< 1 ദിനവൃത്താന്തം 5 >

1 ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ (ആദ്യജാതൻ അവനായിരുന്നു, എന്നാൽ അവൻ തന്റെ പിതാവിന്റെ കിടക്ക അശുദ്ധമാക്കിയതിനാൽ ജ്യേഷ്ഠൻ എന്നനിലയിൽ അവനു ലഭിക്കേണ്ട അവകാശങ്ങൾ, ഇസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്കു നൽകപ്പെട്ടു; അതുകൊണ്ട് തന്റെ ജന്മാവകാശപ്രകാരമുള്ള സ്ഥാനം വംശാവലി രേഖകളിലും അവനു ലഭിച്ചില്ല.
וּבְנֵי רְאוּבֵן בְּכֽוֹר־יִשְׂרָאֵל כִּי הוּא הַבְּכוֹר וּֽבְחַלְּלוֹ יְצוּעֵי אָבִיו נִתְּנָה בְּכֹרָתוֹ לִבְנֵי יוֹסֵף בֶּן־יִשְׂרָאֵל וְלֹא לְהִתְיַחֵשׂ לַבְּכֹרָֽה׃
2 യെഹൂദാ തന്റെ സഹോദരന്മാരിൽവെച്ച് ഏറ്റവും പ്രബലനായിരുന്നു; ഒരു ഭരണാധിപനും അവനിൽനിന്നാണ് ഉണ്ടായത്; എന്നിരുന്നാലും ജ്യേഷ്ഠാവകാശങ്ങൾ യോസേഫിനു ലഭിച്ചു)—
כִּי יְהוּדָה גָּבַר בְּאֶחָיו וּלְנָגִיד מִמֶּנּוּ וְהַבְּכֹרָה לְיוֹסֵֽף׃
3 ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമി.
בְּנֵי רְאוּבֵן בְּכוֹר יִשְׂרָאֵל חֲנוֹךְ וּפַלּוּא חֶצְרוֹן וְכַרְמִֽי׃
4 യോവേലിന്റെ പുത്രന്മാർ: അദ്ദേഹത്തിന്റെ മകൻ ശെമയ്യാവ്, ശെമയ്യാവിന്റെ മകൻ ഗോഗ്, ഗോഗിന്റെ മകൻ ശിമെയി,
בְּנֵי יוֹאֵל שְׁמַֽעְיָה בְנוֹ גּוֹג בְּנוֹ שִׁמְעִי בְנֽוֹ׃
5 ശിമെയിയുടെ മകൻ മീഖാ, മീഖായുടെ മകൻ രെയായാവ്, രെയായാവിന്റെ മകൻ ബാൽ,
מִיכָה בְנוֹ רְאָיָה בְנוֹ בַּעַל בְּנֽוֹ׃
6 ബാലിന്റെ മകൻ ബെയേരാ, അയാളെ അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ പ്രവാസിയായി പിടിച്ചുകൊണ്ടുപോയി. ബെയേരാ രൂബേന്യരുടെ നായകനായിരുന്നു.
בְּאֵרָה בְנוֹ אֲשֶׁר הֶגְלָה תִּלְּגַת פִּלְנְאֶסֶר מֶלֶךְ אַשֻּׁר הוּא נָשִׂיא לָרֽאוּבֵנִֽי׃
7 അവരുടെ വംശാവലിരേഖകളിൽ ചേർത്തിരിക്കുന്നപ്രകാരം കുലമനുസരിച്ച് അവരുടെ ബന്ധുക്കൾ: തലവനായ യെയീയേൽ, സെഖര്യാവ്,
וְאֶחָיו לְמִשְׁפְּחֹתָיו בְּהִתְיַחֵשׂ לְתֹלְדוֹתָם הָרֹאשׁ יְעִיאֵל וּזְכַרְיָֽהוּ׃
8 യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകൻ ബേലാ. അവർ അരോയേർമുതൽ നെബോവും ബാൽ-മെയോനുംവരെയുള്ള പ്രദേശങ്ങളിൽ താമസിച്ചിരുന്നു.
וּבֶלַע בֶּן־עָזָז בֶּן־שֶׁמַע בֶּן־יוֹאֵל הוּא יוֹשֵׁב בַּעֲרֹעֵר וְעַד־נְבוֹ וּבַעַל מְעֽוֹן׃
9 ഗിലെയാദിൽ അവരുടെ കന്നുകാലികൾ ഏറ്റവും പെരുകിയിരുന്നതിനാൽ കിഴക്കോട്ട് മരുഭൂമിയുടെ അതിരുവരെയും യൂഫ്രട്ടീസ് നദിവരെയും ഉള്ള ഭൂപ്രദേശങ്ങൾ അവർ കൈവശപ്പെടുത്തിയിരുന്നു.
וְלַמִּזְרָח יָשַׁב עַד־לְבוֹא מִדְבָּרָה לְמִן־הַנָּהָר פְּרָת כִּי מִקְנֵיהֶם רָבוּ בְּאֶרֶץ גִּלְעָֽד׃
10 ശൗലിന്റെ ഭരണകാലത്ത് അവർ ഹഗ്രീയിമ്യരോടു യുദ്ധത്തിലേർപ്പെട്ടു. ഹഗ്രീയിമ്യർ അവരുടെ കൈയാൽ തോൽപ്പിക്കപ്പെട്ടു. ഗിലെയാദിനു കിഴക്ക് ഹഗ്രീയിമ്യർക്ക് ഉണ്ടായിരുന്ന അധിനിവേശങ്ങളെല്ലാം അവർ കൈവശമാക്കി.
וּבִימֵי שָׁאוּל עָשׂוּ מִלְחָמָה עִם־הַֽהַגְרִאִים וַֽיִּפְּלוּ בְּיָדָם וַיֵּֽשְׁבוּ בְּאׇהֳלֵיהֶם עַֽל־כׇּל־פְּנֵי מִזְרָח לַגִּלְעָֽד׃
11 ഗാദ്യർ രൂബേന്യർക്ക് അടുത്ത് ബാശാനിൽ സൽക്കാവരെ അധിവസിച്ചിരുന്നു.
וּבְנֵי־גָד לְנֶגְדָּם יָשְׁבוּ בְּאֶרֶץ הַבָּשָׁן עַד־סַלְכָֽה׃
12 യോവേൽ ആയിരുന്നു ബാശാനിലെ അവരുടെ തലവൻ. രണ്ടാമൻ ശാഫാം, പിന്നെ യനായിയും ശാഫാത്തും.
יוֹאֵל הָרֹאשׁ וְשָׁפָם הַמִּשְׁנֶה וְיַעְנַי וְשָׁפָט בַּבָּשָֽׁן׃
13 കുടുംബവഴിക്ക് അവരുടെ ബന്ധുക്കളായവർ എല്ലാവരുംകൂടി മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ എന്നീ ഏഴുപേർ ഉണ്ടായിരുന്നു.
וַאֲחֵיהֶם לְבֵית אֲבוֹתֵיהֶם מִיכָאֵל וּמְשֻׁלָּם וְשֶׁבַע וְיוֹרַי וְיַעְכָּן וְזִיעַ וָעֵבֶר שִׁבְעָֽה׃
14 ഹൂരിയുടെ മകനായ അബീഹയീലിന്റെ പുത്രന്മാർ ഇവരായിരുന്നു. ഹൂരി യാരോഹയുടെ മകൻ, യാരോഹ ഗിലെയാദിന്റെ മകൻ, ഗിലെയാദ് മീഖായേലിന്റെ മകൻ, മീഖായേൽ യെശീശയുടെ മകൻ, യെശീശ യഹദോയുടെ മകൻ, യഹദോ ബൂസിന്റെ മകൻ.
אֵלֶּה ׀ בְּנֵי אֲבִיחַיִל בֶּן־חוּרִי בֶּן־יָרוֹחַ בֶּן־גִּלְעָד בֶּן־מִיכָאֵל בֶּן־יְשִׁישַׁי בֶּן־יַחְדּוֹ בֶּן־בּֽוּז׃
15 ഗൂനിയുടെ മകനായ അബ്ദിയേലിന്റെ മകൻ അഹി അവരുടെ കുടുംബത്തലവനായിരുന്നു.
אֲחִי בֶּן־עַבְדִּיאֵל בֶּן־גּוּנִי רֹאשׁ לְבֵית אֲבוֹתָֽם׃
16 ഗിലെയാദിലും ബാശാനിലും അതിനോടുചേർന്നുള്ള ഗ്രാമങ്ങളിലും ശാരോനിലെ പുൽപ്പുറങ്ങളിൽ അവർ ചെന്നെത്തിയിടത്തോളം ഭാഗങ്ങളിലും ഗാദ്യർ താമസിച്ചിരുന്നു.
וַיֵּשְׁבוּ בַּגִּלְעָד בַּבָּשָׁן וּבִבְנֹתֶיהָ וּבְכׇֽל־מִגְרְשֵׁי שָׁרוֹן עַל־תּוֹצְאוֹתָֽם׃
17 യെഹൂദാരാജാവായ യോഥാമിന്റെയും ഇസ്രായേൽരാജാവായ യൊരോബെയാമിന്റെയും ഭരണകാലത്തെ വംശാവലിരേഖകളിൽ ഇവയെല്ലാം ചേർത്തിരുന്നു.
כֻּלָּם הִתְיַחְשׂוּ בִּימֵי יוֹתָם מֶלֶךְ־יְהוּדָה וּבִימֵי יָרׇבְעָם מֶלֶךְ־יִשְׂרָאֵֽל׃
18 രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ അർധഗോത്രത്തിനുംകൂടി യുദ്ധസജ്ജരായ 44,760 ഭടന്മാരുണ്ടായിരുന്നു. അവർ നല്ല കായികശേഷിയുള്ളവരും വാളും പരിചയും അമ്പും വില്ലും പ്രയോഗിക്കാൻ പ്രാപ്തരും നല്ല ആയോധനപരിശീലനം നേടിയവരും ആയിരുന്നു.
בְּנֵי־רְאוּבֵן וְגָדִי וַחֲצִי שֵֽׁבֶט־מְנַשֶּׁה מִן־בְּנֵי־חַיִל אֲנָשִׁים נֹשְׂאֵי מָגֵן וְחֶרֶב וְדֹרְכֵי קֶשֶׁת וּלְמוּדֵי מִלְחָמָה אַרְבָּעִים וְאַרְבָּעָה אֶלֶף וּשְׁבַע־מֵאוֹת וְשִׁשִּׁים יֹצְאֵי צָבָֽא׃
19 അവർ ഹഗ്രീയിമ്യരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധം നടത്തി.
וַיַּעֲשׂוּ מִלְחָמָה עִם־הַהַגְרִיאִים וִיטוּר וְנָפִישׁ וְנוֹדָֽב׃
20 യുദ്ധംനടന്നുകൊണ്ടിരുന്നപ്പോൾ അവർ ദൈവത്തോടു നിലവിളിച്ചു; അവർ ദൈവത്തിൽ വിശ്വസിച്ചതുകൊണ്ട് അവിടന്ന് അവരുടെ പ്രാർഥനയ്ക്ക് ഉത്തരമരുളി: ഹഗ്രീയിമ്യരെയും അവരുടെ എല്ലാ സഖ്യകക്ഷികളെയും ദൈവം അവരുടെ കൈയിൽ ഏൽപ്പിച്ചു.
וַיֵּעָזְרוּ עֲלֵיהֶם וַיִּנָּתְנוּ בְיָדָם הַהַגְרִיאִים וְכֹל שֶׁעִמָּהֶם כִּי לֵאלֹהִים זָעֲקוּ בַּמִּלְחָמָה וְנַעְתּוֹר לָהֶם כִּי־בָטְחוּ בֽוֹ׃
21 അവർ ഹഗ്രീയിമ്യരുടെ മൃഗസമ്പത്തു പിടിച്ചെടുത്തു—അൻപതിനായിരം ഒട്ടകം, രണ്ടരലക്ഷം ആട്, രണ്ടായിരം കഴുത എന്നിവയെത്തന്നെ. ഒരുലക്ഷം ആളുകളെയും അവർ അടിമകളായി പിടിച്ചു.
וַיִּשְׁבּוּ מִקְנֵיהֶם גְּֽמַלֵּיהֶם חֲמִשִּׁים אֶלֶף וְצֹאן מָאתַיִם וַחֲמִשִּׁים אֶלֶף וַחֲמוֹרִים אַלְפָּיִם וְנֶפֶשׁ אָדָם מֵאָה אָֽלֶף׃
22 യുദ്ധം ദൈവത്തിന്റേതായതിനാൽ മറ്റനവധിപേരും കൊല്ലപ്പെട്ടവരായി വീണു. അതിനെത്തുടർന്ന് പ്രവാസകാലംവരെ അവർ ആ പ്രദേശത്തു താമസിച്ചു.
כִּֽי־חֲלָלִים רַבִּים נָפָלוּ כִּי מֵהָאֱלֹהִים הַמִּלְחָמָה וַיֵּשְׁבוּ תַחְתֵּיהֶם עַד־הַגֹּלָֽה׃
23 മനശ്ശെയുടെ അർധഗോത്രത്തിലെ ജനങ്ങൾ അസംഖ്യമായിരുന്നു. ബാശാൻമുതൽ ബാൽ-ഹെർമോനും സെനീരും ഹെർമോൻ പർവതവുംവരെ അവർ നിവസിച്ചിരുന്നു.
וּבְנֵי חֲצִי שֵׁבֶט מְנַשֶּׁה יָשְׁבוּ בָּאָרֶץ מִבָּשָׁן עַד־בַּעַל חֶרְמוֹן וּשְׂנִיר וְהַר־חֶרְמוֹן הֵמָּה רָבֽוּ׃
24 അവരുടെ പിതൃഭവനത്തലവന്മാർ ഇവരായിരുന്നു: ഏഫെർ, യിശി, എലീയേൽ, അസ്രീയേൽ, യിരെമ്യാവ്, ഹോദവ്യാവ്, യഹദീയേൽ. അവർ ധീരയോദ്ധാക്കളും കീർത്തികേട്ടവരും തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരും ആയിരുന്നു.
וְאֵלֶּה רָאשֵׁי בֵית־אֲבוֹתָם וְעֵפֶר וְיִשְׁעִי וֶאֱלִיאֵל וְעַזְרִיאֵל וְיִרְמְיָה וְהוֹדַוְיָה וְיַחְדִּיאֵל אֲנָשִׁים גִּבּוֹרֵי חַיִל אַנְשֵׁי שֵׁמוֹת רָאשִׁים לְבֵית אֲבוֹתָֽם׃
25 എന്നാൽ അവർ തങ്ങളുടെ പൂർവികരുടെ ദൈവത്തോട് അവിശ്വസ്തരായിത്തീർന്നു. ദൈവം തങ്ങളുടെമുമ്പിൽനിന്ന് ഉന്മൂലനംചെയ്ത തദ്ദേശീയരായ ജനതകളുടെ ദേവന്മാരെ അവർ സേവിക്കുകയും ആ പരസംഗത്താൽ തങ്ങളെത്തന്നെ മലിനമാക്കുകയും ചെയ്തു.
וַיִּֽמְעֲלוּ בֵּאלֹהֵי אֲבֹתֵיהֶם וַיִּזְנוּ אַֽחֲרֵי אֱלֹהֵי עַמֵּי־הָאָרֶץ אֲשֶׁר־הִשְׁמִיד אֱלֹהִים מִפְּנֵיהֶֽם׃
26 അതിനാൽ ഇസ്രായേലിന്റെ ദൈവം—തിഗ്ലത്ത്-പിലേസർ എന്നും അറിയപ്പെട്ടിരുന്ന—അശ്ശൂർരാജാവായ പൂലിന്റെ മനസ്സിനെ ഉത്തേജിപ്പിച്ചു. അതുകൊണ്ട് അദ്ദേഹം രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ അർധഗോത്രക്കാരെയും പ്രവാസികളായി പിടിച്ചുകൊണ്ടുപോയി. അദ്ദേഹം അവരെ ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻ നദീതീരത്തേക്കും കൊണ്ടുപോയി. അവിടെ അവർ ഇന്നുവരെ താമസിച്ചുവരുന്നു.
וַיָּעַר אֱלֹהֵי יִשְׂרָאֵל אֶת־רוּחַ ׀ פּוּל מֶלֶךְ־אַשּׁוּר וְאֶת־רוּחַ תִּלְּגַת פִּלְנֶסֶר מֶלֶךְ אַשּׁוּר וַיַּגְלֵם לָראוּבֵנִי וְלַגָּדִי וְלַחֲצִי שֵׁבֶט מְנַשֶּׁה וַיְבִיאֵם לַחְלַח וְחָבוֹר וְהָרָא וּנְהַר גּוֹזָן עַד הַיּוֹם הַזֶּֽה׃

< 1 ദിനവൃത്താന്തം 5 >