< 2 ശമൂവേൽ 13 >
1 കുറച്ചുനാൾ കഴിഞ്ഞ് ദാവീദിന്റെ മകനായ അമ്നോൻ താമാറിൽ അനുരക്തനായി. താമാർ ദാവീദിന്റെ മകനായ അബ്ശാലോമിന്റെ സഹോദരിയും അതീവസുന്ദരിയും ആയിരുന്നു.
൧അതിന്റെശേഷം സംഭവിച്ചത്: ദാവീദിന്റെ മകനായ അബ്ശാലോമിന് സൗന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്ക് താമാർ എന്ന് പേർ; ദാവീദിന്റെ മകനായ അമ്നോന് അവളിൽ പ്രേമം ജനിച്ചു.
2 തന്റെ സഹോദരി താമാറിൽ ആസക്തനായിട്ട് അമ്നോൻ രോഗിയായിത്തീർന്നു. അവൾ കന്യകയായിരുന്നു. അതിനാൽ അവളോടു വല്ലതും ചെയ്യുന്നത് അയാൾക്കു പ്രയാസമായിരുന്നു.
൨തന്റെ സഹോദരിയായ താമാർ നിമിത്തം കാമംമുഴുത്തിട്ട് അമ്നോൻ രോഗിയായ്തീർന്നു. അവൾ കന്യകയാകയാൽ അവളോട് വല്ലതും ചെയ്യുവാൻ അമ്നോന് പ്രയാസം തോന്നി.
3 അമ്നോന്, യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതനുണ്ടായിരുന്നു. അയാൾ ദാവീദിന്റെ സഹോദരനായ ശിമെയിയുടെ പുത്രനായിരുന്നു. യോനാദാബ് ഏറ്റവും തന്ത്രശാലിയുമായിരുന്നു.
൩എന്നാൽ അമ്നോന് ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.
4 അയാൾ അമ്നോനോട്: “രാജകുമാരാ, അങ്ങ് നാൾ കഴിയുന്തോറും ഇങ്ങനെ ക്ഷീണിച്ചുവരുന്നതെന്തുകൊണ്ട്? എന്നോടു പറയുകയില്ലേ?” എന്നു ചോദിച്ചു. “എന്റെ സഹോദരൻ അബ്ശാലോമിന്റെ പെങ്ങൾ താമാറിൽ എനിക്കു പ്രേമം ഉണ്ടായിരിക്കുന്നു,” എന്ന് അമ്നോൻ അയാളോടു പറഞ്ഞു.
൪അവൻ അവനോട്: “നീ നാൾക്കുനാൾ ഇങ്ങനെ ക്ഷീണിച്ചുവരുന്നത് എന്ത്, രാജകുമാരാ? എന്നോട് പറയുകയില്ലയോ?” എന്നു ചോദിച്ചു. അമ്നോൻ അവനോട്: “എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങൾ താമാരിൽ എനിക്ക് പ്രേമം ജനിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
5 യോനാദാബ് അയാളോട്: “അങ്ങ് രോഗം നടിച്ച് കിടക്കയിൽ കിടക്കുക. അങ്ങയുടെ പിതാവ് കാണുന്നതിനായി വരുമ്പോൾ അദ്ദേഹത്തോട് ഈ വിധം പറയുക, ‘എന്റെ സഹോദരി താമാർ വന്ന് എനിക്കെന്തെങ്കിലും ഭക്ഷിക്കാൻ തരണമെന്ന് ഞാൻ ആശിക്കുന്നു. അവൾ വന്ന് ഞാൻ കാൺകെ ഭക്ഷണമൊരുക്കാൻ അനുവദിക്കണമേ! എനിക്ക് അവളുടെ കൈയിൽനിന്നും വാങ്ങി ഭക്ഷിക്കണം.’”
൫യോനാദാബ് അവനോട്: “നീ രോഗംനടിച്ച് കിടക്കയിൽ കിടന്നുകൊള്ളുക; നിന്നെ കാണാൻ നിന്റെ അപ്പൻ വരുമ്പോൾ നീ അവനോട്: ‘എന്റെ സഹോദരിയായ താമാർ വന്ന് എന്നെ ഭക്ഷണം കഴിപ്പിക്കണം; അവളുടെ കയ്യിൽനിന്ന് വാങ്ങി ഭക്ഷിക്കേണ്ടതിന് ഞാൻ കാൺകെ അവൾ എന്റെ മുമ്പിൽവച്ചുതന്നെ ഭക്ഷണം ഒരുക്കണം എന്ന് അപേക്ഷിക്കുന്നു’ എന്നു പറഞ്ഞുകൊള്ളുക”.
6 അങ്ങനെ അമ്നോൻ പോയി രോഗം നടിച്ചുകിടന്നു. അയാളെ കാണുന്നതിനായി രാജാവു വന്നപ്പോൾ അമ്നോൻ അദ്ദേഹത്തോടു പറഞ്ഞു: “എന്റെ സഹോദരി താമാർ വന്ന് എന്റെ കണ്മുമ്പിൽവെച്ച് എന്തെങ്കിലും പ്രത്യേക ഭക്ഷണം ഉണ്ടാക്കിത്തരണമെന്ന് ഞാൻ ആശിക്കുന്നു. അവളുടെ കൈയിൽനിന്നും ഞാൻ വാങ്ങി ഭക്ഷിക്കട്ടെ!”
൬അങ്ങനെ അമ്നോൻ രോഗംനടിച്ച് കിടന്നു; രാജാവ് അവനെ കാണാൻ വന്നപ്പോൾ അമ്നോൻ രാജാവിനോട്: “എന്റെ സഹോദരിയായ താമാർ വന്ന് ഞാൻ അവളുടെ കയ്യിൽനിന്ന് വാങ്ങി ഭക്ഷിക്കേണ്ടതിന് എന്റെ മുമ്പിൽവച്ചുതന്നെ ഒന്ന് രണ്ട് വടകൾ ഉണ്ടാക്കട്ടെ” എന്നു പറഞ്ഞു.
7 അതിനാൽ ദാവീദ് താമാറിനു കൽപ്പനകൊടുത്തു: “നിന്റെ സഹോദരനായ അമ്നോന്റെ ഭവനത്തിലേക്കു ചെല്ലുക: അവന് എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക.”
൭ഉടനെ ദാവീദ് അരമനയിൽ താമാരിന്റെ അടുക്കൽ ആളയച്ച്: “നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽചെന്ന് അവന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക” എന്നു പറയിപ്പിച്ചു.
8 അങ്ങനെ താമാർ തന്റെ സഹോദരനായ അമ്നോന്റെ ഭവനത്തിലേക്കു ചെന്നു. അയാൾ കിടക്കയിലായിരുന്നു. അവൾ അൽപ്പം മാവെടുത്തു കുഴച്ച് അയാളുടെ കണ്മുമ്പിൽവെച്ച് അടയുണ്ടാക്കി ചുട്ടെടുത്തു.
൮താമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവൻ കിടക്കുകയായിരുന്നു. അവൾ മാവ് എടുത്തു കുഴച്ച് അവന്റെ മുമ്പിൽവച്ചുതന്നെ വടകളായി ചുട്ടു.
9 പിന്നെ അവൾ പാത്രമെടുത്ത് അയാൾക്കു വിളമ്പിക്കൊടുത്തു; എന്നാൽ അയാൾ ഭക്ഷിക്കാൻ കൂട്ടാക്കിയില്ല. “എല്ലാവരെയും ഇവിടെനിന്നും പുറത്താക്കുക,” എന്ന് അമ്നോൻ പറഞ്ഞു. എല്ലാവരും അയാളുടെ അടുത്തുനിന്നും പോയി.
൯ഉരുളിയോടെ എടുത്ത് അത് അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ അവൻ ഭക്ഷിക്കുവാൻ കൂട്ടാക്കിയില്ല. “എല്ലാവരെയും എന്റെ അടുക്കൽനിന്ന് പുറത്താക്കുവിൻ” എന്ന് അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്ന് പുറത്തുപോയി.
10 അപ്പോൾ അമ്നോൻ താമാറിനോടു പറഞ്ഞു: “ഞാൻ നിന്റെ കൈയിൽനിന്നും ഭക്ഷിക്കുന്നതിന് അടകൾ എന്റെ കിടക്കമുറിയിലേക്കു കൊണ്ടുവരിക.” താമാർ താനുണ്ടാക്കിയ അടകൾ എടുത്ത് കിടക്കമുറിയിൽ തന്റെ സഹോദരനായ അമ്നോന്റെ അടുത്തു കൊണ്ടുചെന്നു.
൧൦അപ്പോൾ അമ്നോൻ താമാരിനോട്: “ഞാൻ നിന്റെ കയ്യിൽനിന്ന് വാങ്ങി ഭക്ഷിക്കേണ്ടതിന് ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരുക” എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടകൾ എടുത്ത് ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽ കൊണ്ടുചെന്നു.
11 എന്നാൽ അവൾ അതു കൊണ്ടുചെന്നപ്പോൾ അവളെ കടന്നുപിടിച്ച്, “സഹോദരീ, വരിക, എന്റെകൂടെ കിടക്കുക” എന്ന് അയാൾ പറഞ്ഞു.
൧൧അവൻ ഭക്ഷിക്കേണ്ടതിന് അവൾ അവ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ച് അവളോടു: “സഹോദരീ, വന്ന് എന്നോടുകൂടി ശയിക്കുക” എന്നു പറഞ്ഞു.
12 “അരുതേ! എന്റെ സഹോദരാ!” അവൾ കേണപേക്ഷിച്ചു. “എന്നെ നിർബന്ധിക്കരുതേ! ഇങ്ങനെ ഒരു കാര്യം ഇസ്രായേലിൽ പാടില്ലല്ലോ! ഈ ദുഷ്കൃത്യം ചെയ്യരുതേ.
൧൨അവൾ അവനോട്: “എന്റെ സഹോദരാ, അരുതേ; എന്നെ നിർബന്ധിക്കരുതേ; യിസ്രായേലിൽ ഇത് കൊള്ളരുതാത്തതല്ലോ; ഈ വഷളത്തം ചെയ്യരുതേ.
13 ഞാൻ ഈ അപമാനം എവിടെച്ചെന്നു തീർക്കും? അങ്ങും ഇസ്രായേലിലെ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ! ദയവായി ഇക്കാര്യം രാജാവിനോടു പറഞ്ഞാലും; അദ്ദേഹം എന്നെ അങ്ങേക്കു വിവാഹംകഴിച്ചുതരാതിരിക്കുകയില്ല.”
൧൩എന്റെ അപമാനം ഞാൻ എവിടെ കൊണ്ടുപോയി വയ്ക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോട് പറയുക അവൻ എന്നെ നിനക്ക് തരാതിരിക്കയില്ല” എന്നു പറഞ്ഞു.
14 എന്നാൽ അയാൾ അവളുടെ വാക്കുകൾ ചെവിക്കൊണ്ടില്ല. അവളെക്കാൾ കായബലം ഏറിയവനായതിനാൽ അയാൾ അവളെ ബലാൽക്കാരംചെയ്തു.
൧൪എന്നാൽ അവൻ, അവളുടെ വാക്ക് കേൾക്കാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവൻ ആയതുകൊണ്ട് ബലാല്ക്കാരം ചെയ്ത് അവളോടുകൂടി ശയിച്ചു.
15 പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു. വാസ്തവത്തിൽ അയാൾ അവളെ സ്നേഹിച്ചിരുന്നതിനെക്കാൾ അധികമായി അവളെ വെറുത്തു. “എഴുന്നേറ്റു പുറത്തുപോകൂ,” അമ്നോൻ അവളോടു പറഞ്ഞു.
൧൫പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പ് വലുതായിരുന്നു. “എഴുന്നേറ്റു പോകുക” എന്ന് അമ്നോൻ അവളോടു പറഞ്ഞു;
16 അവൾ അയാളോടു പറഞ്ഞു: “അരുത് സഹോദരാ, എന്നെ പുറത്താക്കുന്നത് അങ്ങ് എന്നോട് ഇപ്പോൾ ചെയ്ത ഈ ദോഷത്തെക്കാൾ വലിയ തെറ്റായിരിക്കും.” എന്നാൽ അയാൾ അവളുടെ വാക്കുകൾ ചെവിക്കൊണ്ടില്ല.
൧൬അവൾ അവനോട്: “അങ്ങനെയരുത്; നീ എന്നോട് ചെയ്ത മറ്റെ ദോഷത്തെക്കാൾ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ അവന് അവളുടെ വാക്കു കേൾക്കാൻ മനസ്സുണ്ടായില്ല.
17 “ഈ സ്ത്രീയെ പുറത്താക്കി വാതിൽ അടച്ചുകളക,” എന്ന് അയാൾ തന്റെ ഭൃത്യനോട് ആജ്ഞാപിച്ചു.
൧൭അവൻ തനിക്ക് ശുശ്രൂഷചെയ്യുന്ന വാല്യക്കാരനെ വിളിച്ച് അവനോട്: “ഇവളെ ഇവിടെനിന്ന് പുറത്താക്കി വാതിൽ അടച്ചുകളയുക” എന്നു പറഞ്ഞു.
18 അതിനാൽ അമ്നോന്റെ ഭൃത്യൻ അവളെ പിടിച്ചു പുറത്താക്കി കതകും അടച്ചു. അതിമനോഹരമായ ഒരു നിലയങ്കിയാണ് അവൾ ധരിച്ചിരുന്നത്. അന്ന് ഇസ്രായേലിൽ കന്യകകളായ രാജകുമാരിമാർ ധരിക്കാറുള്ളത് അത്തരത്തിലുള്ള അങ്കിയായിരുന്നു.
൧൮അവൾ നിലയങ്കി ധരിച്ചിരിന്നു; രാജകുമാരികളായ കന്യകമാർ ഇങ്ങനെയുള്ള വസ്ത്രം ധരിക്കുക പതിവായിരുന്നു. അവന്റെ വാല്യക്കാരൻ അവളെ പുറത്തിറക്കി വാതിൽ അടച്ചുകളഞ്ഞു.
19 താമാർ തലയിൽ ചാരം വാരിയിട്ട് താൻ ധരിച്ചിരുന്ന അലംകൃതവസ്ത്രവും കീറി; തലയിൽ കൈവെച്ച് ഉച്ചത്തിൽ വിലപിച്ചുകൊണ്ട് കടന്നുപോയി.
൧൯അപ്പോൾ താമാർ തലയിൽ ചാരം വാരിയിട്ട് താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കയ്യുംവച്ച് നിലവിളിച്ചുകൊണ്ട് പോയി.
20 അവളുടെ സഹോദരനായ അബ്ശാലോം അവളോടു ചോദിച്ചു: “നിന്റെ സഹോദരനായ അമ്നോൻ നിന്നോടൊപ്പം ഉണ്ടായിരുന്നോ? ആകട്ടെ, എന്റെ സഹോദരീ, നീ സമാധാനമായിരിക്കുക; അയാൾ നിന്റെ സഹോദരനാണല്ലോ; ഇക്കാര്യം മനസ്സിൽ വെക്കരുത്.” അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ ഭവനത്തിൽ ഏകാകിനിയായി താമസിച്ചു.
൨൦അവളുടെ സഹോദരനായ അബ്ശാലോം അവളോട്: “നിന്റെ സഹോദരനായ അമ്നോൻ നിന്റെ അടുക്കൽ ആയിരുന്നുവോ? എന്നാൽ എന്റെ സഹോദരീ, ഇപ്പോൾ സമാധാനമായിരിക്കുക; അവൻ നിന്റെ സഹോദരനല്ലയോ?; ഈ കാര്യം മനസ്സിൽ വെക്കരുത്” എന്നു പറഞ്ഞു. അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി താമസിച്ചു.
21 ദാവീദ് രാജാവ് ഇതെല്ലാം അറിഞ്ഞപ്പോൾ അത്യന്തം കോപാകുലനായി.
൨൧ദാവീദ് രാജാവ് ഈ കാര്യം കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
22 അബ്ശാലോം അമ്നോനോട് നന്മയാകട്ടെ തിന്മയാകട്ടെ, യാതൊരു വാക്കും പറഞ്ഞില്ല. തന്റെ സഹോദരിയായ താമാറിനെ അപമാനിച്ചതിനാൽ അബ്ശാലോം അയാളെ വെറുത്തു.
൨൨എന്നാൽ അബ്ശാലോം അമ്നോനോട് ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോൻ ബലാൽക്കാരം ചെയ്തതുകൊണ്ട് അബ്ശാലോം അവനെ വെറുത്തു.
23 രണ്ടു വർഷങ്ങൾക്കുശേഷം, എഫ്രയീം നാടിന്റെ അതിരിങ്കലുള്ള ബാൽ-ഹാസോരിൽവെച്ച് അബ്ശാലോമിന്റെ ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവമായിരുന്നു. സകലരാജകുമാരന്മാരെയും അദ്ദേഹം അതിനു ക്ഷണിച്ചു.
൨൩രണ്ട് വർഷം കഴിഞ്ഞ് അബ്ശാലോമിന് എഫ്രയീമിന് സമീപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാർ എല്ലാവരെയും ക്ഷണിച്ചു.
24 അബ്ശാലോം രാജാവിന്റെയും അടുത്തുവന്ന്, “അങ്ങയുടെ ഈ ദാസന്റെ ആടുകളുടെ രോമം കത്രിക്കുന്നവർ വന്നെത്തിയിരിക്കുന്നു. ദയവായി രാജാവും സേവകരും ആഘോഷങ്ങളിൽ സംബന്ധിക്കണേ!” എന്നപേക്ഷിച്ചു.
൨൪അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നു: “അടിയന് ആടുകളെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ട്; രാജാവും ഭൃത്യന്മാരും അടിയനോടുകൂടി വരണമേ” എന്നപേക്ഷിച്ചു.
25 “വേണ്ടാ, എന്റെ മകനേ!” രാജാവു മറുപടി പറഞ്ഞു: “ഞങ്ങളെല്ലാവരുംകൂടി വരേണ്ടതില്ല. അതു നിനക്കു ഭാരമായിരിക്കും.” എങ്കിലും അബ്ശാലോം അദ്ദേഹത്തെ നിർബന്ധിച്ചു. എന്നിട്ടും അദ്ദേഹം പോകാൻ വിസമ്മതിച്ചു. എന്നാൽ തന്റെ ആശിസ്സുകൾ നേർന്നു.
൨൫രാജാവ് അബ്ശാലോമിനോട്: “വേണ്ട മകനേ, ഞങ്ങൾ എല്ലാവരും വന്നാൽ നിനക്ക് ഭാരമാകും” എന്നു പറഞ്ഞു. അവൻ രാജാവിനെ നിർബ്ബന്ധിച്ചിട്ടും പോകാതെ രാജാവ് അവനെ അനുഗ്രഹിച്ചു.
26 അപ്പോൾ അബ്ശാലോം പറഞ്ഞു. “അങ്ങു വരുന്നില്ലെങ്കിൽ ദയവായി എന്റെ സഹോദരൻ അമ്നോനെ ഞങ്ങളുടെകൂടെ അയയ്ക്കണേ!” രാജാവ് അയാളോടു ചോദിച്ചു: “അവനെന്തിനു നിന്റെകൂടെ വരണം?”
൨൬അപ്പോൾ അബ്ശാലോം: “അങ്ങനെയെങ്കിൽ എന്റെ സഹോദരൻ അമ്നോൻ ഞങ്ങളോടുകൂടി പോരട്ടെ” എന്നു പറഞ്ഞു. രാജാവ് അവനോട്: “അവൻ നിന്നോടുകൂടെ വരുന്നത് എന്തിന്?” എന്നു പറഞ്ഞു.
27 എന്നാൽ അബ്ശാലോം അദ്ദേഹത്തെ വളരെ നിർബന്ധിച്ചു. അതിനാൽ ദാവീദ് അമ്നോനെയും മറ്റു രാജകുമാരന്മാരെയും അയാളോടൊപ്പം അയച്ചു.
൨൭എങ്കിലും അബ്ശാലോം നിർബന്ധിച്ചപ്പോൾ അവൻ അമ്നോനെയും രാജകുമാരന്മാർ എല്ലാവരെയും അവനോടുകൂടെ അയച്ചു.
28 അബ്ശാലോം തന്റെ ഭൃത്യന്മാരോട്: “ശ്രദ്ധിക്കുക, അമ്നോൻ വീഞ്ഞുകുടിച്ചു മത്തനാകുന്ന സമയത്ത് ‘അമ്നോനെ അടിച്ചുകൊല്ലുക’ എന്നു ഞാൻ നിങ്ങളോടു പറയും. അപ്പോൾ നിങ്ങൾ അവനെ കൊല്ലണം. ഭയപ്പെടേണ്ടതില്ല; ഞാനല്ലേ നിങ്ങൾക്കു കൽപ്പന തരുന്നത്? ബലവും ധീരതയും കാണിക്കുക” എന്നു പറഞ്ഞു.
൨൮എന്നാൽ അബ്ശാലോം തന്റെ വാല്യക്കാരോട്: “നോക്കിക്കൊൾവിൻ; അമ്നോൻ വീഞ്ഞു കുടിച്ച് ആനന്ദിച്ചിരിക്കുന്നേരം ‘അമ്നോനെ അടിക്കുവീൻ’ എന്ന് ഞാൻ നിങ്ങളോട് പറയുമ്പോൾ അവനെ കൊല്ലണം; ഭയപ്പെടരുത്; ഞാനല്ലയോ നിങ്ങളോട് കല്പിച്ചത്? നിങ്ങൾ ധൈര്യപ്പെട്ടു വീരന്മാരായിരിക്കുവിൻ” എന്നു കല്പിച്ചു.
29 അബ്ശാലോം കൽപ്പിച്ചതുപോലെ അദ്ദേഹത്തിന്റെ ഭൃത്യന്മാർ അമ്നോനോടു ചെയ്തു. അപ്പോൾ രാജകുമാരന്മാരെല്ലാം എഴുന്നേറ്റ് താന്താങ്ങളുടെ കോവർകഴുതപ്പുറത്തുകയറി ഓടിപ്പോയി.
൨൯അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ വാല്യക്കാർ അമ്നോനോട് ചെയ്തു. അപ്പോൾ രാജകുമാരന്മാർ എല്ലാവരും എഴുന്നേറ്റ് അവനവന്റെ കോവർകഴുതപ്പുറത്ത് കയറി ഓടിപ്പോയി.
30 അവർ മാർഗമധ്യേ ആയിരിക്കുമ്പോൾത്തന്നെ, “അബ്ശാലോം രാജകുമാരന്മാരെയെല്ലാം വധിച്ചെന്നും അവരിൽ ഒരുത്തൻപോലും ശേഷിച്ചിട്ടില്ല” എന്നും ഒരു വാർത്ത ദാവീദിനു ലഭിച്ചു.
൩൦അവർ വഴിയിൽ ആയിരിക്കുമ്പോൾ, “അബ്ശാലോം രാജകുമാരന്മാരെയെല്ലാം കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല” എന്ന് ദാവീദിന് വാർത്ത എത്തി.
31 രാജാവ് എഴുന്നേറ്റ് വസ്ത്രംകീറി വെറും നിലത്തുകിടന്നു; അദ്ദേഹത്തിന്റെ സേവകരും വസ്ത്രംകീറിക്കൊണ്ട് ചുറ്റും നിന്നു.
൩൧അപ്പോൾ രാജാവ് എഴുന്നേറ്റ് വസ്ത്രം കീറി നിലത്തു കിടന്നു; അവന്റെ സകലഭൃത്യന്മാരും വസ്ത്രം കീറി അരികിൽ നിന്നു.
32 എന്നാൽ ദാവീദിന്റെ സഹോദരൻ ശിമെയിയുടെ മകനായ യോനാദാബു പറഞ്ഞു: “അവർ രാജകുമാരന്മാരെയെല്ലാം വധിച്ചു എന്ന് എന്റെ യജമാനൻ ധരിക്കരുതേ! അമ്നോൻമാത്രമേ മരിച്ചിട്ടുള്ളൂ. തന്റെ സഹോദരിയായ താമാറിനോട് അമ്നോൻ ബലാൽക്കാരം പ്രവർത്തിച്ച നാൾമുതൽ അബ്ശാലോമിന്റെ മുഖത്ത് ഈ ഉദ്ദേശ്യം പ്രകടമായിരുന്നു.
൩൨എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞത്: “അവർ രാജകുമാരന്മാരായ യുവാക്കളെ എല്ലാവരെയും കൊന്നുകളഞ്ഞു എന്ന് യജമാനൻ വിചാരിക്കരുത്; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവൻ ബലാല്ക്കാരം ചെയ്ത ദിവസംമുതൽ അബ്ശാലോമിന്റെ മുഖത്ത് ഈ തീരുമാനം കാണുവാൻ ഉണ്ടായിരുന്നു.
33 അങ്ങയുടെ പുത്രന്മാരെല്ലാം വധിക്കപ്പെട്ടുവെന്ന വാർത്ത എന്റെ യജമാനനായ രാജാവ് ഗണ്യമാക്കരുതേ! അമ്നോൻമാത്രമേ വധിക്കപ്പെട്ടിട്ടുള്ളൂ.”
൩൩ആകയാൽ രാജകുമാരന്മാർ എല്ലാവരും മരിച്ചുപോയി എന്നുള്ള വാർത്ത യജമാനനായ രാജാവ് വിശ്വസിക്കരുതേ; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ”.
34 ഇതിനിടെ അബ്ശാലോം ഓടിപ്പോയിരുന്നു. കാവൽക്കാരൻ തലയുയർത്തിനോക്കി; പടിഞ്ഞാറുഭാഗത്ത് അനവധി ആളുകൾ മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്നതു കണ്ടു. ഉടൻതന്നെ കാവൽക്കാരൻ രാജാവിനെ വിവരം അറിയിച്ചു, “ഹൊറൊനായിംവഴി മലഞ്ചെരിവിലൂടെ ഒരുകൂട്ടം പുരുഷന്മാർ വരുന്നത് ഞാൻ കണ്ടു.”
൩൪എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽനിന്നിരുന്ന യൗവനക്കാരൻ തല ഉയർത്തിനോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നത് കണ്ടു.
35 ഉടനെ യോനാദാബു രാജാവിനോട്: “ഇതാ, അടിയൻ പറഞ്ഞതുപോലെ സംഭവിച്ചല്ലോ! രാജകുമാരന്മാർ വന്നെത്തിയിരിക്കുന്നു” എന്നു പറഞ്ഞു.
൩൫അപ്പോൾ യോനാദാബ് രാജാവിനോട്: “ഇതാ, രാജകുമാരന്മാർ വരുന്നു; അടിയൻ പറഞ്ഞതുപോലെ തന്നെ” എന്നു പറഞ്ഞു.
36 അയാൾ സംസാരിച്ചുതീർന്നപ്പോൾത്തന്നെ രാജകുമാരന്മാർ ഉറക്കെ നിലവിളിച്ചുകൊണ്ട് വന്നെത്തി. രാജാവും അദ്ദേഹത്തിന്റെ സകലസേവകരും അതിദുഃഖത്തോടെ കരഞ്ഞു.
൩൬അവൻ സംസാരിച്ചു തീർന്നപ്പോഴെക്കും രാജകുമാരന്മാർ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും അതിദുഖത്തോടെ കരഞ്ഞു.
37 എന്നാൽ അബ്ശാലോം ഓടിപ്പോയി ഗെശൂർരാജാവും അമ്മീഹൂദിന്റെ മകനുമായ തൽമായിയുടെ അടുക്കലെത്തി. എന്നാൽ ദാവീദ് രാജാവ് തന്റെ മകനായ അമ്നോനെ ഓർത്ത് വളരെ ദിവസങ്ങൾ വിലപിച്ചു.
൩൭എന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂർരാജാവായ തൽമയിയുടെ അടുക്കൽ ചെന്നു. ദാവീദ് വളരെനാൾ തന്റെ മകനെക്കുറിച്ച് ദുഃഖിച്ചുകൊണ്ടിരുന്നു.
38 അബ്ശാലോം ഓടിപ്പോയി ഗെശൂരിൽ എത്തിയശേഷം, മൂന്നുവർഷം അവിടെ താമസിച്ചു.
൩൮ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്ക് ഓടിപ്പോയി മൂന്നു വർഷം അവിടെ താമസിച്ചു.
39 അമ്നോന്റെ മരണംകാരണം ദാവീദുരാജാവിനുണ്ടായ ദുഃഖത്തിന് ആശ്വാസം വന്നിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം അബ്ശാലോമിനെ കാണുന്നതിന് അതിയായി ആഗ്രഹിച്ചു.
൩൯എന്നാൽ ദാവീദ് രാജാവ് അബ്ശാലോമിനെ കാണാൻ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന് ആശ്വാസം വന്നിരുന്നു.