< 1 ശമൂവേൽ 8 >

1 ശമുവേൽ വൃദ്ധനായപ്പോൾ അദ്ദേഹം തന്റെ പുത്രന്മാരെ ഇസ്രായേലിനു ന്യായാധിപന്മാരായി നിയമിച്ചു.
ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിന് ന്യായാധിപന്മാരാക്കി.
2 അദ്ദേഹത്തിന്റെ ആദ്യജാതന് യോവേൽ എന്നും രണ്ടാമത്തെ പുത്രന് അബീയാവ് എന്നും പേരായിരുന്നു; അവർ ആയിരുന്നു ബേർ-ശേബയിലെ ന്യായാധിപന്മാർ.
അവന്റെ ആദ്യജാതനു യോവേൽ എന്നും രണ്ടാമത്തെ മകന് അബീയാവ് എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തു.
3 ശമുവേലിന്റെ പുത്രന്മാർ അദ്ദേഹത്തിന്റെ മാർഗം പിൻതുടർന്നില്ല. അവർ ദ്രവ്യാഗ്രഹികളായി കോഴവാങ്ങുകയും ന്യായം അട്ടിമറിക്കുകയും ചെയ്തു.
ശമുവേലിന്റെ പുത്രന്മാർ അവനെപ്പോലെ അല്ലായിരുന്നു. അവർ ദുരാഗ്രഹികളും, കൈക്കൂലി വാങ്ങുന്നവരും, അനീതി പ്രവർത്തിക്കുന്നവരും ആയിരുന്നു.
4 അതിനാൽ ഇസ്രായേലിലെ ഗോത്രത്തലവന്മാർ ഒരുമിച്ചുകൂടി രാമായിൽ ശമുവേലിന്റെ അടുക്കൽവന്നു.
അതുകൊണ്ട് യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽവന്ന്, അവനോട്:
5 അവർ അദ്ദേഹത്തോട്: “അങ്ങ് ഇപ്പോൾ വൃദ്ധനായിരിക്കുന്നു; അങ്ങയുടെ പുത്രന്മാർ അങ്ങയുടെ മാർഗം പിൻതുടരുന്നില്ല. അതിനാൽ മറ്റു ജനതകൾക്കുള്ളതുപോലെ ഞങ്ങളെ നയിക്കാൻ ഒരു രാജാവിനെ നിയോഗിച്ചുതന്നാലും!” എന്നപേക്ഷിച്ചു.
“നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; അതിനാൽ എല്ലാ ജാതികൾക്കും ഉള്ളതുപോലെ, ഞങ്ങളെ ഭരിക്കേണ്ടതിന് ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണം”. എന്നു പറഞ്ഞു.
6 എന്നാൽ “ഞങ്ങളെ നയിക്കാൻ ഞങ്ങൾക്കൊരു രാജാവിനെ തരിക,” എന്ന് അവർ പറഞ്ഞത് ശമുവേലിന് അപ്രീതിയായി. അദ്ദേഹം യഹോവയോടു പ്രാർഥിച്ചു.
ഞങ്ങളെ ഭരിക്കേണ്ടതിന് രാജാവിനെ തരേണമെന്ന് അവർ പറഞ്ഞ കാര്യം ശമൂവേലിന് ഇഷ്ടമായില്ല. ശമൂവേൽ യഹോവയോട് പ്രാർത്ഥിച്ചു.
7 യഹോവ അദ്ദേഹത്തോട് ഇപ്രകാരം അരുളിച്ചെയ്തു: “ജനം നിന്നോടു പറയുന്നതെല്ലാം ശ്രദ്ധിച്ചുകേൾക്കുക! അവർ നിന്നെയല്ല, അവരുടെ രാജാവെന്ന നിലയിൽ എന്നെയാണ് തിരസ്കരിച്ചിരിക്കുന്നത്.
യഹോവ ശമൂവേലിനോട് ഇപ്രകാരം അരുളിച്ചെയ്തു: “ജനം നിന്നോട് പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്കുക, അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതിരിക്കുവാൻ, എന്നെയാണ് ഉപേക്ഷിച്ചിരിക്കുന്നത്.
8 ഞാൻ അവരെ ഈജിപ്റ്റിൽനിന്ന് വിടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിക്കുകയും അന്യദൈവങ്ങളെ സേവിക്കുകയും ചെയ്ത് എന്നോടു കാണിച്ച തിന്മതന്നെ അവർ നിന്റെനേരേയും കാണിക്കുന്നു.
ഞാൻ അവരെ മിസ്രയീമിൽനിന്ന് വിടുവിച്ച ദിവസംമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിക്കുകയും, അന്യദൈവങ്ങളെ സേവിക്കുകയും ചെയ്തു. അവർ അതുപോലെ തന്നെ നിന്നോടും ചെയ്യുന്നു.
9 ഇപ്പോൾ അവർ പറയുന്നതു കേൾക്കുക. എന്നിരുന്നാലും അവരെ ഗൗരവപൂർവം താക്കീതു ചെയ്യുക. ഭരിക്കാൻപോകുന്ന രാജാവിന്റെ അവകാശങ്ങൾ എന്തെല്ലാമായിരിക്കുമെന്ന് അവരെ അറിയിക്കുക.”
അതുകൊണ്ട് അവരുടെ അപേക്ഷ കേൾക്കണം; എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാവിന്റെ പ്രവർത്തനരീതി അവരോടു കൃത്യമായി വിവരിക്കേണം.
10 അങ്ങനെ ഒരു രാജാവിനെ ചോദിച്ചുകൊണ്ട് തന്റെ അടുത്തുവന്ന ജനത്തെ ശമുവേൽ യഹോവയുടെ വാക്കുകളെല്ലാം അറിയിച്ചു.
൧൦അങ്ങനെ രാജാവിനായി അപേക്ഷിച്ച ജനത്തോട് ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു:
11 അദ്ദേഹം പറഞ്ഞു: “നിങ്ങളെ ഭരിക്കാൻപോകുന്ന രാജാവിന്റെ അവകാശങ്ങൾ ഇതൊക്കെ ആയിരിക്കും: അയാൾ നിങ്ങളുടെ പുത്രന്മാരെ തന്റെ തേരാളികളും കുതിരച്ചേവകരുമായി നിയോഗിക്കും. അവർക്ക് അയാളുടെ രഥങ്ങൾക്കുമുമ്പിൽ ഓടേണ്ടതായി വരും.
൧൧“നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവിന്റെ പ്രവർത്തനരീതി ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ അവന് തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങൾക്കു മുമ്പെ അവർ ഓടേണ്ടി വരും.
12 ചിലരെ അയാൾ ആയിരങ്ങളുടെയും അൻപതുകളുടെയും അധിപന്മാരായി നിയമിക്കും. മറ്റുചിലരെ തന്റെ നിലം ഉഴുവാനും വിളവു കൊയ്യാനും യുദ്ധത്തിനുവേണ്ടിയുള്ള ആയുധങ്ങൾ നിർമിക്കാനും രഥസാമഗ്രികൾ ഉണ്ടാക്കുന്നതിനും നിയോഗിക്കും.
൧൨അവൻ അവരെ ആയിരം പേർക്കും അമ്പത് പേർക്കും മേലധികാരികളാക്കും; തന്റെ നിലം കൃഷി ചെയ്യുവാനും തന്റെ വിള കൊയ്യുവാനും തന്റെ യുദ്ധ ആയുധങ്ങൾ ഉണ്ടാക്കുവാനും അവരെ നിയമിക്കും.
13 നിങ്ങളുടെ പുത്രിമാരെ അയാൾ സുഗന്ധലേപനം നിർമിക്കുന്നതിനും പാചകത്തിനും അപ്പം ഉണ്ടാക്കുന്നതിനും നിയമിക്കും.
൧൩അവൻ നിങ്ങളുടെ പുത്രിമാരെ, വാസനതൈലം വിൽക്കുന്നവരും, പാചകക്കാരികളും പലഹാരം ഉണ്ടാക്കുന്നവരും ആയി നിയമിക്കും.
14 നിങ്ങളുടെയെല്ലാം വിശേഷപ്പെട്ട വയലുകളും മുന്തിരിത്തോപ്പുകളും ഒലിവുമരത്തോട്ടങ്ങളും അയാൾ നിങ്ങളിൽനിന്ന് അപഹരിച്ച് തന്റെ ഭൃത്യന്മാർക്ക് കൊടുക്കും.
൧൪അവൻ നിങ്ങളുടെ ഏറ്റവും നല്ല നിലങ്ങളും, മുന്തിരിത്തോട്ടങ്ങളും, ഒലിവുതോട്ടങ്ങളും തന്റെ ഭൃത്യന്മാർക്ക് കൊടുക്കും.
15 നിങ്ങളുടെ ധാന്യവിളവിന്റെയും മുന്തിരിപ്പഴവിളവിന്റെയും ദശാംശം അയാൾ വാങ്ങിച്ച് തന്റെ ഉദ്യോഗസ്ഥന്മാർക്കും സേവകർക്കും നൽകും.
൧൫അവൻ നിങ്ങളുടെ ധാന്യങ്ങളിലും മുന്തിരികളിലും ദശാംശം എടുത്ത് തന്റെ ഉദ്യോഗസ്ഥർക്കും ഭൃത്യന്മാർക്കും കൊടുക്കും.
16 നിങ്ങളുടെ ദാസന്മാരിലും ദാസികളിലും കന്നുകാലികളിലും കഴുതകളിലും ഏറ്റവും നല്ലതിനെയും അയാൾ തന്റെ ഉപയോഗത്തിനായി എടുക്കും.
൧൬അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും, സുന്ദരന്മാ‍രായ യുവാക്കളെയും കഴുതകളെയും പിടിച്ച് തനിക്ക് വേല ചെയ്യുന്നവർ ആക്കും.
17 അയാൾ നിങ്ങളുടെ ആട്ടിൻപറ്റത്തിൽനിന്നു ദശാംശം എടുക്കും; നിങ്ങൾപോലും അയാളുടെ അടിമകളായിത്തീരും.
൧൭അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്ന് എടുക്കും; നിങ്ങൾ അവന് ദാസന്മാരായ്തീരും.
18 ആ ദിവസം വരുമ്പോൾ നിങ്ങൾ തെരഞ്ഞെടുത്ത രാജാവിൽനിന്നുള്ള വിടുതലിനായി നിങ്ങൾ നിലവിളിക്കും, എന്നാൽ അന്ന് യഹോവ നിങ്ങൾക്ക് ഉത്തരമരുളുകയുമില്ല.”
൧൮നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവ് കാരണം നിങ്ങൾ അന്ന് നിലവിളിക്കും; എന്നാൽ യഹോവ അന്ന് ഉത്തരമരുളുകയില്ല”.
19 എന്നാൽ ശമുവേലിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാൻ ജനത്തിനു സമ്മതമായില്ല. അവർ പറഞ്ഞു: “അല്ല, ഞങ്ങളെ ഭരിക്കുന്നതിനായി ഞങ്ങൾക്കൊരു രാജാവിനെ വേണം!
൧൯എന്നാൽ ശമൂവേലിന്റെ വാക്കുകൾ ശ്രദ്ധിക്കുവാൻ ജനത്തിന് മനസ്സില്ലായിരുന്നു: “അല്ല, ഞങ്ങൾക്ക് ഒരു രാജാവ് വേണം,
20 അപ്പോൾമാത്രമേ ഞങ്ങൾക്കുചുറ്റുമുള്ള രാഷ്ട്രങ്ങളെപ്പോലെ ഞങ്ങളും ആയിത്തീരുകയുള്ളൂ. ഞങ്ങളെ നയിക്കുന്നതിനും ഞങ്ങൾക്കുമുമ്പായി പുറപ്പെട്ട് ഞങ്ങളുടെ യുദ്ധങ്ങൾ നയിക്കുന്നതിനുമായി ഞങ്ങൾക്കൊരു രാജാവിനെ വേണം.”
൨൦എല്ലാ ജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന് ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നയിക്കുകയും വേണം” എന്നു അവർ പറഞ്ഞു.
21 ശമുവേൽ ജനത്തിന്റെ വാക്കുകളെല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവയെല്ലാം യഹോവയുടെ സന്നിധിയിൽ അറിയിച്ചു.
൨൧ശമൂവേൽ ജനത്തിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേട്ട് യഹോവയോട് അറിയിച്ചു.
22 യഹോവ അദ്ദേഹത്തോട്: “അവരുടെ വാക്കുകേട്ട്, അവർക്കൊരു രാജാവിനെ വാഴിച്ചു കൊടുക്കുക!” എന്നു കൽപ്പിച്ചു. അതിനുശേഷം ശമുവേൽ ഇസ്രായേൽജനത്തോട്: “ഓരോരുത്തനും താന്താങ്ങളുടെ പട്ടണത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളൂ!” എന്നു പറഞ്ഞു.
൨൨യഹോവ ശമൂവേലിനോട്: “അവരുടെ വാക്ക് കേട്ട് അവർക്ക് ഒരു രാജാവിനെ കൊടുക്കുക” എന്നു കല്പിച്ചു. ശമൂവേൽ യിസ്രായേല്യരോട്: “നിങ്ങൾ ഓരോരുത്തരും അവരവരുടെ പട്ടണത്തിലേക്ക് പൊയ്ക്കൊൾക” എന്നു പറഞ്ഞു.

< 1 ശമൂവേൽ 8 >