< 2 ശമൂവേൽ 11 >
1 അടുത്ത വസന്തകാലത്ത്, രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടാറുള്ള സമയത്ത്, ദാവീദ് യോവാബിനെയും കൂടെ രാജസേവകന്മാരെയും മുഴുവൻ ഇസ്രായേൽസൈന്യത്തെയും അയച്ചു. അവർ അമ്മോന്യരെ നശിപ്പിക്കുകയും രബ്ബാനഗരത്തെ ഉപരോധിക്കുകയും ചെയ്തു. എന്നാൽ ദാവീദ്, ജെറുശലേമിൽത്തന്നെ താമസിച്ചു.
൧ആ വർഷം വസന്തത്തിൽ, എല്ലായിടത്തുമുള്ള രാജാക്കന്മാർ യുദ്ധത്തിന് പുറപ്പെടുന്ന കാലത്ത് ദാവീദ് യോവാബിനെയും അവനോടുകൂടി തന്റെ ഭടന്മാരെയും എല്ലാ യിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യരെ നശിപ്പിച്ചു, രബ്ബാപട്ടണം ഉപരോധിച്ചു. ദാവീദ് യെരൂശലേമിൽ തന്നെ താമസിച്ചിരുന്നു.
2 അന്ന് ഒരു സായാഹ്നത്തിൽ ദാവീദ് തന്റെ മെത്തയിൽനിന്ന് എഴുന്നേറ്റ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തിക്കൊണ്ടിരുന്നു. അദ്ദേഹം മട്ടുപ്പാവിൽ നിന്നുകൊണ്ട്, ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. ആ സ്ത്രീ അതീവസുന്ദരിയായിരുന്നു.
൨ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് ദാവീദ് കിടക്കയിൽനിന്ന് എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നത് മാളികമേൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.
3 അവൾ ആരെന്ന് അന്വേഷിച്ചറിയുന്നതിന് ദാവീദ് ഒരാളെ അയച്ചു. അയാൾ തിരിച്ചുവന്ന്: “അത് ബേത്ത്-ശേബയാണ്, അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമാണ്” എന്നു പറഞ്ഞു.
൩ദാവീദ് ആളയച്ച് ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരീയാവിന്റെ ഭാൎയ്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു.
4 അവളെ കൂട്ടിക്കൊണ്ടുവരാൻ ദാവീദ് ദൂതന്മാരെ അയച്ചു. അവൾ അദ്ദേഹത്തിന്റെ അടുത്തുവന്നു. അദ്ദേഹം അവളോടൊപ്പം കിടക്കപങ്കിട്ടു (അവൾ ഋതുസ്നാനം കഴിഞ്ഞ് ശുദ്ധിപ്രാപിച്ചിരുന്നു). പിന്നെ അവൾ സ്വഭവനത്തിലേക്കു മടങ്ങിപ്പോയി.
൪ദാവീദ് ദൂതന്മാരെ അയച്ച് അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നതുകൊണ്ട് അവൻ അവളോടുകൂടി ശയിച്ചു; അവൾ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയി.
5 അവൾ “ഞാൻ ഗർഭവതിയായിരിക്കുന്നു,” എന്ന് ദാവീദിനെ ആളയച്ച് വിവരം അറിയിച്ചു.
൫ആ സ്ത്രീ ഗർഭംധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്ന വാർത്ത ദാവീദിനെ അവൾ അറിയിച്ചു.
6 “ഹിത്യനായ ഊരിയാവിനെ എന്റെ അടുത്തേക്കയയ്ക്കുക,” എന്നു ദാവീദ് യോവാബിനു കൽപ്പന അയച്ചു. യോവാബ് അയാളെ ദാവീദിന്റെ അടുത്തേക്കയച്ചു.
൬അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവിനെ തന്റെ അടുക്കൽ അയയ്ക്കുവാൻ യോവാബിന് കല്പന അയച്ചു.
7 ഊരിയാവ് ദാവീദിന്റെ അടുത്തെത്തി. ദാവീദ് അയാളോട് യോവാബിന്റെയും പടജനത്തിന്റെയും ക്ഷേമവും യുദ്ധഗതിയും അന്വേഷിച്ചു.
൭ഊരീയാവ് തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോട് യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വിവരവും ചോദിച്ചു.
8 പിന്നെ ദാവീദ് ഊരിയാവിനോടു കൽപ്പിച്ചു: “നിന്റെ വീട്ടിലേക്കു പോയി പാദങ്ങൾ കഴുകുക.” അങ്ങനെ ഊരിയാവ് കൊട്ടാരം വിട്ടിറങ്ങി. രാജാവിന്റെ പക്കൽനിന്ന് ഒരു സമ്മാനവും അദ്ദേഹത്തെ പിൻതുടർന്നെത്തി.
൮പിന്നെ ദാവീദ് ഊരിയാവിനോട്: “നീ വീട്ടിൽചെന്ന് കാലുകൾ കഴുകുക” എന്നു പറഞ്ഞു. ഊരീയാവ് രാജധാനിയിൽനിന്ന് പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു.
9 എന്നാൽ ഊരിയാവ് കൊട്ടാരവാതിൽക്കൽ തന്റെ യജമാനന്റെ ദാസന്മാരോടൊപ്പം കിടന്നുറങ്ങി; അദ്ദേഹം സ്വഭവനത്തിലേക്കു പോയതുമില്ല.
൯എന്നാൽ ഊരീയാവ് തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകലദാസന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി.
10 “ഊരിയാവ് സ്വഭവനത്തിലേക്കു പോയില്ല,” എന്നു ദാവീദ് അറിഞ്ഞു. “നീ ദൂരയാത്ര കഴിഞ്ഞുവന്നതല്ലേ? എന്തുകൊണ്ടാണു വീട്ടിലേക്കു പോകാതിരുന്നത്?” എന്ന് അദ്ദേഹം ചോദിച്ചു.
൧൦ഊരീയാവ് വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോട്: “നീ യാത്രയിൽനിന്ന് വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നത് എന്ത്?” എന്നു ചോദിച്ചു.
11 ഊരിയാവ് അദ്ദേഹത്തോടു മറുപടി പറഞ്ഞു: “പേടകവും ഇസ്രായേലും യെഹൂദയും കൂടാരങ്ങളിൽ പാർക്കുന്നു. എന്റെ യജമാനനായ യോവാബും, രാജാവേ! അങ്ങയുടെ സേവകരും വെളിമ്പ്രദേശത്തു കൂടാരമടിച്ചു കിടക്കുന്നു. അപ്പോൾ എനിക്കെങ്ങനെ വീട്ടിൽപോയി തിന്നുകുടിച്ചു കഴിയാനും ഭാര്യയോടുകൂടി രമിക്കാനും കഴിയും! അങ്ങയുടെ ജീവനാണെ, ഞാനങ്ങനെ ചെയ്യുകയില്ല!”
൧൧ഊരീയാവ് ദാവീദിനോട്: “പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ദാസരും മൈതാനത്ത് പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കുമ്പോൾ ഞാൻ ഭക്ഷിക്കുവാനും കുടിക്കുവാനും എന്റെ ഭാര്യയോടുകൂടി ശയിക്കുവാനും എന്റെ വീട്ടിൽ പോകുമോ? അങ്ങാണ, അങ്ങയുടെ ജീവനാണ, ഇത് ഞാൻ ചെയ്യുകയില്ല” എന്നു പറഞ്ഞു.
12 അപ്പോൾ ദാവീദ് അദ്ദേഹത്തോടു പറഞ്ഞു: “ഒരു ദിവസംകൂടി നിൽക്കുക! നാളെ ഞാൻ നിന്നെ യാത്രയയയ്ക്കാം.” അങ്ങനെ ഊരിയാവ് അന്നും അതിനടുത്ത ദിവസവും ജെറുശലേമിൽ താമസിച്ചു.
൧൨അപ്പോൾ ദാവീദ് ഊരീയാവിനോട്: “നീ ഇന്നും ഇവിടെ താമസിക്കുക; നാളെ ഞാൻ നിന്നെ പറഞ്ഞയക്കും” എന്നു പറഞ്ഞു. അങ്ങനെ ഊരിയാവ് അന്നും പിറ്റേന്നും യെരൂശലേമിൽ താമസിച്ചു.
13 ദാവീദിന്റെ ക്ഷണം അനുസരിച്ച് ഊരിയാവ് അദ്ദേഹത്തോടൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തു. ദാവീദ് അയാളെ വീഞ്ഞുകുടിപ്പിച്ചു മത്തനാക്കി. എന്നിട്ട് ഊരിയാവ് സന്ധ്യാസമയത്ത് പുറത്തുകടന്ന് യജമാനന്റെ സേവകഗണത്തോടൊപ്പം തന്റെ പായിൽ കിടന്നുറങ്ങി; അദ്ദേഹം തന്റെ വീട്ടിൽ പോയില്ല.
൧൩ദാവീദ് അവനെ വിളിച്ചപ്പോൾ അവൻ അവന്റെ മുമ്പാകെ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു; അവൻ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്ന് തന്റെ യജമാനന്റെ ദാസന്മാരോടുകൂടി അവൻ തന്റെ കിടക്കയിൽ കിടന്നു.
14 പിറ്റേന്നു രാവിലെ ദാവീദ് യോവാബിന് ഒരു കത്തെഴുതി ഊരിയാവിന്റെ കൈവശം കൊടുത്തയച്ചു.
൧൪രാവിലെ ദാവീദ് യോവാബിന് ഒരു എഴുത്ത് എഴുതി ഊരീയാവിന്റെ കയ്യിൽ കൊടുത്തയച്ചു.
15 അതിൽ അദ്ദേഹം എഴുതിയിരുന്നു: “ഊരിയാവിനെ അത്യുഗ്രമായ പോരാട്ടം നടക്കുന്നിടത്തു മുൻനിരയിൽ നിർത്തണം. അങ്ങനെ അവൻ വെട്ടേറ്റുവീണു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിൻവാങ്ങണം.”
൧൫എഴുത്തിൽ: “യുദ്ധം കഠിനമായിരിക്കുന്നേടത്ത് ഊരീയാവിനെ മുൻനിരയിൽ നിർത്തി അവൻ വെട്ടുകൊണ്ട് മരിക്കത്തക്കവണ്ണം അവനെ വിട്ട് പിന്മാറുവിൻ” എന്ന് അവൻ എഴുതിയിരുന്നു.
16 അതനുസരിച്ച് യോവാബ് നഗരത്തെ വളയുമ്പോൾ ശൂരരായ എതിരാളികൾ നിലയുറപ്പിച്ചിരിക്കുന്നു എന്നു ബോധ്യമുള്ള ഒരിടത്ത് ഊരിയാവിനെ നിയോഗിച്ചു.
൧൬അങ്ങനെ തന്നെ യോവാബ് പട്ടണത്തെ ഉപരോധിക്കുന്നതിനിടയിൽ വീരന്മാർ നില്‍ക്കുന്നതായി അവന് മനസിലായ സ്ഥലത്ത് അവൻ ഊരീയാവിനെ നിയോഗിച്ചു.
17 നഗരവാസികൾ പുറത്തുകടന്ന് യോവാബിനോടു പോരാടി. ദാവീദിന്റെ സൈന്യത്തിലെ കുറെപ്പേർ വീണുപോയി. ഹിത്യനായ ഊരിയാവും കൊല്ലപ്പെട്ടു.
൧൭പട്ടണക്കാർ പുറപ്പെട്ട് യോവാബിനോട് പോരാടിയപ്പോൾ ദാവീദിന്റെ ഭടന്മാരായ പടജ്ജനത്തിൽ ചിലർ കൊല്ലപ്പെട്ടു; ഹിത്യനായ ഊരീയാവും മരിച്ചു.
18 യോവാബ് ആളയച്ച് യുദ്ധത്തിന്റെ പൂർണവിവരണം ദാവീദിനു നൽകി.
൧൮പിന്നെ യോവാബ് ആ യുദ്ധവാർത്ത എല്ലാം ദാവീദിനോട് അറിയിക്കുവാൻ സന്ദേശവാഹകരെ അയച്ചു.
19 അദ്ദേഹം ദൂതന്മാരോടു പറഞ്ഞയച്ചു: “നിങ്ങൾ യുദ്ധത്തിന്റെ ഈ പൂർണവിവരണം രാജാവിനു നൽകിക്കഴിയുമ്പോൾ,
൧൯അവൻ സന്ദേശവാഹകനോട് ഇങ്ങനെ കല്പിച്ചു: “നീ യുദ്ധവാർത്ത എല്ലാം രാജാവിനോട് പറഞ്ഞു തീരുമ്പോൾ രാജാവിന് കോപം ജ്വലിച്ചു ഇപ്രകാരം പറയും:
20 രാജാവിന്റെ ക്രോധം ജ്വലിക്കും; അദ്ദേഹം നിങ്ങളോടു ചോദിച്ചെന്നുവരാം ‘നിങ്ങൾ നഗരത്തോട് ഇത്രയേറെ അടുത്തുചെന്നു പൊരുതിയതെന്തിന്? അവർ മതിലിന്മേൽനിന്ന് അമ്പെയ്യുമെന്ന് നിങ്ങൾക്കറിഞ്ഞുകൂടായിരുന്നോ?
൨൦‘നിങ്ങൾ പട്ടണത്തോട് ഇത്ര അടുത്തുചെന്ന് യുദ്ധം ചെയ്തത് എന്ത്? മതിലിന്മേൽനിന്ന് അവർ എയ്യുമെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടയോ?
21 യെരൂബ്-ബേശെത്തിന്റെ മകനായ അബീമെലെക്കിനെ കൊന്നതാരാണ്? ഒരു സ്ത്രീ മതിലിന്മേൽനിന്ന് തിരികല്ലിന്റെ പിള്ള അയാളുടെമേൽ ഇട്ടതുകൊണ്ടല്ലേ അയാൾ തേബെസിൽവെച്ചു മരിച്ചത്? നിങ്ങൾ മതിലിനോട് ഇത്ര അടുത്തുചെന്നത് എന്തിന്?’ ഇപ്രകാരം അദ്ദേഹം ചോദിച്ചാൽ, ‘അങ്ങയുടെ ഭൃത്യൻ ഹിത്യനായ ഊരിയാവും മരിച്ചു’ എന്ന് അദ്ദേഹത്തോടു പറയണം.”
൨൧യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നത് ആര്? ഒരു സ്ത്രീ മതിലിന്മേൽനിന്ന് തിരിക്കല്ലിന്റെ പിള്ളക്കല്ല് അവന്റെമേൽ ഇട്ടതുകൊണ്ടല്ലയോ അവൻ തേബെസിൽവച്ച് മരിച്ചത്? നിങ്ങൾ മതിലിനോട് ഇത്ര അടുത്തുചെന്നത് എന്ത്?’ എന്നിങ്ങനെ നിന്നോട് പറഞ്ഞാൽ: ‘നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്ന് പറയുക’”.
22 ദൂതൻ പുറപ്പെട്ടു. അയാൾ വന്ന് യോവാബു പറഞ്ഞയച്ച കാര്യങ്ങളെല്ലാം ദാവീദിനോടു പറഞ്ഞു.
൨൨സന്ദേശവാഹകൻ ചെന്ന് യോവാബ് പറഞ്ഞയച്ച വാർത്തകളെല്ലാം ദാവീദിനെ അറിയിച്ചു.
23 ദൂതൻ ദാവീദിനോടു പറഞ്ഞത് ഇപ്രകാരമാണ്: “ശത്രുക്കൾ നമ്മെക്കാൾ പ്രബലപ്പെട്ടു. അവർ വെളിമ്പ്രദേശത്തു നമ്മുടെനേരേ വന്നു. എന്നാൽ ഞങ്ങൾ അവരെ നഗരകവാടംവരെ പിന്നാക്കംപായിച്ചു.
൨൩സന്ദേശവാഹകൻ ദാവീദിനോട് പറഞ്ഞത്: “ആ കൂട്ടർ പ്രാബല്യം പ്രാപിച്ച് മൈതാനത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതില്ക്കൽവരെ അവരെ തിരിച്ചോടിച്ചു.
24 അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്ന് അങ്ങയുടെ സേവകന്മാരുടെമേൽ ശരങ്ങൾ ചൊരിഞ്ഞു. രാജാവിന്റെ പടയാളികളിൽ ചിലർ മരിച്ചുവീണു. കൂടാതെ അങ്ങയുടെ ഭൃത്യൻ ഹിത്യനായ ഊരിയാവും മരിച്ചു.”
൨൪അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്ന് അങ്ങയുടെ ഭടന്മാരെ എയ്തു, രാജാവിന്റെ ഭടന്മാരിൽ ചിലർ കൊല്ലപ്പെട്ടു, അങ്ങയുടെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു”.
25 ദാവീദ് ദൂതനോടു പറഞ്ഞു: “യോവാബിനോടു പറയുക, ‘ഇതുമൂലം നീ ദുഃഖിക്കരുത്; വാൾ അങ്ങും ഇങ്ങും നാശം വിതയ്ക്കും. നഗരത്തിനെതിരേ ആക്രമണം ശക്തിപ്പെടുത്തി അതിനെ നശിപ്പിക്കുക.’ യോവാബിനെ പ്രോത്സാഹിപ്പിക്കാൻ നീ ഈ വിധം പറയുക.”
൨൫അതിന് ദാവീദ് സന്ദേശവാഹകനോട്: “‘ഈ കാര്യത്തിൽ വ്യസനം തോന്നരുത്; വാൾ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതി അതിനെ നശിപ്പിച്ചുകളയുക’ എന്നു നീ യോവാബിനോട് പറഞ്ഞു അവനെ ധൈര്യപ്പെടുത്തണം” എന്നു കല്പിച്ചു.
26 തന്റെ ഭർത്താവു മരിച്ചുപോയി എന്ന് ഊരിയാവിന്റെ ഭാര്യ കേട്ടപ്പോൾ അവൾ അദ്ദേഹത്തിനുവേണ്ടി വിലപിച്ചു.
൨൬ഊരീയാവിന്റെ ഭാര്യ തന്റെ ഭർത്താവായ ഊരീയാവ് മരിച്ചുപോയി എന്നു കേട്ടപ്പോൾ ഭർത്താവിനെക്കുറിച്ച് വിലപിച്ചു.
27 വിലാപകാലം കഴിഞ്ഞപ്പോൾ ദാവീദ് അവളെ തന്റെ കൊട്ടാരത്തിൽ വരുത്തി. അവൾ അദ്ദേഹത്തിന്റെ ഭാര്യയായിത്തീർന്നു. അവൾ ഒരു പുത്രനെ പ്രസവിച്ചു. എന്നാൽ ദാവീദിന്റെ ഈ പ്രവൃത്തി യഹോവയ്ക്ക് അനിഷ്ടമായിത്തീർന്നു.
൨൭വിലാപകാലം കഴിഞ്ഞ് ദാവീദ് ആളയച്ച് അവളെ തന്റെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാര്യയായി, അവന് ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തത് യഹോവയ്ക്ക് അനിഷ്ടമായിരുന്നു.