< 2 ശമൂവേൽ 21 >
1 ദാവീദിന്റെ ഭരണകാലത്ത് മൂന്നുവർഷം തുടർച്ചയായി ക്ഷാമമുണ്ടായി. അപ്പോൾ ദാവീദ് യഹോവയോട് അരുളപ്പാടു ചോദിച്ചു. അപ്പോൾ “ശൗലും രക്തപാതകമുള്ള അവന്റെ ഭവനവുംകാരണം ഈ വിധം സംഭവിച്ചിരിക്കുന്നു. ശൗൽ ഗിബെയോന്യരെ കൊന്നൊടുക്കിയതിന്റെ ഫലമാണിത്,” എന്ന് യഹോവ അരുളിച്ചെയ്തു.
൧ദാവീദിന്റെ കാലത്ത് മൂന്നു വർഷം തുടർച്ചയായി ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാട് ചോദിച്ചപ്പോൾ “ശൌല്‍ ഗിബെയോന്യരെ കൊന്നതുകൊണ്ട് അത് അവൻ നിമിത്തവും രക്തപാതകമുള്ള അവന്റെ കുടുംബം നിമിത്തവും ആകുന്നു”. എന്ന് യഹോവ അരുളിച്ചെയ്തു.
2 രാജാവ് ഗിബെയോന്യരെ വിളിച്ചുവരുത്തി അവരുമായി സംസാരിച്ചു (ഗിബെയോന്യർ ഇക്കാലത്ത് ഇസ്രായേലിന്റെ ഒരു ഭാഗമായിരുന്നില്ല; അവർ അമോര്യരുടെ ശേഷിപ്പായിരുന്നു. അവരെ ഉപദ്രവിക്കാതെ വിട്ടുകൊള്ളാമെന്ന് ഇസ്രായേൽക്കാർ ശപഥംചെയ്തിരുന്നു. എന്നാൽ ഇസ്രായേലിനോടും യെഹൂദയോടുമുള്ള അതിരുകടന്ന താത്പര്യംമൂലം ശൗൽ അവരെ ഉന്മൂലനംചെയ്യാൻ ശ്രമിച്ചു).
൨അങ്ങനെ രാജാവ് ഗിബെയോന്യരെ വിളിച്ച് അവരോട് സംസാരിച്ചു: ഗിബെയോന്യർ യിസ്രായേല്യരല്ല; അമോര്യരിൽ ശേഷിച്ചവരത്രേ. അവരെ സംരക്ഷിക്കാമെന്ന് യിസ്രായേൽ മക്കൾ സത്യം ചെയ്തിരുന്നു. എങ്കിലും ശൌല്‍ യിസ്രായേല്യർക്കും യെഹൂദ്യർക്കും വേണ്ടി തനിക്കുണ്ടായിരുന്ന അതിതാല്പര്യത്താൽ അവരെ കൊന്നുകളയുവാൻ ശ്രമിച്ചു -
3 ദാവീദ് ഗിബെയോന്യരോടു ചോദിച്ചു: “ഞാൻ നിങ്ങൾക്കുവേണ്ടി എന്തു ചെയ്തുതരണം? നിങ്ങൾ യഹോവയുടെ അവകാശമായ ഇസ്രായേലിനെ അനുഗ്രഹിക്കാൻ തക്കവണ്ണം ഞാൻ എന്തു പരിഹാരമാണു ചെയ്യേണ്ടത്?”
൩ദാവീദ് ഗിബെയോന്യരോട്: “ഞാൻ നിങ്ങൾക്ക് എന്ത് ചെയ്തു തരണം? നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന് ഞാൻ എന്ത് പരിഹാരം ചെയ്യണം?” എന്നു ചോദിച്ചു.
4 ഗിബെയോന്യർ അദ്ദേഹത്തോടു മറുപടി പറഞ്ഞു: “ശൗലിൽനിന്നാകട്ടെ, അവന്റെ കുടുംബത്തിൽനിന്നാകട്ടെ, വെള്ളിയോ സ്വർണമോ ചോദിക്കുന്നത് ഞങ്ങൾക്കു ന്യായമല്ല; ഇസ്രായേലിൽ ഏതെങ്കിലും ഒരുവനെ മരണത്തിനേൽപ്പിക്കുന്നതും ഞങ്ങൾക്ക് ഉചിതമല്ല.” “ഞാൻ നിങ്ങൾക്കുവേണ്ടി എന്തു ചെയ്തുതരണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്ന് ദാവീദ് വീണ്ടും ചോദിച്ചു.
൪ഗിബെയോന്യർ അവനോട്: “ശൌലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ട് തീരുന്നതല്ല; യിസ്രായേലിൽ ഞങ്ങൾക്കുവേണ്ടി ഒരുവനെ നീ കൊല്ലുകയും വേണ്ട” എന്നു പറഞ്ഞു. “നിങ്ങൾ പറയുന്നത് എന്തുതന്നെയായാലും ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തുതരാം” എന്ന് അവൻ പറഞ്ഞു.
5 അവർ രാജാവിനോടു മറുപടി പറഞ്ഞു: “ഞങ്ങൾ കൂട്ടമായി സംഹരിക്കപ്പെടുകയും ഇസ്രായേൽദേശത്തെങ്ങും ഞങ്ങൾക്കൊരു ഇടംകിട്ടാതെ പോകുകയും ചെയ്യത്തക്കവണ്ണം ഞങ്ങളെ നശിപ്പിക്കുകയും ഞങ്ങൾക്കെതിരേ ദുരാലോചന നടത്തുകയുംചെയ്ത ആ മനുഷ്യനുണ്ടല്ലോ!
൫അവർ രാജാവിനോട്: “ഞങ്ങളെ നശിപ്പിക്കുകയും യിസ്രായേൽദേശത്തെങ്ങും ഞങ്ങൾ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കുകയും ചെയ്തവന്റെ മക്കളിൽ ഏഴുപേരെ ഞങ്ങൾക്ക് വിട്ടുതരണം.
6 അയാളുടെ പിൻഗാമികളിൽ ഏഴു പുരുഷന്മാരെ ഞങ്ങൾക്കുതരിക. ഞങ്ങൾ അവരെക്കൊന്ന് യഹോവയുടെ വ്രതനായ ശൗലിന്റെ ഗിബെയയിൽ യഹോവയുടെമുമ്പാകെ തൂക്കിക്കളയും.” “ഞാൻ അവരെ നിങ്ങൾക്കു തരാം,” എന്നു രാജാവു മറുപടി പറഞ്ഞു.
൬ഞങ്ങൾ അവരെ യഹോവ തിരഞ്ഞെടുത്ത ശൌലിന്റെ, ഗിബെയയിൽ യഹോവയുടെ മുമ്പിൽ തൂക്കിക്കളയും” എന്ന് ഉത്തരം പറഞ്ഞു. “ഞാൻ അവരെ തരാം” എന്ന് രാജാവ് പറഞ്ഞു.
7 യഹോവയുടെമുമ്പാകെ ദാവീദും ശൗലിന്റെ മകനായ യോനാഥാനുംതമ്മിൽ ചെയ്ത ഉടമ്പടിയനുസരിച്ച് രാജാവ് ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ ഒഴിവാക്കി.
൭എന്നാൽ ദാവീദും ശൌലിന്റെ മകനായ യോനാഥാനും തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്ത സത്യംനിമിത്തം ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ രാജാവ് ഒഴിവാക്കി.
8 അവരോടൊപ്പം അയ്യാവിന്റെ മകളായ രിസ്പായിൽ ശൗലിനു ജനിച്ച രണ്ടു പുത്രന്മാരായ അർമോനിയെയും മെഫീബോശെത്തിനെയും അവരോടൊപ്പം ശൗലിന്റെ മകളായ മീഖൾ മെഹോലാത്യൻ ബർസില്ലായിയുടെ മകനായ അദ്രീയേലിന്നു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവു ചേർത്തു.
൮അയ്യാവിന്റെ മകൾ രിസ്പാ ശൌലിനു പ്രസവിച്ച രണ്ട് പുത്രന്മാരായ അർമ്മോനിയെയും മെഫീബോശെത്തിനെയും ശൌലിന്റെ മകളായ മേരബ് മെഹോലാത്യൻ ബർസില്ലായിയുടെ മകനായ അദ്രിയേലിനു പ്രസവിച്ച അഞ്ച് പുത്രന്മാരെയും രാജാവ് പിടിച്ച് ഗിബെയോന്യരുടെ കയ്യിൽ ഏല്പിച്ചു.
9 ഈ ഏഴുപേരെ അദ്ദേഹം ഗിബെയോന്യർക്ക് ഏൽപ്പിച്ചുകൊടുത്തു. അവർ അവരെ കൊന്ന് യഹോവയുടെമുമ്പാകെ മലയിൽ തൂക്കിയിട്ടു. അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു കൊല്ലപ്പെട്ടു. യവക്കൊയ്ത്തിന്റെ ആദ്യദിവസങ്ങളിലാണ് അവർ വധിക്കപ്പെട്ടത്.
൯അവർ അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നത്.
10 അയ്യാവിന്റെ മകളായ രിസ്പാ ചാക്കുശീലയെടുത്തു പാറപ്പുറത്തു വിരിച്ച് തനിക്കു കിടക്കയാക്കി. കൊയ്ത്തിന്റെ തുടക്കംമുതൽ ആകാശത്തുനിന്ന് ആ ശവശരീരങ്ങളുടെമേൽ മഴചൊരിയുന്നതുവരെ പകൽ ആകാശത്തിലെ പറവകളോ രാത്രിയിൽ വന്യമൃഗങ്ങളോ ആ ശരീരങ്ങളെ തൊടാൻ അവൾ സമ്മതിച്ചില്ല.
൧൦അയ്യാവിന്റെ മകളായ രിസ്പ ചാക്കുശീല എടുത്ത് പാറമേൽ വിരിച്ച് കൊയ്ത്തുകാലത്തിന്റെ ആരംഭംമുതൽ ആകാശത്തുനിന്ന് അവരുടെ മേൽ മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാൻ സമ്മതിക്കാതിരുന്നു.
11 ശൗലിന്റെ വെപ്പാട്ടിയായ അയ്യാവിന്റെ മകളായ രിസ്പാ ചെയ്തത് ദാവീദ് കേട്ടു.
൧൧ശൌലിന്റെ വെപ്പാട്ടിയായി അയ്യാവിന്റെ മകളായ രിസ്പ ചെയ്തത് ദാവീദ് കേട്ടിട്ട്
12 അപ്പോൾ അദ്ദേഹം ചെന്ന് യാബേശ്-ഗിലെയാദിലെ പൗരന്മാരിൽനിന്നു ശൗലിന്റെയും അദ്ദേഹത്തിന്റെ മകനായ യോനാഥാന്റെയും അസ്ഥികൾ കൊണ്ടുവന്നു (ഫെലിസ്ത്യർ ഗിൽബോവാ മലയിൽവെച്ച് ശൗലിനെ വധിച്ചശേഷം അദ്ദേഹത്തിന്റെയും യോനാഥാന്റെയും മൃതശരീരങ്ങൾ ബേത്-ശയാനിൽ കൊണ്ടുചെന്ന് പൊതു മൈതാനത്തിൽ തൂക്കിയിരുന്നു. യബേശ് നിവാസികൾ അവയെ അവിടെനിന്നു രഹസ്യമായി കൊണ്ടുവന്നിരുന്നു).
൧൨ദാവീദ് ചെന്ന് ഫെലിസ്ത്യർ ഗിൽബോവയിൽവച്ച് ശൌലിനെ കൊന്നനാളിൽ ബേത്ത്-ശാൻനഗരവീഥിയിൽ ഫെലിസ്ത്യർ തൂക്കിക്കളയുകയും ഗിലെയാദിലെ യാബേശ് പൗരന്മാർ അവിടെനിന്ന് മോഷ്ടിച്ചു കൊണ്ടുവരുകയും ചെയ്തിരുന്ന ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികൾ അവരുടെ അടുക്കൽനിന്ന് എടുത്തു.
13 അവിടെനിന്നു ദാവീദ് ശൗലിന്റെയും അദ്ദേഹത്തിന്റെ മകനായ യോനാഥാന്റെയും ഗിബെയയിൽവെച്ചു കൊന്നു തൂക്കപ്പെട്ടവരുടെയും അസ്ഥികളും ശേഖരിച്ചു.
൧൩അങ്ങനെ അവൻ ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികൾ അവിടെനിന്നു വരുത്തി; തൂക്കിക്കൊന്നവരുടെ അസ്ഥികളും അവർ പെറുക്കിയെടുത്തു.
14 ബെന്യാമീൻദേശത്ത് സേലയിൽ, ശൗലിന്റെ പിതാവായ കീശിന്റെ കല്ലറയിൽ, ശൗലിന്റെയും യോനാഥാന്റെയും അസ്ഥികൾ അവർ സംസ്കരിച്ചു. രാജാവു കൽപ്പിച്ചതെല്ലാം അവർ ചെയ്തു. അതിനുശേഷം ദേശത്തിനുവേണ്ടിയുള്ള പ്രാർഥനയ്ക്ക് ദൈവം ഉത്തരമരുളി.
൧൪ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികൾ അവർ ബെന്യാമീൻദേശത്ത് സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയിൽ അടക്കം ചെയ്തു; രാജാവ് കല്പിച്ചതെല്ലാം അവർ ചെയ്തു. അതിന്‍റെശേഷം ദൈവം ദേശത്തിനുവേണ്ടിയുള്ള പ്രാർത്ഥനയെ ആദരിച്ചു.
15 ഫെലിസ്ത്യരും ഇസ്രായേല്യരുംതമ്മിൽ വീണ്ടും ഒരിക്കൽ യുദ്ധമുണ്ടായി. ദാവീദ് സൈന്യസമേതം ചെന്ന് അവരുമായി പോരാടി; എന്നാൽ അദ്ദേഹം തളർന്നുപോയി.
൧൫ഫെലിസ്ത്യർക്ക് യിസ്രായേലിനോട് വീണ്ടും യുദ്ധം ഉണ്ടായപ്പോൾ ദാവീദ് തന്റെ ഭൃത്യന്മാരുമായി ചെന്ന് ഫെലിസ്ത്യരോടു പോരാടി; ദാവീദ് തളർന്നുപോയി.
16 അപ്പോൾ മുന്നൂറു ശേക്കേൽ തൂക്കമുള്ള വെങ്കലശൂലം ധരിച്ചവനും പുതിയ ഒരു വാൾ അരയ്ക്കു കെട്ടിയവനും രാഫായുടെ പിൻഗാമികളിൽ ഒരുവനുമായ യിശ്ബി-ബെനോബ് ദാവീദിനെ കൊല്ലുന്നതിന് അദ്ദേഹത്തോടടുത്തു.
൧൬അപ്പോൾ മുന്നൂറു ശേക്കെൽ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാൾ അരക്കു കെട്ടിയവനുമായി രാഫാമക്കളിൽ യിശ്ബി-ബെനോബ് എന്നൊരുവൻ ദാവീദിനെ കൊല്ലുവാൻ ഭാവിച്ചു.
17 എന്നാൽ സെരൂയയുടെ മകനായ അബീശായി അദ്ദേഹത്തിന്റെ രക്ഷയ്ക്ക് ഓടിയെത്തി. അദ്ദേഹം ആ ഫെലിസ്ത്യനെ വെട്ടിക്കൊന്നു. “ഇസ്രായേലിന്റെ വിളക്ക് പൊലിഞ്ഞുപോകാതിരിക്കാൻ, മേലിൽ അങ്ങു ഞങ്ങളോടൊപ്പം പോർക്കളത്തിലേക്കു വരരുത്,” എന്ന് ദാവീദിന്റെ പടയാളികൾ അന്ന് അദ്ദേഹത്തോടു ശപഥംചെയ്തുപറഞ്ഞു.
൧൭എന്നാൽ സെരൂയയുടെ മകനായ അബീശായി അവന്റെ സഹായത്തിനായി വന്ന് ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോൾ ദാവീദിന്റെ ഭൃത്യന്മാർ അവനോട്: “നീ യിസ്രായേലിന്റെ ദീപം കെടുത്താതിരിക്കേണ്ടതിന് ഇനി ഞങ്ങളോടുകൂടി യുദ്ധത്തിന് പുറപ്പെടരുത്” എന്ന് സത്യംചെയ്തു പറഞ്ഞു.
18 ഈ സംഭവത്തിനുശേഷം ഗോബിൽവെച്ച് ഫെലിസ്ത്യരുമായി മറ്റൊരു യുദ്ധമുണ്ടായി. ആ സമയത്ത് ഹൂശാത്യനായ സിബ്ബെഖായി രാഫായുടെ പിൻഗാമികളിൽ മല്ലനായ സഫിനെ വധിച്ചു.
൧൮അതിന്‍റെശേഷം ഗോബിൽവച്ച് വീണ്ടും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അപ്പോൾ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുവനായ സഫിനെ വെട്ടിക്കൊന്നു.
19 ഗോബിൽവെച്ചുതന്നെ ഫെലിസ്ത്യരുമായുണ്ടായ മറ്റൊരു യുദ്ധത്തിൽ ബേത്ലഹേമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിന്റെ സഹോദരനെ വധിച്ചു. നെയ്ത്തുകോൽപ്പിടിപോലെ തടിച്ച പിടിയോടുകൂടിയ ഒരു കുന്തമാണ് ആ ഫെലിസ്ത്യനുണ്ടായിരുന്നത്.
൧൯ഗോബിൽവച്ച് പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവച്ച് ബേത്ത്ലേഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിന്റെ സഹോദരനെ വെട്ടിക്കൊന്നു; ഗോലിയാത്തിന്‍റെ സഹോദരന്റെ കുന്തത്തണ്ട് നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.
20 ഗത്തിൽവെച്ചുനടന്ന മറ്റൊരു യുദ്ധത്തിൽ കൈകാലുകളിൽ ഓരോന്നിലും ആറു വിരൽവീതം മൊത്തം ഇരുപത്തിനാലു വിരലുള്ള ഒരു ഭീമാകാരനുണ്ടായിരുന്നു. അയാളും രാഫായുടെ പിൻഗാമികളിൽ ഒരാളായിരുന്നു.
൨൦പിന്നെയും ഗത്തിൽവച്ച് യുദ്ധം ഉണ്ടായി; അവിടെ ഒരു അതികായൻ ഉണ്ടായിരുന്നു; അവന്റെ ഓരോ കൈയ്ക്ക് ആറാറുവിരലും ഓരോ കാലിന് ആറാറുവിരലും ആകെ ഇരുപത്തിനാല് വിരൽ ഉണ്ടായിരുന്നു; ഇവനും രാഫയ്ക്കു ജനിച്ചവനായിരുന്നു.
21 അയാൾ ഇസ്രായേലിനെ അധിക്ഷേപിച്ചപ്പോൾ, ദാവീദിന്റെ സഹോദരനായ ശിമെയിയുടെ മകൻ യോനാഥാൻ അയാളെ വധിച്ചു.
൨൧അവൻ യിസ്രായേലിനെ അധിക്ഷേപിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അവനെ കൊന്നുകളഞ്ഞു.
22 ഇവർ നാലുപേരും ഗത്തിലെ രാഫായുടെ പിൻഗാമികളായിരുന്നു. അവർ നാലും ദാവീദിന്റെയും അനുയായികളുടെയും കൈയിൽപ്പെട്ടു നാശമടഞ്ഞു.
൨൨ഈ നാല് പേരും ഗത്തിൽ രാഫയ്ക്കു ജനിച്ചവരായിരുന്നു. അവർ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാൽ കൊല്ലപ്പെട്ടു.