< 1 കൊരിന്ത്യർ 4 >
1 അതുകൊണ്ട് ക്രിസ്തുവിന്റെ ശുശ്രൂഷകരും ദൈവികരഹസ്യങ്ങളുടെ കാര്യസ്ഥന്മാരും എന്നനിലയിലാണ് എല്ലാവരും ഞങ്ങളെ പരിഗണിക്കേണ്ടത്.
൧ഞങ്ങളെ, ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവികമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും ആയി ഓരോരുത്തൻ കരുതട്ടെ.
2 വിശ്വാസ്യതയാണ് കാര്യസ്ഥരിൽ അവശ്യം കാണേണ്ട സദ്ഗുണം.
൨ഗൃഹവിചാരകന്മാരിൽ ആവശ്യമായിരിക്കുന്നതോ, അവർ വിശ്വസ്തരായിരിക്കണം എന്നത്രേ.
3 നിങ്ങളോ ഏതെങ്കിലും മാനുഷികകോടതിയൊ എന്നെ വിസ്തരിച്ചാൽ അതെനിക്ക് ഒരു നിസ്സാരകാര്യം. വാസ്തവത്തിൽ ഞാൻതന്നെയും എന്നെ വിധിക്കുന്നില്ല.
൩എന്നാൽ, നിങ്ങളോ, മനുഷ്യനിർമ്മിതമായ കോടതികളോ, എന്നെ വിധിക്കുന്നത് എനിക്ക് വളരെ ചെറിയ കാര്യമാണ്; ഞാൻ എന്നെത്തന്നെ വിധിക്കുന്നതുമില്ല.
4 എനിക്കു യാതൊന്നിനെപ്പറ്റിയും കുറ്റബോധമില്ല, എന്നാൽ അതുകൊണ്ടു ഞാൻ കുറ്റമില്ലാത്തവൻ എന്നു വരുന്നില്ല. എന്നെ വിധിക്കുന്നത് കർത്താവാണ്.
൪എന്തെന്നാൽ എന്റെ യാതൊരു കുറ്റത്തെക്കുറിച്ചും എനിക്ക് ബോധ്യമില്ലെങ്കിലും, ഞാൻ കുറ്റവിമുക്തൻ എന്നു വരികയില്ല; എന്നെ വിധിക്കുന്നത് കർത്താവ് ആകുന്നു.
5 ആകയാൽ, സമയത്തിനുമുമ്പേ, കർത്താവ് വരുന്നതുവരെ, ഒന്നിനെയും വിധിക്കരുത്; അവിടന്ന് ഇരുളിൽ മറഞ്ഞിരിക്കുന്നത് വെളിച്ചത്തിലാക്കുകയും മനുഷ്യഹൃദയങ്ങളിലെ ഉദ്ദേശ്യങ്ങൾ തുറന്നുകാട്ടുകയും ചെയ്യും. അപ്പോൾ ഓരോരുത്തർക്കും ദൈവത്തിൽനിന്നുള്ള അഭിനന്ദനം ലഭിക്കും.
൫ആകയാൽ കർത്താവ് വരുവോളം സമയത്തിനു മുമ്പെ ഒന്നും വിധിക്കരുത്; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് വെളിച്ചത്താക്കുകയും ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തുകയും ചെയ്യും; അന്ന് ഓരോരുത്തർക്കും ദൈവത്തിൽനിന്ന് പുകഴ്ച ലഭിക്കും.
6 സഹോദരങ്ങളേ, ഇവയെല്ലാം എന്നെയും അപ്പൊല്ലോസിനെയും ഉദാഹരണമാക്കി ഞാൻ പറഞ്ഞത്, അതു നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ്; “എഴുതിയിരിക്കുന്നതിനപ്പുറം പോകരുത്” എന്നു പറയുന്നതിന്റെ സാരം നിങ്ങൾ ഞങ്ങളിൽനിന്ന് പഠിക്കേണ്ടതിനുതന്നെ. അപ്പോൾ നിങ്ങൾ ഒരാൾക്കെതിരേ വേറൊരാളിന്റെ അനുയായി ആയിരിക്കുന്നതെപ്പറ്റി അഹങ്കരിക്കുകയില്ല.
൬സഹോദരന്മാരേ, ഇത് ഞാൻ നിങ്ങൾ നിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ച് പറഞ്ഞതാകുന്നു: എഴുതിയിരിക്കുന്നതിന് അപ്പുറം ഭാവിക്കാതിരിക്കുക എന്നതിന് ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിനും, ആരും ഒരുവന് നേരെ മറ്റൊരുവനെ അനുകൂലിച്ച് നിഗളിക്കാതിരിക്കേണ്ടതിനും തന്നെ.
7 നിങ്ങളെ മറ്റുള്ളവരിൽനിന്ന് വിശിഷ്ടരാക്കുന്നത് ആര്? മറ്റൊരാൾ നൽകിയതല്ലാതെ നിങ്ങൾക്ക് എന്താണുള്ളത്? നൽകപ്പെട്ടവയെങ്കിൽ, അങ്ങനെ അല്ല എന്ന ഭാവത്തിൽ അഹങ്കരിക്കുന്നത് എന്തിന്?
൭എന്തെന്നാൽ, നിങ്ങളെ റ്വിശേഷതയുള്ളവരാക്കുന്നതാരാണ്? ലഭിച്ചതല്ലാതെ നിങ്ങൾക്ക് എന്തുള്ളു? ലഭിച്ചിട്ടുണ്ടെങ്കിലോ, ലഭിച്ചിട്ടില്ല എന്നതുപോലെ പ്രശംസിക്കുന്നത് എന്ത്? ഇപ്പോൾ നിങ്ങൾ തൃപ്തരാണ്,
8 ഇപ്പോൾത്തന്നെ നിങ്ങൾ എല്ലാം തികഞ്ഞവരായിരിക്കുന്നു! നിങ്ങൾ സമ്പന്നരായിക്കഴിഞ്ഞിരിക്കുന്നു! നിങ്ങൾ വാഴുന്നവരായി, അതും ഞങ്ങളുടെ സഹായംകൂടാതെ! നിങ്ങൾ യഥാർഥത്തിൽ രാജാക്കന്മാർ ആയിരുന്നെങ്കിൽ ഞങ്ങൾക്കും നിങ്ങളോടുകൂടെ വാഴാൻ കഴിയുമായിരുന്നല്ലോ!
൮ഇപ്പോൾ സമ്പന്നരുമാണ്; ഞങ്ങളെ കൂടാതെ രാജാക്കന്മാരായി. തീർച്ചയായും, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിന് നിങ്ങൾ രാജാക്കന്മാരായിരുന്നു എങ്കിൽ കൊള്ളാമായിരുന്നു.
9 അപ്പൊസ്തലന്മാരായ ഞങ്ങളെ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെയെന്നപോലെ ഘോഷയാത്രയുടെ ഒടുവിലത്തെ നിരയിൽ ദൈവം പ്രദർശനത്തിനു നിർത്തിയിരിക്കുകയാണെന്ന് എനിക്കു തോന്നിപ്പോകുന്നു. ലോകത്തിനുമുഴുവൻ; ദൈവദൂതർക്കും മനുഷ്യർക്കും ഒരുപോലെ ഞങ്ങൾ തമാശക്കാഴ്ചയായിത്തീർന്നിരിക്കുന്നു.
൯എന്തെന്നാൽ ഞങ്ങൾ ലോകത്തിന്, ദൂതന്മാർക്കും മനുഷ്യർക്കും തന്നെ, കാഴ്ചവസ്തുവായി തീർന്നിരിക്കുന്നതിനാൽ, ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ അവസാനം നിൽക്കുന്നവരായി, മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ, പ്രദർശിപ്പിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.
10 ഞങ്ങൾ ക്രിസ്തുവിനുവേണ്ടി ഭോഷന്മാർ; നിങ്ങളോ ക്രിസ്തുവിൽ ജ്ഞാനികൾ! ഞങ്ങൾ ബലഹീനർ, നിങ്ങളോ ബലശാലികൾ! നിങ്ങൾക്കു ബഹുമാനം, ഞങ്ങൾക്കോ അപമാനം!
൧൦ഞങ്ങൾ ക്രിസ്തുനിമിത്തം ഭോഷന്മാർ; നിങ്ങൾ ക്രിസ്തുവിൽ വിവേകികൾ; ഞങ്ങൾ ബലഹീനർ, നിങ്ങൾ ബലവാന്മാർ; നിങ്ങൾ ബഹുമാനിതർ, ഞങ്ങൾ മാനഹീനർ അത്രേ.
11 ഈ നിമിഷംവരെയും ഞങ്ങൾ വിശന്നും ദാഹിച്ചും വസ്ത്രമില്ലാതെയും മൃഗീയമായ പീഡനമേറ്റും പാർപ്പിടമില്ലാതെയും കഴിയുന്നു.
൧൧ഈ സമയംവരെ ഞങ്ങൾ വിശന്നും, ദാഹിച്ചും, വേണ്ടുംവണ്ണം വസ്ത്രം ധരിക്കുവാൻ ഇല്ലാതെയും, മൃഗീയമായി മർദ്ദിക്കപ്പെട്ടും, ഭവനരഹിതരായും ഇരിക്കുന്നു.
12 ഞങ്ങൾ സ്വന്തം കൈയാൽ അധ്വാനിക്കുന്നു. ശാപമേൽക്കുമ്പോഴും ആശീർവദിക്കുന്നു; ഉപദ്രവമേറ്റിട്ട് സഹിക്കുന്നു;
൧൨സ്വന്തകയ്യാൽ വേലചെയ്ത്, കഠിനമായി അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ട് അനുഗ്രഹിക്കുന്നു; ഉപദ്രവം ഏറ്റിട്ട് സഹിക്കുന്നു; ദൂഷണം കേട്ടിട്ട് നല്ലവാക്ക് പറയുന്നു.
13 ദുഷിക്കപ്പെടുമ്പോഴും ദയാപൂർവം മറുപടി പറയുന്നു. ഈ നിമിഷംവരെയും ഞങ്ങൾ ഭൂമിയുടെ ചവറും ലോകത്തിന്റെ മാലിന്യവും ആയിരിക്കുന്നു.
൧൩ഞങ്ങൾ ലോകത്തിലെ പാഴ്‌വസ്തുക്കളായും ഇന്നുവരെയും സകലത്തിന്റെയും അഴുക്കായും തീർന്നിരിക്കുന്നു.
14 നിങ്ങളെ ലജ്ജിപ്പിക്കാനല്ല ഞാൻ ഇതു നിങ്ങൾക്കെഴുതുന്നത്, എന്റെ പ്രിയമക്കളെന്നപോലെ മുന്നറിയിപ്പു നൽകാനാണ്.
൧൪ഞാൻ ഇത് എഴുതുന്നത് നിങ്ങളെ നാണിപ്പിക്കുവാനല്ല, എന്റെ പ്രിയമക്കൾ എന്ന നിലയിൽ നിങ്ങളെ ബുദ്ധി ഉപദേശിക്കുന്നതിനു വേണ്ടിയാണ്.
15 നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം രക്ഷാകർത്താക്കൾ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; സുവിശേഷംമുഖേന ക്രിസ്തുയേശുവിൽ ഞാൻ നിങ്ങൾക്കു പിതാവായിരിക്കുന്നു.
൧൫എന്തെന്നാൽ, നിങ്ങൾക്ക് ക്രിസ്തുവിൽ പതിനായിരം അദ്ധ്യാപകർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചത്.
16 ആകയാൽ എന്നെ അനുകരിക്കണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
൧൬ആകയാൽ എന്റെ അനുകാരികൾ ആകുവിൻ എന്ന് ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
17 ഇതിനായിട്ടാണ് കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയമകനുമായ തിമോത്തിയോസിനെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്. ഞാൻ എല്ലായിടത്തും എല്ലാ സഭകളിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുയേശുവിലുള്ള എന്റെ വഴികൾ അദ്ദേഹം നിങ്ങളുടെ ഓർമയിൽ കൊണ്ടുവരും.
൧൭ഇതുനിമിത്തമാകുന്നു കർത്താവിൽ പ്രിയനും വിശ്വസ്തനുമായ എന്റെ മകൻ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നത്. ഞാൻ എല്ലായിടത്തും ഏതു സഭയിലും പഠിപ്പിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികൾ അവൻ നിങ്ങളെ ഓർമ്മിപ്പിക്കും.
18 ഞാൻ നിങ്ങളുടെ അടുക്കൽ വരികയില്ല എന്നുകരുതി നിങ്ങളിൽ ചിലർ അഹങ്കരിച്ചിരിക്കുന്നു.
൧൮എങ്കിലും ഞാൻ നിങ്ങളുടെ അടുക്കൽ വരികയില്ല എന്നുവച്ച് ചിലർ അഹങ്കരിക്കുന്നു.
19 എന്നാൽ കർത്താവിനു ഹിതമായാൽ ഞാൻ എത്രയുംവേഗം നിങ്ങളുടെ അടുക്കൽവരും. അപ്പോൾ, ഈ ഗർവിഷ്ഠന്മാരുടെ വാക്കുകൾമാത്രമല്ല, അവർക്ക് എത്ര ശക്തിയുണ്ടെന്നും ഞാൻ നേരിട്ടു കണ്ട് മനസ്സിലാക്കും!
൧൯എന്നാൽ കർത്താവിന് ഇഷ്ടം എങ്കിൽ ഞാൻ വേഗം നിങ്ങളുടെ അടുക്കൽ വരും. അപ്പോൾ ഞാൻ അഹങ്കരിച്ചിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നെ കണ്ടറിയും.
20 ദൈവരാജ്യം കേവലം വാക്കുകളിലല്ല, ശക്തിയിലാണ് അധിഷ്ഠിതമായിരിക്കുന്നത്.
൨൦എന്തെന്നാൽ, ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു.
21 നിങ്ങൾക്ക് എന്താണ് അഭികാമ്യം? ഒരു വടിയുമായിട്ടു വേണമോ ഞാൻ നിങ്ങളുടെ അടുക്കൽ വരേണ്ടത്, അതോ സ്നേഹത്തിലും സൗമ്യതയുടെ ആത്മാവിലുമോ?
൨൧നിങ്ങൾക്ക് ഏത് വേണം? ഞാൻ വടിയോടുകൂടെയോ സ്നേഹത്തിലും സൗമ്യാത്മാവിലുമോ നിങ്ങളുടെ അടുക്കൽ വരേണ്ടത്?