയതിന്റെ ഫലമാണിത്,” എന്ന് യഹോവ അരുളിച്ചെയ്തു.
2 രാജാവ് ഗിബെയോന്യരെ വിളിച്ചുവരുത്തി അവരുമായി സംസാരിച്ചു (ഗിബെയോന്യർ ഇക്കാലത്ത് ഇസ്രായേലിന്റെ ഒരു ഭാഗമായിരുന്നില്ല; അവർ അമോര്യരുടെ ശേഷിപ്പായിരുന്നു. അവരെ ഉപദ്രവിക്കാതെ വിട്ടുകൊള്ളാമെന്ന് ഇസ്രായേൽക്കാർ ശപഥംചെയ്തിരുന്നു. എന്നാൽ ഇസ്രായേലിനോടും യെഹൂദയോടുമുള്ള അതിരുകടന്ന താത്പര്യംമൂലം ശൗൽ അവരെ ഉന്മൂലനംചെയ്യാൻ ശ്രമിച്ചു).
3 ദാവീദ് ഗിബെയോന്യരോടു ചോദിച്ചു: “ഞാൻ നിങ്ങൾക്കുവേണ്ടി എന്തു ചെയ്തുതരണം? നിങ്ങൾ യഹോവയുടെ അവകാശമായ ഇസ്രായേലിനെ അനുഗ്രഹിക്കാൻ തക്കവണ്ണം ഞാൻ എന്തു പരിഹാരമാണു ചെയ്യേണ്ടത്?”
4 ഗിബെയോന്യർ അദ്ദേഹത്തോടു മറുപടി പറഞ്ഞു: “ശൗലിൽനിന്നാകട്ടെ, അവന്റെ കുടുംബത്തിൽനിന്നാകട്ടെ, വെള്ളിയോ സ്വർണമോ ചോദിക്കുന്നത് ഞങ്ങൾക്കു ന്യായമല്ല; ഇസ്രായേലിൽ ഏതെങ്കിലും ഒരുവനെ മരണത്തിനേൽപ്പിക്കുന്നതും ഞങ്ങൾക്ക് ഉചിതമല്ല.” “ഞാൻ നിങ്ങൾക്കുവേണ്ടി എന്തു ചെയ്തുതരണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്ന് ദാവീദ് വീണ്ടും ചോദിച്ചു.
5 അവർ രാജാവിനോടു മറുപടി പറഞ്ഞു: “ഞങ്ങൾ കൂട്ടമായി സംഹരിക്കപ്പെടുകയും ഇസ്രായേൽദേശത്തെങ്ങും ഞങ്ങൾക്കൊരു ഇടംകിട്ടാതെ പോകുകയും ചെയ്യത്തക്കവണ്ണം ഞങ്ങളെ നശിപ്പിക്കുകയും ഞങ്ങൾക്കെതിരേ ദുരാലോചന നടത്തുകയുംചെയ്ത ആ മനുഷ്യനുണ്ടല്ലോ!
6 അയാളുടെ പിൻഗാമികളിൽ ഏഴു പുരുഷന്മാരെ ഞങ്ങൾക്കുതരിക. ഞങ്ങൾ അവരെക്കൊന്ന് യഹോവയുടെ വ്രതനായ ശൗലിന്റെ ഗിബെയയിൽ യഹോവയുടെമുമ്പാകെ തൂക്കിക്കളയും.” “ഞാൻ അവരെ നിങ്ങൾക്കു തരാം,” എന്നു രാജാവു മറുപടി പറഞ്ഞു.
7 യഹോവയുടെമുമ്പാകെ ദാവീദും ശൗലിന്റെ മകനായ യോനാഥാനുംതമ്മിൽ ചെയ്ത ഉടമ്പടിയനുസരിച്ച് രാജാവ് ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ ഒഴിവാക്കി.
8 അവരോടൊപ്പം അയ്യാവിന്റെ മകളായ രിസ്പായിൽ ശൗലിനു ജനിച്ച രണ്ടു പുത്രന്മാരായ അർമോനിയെയും മെഫീബോശെത്തിനെയും അവരോടൊപ്പം ശൗലിന്റെ മകളായ മീഖൾ മെഹോലാത്യൻ ബർസില്ലായിയുടെ മകനായ അദ്രീയേലിന്നു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവു ചേർത്തു.
9 ഈ ഏഴുപേരെ അദ്ദേഹം ഗിബെയോന്യർക്ക് ഏൽപ്പിച്ചുകൊടുത്തു. അവർ അവരെ കൊന്ന് യഹോവയുടെമുമ്പാകെ മലയിൽ തൂക്കിയിട്ടു. അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു കൊല്ലപ്പെട്ടു. യവക്കൊയ്ത്തിന്റെ ആദ്യദിവസങ്ങളിലാണ് അവർ വധിക്കപ്പെട്ടത്.
10 അയ്യാവിന്റെ മകളായ രിസ്പാ ചാക്കുശീലയെടുത്തു പാറപ്പുറത്തു വിരിച്ച് തനിക്കു കിടക്കയാക്കി. കൊയ്ത്തിന്റെ തുടക്കംമുതൽ ആകാശത്തുനിന്ന് ആ ശവശരീരങ്ങളുടെമേൽ മഴചൊരിയുന്നതുവരെ പകൽ ആകാശത്തിലെ പറവകളോ രാത്രിയിൽ വന്യമൃഗങ്ങളോ ആ ശരീരങ്ങളെ തൊടാൻ അവൾ സമ്മതിച്ചില്ല.
11 ശൗലിന്റെ വെപ്പാട്ടിയായ അയ്യാവിന്റെ മകളായ രിസ്പാ ചെയ്തത് ദാവീദ് കേട്ടു.
12 അപ്പോൾ അദ്ദേഹം ചെന്ന് യാബേശ്-ഗിലെയാദിലെ പൗരന്മാരിൽനിന്നു ശൗലിന്റെയും അദ്ദേഹത്തിന്റെ മകനായ യോനാഥാന്റെയും അസ്ഥികൾ കൊണ്ടുവന്നു (ഫെലിസ്ത്യർ ഗിൽബോവാ മലയിൽവെച്ച് ശൗലിനെ വധിച്ചശേഷം അദ്ദേഹത്തിന്റെയും യോനാഥാന്റെയും മൃതശരീരങ്ങൾ ബേത്-ശയാനിൽ കൊണ്ടുചെന്ന് പൊതു മൈതാനത്തിൽ തൂക്കിയിരുന്നു. യബേശ് നിവാസികൾ അവയെ അവിടെനിന്നു രഹസ്യമായി കൊണ്ടുവന്നിരുന്നു).
13 അവിടെനിന്നു ദാവീദ് ശൗലിന്റെയും അദ്ദേഹത്തിന്റെ മകനായ യോനാഥാന്റെയും ഗിബെയയിൽവെച്ചു കൊന്നു തൂക്കപ്പെട്ടവരുടെയും അസ്ഥികളും ശേഖരിച്ചു.
14 ബെന്യാമീൻദേശത്ത് സേലയിൽ, ശൗലിന്റെ പിതാവായ കീശിന്റെ കല്ലറയിൽ, ശൗലിന്റെയും യോനാഥാന്റെയും അസ്ഥികൾ അവർ സംസ്കരിച്ചു. രാജാവു കൽപ്പിച്ചതെല്ലാം അവർ ചെയ്തു. അതിനുശേഷം ദേശത്തിനുവേണ്ടിയുള്ള പ്രാർഥനയ്ക്ക് ദൈവം ഉത്തരമരുളി.
15 ഫെലിസ്ത്യരും ഇസ്രായേല്യരുംതമ്മിൽ വീണ്ടും ഒരിക്കൽ യുദ്ധമുണ്ടായി. ദാവീദ് സൈന്യസമേതം ചെന്ന് അവരുമായി പോരാടി; എന്നാൽ അദ്ദേഹം തളർന്നുപോയി.
16 അപ്പോൾ മുന്നൂറു ശേക്കേൽ തൂക്കമുള്ള വെങ്കലശൂലം ധരിച്ചവനും പുതിയ ഒരു വാൾ അരയ്ക്കു കെട്ടിയവനും രാഫായുടെ പിൻഗാമികളിൽ ഒരുവനുമായ യിശ്ബി-ബെനോബ് ദാവീദിനെ കൊല്ലുന്നതിന് അദ്ദേഹത്തോടടുത്തു.
17 എന്നാൽ സെരൂയയുടെ മകനായ അബീശായി അദ്ദേഹത്തിന്റെ രക്ഷയ്ക്ക് ഓടിയെത്തി. അദ്ദേഹം ആ ഫെലിസ്ത്യനെ വെട്ടിക്കൊന്നു. “ഇസ്രായേലിന്റെ വിളക്ക് പൊലിഞ്ഞുപോകാതിരിക്കാൻ, മേലിൽ അങ്ങു ഞങ്ങളോടൊപ്പം പോർക്കളത്തിലേക്കു വരരുത്,” എന്ന് ദാവീദിന്റെ പടയാളികൾ അന്ന് അദ്ദേഹത്തോടു ശപഥംചെയ്തുപറഞ്ഞു.
18 ഈ സംഭവത്തിനുശേഷം ഗോബിൽവെച്ച് ഫെലിസ്ത്യരുമായി മറ്റൊരു യുദ്ധമുണ്ടായി. ആ സമയത്ത് ഹൂശാത്യനായ സിബ്ബെഖായി രാഫായുടെ പിൻഗാമികളിൽ മല്ലനായ സഫിനെ വധിച്ചു.
19 ഗോബിൽവെച്ചുതന്നെ ഫെലിസ്ത്യരുമായുണ്ടായ മറ്റൊരു യുദ്ധത്തിൽ ബേത്ലഹേമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിന്റെ സഹോദരനെ വധിച്ചു. നെയ്ത്തുകോൽപ്പിടിപോലെ തടിച്ച പിടിയോടുകൂടിയ ഒരു കുന്തമാണ് ആ ഫെലിസ്ത്യനുണ്ടായിരുന്നത്.
20 ഗത്തിൽവെച്ചുനടന്ന മറ്റൊരു യുദ്ധത്തിൽ കൈകാലുകളിൽ ഓരോന്നിലും ആറു വിരൽവീതം മൊത്തം ഇരുപത്തിനാലു വിരലുള്ള ഒരു ഭീമാകാരനുണ്ടായിരുന്നു. അയാളും രാഫായുടെ പിൻഗാമികളിൽ ഒരാളായിരുന്നു.
21 അയാൾ ഇസ്രായേലിനെ അധിക്ഷേപിച്ചപ്പോൾ, ദാവീദിന്റെ സഹോദരനായ ശിമെയിയുടെ മകൻ യോനാഥാൻ അയാളെ വധിച്ചു.
22 ഇവർ നാലുപേരും ഗത്തിലെ രാഫായുടെ പിൻഗാമികളായിരുന്നു. അവർ നാലും ദാവീദിന്റെയും അനുയായികളുടെയും കൈയിൽപ്പെട്ടു നാശമടഞ്ഞു.