< 2 ദിനവൃത്താന്തം 36 >

1 ദേശത്തെ ജനം യോശിയാവിന്റെ മകനായ യഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്ന് അദ്ദേഹത്തിന്റെ പിതാവിന്റെ സ്ഥാനത്തു ജെറുശലേമിൽ രാജാവായി വാഴിച്ചു.
ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്നു അവനെ അപ്പന്നു പകരം യെരൂശലേമിൽ രാജാവാക്കി.
2 രാജാവാകുമ്പോൾ യഹോവാഹാസിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു. അദ്ദേഹം മൂന്നുമാസം ജെറുശലേമിൽ വാണു.
യെഹോവാഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവൻ മൂന്നു മാസം യെരൂശലേമിൽ വാണു.
3 ഈജിപ്റ്റിലെ രാജാവ് ജെറുശലേമിൽവെച്ച് യഹോവാഹാസിനെ സ്ഥാനഭ്രഷ്ടനാക്കി. അദ്ദേഹം നൂറു താലന്തു വെള്ളിയും ഒരു താലന്തു സ്വർണവും യെഹൂദയ്ക്ക് കപ്പം ചുമത്തുകയും ചെയ്തു.
മിസ്രയീംരാജാവു അവനെ യെരൂശലേമിൽവെച്ചു പിഴുക്കി ദേശത്തിന്നു നൂറു താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും പിഴ കല്പിച്ചു.
4 ഈജിപ്റ്റ് രാജാവ് യഹോവാഹാസിന്റെ ഒരു സഹോദരനായ എല്യാക്കീമിനെ യെഹൂദയ്ക്കും ജെറുശലേമിനും രാജാവാക്കി; അദ്ദേഹത്തിന്റെ പേര് യെഹോയാക്കീം എന്നു മാറ്റുകയും ചെയ്തു. എല്യാക്കീമിന്റെ സഹോദരനായ യഹോവാഹാസിനെ നെഖോ പിടിച്ച് ഈജിപ്റ്റിലേക്കു കൊണ്ടുപോകുകയും ചെയ്തു.
മിസ്രയീംരാജാവു അവന്റെ സഹോദരനായ എല്യാക്കീമിനെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി; അവന്റെ പേർ യെഹോയാക്കീം എന്നു മാറ്റി. അവന്റെ സഹോദരനായ യെഹോവാഹാസിനെ നെഖോ പിടിച്ചു മിസ്രയീമിലേക്കു കൊണ്ടുപോയി.
5 രാജാവാകുമ്പോൾ യെഹോയാക്കീമിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നുവർഷം ജെറുശലേമിൽ വാണു. തന്റെ ദൈവമായ യഹോവയുടെമുമ്പാകെ തിന്മയായത് അദ്ദേഹം പ്രവർത്തിച്ചു.
യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ ഏഴു സംവത്സരം യെരൂശലേമിൽ വാണു; അവൻ തന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
6 ബാബേൽരാജാവായ നെബൂഖദ്നേസർ അദ്ദേഹത്തെ ആക്രമിക്കുകയും ഓട്ടുചങ്ങലയിട്ടുകെട്ടി ബാബേലിലേക്കു കൊണ്ടുപോകുകയും ചെയ്തു.
അവന്റെ നേരെ ബാബേൽരാജാവായ നെബൂഖദ്നേസർ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി,
7 യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും നെബൂഖദ്നേസർ ബാബേലിലേക്ക് എടുത്തുകൊണ്ടുപോയി തന്റെ ദേവന്റെ ക്ഷേത്രത്തിൽ സൂക്ഷിച്ചു.
നെബൂഖദ്നേസർ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും ബാബേലിൽ കൊണ്ടുപോയി ബാബേലിൽ തന്റെ ദേവന്റെ ക്ഷേത്രത്തിൽ വെച്ചു.
8 യെഹോയാക്കീമിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്ത മ്ലേച്ഛകൃത്യങ്ങളും അദ്ദേഹത്തിനു പ്രതികൂലമായി കാണപ്പെട്ട എല്ലാക്കാര്യങ്ങളും ഇസ്രായേലിലെയും യെഹൂദ്യയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ മകനായ യെഹോയാഖീൻ അദ്ദേഹത്തിനുപകരം രാജാവായി.
യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതും അവനിൽ കണ്ടതുമായ മ്ലേച്ഛതകളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ യെഹോയാഖീൻ അവന്നുപകരം രാജാവായി.
9 രാജാവാകുമ്പോൾ യെഹോയാഖീന് പതിനെട്ടു വയസ്സായിരുന്നു. അദ്ദേഹം മൂന്നുമാസവും പത്തുദിവസവും ജെറുശലേമിൽ വാണു. അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ അനിഷ്ടമായതു പ്രവർത്തിച്ചു.
യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു എട്ടു വയസ്സായിരുന്നു: അവൻ മൂന്നു മാസവും പത്തു ദിവസവും യെരൂശലേമിൽ വാണു; അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
10 പിറ്റേ വസന്തകാലത്ത് നെബൂഖദ്നേസർ രാജാവ് ആളുവിട്ട് യെഹോയാഖീനെ ബാബേലിലേക്കു വരുത്തി. അതോടൊപ്പം, യഹോവയുടെ ആലയത്തിലെ വിലപിടിപ്പുള്ള വസ്തുക്കളും ബാബേലിലേക്കു കൊണ്ടുപോരുന്നു. യെഹോയാഖീന്റെ പിതൃസഹോദരനായ സിദെക്കീയാവിനെ അദ്ദേഹം യെഹൂദയ്ക്കും ജെറുശലേമിനും രാജാവായി വാഴിച്ചു.
എന്നാൽ പിറ്റെയാണ്ടിൽ നെബൂഖദ്നേസർരാജാവു ആളയച്ചു അവനെയും യഹോവയുടെ ആലയത്തിലെ മനോഹരമായ ഉപകരണങ്ങളെയും ബാബേലിലേക്കു വരുത്തി, അവന്റെ സഹോദരനായ സിദെക്കീയാവെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി.
11 സിദെക്കീയാവ് രാജാവായപ്പോൾ അദ്ദേഹത്തിന് ഇരുപത്തിയൊന്നു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നുവർഷം ജെറുശലേമിൽ വാണു.
സിദെക്കീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു.
12 അദ്ദേഹം തന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. യഹോവയുടെ വചനങ്ങൾ തന്നോടു പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പിൽ അദ്ദേഹം തന്നെത്താൻ വിനയപ്പെട്ടുമില്ല.
അവൻ തന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായിൽനിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പിൽ തന്നേത്താൻ താഴ്ത്തിയില്ല.
13 തന്നെക്കൊണ്ട് ദൈവനാമത്തിൽ ശപഥംചെയ്യിച്ചിരുന്ന നെബൂഖദ്നേസർ രാജാവിനെതിരേ അദ്ദേഹം മത്സരിക്കുകയും ചെയ്തു. അദ്ദേഹം മർക്കടമുഷ്ടിക്കാരനായി സ്വന്തം ഹൃദയം കഠിനമാക്കി. ഇസ്രായേലിന്റെ ദൈവമായ യഹോവയിലേക്ക് അദ്ദേഹം തിരിഞ്ഞില്ല.
അവനെക്കൊണ്ടു ദൈവനാമത്തിൽ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ്നേസർരാജാവിനോടു അവൻ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാതവണ്ണം തന്റെ ഹൃദയം കഠിനമാക്കുകയും ചെയ്തു.
14 അതിനുംപുറമേ സകലപുരോഹിതമുഖ്യന്മാരും ജനങ്ങളും ഇതര രാഷ്ട്രങ്ങളിലെ സകലവിധമായ മ്ലേച്ഛാചാരങ്ങളും പിൻതുടർന്ന് വളരെയധികമായി അവിശ്വസ്തത കാട്ടി, ജെറുശലേമിൽ വിശുദ്ധീകരിക്കപ്പെട്ടിരുന്ന യഹോവയുടെ ആലയത്തെ അവർ അശുദ്ധമാക്കി.
പുരോഹിതന്മാരിൽ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ലേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.
15 അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്ക് തന്റെ ജനത്തോടും തന്റെ തിരുനിവാസത്തോടുമുള്ള കരുണനിമിത്തം അവരുടെ അടുത്തേക്കു വീണ്ടും വീണ്ടും തന്റെ ദൂതന്മാരെ അയച്ച് പ്രബോധിപ്പിച്ചുകൊണ്ടിരുന്നു.
അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവെക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവൻ ജാഗ്രതയോടെ തന്റെ ദൂതന്മാരെ അവരുടെ അടുക്കൽ അയച്ചു.
16 എന്നാൽ യഹോവയുടെ ഉഗ്രകോപം തന്റെ ജനത്തിനുനേരേ ജ്വലിക്കുകയും അത് ഒഴിവാക്കുന്നതിനുള്ള എല്ലാ മാർഗങ്ങളും ഇല്ലാതാകുന്നതുവരെ അവർ ദൈവത്തിന്റെ ദൂതന്മാരെ അധിക്ഷേപിക്കുകയും അവിടത്തെ വാക്കുകളുടെനേരേ അവജ്ഞകാട്ടുകയും അവിടത്തെ പ്രവാചകന്മാരെ പരിഹസിക്കുകയും ചെയ്തുകൊണ്ടേയിരുന്നു.
അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകുംവണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.
17 യഹോവ ബാബേൽ രാജാവിനെ അവർക്കെതിരേ വരുത്തി. അദ്ദേഹം അവരുടെ യുവാക്കളെ വിശുദ്ധമന്ദിരത്തിൽവെച്ച് വാളാൽ കൊന്നു. യുവാവിനെയോ യുവതിയെയോ വൃദ്ധനെയോ പടുകിഴവനെയോ ഒരുത്തരെയും അദ്ദേഹം വിട്ടുകളയാതെ സകലരെയും വാളിനിരയാക്കി. ദൈവം അവരെ എല്ലാവരെയും നെബൂഖദ്നേസരിന്റെ കൈയിൽ ഏൽപ്പിച്ചിരുന്നു.
അതുകൊണ്ടു അവൻ കൽദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവൻ അവരുടെ യൗവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തിൽവെച്ചു വാൾകൊണ്ടു കൊന്നു; അവൻ യൗവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചുകൊടുത്തു.
18 ദൈവത്തിന്റെ ആലയത്തിലെ ചെറുതും വലുതുമായ സകല ഉപകരണങ്ങളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്റെയും പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളും എല്ലാം അദ്ദേഹം ബാബേലിലേക്കു കൊണ്ടുപോയി.
ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്റെയും അവന്റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവൻ ബാബേലിലേക്കു കൊണ്ടുപോയി.
19 അവർ ദൈവാലയം അഗ്നിക്കിരയാക്കി; ജെറുശലേമിന്റെ മതിലുകൾ ഇടിച്ചുതകർത്തു; സകലകൊട്ടാരങ്ങളും അവർ കത്തിച്ചു; വിലപിടിപ്പുള്ളതെല്ലാം അവർ നശിപ്പിച്ചു.
അവർ ദൈവാലയം ചുട്ടു, യെരൂശലേമിന്റെ മതിൽ ഇടിച്ചു, അതിലെ അരമനകൾ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു.
20 വാളിൽനിന്നു രക്ഷപ്പെട്ട ശേഷിപ്പിനെ അദ്ദേഹം ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി. പാർസിരാജ്യത്തിന് ആധിപത്യം സിദ്ധിക്കുന്നതുവരെ അവർ അവിടെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പിൻഗാമികൾക്കും അടിമകളായിരുന്നു.
വാളിനാൽ വീഴാതെ ശേഷിച്ചവരെ അവൻ ബാബേലിലേക്കു കൊണ്ടുപോയി; പാർസിരാജ്യത്തിന്നു ആധിപത്യം സിദ്ധിക്കുംവരെ അവർ അവിടെ അവന്നും അവന്റെ പുത്രന്മാർക്കും അടിമകളായിരുന്നു.
21 ദേശം അതിന്റെ ശബ്ബത്തുവിശ്രമം ആസ്വദിച്ചു. യിരെമ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്ത വാക്കുകൾ നിവൃത്തിയാകുംവിധം എഴുപതുവർഷം പൂർത്തിയാകുന്നതുവരെ ദേശത്തിനു ശൂന്യകാലമായിരുന്നു.
യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.
22 പാർസിരാജാവായ കോരെശിന്റെ ഒന്നാംവർഷത്തിൽ, യിരെമ്യാവിലൂടെ സംസാരിച്ച യഹോവയുടെ വചനം നിറവേറുന്നതിനു, യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സുണർത്തി; അദ്ദേഹം തന്റെ രാജ്യംമുഴുവനും ഒരു വിളംബരം പുറപ്പെടുവിക്കുകയും അതു രേഖപ്പെടുത്തിവെക്കുകയും ചെയ്തത് ഇപ്രകാരമാണ്:
എന്നാൽ യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു പാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സുണർത്തി; അവൻ തന്റെ രാജ്യത്തെല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലം പരസ്യം ചെയ്തതെന്തെന്നാൽ:
23 “പാർസിരാജാവായ കോരെശ് ഈ വിധം ആജ്ഞാപിക്കുന്നു: “‘സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നൽകിയിരിക്കുന്നു. യെഹൂദ്യയിലെ ജെറുശലേമിൽ അവിടത്തേക്കുവേണ്ടി ഒരു ആലയം പണിയാൻ അവിടന്ന് എന്നെ നിയോഗിച്ചിരിക്കുന്നു. അതിനാൽ നിങ്ങളിൽ യഹോവയുടെ ജനമായി ആരെങ്കിലുമുണ്ടെങ്കിൽ അവർ യാത്ര പുറപ്പെടട്ടെ. അവരുടെ ദൈവമായ യഹോവ അവരോടുകൂടെ ഇരിക്കുമാറാകട്ടെ.’”
പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാൻ അവൻ എന്നോടു കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ; അവൻ യാത്രപുറപ്പെടട്ടെ.

< 2 ദിനവൃത്താന്തം 36 >