< 2 രാജാക്കന്മാർ 13 >
1 യെഹൂദാരാജാവായ അഹസ്യാവിന്റെ മകൻ യോവാശിന്റെ ഇരുപത്തിമൂന്നാമാണ്ടിൽ യേഹുവിന്റെ മകനായ യഹോവാഹാസ് ശമര്യയിൽ ഇസ്രായേലിനു രാജാവായി. അദ്ദേഹം പതിനേഴുവർഷം ഭരണംനടത്തി.
യെഹൂദാരാജാവായ അഹസ്യാവിന്റെ മകനായ യോവാശിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ യേഹൂവിന്റെ മകനായ യെഹോവാഹാസ് യിസ്രായേലിന്നു രാജാവായി ശമൎയ്യയിൽ പതിനേഴു സംവത്സരം വാണു.
2 നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളെ അദ്ദേഹം പിൻതുടർന്ന് യഹോവയുടെ കൺമുൻപിൽ തിന്മ പ്രവർത്തിച്ചു. ആ പാപങ്ങളിൽനിന്ന് അദ്ദേഹം വിട്ടുമാറിയില്ല.
അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു.
3 അതിനാൽ യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു. യഹോവ അവരെ അരാംരാജാവായ ഹസായേലിന്റെയും അദ്ദേഹത്തിന്റെ മകനായ ബെൻ-ഹദദിന്റെയും കൈകളിൽ പലപ്രാവശ്യം ഏൽപ്പിച്ചുകൊടുത്തു.
ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാംരാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കയ്യിലും നിരന്തരം വിട്ടുകൊടുത്തു.
4 അപ്പോൾ യഹോവാഹാസ് യഹോവയുടെ കാരുണ്യത്തിനുവേണ്ടി അപേക്ഷിച്ചു; അരാംരാജാവ് എത്ര കഠിനമായി ഇസ്രായേലിനെ ഞെരുക്കിയിരുന്നു എന്നു കണ്ടതിനാൽ യഹോവ അദ്ദേഹത്തിന്റെ അപേക്ഷ കേട്ടു.
എന്നാൽ യെഹോവാഹാസ് യഹോവയോടു കൃപെക്കായി അപേക്ഷിച്ചു; അരാംരാജാവു യിസ്രായേലിനെ ഞെരുക്കിയ ഞെരുക്കം യഹോവ കണ്ടിട്ടു അവന്റെ അപേക്ഷ കേട്ടു.
5 യഹോവ അവർക്കൊരു വിമോചകനെ നൽകി. അങ്ങനെ അവർ അരാമ്യരുടെ കൈയിൽനിന്ന് രക്ഷപ്പെടുകയും പഴയതുപോലെ തങ്ങളുടെ സ്വന്തം ഭവനങ്ങളിൽ പാർക്കുകയും ചെയ്തു.
യഹോവ യിസ്രായേലിന്നു ഒരു രക്ഷകനെ കൊടുത്തതുകൊണ്ടു അവർ അരാമ്യരുടെ അധികാരത്തിൽനിന്നു ഒഴിഞ്ഞുപോയി; യിസ്രായേൽമക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു.
6 എന്നാൽ യൊരോബെയാംഗൃഹം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അവർ വിട്ടുമാറിയില്ല. അവർ ആ പാപങ്ങളിൽത്തന്നെ തുടർന്നു. ശമര്യയിലെങ്ങും അശേരാപ്രതിഷ്ഠകൾക്കു നീക്കം വന്നില്ല.
എങ്കിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാംഗൃഹത്തിന്റെ പാപങ്ങളെ അവർ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു; അശേരാപ്രതിഷ്ഠെക്കു ശമൎയ്യയിൽ നീക്കം വന്നില്ല.
7 യഹോവാഹാസിന്റെ സൈന്യത്തിൽ അൻപതു കുതിരച്ചേവകരും പത്തു രഥങ്ങളും പതിനായിരം കാലാളുകളുമല്ലാതെ മറ്റൊന്നും അവശേഷിച്ചില്ല; കാരണം അരാംരാജാവ് അവരെ നശിപ്പിച്ച് മെതിക്കളത്തിലെ പൊടിപോലെയാക്കിത്തീർത്തിരുന്നു.
അവൻ യെഹോവാഹാസിന്നു അമ്പതു കുതിരച്ചേവകരെയും പത്തു രഥങ്ങളെയും പതിനായിരം കാലാളുകളെയും അല്ലാതെ മറ്റു യാതൊരു പടജ്ജനത്തെയും ശേഷിപ്പിച്ചില്ല; അരാംരാജാവു അവരെ നശിപ്പിച്ചു മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.
8 യഹോവാഹാസിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്ത പ്രവൃത്തികളും അദ്ദേഹത്തിന്റെ നേട്ടങ്ങളും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
യെഹോവാഹാസിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പരാക്രമപ്രവൃത്തിയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
9 യഹോവാഹാസ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ശമര്യയിൽ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ യഹോവാശ് തുടർന്നു രാജാവായി.
യെഹോവാഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമൎയ്യയിൽ അടക്കം ചെയ്തു; അവന്റെ മകനായ യോവാശ് അവന്നു പകരം രാജാവായി.
10 യെഹൂദാരാജാവായ യോവാശിന്റെ മുപ്പത്തിയേഴാമാണ്ടിൽ യഹോവാഹാസിന്റെ മകനായ യഹോവാശ് ശമര്യയിൽ ഇസ്രായേലിനു രാജാവായി. അദ്ദേഹം പതിനൊന്നുവർഷം ഭരണംനടത്തി.
യെഹൂദാരാജാവായ യോവാശിന്റെ മുപ്പത്തേഴാം ആണ്ടിൽ യെഹോവാഹാസിന്റെ മകനായ യോവാശ് യിസ്രായേലിന്നു രാജാവായി ശമൎയ്യയിൽ പതിനൊന്നു സംവത്സരം വാണു.
11 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്നൊന്നും അദ്ദേഹം വിട്ടുമാറാതെ അവയിൽത്തന്നെ തുടർന്നു.
അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബയാമിന്റെ സകലപാപങ്ങളെയും അവൻ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു.
12 യഹോവാശിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ പ്രവൃത്തികളും യെഹൂദാരാജാവായ അമസ്യാവിനോടു യുദ്ധം ചെയ്തതുൾപ്പെടെ അദ്ദേഹത്തിന്റെ നേട്ടങ്ങളും എല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
യോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാവായ അമസ്യാവോടു യുദ്ധത്തിൽ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
13 യഹോവാശ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; യൊരോബെയാം അനന്തരാവകാശിയായി സിംഹാസനാരൂഢനായി. യഹോവാശ് ഇസ്രായേൽരാജാക്കന്മാരോടൊപ്പം ശമര്യയിൽ സംസ്കരിക്കപ്പെട്ടു.
യോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; യൊരോബെയാം സിംഹാസനം കയറി; യോവാശിനെ ശമൎയ്യയിൽ യിസ്രായേൽരാജാക്കന്മാരോടു കൂടെ അടക്കം ചെയ്തു.
14 അക്കാലത്ത് എലീശായ്ക്ക് മാരകരോഗം ബാധിച്ചു. ഇസ്രായേൽരാജാവായ യഹോവാശ് അദ്ദേഹത്തെ കാണുന്നതിനു വന്നു; അദ്ദേഹം എലീശായുടെ മുൻപിൽ വിലപിച്ചു. “എന്റെ പിതാവേ! എന്റെ പിതാവേ! ഇസ്രായേലിന്റെ തേരും തേരാളികളുമേ!” എന്നു പറഞ്ഞ് അദ്ദേഹം കരഞ്ഞു.
ആ കാലത്തു എലീശാ മരണഹേതുകമായ രോഗംപിടിച്ചു കിടന്നു; അപ്പോൾ യിസ്രായേൽരാജാവായ യോവാശ് അവന്റെ അടുക്കൽ ചെന്നു അവന്റെ മുഖത്തിന്മീതെ കുനിഞ്ഞു കരഞ്ഞു; എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളോവേ എന്നു പറഞ്ഞു.
15 “അമ്പും വില്ലും എടുക്കുക,” എന്ന് എലീശാ കൽപ്പിച്ചു. അദ്ദേഹം അപ്രകാരംചെയ്തു.
എലീശാ അവനോടു: അമ്പും വില്ലും എടുക്ക എന്നു പറഞ്ഞു; അവൻ അമ്പും വില്ലും എടുത്തു.
16 “നിന്റെ കൈകളിൽ വില്ലെടുക്കുക,” എന്ന് അദ്ദേഹം വീണ്ടും ഇസ്രായേൽരാജാവിനോടു കൽപ്പിച്ചു. അദ്ദേഹം അതെടുത്തപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേൽ വെച്ചു.
അപ്പോൾ അവൻ യിസ്രായേൽരാജാവിനോടു നിന്റെ കൈ വില്ലിന്മേൽവെക്ക എന്നു പറഞ്ഞു. അവൻ കൈവെച്ചപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേൽ വെച്ചു.
17 “കിഴക്കുവശത്തെ ജനാല തുറക്കുക,” എന്ന് എലീശാ കൽപ്പിച്ചു. രാജാവ് അതു തുറന്നു. “എയ്യുക,” എന്ന് അദ്ദേഹം കൽപ്പിച്ചു; രാജാവ് എയ്തു. “യഹോവയുടെ ജയാസ്ത്രം! യഹോവയുടെ ജയാസ്ത്രം അരാമിന്മേൽ!” എന്ന് എലീശാ ഉദ്ഘോഷിച്ചു. അദ്ദേഹം തുടർന്നു: “അഫേക്കിൽവെച്ച് അങ്ങ് അരാമ്യരെ പൂർണമായും നശിപ്പിക്കും.
കിഴക്കെ കിളിവാതിൽ തുറക്ക എന്നു അവൻ പറഞ്ഞു. അവൻ അതു തുറന്നപ്പോൾ: എയ്ക എന്നു എലീശാ പറഞ്ഞു. എയ്താറെ അവൻ: അതു യഹോവയുടെ ജയാസ്ത്രം, അരാമ്യൎക്കു നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കിൽവെച്ചു അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കും എന്നു പറഞ്ഞു.
18 “അമ്പുകൾ എടുക്കുക,” എന്നു വീണ്ടും എലീശാ കൽപ്പിച്ചു. ഇസ്രായേൽരാജാവ് അവയെടുത്തു. “നിലത്തടിക്കുക,” എന്ന് എലീശാ പറഞ്ഞു. അദ്ദേഹം മൂന്നുപ്രാവശ്യം അടിച്ചശേഷം നിർത്തി.
അമ്പു എടുക്ക എന്നു അവൻ പറഞ്ഞു. അവൻ എടുത്തു; നിലത്തടിക്ക എന്നു അവൻ യിസ്രായേൽരാജാവിനോടു പറഞ്ഞു. അവൻ മൂന്നു പ്രാവശ്യം അടിച്ചുനിൎത്തി.
19 അപ്പോൾ ദൈവപുരുഷൻ അദ്ദേഹത്തോടു കോപിച്ചിട്ട്: “നീ അഞ്ചോ ആറോ പ്രാവശ്യം നിലത്ത് അടിക്കണമായിരുന്നു. എങ്കിൽ നീ അരാമ്യരെ തോൽപ്പിച്ച് നിശ്ശേഷം നശിപ്പിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ നീ മൂന്നുപ്രാവശ്യംമാത്രമേ അവരെ തോൽപ്പിക്കൂ” എന്നു പറഞ്ഞു.
അപ്പോൾ ദൈവപുരുഷൻ അവനോടു കോപിച്ചു; നീ അഞ്ചാറു പ്രാവശ്യം അടിക്കേണ്ടിയിരുന്നു; എന്നാൽ നീ അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നുപ്രാവശ്യം മാത്രം തോല്പിക്കും എന്നു പറഞ്ഞു.
20 എലീശാ മരിച്ച് അടക്കപ്പെട്ടു. മോവാബ്യരുടെ കവർച്ചപ്പട വർഷംതോറും വസന്തകാലത്ത് ദേശത്തു വരിക പതിവായിരുന്നു.
എന്നാൽ എലീശാ മരിച്ചു; അവർ അവനെ അടക്കംചെയ്തു; പിറ്റെ ആണ്ടിൽ മോവാബ്യരുടെ പടക്കൂട്ടങ്ങൾ ദേശത്തെ ആക്രമിച്ചു.
21 ഒരിക്കൽ ഏതാനും ഇസ്രായേല്യർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ പെട്ടെന്ന് അവർ ഒരു കവർച്ചക്കൂട്ടത്തെ കണ്ടു; അവർ ആ മനുഷ്യന്റെ ജഡം എലീശയുടെ ശവക്കുഴിയിൽ ഇട്ടു. ആ മൃതശരീരം എലീശയുടെ അസ്ഥികളെ സ്പർശിച്ചപ്പോൾത്തന്നെ ആ മനുഷ്യൻ പുനർജീവിച്ചു; അയാൾ സ്വന്തം കാലിൽ എഴുന്നേറ്റുനിന്നു.
ചിലർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ടിട്ടു അയാളെ എലീശാവിന്റെ കല്ലറയിൽ ഇട്ടു; അവൻ അതിൽ വീണു എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ചു കാലൂന്നി എഴുന്നേറ്റു.
22 യഹോവാഹാസിന്റെ ഭരണകാലത്തെല്ലാം അരാംരാജാവായ ഹസായേൽ ഇസ്രായേലിനെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു.
എന്നാൽ യെഹോവാഹാസിന്റെ കാലത്തൊക്കെയും അരാമ്യരാജാവായ ഹസായേൽ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു.
23 എന്നാൽ താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടിമൂലം യഹോവയ്ക്ക് അവരുടെനേരേ കരുണയും മനസ്സലിവും തോന്നി അവരെ കടാക്ഷിച്ചു. ഇന്നുവരെയും അവരെ നശിപ്പിക്കുന്നതിനോ തന്റെ സന്നിധിയിൽനിന്ന് തള്ളിക്കളയുന്നതിനോ യഹോവയ്ക്കു മനസ്സായില്ല.
യഹോവെക്കു അവരോടു കരുണയും മനസ്സലിവും തോന്നി, അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നവരോടുള്ള തന്റെ നിയമംനിമിത്തം അവൻ അവരെ കടാക്ഷിച്ചു; അവരെ നശിപ്പിപ്പാൻ അവന്നു മനസ്സായില്ല; ഇതുവരെ തന്റെ സമ്മുഖത്തുനിന്നു അവരെ തള്ളിക്കളഞ്ഞതുമില്ല.
24 അരാംരാജാവായ ഹസായേൽ മരിച്ചു. അദ്ദേഹത്തിന്റെ മകനായ ബെൻ-ഹദദ് അദ്ദേഹത്തിനുപകരം രാജാവായി.
അരാംരാജാവായ ഹസായേൽ മരിച്ചപ്പോൾ അവന്റെ മകനായ ബെൻ-ഹദദ് അവന്നു പകരം രാജാവായി.
25 അപ്പോൾ യഹോവാഹാസിന്റെ മകനായ യഹോവാശ്, ഹസായേലിന്റെ മകനായ ബെൻ-ഹദദ് തന്റെ പിതാവിനോടു യുദ്ധംചെയ്തു പിടിച്ചെടുത്ത ചെറുപട്ടണങ്ങൾ തിരികെ പിടിച്ചെടുത്തു. യഹോവാശ് മൂന്നുപ്രാവശ്യം അദ്ദേഹത്തെ തോൽപ്പിച്ചു; അങ്ങനെ ഇസ്രായേലിന്റെ പട്ടണങ്ങൾ വീണ്ടെടുത്തു.
യെഹോവാഹാസിന്റെ മകനായ യെഹോവാശ് തന്റെ അപ്പനായ യെഹോവാഹാസിനോടു ഹസായേൽ യുദ്ധത്തിൽ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്റെ മകനായ ബെൻ-ഹദദിനോടു തിരികെ പിടിച്ചു. മൂന്നു പ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്റെ പട്ടണങ്ങളെ വീണ്ടുകൊള്ളുകയും ചെയ്തു.