< 1 പത്രൊസ് 3 >
1 ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർ വചനം അനുസരിക്കാത്തവർ ആണെങ്കിൽക്കൂടി അവർക്ക് വിധേയരാകുക.
2 വാച്യമായ ഉപദേശംകൂടാതെതന്നെ ആദരപൂർണവും നിർമലവുമായ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടാൻ സാധിക്കും.
3 വിചിത്രമായ കേശാലങ്കാരം, സ്വർണാഭരണം, മോടിയേറിയ ഉടയാടകൾ എന്നീ ബാഹ്യ അലങ്കാരങ്ങളിലാകരുത് നിങ്ങളുടെ സൗന്ദര്യം;
4 പിന്നെയോ, വിനീതവും ശാന്തവുമായ മനോഭാവത്തോടുകൂടിയ അനശ്വരസൗന്ദ്യര്യമുള്ള ആന്തരിക വ്യക്തിത്വത്തിൽ അധിഷ്ഠിതമായിരിക്കണം. ഇതാണ് ദൈവദൃഷ്ടിയിൽ അമൂല്യം.
5 ഇങ്ങനെയാണ് ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന, വിശുദ്ധവനിതകൾ പൂർവകാലങ്ങളിൽ സ്വന്തം ഭർത്താക്കന്മാർക്കു വിധേയപ്പെട്ട് സ്വയം അലങ്കരിച്ചിരുന്നത്.
6 സാറ അബ്രാഹാമിനെ “യജമാനാ” എന്നു വിളിച്ച് അനുസരിച്ചതുപോലെ യോഗ്യമായത്, അൽപ്പംപോലും പേടിയില്ലാതെ നിങ്ങൾ പ്രവർത്തിച്ചാൽ നിങ്ങളും സാറയുടെ പുത്രിമാർ.
7 അങ്ങനെതന്നെ ഭർത്താക്കന്മാരും സ്ത്രീകൾ ദുർബലപാത്രങ്ങളാണെന്ന് അറിഞ്ഞ്, അവരും ജീവന്റെ കൃപയ്ക്ക് നിങ്ങളോടൊപ്പം കൂട്ടവകാശികൾ ആയിരിക്കുകയാൽ, അവർക്ക് ബഹുമാനം നൽകി അവരോടൊപ്പം പരസ്പരധാരണയോടെ വസിക്കുക. അങ്ങനെയായാൽ നിങ്ങളുടെ പ്രാർഥനയ്ക്ക് തടസ്സം നേരിടുകയില്ല.
8 സർവോപരി, നിങ്ങൾ എല്ലാവരും ഐകമത്യത്തോടെ ജീവിക്കുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. സഹാനുഭൂതിയും സഹോദരസ്നേഹവും ദയയും താഴ്മയും ഉള്ളവരായിരിക്കുക.
9 തിന്മയ്ക്കു പകരം തിന്മ ചെയ്യാതെയും അധിക്ഷേപത്തിനു പ്രതികാരമായി അധിക്ഷേപിക്കാതെയും ഇരിക്കുക. അവയ്ക്കുപകരം അനുഗ്രഹം നൽകുക. ഇങ്ങനെ പ്രവർത്തിച്ചുകൊണ്ട് അനുഗ്രഹങ്ങൾ അവകാശമാക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്.
10 “ജീവനെ സ്നേഹിക്കുകയും ശുഭദിനങ്ങൾ കാംക്ഷിക്കുകയുംചെയ്യുന്നവർ അവരുടെ നാവിനെ തിന്മയിൽനിന്നും അവരുടെ അധരങ്ങളെ കപടഭാഷണത്തിൽനിന്നും സൂക്ഷിക്കുക.
11 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.
12 കർത്താവിന്റെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു അവിടത്തെ കാതുകൾ അവരുടെ പ്രാർഥന ശ്രദ്ധിക്കുന്നു, എന്നാൽ കർത്താവിന്റെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു.”
13 നിങ്ങൾ നന്മചെയ്യാൻ വ്യഗ്രരാണെങ്കിൽ ആര് നിങ്ങളെ ഉപദ്രവിക്കും?
14 നന്മ ചെയ്തിട്ടും കഷ്ടം സഹിക്കുന്നെങ്കിൽ നിങ്ങൾ അനുഗ്രഹിക്കപ്പെടും. “നിങ്ങളെ ഉപദ്രവിക്കുന്നവരുടെ ഭീഷണികൾ ഭയപ്പെടരുത്, അത് ഓർത്ത് വിഷണ്ണരാകരുത്.”
15 നിങ്ങളുടെ ഹൃദയത്തിൽ ക്രിസ്തുവിനെ കർത്താവായി പ്രതിഷ്ഠിക്കൂ. നിങ്ങൾക്കുള്ള പ്രത്യാശയെ ആരെങ്കിലും ചോദ്യംചെയ്താൽ മാന്യതയോടും ബഹുമാനത്തോടും അതിന് പ്രതിവദിക്കാൻ എപ്പോഴും സന്നദ്ധരായിരിക്കണം.
16 നല്ല മനസ്സാക്ഷി ഉള്ളവരായിരിക്കുക; അങ്ങനെയെങ്കിൽ ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെക്കുറിച്ച് അപവാദം പറയുന്നവർ ലജ്ജിതരായിപ്പോകും.
17 നിങ്ങൾ കഷ്ടത സഹിക്കുന്നതു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടു സഹിക്കുന്നതിനെക്കാൾ, നന്മ ചെയ്തിട്ടു സഹിക്കുന്നതാണ് ഉത്തമം.
18 അതുപോലെ നീതിമാനായ ക്രിസ്തു, നീതികെട്ടവരായ നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന്, ഒരിക്കലായി നമ്മുടെ പാപംനിമിത്തം കഷ്ടത അനുഭവിച്ചു. അവിടന്ന് ശരീരത്തിൽ വധിക്കപ്പെട്ടുവെങ്കിലും ആത്മാവിൽ ജീവിപ്പിക്കപ്പെട്ടു.
19 ആത്മാവിൽ അവിടന്ന് ചെന്ന് തടവറയിലെ ആത്മാക്കളോടു പ്രസംഗിച്ചു.
20 അവരാകട്ടെ, മുമ്പ് നോഹയുടെ കാലത്ത്, പെട്ടകം നിർമിച്ചു കൊണ്ടിരുന്നപ്പോൾ ദൈവം ദീർഘക്ഷമയോടെ കാത്തിരുന്നിട്ടും ദൈവത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചവരാണ്. പെട്ടകത്തിന്റെ പണി പൂർത്തീകരിച്ചശേഷം, കുറച്ചുപേർ, എട്ടുപേർമാത്രം, പെട്ടകത്തിലൂടെ പ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു.
21 ആ ജലം സ്നാനത്തിന്റെ ഒരു പ്രതീകം! അത് നിങ്ങളുടെ ശരീരത്തിൽനിന്ന് മാലിന്യം നീക്കിക്കളയുന്നതിനല്ല; മറിച്ച്, ദൈവത്തോടു നാം ചെയ്യുന്ന നല്ല മനസ്സാക്ഷിക്കുള്ള ഉടമ്പടിയാണ്. യേശുക്രിസ്തുവിന്റെ ഉയിർപ്പിലൂടെയാണ് നിങ്ങളുടെ രക്ഷ സാധ്യമാകുന്നത്.
22 അവിടന്ന് സ്വർഗാരോഹണംചെയ്ത് ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും ക്രിസ്തുവിന് അധീനമായിരിക്കുന്നു.