< 2 ദിനവൃത്താന്തം 32 >
1 ഹിസ്കിയാവ് ഇതെല്ലാം ഏറ്റവും വിശ്വസ്തതയോടെ ചെയ്തുകഴിഞ്ഞപ്പോൾ അശ്ശൂർരാജാവായ സൻഹേരീബ് വന്ന് യെഹൂദയെ ആക്രമിച്ചു. സുരക്ഷിതനഗരങ്ങളെ ജയിച്ചടക്കാമെന്നു വ്യാമോഹിച്ച് അദ്ദേഹം അവയ്ക്ക് ഉപരോധം ഏർപ്പെടുത്തി.
൧യെഹിസ്കീയാവിന്റെ ഈവിധമായ വിശ്വസ്തപ്രവൃത്തികൾ പൂർത്തിയായപ്പോൾ അശ്ശൂർ രാജാവായ സൻഹേരീബ് യെഹൂദയിൽ കടന്നു; ഉറപ്പുള്ള പട്ടണങ്ങൾക്കെതിരെ പാളയമിറങ്ങി. അവ ജയിച്ചടക്കാം എന്ന് വിചാരിച്ചു.
2 സൻഹേരീബ് വന്നെത്തിയെന്നും അദ്ദേഹം ജെറുശലേമിനോടു യുദ്ധംചെയ്യാൻ ഉദ്ദേശിക്കുന്നെന്നും കണ്ടപ്പോൾ
൨സൻഹേരീബ് യെരൂശലേമിനെ ആക്രമിപ്പാൻ ഭാവിക്കുന്നു എന്ന് യെഹിസ്കീയാവ് കണ്ടിട്ട്
3 ഹിസ്കിയാവ് തന്റെ ഉന്നതോദ്യോഗസ്ഥരെയും സൈന്യാധിപന്മാരെയും വിളിച്ചുകൂട്ടി; അരുവികളിലൂടെ നഗരത്തിനു വെളിയിലേക്കുള്ള നീരൊഴുക്കു തടയുന്നതിന് ആലോചിച്ചുറച്ചു. അവർ അക്കാര്യത്തിൽ രാജാവിനെ സഹായിക്കുകയും ചെയ്തു.
൩പട്ടണത്തിന് പുറത്തേക്ക് ഒഴുകുന്ന നീരുറവുകളിലെ വെള്ളം തടയേണ്ടതിന് തന്റെ പ്രഭുക്കന്മാരോടും യുദ്ധവീരന്മാരോടും ആലോചിച്ചു; അവർ അവനെ സഹായിച്ചു.
4 അസംഖ്യം ആളുകളുള്ള ഒരു സൈന്യം ഒരുമിച്ചുകൂടി. സകല ഉറവുകളും ദേശത്തിലൂടെയുള്ള നീരൊഴുക്കുകളും അവർ അടച്ചുകളഞ്ഞു. “അശ്ശൂർ രാജാക്കന്മാർക്കു സമൃദ്ധമായി വെള്ളം കണ്ടെത്തുന്നതെന്തിന്?” എന്ന് അവർ നിരൂപിച്ചു.
൪അങ്ങനെ വളരെ ജനം ഒന്നിച്ചുകൂടി; “അശ്ശൂർരാജാക്കന്മാർ വന്ന് ധാരാളം വെള്ളം കാണുന്നത് എന്തിന്” എന്ന് പറഞ്ഞ് എല്ലാ ഉറവുകളും ദേശത്തിന്റെ നടുവിൽകൂടി ഒഴുകിയ തോടും അടച്ചുകളഞ്ഞു.
5 കോട്ടയുടെ ഉടഞ്ഞഭാഗങ്ങൾ നന്നാക്കുന്നതിനും അതിന്മേൽ ഗോപുരങ്ങൾ പണിയുന്നതിനും അദ്ദേഹം അത്യധ്വാനം ചെയ്തു. കോട്ടയ്ക്കുചുറ്റും മറ്റൊരു മതിൽകൂടി അദ്ദേഹം പണിയിച്ചു; കൂടാതെ, ദാവീദിന്റെ നഗരത്തിലെ മുകൾത്തട്ടു ബലപ്പെടുത്തി. അസംഖ്യം ആയുധങ്ങളും പരിചകളും അദ്ദേഹം ഉണ്ടാക്കിച്ചു.
൫അവൻ ധൈര്യപ്പെട്ട്, ഇടിഞ്ഞുപോയ മതിലുകൾ ഗോപുരങ്ങളോളം പണിതു. പുറത്ത് വേറൊരു മതിലും കെട്ടിപ്പൊക്കി. ദാവീദിന്റെ നഗരത്തിലെ മില്ലോവിന്റെ കേടുപാടുകൾ പോക്കി, നിരവധി ആയുധങ്ങളും പരിചകളും ഉണ്ടാക്കി.
6 അദ്ദേഹം ജനത്തിനു പടനായകന്മാരെ നിയമിച്ചു. അവരെ നഗരകവാടത്തിലുള്ള വിശാലസ്ഥലത്തു തന്റെമുമ്പാകെ കൂട്ടിവരുത്തുകയും പ്രോത്സാഹിപ്പിക്കുംവിധം ഇങ്ങനെ പറയുകയും ചെയ്തു:
൬അവൻ ജനത്തിന്മേൽ പടനായകന്മാരെ നിയമിച്ചു. അവരെ നഗരവാതില്‍ക്കലുള്ള വിശാലസ്ഥലത്ത് ഒന്നിച്ചുകൂട്ടി ധൈര്യപ്പെടുത്തി സംസാരിച്ചത്:
7 “ശക്തരും ധീരരുമായിരിക്കുക! അശ്ശൂർരാജാവും അദ്ദേഹത്തിന്റെ വിപുലസൈന്യവുംമൂലം നിങ്ങൾ സംഭീതരോ ധൈര്യഹീനരോ ആകരുത്. എന്തെന്നാൽ, അദ്ദേഹത്തോടുകൂടെ ഉള്ളതിനെക്കാൾ മഹത്തായ ഒരു ശക്തി നമ്മോടുകൂടെ ഉണ്ട്.
൭“ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; അശ്ശൂർരാജാവിനെയും അവനോട് കൂടെയുള്ള പുരുഷാരത്തെയും കണ്ട് ഭയപ്പെടുകയോ ഭ്രമിക്കുകയോ ചെയ്യരുത്; അവനോടുകൂടെയുള്ളതിലും വലിയവൻ നമ്മോടുകൂടെ ഉണ്ട്.
8 അദ്ദേഹത്തോടുകൂടെ വെറും സൈന്യബലമേയുള്ളൂ; നമ്മോടുകൂടെയാകട്ടെ, നമ്മുടെ ദൈവമായ യഹോവയുണ്ട്. നമ്മെ സഹായിക്കാനും നമുക്കുവേണ്ടി യുദ്ധംചെയ്യുന്നതിനും അവിടന്ന് നമ്മോടുകൂടെയുണ്ട്.” യെഹൂദാരാജാവായ ഹിസ്കിയാവിന്റെ ഈ വാക്കുകൾമൂലം ജനം ആത്മവിശ്വാസം വീണ്ടെടുത്തു.
൮അവനോടുകൂടെ മാനുഷ ഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമുക്കുവേണ്ടി യുദ്ധങ്ങൾ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ട്” എന്ന് പറഞ്ഞു; യെഹൂദാ രാജാവായ യെഹിസ്കീയാവിന്റെ വാക്കുകൾ ജനത്തെ ധൈര്യപ്പെടുത്തി.
9 പിന്നീട് അശ്ശൂർരാജാവായ സൻഹേരീബും അദ്ദേഹത്തിന്റെ സൈന്യങ്ങളും ലാഖീശിനെ ഉപരോധിച്ച് താവളമടിച്ചുകിടന്നിരുന്നപ്പോൾ, യെഹൂദാരാജാവായ ഹിസ്കിയാവിനും അവിടെയുള്ള സകല യെഹൂദ്യജനതയ്ക്കുമുള്ള സന്ദേശവുമായി അദ്ദേഹം തന്റെ ഉദ്യോഗസ്ഥന്മാരെ ജെറുശലേമിലേക്കയച്ചു:
൯അനന്തരം അശ്ശൂർ രാജാവായ സൻഹേരീബ് - അവനും അവന്റെ സൈന്യവും ലാഖീശ് പട്ടണം നിരോധിച്ചിരുന്നു - തന്റെ ദാസന്മാരെ യെഹൂദാ രാജാവായ യെഹിസ്കീയാവിന്റെയും യെരൂശലേമിലെ സകലയെഹൂദ്യരുടെയും അടുക്കൽ അയച്ച് പറയിച്ചത് എന്തെന്നാൽ:
10 “അശ്ശൂർരാജാവായ സൻഹേരീബ് ഇപ്രകാരം അറിയിക്കുന്നു: ജെറുശലേമിന് എതിരേയുള്ള ഉപരോധത്തെ ചെറുത്ത് അവിടെ നിലനിൽക്കുന്നതിനുള്ള ആത്മവിശ്വാസം നിങ്ങൾക്കുണ്ടോ? നിങ്ങൾ എന്തിലാണ് ആശ്രയം വെച്ചിരിക്കുന്നത്?
൧൦“അശ്ശൂർ രാജാവായ സൻഹേരീബ് ഇപ്രകാരം പറയുന്നു: ‘യെരൂശലേം നഗരം നിരോധിക്കപ്പെട്ടിരിക്കെ നിങ്ങൾ എന്തൊന്നിൽ ആശ്രയിക്കുന്നു?
11 ‘നമ്മുടെ ദൈവമായ യഹോവ നമ്മെ അശ്ശൂർരാജാവിന്റെ കൈയിൽനിന്നു രക്ഷിക്കും,’ എന്നു ഹിസ്കിയാവ് പറയുമ്പോൾ അദ്ദേഹം നിങ്ങളെ വഴിതെറ്റിക്കുകയാണ്; വിശപ്പും ദാഹവുംമൂലം നിങ്ങൾ ചത്തൊടുങ്ങാൻ വഴിയൊരുക്കുകയാണ്.
൧൧‘നമ്മുടെ ദൈവമായ യഹോവ നമ്മെ അശ്ശൂർരാജാവിന്റെ കയ്യിൽനിന്ന് വിടുവിക്കും’ എന്ന് പറഞ്ഞ് വിശപ്പും ദാഹവും കൊണ്ട് മരിക്കേണ്ടതിന് യെഹിസ്കീയാവ് നിങ്ങളെ വശീകരിക്കുന്നില്ലയോ?
12 ‘നിങ്ങൾ ഒരേയൊരു യാഗപീഠത്തിൽ ആരാധിക്കുകയും യാഗങ്ങൾ അർപ്പിക്കുകയും ചെയ്യണം,’ എന്ന് യെഹൂദയോടും ഇസ്രായേലിനോടും പറഞ്ഞുകൊണ്ട് ഈ ദേവന്മാരുടെ ക്ഷേത്രങ്ങളും ബലിപീഠങ്ങളും എല്ലാം ഹിസ്കിയാവ് നീക്കിക്കളഞ്ഞില്ലേ?
൧൨അശൂർരാജാവിന്റെ പൂജാഗിരികളും യാഗപീഠങ്ങളും നീക്കിക്കളകയും യെഹൂദയോടും യെരൂശലേമിനോടും നിങ്ങൾ ഒരേ പീഠത്തിന് മുമ്പിൽ നമസ്കരിച്ച് അതിന്മേൽ ധൂപം കാട്ടണം എന്ന് കല്പിക്കയും ചെയ്തത് ഈ യെഹിസ്കീയാവ് തന്നെയല്ലെ?
13 “മറ്റു ദേശങ്ങളിലെ സകലജനങ്ങളോടും ഞാനും എന്റെ പിതാക്കന്മാരും ചെയ്തതെന്തെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം? എന്റെ കൈയിൽനിന്ന് തങ്ങളുടെ ദേശത്തെ വിടുവിക്കാൻ ആ രാജ്യങ്ങളിലെ ദേവന്മാർക്കു കഴിഞ്ഞിട്ടുണ്ടോ?
൧൩ഞാനും എന്റെ പിതാക്കന്മാരും മറ്റ് ദേശങ്ങളിലെ സകലജനതകളോടും എന്ത് ചെയ്തുവെന്ന് നിങ്ങൾ അറിയുന്നില്ലയോ? ആ ദേശങ്ങളിലെ ജനതകളുടെ ദേവന്മാർക്ക് തങ്ങളുടെ ദേശങ്ങളെ എന്റെ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിഞ്ഞുവോ?
14 എന്റെ പിതാക്കന്മാർ നശിപ്പിച്ച ഈ രാജ്യങ്ങളിലെ ദേവന്മാരിൽ ആർക്കെങ്കിലും എന്റെ കൈയിൽനിന്നു തങ്ങളുടെ ജനത്തെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ? പിന്നെങ്ങനെ നിങ്ങളുടെ ദൈവത്തിന് നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കാൻ കഴിയും?
൧൪എന്റെ പിതാക്കന്മാർ ഉന്മൂലനാശം വരുത്തിയ ജനതകളുടെ ദേവന്മാരിൽ ഒരുവനും തന്റെ ജനത്തെ എന്റെ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിയാതിരിക്കെ നിങ്ങളുടെ ദൈവത്തിന് നിങ്ങളെ എന്റെ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിയുമോ?
15 ആകയാൽ, ഇപ്പോൾ ഹിസ്കിയാവ് നിങ്ങളെ ഈ വിധം ചതിക്കാനും വഴിതെറ്റിക്കാനും ഇടകൊടുക്കരുത്. നിങ്ങൾ അദ്ദേഹത്തെ വിശ്വസിക്കരുത്; കാരണം യാതൊരു രാഷ്ട്രത്തിന്റെയോ രാജ്യത്തിന്റെയോ ഒരു ദേവനും എന്റെ കൈയിൽനിന്നോ എന്റെ പിതാക്കന്മാരുടെ കൈയിൽനിന്നോ തങ്ങളുടെ ജനത്തെ മോചിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെയിരിക്കെ, എന്റെ കൈയിൽനിന്നു നിങ്ങളെ വിടുവിക്കാൻ നിങ്ങളുടെ ദൈവത്തിന് ഒട്ടും കഴിയുകയില്ല!”
൧൫ആകയാൽ യെഹിസ്കീയാവ് നിങ്ങളെ ചതിക്കയും, വശീകരിക്കയും ചെയ്യരുത്; നിങ്ങൾ അവനെ വിശ്വസിക്കയും അരുത്; ഏതെങ്കിലും ജനതയുടെയോ രാജ്യത്തിന്റെയോ ദേവന് തന്റെ ജനത്തെ എന്റെയൊ, എന്റെ പിതാക്കന്മാരുടെയൊ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിഞ്ഞിട്ടില്ല; പിന്നെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കയ്യിൽനിന്ന് വിടുവിക്കുന്നത് എങ്ങനെ?”
16 ദൈവമായ യഹോവയ്ക്കും അവിടത്തെ ദാസനായ ഹിസ്കിയാവിനും എതിരായി സൻഹേരീബിന്റെ ദാസന്മാർ വീണ്ടും വളരെയേറെ നിന്ദാവാക്കുകൾ ചൊരിഞ്ഞു.
൧൬കൂടാതെ അവന്റെ ദാസന്മാർ യഹോവയായ ദൈവത്തിനും അവന്റെ ദാസനായ യെഹിസ്കീയാവിനും വിരോധമായി സംസാരിച്ചു.
17 “മറ്റു ദേശങ്ങളിലെ ജനങ്ങളുടെ ദേവന്മാർ എന്റെ കൈയിൽനിന്ന് അവരെ രക്ഷിച്ചില്ല; അതുപോലെ ഹിസ്കിയാവിന്റെ ദൈവവും എന്റെ കൈയിൽനിന്നു തന്റെ ജനത്തെ രക്ഷിക്കുകയില്ല,” എന്നു പറഞ്ഞ് ഇസ്രായേലിന്റെ ദൈവമായ യഹോവയെ അധിക്ഷേപിച്ചുകൊണ്ട് രാജാവും കത്തുകൾ എഴുതി.
൧൭“മറ്റു ദേശങ്ങളിലെ ജനതകളുടെ ദേവന്മാർ തങ്ങളുടെ ജനത്തെ എന്റെ കയ്യിൽനിന്ന് വിടുവിക്കാതിരുന്നതുപോലെ യെഹിസ്കീയാവിന്റെ ദൈവവും തന്റെ ജനത്തെ എന്റെ കയ്യിൽനിന്ന് വിടുവിക്കയില്ല” എന്നിങ്ങനെ അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ നിന്ദിച്ച് അവന് വിരോധമായി കത്തുകളും എഴുതി അയച്ചു.
18 മതിലിന്മേൽ ഉണ്ടായിരുന്ന ജെറുശലേംനിവാസികളോട് അവർ അത് എബ്രായഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞു. അവരെ സംഭ്രാന്തരും ആശങ്കാകുലരുമാക്കി നഗരം പിടിച്ചെടുക്കാൻവേണ്ടിയായിരുന്നു ഇത്.
൧൮പട്ടണം പിടിക്കേണ്ടതിന് അവർ യെരൂശലേമിൽ മതിലിന്മേൽ പാർത്ത ജനത്തെ പേടിപ്പിച്ച് ഭ്രമിപ്പിക്കുവാൻ യെഹൂദ്യഭാഷയിൽ അവരോട് ഉറച്ച ശബ്ബത്തിൽ വിളിച്ച്,
19 ഭൂതലത്തിലെ അന്യ ദേവന്മാരെക്കുറിച്ച്—മനുഷ്യരുടെ കൈകളാൽ നിർമിക്കപ്പെട്ടവരെക്കുറിച്ച്—സംസാരിച്ചതുപോലെ അവർ ജെറുശലേമിന്റെ ദൈവമായ യഹോവയെക്കുറിച്ചും സംസാരിച്ചു.
൧൯മനുഷ്യരുടെ കൈപ്പണിയായ ജാതികളുടെ ദേവന്മാരെക്കുറിച്ചെന്നപോലെ യെരൂശലേമിന്റെ ദൈവത്തെക്കുറിച്ച് സംസാരിച്ചു.
20 ഇതുനിമിത്തം ഹിസ്കിയാരാജാവും ആമോസിന്റെ മകനായ യെശയ്യാപ്രവാചകനും പ്രാർഥിച്ചുകൊണ്ട് സ്വർഗത്തിലേക്കു നിലവിളിച്ചു.
൨൦ഇതു നിമിത്തം യെഹിസ്കീയാ രാജാവും ആമോസിന്റെ മകനായ യെശയ്യാ പ്രവാചകനും പ്രാർത്ഥിച്ച് സ്വർഗ്ഗത്തിലേക്ക് നോക്കി നിലവിളിച്ചു.
21 യഹോവ ഒരു ദൈവദൂതനെ അയച്ചു. അദ്ദേഹം അശ്ശൂർരാജാവിന്റെ പാളയത്തിലെ സകലശൂരയോദ്ധാക്കളെയും സൈന്യാധിപന്മാരെയും അധിപതിമാരെയും സംഹരിച്ചുകളഞ്ഞു. അങ്ങനെ സൻഹേരീബ് അപമാനിതനായി സ്വന്തനാട്ടിലേക്കു മടങ്ങി. അദ്ദേഹം അവിടെ തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു ചെന്നപ്പോൾ അദ്ദേഹത്തിന്റെതന്നെ പുത്രന്മാരിൽ ചിലർ അദ്ദേഹത്തെ വാളിനിരയാക്കി.
൨൧അപ്പോൾ യഹോവ ഒരു ദൂതനെ അയച്ചു; അവൻ അശ്ശൂർരാജാവിന്റെ പാളയത്തിലെ സകല പരാക്രമശാലികളെയും പ്രഭുക്കന്മാരെയും സേനാപതികളെയും സംഹരിച്ചു; അതിനാൽ അവൻ ലജ്ജകൊണ്ട് മുഖം കുനിച്ച് സ്വദേശത്തേക്ക് മടങ്ങിപ്പോകേണ്ടിവന്നു; അവൻ തന്റെ ദേവന്റെ ക്ഷേത്രത്തിൽ ചെന്നപ്പോൾ അവന്റെ പുത്രന്മാരിൽ ചിലർ അവനെ അവിടെവെച്ച് വാൾകൊണ്ട് കൊന്നുകളഞ്ഞു.
22 അങ്ങനെ യഹോവ ഹിസ്കിയാവിനെയും ജെറുശലേം ജനതയെയും അശ്ശൂർരാജാവായ സൻഹേരീബിന്റെയും മറ്റെല്ലാവരുടെയും കൈയിൽനിന്നു രക്ഷിച്ചു. അവിടന്ന് അവർക്ക് ചുറ്റുപാടും സ്വസ്ഥതനൽകി.
൨൨ഇങ്ങനെ യഹോവ യെഹിസ്കീയാവെയും യെരൂശലേം നിവാസികളെയും അശ്ശൂർ രാജാവായ സൻഹേരീബിന്റെ കയ്യിൽനിന്നും മറ്റെല്ലാവരുടെയും കയ്യിൽനിന്നും രക്ഷിച്ച് അവർക്ക് ചുറ്റിലും വിശ്രമം നല്കി;
23 പലരും ജെറുശലേമിൽ യഹോവയ്ക്കു നേർച്ചകളും യെഹൂദാരാജാവായ ഹിസ്കിയാവിന് വിലപിടിച്ച സമ്മാനങ്ങളും കൊണ്ടുവന്നു. അന്നുമുതൽ അദ്ദേഹം സകലരാഷ്ട്രങ്ങളുടെയും ദൃഷ്ടിയിൽ വളരെ ആദരണീയനായിത്തീർന്നു.
൨൩പലരും യെരൂശലേമിൽ യഹോവയ്ക്ക് കാഴ്ചകളും യെഹൂദാ രാജാവായ യെഹിസ്കീയാവിന് സമ്മാനങ്ങളും കൊണ്ടുവന്നു; അവൻ അന്നുമുതൽ സകലജാതികളുടെയും ദൃഷ്ടിയിൽ ഉന്നതനായിത്തീർന്നു.
24 അക്കാലത്ത് ഹിസ്കിയാവ് രോഗംബാധിച്ച് മരണാസന്നനായിത്തീർന്നു. അദ്ദേഹം യഹോവയോടു പ്രാർഥിച്ചു; യഹോവ അദ്ദേഹത്തിന്റെ പ്രാർഥനയ്ക്കുത്തരമരുളുകയും അത്ഭുതകരമായ ചിഹ്നം അദ്ദേഹത്തിനു നൽകുകയും ചെയ്തു.
൨൪ആ കാലത്ത് യെഹിസ്കീയാവിന് മരണകരമായ ദീനംപിടിച്ചു; അവൻ യഹോവയോട് പ്രാർത്ഥിച്ചു; അതിന് അവൻ ഉത്തരം അരുളി ഒരു അടയാളവും കൊടുത്തു.
25 എന്നാൽ ഹിസ്കിയാവിന്റെ ഹൃദയം നിഗളിച്ചു; അദ്ദേഹം തനിക്കു ലഭിച്ച കാരുണ്യത്തിന് ദൈവത്തോടു നന്ദിയുള്ളവനായിരുന്നില്ല. അതിനാൽ യഹോവയുടെ ക്രോധം അദ്ദേഹത്തിനും യെഹൂദയ്ക്കും ജെറുശലേമിനുംനേരേയുണ്ടായി.
൨൫എന്നാൽ യെഹിസ്കീയാവ് തനിക്ക് ലഭിച്ച ഉപകാരത്തിന് തക്കവണ്ണം നടക്കാതെ നിഗളിച്ചുപോയി; അതുകൊണ്ട് അവന്റെമേലും യെഹൂദയുടെമേലും യെരൂശലേമിന്മേലും ദൈവകോപം ഉണ്ടായി.
26 അപ്പോൾ ഹിസ്കിയാവ് തന്റെ ഹൃദയത്തിലെ നിഗളത്തെപ്പറ്റി അനുതപിച്ചു. ജെറുശലേംനിവാസികളും അനുതപിച്ചു. അതിനാൽ ഹിസ്കിയാവിന്റെകാലത്ത് യഹോവയുടെ ക്രോധം അവരുടെമേൽ പതിച്ചില്ല.
൨൬എന്നാൽ തങ്ങളുടെ ഗർവ്വത്തെക്കുറിച്ച് യെഹിസ്കീയാവും യെരൂശലേം നിവാസികളും അനുതപിക്കയും തങ്ങളെത്തന്നെ താഴ്ത്തുകയും ചെയ്തു; അതുകൊണ്ട് യഹോവയുടെ കോപം യെഹിസ്കീയാവിന്റെ കാലത്ത് അവരുടെ മേൽ വന്നില്ല.
27 ഹിസ്കിയാവിന് അനവധി ധനവും മാനവും ഉണ്ടായിരുന്നു. തനിക്കുള്ള വെള്ളിയും പൊന്നും വിലയേറിയ രത്നങ്ങളും സുഗന്ധദ്രവ്യങ്ങളും പരിചകളും എല്ലാവിധമായ വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാനായി അദ്ദേഹം ഭണ്ഡാരങ്ങൾ നിർമിച്ചു.
൨൭യെഹിസ്കീയാവിന് വളരെയധികം ധനവും മാനവും ഉണ്ടായിരുന്നു; അവൻ വെള്ളി, പൊന്ന്, രത്നം, സുഗന്ധവർഗ്ഗം, പരിച സകലവിധ മനോഹരമായ ആഭരണങ്ങള്‍ എന്നിവയ്ക്കായി ഭണ്ഡാരഗൃഹങ്ങളും
28 ധാന്യം, വീഞ്ഞ്, ഒലിവെണ്ണ എന്നിവയ്ക്ക് സംഭരണശാലകളും കന്നുകാലികൾക്കു തൊഴുത്തുകളും ആട്ടിൻപറ്റങ്ങൾക്ക് ആലകളും അദ്ദേഹം പണിയിച്ചു.
൨൮ധാന്യം, വീഞ്ഞ്, എണ്ണ എന്നിവക്കായി സംഭരണ ശാലകളും, സകലവിധ മൃഗങ്ങൾക്കും ആട്ടിൻ കൂട്ടങ്ങൾക്കും തൊഴുത്തുകളും ഉണ്ടാക്കി.
29 ദൈവം അദ്ദേഹത്തിന് ധാരാളമായി ധനം നൽകിയിരുന്നതിനാൽ അദ്ദേഹം സ്വന്തമായി പട്ടണങ്ങളും ആട്ടിൻപറ്റങ്ങളും കാലിക്കൂട്ടങ്ങളും സമ്പാദിച്ചു.
൨൯ദൈവം അവന് വളരെ സമ്പത്ത് കൊടുത്തിരുന്നതു കൊണ്ട് അവൻ പട്ടണങ്ങളെയും ആടുമാടുകളെയും വളരെ സമ്പാദിച്ചു.
30 ഗീഹോൻ ജലപ്രവാഹത്തിന്റെ മുകളിലത്തെ നീരൊഴുക്കു തടഞ്ഞ് അതിനെ താഴേ, ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തേക്ക് ഒഴുക്കിയത് ഈ ഹിസ്കിയാവായിരുന്നു. അദ്ദേഹം ഏറ്റെടുത്ത സകലകാര്യങ്ങളിലും വിജയംകൈവരിച്ചു.
൩൦ഈ യെഹിസ്കീയാവ് തന്നെയത്രെ ഗീഹോൻ വെള്ളത്തിന്റെ മേലത്തെ ഒഴുക്ക് തടഞ്ഞ് ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് തുരങ്കത്തിലൂടെ താഴോട്ട് വരുത്തിയത്. അങ്ങനെ യെഹിസ്കീയാവ് തന്റെ സകലപ്രവർത്തികളിലും കൃതാർത്ഥനായിരുന്നു.
31 എന്നാൽ ദേശത്തു സംഭവിച്ച വിസ്മയകരമായ അടയാളത്തെപ്പറ്റി ചോദിച്ചറിയുന്നതിന് ബാബേൽ ഭരണാധികാരികൾ ദൗത്യസംഘത്തെ അയച്ചപ്പോൾ സ്വന്തം ഇഷ്ടമനുസരിച്ചു പ്രവർത്തിക്കാൻ ദൈവം അദ്ദേഹത്തെ അനുവദിച്ചു. ഇത് അദ്ദേഹത്തിന്റെ ഉള്ളറിയുന്നതിനും അദ്ദേഹത്തെ പരീക്ഷിക്കുന്നതിനുംവേണ്ടിയായിരുന്നു.
൩൧എങ്കിലും ദേശത്തിൽ സംഭവിച്ചിരുന്ന അതിശയത്തെക്കുറിച്ച് ചോദിക്കേണ്ടതിന് ബാബേൽ പ്രഭുക്കന്മാർ അവന്റെ അടുക്കൽ അയച്ച ദൂതന്മാരുടെ കാര്യത്തിൽ അവന്റെ ഹൃദയ രഹസ്യങ്ങൾ വെളിപ്പെടുത്താൻ തക്കവണ്ണം അവനെ പരീക്ഷിക്കേണ്ടതിന് ദൈവം അവനെ വിട്ടുകൊടുത്തു.
32 ഹിസ്കിയാവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും ദൈവഭക്തിയിൽ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ പ്രവൃത്തികളും എല്ലാം ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ ദർശനങ്ങളിലും യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതപ്പെട്ടിരിക്കുന്നു.
൩൨യെഹിസ്കീയാവിന്റെ മറ്റ് വൃത്താന്തങ്ങളും അവന്റെ സൽപ്രവൃത്തികളും ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ ദർശനത്തിലും യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരിക്കുന്നുവല്ലോ.
33 ഹിസ്കിയാവ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ പുത്രന്മാരുടെ കല്ലറകൾ സ്ഥിതിചെയ്യുന്ന കുന്നിൽ അദ്ദേഹം സംസ്കരിക്കപ്പെട്ടു. അദ്ദേഹം മരിച്ചപ്പോൾ യെഹൂദ്യയിലെയും ജെറുശലേമിലെയും ജനങ്ങളെല്ലാം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ മകനായ മനശ്ശെ തുടർന്നു രാജാവായി.
൩൩യെഹിസ്കീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ പുത്രന്മാരുടെ കല്ലറകളുടെ മേൽ നിരയിൽ അവനെ അടക്കം ചെയ്തു; അവന്റെ മരണസമയത്ത് എല്ലാ യെഹൂദയും യെരൂശലേം നിവാസികളും അവനെ ബഹുമാനിച്ചു. അവന്റെ മകനായ മനശ്ശെ അവന് പകരം രാജാവായി.