< 2 ദിനവൃത്താന്തം 2 >

1 യഹോവയുടെ നാമത്തിന് ഒരു ആലയവും തനിക്കായി ഒരു രാജകൊട്ടാരവും പണിയുന്നതിനു ശലോമോൻ നിശ്ചയിച്ചു.
അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന് ഒരു ആലയവും തനിക്ക് ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു.
2 അദ്ദേഹം നിർബന്ധിതസേവനത്തിന് 70,000 പേരെ ചുമട്ടുകാരായും 80,000 പേരെ മലയിൽ കല്ലുവെട്ടുകാരായും 3,600 പേരെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നവരായും നിയോഗിച്ചു.
എഴുപതിനായിരം ചുമട്ടുകാരെയും എൺപതിനായിരം കല്ലുവെട്ടുകാരെയും അവർക്ക് മേൽനോട്ടം വഹിക്കാൻ മൂവായിരത്തി അറുനൂറുപേരെയും ശലോമോൻ നിയമിച്ചു.
3 ശലോമോൻ സോർരാജാവായ ഹൂരാമിന് ഒരു സന്ദേശമയച്ചു: “എന്റെ പിതാവായ ദാവീദിന് പാർക്കുന്നതിന് ഒരു കൊട്ടാരം പണിയാൻ അങ്ങ് ദേവദാരു അയച്ചുകൊടുത്തതുപോലെ എനിക്കും ദേവദാരുത്തടികൾ അയച്ചുതരിക!
പിന്നെ ശലോമോൻ സോർരാജാവായ ഹീരാമിന്റെ അടുക്കൽ കൊടുത്തയച്ച സന്ദേശം എന്തെന്നാൽ: “എന്റെ അപ്പനായ ദാവീദ് രാജാവിന് ഒരു അരമന പണിയേണ്ടതിന് ദേവദാരു കൊടുത്തയച്ച നീ എനിക്കുവേണ്ടിയും അപ്രകാരം ചെയ്യേണം.
4 യഹോവയുടെമുമ്പാകെ സുഗന്ധധൂപം അർപ്പിക്കുന്നതിനും നിരന്തരം കാഴ്ചയപ്പം ഒരുക്കുന്നതിനും ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായിരിക്കുന്നപ്രകാരം എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ശബ്ബത്തുകളിലും അമാവാസികളിലും നിയമിക്കപ്പെട്ടിരിക്കുന്ന മറ്റ് ഉത്സവവേളകളിലും ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനുമായി എന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഒരു ആലയം പണിതു പ്രതിഷ്ഠിക്കാൻ ഞാൻ ഒരുങ്ങുകയാണ്.
ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരാലയം പണിവാൻ പോകുന്നു; അത് അവന് പ്രതിഷ്ഠിച്ചിട്ട് അവന്റെ സന്നിധിയിൽ സുഗന്ധധൂപം അർപ്പിക്കുവാനും നിരന്തരമായി കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസ്യകളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിക്കുവാനും തന്നേ. ഇത് യിസ്രായേലിന് ഒരു ശാശ്വതനിയമം ആകുന്നു.
5 “ഞങ്ങളുടെ ദൈവം സകലദേവന്മാരിലും ശ്രേഷ്ഠനാണ്; അതിനാൽ ഞാൻ പണിയാൻപോകുന്ന ആലയം ഏറ്റവും മഹത്തായിരിക്കും.
ഞങ്ങളുടെ ദൈവം സകലദേവന്മാരെക്കാളും വലിയവനാകയാൽ ഞാൻ പണിവാൻപോകുന്ന ആലയം മഹത്വമേറിയതായിരിക്കും.
6 സ്വർഗത്തിനും സ്വർഗാധിസ്വർഗത്തിനുപോലും അവിടത്തെ ഉൾക്കൊള്ളാൻ കഴിയാതിരിക്കേ, അവിടത്തേക്ക് ഒരാലയം പണിയുന്നതിന് ആർക്കാണു കഴിയുക? തിരുമുമ്പിൽ യാഗങ്ങൾ അർപ്പിക്കുന്നതിനുള്ള ഒരിടം എന്നതല്ലാതെ അവിടത്തേക്ക് ഒരാലയം പണിയുന്നതിന് ഞാൻ ആരാണ്?
എന്നാൽ അവന് ആലയം പണിവാൻ പ്രാപ്തിയുള്ളവൻ ആർ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അവൻ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയിൽ ധൂപം അർപ്പിക്കുവാനല്ലാതെ അവന് ഒരു ആലയം പണിയേണ്ടതിന് ഞാൻ ആർ?
7 “ആകയാൽ എന്റെ പിതാവായ ദാവീദ് തെരഞ്ഞെടുത്തിരിക്കുന്ന എന്റെ വിദഗ്ദ്ധരായ കരകൗശലവേലക്കാരോടൊപ്പം യെഹൂദ്യയിലും ജെറുശലേമിലും പണിചെയ്യുന്നതിനായി ഒരു വിദഗ്ദ്ധനെ അയച്ചുതരിക. അയാൾ സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, ഊതനൂൽ, ചെമപ്പുനൂൽ, നീലനൂൽ എന്നിവകൊണ്ടുള്ള പണികളിൽ വിദഗ്ധനും കൊത്തുപണികളിൽ പരിശീലനം സിദ്ധിച്ചിട്ടുള്ളവനും ആയിരിക്കണം.
ആകയാൽ എന്റെ അപ്പനായ ദാവീദ് നിയമിച്ചവരായി എന്റെ അടുക്കൽ യെഹൂദയിലും യെരൂശലേമിലും ഉള്ള കരകൌശലപ്പണിക്കാരോടുകൂടെ, പൊന്ന്, വെള്ളി, താമ്രം, ഇരിമ്പ്, ധൂമ്രനൂൽ, ചുവപ്പുനൂൽ, നീലനൂൽ എന്നിവകൊണ്ടു പണിചെയ്‌വാൻ സമർത്ഥനും കൊത്തുപണിയിൽ വിദഗ്ധനുമായ ഒരുവനെ അയച്ചുതരേണം.
8 “ലെബാനോനിൽനിന്ന് ദേവദാരു, സരളമരം, ചന്ദനം എന്നീ തടികളും എനിക്ക് അയച്ചുതരിക. താങ്കളുടെ ആളുകൾ ലെബാനോനിൽ തടികൾ വെട്ടുന്നതിനു വിദഗ്ദ്ധന്മാരാണെന്ന് ഞാൻ കേട്ടിരിക്കുന്നു. അവരോടൊപ്പം എന്റെ ആളുകളും പണിചെയ്യും.
ലെബാനോനിൽനിന്ന് ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്ക് അയച്ചുതരേണം; നിന്റെ വേലക്കാർ മരംവെട്ടുവാൻ സമർത്ഥന്മാരെന്ന് എനിക്കറിയാം; എനിക്ക് വേണ്ടുവോളം മരം ശേഖരിപ്പാൻ എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ പണി ചെയ്യും.
9 അങ്ങനെ എനിക്കു വേണ്ടുവോളം ഉരുപ്പടികൾ ലഭിക്കുമല്ലോ. ഞാൻ നിർമിക്കുന്ന ആലയം അതിവിപുലവും അത്യന്തം മനോഹരവുമായിരിക്കണം. അതുകൊണ്ടാണ് ഞാൻ ഇപ്രകാരം ആവശ്യപ്പെടുന്നത്.
ഞാൻ പണിവാനിരിക്കുന്ന ആലയം വലിയതും അത്ഭുതകരവും ആയിരിക്കും.
10 തടിവെട്ടുന്ന മരപ്പണിക്കാരായ അങ്ങയുടെ ജോലിക്കാർക്കുവേണ്ടി ഞാൻ 20,000 കോർ ഗോതമ്പും 20,000 കോർ യവവും 20,000 ബത്ത് വീഞ്ഞും അത്രയുംതന്നെ ഒലിവെണ്ണയും നൽകുന്നതാണ്.”
൧൦മരംവെട്ടുകാരായ നിന്റെ വേലക്കാർക്കു ഞാൻ ഇരുപതിനായിരം കോർ പൊടിച്ച ഗോതമ്പും ഇരുപതിനായിരം കോർ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും”.
11 സോർരാജാവായ ഹൂരാം ശലോമോന് മറുപടിയെഴുതി: “യഹോവ തന്റെ ജനത്തെ സ്നേഹിക്കുന്നതിനാൽ അങ്ങയെ അവർക്കു രാജാവാക്കിയിരിക്കുന്നു.”
൧൧സോർരാജാവായ ഹൂരാം ശലോമോന് “യഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവർക്ക് രാജാവാക്കിയിരിക്കുന്നു” എന്ന് മറുപടി അയച്ചു.
12 ഹൂരാം തുടർന്നു: “ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചവനും ഇസ്രായേലിന്റെ ദൈവവുമായ യഹോവയ്ക്കു സ്തോത്രം! ജ്ഞാനവും വിവേകവും ബുദ്ധിവിലാസവും ജന്മസിദ്ധമായിട്ടുള്ള ഒരു മകനെ ദൈവം ദാവീദുരാജാവിനു നൽകിയല്ലോ! അദ്ദേഹം യഹോവയ്ക്ക് ഒരാലയവും തനിക്ക് ഒരു കൊട്ടാരവും പണിയും.
൧൨ഹൂരാം തുടർന്ന് ഇപ്രകാരം എഴുതി: “യഹോവയ്ക്ക് ഒരു ആലയവും തനിക്ക് ഒരു അരമനയും പണിയേണ്ടതിന് ജ്ഞാനവും ബുദ്ധിയും വിവേകവും ഉള്ള ഒരു മകനെ ദാവീദ്‌ രാജാവിന് നല്കിയ ആകാശവും ഭൂമിയും സൃഷ്ടിച്ച യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
13 “അതിവിദഗ്ദ്ധനായ ഹൂരാം-ആബി എന്നയാളിനെ ഞാനിതാ അങ്ങേക്കുവേണ്ടി അയയ്ക്കുന്നു.
൧൩ഇപ്പോൾ ഞാൻ ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയക്കുന്നു.
14 അയാളുടെ അമ്മ ദാൻഗോത്രജയും പിതാവ് സോർ ദേശക്കാരനുമാണ്. സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, കല്ല്, തടി, ഊതനൂൽ, നീലനൂൽ, ചെമപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടുള്ള വേലകൾക്കെല്ലാം നല്ല പരിശീലനം നേടിയിട്ടുള്ള ആളാണ് അയാൾ. എല്ലാത്തരം കൊത്തുപണികൾക്കുംവേണ്ടതായ പ്രായോഗികപരിജ്ഞാനം അയാൾക്കുണ്ട്. അയാൾക്കു കാട്ടിക്കൊടുക്കുന്ന ഏതു രൂപകൽപ്പനയും പ്രയോഗത്തിൽ വരുത്താൻ അയാൾ നിപുണനുമാണ്. അങ്ങയുടെ കരകൗശലവേലക്കാരോടും എന്റെ യജമാനനും അങ്ങയുടെ പിതാവുമായ ദാവീദുരാജാവിന്റെ ആൾക്കാരോടും ചേർന്ന് അയാൾ പണികൾ ചെയ്യും.
൧൪അവൻ ദാൻ ഗോത്രത്തിലെ ഒരു സ്ത്രീയുടെ മകൻ; അവന്റെ അപ്പൻ സോർ ദേശക്കാരൻ. പൊന്ന്, വെള്ളി, താമ്രം, ഇരിമ്പ്, കല്ല്, മരം, ധൂമ്രനൂൽ, നീലനൂൽ, ചണനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു പണിചെയ്യാനും നിന്റെയും ഞാൻ ബഹുമാനിക്കുന്ന നിന്റെ അപ്പൻ ദാവീദിന്റെയും കരകൌശലപ്പണിക്കാരോടുകൂടെ അവനെ ഏല്പിക്കുന്ന ഏതു കൌശലപ്പണിയും പൂർത്തീകരിപ്പാനും അവൻ സമർത്ഥൻ ആകുന്നു.
15 “എന്റെ യജമാനനായ അങ്ങ്, അങ്ങയുടെ ദാസന്മാർക്കുവേണ്ടി വാഗ്ദാനംചെയ്ത ഗോതമ്പും യവവും ഒലിവെണ്ണയും വീഞ്ഞും അയച്ചുകൊടുത്താലും!
൧൫ആകയാൽ യജമാനൻ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാർക്കു കൊടുത്തയച്ചാലും.
16 അങ്ങേക്കു വേണ്ട തടികളെല്ലാം ഞങ്ങൾ ലെബാനോനിൽനിന്ന് വെട്ടി, ചങ്ങാടം കെട്ടി, കടൽവഴിയായി ഒഴുക്കി യോപ്പയിൽ എത്തിച്ചുതരാം. അവിടെനിന്ന് അങ്ങേക്ക് അവ ജെറുശലേമിലേക്കു കൊണ്ടുപോകാൻ കഴിയുമല്ലോ!”
൧൬എന്നാൽ ഞങ്ങൾ നിന്റെ ആവശ്യംപോലെ ലെബാനോനിൽനിന്നു മരംവെട്ടി ചങ്ങാടം കെട്ടി കടൽവഴിയായി യാഫോവിൽ എത്തിച്ചുതരാം; നീ അത് യെരൂശലേമിലേക്കു കൊണ്ടുപോകണം”.
17 ശലോമോൻ, തന്റെ പിതാവായ ദാവീദ് ജനസംഖ്യയെടുത്തതുപോലെ, ഇസ്രായേൽദേശത്തുള്ള പ്രവാസികളുടെ ജനസംഖ്യ തിട്ടപ്പെടുത്തി; അവർ 1,53,600 പേർ എന്നുകണ്ടു.
൧൭അനന്തരം ശലോമോൻ യിസ്രായേൽദേശത്തിലെ പരദേശികളെ, തന്റെ അപ്പനായ ദാവീദ് എണ്ണംനോക്കിയതുപോലെ, എണ്ണം എടുത്തപ്പോൾ ഒരുലക്ഷത്തി അമ്പത്തിമൂവായിരത്തി അറുനൂറു പേർ എന്ന് കണ്ടു.
18 അവരിൽ 70,000 പേരെ അദ്ദേഹം ചുമട്ടുകാരായി നിയോഗിച്ചു. 80,000 പേരെ മലകളിൽനിന്ന് കല്ലുവെട്ടുന്നതിനും 3,600 പേരെ അവർക്കു മേൽനോട്ടം വഹിക്കുന്നതിനും നിയോഗിച്ചു.
൧൮അവരിൽ എഴുപതിനായിരംപേരെ ചുമട്ടുകാരായും എൺപതിനായിരംപേരെ മലയിൽ കല്ലുവെട്ടുകാരായും മൂവായിരത്തറുനൂറുപേരെ ജനത്തെക്കൊണ്ട് വേല ചെയ്യിപ്പാൻ മേൽനോട്ടക്കാരായും നിയമിച്ചു.

< 2 ദിനവൃത്താന്തം 2 >