< 1 ശമൂവേൽ 2 >

1 ഈ സംഭവത്തിനുശേഷം ഹന്നാ ഇപ്രകാരം പ്രാർഥിച്ചു: “എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പ് യഹോവയിൽ ഉയർന്നിരിക്കുന്നു. എന്റെ അധരങ്ങൾ എന്റെ ശത്രുക്കൾക്കെതിരേ പ്രശംസിക്കുന്നു, കാരണം ഞാൻ അങ്ങയുടെ രക്ഷയിൽ ആഹ്ലാദിക്കുന്നു.
അതിനുശേഷം ഹന്നാ ഇങ്ങനെ പ്രാർത്ഥിച്ചു: “എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പ് യഹോവയാൽ ഉയര്‍ന്നിരിക്കുന്നു; അങ്ങയുടെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നതുകൊണ്ട്; ഞാൻ എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാക്കുന്നു;
2 “യഹോവയെപ്പോലെ പരിശുദ്ധൻ ആരുമില്ല; അങ്ങയെപ്പോലെ വേറാരുമില്ല! നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയില്ല.
യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; അങ്ങല്ലാതെ മറ്റാരുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.
3 “അഹന്തയോടെ ഇനിയും നിങ്ങൾ സംസാരിക്കരുത്! നിങ്ങളുടെ അധരം അഹങ്കാരം ഉരിയാടാതിരിക്കട്ടെ! കാരണം യഹോവ സർവജ്ഞനായ ദൈവമാകുന്നു; അവിടന്ന് പ്രവൃത്തികളെ തൂക്കിനോക്കുന്നു.
അഹങ്കാരത്തോടെ ഇനി സംസാരിക്കരുത്; നിങ്ങളുടെ വായിൽനിന്ന് ഡംഭമുള്ള വാക്കുകൾ പുറപ്പെടരുത്. യഹോവ സർവ്വജ്ഞാനമുള്ള ദൈവം; അവിടുന്ന് പ്രവൃത്തികളെ തൂക്കിനോക്കുന്നു
4 “വീരന്മാരുടെ വില്ല് ഒടിഞ്ഞുപോയി; കാലിടറിയവരോ, ബലം ധരിച്ചിരിക്കുന്നു.
വീരന്മാരുടെ വില്ലു ഒടിഞ്ഞുപോകുന്നു; ബലഹീനർ ശക്തി പ്രാപിക്കുന്നു.
5 സുഭിക്ഷതയിലിരുന്നവർ ആഹാരത്തിനായി കൂലിപ്പണിക്കുപോകുന്നു; എന്നാൽ വിശന്നലഞ്ഞിരുന്നവർ സംതൃപ്തരായിരിക്കുന്നു. വന്ധ്യയായിരുന്നവൾ ഏഴുമക്കളെ പ്രസവിക്കുന്നു; എന്നാൽ പുത്രസമ്പന്ന വാടിത്തളരുന്നു.
മുൻകാലത്ത് സമ്പന്നരായിരുന്നവർ ഇപ്പോൾ ആഹാരത്തിനായി കൂലിക്ക് നില്ക്കുന്നു; വിശന്നവർ വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു; അനേകം മക്കൾ ഉള്ളവൾക്കു ആരും ആശ്രയമില്ലാതാകുന്നു.
6 “യഹോവ ജീവൻ എടുക്കുകയും ജീവൻ നൽകുകയുംചെയ്യുന്നു. അവിടന്ന് പാതാളത്തിലേക്ക് താഴ്ത്തുകയും കരകയറ്റുകയുംചെയ്യുന്നു. (Sheol h7585)
യഹോവ ജീവൻ എടുക്കുകയും ജീവൻ കൊടുക്കുകയും ചെയ്യുന്നു; പാതാളത്തിൽ ഇറക്കുകയും അവിടെനിന്ന് തിരികെ കയറ്റുകയും ചെയ്യുന്നു. (Sheol h7585)
7 ദാരിദ്ര്യവും സമ്പത്തും നൽകുന്നത് യഹോവതന്നെ; താഴ്ത്തുന്നതും ഉയർത്തുന്നതും അവിടന്നുതന്നെ.
യഹോവ ദാരിദ്ര്യവും സമ്പത്തും നല്കുന്നു; അവിടുന്ന് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു.
8 അവിടന്ന് ദരിദ്രരെ പൊടിയിൽനിന്ന് ഉയർത്തുന്നു എളിയവരെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്യുന്നു; അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ ഇരുത്തുന്നു മഹിമയുടെ സിംഹാസനത്തിന് അവരെ അവകാശികളാക്കുന്നു. “ഭൂമിയുടെ അടിസ്ഥാനങ്ങൾ യഹോവയുടേതാണ്; അവയുടെമേൽ അവിടന്ന് ഭൂതലത്തെ ഉറപ്പിച്ചിരിക്കുന്നു.
യഹോവ ദരിദ്രനെ പൊടിയിൽനിന്നു ഉയർത്തുന്നു; അഗതിയെ കുപ്പയിൽനിന്ന് എഴുന്നേല്പിക്കുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹത്വ സിംഹാസനം അവകാശമായി നല്കുവാനും തന്നേ. ഭൂമിയുടെ അടിസ്ഥാനങ്ങൾ യഹോവയ്ക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ ഉറപ്പിച്ചിരിക്കുന്നു.
9 തന്റെ വിശ്വസ്തസേവകരുടെ കാലടികളെ അവിടന്ന് കാക്കുന്നു, എന്നാൽ ദുഷ്ടർ അന്ധകാരത്തിൽ നിശ്ശബ്ദരായിപ്പോകുന്നു. “ശക്തിയാൽ ആരും ജയിക്കുന്നില്ല;
തന്റെ വിശുദ്ധന്മാരുടെ കാലുകളെ യഹോവ കാക്കുന്നു; ദുഷ്ടന്മാർ അന്ധകാരത്തിൽ നിശബ്ദരാകുന്നു; സ്വന്തശക്തിയാൽ ആരും ജയിക്കുകയില്ല.
10 യഹോവയോട് എതിർക്കുന്നവർ തകർന്നുപോകുന്നു. പരമോന്നതൻ അവർക്കെതിരേ ആകാശത്തുനിന്ന് ഇടിമുഴക്കുന്നു; യഹോവ അഖിലാണ്ഡത്തിന്റെ അതിർത്തികളെ ന്യായംവിധിക്കുന്നു. “അവിടന്നു തന്റെ രാജാവിനു ശക്തി നൽകുകയും തന്റെ അഭിഷിക്തന്റെ കൊമ്പ് ഉയർത്തുകയും ചെയ്യുന്നു.”
൧൦യഹോവയോടു എതിർക്കുന്നവൻ തകർന്നുപോകുന്നു; അവിടുന്ന് ആകാശത്തുനിന്ന് അവരുടെ മേൽ ഇടി വെട്ടിക്കുന്നു. യഹോവ ഭൂമിയെ മുഴുവൻ വിധിക്കുന്നു; തന്റെ രാജാവിന് ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ ശിരസ്സ് ഉയർത്തുന്നു”.
11 തുടർന്ന് എൽക്കാനാ രാമായിലുള്ള തന്റെ ഭവനത്തിലേക്കു പോയി. ബാലനായ ശമുവേലോ പുരോഹിതനായ ഏലിയുടെ കീഴിൽ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുപോന്നു.
൧൧പിന്നെ എല്‍ക്കാനാ രാമയിൽ തന്റെ വീട്ടിലേക്കു പോയി. ബാലൻ പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവയ്ക്ക് ശുശ്രൂഷ ചെയ്തുവന്നു.
12 ഏലിയുടെ പുത്രന്മാർ യഹോവയെ ആദരിക്കാത്ത ആഭാസന്മാർ ആയിരുന്നു.
൧൨എന്നാൽ ഏലിയുടെ പുത്രന്മാർ ദുഷ്പ്രവർത്തി ചെയ്യുന്നവരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു.
13 അന്ന് ജനങ്ങളുടെനേരേ ഈ പുരോഹിതന്മാർ പെരുമാറിയ വിധം ഇപ്രകാരമായിരുന്നു: ആരെങ്കിലും ഒരു യാഗം കഴിക്കാൻ വന്നാൽ, മാംസം വേവിക്കുന്ന സമയത്ത് കൈയിൽ ഒരു മുപ്പല്ലിയുമായി പുരോഹിതന്റെ സേവകൻ വരും;
൧൩ഈ പുരോഹിതന്മാർ ജനത്തോട് ഇപ്രകാരം ചെയ്തു: ആരെങ്കിലും യാഗം കഴിക്കുമ്പോൾ, മാംസം വേവിക്കുന്ന സമയത്ത് പുരോഹിതന്റെ ബാല്യക്കാരൻ കയ്യിൽ മുപ്പല്ലിയുമായി വന്ന്
14 ചട്ടിയിലോ ഉരുളിയിലോ കുട്ടകത്തിലോ കലത്തിലോ അയാൾ മുപ്പല്ലി കുത്തിത്താഴ്ത്തും; ആ മുപ്പല്ലിയിൽ പിടിച്ച മാംസം എത്രയായിരുന്നോ അത് പുരോഹിതൻ തനിക്കായി എടുക്കും. ശീലോവിലേക്കു വന്നിരുന്ന എല്ലാ ഇസ്രായേല്യരോടും അവർ ഇപ്രകാരമാണ് പെരുമാറിയിരുന്നത്.
൧൪കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതെല്ലാം പുരോഹിതൻ എടുക്കും. ശീലോവിൽ വരുന്ന എല്ലാ യിസ്രായേല്യരോടും അവർ അങ്ങനെ ചെയ്യും.
15 മേദസ്സു ഹോമിക്കുന്ന സമയത്തുപോലും പുരോഹിതന്റെ സേവകൻ വന്ന് യാഗമർപ്പിക്കുന്ന വ്യക്തിയോട്: “പുരോഹിതനു വറുക്കുന്നതിനായി മാംസം തരിക; അദ്ദേഹം നിങ്ങളിൽനിന്ന് വേവിച്ച മാംസം സ്വീകരിക്കുകയില്ല; അതിനാൽ പച്ചയായിത്തന്നെ തരിക” എന്നു പറയും.
൧൫മേദസ്സു ദഹിപ്പിക്കും മുമ്പെ പുരോഹിതന്റെ ബാല്യക്കാരൻ വന്ന് യാഗം കഴിക്കുന്നവനോടു: പുരോഹിതന് വറുക്കുന്നതിന് മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചത് അവൻ വാങ്ങുകയില്ല എന്ന് പറയും.
16 “മേദസ്സു ഹോമിച്ചു കഴിയട്ടെ! അതു കഴിഞ്ഞു നിങ്ങൾക്കിഷ്ടമുള്ളത് എടുക്കാമല്ലോ” എന്ന് ആ മനുഷ്യൻ പറഞ്ഞാൽ ഉടൻതന്നെ സേവകൻ ഇങ്ങനെ മറുപടി പറയും: “അതുപോരാ! അതിപ്പോൾത്തന്നെ തരിക; അല്ലെങ്കിൽ ഞാൻ അതു ബലമായിത്തന്നെ എടുക്കും.”
൧൬മേദസ്സ് ദഹിപ്പിച്ചുകഴിയട്ടെ; അതിന്‍റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊൾക എന്ന് യാഗം കഴിക്കുന്നവൻ പറഞ്ഞാൽ ബാല്യക്കാരൻ അവനോട്: അല്ല, ഇപ്പോൾ തന്നേ തരണം; അല്ലെങ്കിൽ ഞാൻ ബലമായി എടുക്കും എന്ന് പറയും.
17 ഇങ്ങനെ യഹോവയ്ക്കുവേണ്ടി അർപ്പിക്കുന്ന യാഗങ്ങളുടെനേരേ ആ ചെറുപ്പക്കാർ അവജ്ഞയോടെയാണ് പെരുമാറിയിരുന്നത്. അതിനാൽ അവരുടെ പാപം യഹോവയുടെ ദൃഷ്ടിയിൽ വളരെ വലുതായിത്തീർന്നു.
൧൭ഇങ്ങനെ ഏലിയുടെ പുത്രന്മാർ യഹോവയുടെ വഴിപാടിനെ നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു.
18 എന്നാൽ ശമുവേൽ എന്ന ബാലൻ മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദ് ധരിച്ച് യഹോവയുടെമുമ്പാകെ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.
൧൮എന്നാൽ ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽ കൊണ്ടുള്ള അങ്കി ധരിച്ച് യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുവന്നു.
19 എല്ലാവർഷവും അവന്റെ അമ്മ അവനുവേണ്ടി ഓരോ ചെറിയ ഉടുപ്പുണ്ടാക്കിക്കുകയും ഭർത്താവിനോടൊത്ത് വാർഷികയാഗത്തിനായി വരുമ്പോൾ അത് അവനു കൊടുക്കുകയും ചെയ്യുമായിരുന്നു.
൧൯ശമുവേലിന്റെ അമ്മ എല്ലാ വർഷവും ഒരു ചെറിയ അങ്കി ഉണ്ടാക്കും. തന്റെ ഭർത്താവിനോടുകൂടെ എല്ലാ വർഷവുമുള്ള യാഗം അർപ്പിക്കുവാൻ വരുമ്പോൾ അത് ശമുവേലിന് കൊണ്ടുവന്ന് കൊടുക്കും.
20 ഏലി എൽക്കാനായെയും അദ്ദേഹത്തിന്റെ ഭാര്യയെയും അനുഗ്രഹിച്ച് ഇപ്രകാരം പറഞ്ഞിരുന്നു: “ഇവൾ പ്രാർഥിക്കുകയും, യഹോവയ്ക്കായി സമർപ്പിക്കുകയും ചെയ്ത പുത്രന്റെ സ്ഥാനത്ത് ദൈവം നിനക്ക് ഈ സ്ത്രീയിൽ മക്കളെ നൽകട്ടെ!” അതിനുശേഷം അവർ സ്വന്തം ഭവനത്തിലേക്കു മടങ്ങി.
൨൦എന്നാൽ ഏലി എല്‍ക്കാനായെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; “ഈ സ്ത്രീ യഹോവയ്ക്ക് സമർപ്പിച്ച ബാലന് പകരം, യഹോവ അവളിൽ നിന്ന് നിനക്ക് മക്കളെ നല്കുമാറാകട്ടെ” എന്ന് പറഞ്ഞു. പിന്നെ അവർ തങ്ങളുടെ വീട്ടിലേക്ക് പോയി.
21 യഹോവ ഹന്നായോടു കരുണ കാണിച്ചു. അവൾ മൂന്നു പുത്രന്മാർക്കും രണ്ടു പുത്രിമാർക്കും ജന്മംനൽകി. ഇതിനിടയിൽ ശമുവേൽ ബാലൻ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു.
൨൧യഹോവ ഹന്നായെ അനുഗ്രഹിച്ചു; അവൾ ഗർഭംധരിച്ച് മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലൻ യഹോവയുടെ സന്നിധിയിൽ വളർന്നു.
22 വളരെ വൃദ്ധനായ ഏലി തന്റെ പുത്രന്മാർ ഇസ്രായേൽജനത്തോട് ചെയ്തിരുന്ന എല്ലാ തിന്മകളെപ്പറ്റിയും കേട്ടു. സമാഗമകൂടാരവാതിൽക്കൽ ജോലി ചെയ്തിരുന്ന സ്ത്രീകളോടൊത്ത് അവർ കിടക്കപങ്കിടുന്ന വിവരവും അദ്ദേഹം അറിഞ്ഞു.
൨൨ഏലി വൃദ്ധനായി. അവന്റെ പുത്രന്മാർ എല്ലാ യിസ്രായേൽമക്കളോടും ചെയ്യുന്നതിനെക്കുറിച്ചും, സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതിനെക്കുറിച്ചും അവൻ കേട്ടു.
23 അദ്ദേഹം അവരെ വിളിച്ച് ഈ വിധം പറഞ്ഞു: “നിങ്ങൾ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്ത്? നിങ്ങളുടെ ഈ ദുഷ്‌പ്രവൃത്തികളെപ്പറ്റി ജനങ്ങളെല്ലാം പറയുന്നത് ഞാൻ കേൾക്കുന്നു.
൨൩അവൻ അവരോടു: “നിങ്ങൾ ഇങ്ങനെ പ്രവർത്തിക്കുന്നത് എന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ഈ ജനമൊക്കെയും പറഞ്ഞ് ഞാൻ കേൾക്കുന്നു.
24 അങ്ങനെ അരുത്. എന്റെ മക്കളേ, യഹോവയുടെ ജനത്തിന്റെ ഇടയിൽ നിങ്ങളെപ്പറ്റി പരന്നിരിക്കുന്നതായി ഞാൻ കേൾക്കുന്ന വാർത്ത നല്ലതല്ല.
൨൪അങ്ങനെ അരുത്, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ച് പരത്തുന്ന കേൾവി നന്നല്ല.
25 ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോടു പാപംചെയ്താൽ ദൈവം അയാൾക്കുവേണ്ടി മധ്യസ്ഥത വഹിക്കും; എന്നാൽ ഒരു മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ? അവർക്കുവേണ്ടി മധ്യസ്ഥതവഹിക്കാൻ ആരാണുള്ളത്?” എന്നാൽ അവർ തങ്ങളുടെ പിതാവിന്റെ ശാസന വകവെച്ചില്ല, കാരണം അവരെ മരണത്തിന് ഏൽപ്പിക്കുക എന്നതു ദൈവനിർണയമായിരുന്നു.
൨൫മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവന് വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവന് വേണ്ടി ആർ അപേക്ഷിക്കും എന്ന് പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ടു അവർ അപ്പന്റെ വാക്ക് അനുസരിച്ചില്ല.
26 ബാലനായ ശമുവേൽ വളരുന്തോറും യഹോവയുടെയും മനുഷ്യരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു.
൨൬ശമൂവേൽബാലനോ യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.
27 ഒരു ദിവസം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ പൂർവികരായ ഇസ്രായേല്യർ ഈജിപ്റ്റിൽ ഫറവോന്റെ അടിമത്തത്തിലായിരുന്നപ്പോൾ ഞാൻ അവർക്ക് എന്നെത്തന്നെ വ്യക്തമായി വെളിപ്പെടുത്തിയില്ലേ?
൨൭അതിനുശേഷം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽവന്ന് അവനോട് പറഞ്ഞത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ പിതൃഭവനം മിസ്രയീമിൽ ഫറവോന്റെ ഗൃഹത്തിന് അടിമകളായിരുന്നപ്പോൾ ഞാൻ എന്നെ അഹരോന് വെളിപ്പെടുത്തി.
28 എനിക്കു പുരോഹിതനായിരിക്കുന്നതിനും എന്റെ യാഗപീഠത്തിലേക്ക് അടുത്തുവരുന്നതിനും ധൂപവർഗം കത്തിക്കുന്നതിനും എന്റെ സന്നിധിയിൽ ഏഫോദു ധരിക്കുന്നതിനുംവേണ്ടി ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഞാൻ നിന്റെ പൂർവികരെ തെരഞ്ഞെടുത്തു. ഇസ്രായേൽമക്കൾ അഗ്നിയിലൂടെ അർപ്പിക്കുന്ന സകലനിവേദ്യങ്ങളും ഞാൻ നിന്റെ പൂർവികരുടെ കുടുംബങ്ങൾക്കു നൽകി.
൨൮എന്റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയിൽ ഏഫോദ് ധരിക്കുവാനും ഞാൻ അവനെ യിസ്രായേലിന്റെ സകലഗോത്രത്തിൽനിന്നും എനിക്ക് പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽ മക്കളുടെ സകലദഹനയാഗങ്ങളെയും ഞാൻ നിന്റെ പിതൃഭവനത്തിന് കൊടുത്തു.
29 എന്റെ തിരുനിവാസത്തിൽ ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ യാഗങ്ങളും വഴിപാടുകളും നിങ്ങൾ അവഹേളിക്കുന്നതെന്ത്? എന്റെ ജനമായ ഇസ്രായേൽ അർപ്പിക്കുന്ന വഴിപാടുകളിലെ വിശിഷ്ടഭാഗങ്ങൾകൊണ്ട് നിങ്ങൾ നിങ്ങളെത്തന്നെ കൊഴുപ്പിക്കുകയും അങ്ങനെ നീ എന്നെക്കാൾ കൂടുതലായി നിന്റെ മക്കളെ ആദരിക്കുകയും ചെയ്യുന്നതെന്ത്?’
൨൯തിരുനിവാസത്തിൽ അർപ്പിക്കുവാൻ ഞാൻ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങൾ നിന്ദിക്കുന്നത് എന്തിന്? എന്റെ ജനമായ യിസ്രായേലിന്റെ എല്ലാ വഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നെ കൊഴുപ്പിക്കുവാൻ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനിക്കുകയും ചെയ്യുന്നത് എന്ത്?
30 “അതിനാൽ ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്നേക്കും എന്റെമുമ്പാകെ ശുശ്രൂഷ ചെയ്യുമെന്നു ഞാൻ വാഗ്ദാനം ചെയ്തിരുന്നു, നിശ്ചയം.’ എന്നാൽ ഇപ്പോൾ ഞാൻ പ്രഖ്യാപിക്കുന്നു: ‘അങ്ങനെയൊന്ന് ഇനിയും എന്നിൽനിന്ന് ഉണ്ടാകാതിരിക്കട്ടെ. എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും, എന്നാൽ എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും.
൩൦അതുകൊണ്ട് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം ശുശ്രൂഷ ചെയ്യുമെന്ന് ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നത്: അങ്ങനെ ഒരിക്കലും ആകുകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും.
31 നിന്റെ കുടുംബത്തിൽ വാർധക്യത്തിലെത്തിയ ഒരു വ്യക്തിപോലും ഉണ്ടായിരിക്കാത്തവിധം ഞാൻ നിന്റെ ബലവും നിന്റെ പിതൃഭവനത്തിലെ ബലവും ക്ഷയിപ്പിക്കുന്ന നാൾ ഇതാ വരുന്നു!
൩൧നിന്റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാൻ നിന്റെയും നിന്റെ പിതൃഭവനത്തിന്റെയും ശക്തി തകർത്തുകളയുന്ന നാളുകൾ ഇതാ വരുന്നു.
32 ദൈവം ഇസ്രായേലിനു നൽകുന്ന എല്ലാ നന്മകളും നീ എന്റെ തിരുനിവാസത്തിൽ അസൂയയോടെ നോക്കിക്കാണും. നിന്റെ കുടുംബത്തിൽ ഒരുനാളും ആരും വാർധക്യത്തോളം എത്തുകയില്ല.
൩൨യിസ്രായേലിന് ലഭിപ്പാനുള്ള എല്ലാനന്മകളുടെയും മദ്ധ്യേ നീ തിരുനിവാസത്തിൽ ഒരു എതിരാളിയെ കാണും; നിന്റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധനും ഉണ്ടാകുകയില്ലാ.
33 കണ്ണുനീരുകൊണ്ടു നിന്റെ കണ്ണു കുരുടാക്കാനും ദുഃഖംകൊണ്ടു നിന്റെ ഹൃദയം ഉരുക്കാനുംവേണ്ടി നിന്റെ ഭവനത്തിൽ ഒരുത്തനെ ഞാൻ എന്റെ യാഗപീഠത്തിൽനിന്നും ഛേദിച്ചുകളയാതെ അവശേഷിപ്പിക്കും. നിന്റെ ഭവനത്തിൽ ജനിക്കുന്ന മക്കളെല്ലാം ജീവിതത്തിലെ നിറഞ്ഞ യൗവനത്തിൽ മരിക്കും.
൩൩നിന്റെ മക്കളൊക്കെയും യൗവ്വനത്തിൽ മരിക്കും. നിന്റെ കണ്ണ് ക്ഷീണിപ്പിക്കുവാനും നിന്റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാൻ നിന്റെ ഭവനത്തിൽ ഒരാളെ എന്റെ യാഗപീഠത്തിൽ നിന്നു നശിപ്പിക്കാതെ വച്ചേക്കും;
34 “‘നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിനും സംഭവിക്കുന്നത് നിനക്കൊരു ചിഹ്നമായിരിക്കും. അവരിരുവരും ഒരേദിവസം മരിക്കും.
൩൪നിന്റെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഒരേ ദിവസത്തിൽ തന്നേ മരിക്കും. അത് നിനക്ക് ഒരു അടയാളം ആകും;
35 എന്നാൽ ഞാൻ എനിക്കുവേണ്ടി വിശ്വസ്തനായൊരു പുരോഹിതനെ ഉയർത്തും. എന്റെ മനസ്സിലും ഹൃദയത്തിലും ഉള്ളതിന് അനുസൃതമായി അവൻ പ്രവർത്തിക്കും. ഞാനവന്റെ ഭവനത്തെ സ്ഥിരമായി സ്ഥാപിക്കും. അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം ശുശ്രൂഷചെയ്യും.
൩൫എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ തിരഞ്ഞെടുക്കും; അവന് ഞാൻ സ്ഥിരമായ ഒരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുൻപിൽ നിത്യം ശുശ്രൂഷ ചെയ്യും.
36 അങ്ങനെ നിന്റെ കുടുംബനിരയിൽ അവശേഷിക്കുന്നവരിൽ ഓരോരുത്തരും ഒരു വെള്ളിക്കാശിനും ഒരപ്പത്തിനുംവേണ്ടി അവന്റെ മുമ്പിൽ ചെന്നു വണങ്ങി, “എന്റെ വിശപ്പു ശമിപ്പിക്കാനുള്ള വല്ല വകയും കിട്ടത്തക്കവണ്ണം പൗരോഹിത്യകർമത്തിലെ ഏതെങ്കിലുമൊരു ജോലിക്ക് എന്നെ നിയോഗിക്കണമേ”’ എന്നു പറഞ്ഞ് അവന്റെ മുമ്പാകെ യാചിക്കും.”
൩൬നിന്റെ ഭവനത്തിൽ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്റെ അടുക്കൽവന്ന് ഒരു വെള്ളിക്കാശിനും ഒരു അപ്പത്തിനും ആയി അവനെ കുമ്പിട്ട് ഒരു കഷണം അപ്പം ലഭിക്കേണ്ടതിന് എന്നെ ഒരു പുരോഹിതന്റെ വേലയ്ക്കാക്കേണമേ എന്നപേക്ഷിക്കും.

< 1 ശമൂവേൽ 2 >