< 2 ദിനവൃത്താന്തം 30 >

1 ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പെസഹ ആചരിക്കാൻ ജെറുശലേമിൽ യഹോവയുടെ ആലയത്തിൽ എത്താൻ ക്ഷണിച്ചുകൊണ്ട് ഹിസ്കിയാവ് എല്ലാ ഇസ്രായേലിലും യെഹൂദ്യയിലും സന്ദേശവാഹകരെ അയച്ചു. എഫ്രയീം, മനശ്ശെ ഗോത്രങ്ങൾക്ക് എഴുത്തുകളും എഴുതി.
അനന്തരം യെഹിസ്കീയാവ് യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിക്കേണ്ടതിന് യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്ക് വരുവാൻ യിസ്രായേലിലെയും യെഹൂദയിലെയും ജനത്തിന്റെ അടുക്കൽ ആളയച്ച്; എഫ്രയീം, മനശ്ശെ എന്നീ ഗോത്രങ്ങൾക്ക് എഴുത്ത് എഴുതി. രണ്ടാം മാസത്തിൽ പെസഹ ആചരിക്കണമെന്ന്
2 രാജാവും പ്രഭുക്കന്മാരും ജെറുശലേമിലെ സർവസഭയും രണ്ടാംമാസത്തിൽ പെസഹ ആചരിക്കണമെന്ന് ആലോചിച്ചുറച്ചിരുന്നു.
രാജാവും അവന്റെ പ്രഭുക്കന്മാരും യെരൂശലേമിലെ ജനങ്ങളും തീരുമാനിച്ചിരുന്നു.
3 വേണ്ടുവോളം പുരോഹിതന്മാർ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു കഴിഞ്ഞിട്ടില്ലാതിരുന്നതിനാലും ജനം ജെറുശലേമിൽ വന്നുകൂടിയിട്ടില്ലാതിരുന്നതിനാലും പെസഹാ യഥാസമയം ആഘോഷിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല.
എന്നാൽ ശുദ്ധീകരണം കഴിഞ്ഞ പുരോഹിതന്മാർ വേണ്ടത്ര ഇല്ലാതിരുന്നതിനാലും, ജനം യെരൂശലേമിൽ ഒരുമിച്ചുകൂടാതെ ഇരുന്നതുകൊണ്ടും നിശ്ചിത സമയങ്ങളിൽ പെസഹ ആചരിപ്പാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
4 രണ്ടാംമാസത്തിൽ പെസഹ ആഘോഷിക്കുന്ന കാര്യം രാജാവിനും ജനങ്ങൾക്കും സന്തോഷകരമായി.
ആ തീരുമാനം രാജാവിനും സർവ്വസഭയ്ക്കും സമ്മതമായി.
5 ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു പെസഹ ആചരിക്കാൻ ജെറുശലേമിൽ ഏവരും വന്നെത്തണമെന്ന് ബേർ-ശേബാമുതൽ ദാൻവരെയും ഉള്ള സകല ഇസ്രായേലിലും ഒരു വിളംബരം പുറപ്പെടുവിക്കണമെന്ന് അവർ തീർപ്പാക്കി. അവർ ഇത്രയധികം ജനങ്ങളുമായി വിധിപ്രകാരം അത് ആചരിച്ചിരുന്നില്ലല്ലോ!
ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിപ്പാൻ വരേണ്ടതിന് ബേർ-ശേബമുതൽ ദാൻവരെയുള്ള എല്ലായിസ്രായേൽജനത്തിന്റെ ഇടയിലും പരസ്യപ്പെടുത്തണമെന്ന് ഒരു തീർപ്പുണ്ടാക്കി. അവർ വളരെക്കാലമായി അത് വിധിപോലെ ആചരിച്ചിരുന്നില്ല.
6 രാജകൽപ്പനയനുസരിച്ച് സന്ദേശവാഹകർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും കത്തുകളുമായി ഇസ്രായേലിലും യെഹൂദ്യയിലും എല്ലായിടത്തും പോയി. കത്തുകളിൽ ഈ വിധം എഴുതിയിരുന്നു: “ഇസ്രായേൽജനമേ! അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ യഹോവയിലേക്കു മടങ്ങിവരിക! അങ്ങനെയായാൽ, അശ്ശൂർരാജാക്കന്മാരുടെ കൈയിൽപ്പെടാതെ രക്ഷപ്പെട്ടിരിക്കുന്ന ശേഷിപ്പായ നമ്മിലേക്ക് അവിടന്നു തിരിയും.
അങ്ങനെ അഞ്ചലോട്ടക്കാർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും എഴുത്തുകൾ യിസ്രായേൽ ജനത്തിന്റെയും യെഹൂദാ ജനത്തിന്റെയും അടുക്കൽ കൊണ്ടുപോയി, രാജകല്പനപ്രകാരം പറഞ്ഞത് എന്തെന്നാൽ: “യിസ്രായേൽ മക്കളേ, അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവയിലേക്ക് മടങ്ങി വരുവീൻ. അപ്പോൾ അവൻ അശ്ശൂർ രാജാക്കന്മാരുടെ കയ്യിൽനിന്ന് തെറ്റി ഒഴിഞ്ഞ ശേഷിപ്പായ നിങ്ങളുടെ അടുക്കലേക്ക് മുഖം തിരിക്കും.
7 തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കെതിരേ അവിശ്വസ്തരായിത്തീർന്ന നിങ്ങളുടെ പിതാക്കന്മാരെയും സഹോദരന്മാരെയുംപോലെ നിങ്ങൾ ആകരുത്. അതുമൂലം യഹോവ അവരെ ഒരു ഭീതി വിഷയമാക്കിത്തീർത്തു; അതു നിങ്ങൾ കാണുന്നല്ലോ!
തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും സഹോദരന്മാരെയും പോലെ നിങ്ങൾ ആകരുത്; അവൻ അവരെ നാശത്തിന് ഏല്പിച്ചുകളഞ്ഞത് നിങ്ങൾ കാണുന്നുവല്ലോ.
8 നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങൾ ദുശ്ശാഠ്യമുള്ളവരാകരുത്; യഹോവയുടെമുമ്പാകെ നിങ്ങളെത്തന്നെ സമർപ്പിക്കുക! അവിടന്ന് എന്നെന്നേക്കുമായി വിശുദ്ധീകരിച്ചിരിക്കുന്ന തന്റെ വിശുദ്ധമന്ദിരത്തിലേക്കു വരിക! നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപത്തിന്റെ ഭയങ്കരത്വം നിങ്ങളെ വിട്ടുമാറേണ്ടതിന്, അവിടത്തെ സേവിക്കുക!
ആകയാൽ നിങ്ങളുടെ പിതാക്കന്മാരേപ്പോലെ നിങ്ങൾ ദുശ്ശാഠ്യം കാണിക്കരുത്; യഹോവയുടെ മുമ്പാകെ നിങ്ങൾ കീഴടങ്ങുവീൻ. അവൻ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന വീശുദ്ധമന്ദിരത്തിലേക്ക് വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന് അവനെ സേവിപ്പിൻ.
9 നിങ്ങൾ യഹോവയിലേക്കു മടങ്ങിവരുമെങ്കിൽ നിങ്ങളുടെ സഹോദരന്മാരും മക്കളും അവരെ തടവുകാരാക്കിയവരിൽനിന്നു കരുണ കണ്ടെത്തുകയും ഈ ദേശത്തേക്കു മടങ്ങിവരികയും ചെയ്യും. നിങ്ങളുടെ ദൈവമായ യഹോവ കൃപാലുവും കാരുണ്യവാനുമാണല്ലോ. നിങ്ങൾ യഹോവയുടെ അടുത്തേക്കു മടങ്ങിവരുമെങ്കിൽ നിങ്ങളിൽനിന്ന് അവിടന്ന് മുഖംതിരിച്ചുകളയുകയില്ല.”
നിങ്ങൾ യഹോവയിലേക്ക് മടങ്ങിവരുന്നു എങ്കിൽ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ തടവുകാരായി കൊണ്ട് പോയവരിൽ നിന്ന് കരുണ ലഭിച്ച് ഈ ദേശത്തേക്ക് മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങൾ അവന്റെ അടുക്കലേക്ക് മടങ്ങിവരുന്നു എങ്കിൽ അവൻ നിങ്ങൾക്ക് മുഖം മറച്ചുകളകയില്ല”.
10 സന്ദേശവാഹകർ എഫ്രയീമിലും മനശ്ശെയിലും ഉള്ള നഗരങ്ങളോരോന്നും കടന്നുപോയി, അവർ സെബൂലൂൻവരെയും ചെന്നെത്തി. എന്നാൽ ജനം അവരെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്തു.
൧൦അങ്ങനെ ഓട്ടക്കാർ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്ത് പട്ടണം തോറും സെബൂലൂൻ വരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ച് നിന്ദിച്ചുകളഞ്ഞു.
11 എന്നിരുന്നാലും ആശേർ, മനശ്ശെ, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്ന് ചിലർ സ്വയം വിനയപ്പെടുകയും ജെറുശലേമിലേക്കു വരികയും ചെയ്തു.
൧൧എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നെ താഴ്ത്തി യെരൂശലേമിലേക്ക് വന്നു.
12 യഹോവയുടെ അരുളപ്പാടനുസരിച്ച് രാജാവും പ്രഭുക്കന്മാരും നൽകിയ കൽപ്പനകൾ അനുസരിക്കുന്നതിന് യെഹൂദ്യദേശത്തുള്ളവരെല്ലാവരും ഏകമനസ്സുള്ളവരായിരിക്കാൻ ദൈവത്തിന്റെ കൈ അവരുടെമേൽ ഉണ്ടായിരുന്നു.
൧൨യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിക്കേണ്ടതിന് അവർക്ക് ഏകാഗ്രഹൃദയം നല്കുവാൻ ദൈവ കരം പ്രവൃത്തിച്ചു.
13 അങ്ങനെ, രണ്ടാംമാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആഘോഷിക്കാൻ വൻപിച്ച ഒരു ജനാവലി ജെറുശലേമിൽ സമ്മേളിച്ചു.
൧൩അങ്ങനെ രണ്ടാം മാസം പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാൻ ജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമിൽ വന്നുകൂടി.
14 അവർ എഴുന്നേറ്റ് ജെറുശലേമിലുണ്ടായിരുന്ന അന്യദേവന്മാരുടെ ബലിപീഠങ്ങളെല്ലാം നീക്കിക്കളയുകയും ധൂപാർച്ചനയ്ക്കുള്ള ബലിപീഠങ്ങളെല്ലാം കിദ്രോൻതോട്ടിൽ എറിഞ്ഞുകളയുകയും ചെയ്തു.
൧൪അവർ എഴുന്നേറ്റ് യെരൂശലേമിൽ ഉണ്ടായിരുന്ന ബലിപീഠങ്ങൾ നീക്കിക്കളഞ്ഞ് സകല ധൂപ പീഠങ്ങളെയും എടുത്ത് കിദ്രോൻതോട്ടിൽ എറിഞ്ഞുകളഞ്ഞു.
15 അതിനുശേഷം രണ്ടാംമാസം പതിന്നാലാംതീയതി അവർ പെസഹാക്കുഞ്ഞാടിനെ അറത്തു. പുരോഹിതന്മാരും ലേവ്യരും ലജ്ജിതരായിരുന്നു; അവർ തങ്ങളെത്തന്നെ ശുദ്ധീകരിച്ച് യഹോവയുടെ ആലയത്തിലേക്ക് ഹോമയാഗങ്ങൾ കൊണ്ടുവന്നു.
൧൫രണ്ടാം മാസം പതിനാലാം തീയതി അവർ പെസഹ അറുത്തു; എന്നാൽ പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ച് തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് യഹോവയുടെ ആലയത്തിൽ ഹോമയാഗങ്ങൾ കൊണ്ടുവന്നു.
16 ദൈവപുരുഷനായ മോശയുടെ ന്യായപ്രമാണത്തിൽ പറയുന്നപ്രകാരം അവർ അവരവരുടെ ക്രമമനുസരിച്ചുള്ള സ്ഥാനത്ത് നിലയുറപ്പിച്ചു. ലേവ്യരുടെ കൈയിൽനിന്ന് ഏറ്റുവാങ്ങിയ രക്തം പുരോഹിതന്മാർ യാഗപീഠത്തിന്മേൽ തളിച്ചു.
൧൬അവർ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങൾക്ക് നിശ്ചയിക്കപ്പെട്ട സ്ഥാനത്ത് നിന്നു; പുരോഹിതന്മാർ ലേവ്യരുടെ കയ്യിൽനിന്ന് രക്തം വാങ്ങി തളിച്ചു.
17 തങ്ങളെത്തന്നെ ശുദ്ധീകരിക്കാത്ത അനേകർ ആ സഭയിൽ ഉണ്ടായിരുന്നു. അതിനാൽ ആചാരപരമായി ശുദ്ധീകരിക്കപ്പെടാത്ത ഓരോരുത്തർക്കുംവേണ്ടി പെസഹാക്കുഞ്ഞാടിനെ അറക്കാനും അവയെ യഹോവയ്ക്കുവേണ്ടി വിശുദ്ധീകരിക്കാനുമുള്ള ചുമതല ലേവ്യർക്കായിരുന്നു.
൧൭തങ്ങളെത്തന്നെ വിശുദ്ധീകരിക്കാത്തവർ പലരും സഭയിൽ ഉണ്ടായിരുന്നു; അതുകൊണ്ട് ശുദ്ധിയില്ലാത്ത ഓരോരുത്തന് വേണ്ടി പെസഹ അറുത്ത് യഹോവക്ക് നിവേദിക്കേണ്ട ഉത്തരവാദിത്തം ലേവ്യർ ഭരമേറ്റിരുന്നു.
18 വലിയൊരു ജനാവലി—എഫ്രയീം, മനശ്ശെ, യിസ്സാഖാർ, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്നുള്ള ഭൂരിഭാഗംപേരും—തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നില്ല. എന്നിട്ടും വിധിപ്രകാരമല്ലാതെ അവർ പെസഹ ഭക്ഷിച്ചു. എന്നാൽ ഹിസ്കിയാവ് അവർക്കുവേണ്ടി ഇപ്രകാരം പ്രാർഥിച്ചു: “നല്ലവനായ യഹോവേ, ഏവരോടും ക്ഷമിക്കണമേ!
൧൮എഫ്രയീം, മനശ്ശെ, യിസ്സാഖാർ, സെബൂലൂൻ, എന്നീ ഗോത്രങ്ങളിൽ നിന്നുള്ള അനേകർ, തങ്ങളെത്തന്നെ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന പ്രമാണത്തിന് വിരുദ്ധമായി പെസഹ തിന്നു. എന്നാൽ യെഹിസ്കീയാവ് അവർക്ക് വേണ്ടി പ്രാർത്ഥിച്ചു:
19 വിശുദ്ധസ്ഥലത്തിന്റെ പവിത്രീകരണവിധിപ്രകാരം ശുദ്ധരായിത്തീർന്നിട്ടില്ലെങ്കിലും, തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിക്കാൻ മനസ്സുവെക്കുന്ന ഏവരോടും അങ്ങു ക്ഷമിക്കണമേ!”
൧൯“വിശുദ്ധമന്ദിരത്തിലെ വിശുദ്ധിക്കൊത്തവണ്ണം ശുദ്ധീകരണം പ്രാപിച്ചില്ലെങ്കിലും ദൈവത്തെ, തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ തന്നേ, അന്വേഷിപ്പാൻ മനസ്സുവെക്കുന്ന ഏവനോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ” എന്ന് പറഞ്ഞു.
20 യഹോവ ഹിസ്കിയാവിന്റെ പ്രാർഥനകേട്ട് ജനത്തെ സൗഖ്യമാക്കി.
൨൦യഹോവ യെഹിസ്കീയാവിന്റെ പ്രാർത്ഥന കേട്ട് ജനത്തെ സൗഖ്യമാക്കി.
21 ജെറുശലേമിലുണ്ടായിരുന്ന ഇസ്രായേൽജനം ഏഴുദിവസം മഹാസന്തോഷത്തോടെ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആചരിച്ചു. യഹോവയ്ക്ക് ഉച്ചനാദത്തിലുള്ള വാദ്യങ്ങൾ മീട്ടിപ്പാടി ലേവ്യരും പുരോഹിതന്മാരും ദിവസംപ്രതി യഹോവയെ സ്തുതിച്ചുകൊണ്ടിരുന്നു.
൨൧അങ്ങനെ യെരൂശലേമിൽ വന്നുകൂടിയ യിസ്രായേൽ മക്കൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാൽ യഹോവയ്ക്ക് പാടി ദിനംപ്രതി യഹോവയെ സ്തുതിച്ചു.
22 യഹോവയുടെ ശുശ്രൂഷയിൽ പ്രാഗല്ഭ്യം കാട്ടിയ ലേവ്യരെ ഹിസ്കിയാവ് അഭിനന്ദിച്ചു. അവർ തങ്ങൾക്കുള്ള ഭക്ഷണം കഴിച്ചുകൊണ്ട് ഉത്സവത്തിന്റെ ഈ ഏഴു നാളുകൾ മുഴുവനും സമാധാനയാഗങ്ങൾ അർപ്പിച്ചു, തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചു.
൨൨യെഹിസ്കീയാവ്, യഹോവയുടെ ശുശ്രൂഷയിൽ സാമർത്ഥ്യം കാണിച്ച എല്ലാ ലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവർ സമാധാനയാഗങ്ങൾ അർപ്പിച്ചും, തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ട് ഏഴു ദിവസം ഉത്സവം ആചരിച്ച്, ഭക്ഷണം കഴിച്ചു.
23 സർവസഭയും ഏഴുദിവസംകൂടി പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചു. അവർ ആനന്ദപൂർവം ഏഴുദിവസംകൂടി ഉത്സവം ആഘോഷിക്കുകയും ചെയ്തു.
൨൩വീണ്ടും ഏഴ് ദിവസം ഉത്സവം ആചരിപ്പാൻ സർവ്വസഭയും സമ്മതിച്ചു. അങ്ങനെ അവർ വീണ്ടും ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.
24 യെഹൂദാരാജാവായ ഹിസ്കിയാവ് സഭയ്ക്കുവേണ്ടി ആയിരം കാളകളെയും ഏഴായിരം ചെമ്മരിയാടുകളെയും കോലാടുകളെയും കൊടുത്തു. പ്രഭുക്കന്മാരും ആ സഭയ്ക്കുവേണ്ടി ആയിരം കാളകളെയും പതിനായിരം ചെമ്മരിയാടുകളെയും കോലാടുകളെയും കൊടുത്തു. ഇതിനിടയിൽ വലിയൊരുകൂട്ടം പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു.
൨൪യെഹൂദാ രാജാവായ യെഹിസ്കീയാവ് സഭയ്ക്ക് ആയിരം കാളകളെയും ഏഴായിരം ആടുകളെയും കൊടുത്തു; പ്രഭുക്കന്മാരും സഭയ്ക്ക് ആയിരം കാളകളെയും പതിനായിരം ആടുകളെയും കൊടുത്തു; അനേകം പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു.
25 പുരോഹിതന്മാരോടും ലേവ്യരോടും ഒപ്പം യെഹൂദ്യയിലെ സർവസഭയും ഇസ്രായേലിൽനിന്നുവന്ന സർവസഭയും ഇസ്രായേലിൽനിന്നു വന്നുചേർന്നവരും യെഹൂദ്യയിലുണ്ടായിരുന്നവരുമായ വിദേശികളും ഉൾപ്പെടെ എല്ലാവരും ആഹ്ലാദിച്ചു.
൨൫യെഹൂദയുടെ സർവ്വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലിൽനിന്ന് വന്ന സർവ്വസഭയും യിസ്രായേൽ ദേശത്തുനിന്ന് യെഹൂദയിൽ വന്ന് പാർത്തിരുന്ന പരദേശികളും സന്തോഷിച്ചു.
26 അങ്ങനെ ജെറുശലേമിൽ ആനന്ദം അലതല്ലി. ഇസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലത്തിനുശേഷം ഇങ്ങനെ ഒരുത്സവം ജെറുശലേമിൽ നടന്നിരുന്നില്ല.
൨൬അങ്ങനെ യെരൂശലേമിൽ മഹാസന്തോഷം ഉണ്ടായി; യിസ്രായേൽ രാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലം മുതൽ ഇതുപോലെ യെരൂശലേമിൽ സംഭവിച്ചിട്ടില്ല.
27 അതിനുശേഷം ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റ് ജനത്തെ ആശീർവദിച്ചു. യഹോവയുടെ വിശുദ്ധനിവാസമായ സ്വർഗംവരെ അവരുടെ പ്രാർഥന എത്തുകയും ദൈവം അവരുടെ ശബ്ദം കേൾക്കുകയും ചെയ്തു.
൨൭ഒടുവിൽ ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റ് ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേൾക്കപ്പെടുകയും, അവരുടെ പ്രാർത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വർഗ്ഗത്തിൽ എത്തുകയും ചെയ്തു.

< 2 ദിനവൃത്താന്തം 30 >