< 1 തിമൊഥെയൊസ് 3 >
1 ഇത് വിശ്വാസയോഗ്യമായ പ്രസ്താവനയാണ്: അധ്യക്ഷപദം ആഗ്രഹിക്കുന്നയാൾ ഉത്തമശുശ്രൂഷ അഭിലഷിക്കുന്നു.
ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ല വേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു.
2 അതുകൊണ്ട് അധ്യക്ഷൻ അപവാദങ്ങൾക്കതീതനായി, ഏകപത്നീവ്രതനും സമചിത്തനും വിവേകശാലിയും അന്തസ്സുറ്റവനും അതിഥിസൽക്കാരപ്രിയനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ആയിരിക്കണം.
എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാൎയ്യയുടെ ഭൎത്താവും നിൎമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമൎത്ഥനും ആയിരിക്കേണം;
3 മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; പകരം ശാന്തനായിരിക്കണം. കലഹപ്രിയനും ദ്രവ്യാഗ്രഹിയും ആകരുത്;
മദ്യപ്രിയനും തല്ലുകാരനും അരുതു; ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും
4 സ്വകുടുംബത്തെ നന്നായി പരിപാലിക്കുകയും സന്താനങ്ങളെ സമ്പൂർണ മാന്യതയിലും അനുസരണത്തിലും വളർത്തുകയും ചെയ്യുന്നയാളുമായിരിക്കണം.
സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂൎണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം.
5 സ്വകുടുംബത്തെ പരിപാലിക്കാൻ അറിയാത്തയാൾ ദൈവസഭയെ എങ്ങനെ പരിപാലിക്കും?
സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?
6 അയാൾ സമീപകാലത്ത് വിശ്വാസം സ്വീകരിച്ചയാൾ ആയിരിക്കരുത്. അപ്രകാരമായാൽ അയാൾ മതിമറന്ന് പിശാചിനു സംഭവിച്ച ശിക്ഷാവിധിയിൽ അകപ്പെടും.
നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു.
7 അദ്ദേഹം സഭയ്ക്കു പുറമേയുള്ളവരുടെ മധ്യേ നല്ല മതിപ്പുള്ള ആളായിരിക്കണം. അങ്ങനെയായാൽ അയാൾ അപമാനിതനാകുകയോ പിശാചിന്റെ കെണിയിൽപ്പെടുകയോ ഇല്ല.
നിന്ദയിലും പിശാചിന്റെ കണിയിലും കുടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.
8 ശുശ്രൂഷകരും അതുപോലെതന്നെ ആദരണീയർ ആയിരിക്കണം. അവർ സത്യസന്ധത ഇല്ലാത്തവരോ മദ്യാസക്തരോ അത്യാഗ്രഹികളോ ആകരുത്.
അവ്വണ്ണം ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുൎല്ലാഭമോഹികളും അരുതു.
9 നിർമലമനസ്സാക്ഷിയിൽ വിശ്വാസത്തിന്റെ ആഴമേറിയ സത്യം സംരക്ഷിക്കുന്നവരായിരിക്കണം.
അവർ വിശ്വാസത്തിന്റെ മൎമ്മം ശുദ്ധമനസ്സാക്ഷിയിൽ വെച്ചുകൊള്ളുന്നവർ ആയിരിക്കേണം.
10 അവരെ ആദ്യംതന്നെ പരീക്ഷണവിധേയരാക്കണം; ഉത്തമസാക്ഷ്യം പുലർത്തുന്നവരായി തെളിഞ്ഞാൽ അവർ ശുശ്രൂഷചെയ്യട്ടെ.
അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാൽ അവർ ശുശ്രൂഷ ഏല്ക്കട്ടെ.
11 അവരുടെ ഭാര്യമാരും അവരെപ്പോലെതന്നെ, ആദരണീയർ ആയിരിക്കണം. അവർ പരദൂഷണം പറയാത്തവരും സമചിത്തരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം.
അവ്വണ്ണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിൎമ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം.
12 ശുശ്രൂഷകൻ ഏകപത്നീവ്രതനും സ്വകുടുംബത്തെയും സന്താനങ്ങളെയും നന്നായി പരിപാലിക്കുന്നവനും ആയിരിക്കണം.
ശുശ്രൂഷകന്മാർ ഏകഭാൎയ്യയുള്ള ഭൎത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം.
13 തങ്ങളുടെ ശുശ്രൂഷ ഉത്തമമായി നിർവഹിച്ചിട്ടുള്ളവർക്ക് ബഹുമാന്യമായ ഒരു സ്ഥാനവും ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിൽ വർധിച്ചുവരുന്ന ആത്മധൈര്യവും ഉണ്ട്.
നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവർ തങ്ങൾക്കു നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തിൽ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു.
14 നിന്റെ അടുത്തേക്ക് ഉടനെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു
ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു;
15 എങ്കിലും എന്റെ വരവിന് താമസം നേരിട്ടാൽ എപ്രകാരമാണ് ഓരോരുത്തരും ദൈവികഗൃഹത്തിൽ പെരുമാറേണ്ടതെന്ന് നീ അറിയുന്നതിനാണ് ഞാൻ ഈ നിർദേശങ്ങൾ എഴുതുന്നത്. ജീവനുള്ള ദൈവത്തിന്റെ ഈ സഭ സത്യത്തിന്റെ സ്തംഭവും അടിസ്ഥാനവും ആകുന്നു.
താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.
16 ദൈവഭക്തിയുടെ അഗാധരഹസ്യം അനിഷേധ്യമാംവിധം അതിശ്രേഷ്ഠമാണ്: അവിടന്ന് മനുഷ്യനായി വെളിപ്പെട്ടു, ആത്മാവിൽ നീതീകരിക്കപ്പെട്ടു, ദൂതന്മാർക്കു പ്രത്യക്ഷനായി, രാഷ്ട്രങ്ങളിൽ ഘോഷിക്കപ്പെട്ടു, ലോകത്തിൽ വിശ്വസിക്കപ്പെട്ടു, മഹത്ത്വത്തിൽ എടുക്കപ്പെട്ടു.
അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാൎക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മൎമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.