< 1 രാജാക്കന്മാർ 15 >

1 നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷം അബീയാം യെഹൂദ്യയിൽ രാജാവായി സ്ഥാനമേറ്റു.
നെബാത്തിന്റെ മകൻ യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബിയാം യെഹൂദയിൽ രാജാവായി.
2 അദ്ദേഹം ജെറുശലേമിൽ മൂന്നുവർഷം ഭരണംനടത്തി. അബീശാലോമിന്റെ മകളായ മയഖാ ആയിരുന്നു അദ്ദേഹത്തിന്റെ അമ്മ.
അവൻ മൂന്ന് സംവത്സരം യെരൂശലേമിൽ വാണു; അബീശാലോമിന്റെ പൗത്രി ആയ അവന്റെ അമ്മയുടെ പേര് മയഖാ എന്നായിരുന്നു.
3 മുമ്പ് തന്റെ പിതാവു പ്രവർത്തിച്ചിരുന്ന സകലപാപങ്ങളും അദ്ദേഹവും ആവർത്തിച്ചു. തന്റെ പൂർവപിതാവായ ദാവീദിന്റെ ഹൃദയം ദൈവമായ യഹോവയിൽ പരിപൂർണമായി വിശ്വസ്തതപുലർത്തിയിരുന്നതുപോലെ അബീയാവിന്റെ ഹൃദയം വിശ്വസ്തമായിരുന്നില്ല.
തന്റെ അപ്പൻ മുമ്പ് ചെയ്തിരുന്ന സകലപാപങ്ങളും അവൻ ചെയ്തു; അവന്റെ ഹൃദയം, തന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല.
4 എന്നിരുന്നാലും, ദാവീദിനെയോർത്ത് ദൈവമായ യഹോവ അദ്ദേഹത്തിന് അനന്തരാവകാശിയായി ഒരു പുത്രനെ നൽകുകയും ജെറുശലേമിനെ ശക്തിപ്പെടുത്തുകയും ചെയ്തു; അങ്ങനെ ജെറുശലേമിൽ അദ്ദേഹത്തിന് ഒരു വിളക്ക് യഹോവ പ്രദാനംചെയ്തു.
എങ്കിലും ദാവീദിനെ ഓർത്ത് അവന്റെ ദൈവമായ യഹോവ അവന് യെരുശലേമിൽ ഒരു ദീപം നൽകുവാൻ തക്കവണ്ണം ഒരു അനന്തരാവകാശിയെ നൽകുകയും യെരൂശലേമിനെ നിലനിർത്തുകയും ചെയ്തു.
5 കാരണം, ദാവീദ് യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായ കാര്യങ്ങൾ പ്രവർത്തിച്ചു. ഹിത്യനായ ഊരിയാവിന്റെ കാര്യത്തിലൊഴികെ, തന്റെ ജീവകാലത്തൊരിക്കലും യഹോവയുടെ കൽപ്പനകളിൽ ഒന്നിൽനിന്നുപോലും അദ്ദേഹം വ്യതിചലിച്ചിരുന്നില്ല.
ദാവീദ് തന്റെ ആയുഷ്ക്കാലത്തൊക്കെയും യഹോവയ്ക്ക് പ്രസാദമായുള്ളത് ചെയ്തു; ഹിത്യനായ ഊരീയാവിന്റെ കാര്യത്തിൽ ഒഴികെ യഹോവയുടെ കല്പനകളിൽ ഒന്നുപോലും താൻ പാലിക്കാതിരുന്നിട്ടില്ല.
6 അബീയാവിന്റെ ജീവിതകാലംമുഴുവനും അബീയാവും യൊരോബെയാമും തമ്മിലുള്ള യുദ്ധം തുടർന്നുകൊണ്ടിരുന്നു.
രെഹബെയാമും യൊരോബെയാമും തമ്മിൽ ഉണ്ടായിരുന്ന യുദ്ധം അബീയാമിന്റെ കാലത്തും തുടർന്നുകൊണ്ടിരുന്നു.
7 അബീയാമിന്റെ ഭരണകാലത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ പ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.
അബീയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.
8 അബീയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മകനായ ആസാ രാജ്യഭാരമേറ്റു.
അബിയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകൻ ആസാ അവന് പകരം രാജാവായി.
9 ഇസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാംവർഷം ആസാ യെഹൂദ്യയിൽ രാജഭരണമേറ്റു.
യിസ്രായേൽ രാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദയിൽ രാജാവായി.
10 അദ്ദേഹം ജെറുശലേമിൽ നാൽപ്പത്തിയൊന്നുവർഷം വാണരുളി. അദ്ദേഹത്തിന്റെ വലിയമ്മയുടെ പേര് മയഖാ എന്നായിരുന്നു. അവൾ അബീശാലോമിന്റെ മകളായിരുന്നു.
൧൦അവൻ നാല്പത്തൊന്ന് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ പിതാമഹിക്ക് മയഖാ എന്ന് പേർ; അവൾ അബിശാലോമിന്റെ പൗത്രി ആയിരുന്നു.
11 തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ ആസാ യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായതു പ്രവർത്തിച്ചു.
൧൧ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമായുള്ളത് ചെയ്തു.
12 ക്ഷേത്രങ്ങളെ ആസ്ഥാനമാക്കി നിലനിന്നിരുന്ന പുരുഷവേശ്യകളെ അദ്ദേഹം ദേശത്തുനിന്നു നിഷ്കാസനംചെയ്തു; തന്റെ പൂർവികർ നിർമിച്ച സകലവിഗ്രഹങ്ങളെയും അദ്ദേഹം നിർമാർജനംചെയ്തു.
൧൨അവൻ പുരുഷവേശ്യകളെ ദേശത്തുനിന്ന് പുറത്താക്കി, തന്റെ പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു.
13 തന്റെ വലിയമ്മയായ മയഖാ അശേരാദേവിക്ക് ഒരു മ്ലേച്ഛവിഗ്രഹം നിർമിച്ചതിനാൽ ആസാ അവരെ രാജമാതാവിന്റെ പദവിയിൽനിന്നു നീക്കിക്കളഞ്ഞു. അദ്ദേഹം ആ പ്രതിമ വെട്ടിവീഴ്ത്തി, കിദ്രോൻതാഴ്വരയിൽ ഇട്ടു ചുട്ടുകളഞ്ഞു.
൧൩തന്റെ പിതാമഹിയായ മയഖ അശേരെക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് അവൻ അവളെ രാജ്ഞിസ്ഥാനത്ത് നിന്ന് നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ലേച്ഛവിഗ്രഹം വെട്ടിമുറിച്ച് കിദ്രോൻ തോട്ടിന്നരികെവെച്ച് ചുട്ടുകളഞ്ഞു.
14 ആസാരാജാവിന്റെ ജീവിതകാലംമുഴുവനും അദ്ദേഹത്തിന്റെ ഹൃദയം യഹോവയോടുള്ള ഭക്തിയിൽ ഏകാഗ്രമായിരുന്നെങ്കിലും, അദ്ദേഹം ക്ഷേത്രങ്ങൾ നശിപ്പിച്ചില്ല.
൧൪എന്നാൽ പൂജാഗിരികൾക്ക് നീക്കംവന്നില്ല. എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിൽ ഏകാഗ്രമായിരുന്നു.
15 താനും തന്റെ പിതാവും സമർപ്പിച്ചിരുന്ന സ്വർണവും വെള്ളിയും മറ്റുപകരണങ്ങളും അദ്ദേഹം യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.
൧൫വെള്ളി, പൊന്ന്, മറ്റ് ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻ സ്വയം നിവേദിച്ചതുമായ വസ്തുക്കൾ, അവൻ യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവന്നു.
16 ആസായും ഇസ്രായേൽരാജാവായ ബയെശയുംതമ്മിൽ, അവരുടെ ഭരണകാലം മുഴുവനും യുദ്ധം ഉണ്ടായിരുന്നു.
൧൬ആസയും യിസ്രായേൽ രാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
17 യെഹൂദാരാജാവായ ആസായുടെ പ്രദേശത്തുനിന്ന് ആരെങ്കിലും പുറത്തേക്കു പോകുകയോ അകത്തേക്കു വരികയോ ചെയ്യാതെയിരിക്കേണ്ടതിന് ഇസ്രായേൽരാജാവായ ബയെശാ യെഹൂദയ്ക്കെതിരേ വന്ന്, രാമായിൽ കോട്ടകെട്ടിയുറപ്പിച്ചു.
൧൭യിസ്രായേൽ രാജാവായ ബയെശാ യെഹൂദയുടെനേരെ വന്ന്, രാമയെ പണിത് ഉറപ്പിച്ചു; യെഹൂദാ രാജാവായ ആസയുടെ അടുക്കലേക്കുള്ള പോക്കുവരവ് തടയുകയായിരുന്നു അവന്റെ ലക്ഷ്യം.
18 അപ്പോൾ, ആസാ യഹോവയുടെ ആലയത്തിലെയും തന്റെ സ്വന്തം കൊട്ടാരത്തിലെയും ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്ന വെള്ളിയും സ്വർണവും എടുത്ത് ദമസ്കോസിൽ ഭരണം നടത്തിവരികയായിരുന്ന ഹെസ്യോന്റെ പുത്രനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിനു കൊടുത്തയയ്ക്കേണ്ടതിനായി തന്റെ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു.
൧൮അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരത്തിലെ വെള്ളിയും പൊന്നും എടുത്ത് തന്റെ ഭൃത്യന്മാരുടെ കയ്യിൽ ഏല്പിച്ചു; അവൻ ദമാസ്കസിൽ പാർത്തിരുന്ന ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിന് അവയെ കൊടുത്തയച്ചു:
19 ആസാ ഇപ്രകാരം ഒരു സന്ദേശവും കൊടുത്തയച്ചു: “എന്റെ പിതാവും താങ്കളുടെ പിതാവുംതമ്മിൽ ഉണ്ടായിരുന്നതുപോലെ ഒരു സഖ്യം നമ്മൾതമ്മിലും ഉണ്ടായിരിക്കട്ടെ! ഇതാ, ഞാൻ താങ്കൾക്ക് വെള്ളിയും സ്വർണവും സമ്മാനമായി കൊടുത്തയയ്ക്കുന്നു. ഇസ്രായേൽരാജാവായ ബയെശാ എന്നെ ആക്രമിക്കാതെ പിന്മാറത്തക്കവണ്ണം നിങ്ങൾതമ്മിലുള്ള സഖ്യം ഇപ്പോൾ റദ്ദാക്കിയാലും!”
൧൯“എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ ഉണ്ടായിരുന്ന സഖ്യത പോലെ നമുക്ക് തമ്മിലും ഒരു സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്ക് സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽ രാജാവായ ബയെശാ എന്നെവിട്ടു പോകേണ്ടതിന് നീ ചെന്ന് അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം” എന്ന് പറയിച്ചു.
20 ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ സ്വീകരിച്ചു. അദ്ദേഹം തന്റെ സൈന്യാധിപന്മാരെ ഇസ്രായേൽ നഗരങ്ങളിലേക്കയച്ചു. അവർ ഇസ്രായേൽദേശത്ത് ഈയോൻ, ദാൻ, ആബേൽ-ബേത്ത്-മാക്കാ എന്നിവയും; നഫ്താലി, കിന്നെരെത്ത് എന്നീ പ്രദേശങ്ങൾ മുഴുവനായും ആക്രമിച്ചു കീഴടക്കി.
൨൦ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ കേട്ട്, തന്റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങൾക്ക് നേരെ അയച്ച് ഈയോനും ദാനും ആബേൽ-ബേത്ത്-മയഖയും കിന്നേരെത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി.
21 ബയെശാരാജാവ് ഇതു കേട്ടപ്പോൾ രാമായുടെ നിർമാണപ്രവർത്തനങ്ങൾ നിർത്തലാക്കി തിർസ്സയിലേക്കു പിൻവാങ്ങി.
൨൧ബയെശാ അത് കേട്ടപ്പോൾ രാമാ പണിയുന്നത് നിർത്തലാക്കി, തിർസ്സയിൽ തന്നേ പാർത്തു.
22 അതിനുശേഷം, ആസാരാജാവ് സകല യെഹൂദയ്ക്കുമായി ഒരു വിളംബരം പുറപ്പെടുവിച്ച് സകലരെയും വിളിച്ചുകൂട്ടി. ആരെയും ഒഴിവാക്കിയില്ല. അവർ, ബയെശാ നിർമാണത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന കല്ലും മരവും രാമായിൽനിന്നു ചുമന്നുകൊണ്ടുപോയി. അതുപയോഗിച്ചാണ് ആസാരാജാവ് ബെന്യാമീനിലെ ഗേബായും മിസ്പാപട്ടണവും നിർമിച്ചത്.
൨൨ആസാ രാജാവ് ഒരു വിളംബരം പ്രസിദ്ധമാക്കി യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവർ ചെന്ന് ബയെശാ പണിത് ഉറപ്പിച്ചിരുന്ന രാമയുടെ കല്ലും മരവും എടുത്ത് കൊണ്ടുവന്നു; ആസാ രാജാവ് അവ കൊണ്ട് ബെന്യാമീനിലെ ഗിബയും മിസ്പയും പണിത് ഉറപ്പിച്ചു.
23 ആസായുടെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, സൈനികനേട്ടങ്ങൾ, തന്റെ പ്രവർത്തനങ്ങൾ, അദ്ദേഹം പണിത നഗരങ്ങൾ ഇവയെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? വാർധക്യത്തിൽ അദ്ദേഹത്തിന്റെ പാദങ്ങൾക്ക് രോഗം ബാധിച്ചിരുന്നു.
൨൩ആസയുടെ മറ്റുള്ള സകല ചരിത്രങ്ങളും അവന്റെ വീര്യപ്രവൃത്തികളും അവൻ ചെയ്തതൊക്കെയും, പട്ടണങ്ങൾ പണിതതും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്റെ വാർദ്ധക്യകാലത്ത് അവന്റെ കാലുകൾക്ക് രോഗം ബാധിച്ചു.
24 ഒടുവിൽ, ആസാ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ പൂർവപിതാവായ ദാവീദിന്റെ നഗരത്തിൽ, പിതാക്കന്മാരോടൊപ്പം അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ യെഹോശാഫാത്ത് അതിനുശേഷം രാജ്യഭാരം ഏറ്റെടുത്തു.
൨൪ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോശാഫാത്ത് അവന് പകരം രാജാവായി.
25 യെഹൂദാരാജാവായ ആസായുടെ രണ്ടാംവർഷം യൊരോബെയാമിന്റെ മകനായ നാദാബ് ഇസ്രായേലിൽ രാജാവായി. അദ്ദേഹം ഇസ്രായേലിൽ രണ്ടുവർഷം ഭരിച്ചു.
൨൫യെഹൂദാ രാജാവായ ആസയുടെ രണ്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകൻ നാദാബ് യിസ്രായേലിൽ രാജാവായി; അവൻ രണ്ട് സംവത്സരം യിസ്രായേലിൽ വാണു.
26 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിക്കുകയും തന്റെ പിതാവായ യൊരോബെയാം ചെയ്തതും ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപവഴികളിൽ ജീവിക്കുകയും ചെയ്തു.
൨൬അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്ത് തന്റെ അപ്പന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപത്തിലും നടന്നു.
27 യിസ്സാഖാർ ഗോത്രത്തിൽപ്പെട്ട അഹീയാവിന്റെ മകനായ ബയെശാ നാദാബിനെതിരേ ഗൂഢാലോചന നടത്തി. നാദാബും സകല ഇസ്രായേലുംകൂടി ഫെലിസ്ത്യനഗരമായ ഗിബ്ബെഥോൻ ഉപരോധിച്ചിരിക്കുമ്പോൾ അവിടെവെച്ച് ബയെശാ അദ്ദേഹത്തെ കൊലപ്പെടുത്തി.
൨൭എന്നാൽ യിസ്സാഖാർഗോത്രക്കാരനായ അഹിയാവിന്റെ മകൻ ബയെശാ അവന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; നാദാബും എല്ലാ യിസ്രായേലും ഫെലിസ്ത്യരുടെ ഗിബ്ബെഥോനെ ഉപരോധിച്ചിരുന്നപ്പോൾ ബയെശാ അവിടെവച്ച് അവനെ കൊന്നു.
28 അങ്ങനെ, യെഹൂദാരാജാവായ ആസായുടെ മൂന്നാംവർഷം ബയെശാ നാദാബിനെ വധിച്ച് തൽസ്ഥാനത്തു രാജാവായി.
൨൮ബയെശാ അവനെ യെഹൂദാ രാജാവായ ആസയുടെ മൂന്നാം ആണ്ടിൽ കൊന്ന് അവന് പകരം രാജാവായി.
29 ഭരണം ആരംഭിച്ചയുടൻതന്നെ ബയെശാ യൊരോബെയാമിന്റെ കുടുംബത്തിലെ സകലരെയും കൊന്നൊടുക്കി. യഹോവ തന്റെ ദാസൻ ശീലോന്യനായ അഹീയാവുമുഖാന്തരം അരുളിച്ചെയ്തിരുന്ന വാക്കുകൾപോലെ അദ്ദേഹം യൊരോബെയാമിന്റെ വംശത്തിൽ ജീവനുള്ള യാതൊന്നും ശേഷിക്കാതവണ്ണം മുഴുവനായും നശിപ്പിച്ചുകളഞ്ഞു.
൨൯അവൻ രാജാവായ ഉടൻ തന്നെ യൊരോബെയാം ഗൃഹത്തെ മുഴുവനും കൊന്നൊടുക്കി; യഹോവ ശീലോന്യനായ അഹിയാവ് എന്ന തന്റെ ദാസൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവൻ യൊരോബെയാമിന്റെ കുടുംബത്തിൽ ജീവനുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ നശിപ്പിച്ചുകളഞ്ഞു.
30 യൊരോബെയാം സ്വയം പ്രവർത്തിച്ചതും അദ്ദേഹം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങൾനിമിത്തം ഇസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതിനാലാണ് ഇപ്രകാരം സംഭവിച്ചത്.
൩൦യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ചതുമായ പാപങ്ങൾ നിമിത്തവും അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതു നിമിത്തവും ഇപ്രകാരം സംഭവിച്ചു.
31 നാദാബിന്റെ ഭരണകാലഘട്ടത്തിലെ മറ്റു സംഭവവികാസങ്ങളും അദ്ദേഹത്തിന്റെ സകലപ്രവർത്തനപദ്ധതികളും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
൩൧നാദാബിന്റെ മറ്റുള്ള പ്രവൃത്തികളും അവൻ ചെയ്തതൊക്കെയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
32 ആസായും ഇസ്രായേൽരാജാവായ ബയെശയുംതമ്മിൽ, അവരുടെ ഭരണകാലം മുഴുവനും യുദ്ധം ഉണ്ടായിരുന്നു.
൩൨ആസയും യിസ്രായേൽ രാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
33 യെഹൂദാരാജാവായ ആസായുടെ മൂന്നാംവർഷം അഹീയാവിന്റെ മകനായ ബയെശാ തിർസ്സയിൽ സകല ഇസ്രായേലിനുംവേണ്ടി രാജഭരണം ഏറ്റെടുത്തു. അദ്ദേഹം ഇരുപത്തിനാലു വർഷം ഭരിച്ചു.
൩൩യെഹൂദാ രാജാവായ ആസയുടെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ അഹീയാവിന്റെ മകൻ ബയെശാ എല്ലാ യിസ്രായേലിനും രാജാവായി തിർസ്സയിൽ ഇരുപത്തിനാല് സംവത്സരം വാണു.
34 ബയെശാ യഹോവയുടെ ദൃഷ്ടിയിൽ അനിഷ്ടമായകാര്യങ്ങൾ പ്രവർത്തിച്ചു. യൊരോബെയാമിന്റെ മാർഗങ്ങളിലും ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിലും അദ്ദേഹം വ്യാപൃതനായി.
൩൪അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്ത് യൊരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപത്തിലും നടന്നു.

< 1 രാജാക്കന്മാർ 15 >