< 2 ശമൂവേൽ 18 >
1 അതിനുശേഷം ദാവീദ് തന്നോടുകൂടെയുള്ള സൈന്യത്തെ വിളിച്ചുകൂട്ടി എണ്ണം തിട്ടപ്പെടുത്തുകയും അവർക്കു സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിക്കുകയും ചെയ്തു.
൧അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണി നോക്കി; അവർക്ക് സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.
2 ദാവീദ് തന്റെ പടയാളികളിൽ മൂന്നിലൊരുഭാഗത്തെ യോവാബിന്റെ ആധിപത്യത്തിലും മൂന്നിലൊന്നിനെ യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായിയുടെ ആധിപത്യത്തിലും ബാക്കിയുള്ള മൂന്നിലൊന്നിനെ ഗിത്യനായ ഇത്ഥായിയുടെ ആധിപത്യത്തിലും ആക്കി അയച്ചു. “ഞാനും തീർച്ചയായും നിങ്ങളോടുകൂടി മുന്നണിയിലേക്കുവരുന്നു,” എന്നു രാജാവു പറഞ്ഞു.
൨ദാവീദ് ജനത്തിൽ മൂന്നിൽ ഒരു വിഭാഗത്തെ യോവാബിന്റെ അധീനത്തിലും മൂന്നിൽ ഒരു വിഭാഗത്തെ സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ അധീനത്തിലും മൂന്നിൽ ഒരു വിഭാഗത്തെ ഗിത്യനായ ഇത്ഥായിയുടെ അധീനത്തിലും അയച്ചു: ഞാനും നിങ്ങളോടുകൂടി വരും എന്ന് രാജാവ് ജനത്തോട് പറഞ്ഞു.
3 എന്നാൽ ജനം പറഞ്ഞു: “അങ്ങു വരരുത്! ഞങ്ങൾ തോറ്റോടേണ്ടതായിവന്നാലും അവർ ഞങ്ങളെ കാര്യമാക്കുകയില്ല. ഞങ്ങളിൽ പകുതി ആളുകൾ വധിക്കപ്പെട്ടാലും അതാരും പരിഗണിക്കുകയില്ല. പക്ഷേ, അങ്ങോ! അങ്ങ് ഞങ്ങളിൽ പതിനായിരംപേർക്കു തുല്യനത്രേ! അങ്ങു നഗരത്തിലിരുന്ന് ഞങ്ങളെ സഹായിക്കുന്നതാണു നല്ലത്.”
൩എന്നാൽ ജനം: “നീ വരണ്ടാ; ഞങ്ങൾ തോറ്റോടിയാൽ ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളിൽ പകുതിപേർ കൊല്ലപ്പെട്ടു എന്നുവന്നാലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളിൽ പതിനായിരം പേർക്ക് തുല്യൻ. ആകയാൽ നീ പട്ടണത്തിൽ ഇരുന്നുകൊണ്ട് ഞങ്ങൾക്ക് സഹായം ചെയ്യുന്നത് നല്ലത്” എന്നു പറഞ്ഞു.
4 “നിങ്ങൾക്ക് ഉചിതമെന്നു തോന്നുന്നതു ഞാൻ ചെയ്യാം,” എന്നു രാജാവു പറഞ്ഞു. അതിനാൽ രാജാവു പടിവാതിൽക്കൽ നിന്നു. സകലജനങ്ങളും നൂറുനൂറായും ആയിരമായിരമായും കടന്നുപോയി.
൪രാജാവ് അവരോട്: “നിങ്ങൾക്ക് ഉത്തമം എന്നു തോന്നുന്നത് ഞാൻ ചെയ്യാം” എന്നു പറഞ്ഞു. പിന്നെ രാജാവ് പടിവാതില്ക്കൽ നിന്നു; ജനങ്ങൾ നൂറുനൂറായും ആയിരം ആയിരമായും പുറപ്പെട്ടു.
5 രാജാവ് യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും: “എന്നെ ഓർത്ത് അബ്ശാലോംകുമാരനോട് ദയവോടെ പെരുമാറുക,” എന്നു കൽപ്പിച്ചു. അബ്ശാലോമിനെക്കുറിച്ച് രാജാവു സൈന്യാധിപന്മാർ ഓരോരുത്തരോടും കൽപ്പിക്കുന്നത് പടയാളികളെല്ലാം കേട്ടിരുന്നു.
൫“എന്നെ ഓർത്ത് അബ്ശാലോംകുമാരനോട് കനിവോടെ പെരുമാറുവിൻ” എന്ന് രാജാവ് യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവ് സൈന്യാധിപന്മാരോട് അബ്ശാലോമിനെക്കുറിച്ച് കല്പിക്കുമ്പോൾ ജനമെല്ലാം കേട്ടു.
6 അങ്ങനെ സൈന്യം ഇസ്രായേലിനെ നേരിടുന്നതിനായി പട്ടണത്തിനുപുറത്തേക്കു നീങ്ങി. എഫ്രയീം വനത്തിൽവെച്ച് അവർ ഏറ്റുമുട്ടി.
൬പിന്നെ ജനം പടക്കളത്തിലേക്ക് യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തിൽവച്ച് യുദ്ധം ഉണ്ടായി.
7 അവിടെവെച്ച് ഇസ്രായേൽസൈന്യം ദാവീദിന്റെ ചേവകരോടു തോറ്റു. അന്ന് ഒരു മഹാസംഹാരം നടന്നു. ഇരുപതിനായിരം പടയാളികൾ വധിക്കപ്പെട്ടു.
൭യിസ്രായേൽജനം ദാവീദിന്റെ പടയാളികളോട് തോറ്റു. അന്ന് അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരംപേർ കൊല്ലപ്പെട്ടു.
8 യുദ്ധം ആ പ്രദേശമെല്ലാം പരന്നു. അന്ന് വാളിനാൽ കൊല്ലപ്പെട്ടവരിൽ അധികംപേർ വനത്തിന്റെ ഘോരതനിമിത്തം കൊല്ലപ്പെട്ടു.
൮യുദ്ധം ആ ദേശത്ത് എല്ലായിടവും പരന്നു; അന്ന് വാളിന് ഇരയായതിലും അധികംപേർ വനത്തിനിരയായ്തീർന്നു.
9 അബ്ശാലോം ദാവീദിന്റെ സൈന്യത്തിന് എതിരേ പുറപ്പെട്ടു. അദ്ദേഹം തന്റെ കോവർകഴുതപ്പുറത്ത് ഓടിച്ചുപോയി. ഇടതൂർന്ന ശിഖരങ്ങളോടുകൂടിയ ഒരു കരുവേലകത്തിന്റെ അടിയിലൂടെ കഴുത ഓടിപ്പോയപ്പോൾ അബ്ശാലോമിന്റെ തലമുടി ആ മരത്തിൽ കുരുങ്ങി. അദ്ദേഹം സഞ്ചരിച്ചിരുന്ന കഴുത ഓടിപ്പോകുകയും അദ്ദേഹം ആകാശത്തിനും ഭൂമിക്കും മധ്യേ തൂങ്ങിക്കിടക്കുകയും ചെയ്തു.
൯അബ്ശാലോം ദാവീദിന്റെ പടയാളികൾക്ക് എതിർപെട്ടു; അബ്ശാലോം കോവർകഴുതപ്പുറത്ത് ഓടിച്ചുപോകുമ്പോൾ കോവർകഴുത ഘനമുള്ള കൊമ്പുകൾ തിങ്ങിനില്ക്കുന്ന ഒരു വലിയ കരുവേലകത്തിൻ കീഴിലൂടെ പോയി; അവന്റെ തലമുടി കരുവേലകത്തിൽ ഉടക്കിയിട്ട് അവൻ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴിൽനിന്ന് കോവർകഴുത ഓടിപ്പോയി.
10 പടയാളികളിൽ ഒരുവൻ ഇതുകണ്ട് ഓടിച്ചെന്നു യോവാബിനോട്: “അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നതു ഞാൻ കണ്ടു” എന്നു പറഞ്ഞു.
൧൦ഒരുത്തൻ അത് കണ്ടിട്ട്: “അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു” എന്ന് യോവാബിനോട് അറിയിച്ചു.
11 തന്നോടിതു പറഞ്ഞ ആളിനോടു യോവാബു ചോദിച്ചു: “എന്ത്! നീ കണ്ടെന്നോ? എങ്കിൽ നീ അവിടെവെച്ചുതന്നെ അവനെ വെട്ടി നിലത്തു വീഴ്ത്താഞ്ഞതെന്തുകൊണ്ട്? എങ്കിൽ ഞാൻ നിനക്കു പത്തുശേക്കേൽ വെള്ളിയും ഒരു അരപ്പട്ടയും നൽകുമായിരുന്നല്ലോ!”
൧൧യോവാബ് തന്നെ അറിയിച്ചവനോട്: “നീ അവനെ കണ്ടിട്ട് അവിടെവച്ചുതന്നെ വെട്ടിക്കളയാഞ്ഞത് എന്ത്? ഞാൻ നിനക്ക് പത്തുശേക്കെൽ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ” എന്നു പറഞ്ഞു.
12 എന്നാൽ ആ മനുഷ്യൻ യോവാബിനോട് ഈ വിധം മറുപടി പറഞ്ഞു: “ഒരായിരം ശേക്കേൽ വെള്ളി എന്റെ കൈയിൽ തൂക്കിത്തന്നാലും ഞാൻ രാജകുമാരന്റെനേരേ കൈ ഉയർത്തുകയില്ല. ‘എന്നെ ഓർത്ത് അബ്ശാലോം രാജകുമാരനെ സംരക്ഷിക്കണം,’ എന്ന് ഞങ്ങളെല്ലാം കേൾക്കെയാണല്ലോ രാജാവ് അങ്ങയോടും അബീശായിയോടും ഇത്ഥായിയോടും കൽപ്പിച്ചത്.
൧൨അവൻ യോവാബിനോട് പറഞ്ഞത്: “ആയിരം ശേക്കെൽ വെള്ളി എനിക്ക് തന്നാലും ഞാൻ രാജകുമാരന്റെ നേരെ കൈ ഉയർത്തുകയില്ല; ‘അബ്ശാലോംകുമാരനെ ആരും തൊടാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ’ എന്ന് രാജാവ് നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങൾ കേൾക്കെയല്ലോ കല്പിച്ചത്.
13 മറിച്ച്, ഞാൻ കുമാരന്റെ നേരേ വഞ്ചനകാട്ടി എന്റെ ജീവൻ അപകടത്തിലാക്കിയിരുന്നെങ്കിൽ—രാജാവിന് അജ്ഞാതമായിരിക്കുകയില്ലല്ലോ—അങ്ങുതന്നെ എന്നിൽനിന്ന് അകന്നുനിൽക്കുമായിരുന്നു.”
൧൩അല്ല, ഞാൻ അവന്റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കിൽ - രാജാവിന് ഒന്നും മറവായിരിക്കയില്ലല്ലോ - നീ തന്നെ എനിക്ക് എതിരെ നില്‍ക്കുമായിരുന്നു”.
14 “നിന്നോടു സംസാരിച്ചുനിന്ന് ഞാൻ സമയം പാഴാക്കുകയില്ല,” എന്നു പറഞ്ഞു യോവാബ് മൂന്നു വേൽ കൈയിലെടുത്തുകൊണ്ട് അവിടെ ഓടിയെത്തി. അപ്പോഴും കരുവേലകത്തിൽ ജീവനോടെ തൂങ്ങിക്കിടന്നിരുന്ന അബ്ശാലോമിന്റെ നെഞ്ചിൽ അവ കുത്തിയിറക്കി.
൧൪എന്നാൽ യോവാബ്: “ഞാൻ ഇങ്ങനെ നിന്നോട് സംസാരിച്ച് സമയം കളയുകയില്ല” എന്നു പറഞ്ഞ് മൂന്നു കുന്തം കയ്യിൽ എടുത്ത് അബ്ശാലോം കരുവേലകത്തിൽ ജീവനോടെ തൂങ്ങിക്കിടക്കുമ്പോൾ തന്നെ അവയെ അവന്റെ നെഞ്ചിനകത്ത് കുത്തിക്കടത്തി.
15 യോവാബിന്റെ ആയുധവാഹകരിൽ പത്തുപേർ അബ്ശാലോമിന്റെ ചുറ്റുംനിന്ന് അദ്ദേഹത്തെ അടിച്ചുകൊന്നു.
൧൫യോവാബിന്റെ ആയുധവാഹകന്മാരായ പത്തു യുവാക്കന്മാർ ചുറ്റും നിന്ന് അബ്ശാലോമിനെ അടിച്ചുകൊന്നു.
16 അപ്പോൾ യോവാബു കാഹളമൂതി, യോവാബു വിലക്കിയതിനാൽ പടയാളികൾ ഇസ്രായേലിനെ പിൻതുടരുന്നതു മതിയാക്കി.
൧൬പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ട് അവർ യിസ്രായേലിനെ പിന്തുടരുന്നതിൽ നിന്ന് പിൻവാങ്ങി.
17 അവർ അബ്ശാലോമിനെ എടുത്ത് വനത്തിലെ ഒരു വലിയ കുഴിയിൽ ഇട്ടു; അയാളുടെമേൽ ഒരു വലിയ കൽക്കൂമ്പാരം കൂട്ടുകയും ചെയ്തു. ഇതിനിടെ ഇസ്രായേലെല്ലാം താന്താങ്ങളുടെ ഭവനത്തിലേക്ക് ഓടിപ്പോയി.
൧൭അബ്ശാലോമിനെ അവർ എടുത്ത് വനത്തിൽ ഒരു വലിയ കുഴിയിൽ ഇട്ടു; അവന്റെമേൽ ഏറ്റവും വലിയ ഒരു കല്ക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും അവനവന്റെ വീട്ടിലേക്ക് ഓടിപ്പോയി.
18 അബ്ശാലോം ജീവിച്ചിരുന്നകാലത്തു തനിക്കു സ്മാരകമായി രാജതാഴ്വരയിൽ ഒരു സ്തംഭം സ്ഥാപിച്ചിരുന്നു. “എന്റെ ഓർമ നിലനിർത്താൻ എനിക്കൊരു മകനില്ലല്ലോ,” എന്നു ചിന്തിച്ചിട്ട് അദ്ദേഹം ആ സ്തംഭത്തിനു തന്റെ പേരുതന്നെ നൽകിയിരുന്നു. ഇന്നും അത് അബ്ശാലോമിന്റെ സ്മാരകം എന്നറിയപ്പെടുന്നു.
൧൮അബ്ശാലോം ജീവനോടിരുന്ന സമയം: “എന്റെ പേര് നിലനിർത്തേണ്ടതിന് എനിക്ക് ഒരു മകൻ ഇല്ലല്ലോ” എന്നു പറഞ്ഞ്, രാജാവിൻ താഴ്വരയിലെ ഒരു തൂൺ എടുത്തു നാട്ടി അതിന് തന്റെ പേര് വിളിച്ചിരുന്നു; അതിന് ഇന്നുവരെ അബ്ശാലോമിന്റെ സ്മാരകം എന്നു പറഞ്ഞുവരുന്നു.
19 അപ്പോൾ സാദോക്കിന്റെ മകനായ അഹീമാസ്: “ഞാൻ ഓടിച്ചെന്ന്, രാജാവിനെ തന്റെ ശത്രുക്കളുടെ കൈയിൽനിന്നു യഹോവ വിടുവിച്ചിരിക്കുന്നു എന്ന വർത്തമാനം അറിയിക്കട്ടെ!” എന്നു പറഞ്ഞു.
൧൯പിന്നീട് സാദോക്കിന്റെ മകനായ അഹീമാസ്: “ഞാൻ ഓടിച്ചെന്ന് രാജാവിനോട്, യഹോവ അവനുവേണ്ടി ശത്രുക്കളോട് പ്രതികാരം ചെയ്തിരിക്കുന്നു എന്ന സദ്വർത്തമാനം അറിയിക്കട്ടെ” എന്നു പറഞ്ഞു.
20 യോവാബ് അദ്ദേഹത്തോട്: “ഇന്നു വാർത്ത കൊടുക്കേണ്ടതു നീയല്ല; ഇനി ഒരവസരത്തിൽ നിനക്കു വാർത്തയുമായി പോകാം. രാജകുമാരൻ മരിച്ചിരിക്കുകയാൽ ഇന്നു നീ വാർത്തയുമായി പോകരുത്,” എന്നു പറഞ്ഞു.
൨൦യോവാബ് അവനോട്: “വാർത്ത നീ ഇന്ന് അറിയിക്കരുത്; മറ്റൊരു ദിവസം വാർത്ത അറിയിക്കാം; രാജകുമാരൻ മരിച്ചതുകൊണ്ട് നീ ഇന്ന് ഒരു വാർത്തയും കൊണ്ടുപോകരുത്” എന്നു പറഞ്ഞു.
21 അതിനെത്തുടർന്ന് യോവാബ് ഒരു കൂശ്യനെ വിളിച്ച്: “നീ കണ്ടത് ചെന്ന് രാജാവിനെ അറിയിക്കുക” എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങിയിട്ട് ഓടിപ്പോയി.
൨൧പിന്നെ യോവാബ് കൂശ്യനോട്: “നീ കണ്ടത് രാജാവിനെ ചെന്ന് അറിയിക്കുക” എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോട്: “എന്തുതന്നെ സംഭവിച്ചാലും, ഞാനും കൂശ്യന്റെ പിന്നാലെ ഓടട്ടെ” എന്നു പറഞ്ഞു.
22 സാദോക്കിന്റെ മകനായ അഹീമാസ് വീണ്ടും യോവാബിനോടു നിർബന്ധിച്ചുപറഞ്ഞു: “എന്തും സംഭവിക്കട്ടെ! കൂശ്യന്റെ പിന്നാലെ ഓടാൻ എന്നെ അനുവദിച്ചാലും!” എന്നാൽ യോവാബു മറുപടി പറഞ്ഞു: “എന്റെ മകനേ, നീ എന്തിനു പോകാൻ ആഗ്രഹിക്കുന്നു? ഒരു പ്രതിഫലം ലഭിക്കുന്ന വാർത്തയല്ല നിനക്ക് അറിയിക്കാനുള്ളത്.”
൨൨അതിന് യോവാബ്: “എന്റെ മകനേ, നീ എന്തിന് ഓടുന്നു? നിനക്ക് പ്രതിഫലം കിട്ടുകയില്ലല്ലോ” എന്നു പറഞ്ഞു.
23 അയാൾ വീണ്ടും നിർബന്ധപൂർവം: “എന്തും വരട്ടെ, ഞാൻ ഓടിച്ചെല്ലും” എന്നു പറഞ്ഞു. അതിനാൽ “ഓടിക്കൊള്ളുക!” യോവാബ് പറഞ്ഞു. അഹീമാസ് സമഭൂമി വഴിയായി ഓടി കൂശ്യനെ പിന്നിലാക്കി.
൨൩അവൻ പിന്നെയും: “എന്തുതന്നെ സംഭവിച്ചാലും ഞാൻ ഓടും” എന്നു പറഞ്ഞതിന്: “എന്നാൽ ഓടിക്കൊള്ളുക” എന്ന് യോവാബ് പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ പിന്നിലാക്കി.
24 ഈ സമയത്ത് ഉള്ളിലെയും പുറത്തെയും കവാടങ്ങൾക്കിടയിലായി ദാവീദ് ഇരിക്കുകയായിരുന്നു. കാവൽക്കാരൻ മതിലിങ്കലെ കവാടത്തിന്റെ മുകൾത്തട്ടിൽ കയറിനിന്നു നോക്കി. ഒരുവൻ തനിച്ച് ഓടിവരുന്നത് അയാൾ കണ്ടു.
൨൪എന്നാൽ ദാവീദ് രണ്ടു പടിവാതിലിനും മദ്ധ്യത്തിൽ ഇരിക്കുകയായിരുന്നു. കാവല്ക്കാരൻ പടിവാതിലിനു മീതെ മതിലിന്റെ മുകളിൽ കയറി തല ഉയർത്തിനോക്കി ഒരുവൻ തനിയെ ഓടിവരുന്നത് കണ്ടു.
25 കാവൽക്കാരൻ ആ വിവരം രാജാവിനെ വിളിച്ചറിയിച്ചു. “അയാൾ തനിച്ചാണു വരുന്നതെങ്കിൽ ശുഭവർത്തമാനമായിരിക്കും,” എന്നു രാജാവു പറഞ്ഞു. അയാൾ ഓടിയടുത്തുകൊണ്ടിരുന്നു.
൨൫കാവല്ക്കാരൻ രാജാവിനോട് വിളിച്ച് അറിയിച്ചു. “അവൻ ഏകൻ എങ്കിൽ സദ്വര്‍ത്തമാനം കൊണ്ടാകുന്നു വരുന്നത്” എന്ന് രാജാവ് പറഞ്ഞു.
26 പിന്നെ മറ്റൊരാൾകൂടി ഓടിവരുന്നതു കാവൽക്കാരൻ കണ്ടു. അയാൾ കവാടസൂക്ഷിപ്പുകാരനെ വിളിച്ചറിയിച്ചു. “ഇതാ! മറ്റൊരാൾകൂടി തനിയേ ഓടിവരുന്നു!” “അവനും ശുഭവർത്തമാനമായിരിക്കും കൊണ്ടുവരുന്നത്,” എന്നു രാജാവു പറഞ്ഞു.
൨൬അവൻ വേഗത്തിൽ നടന്നടുത്തു. പിന്നെ കാവല്ക്കാരൻ മറ്റൊരുവൻ ഓടിവരുന്നത് കണ്ടു; കാവല്ക്കാരൻ വാതിൽ സൂക്ഷിക്കുന്നവനോട്: “ഇതാ, പിന്നെയും ഒരു ആൾ തനിച്ച് ഓടി വരുന്നു” എന്നു വിളിച്ചു പറഞ്ഞു. “അവനും സദ്വര്‍ത്തമാനം കൊണ്ടുവരുന്നു” എന്ന് രാജാവ് പറഞ്ഞു.
27 “ഓടിവരുന്നവരിൽ ആദ്യത്തെ ആൾ സാദോക്കിന്റെ മകനായ അഹീമാസിനെപ്പോലെ എനിക്കുതോന്നുന്നു,” എന്ന് കാവൽക്കാരൻ പറഞ്ഞു. “അവൻ നല്ലവനാണ്; അവൻ ശുഭവർത്തമാനം കൊണ്ടുവരുന്നു,” എന്നു രാജാവു പറഞ്ഞു.
൨൭“ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടംപോലെ എനിക്ക് തോന്നുന്നു” എന്ന് കാവല്ക്കാരൻ പറഞ്ഞു. അതിന് രാജാവ്: “അവൻ നല്ലവൻ; നല്ലവാർത്ത കൊണ്ടുവരുന്നു” എന്നു പറഞ്ഞു.
28 അപ്പോൾ അഹീമാസ് രാജാവിനോട്, “എല്ലാം ശുഭമായിരിക്കുന്നു” എന്നു വിളിച്ചുപറഞ്ഞു. അയാൾ രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം നമസ്കരിച്ചശേഷം പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവയ്ക്കു സ്തോത്രം! എന്റെ യജമാനനായ രാജാവിനെതിരേ കൈ ഉയർത്തിയവരെ അവിടന്ന് ഏൽപ്പിച്ചുതന്നിരിക്കുന്നു.”
൨൮അഹീമാസ് രാജാവിനോട്: “എല്ലാം ശുഭമാണ്” എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: “എന്റെ യജമാനനായ രാജാവിന്റെ നേരെ കൈ ഉയർത്തിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ” എന്നു പറഞ്ഞു.
29 “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നോ?” എന്നു രാജാവു ചോദിച്ചു. അഹീമാസ് ഉത്തരം പറഞ്ഞു: “രാജാവേ! അങ്ങയുടെ ദാസനായ അടിയനെ യോവാബു പറഞ്ഞയയ്ക്കുമ്പോൾ ഞാനൊരു വലിയ ബഹളം കണ്ടു. എന്നാൽ അതെന്താണെന്ന് എനിക്കറിയാൻ കഴിഞ്ഞില്ല.”
൨൯അപ്പോൾ രാജാവ്: “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിന് അഹീമാസ്: “യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയയ്ക്കുമ്പോൾ വലിയ ഒരു കലഹം കണ്ടു; എന്നാൽ അത് എന്തെന്ന് ഞാൻ അറിഞ്ഞില്ല” എന്നു പറഞ്ഞു.
30 “നീ അവിടെ മാറിനിൽക്കുക,” എന്നു രാജാവു കൽപ്പിച്ചു. അങ്ങനെ അയാൾ അവിടെ മാറിനിന്നു.
൩൦“നീ അവിടെ മാറി നില്ക്കുക” എന്ന് രാജാവ് പറഞ്ഞു. അവൻ മാറിനിന്നു.
31 അപ്പോൾ കൂശ്യൻവന്ന് അറിയിച്ചു: “എന്റെ യജമാനനായ രാജാവേ, ശുഭവർത്തമാനം കേട്ടാലും! അങ്ങേക്കെതിരേ ഉയർന്ന എല്ലാവരുടെയും പിടിയിൽനിന്ന് യഹോവ ഇന്ന് അങ്ങയെ വിടുവിച്ചിരിക്കുന്നു.”
൩൧ഉടനെ കൂശ്യൻ വന്നു: “എന്റെ യജമാനനായ രാജാവിന് ഇതാ നല്ല വർത്തമാനം; നിനക്കെതിരെ എഴുന്നേറ്റ എല്ലാവരോടും യഹോവ ഇന്ന് നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു” എന്ന് കൂശ്യൻ പറഞ്ഞു.
32 “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നോ?” രാജാവു കൂശ്യനോടു ചോദിച്ചു. “എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളും അങ്ങയെ ദ്രോഹിക്കാൻ മുതിരുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആയിത്തീരട്ടെ!” എന്നു കൂശ്യൻ മറുപടി പറഞ്ഞു.
൩൨അപ്പോൾ രാജാവ് കൂശ്യനോട്: “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിന് കൂശ്യൻ: “എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളും അങ്ങയ്ക്കെതിരെ ദോഷം ചെയ്യുവാൻ എഴുന്നേല്ക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ” എന്നു പറഞ്ഞു.
33 രാജാവു നടുങ്ങിപ്പോയി. അദ്ദേഹം പടിപ്പുരമാളികയിൽ കയറി വിലപിച്ചു. പോകുമ്പോൾ “എന്റെ മകനേ, അബ്ശാലോമേ! എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ! നിനക്കുപകരം ഞാൻ മരിച്ചിരുന്നെങ്കിൽ! അബ്ശാലോമേ, എന്റെ മകനേ! എന്റെ മകനേ!” എന്നിങ്ങനെ അദ്ദേഹം വിലപിച്ചു.
൩൩ഉടനെ രാജാവ് നടുങ്ങി നഗര മതിലിനു മുകളിലുള്ള മുറിയിൽ കയറി: “എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്ക് പകരം മരിച്ചെങ്കിൽ കൊള്ളാമായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ!” എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ട് നടന്നു.