< 1 രാജാക്കന്മാർ 9 >
1 ശലോമോൻ, യഹോവയുടെ ആലയവും തന്റെ രാജകൊട്ടാരവും താൻ നിർമിക്കാൻ ആഗ്രഹിച്ചിരുന്നതൊക്കെയും പൂർത്തിയാക്കിത്തീർന്നപ്പോൾ,
2 യഹോവ അദ്ദേഹത്തിന് ഗിബെയോനിൽവെച്ചു പ്രത്യക്ഷനായതുപോലെ, രണ്ടാമതും പ്രത്യക്ഷനായി.
3 യഹോവ ശലോമോനോട് അരുളിച്ചെയ്തു: “നീ എന്റെ സന്നിധിയിൽ അർപ്പിച്ച പ്രാർഥനകളും യാചനകളും ഞാൻ കേട്ടു. നീ നിർമിച്ച ഈ ആലയത്തിൽ ഞാൻ എന്നെന്നേക്കുമായി എന്റെ നാമം സ്ഥാപിച്ച് ഇതിനെ വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ ദൃഷ്ടിയും ഹൃദയവും എപ്പോഴും ഇവിടെ ഉണ്ടായിരിക്കും.
4 “എന്നാൽ, നിന്റെ കാര്യത്തിലാകട്ടെ, നിന്റെ പിതാവായ ദാവീദിനെപ്പോലെ ഹൃദയനൈർമല്യത്തോടും പരമാർഥതയോടുംകൂടി നീ എന്റെമുമ്പാകെ ജീവിക്കുകയും എന്റെ കൽപ്പനകൾ അനുസരിച്ചു പ്രവർത്തിക്കുകയും എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കുകയും ചെയ്താൽ,
5 ‘ഇസ്രായേലിന്റെ സിംഹാസനത്തിലിരിക്കാൻ നിനക്കൊരു പിൻഗാമി ഒരുനാളും ഇല്ലാതെപോകുകയില്ല,’ എന്ന് നിന്റെ പിതാവായ ദാവീദിനോടു ഞാൻ ചെയ്ത വാഗ്ദാനത്തിന് അനുസൃതമായി ഇസ്രായേലിന്മേൽ നിന്റെ രാജകീയ സിംഹാസനം ഞാൻ എന്നെന്നേക്കുമായി സ്ഥിരപ്പെടുത്തും.
6 “എന്നാൽ, നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെവിട്ടു പിന്മാറുകയും ഞാൻ നിങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള കൽപ്പനകളും ഉത്തരവുകളും അനുസരിക്കാതിരുന്ന് അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നപക്ഷം
7 ഞാൻ ഇസ്രായേലിനെ അവർക്കു കൊടുത്ത രാജ്യത്തുനിന്ന് ഛേദിച്ചുകളയുകയും ഞാൻ എന്റെ നാമത്തിനായി വിശുദ്ധീകരിച്ച ഈ ദൈവാലയത്തെ എന്റെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുകളയുകയും ചെയ്യും. അപ്പോൾ, ഇസ്രായേൽ സകലജനതകൾക്കും ഒരു പഴഞ്ചൊല്ലും പരിഹാസവിഷയവും ആയിത്തീരും.
8 ഈ ആലയം അവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായിത്തീരും. ഇതുവഴി സഞ്ചരിക്കുന്നവരെല്ലാം വിസ്മയംപൂണ്ട് ഇതിനെ പരിഹസിക്കുകയും ‘യഹോവ ഈ രാജ്യത്തോടും ഈ ആലയത്തോടും ഇപ്രകാരം ചെയ്തതെന്തുകൊണ്ട്?’ എന്നു ചോദിക്കുകയും ചെയ്യും.
9 ‘അവരുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് മോചിപ്പിച്ചുകൊണ്ടുവന്ന അവരുടെ ദൈവമായ യഹോവയെ ഇസ്രായേൽ പരിത്യജിക്കുകയും അന്യദേവന്മാരെ ആശ്രയിച്ച് അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതിനാൽ യഹോവ ഈ അനർഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നു,’ എന്ന് അവർ അതിനു മറുപടി പറയും.”
10 യഹോവയുടെ ആലയവും രാജകൊട്ടാരവും—ഈ രണ്ടു സൗധങ്ങളും—പണിയാൻ ശലോമോന് ഇരുപതുവർഷം വേണ്ടിവന്നു.
11 നിർമാണ ആവശ്യങ്ങൾക്കുള്ള ദേവദാരുവും സരളമരവും സ്വർണവും ശലോമോന് നൽകിയിരുന്നത് സോർരാജാവായ ഹീരാം ആയിരുന്നതിനാൽ, ശലോമോൻ അദ്ദേഹത്തിന് ഗലീലാദേശത്ത് ഇരുപതു നഗരങ്ങൾ നൽകി.
12 ശലോമോൻ തനിക്കു സമ്മാനിച്ച നഗരങ്ങൾ കാണുന്നതിനായി സോരിൽനിന്ന് വന്ന ഹീരാമിന് അവ ഇഷ്ടമായില്ല.
13 “എന്റെ സഹോദരാ! എങ്ങനെയുള്ള നഗരങ്ങളാണ് താങ്കൾ എനിക്കു സമ്മാനിച്ചത്?” എന്ന് അദ്ദേഹം ചോദിച്ചു. അതുകൊണ്ട്, ഹീരാം അതിനെ കാബൂൽദേശം എന്നു പേരിട്ടു. ആ നഗരങ്ങൾ ഇന്നും ആ പേരിൽ അറിയപ്പെടുന്നു.
14 ഹീരാമോ, ശലോമോന് നൂറ്റിയിരുപതു താലന്തു സ്വർണം കൊടുത്തയച്ചിരുന്നു.
15 യഹോവയുടെ ആലയം, തന്റെ അരമന, മുകൾത്തട്ടുകൾ, ജെറുശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ നിർമിക്കുന്നതിന് ശലോമോൻരാജാവ് ഏർപ്പെടുത്തിയ, നിർബന്ധിതമായി വേലചെയ്യുന്നവരുടെ വിവരണം:
16 ഈജിപ്റ്റിലെ രാജാവായ ഫറവോൻ, ഗേസെറിനെ ആക്രമിച്ചു കീഴടക്കുകയും തീവെച്ചു നശിപ്പിക്കുകയും ചെയ്തു; അവിടെ വസിച്ചിരുന്ന കനാന്യരെ കൂട്ടക്കൊലയും ചെയ്തു. തുടർന്ന്, തന്റെ പുത്രിയായ ശലോമോന്റെ ഭാര്യയ്ക്ക് വിവാഹസമ്മാനമായി ഗേസെർ പട്ടണം നൽകി.
17 പിന്നീട്, ശലോമോൻ ഗേസെർപട്ടണവും താഴ്വരയിലുള്ള ബേത്-ഹോരോനും പുനർനിർമിച്ചു.
18 ബാലാത്തും മരുഭൂമിയിലെ തദ്മോറും ശലോമോൻ നിർമിച്ചു.
19 ഇവകൂടാതെ, എല്ലാ സംഭരണനഗരങ്ങളും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കുംവേണ്ടിയുള്ള എല്ലാ നഗരങ്ങളും അദ്ദേഹം നിർമിച്ചു. ഇപ്രകാരം, ജെറുശലേമിലും ലെബാനോനിലും അദ്ദേഹത്തിന്റെ ഭരണത്തിൻകീഴിലുള്ള സകലഭൂപ്രദേശങ്ങളിലും ശലോമോൻ ആഗ്രഹിച്ചിരുന്ന സകലതിന്റെയും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി.
20 ഇസ്രായേല്യരിൽ ഉൾപ്പെടാതിരുന്ന അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരിൽ
21 ഇസ്രായേൽമക്കൾക്ക് ഉന്മൂലനംചെയ്യാൻ കഴിയാതെയിരുന്ന ഈ ജനതകളുടെ പിൻഗാമികളെയെല്ലാം ശലോമോൻ തന്റെ അടിമവേലകൾക്കായി നിയോഗിച്ചു. അവർ ഇന്നുവരെയും അപ്രകാരം തുടരുന്നു.
22 എന്നാൽ, ഇസ്രായേല്യരിൽനിന്ന് ഒരാളെപ്പോലും ശലോമോൻ അടിമവേലയ്ക്കു നിയമിച്ചില്ല. അവർ അദ്ദേഹത്തിന്റെ യോദ്ധാക്കളും ഭരണകാര്യങ്ങളിലെ ഉദ്യോഗസ്ഥരും കാര്യസ്ഥരും സൈന്യാധിപന്മാരും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതികളും ആയി സേവനമനുഷ്ഠിച്ചു.
23 ശലോമോന്റെ പ്രവർത്തനപദ്ധതികളിൽ പ്രധാനചുമതലകൾ വഹിക്കുന്നവരായി 550 ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നു. വിവിധ ജോലിക്കാരുടെ മേൽനോട്ടം ഇവർക്കായിരുന്നു.
24 ദാവീദിന്റെ നഗരത്തിൽനിന്ന്, ശലോമോൻ അവൾക്കുവേണ്ടി പണികഴിപ്പിച്ച അരമനയിലേക്കു ഫറവോന്റെ പുത്രി താമസം മാറ്റിയതിനുശേഷം ശലോമോൻ മുകൾത്തട്ടുകൾ പണിതു.
25 ശലോമോൻ, യഹോവയ്ക്കായി നിർമിച്ച യാഗപീഠത്തിന്മേൽ വർഷത്തിൽ മൂന്നുപ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചുവന്നിരുന്നതു കൂടാതെ യഹോവയുടെ സന്നിധിയിൽ സുഗന്ധധൂപം അർപ്പിച്ചിരുന്നു. ഇപ്രകാരം, ശലോമോൻ യഹോവയുടെ ആലയത്തോടുള്ള കടപ്പാട് നിർവഹിച്ചുവന്നു.
26 ഏദോംദേശത്തിലെ ചെങ്കടൽക്കരയിൽ ഏലാത്തിനു സമീപമുള്ള എസ്യോൻ-ഗേബെറിൽവെച്ച് ശലോമോൻരാജാവ് കപ്പലുകൾ നിർമിച്ചു.
27 ശലോമോന്റെ ഭൃത്യന്മാരോടൊപ്പം കപ്പൽയാത്രയിൽ സേവനം ചെയ്യുന്നതിനായി ഹീരാം സമുദ്രപരിചയമുള്ള തന്റെ ദാസന്മാരെ എത്തിച്ചുകൊടുത്തു.
28 അവർ ഓഫീറിലേക്കു സമുദ്രമാർഗം പോകുകയും 420 താലന്തു സ്വർണം ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവരികയും ചെയ്തു.