< 2 രാജാക്കന്മാർ 25 >

1 അതിനാൽ സിദെക്കീയാവിന്റെ ഭരണത്തിന്റെ ഒൻപതാമാണ്ടിൽ പത്താംമാസം പത്താംതീയതി ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സകലസൈന്യവുമായി ജെറുശലേമിനെതിരേ വന്നു. അദ്ദേഹം നഗരത്തിനു വെളിയിൽ പാളയമടിച്ച് ചുറ്റും ഉപരോധം തീർത്തു.
അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ട് പത്താം മാസം പത്താം തിയ്യതി, ബാബിലോൺ രാജാവായ നെബൂഖദ്നേസർ തന്റെ സർവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്ന് പാളയം ഇറങ്ങി; അതിനെ ഉപരോധിക്കയും ചെയ്തു.
2 അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാമാണ്ടുവരെയും നഗരം ഉപരോധത്തിലായിരുന്നു.
സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം ഉപരോധിക്കപ്പെട്ടിരുന്നു.
3 നാലാംമാസം ഒൻപതാംതീയതി ആയപ്പോഴേക്കും പട്ടണത്തിലെ ജനങ്ങൾക്കു ഭക്ഷിക്കാൻ യാതൊന്നും ഇല്ലാത്തതരത്തിൽ ക്ഷാമം അതികഠിനമായി.
അതേ ആണ്ടില്‍ നാലാംമാസം ഒമ്പതാം തിയ്യതി ആയപ്പോൾ നഗരത്തിൽ ക്ഷാമം കഠിനമായി; ദേശത്തെ ജനത്തിന് ആഹാരം ഇല്ലാതെയായി.
4 ബാബേല്യർ നഗരം വളഞ്ഞിരിക്കെ, യെഹൂദ്യയിലെ സൈന്യം നഗരമതിൽ ഒരിടം പൊളിച്ചു. രാജാവും മുഴുവൻ സൈന്യവും രാത്രിയിൽത്തന്നെ രാജാവിന്റെ ഉദ്യാനത്തിനരികെ രണ്ടു മതിലുകൾക്കിടയിലുള്ള കവാടത്തിലൂടെ ഓടിപ്പോയി. അവർ അരാബയുടെ നേർക്കാണു പലായനംചെയ്തത്.
അപ്പോൾ നഗരമതിൽ ഒരിടം പൊളിച്ച് കൽദയർ നഗരം വളഞ്ഞിരിക്കെ പടയാളികൾ എല്ലാം രാത്രിയിൽ രാജാവിന്റെ തോട്ടത്തിനരികെ രണ്ട് മതിലുകൾക്കും മദ്ധ്യേയുള്ള പടിവാതിൽ വഴിയായി ഓടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയിലൂടെ ഓടിപ്പോയി.
5 എന്നാൽ ബാബേൽസൈന്യം രാജാവിനെ പിൻതുടർന്നുചെന്ന് യെരീഹോസമതലത്തിൽവെച്ച് അദ്ദേഹത്തോടൊപ്പം എത്തി. പടയാളികൾ മുഴുവനും അദ്ദേഹത്തിൽനിന്നു വേർപെട്ട് ചിതറിപ്പോയിരുന്നു.
എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന് യെരിഹോ സമഭൂമിയിൽവെച്ച് അവനോടൊപ്പം എത്തി; അവന്റെ സൈന്യമെല്ലാം അവനെ വിട്ട് ചിതറിപ്പോയി.
6 അങ്ങനെ അദ്ദേഹം പിടിക്കപ്പെട്ടു. അദ്ദേഹത്തെ രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. അവിടെവെച്ച് അദ്ദേഹത്തിനു ശിക്ഷ വിധിച്ചു.
അവർ രാജാവിനെ പിടിച്ച് രിബ്ലയിൽ ബാബിലോൺരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവർ അവന് വിധി കല്പിച്ചു.
7 അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അദ്ദേഹത്തിന്റെ കൺമുമ്പിൽവെച്ചു കൊന്നു. അതിനുശേഷം അവർ അദ്ദേഹത്തിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു. അദ്ദേഹത്തെ വെങ്കലംകൊണ്ടുള്ള ചങ്ങലയിൽ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി.
അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; സിദെക്കീയാവിന്റെ കണ്ണ് പൊട്ടിച്ച് ചങ്ങലകൊണ്ട് അവനെ ബന്ധിച്ച് ബാബിലോണിലേക്ക് കൊണ്ടുപോയി.
8 ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ പത്തൊൻപതാം ആണ്ട്, അഞ്ചാംമാസം ഏഴാംതീയതി ബാബേൽരാജാവിന്റെ അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ ജെറുശലേമിലേക്കു വന്നു.
അഞ്ചാം മാസം ഏഴാം തിയ്യതി, ബാബിലോൺ രാജാവായ നെബൂഖദ്നേസറിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നേ, ബാബിലോൺരാജാവിന്റെ ഭൃത്യനായ അകമ്പടി നായകൻ നെബൂസർ-അദാൻ യെരൂശലേമിൽ വന്നു.
9 അദ്ദേഹം യഹോവയുടെ ആലയത്തിനും രാജകൊട്ടാരത്തിനും ജെറുശലേമിലെ സകലവീടുകൾക്കും തീവെച്ചു. പ്രധാനപ്പെട്ട സകലകെട്ടിടങ്ങളും അദ്ദേഹം ചുട്ടുകളഞ്ഞു.
അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ മഹത്തുക്കളുടെ ഭവനങ്ങളൊക്കെ അവൻ തീവെച്ച് ചുട്ടുകളഞ്ഞു.
10 അംഗരക്ഷകസേനയുടെ അധിപതിയായ അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന ബാബേൽസൈന്യമെല്ലാംചേർന്ന് ജെറുശലേമിന്റെ ചുറ്റുമതിൽ ഇടിച്ചുനിരത്തി.
൧൦അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യം യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകൾ ഇടിച്ചുകളഞ്ഞു.
11 നഗരവാസികളിൽ ശേഷിച്ചവരെയും ബാബേൽരാജാവിന്റെ പക്ഷത്തേക്കു കൂറുമാറിയവരെയും ശേഷം ജനത മുഴുവനെയും അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ പ്രവാസികളാക്കി കൊണ്ടുപോയി.
൧൧നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബിലോൺ രാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസർ-അദാൻ കൊണ്ടുപോയി.
12 എന്നാൽ സൈന്യാധിപൻ മുന്തിരിത്തോപ്പുകളിലും വയലുകളിലും പണിചെയ്യുന്നതിനായി, ദേശത്തിലെ ഏറ്റവും ദരിദ്രരിൽ ചിലരെ വിട്ടിട്ടുപോയി.
൧൨എന്നാൽ അകമ്പടിനായകൻ ദേശത്തെ ദരിദ്രരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചു പോയി.
13 യഹോവയുടെ ആലയത്തിലുണ്ടായിരുന്ന വെങ്കലസ്തംഭങ്ങളും ചലിപ്പിക്കാവുന്ന പീഠങ്ങളും വെങ്കലംകൊണ്ടുള്ള വലിയ ജലസംഭരണിയും ബാബേല്യർ ഉടച്ചുകളഞ്ഞു. അതിന്റെ വെങ്കലം അവർ ബാബേലിലേക്കു കൊണ്ടുപോയി.
൧൩യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും താമ്രംകൊണ്ടുള്ള കടലും കൽദയർ ഉടെച്ചുകളഞ്ഞ് അവയുടെ താമ്രം ബാബിലോണിലേക്ക് കൊണ്ടുപോയി.
14 ദൈവാലയശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന കലങ്ങളും കോരികളും തിരികൾ വെടിപ്പാക്കുന്നതിനുള്ള കത്രികകളും തളികകളും മറ്റെല്ലാ ഓട്ടുപകരണങ്ങളും അവർ കൊണ്ടുപോയി.
൧൪കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷെക്കുള്ള താമ്രോപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി.
15 ധൂപകലശങ്ങളും കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങളും സ്വർണവും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങളും എന്നുവേണ്ടാ തങ്കംകൊണ്ടോ വെള്ളികൊണ്ടോ ഉണ്ടാക്കിയവയെല്ലാം അംഗരക്ഷകസേനയുടെ അധിപൻ എടുത്തുകൊണ്ടുപോയി.
൧൫തീച്ചട്ടികളും, കലശങ്ങളും, പൊന്നും വെള്ളിയും കൊണ്ടുള്ള സകലതും അകമ്പടിനായകൻ കൊണ്ടുപോയി.
16 യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ ഉണ്ടാക്കിയിരുന്ന രണ്ടുസ്തംഭങ്ങളുടെയും ജലസംഭരണിയുടെയും ചലിപ്പിക്കാവുന്ന പീഠങ്ങളുടെയും വെങ്കലം തൂക്കം തിട്ടപ്പെടുത്താൻ കഴിയാത്തതുപോലെ അത്ര അധികമായിരുന്നു.
൧൬ശലോമോൻ യഹോവയുടെ ആലയത്തിനുവേണ്ടി ഉണ്ടാക്കിയ രണ്ട് സ്തംഭങ്ങൾ, ഒരു കടൽ, പീഠങ്ങൾ എന്നിങ്ങനെ സകല ഉപകരണങ്ങളും ഉണ്ടാക്കുവാൻ ഉപയോഗിച്ച താമ്രം തൂക്കുവാൻ കഴിയാത്തവണ്ണം അധികമായിരുന്നു.
17 ഓരോ സ്തംഭവും പതിനെട്ടുമുഴം ഉയരമുള്ളതായിരുന്നു, ഒരു വെങ്കലസ്തംഭത്തിന്റെ തലയ്ക്കലുള്ള മകുടം മൂന്നുമുഴം ഉയരമുള്ളതും ചുറ്റും വെങ്കലംകൊണ്ടുള്ള വലമണികളും മാതളനാരകപ്പഴങ്ങളുംകൊണ്ട് അലങ്കൃതവും ആയിരുന്നു. വലമണികളോടുകൂടിയ മറ്റേ സ്തംഭവും ഇതുപോലെതന്നെ ആയിരുന്നു.
൧൭ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ട് മുഴം; അതിന്മേലുള്ള മകുടം താമ്രംകൊണ്ടുള്ളതായിരുന്നു. ഒരോ മകുടത്തിന്റെയും ഉയരം മൂന്ന് മുഴം; മകുടത്തിന്റെചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രം കൊണ്ടായിരുന്നു; ഇതുപോലെ മറ്റെ സ്തംഭത്തിന്നും വലപ്പണിയും മറ്റും ഉണ്ടായിരുന്നു.
18 മഹാപുരോഹിതനായ സെരായാവെയും തൊട്ടടുത്ത പദവിയിലുള്ള പുരോഹിതനായ സെഫന്യാവിനെയും മൂന്നു വാതിൽകാവൽക്കാരെയും അംഗരക്ഷകസേനയുടെ നായകൻ തടവുകാരായി പിടിച്ചുകൊണ്ടുപോയി.
൧൮അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവിനെയും രണ്ടാം പുരോഹിതനായ സെഫന്യാവിനെയും മൂന്ന് വാതിൽക്കാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി.
19 നഗരത്തിൽ അപ്പോഴും ഉണ്ടായിരുന്നവരിൽനിന്നു യോദ്ധാക്കളുടെ മേൽവിചാരകനെയും രാജാവിന്റെ ഉപദേശകന്മാരായ അഞ്ചുപേരെയുംകൂടെ അദ്ദേഹം പിടിച്ചുകൊണ്ടുപോയി. ദേശത്തെ ജനങ്ങളെക്കൊണ്ട് നിർബന്ധിതസൈനികസേവനം ചെയ്യിക്കുന്നതിന്റെ മുഖ്യചുമതലക്കാരനായ ലേഖകനെയും നഗരത്തിൽ കാണപ്പെട്ട അറുപതു സൈനികരെയുംകൂടെ പിടിച്ചുകൊണ്ടുപോയി.
൧൯നഗരത്തിൽനിന്ന് അവൻ പടയാളികളുടെ മേൽവിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവെച്ച് കണ്ടെത്തിയ രാജപരിചാരകന്മാരിൽ അഞ്ചുപേരെയും ദേശത്തെ ജനത്തിൽനിന്ന് പടയാളികളെ തെരഞ്ഞെടുക്കുന്ന സേനാപതിയുടെ കൊട്ടാരം കാര്യസ്ഥനെയും നഗരത്തിൽ കണ്ട മറ്റ് അറുപതുപേരെയും പിടിച്ചു കൊണ്ടുപോയി.
20 സൈന്യാധിപനായ നെബൂസരദാൻ അവരെയെല്ലാം പിടിച്ച് രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
൨൦ഇവരെ അകമ്പടിനായകനായ നെബൂസർ-അദാൻ പിടിച്ച് രിബ്ലയിൽ ബാബിലോൺരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു.
21 അവിടെ, ഹമാത്തുദേശത്തിലെ രിബ്ലയിൽവെച്ച് ബാബേൽരാജാവ് അവരുടെയെല്ലാം വധശിക്ഷ നടപ്പിലാക്കി. അങ്ങനെ യെഹൂദാ, തന്റെ ദേശത്തുനിന്നും അടിമത്തത്തിലേക്കു പോയി.
൨൧ബാബിലോൺരാജാവ് ഹമാത്ത് ദേശത്തിലെ രിബ്ലയിൽവെച്ച് അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ട് പോകേണ്ടിവന്നു.
22 ബാബേൽരാജാവായ നെബൂഖദ്നേസർ, താൻ യെഹൂദ്യയിൽ അവശേഷിപ്പിച്ചിട്ടുപോരുന്ന ആളുകൾക്ക് അധിപതിയായി ശാഫാന്റെ പൗത്രനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ നിയമിച്ചു.
൨൨ബാബിലോൺ രാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്ത് ശേഷിപ്പിച്ച ജനത്തിന് ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവിനെ അധിപതിയാക്കി.
23 ബാബേൽരാജാവ് ഗെദല്യാവിനെ ദേശാധിപതിയായി നിയമിച്ചു എന്ന് എല്ലാ സൈന്യാധിപന്മാരും അവരുടെ ആളുകളും കേട്ടപ്പോൾ, അവർ മിസ്പായിൽ ഗെദല്യാവിന്റെ അടുക്കലെത്തി. നെഥന്യാവിന്റെ മകൻ യിശ്മായേലും കാരേഹിന്റെ മകൻ യോഹാനാനും നെതോഫാത്യനായ തൻഹൂമെത്തിന്റെ മകൻ സെരായാവും മാഖാത്യന്റെ മകൻ യയസന്യാവും അവരുടെ ആളുകളും അക്കൂട്ടത്തിലുണ്ടായിരുന്നു.
൨൩ബാബിലോൺരാജാവ് ഗെദല്യാവിനെ അധിപതിയാക്കി എന്ന് നെഥന്യാവിന്റെ മകൻ യിശ്മായേൽ, കാരേഹിന്റെ മകൻ യോഹാനാൻ, നെതോഫാത്യനായ തൻഹൂമെത്തിന്റെ മകൻ സെരായ്യാവ്, മയഖാത്യന്റെ മകൻ യാസന്യാവ് എന്നീ സേനാപതികളും അവരുടെ ആളുകളും കേട്ടപ്പോൾ അവർ മിസ്പെയിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു.
24 അപ്പോൾ ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും ഇപ്രകാരം ഒരു ശപഥംചെയ്തുപറഞ്ഞു: “നിങ്ങൾ ബാബേലിലെ ഉദ്യോഗസ്ഥർനിമിത്തം ഭയപ്പെടരുത്; നിങ്ങൾക്കു നന്മയുണ്ടാകേണ്ടതിന് ദേശത്തു താമസിച്ചു ബാബേൽരാജാവിനെ സേവിക്കുക.”
൨൪ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യംചെയ്തു; അവരോട് പറഞ്ഞത്: “നിങ്ങൾ കൽദയരുടെ ദാസന്മാർനിമിത്തം ഭയപ്പെടരുത്; ദേശത്ത് പാർത്ത് ബാബിലോൺ രാജാവിനെ സേവിക്കുവിൻ; അത് നിങ്ങൾക്ക് നന്മയായിരിക്കും”.
25 എങ്കിലും ഏഴാംമാസത്തിൽ രാജവംശക്കാരനായ എലീശാമയുടെ പൗത്രനായ നെഥന്യാവിന്റെ മകൻ യിശ്മായേൽ പത്തു പുരുഷന്മാരുമായി വന്ന് ഗെദല്യാവിനെയും മിസ്പായിൽ അദ്ദേഹത്തോടുകൂടെയുണ്ടായിരുന്ന യെഹൂദ്യരും ബാബേൽക്കാരുമായ ആളുകളെയും ചതിവിൽ കൊലപ്പെടുത്തി.
൨൫എന്നാൽ ഏഴാം മാസത്തിൽ രാജവംശക്കാരനായ എലീശയുടെ മകനായ നെഥന്യാവിന്റെ മകൻ യിശ്മായേൽ പത്ത് ആളുകളുമായി വന്ന് ഗെദല്യാവിനെയും അവനോടുകൂടെ മിസ്പെയിൽ ഉണ്ടായിരുന്ന യെഹൂദ്യരെയും കൽദയരെയും വെട്ടിക്കൊന്നു.
26 ഇതുമൂലം യെഹൂദ്യയിലെ ജനമെല്ലാം; ആബാലവൃദ്ധം സകലജനങ്ങളും സൈന്യാധിപന്മാരോടൊപ്പം ബാബേൽക്കാരെ ഭയപ്പെട്ട് ഈജിപ്റ്റിലേക്ക് ഓടിപ്പോയി.
൨൬അപ്പോൾ ആബാലവൃദ്ധം ജനങ്ങളും സേനാപതിമാരും കൽദയരെ ഭയപ്പെടുകയാൽ എഴുന്നേറ്റ് പുറപ്പെട്ട് ഈജിപ്റ്റിലേക്ക് പോയി.
27 യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തിയേഴാമാണ്ടിൽ എവീൽ-മെരോദക്ക് ബാബേൽരാജാവായി. ആ വർഷം പന്ത്രണ്ടാംമാസം ഇരുപത്തിയേഴാംതീയതി അദ്ദേഹം യെഹൂദാരാജാവായ യെഹോയാഖീനെ കാരാഗൃഹത്തിൽനിന്നു മോചിപ്പിച്ചു.
൨൭യെഹൂദാ രാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ട് പന്ത്രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ബാബിലോൺ രാജാവായ എവീൽ-മെരോദക്ക്, താൻ രാജാവായ ആണ്ടിൽ, യെഹൂദാ രാജാവായ യെഹോയാഖീനെ കടാക്ഷിച്ച് കാരാഗൃഹത്തിൽനിന്ന് വിടുവിച്ചു
28 അദ്ദേഹം യെഹോയാഖീനോട് ദയാപൂർവം സംസാരിക്കുകയും തന്നോടുകൂടെ ബാബേലിൽ ഉണ്ടായിരുന്ന മറ്റു രാജാക്കന്മാരെക്കാൾ കൂടുതൽ ബഹുമാന്യമായ ഒരു ഇരിപ്പിടം അദ്ദേഹത്തിനു നൽകുകയും ചെയ്തു.
൨൮അവനോട് കരുണയോട് സംസാരിച്ചു; തന്നോടുകൂടെ ബാബിലോണിൽ പ്രവാസികളായി ഉണ്ടായിരുന്ന രാജാക്കന്മാരെക്കാൾ ഉന്നതമായ സ്ഥാനം അവന് നൽകി.
29 അങ്ങനെ യെഹോയാഖീൻ തന്റെ കാരാഗൃഹവേഷം മാറ്റിക്കളയുകയും തന്റെ ആയുസ്സിന്റെ ശേഷിച്ചകാലം രാജാവിന്റെ മേശയിൽനിന്നു പതിവായി ഭക്ഷണം കഴിക്കുകയും ചെയ്തുപോന്നു.
൨൯അവന്റെ കാരാഗൃഹവസ്ത്രം മാറ്റി; അവൻ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു.
30 യെഹോയാഖീൻ ജീവിച്ചിരുന്ന കാലംമുഴുവൻ അദ്ദേഹത്തിന്റെ ജീവിതാവശ്യങ്ങൾക്കുവേണ്ട പണം ദിനംതോറും ക്രമമായി രാജാവു കൊടുത്തുപോന്നു.
൩൦രാജാവ് അവന് അവന്റെ മരണദിവസം വരെ ജീവകാലം മുഴുവൻ നിത്യവൃത്തിക്കുള്ള ഓഹരി കൊടുത്തുപോന്നു.

< 2 രാജാക്കന്മാർ 25 >