< 1 ശമൂവേൽ 6 >
1 ഏഴുമാസക്കാലം യഹോവയുടെ പേടകം ഫെലിസ്ത്യരുടെ ദേശത്തായിരുന്നു.
൧യഹോവയുടെ പെട്ടകം ഏഴു മാസം ഫെലിസ്ത്യദേശത്ത് ആയിരുന്നു.
2 ഫെലിസ്ത്യർ പുരോഹിതന്മാരെയും ദേവപ്രശ്നംവെക്കുന്നവരെയും വിളിച്ചുവരുത്തി അവരോട്: “യഹോവയുടെ പേടകം നാം എന്തു ചെയ്യണം? അതിന്റെ സ്ഥാനത്തേക്കു നാം അതെങ്ങനെ തിരിച്ചയയ്ക്കണം എന്നു പറഞ്ഞുതന്നാലും” എന്നു പറഞ്ഞു.
൨എന്നാൽ ഫെലിസ്ത്യർ പുരോഹിതന്മാരെയും പ്രശ്നക്കാരെയും വരുത്തി: “നാം യഹോവയുടെ പെട്ടകം സംബന്ധിച്ച് എന്ത് ചെയ്യേണം? അതിനെ അതിന്റെ സ്ഥലത്തേക്ക് എങ്ങനെയാണ് തിരിച്ചയക്കേണ്ടത്?” എന്ന് അവർ ചോദിച്ചു.
3 അവർ മറുപടി പറഞ്ഞു: “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നിങ്ങൾ തിരിച്ചയയ്ക്കുന്നു എങ്കിൽ അത് ഒരു പ്രായശ്ചിത്തംകൂടാതെ ആയിരിക്കരുത്; തീർച്ചയായും ഒരു അകൃത്യയാഗംകൂടി കൊടുത്തയയ്ക്കണം. അപ്പോൾ നിങ്ങൾക്ക് സൗഖ്യം ലഭിക്കും. അവിടത്തെ കൈ നിങ്ങളിൽനിന്നു പിൻവലിക്കാതിരുന്നതിന്റെ കാരണവും നിങ്ങൾക്കു മനസ്സിലാകും.”
൩അതിന് അവർ: “നിങ്ങൾ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം വിട്ടയയ്ക്കുന്നു എങ്കിൽ വെറുതെ അയക്കാതെ, പ്രായശ്ചിത്തമായി ഒരു വഴിപാട് അവന് കൊടുത്തയക്കേണം; അപ്പോൾ നിങ്ങൾക്ക് സൗഖ്യം വരും; യഹോവയുടെ ശിക്ഷ നിങ്ങളെ വിട്ടുമാറാതെ ഇരിക്കുന്നത് എന്ത് എന്ന് നിങ്ങൾക്ക് അറിയാം” എന്നു പറഞ്ഞു.
4 “അകൃത്യയാഗമായി ഞങ്ങൾ എന്താണു കൊടുത്തുവിടേണ്ടത്?” എന്നു ചോദിച്ചു. അതിന് അവർ ഇപ്രകാരം മറുപടി പറഞ്ഞു: “ഫെലിസ്ത്യഭരണാധിപന്മാരുടെ സംഖ്യയ്ക്കൊത്തവിധം സ്വർണംകൊണ്ടുള്ള അഞ്ചുമൂലക്കുരുവും അഞ്ചു സ്വർണ എലിയും കൊടുത്തുവിടണം. കാരണം, ഈ ബാധകൾതന്നെയാണല്ലോ നിങ്ങളെയും നിങ്ങളുടെ ഭരണാധിപന്മാരെയും പീഡിപ്പിച്ചിരുന്നത്.
൪“ഞങ്ങൾ അവന് കൊടുത്തയക്കേണ്ട പ്രായശ്ചിത്തം എന്ത്?” എന്ന് ചോദിച്ചതിന് അവർ പറഞ്ഞത്: “ഫെലിസ്ത്യ പ്രഭുക്കന്മാരുടെ എണ്ണത്തിനനുസരിച്ച് സ്വർണ്ണം കൊണ്ടുള്ള അഞ്ച് മൂലക്കുരുക്കളും, സ്വർണ്ണം കൊണ്ടുള്ള അഞ്ച് എലികളും കൊടുക്കണം; നിങ്ങൾക്കും നിങ്ങളുടെ പ്രഭുക്കന്മാർക്കും ഒരേ ബാധ ആയിരുന്നല്ലോ ഉണ്ടായിരുന്നത്.
5 നിങ്ങളെ ബാധിച്ച മൂലക്കുരുക്കളുടെയും നിങ്ങളുടെ നാടു നശിപ്പിച്ച എലികളുടെയും പ്രതിരൂപങ്ങൾ സ്വർണത്തിൽ തീർത്ത് ഇസ്രായേലിന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്യുക! ഒരുപക്ഷേ നിങ്ങളിൽനിന്നും നിങ്ങളുടെ ദേവന്മാരിൽനിന്നും നിങ്ങളുടെ നാട്ടിൽനിന്നും യഹോവ തന്റെ കൈ പിൻവലിച്ചേക്കാം.
൫അതുകൊണ്ട് നിങ്ങൾ നിങ്ങളെ ബാധിച്ച മൂലക്കുരുവിന്റെയും, നിങ്ങളുടെ ദേശത്തെ നശിപ്പിക്കുന്ന എലിയുടെയും പ്രതിമകൾ ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിന് മുമ്പിൽ കാഴ്ച വെയ്ക്കണം; ഒരുവേള യഹോവ തന്റെ ശിക്ഷ നിങ്ങളിൽനിന്നും, നിങ്ങളുടെ ദേവന്മാരിൽനിന്നും, നിങ്ങളുടെ ദേശത്തിൽ നിന്നും നീക്കും.
6 ഈജിപ്റ്റുകാരും ഫറവോനും ചെയ്തതുപോലെ നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കുന്നതെന്തിന്? യഹോവ യാതൊരു ദയയുമില്ലാതെ അവരോട് ഇടപെട്ടതിനുശേഷംമാത്രമല്ലേ അവർ ഇസ്രായേലിനെ വിട്ടയയ്ക്കുകയും പോകുകയും ചെയ്തത്?
൬മിസ്രയീമ്യരും ഫറവോനും അവരുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത് എന്തിന്? അവരുടെ ഇടയിൽ അത്ഭുതം പ്രവൃത്തിച്ച ശേഷം ആണല്ലോ മിസ്രയീമ്യർ യിസ്രായേല്യരെ വിട്ടയക്കയും, അവർ പോകയും ചെയ്തത്.
7 “ഇപ്പോൾത്തന്നെ, ഒരു പുതിയ വണ്ടി ഉണ്ടാക്കുക. കറവയുള്ളതും ഒരിക്കലും നുകം വെച്ചിട്ടില്ലാത്തതുമായ രണ്ടു പശുക്കളെ കൊണ്ടുവന്ന് വണ്ടിയുടെ നുകത്തിൽ കെട്ടുക. അവയുടെ കിടാങ്ങളെ വേർപെടുത്തി തൊഴുത്തിൽ അടച്ചിടുക!
൭അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി, നുകം വെച്ചിട്ടില്ലാത്ത, കറവയുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന്, വണ്ടിക്ക് കെട്ടുക. എന്നാൽ അവയുടെ കുഞ്ഞുങ്ങളെ അവയുടെ അടുക്കൽനിന്ന് വീട്ടിൽ തിരിച്ച് കൊണ്ടുപോകുക.
8 യഹോവയുടെ പേടകം എടുത്ത് വണ്ടിയിൽ വെക്കുക! അതിന്റെ പാർശ്വത്തിൽ ഒരു പെട്ടിയിൽ നിങ്ങൾ അകൃത്യയാഗമായി കൊടുത്തയയ്ക്കുന്ന സ്വർണസാധനങ്ങളും വെക്കുക! പിന്നെ വണ്ടി അതിന്റെ വഴിക്കു വിട്ടയയ്ക്കുക.
൮പിന്നെ യഹോവയുടെ പെട്ടകം എടുത്ത് വണ്ടിയിൽ വെക്കുക; നിങ്ങൾ അവന് പ്രായശ്ചിത്തമായി കൊടുത്തയക്കുന്ന സ്വർണ്ണ രൂപങ്ങൾ ഒരു ചെല്ലത്തിൽ അതിനരികെവച്ചു വണ്ടി തനിച്ച് പോകുവാൻ അനുവദിക്കുക.
9 എന്നാൽ നിങ്ങൾ അതിനെ നിരീക്ഷിക്കണം; അത് സ്വന്തം ദേശമായ ബേത്-ശേമെശിലേക്ക് പോകുന്നെങ്കിൽ യഹോവ ആകുന്നു ഈ മഹാവിപത്തു നമ്മുടെമേൽ വരുത്തിയതെന്നു നമുക്കു മനസ്സിലാക്കാം. അങ്ങനെയല്ലെങ്കിൽ നമ്മെ പീഡിപ്പിച്ചത് യഹോവയുടെ കൈ അല്ലെന്നും യാദൃച്ഛികമായി അപ്രകാരം സംഭവിച്ചതാണെന്നും നമുക്കു മനസ്സിലാകും.”
൯പിന്നെ അതിനെ ശ്രദ്ധിക്കുവിൻ: അത് ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്ക് പോകുന്നു എങ്കിൽ യഹോവ തന്നേയാകുന്നു നമുക്ക് ഈ വലിയ ദുരിതം വരുത്തിയത്; അല്ലെങ്കിൽ നമ്മെ ബാധിച്ചത് യഹോവയുടെ ശിക്ഷയല്ല, അവിചാരിതമായി സംഭവിച്ചതാണ് എന്ന് അറിയുക”.
10 അവർ അപ്രകാരംചെയ്തു. അവർ കറവയുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന് വണ്ടിയുടെ നുകത്തിൽ കെട്ടി; അവയുടെ കാളക്കിടാങ്ങളെ തൊഴുത്തിൽ അടച്ചുമിട്ടു.
൧൦അവർ അങ്ങനെ തന്നേ ചെയ്തു; പാൽ തരുന്ന രണ്ടു പശുക്കളെ വരുത്തി വണ്ടിക്ക് കെട്ടി, അവയുടെ കിടാക്കളെ വീട്ടിൽ ഇട്ട് അടച്ചു.
11 സ്വർണനിർമിതമായ എലികളും മൂലക്കുരുക്കളുടെ പ്രതിരൂപങ്ങളും അടക്കംചെയ്ത പെട്ടിസഹിതം, അവർ യഹോവയുടെ പേടകം കൊണ്ടുവന്ന് ആ വണ്ടിയിൽവെച്ചു.
൧൧പിന്നെ അവർ യഹോവയുടെ പെട്ടകവും, സ്വർണ്ണം കൊണ്ടുള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന പെട്ടിയും വണ്ടിയിൽ വെച്ചു.
12 അപ്പോൾ പശുക്കൾ നേരേ ബേത്-ശേമെശിലേക്ക്, ഇടംവലം തിരിയാതെ പെരുവഴിയിലൂടെ കരഞ്ഞുകൊണ്ട് മുമ്പോട്ടുപോയി. ഫെലിസ്ത്യഭരണാധിപന്മാർ ബേത്-ശേമെശിന്റെ അതിർത്തിവരെയും അവയെ പിൻതുടർന്നു.
൧൨ആ പശുക്കൾ നേരേ ബേത്ത്-ശേമെശിലേക്ക് പോയി: അവ കരഞ്ഞുകൊണ്ട് വലത്തോട്ടോ ഇടത്തോട്ടോ മാറാതെ, പെരുവഴിയിൽകൂടി തന്നെ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിർവരെ പിന്തുടർന്നു.
13 ആ സമയം ബേത്-ശേമെശിലെ ജനങ്ങൾ താഴ്വരയിൽ ഗോതമ്പു കൊയ്യുകയായിരുന്നു; അവർ തലയുയർത്തിനോക്കി; യഹോവയുടെ ഉടമ്പടിയുടെ പേടകം കണ്ടപ്പോൾ, അവർ ആഹ്ലാദിച്ചു.
൧൩ആ സമയം ബേത്ത്-ശേമെശ്യർ താഴ്വരയിൽ ഗോതമ്പ് കൊയ്യുകയായിരുന്നു: അവർ തല ഉയർത്തി പെട്ടകം കണ്ടപ്പോൾ സന്തോഷിച്ചു.
14 ബേത്-ശേമെശുകാരനായ യോശുവയുടെ വയലിന്നരികെ വണ്ടിയെത്തി; അവിടെ ഒരു വലിയ പാറയുടെ അരികത്തു വണ്ടിനിന്നു. ജനം വണ്ടിയുടെ തടി വെട്ടിക്കീറി പശുക്കളെ യഹോവയ്ക്കു ഹോമയാഗമായി അർപ്പിച്ചു.
൧൪വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ വന്ന് നിന്നു: അവിടെ ഒരു വലിയ കല്ല് ഉണ്ടായിരുന്നു; അവർ വണ്ടിക്ക് ഉപയോഗിച്ച തടി വെട്ടിക്കീറി പശുക്കളെ യഹോവയ്ക്ക് ഹോമയാഗം കഴിച്ചു.
15 ലേവ്യർ യഹോവയുടെ പേടകം സ്വർണരൂപങ്ങൾ അടക്കംചെയ്തിരുന്ന പെട്ടിസഹിതം ഇറക്കി ആ വലിയ പാറപ്പുറത്ത് വെച്ചു. അന്ന് ബേത്-ശേമെശിലെ ജനം യഹോവയ്ക്കു ഹോമയാഗങ്ങളും മറ്റുയാഗങ്ങളും അർപ്പിച്ചു.
൧൫ലേവ്യർ യഹോവയുടെ പെട്ടകവും സ്വർണ്ണ രൂപങ്ങൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വെച്ചു; ബേത്ത്-ശേമെശ്യർ അന്ന് യഹോവയ്ക്ക് ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു.
16 അഞ്ചു ഫെലിസ്ത്യഭരണാധിപന്മാരും ഇവയെല്ലാം കണ്ടതിനുശേഷം അന്നുതന്നെ എക്രോനിലേക്കു മടങ്ങി.
൧൬ഫെലിസ്ത്യ പ്രഭുക്കന്മാർ എല്ലാവരും ഇത് കണ്ടതിന് ശേഷം അന്നുതന്നെ എക്രോനിലേക്ക് മടങ്ങിപ്പോയി.
17 ഫെലിസ്ത്യർ യഹോവയ്ക്ക് അകൃത്യയാഗമായി കൊടുത്തുവിട്ട സ്വർണമൂലക്കുരുക്കൾ, അശ്ദോദിനും ഗസ്സയ്ക്കും അസ്കലോനും ഗത്തിനും എക്രോനും ഓരോന്നു വീതമായിരുന്നു.
൧൭ഫെലിസ്ത്യർ യഹോവയ്ക്ക് പ്രായശ്ചിത്തമായി കൊടുത്തയച്ച സ്വർണ്ണം കൊണ്ടുള്ള മൂലക്കുരുക്കൾ അസ്തോദിന് ഒന്ന്, ഗസ്സയ്ക്കു് ഒന്ന്, അസ്കലോന് ഒന്ന്, ഗത്തിന് ഒന്ന്, എക്രോന് ഒന്ന് ഇങ്ങനെയായിരുന്നു.
18 സ്വർണ എലികളുടെ എണ്ണവും ഫെലിസ്ത്യഭരണാധിപന്മാരുടെ അധീനതയിലുള്ള നഗരങ്ങളുടെ—സംരക്ഷിതനഗരങ്ങളും അവയോടുചേർന്ന നാട്ടിമ്പുറങ്ങളിലുള്ള ഗ്രാമങ്ങളുടെ—എണ്ണത്തിനൊത്തവിധം ആയിരുന്നു. ബേത്-ശേമെശുകാരൻ യോശുവയുടെ വയലിലുണ്ടായിരുന്നതും യഹോവയുടെ പേടകം ഇറക്കിവെച്ചതുമായ പാറ ഇന്നുവരെയും ഈ സംഭവത്തിന് ഒരു സാക്ഷ്യമായിരിക്കുന്നു.
൧൮സ്വർണ്ണം കൊണ്ടുള്ള എലികൾ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുംപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ച് പ്രഭുക്കന്മാർക്കുള്ള എല്ലാ ഫെലിസ്ത്യ പട്ടണങ്ങളുടെയും എണ്ണത്തിന് തുല്ല്യം ആയിരുന്നു. അവർ യഹോവയുടെ പെട്ടകം ഇറക്കിവച്ച വലിയ കല്ല് ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ട്.
19 യഹോവയുടെ പേടകത്തിനുള്ളിലേക്കു നോക്കിയതിനാൽ ബേത്-ശേമെശുകാരിൽ ചിലരെ ദൈവം സംഹരിച്ചു; അവരിൽ എഴുപതുപേരെ മരണത്തിനിരയാക്കി. യഹോവ അവരുടെമേൽ ഏൽപ്പിച്ച കനത്തപ്രഹരംമൂലം ജനം വിലപിച്ചു.
൧൯ബേത്ത്-ശേമെശ്യർ യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ട് യഹോവ അവരെ സംഹരിച്ചു; അവൻ ജനത്തിൽ 5,0070 പേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തിൽ ഒരു മഹാസംഹാരം ചെയ്തതുകൊണ്ട് ജനം വിലപിച്ചു:
20 ബേത്-ശേമെശുകാർ പറഞ്ഞു: “യഹോവയുടെ സന്നിധിയിൽ, ഈ പരിശുദ്ധനായ ദൈവത്തിന്റെസന്നിധിയിൽ നിൽക്കാൻ ആർക്കു കഴിയും? നമുക്ക് ഇവിടെനിന്ന് ഈ പേടകം എങ്ങോട്ട് അയയ്ക്കാൻ കഴിയും?”
൨൦“ഈ പരിശുദ്ധദൈവമായ യഹോവയുടെ മുമ്പാകെ നില്പാൻ ആർക്ക് കഴിയും? യഹോവ ഞങ്ങളെ വിട്ട് ആരുടെ അടുക്കൽ പോകും” എന്ന് ബേത്ത്-ശേമെശ്യർ പറഞ്ഞു.
21 അതിനുശേഷം അവർ കിര്യത്ത്-യെയാരീമിലേക്കു ദൂതന്മാരെ അയച്ചു പറയിച്ചു: “യഹോവയുടെ പേടകം ഫെലിസ്ത്യർ തിരികെ അയച്ചിരിക്കുന്നു. നിങ്ങൾ വന്ന് അത് ഏറ്റെടുത്ത് നിങ്ങളുടെ അടുക്കലേക്കു കൊണ്ടുപോകുക!”
൨൧അവർ കിര്യത്ത്-യെയാരീമിൽ താമസിക്കുന്നവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു: “ഫെലിസ്ത്യർ യഹോവയുടെ പെട്ടകം മടക്കി അയച്ചിരിക്കുന്നു; നിങ്ങൾ വന്ന് അതിനെ നിങ്ങളുടെ അടുക്കൽ കൊണ്ടുപോകുവിൻ” എന്നു പറയിച്ചു.