< 2 ദിനവൃത്താന്തം 10 >

1 രെഹബെയാമിനെ രാജാവായി വാഴിക്കുന്നതിന് ഇസ്രായേൽമുഴുവൻ ശേഖേമിൽ എത്തിച്ചേർന്നതിനാൽ അദ്ദേഹവും അവിടെയെത്തി.
രെഹബെയാമിനെ രാജാവാക്കേണ്ടതിന് യിസ്രായേൽ ജനമെല്ലാം ശെഖേമിൽ വന്നിരുന്നതുകൊണ്ട് അവനും ശെഖേമിൽ ചെന്നു.
2 ഇതു കേട്ടപ്പോൾ നെബാത്തിന്റെ മകനായ യൊരോബെയാം—അദ്ദേഹം ശലോമോൻരാജാവിന്റെ അടുത്തുനിന്ന് ഓടിപ്പോയി താമസിച്ചിരുന്ന ഈജിപ്റ്റിലായിരുന്നു—ഈജിപ്റ്റിൽനിന്ന് മടങ്ങിയെത്തി.
എന്നാൽ ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി ഈജിപ്റ്റിൽ പാർത്തിരുന്ന നെബാത്തിന്റെ മകൻ യൊരോബെയാം അത് കേട്ട് അവിടെനിന്ന് മടങ്ങിവന്നു.
3 അതിനാൽ ഇസ്രായേൽ പ്രഭുക്കന്മാർ യൊരോബെയാമിനെ വിളിച്ചുവരുത്തി; അദ്ദേഹവും ഇസ്രായേല്യർ എല്ലാവരുംകൂടി രെഹബെയാമിന്റെ അടുക്കലെത്തി ഇപ്രകാരം ഉണർത്തിച്ചു:
അവർ ആളയച്ച് അവനെ വിളിപ്പിച്ചു; യൊരോബെയാമും യിസ്രായേൽ ജനവും വന്ന് രെഹബെയാമിനോട്:
4 “അങ്ങയുടെ പിതാവ് ഭാരമുള്ള ഒരു നുകമാണ് ഞങ്ങളുടെമേൽ ചുമത്തിയിരുന്നത്; ആകയാൽ, ഇപ്പോൾ അങ്ങ് ഞങ്ങളുടെ കഠിനവേലയും അദ്ദേഹം ഞങ്ങളുടെമേൽ ചുമത്തിയിരുന്ന ഭാരമേറിയ നുകവും ലഘുവാക്കിത്തന്നാലും. അങ്ങനെയെങ്കിൽ, ഞങ്ങൾ അങ്ങയെ സേവിച്ചുകൊള്ളാം.”
“നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; ആകയാൽ നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചു തരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്നു പറഞ്ഞു.
5 “മൂന്നുദിവസത്തിനകം നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവരിക,” എന്ന് രെഹബെയാം മറുപടികൊടുത്തു. അങ്ങനെ ജനം മടങ്ങിപ്പോയി.
അവൻ അവരോട്: “മൂന്നുദിവസം കഴിഞ്ഞിട്ട് വീണ്ടും എന്റെ അടുക്കൽ വരുവീൻ” എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
6 അതിനുശേഷം, രാജാവ് തന്റെ പിതാവായ ശലോമോനെ അദ്ദേഹത്തിന്റെ ജീവിതകാലംമുഴുവൻ സേവിച്ചുനിന്നിരുന്ന വൃദ്ധജനങ്ങളുമായി കൂടിയാലോചിച്ചു. “ഞാൻ ഈ ജനത്തോട് എന്ത് മറുപടി പറയണം? നിങ്ങളുടെ ആലോചനയും അഭിപ്രായവും എന്ത്?” എന്ന് രെഹബെയാം അവരോടു ചോദിച്ചു.
രെഹബെയാംരാജാവ് തന്റെ അപ്പനായ ശലോമോന്റെ കാലത്ത് അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധജനത്തോട് ആലോചിച്ചു: “ഈ ജനത്തോട് ഉത്തരം പറയേണ്ടതിന് നിങ്ങൾക്ക് എന്തുപദേശം നൽകാനുണ്ട്” എന്ന് ചോദിച്ചു.
7 അവർ അദ്ദേഹത്തോട്: “അങ്ങ് ഈ ജനത്തോടു ദയ കാണിക്കുകയും അവരെ സന്തോഷിപ്പിക്കുകയും അവരോട് അനുകൂലമായ മറുപടി പറയുകയും ചെയ്താൽ അവർ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും,” എന്ന് ഉത്തരം പറഞ്ഞു.
അവർ അവനോട്: “നീ ജനത്തോടു ദയകാണിച്ച് അവരെ പ്രസാദിപ്പിച്ച് അവരോട് നല്ല വാക്കു പറഞ്ഞാൽ അവർ എന്നും നിനക്ക് ദാസന്മാരായിരിക്കും” എന്നു പറഞ്ഞു.
8 എന്നാൽ, രെഹബെയാം വൃദ്ധജനങ്ങളുടെ ഉപദേശം സ്വീകരിച്ചില്ല. തന്നോടൊപ്പം വളർന്നവരും തന്നെ സേവിച്ചുനിൽക്കുന്നവരുമായ യുവജനങ്ങളുമായി അദ്ദേഹം കൂടിയാലോചിച്ചു.
എന്നാൽ വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചന അവൻ ത്യജിച്ച്, തന്നോടുകൂടെ വളർന്ന, തന്നോടൊപ്പം നില്ക്കുന്ന യൗവനക്കാരോട് ആലോചിച്ചു:
9 “നിങ്ങളുടെ ഉപദേശം എന്താണ്? ‘നിന്റെ പിതാവു ഞങ്ങളുടെമേൽ ചുമത്തിയ നുകത്തിന്റെ ഭാരം കുറച്ചുതരിക,’ എന്ന് എന്നോടു പറയുന്ന ഈ ജനത്തോടു നാം എന്തു മറുപടി പറയണം?” എന്ന് അദ്ദേഹം ചോദിച്ചു.
“നിന്റെ അപ്പൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്ന് എന്നോട് ആവശ്യപ്പെടുന്ന ഈ ജനത്തോട് ഞാൻ ഉത്തരം പറയാൻ നിങ്ങൾ എന്താലോചന നൽകുന്നു” എന്ന് അവരോട് ചോദിച്ചു.
10 അദ്ദേഹത്തോടൊപ്പം വളർന്നുവന്ന ആ യുവജനങ്ങൾ മറുപടി പറഞ്ഞത്: “‘അങ്ങയുടെ പിതാവു ഞങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; അതിന്റെ ഭാരം കുറച്ചുതരണം,’ എന്ന് അങ്ങയോടാവശ്യപ്പെട്ട ജനത്തോട് ഈ വിധം പറയണം: ‘എന്റെ ചെറുവിരൽ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാളും വലുപ്പമുള്ളതായിരിക്കും.
൧൦അവനോട് കൂടെ വളർന്ന യൗവനക്കാർ അവനോട്: “നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നീ അത് ഭാരം കുറച്ചുതരേണം എന്ന് നിന്നോട് പറഞ്ഞ ജനത്തോട്, ‘എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയേക്കാൾ വണ്ണമുള്ളതായിരിക്കും.
11 എന്റെ പിതാവ് നിങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; ഞാനതിനെ ഇനിയും കൂടുതൽ ഭാരമുള്ളതാക്കും. എന്റെ പിതാവു ചമ്മട്ടികൊണ്ടു നിങ്ങളെ ദണ്ഡിപ്പിച്ചു; ഞാനോ, നിങ്ങളെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും.’”
൧൧എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചു; ഞാൻ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ട് അടിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ട് ദണ്ഡിപ്പിക്കും’ എന്നിങ്ങനെ നീ ഉത്തരം പറയേണം” എന്നു പറഞ്ഞു.
12 “മൂന്നുദിവസത്തിനുശേഷം എന്റെ അടുക്കൽ മടങ്ങിവരിക,” എന്നു രാജാവു നിർദേശിച്ചിരുന്നതുപോലെ യൊരോബെയാമും സർവജനവും രെഹബെയാമിന്റെ അടുക്കൽ മടങ്ങിവന്നു.
൧൨മൂന്നാംദിവസം വീണ്ടും എന്റെ അടുക്കൽ വരുവീൻ എന്ന് രാജാവ് പറഞ്ഞ പ്രകാരം യൊരോബെയാമും സകലജനവും മൂന്നാംദിവസം അവന്റെ അടുക്കൽ വന്നു.
13 വൃദ്ധജനങ്ങളുടെ ആലോചന നിരസിച്ച് രാജാവ് ജനത്തോടു വളരെ പരുഷമായി സംസാരിച്ചു.
൧൩എന്നാൽ രാജാവ് അവരോട് കഠിനമായി ഉത്തരം പറഞ്ഞു; രെഹബെയാം വൃദ്ധന്മാരുടെ ആലോചന തള്ളിക്കളഞ്ഞ്
14 യുവാക്കന്മാർ നൽകിയ ഉപദേശമനുസരിച്ച് അദ്ദേഹം അവരോട്: “എന്റെ പിതാവു നിങ്ങളുടെ നുകത്തെ ഭാരമുള്ളതാക്കി; ഞാനതിനെ കൂടുതൽ ഭാരമുള്ളതാക്കും. എന്റെ പിതാവു ചമ്മട്ടികൊണ്ടു നിങ്ങളെ ദണ്ഡിപ്പിച്ചു; ഞാൻ നിങ്ങളെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും” എന്നു പറഞ്ഞു.
൧൪യൗവനക്കാരുടെ ആലോചനപ്രകാരം അവരോട്: “എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ അതിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു; ഞാനോ മുൾചാട്ടകൊണ്ട് നിങ്ങളെ ദണ്ഡിപ്പിക്കും” എന്ന് ഉത്തരം പറഞ്ഞു.
15 ഇങ്ങനെ, രാജാവ് ജനങ്ങളുടെ അപേക്ഷ സ്വീകരിച്ചില്ല. നെബാത്തിന്റെ മകനായ യൊരോബെയാമിനോട് ശീലോന്യനായ അഹീയാവിലൂടെ യഹോവ അരുളിച്ചെയ്ത വാക്കുകൾ നിറവേറുന്നതിന് ഈ സംഭവവികാസം ദൈവഹിതപ്രകാരം ആയിരുന്നു.
൧൫ഇങ്ങനെ രാജാവ് ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം ദൈവഹിതത്താൽ സംഭവിച്ചു.
16 രാജാവു തങ്ങളുടെ അപേക്ഷ ചെവിക്കൊള്ളുന്നില്ല എന്നുകണ്ടപ്പോൾ ഇസ്രായേൽജനമെല്ലാം അദ്ദേഹത്തോട് ഉത്തരം പറഞ്ഞത്: “ദാവീദിങ്കൽ നമുക്കെന്ത് ഓഹരി? യിശ്ശായിയുടെ പുത്രനിൽ നമുക്കെന്ത് ഓഹരി? ഇസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്ളൂ. ദാവീദേ, ഇനി സ്വന്തഭവനത്തെ നോക്കിക്കൊള്ളുക!” അങ്ങനെ, ഇസ്രായേൽജനമെല്ലാം താന്താങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി.
൧൬രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കുകയില്ല എന്ന് യിസ്രായേൽജനം കണ്ടപ്പോൾ അവർ രാജാവിനോട്: “ദാവീദിങ്കൽ ഞങ്ങൾക്ക് എന്ത് ഓഹരിയാണുള്ളത്? യിശ്ശായിയുടെ പുത്രന്റെ മേൽ ഞങ്ങൾക്ക് അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്ക് പൊയ്ക്കൊൾക; ദാവീദേ, നിന്റെ ഗൃഹം നീ തന്നേ നോക്കിക്കൊൾക” എന്ന് ഉത്തരം പറഞ്ഞ് യിസ്രായേൽ ജനമെല്ലാം തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
17 എന്നാൽ, യെഹൂദ്യനഗരങ്ങളിൽ താമസിച്ചിരുന്ന ഇസ്രായേല്യർക്ക് രെഹബെയാം രാജാവായി തുടർന്നു.
൧൭യെഹൂദാ നഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കു മാത്രം രെഹബെയാം രാജാവായിത്തീർന്നു.
18 നിർബന്ധിതമായി വേലചെയ്യുന്നവരുടെ ചുമതല വഹിച്ചിരുന്ന അദോനിരാമിനെ രെഹബെയാംരാജാവ് ഇസ്രായേല്യരുടെ അടുക്കലേക്കയച്ചു. എന്നാൽ, അവർ അദ്ദേഹത്തെ കല്ലെറിഞ്ഞുകൊന്നു. രെഹബെയാംരാജാവാകട്ടെ, കഷ്ടിച്ച് രഥത്തിലേറി ജെറുശലേമിലേക്ക് ഓടിപ്പോന്നു.
൧൮പിന്നെ രെഹബെയാംരാജാവ് അടിമവേലക്കാരുടെ മേൽവിചാരകനായ ഹദോരാമിനെ യിസ്രായേൽ ജനത്തിന്റെ അടുക്കൽ അയച്ചു; എന്നാൽ അവർ അവനെ കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു; രെഹബെയാംരാജാവ് വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിച്ചുപോയി.
19 ഇപ്രകാരം, ഇസ്രായേൽ ഇന്നുവരെ ദാവീദിന്റെ ഭവനത്തോടുള്ള മാത്സര്യത്തിൽ കഴിയുന്നു.
൧൯ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോട് മത്സരിച്ചു നില്ക്കുന്നു.

< 2 ദിനവൃത്താന്തം 10 >