< 2 ദിനവൃത്താന്തം 16 >

1 ആസായുടെ ഭരണത്തിന്റെ മുപ്പത്തിയാറാംവർഷത്തിൽ യെഹൂദാരാജാവായ ആസായുടെ പ്രദേശത്തുനിന്ന് ആരെങ്കിലും പുറത്തേക്കു പോകുകയോ അകത്തേക്കു വരികയോ ചെയ്യാതെയിരിക്കേണ്ടതിന് ഇസ്രായേൽരാജാവായ ബയെശാ യെഹൂദയ്ക്കെതിരേ വന്ന്, രാമായിൽ കോട്ടകെട്ടിയുറപ്പിച്ചു.
ആസ വാഴ്ചതുടങ്ങി മുപ്പത്താറാം ആണ്ടിൽ യിസ്രായേൽ രാജാവായ ബയെശാ യെഹൂദക്കെതിരെ പുറപ്പെട്ടു; ആസയുടെ അടുക്കൽ വരുകയോ പോകയോ ചെയ്യാൻ ആരെയും സമ്മതിക്കാതെ രാമയെ ഉറപ്പായി പണിതു.
2 അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും സ്വന്തം കൊട്ടാരത്തിലെയും ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്ന വെള്ളിയും സ്വർണവും എടുത്ത്, ദമസ്കോസിൽ ഭരണം നടത്തിവരികയായിരുന്ന ബെൻ-ഹദദ് എന്ന അരാംരാജാവിനു കൊടുത്തയച്ചു. എന്നിട്ട് ഈ വിധം പറഞ്ഞു:
അപ്പോൾ ആസ, യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽനിന്ന് വെള്ളിയും പൊന്നും എടുത്ത് ദമ്മേശെക്കിൽ വസിച്ച അരാം രാജാവായ ബെൻ-ഹദദിന് കൊടുത്തയച്ചു:
3 “എന്റെ പിതാവും താങ്കളുടെ പിതാവുംതമ്മിൽ ഉണ്ടായിരുന്നതുപോലെ ഒരു സഖ്യം നമ്മൾതമ്മിലും ഉണ്ടായിരിക്കട്ടെ! ഇതാ, ഞാൻ താങ്കൾക്ക് വെള്ളിയും സ്വർണവും കൊടുത്തയയ്ക്കുന്നു. ഇസ്രായേൽരാജാവായ ബയെശാ എന്നെ ആക്രമിക്കാതെ പിന്മാറത്തക്കവണ്ണം നിങ്ങൾതമ്മിലുള്ള സഖ്യം ഇപ്പോൾ റദ്ദാക്കിയാലും!”
എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ സഖ്യതയുണ്ടായിരുന്നതുപോലെ നമുക്കു തമ്മിൽ സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്ക് വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽ രാജാവായ ബയെശാ എന്നെവിട്ടു പോകേണ്ടതിന് നീ അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്ന് പറഞ്ഞു.
4 ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ സ്വീകരിച്ചു. അദ്ദേഹം തന്റെ സൈന്യാധിപന്മാരെ ഇസ്രായേൽ നഗരങ്ങളിലേക്കയച്ചു. അവർ ഈയോൻ, ദാൻ, ആബേൽ-മയീം എന്നിവയും നഫ്താലിയിലെ സകലഭണ്ഡാരനഗരങ്ങളും ആക്രമിച്ചു കീഴടക്കി.
ബെൻ-ഹദദ് ആസാരാജാവിന്റെ വാക്കുകേട്ട് തന്റെ സേനാധിപതിമാരെ യിസ്രായേൽ പട്ടണങ്ങൾക്കു നേരെ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകല സംഭരണ നഗരങ്ങളും പിടിച്ചടക്കി.
5 ബയെശാരാജാവ് ഇതു കേട്ടപ്പോൾ രാമായുടെ നിർമാണപ്രവർത്തനങ്ങൾ നിർത്തലാക്കുകയും ആ ഉദ്യമംതന്നെ ഉപേക്ഷിക്കുകയും ചെയ്തു.
ബയെശാ അത് കേട്ടപ്പോൾ രാമയെ പണിയുന്നത് നിർത്തി വെച്ചു.
6 അതിനുശേഷം, ആസാരാജാവ് യെഹൂദ്യയിലുള്ള സകലരെയും കൂട്ടിക്കൊണ്ടുചെന്ന് ബയെശാ നിർമാണത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന കല്ലും മരവും രാമായിൽനിന്നു ചുമന്നുകൊണ്ടുപോയി. അതുപയോഗിച്ച് അദ്ദേഹം ഗേബായും മിസ്പായും പണിയിച്ചു.
അപ്പോൾ ആസാ രാജാവ് എല്ലാ യെഹൂദ്യരെയും കൂട്ടി, ബയെശാ പണിത രാമയുടെ കല്ലും മരവും എടുത്തുകൊണ്ടുപോയി; അവൻ അവ കൊണ്ട് ഗിബ, മിസ്പ, എന്നീ പട്ടണങ്ങൾ പണിതു.
7 ആ സമയത്ത് ദർശകനായ ഹനാനി യെഹൂദാരാജാവായ ആസായുടെ അടുത്തുവന്ന് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാംരാജാവിൽ ആശ്രയിച്ചതുകൊണ്ട് അരാംരാജാവിന്റെ സൈന്യം നിന്റെ കൈയിൽനിന്നു രക്ഷപ്പെട്ടിരിക്കുന്നു.
ആ കാലത്ത് ദർശകനായ ഹനാനി യെഹൂദാ രാജാവായ ആസയുടെ അടുക്കൽവന്ന് അവനോട് പറഞ്ഞത് എന്തെന്നാൽ: “നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാം രാജാവിൽ ആശ്രയിക്ക കൊണ്ട് അരാം രാജാവിന്റെ സൈന്യം നിന്റെ കയ്യിൽനിന്ന് രക്ഷപെട്ടിരിക്കുന്നു.
8 കൂശ്യരും, ലൂബ്യരും അസംഖ്യം രഥങ്ങളോടും കുതിരപ്പടയോടുംകൂടിയ ഒരു മഹാസൈന്യമായിരുന്നില്ലേ? എന്നിട്ടും നീ യഹോവയിൽ ആശ്രയിച്ചപ്പോൾ അവിടന്ന് അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചുതന്നു.
എത്യോപ്യരും, ലൂബ്യരും അനവധി രഥങ്ങളോടും കുതിരപ്പടയാളികളോടും കൂടിയ ഒരു മഹാ സൈന്യമായിരുന്നില്ലയോ? എന്നാൽ നീ യഹോവയിൽ ആശ്രയിക്ക കൊണ്ട് യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിച്ചുതന്നു.
9 യഹോവയുടെ കണ്ണ്, തന്നിൽ ഏകാഗ്രചിത്തരായവരെ ശക്തിയോടെ പിന്താങ്ങുന്നതിനുവേണ്ടി ഭൂതലത്തിലുടനീളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു; ഇക്കാര്യത്തിൽ നീ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു. ഇപ്പോൾമുതൽ നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.”
യഹോവയുടെ കണ്ണ് തന്നിൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നേത്തന്നെ ബലവാൻ എന്ന് കാണിക്കേണ്ടതിന് ഭൂമിയിലെല്ലാടവും നോക്കിക്കൊണ്ടിരിക്കുന്നു; ഇക്കാര്യത്തിൽ നീ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു; അതുകൊണ്ട് ഇനി നിനക്ക് യുദ്ധങ്ങൾ ഉണ്ടാകും”.
10 ഇതുമൂലം ആസാ ആ ദർശകനോടു കോപിച്ച് അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. ഇക്കാരണത്താൽ അദ്ദേഹത്തിനുനേരേ ആസാ കോപാകുലനായിരുന്നു. ഈ സമയത്തുതന്നെ ആസാ ജനങ്ങളിൽ പലരെയും പീഡിപ്പിക്കുകയും ചെയ്തു.
൧൦അപ്പോൾ ആസ ദർശകനോട് കോപിച്ച് അവനെ കാരാഗൃഹത്തിൽ ആക്കി; ഈ കാര്യം ആസയെ ഉഗ്രകോപിയാക്കി. ആ നാളുകളിൽ ആസ ജനത്തിൽ ചിലരെ പീഡിപ്പിക്കയും ചെയ്തു.
11 ആസായുടെ ഭരണകാലത്തെ സംഭവങ്ങൾ, ആദ്യവസാനം, യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
൧൧ആസയുടെ വൃത്താന്തങ്ങൾ ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നുവല്ലോ.
12 ആസായുടെ ഭരണത്തിന്റെ മുപ്പത്തിയൊൻപതാമാണ്ടിൽ അദ്ദേഹത്തിന് തന്റെ പാദത്തിൽ രോഗം ബാധിച്ചു. രോഗം അതികഠിനമായി മൂർച്ഛിച്ചെങ്കിലും, അദ്ദേഹം തന്റെ രോഗാവസ്ഥയിൽപോലും വൈദ്യന്മാരിൽനിന്നല്ലാതെ യഹോവയിൽനിന്നു സഹായം തേടിയില്ല.
൧൨തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ ആസയുടെ കാലുകളിൽ അതികഠിനമായ രോഗം പിടിച്ചു; എന്നാൽ അവൻ തന്റെ രോഗത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചത്.
13 അങ്ങനെ തന്റെ ഭരണത്തിന്റെ നാൽപ്പത്തിയൊന്നാമാണ്ടിൽ ആസാ മരിച്ചു; അദ്ദേഹം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു.
൧൩ആസാ തന്റെ വാഴ്ചയുടെ നാൽപ്പത്തൊന്നാം ആണ്ടിൽ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു.
14 ദാവീദിന്റെ നഗരത്തിൽ ആസാ തനിക്കുവേണ്ടി പണികഴിപ്പിച്ചിരുന്ന കല്ലറയിൽ അവർ അദ്ദേഹത്തെ സംസ്കരിച്ചു. സുഗന്ധദ്രവ്യങ്ങളും പലതരം പരിമളക്കൂട്ടുകളുംകൊണ്ടു മൂടിയ ഒരു ശവമഞ്ചത്തിൽ അവർ അദ്ദേഹത്തെ കിടത്തി; അദ്ദേഹത്തോടുള്ള ബഹുമാനാർഥം ഒരു വലിയ അഗ്നികുണ്ഡം ഒരുക്കുകയും ചെയ്തു.
൧൪അവൻ ദാവീദിന്റെ നഗരത്തിൽ തനിക്കായി ഉണ്ടാക്കിയിരുന്ന കല്ലറയിൽ അവർ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ വിധിപ്രകാരം ഉണ്ടാക്കിയ സുഗന്ധവർഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവനുവേണ്ടി വലിയോരു ദഹനം ഉണ്ടാക്കുകയും ചെയ്തു.

< 2 ദിനവൃത്താന്തം 16 >