< 1 ദിനവൃത്താന്തം 29 >

1 അതിനുശേഷം ദാവീദുരാജാവ് സർവസഭയോടുമായി പറഞ്ഞു: “ദൈവം തെരഞ്ഞെടുത്ത എന്റെ മകൻ ശലോമോൻ ചെറുപ്പമാണ്; അനുഭവസമ്പത്തില്ലാത്തവനുമാണ്; ജോലിയോ വളരെ ഭാരിച്ചതും. ഈ മന്ദിരം മനുഷ്യനുവേണ്ടിയല്ല; മറിച്ച് ദൈവമായ യഹോവയ്ക്കുവേണ്ടിയുള്ളതാണ്.
പിന്നെ ദാവീദ്‌ രാജാവ് സർവ്വസഭയോടും പറഞ്ഞത്: “ദൈവം തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവും ഉള്ളവൻ; പ്രവൃത്തി വലിയതും ആകുന്നു; മന്ദിരം മനുഷ്യനല്ല, യഹോവയായ ദൈവത്തിനത്രെ.
2 എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി ഞാൻ എന്റെ സർവവിഭവശേഷികളും ഉപയോഗിച്ച് സാധനങ്ങൾ ശേഖരിച്ചുവെച്ചിട്ടുണ്ട്—സ്വർണപ്പണികൾക്കു സ്വർണവും വെള്ളിക്കു വെള്ളിയും വെങ്കലത്തിനു വെങ്കലവും ഇരുമ്പിന് ഇരുമ്പും മരത്തിനു മരവും അതുപോലെതന്നെ അലങ്കാരപ്പണികൾക്കുവേണ്ടി ഗോമേദകക്കല്ല്, വൈഡൂര്യം, വിവിധ വർണങ്ങളിലുള്ള കല്ലുകൾ, എല്ലാ ഇനത്തിലുമുള്ള മേൽത്തരം കല്ലുകൾ, മാർബിൾ—ഇവയെല്ലാം വളരെ വിപുലമായ അളവിൽ ഞാൻ ശേഖരിച്ചുവെച്ചിരിക്കുന്നു.
എന്നാൽ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ എന്റെ ദൈവത്തിന്റെ ആലയത്തിന് വേണ്ടി പൊന്നുകൊണ്ടുള്ളവയ്ക്ക് പൊന്നും, വെള്ളികൊണ്ടുള്ളവയ്ക്ക് വെള്ളിയും, താമ്രംകൊണ്ടുള്ളവയ്ക്ക് താമ്രവും, ഇരിമ്പുകൊണ്ടുള്ളവയ്ക്ക് ഇരിമ്പും, മരംകൊണ്ടുള്ളവയ്ക്ക് മരവും, ഗോമേദകക്കല്ലും, പതിക്കുവാനുള്ള കല്ലും അലങ്കരിക്കുന്നതിനുള്ള കല്ലും, നാനാവർണ്ണമുള്ള കല്ലും, വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വെച്ചിരിക്കുന്നു.
3 കൂടാതെ, വിശുദ്ധ ആലയത്തിനുവേണ്ടി ഞാൻ ശേഖരിച്ചുവെച്ചിരിക്കുന്ന എല്ലാറ്റിനും ഉപരിയായി എന്റെ ദൈവത്തിന്റെ ആലയത്തോട് എനിക്കുള്ള പ്രതിപത്തിമൂലം ഞാൻ എന്റെ പൊൻവെള്ളിഭണ്ഡാരങ്ങളും ഇതാ തരുന്നു:
എന്റെ ദൈവത്തിന്റെ ആലയത്തോട് എനിക്കുള്ള താത്പര്യം നിമിത്തം വിശുദ്ധമന്ദിരത്തിനു വേണ്ടി ഞാൻ ശേഖരിച്ചതൊക്കെയും കൂടാതെ, എന്റെ കൈവശമുള്ള പൊന്നും വെള്ളിയും ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിനായി കൊടുത്തിരിക്കുന്നു.
4 മൂവായിരം താലന്ത് ഓഫീർതങ്കവും ഏഴായിരം താലന്തു ശുദ്ധിചെയ്ത വെള്ളിയും ഞാൻ തരുന്നു. ആലയഭിത്തികൾ പൊതിയുന്നതിനും
ആലയഭിത്തികളെ, പൊന്നുകൊണ്ടു വേണ്ടത് പൊന്നുകൊണ്ടും, വെള്ളികൊണ്ടു വേണ്ടത് വെള്ളികൊണ്ടും പൊതിയുവാനും, അങ്ങനെ കരകൗശലപ്പണിക്കാരുടെ എല്ലാ പണിയ്ക്കുവേണ്ടിയും ഓഫീർപൊന്നായി മൂവായിരം (3,000) താലന്ത് പൊന്നും ഏഴായിരം (7,000) താലന്ത് ശുദ്ധീകരിച്ച വെള്ളിയും കൊടുത്തു.
5 സ്വർണവും വെള്ളിയുംകൊണ്ടുള്ള പണികൾ ചെയ്യിക്കുന്നതിനും, കരകൗശലവേലക്കാരുടെ എല്ലാ പണികളും നിർവഹിക്കുന്നതിനുംവേണ്ടിയാണിവ. എന്നാലിപ്പോൾ യഹോവയ്ക്കുവേണ്ടി സ്വയം സമർപ്പിക്കാൻ താത്പര്യമുള്ളവർ ആരുണ്ട്?”
എന്നാൽ ഇന്ന് യഹോവയ്ക്ക് കരപൂരണം ചെയ്യുവാൻ മനഃപൂർവ്വം അർപ്പിക്കുന്നവൻ ആർ?
6 അപ്പോൾ കുടുംബത്തലവന്മാരും ഇസ്രായേലിലെ ഗോത്രാധിപന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജസേവനത്തിനു ചുമതലപ്പെട്ട അധികാരികളും താത്പര്യപൂർവം ദാനങ്ങൾ ചെയ്തു.
അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്ക് മേൽവിചാരകന്മാരും മനഃപൂർവ്വദാനങ്ങളെ കൊണ്ടുവന്നു.
7 ദൈവത്തിന്റെ ആലയത്തിന്റെ പണികൾക്കായി അയ്യായിരം താലന്തു സ്വർണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്തു വെള്ളിയും പതിനെണ്ണായിരം താലന്തു വെങ്കലവും ഒരുലക്ഷം താലന്ത് ഇരുമ്പും അവർ കൊടുത്തു.
ദൈവാലയത്തിന്റെ വേലയ്ക്കായിട്ട് അവർ 5,000 താലന്ത് പൊന്നും, 10,000 തങ്കക്കാശും 10,000 താലന്ത് വെള്ളിയും 18,000 താലന്ത് താമ്രവും 10,0000 താലന്ത് ഇരുമ്പും കൊടുത്തു.
8 വിലയേറിയ രത്നക്കല്ലുകളുണ്ടായിരുന്നവർ, യഹോവയുടെ ആലയത്തിന്റെ ഭണ്ഡാരത്തിൽ ചേർക്കാൻ അവ ഗെർശോന്യനായ യെഹീയേലിന്റെ കൈവശം ഏൽപ്പിച്ചുകൊടുത്തു.
രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽമുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു.
9 നേതാക്കന്മാർ ഈ വിധം സ്വമനസ്സാലെ ദാനം ചെയ്തപ്പോൾ ജനം സന്തോഷിച്ചു. കാരണം അവർ യഹോവയ്ക്കു ദാനംചെയ്തത് പൂർണഹൃദയത്തോടെ ആയിരുന്നു. ദാവീദുരാജാവും ഇതിൽ ഏറ്റവും സന്തോഷിച്ചു.
അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവയ്ക്ക് കൊടുത്തത്. ദാവീദ്‌ രാജാവും അത്യന്തം സന്തോഷിച്ചു.
10 അതിനുശേഷം ദാവീദ് സർവസഭയുടെയുംമുമ്പിൽ ഇപ്രകാരം യഹോവയെ സ്തുതിച്ചു: “ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ് എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ!
൧൦പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയത്: “ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, അങ്ങ് എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ.
11 മഹത്ത്വവും ശക്തിയും തേജസ്സും കീർത്തിയും മഹിമയും യഹോവേ, അങ്ങേക്കുള്ളതാണ്. ഭൂമിയിലും സ്വർഗത്തിലുമുള്ളതെല്ലാം അങ്ങയുടേതാകുന്നു. യഹോവേ, രാജ്യം അങ്ങേക്കുള്ളത്. അങ്ങ് സകലത്തിന്റെയും തലവനായിരിക്കുന്നു.
൧൧യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും അങ്ങയ്ക്കുള്ളത്; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും അങ്ങയ്ക്കുള്ളതല്ലോ. യഹോവേ, രാജത്വം അങ്ങയ്ക്കുള്ളതാകുന്നു; അങ്ങ് സകലത്തിനും മീതെ തലവനായിരിക്കുന്നു.
12 ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു; എല്ലാറ്റിനെയും ഭരിക്കുന്നതും അങ്ങുതന്നെ. എല്ലാവരെയും ഉദ്ധരിച്ച് ശക്തി പകരാനുള്ള ശക്തിയും അധികാരവും അങ്ങയുടെ കരങ്ങൾക്കുള്ളിലാണല്ലോ.
൧൨ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു; അങ്ങ് സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും അങ്ങയുടെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വിപുലീകരിക്കുന്നതും ശക്തീകരിക്കുന്നതും അങ്ങയുടെ പ്രവൃത്തിയാകുന്നു.
13 ഇപ്പോൾ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങേക്കു നന്ദികരേറ്റുന്നു; അങ്ങയുടെ മഹത്ത്വകരമായ നാമം ഞങ്ങൾ പുകഴ്ത്തുകയും ചെയ്യുന്നു.
൧൩ആകയാൽ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങയ്ക്ക് സ്തോത്രം ചെയ്ത് അങ്ങയുടെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു.
14 “ഇത്രയും ഉദാരമായി ദാനം ചെയ്യാൻ കഴിയത്തക്കവിധം ഞാനാര്? എന്റെ ജനവും എന്തുള്ളൂ? എല്ലാം അങ്ങയിൽനിന്നു ലഭിക്കുന്നു; അങ്ങയുടെ പക്കൽനിന്നു വാങ്ങി ഞങ്ങൾ അങ്ങേക്കു തരികമാത്രമേ ചെയ്യുന്നുള്ളൂ.
൧൪എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന് പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും അങ്ങിൽനിന്നല്ലോ വരുന്നത്; അങ്ങയുടെ കയ്യിൽനിന്ന് വാങ്ങി ഞങ്ങൾ അങ്ങയ്ക്ക് തന്നതേയുള്ളു.
15 യഹോവേ, ഞങ്ങൾ അവിടത്തെ കണ്മുമ്പിൽ—ഞങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെ—വിദേശികളും പ്രവാസികളുംമാത്രം. ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ആശയറ്റ ഒരു നിഴൽപോലെമാത്രം.
൧൫ഞങ്ങൾ അങ്ങയ്ക്ക് മുമ്പാകെ ഞങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല.
16 ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ വിശുദ്ധനാമത്തിന് ഒരു ആലയം പണിയുന്നതിനായി ഞങ്ങൾ ഇത്രമാത്രം സമൃദ്ധിയോടെ ശേഖരിച്ചിരിക്കുന്ന ഈ വകകളെല്ലാം തൃക്കരങ്ങളിൽനിന്ന് വരുന്നു, എല്ലാം അങ്ങേക്കുള്ളതുതന്നെ.
൧൬ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ വിശുദ്ധനാമത്തിനായി അങ്ങയ്ക്ക് ഒരു ആലയം പണിയുവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം അവിടുത്തെ കയ്യിൽനിന്നുള്ളത്; സകലവും അങ്ങയ്ക്കുള്ളതാകുന്നു.
17 എന്റെ ദൈവമേ, അങ്ങ് ഹൃദയങ്ങളെ പരിശോധിച്ചറിയുന്നു എന്നും പരമാർഥതയിൽ പ്രസാദിക്കുന്നു എന്നും ഞാനറിയുന്നു. ഇവയെല്ലാം ഞാൻ സ്വമനസ്സാ, ഹൃദയപരമാർഥതയോടെ തന്നിരിക്കുന്നു. ഇവിടെ സന്നിഹിതരായിരിക്കുന്ന അങ്ങയുടെ ഈ ജനം എത്ര സന്തോഷപൂർവം അങ്ങേക്കുവേണ്ടി തന്നിരിക്കുന്നു എന്നുകണ്ടു ഞാൻ സന്തോഷിച്ചുമിരിക്കുന്നു.
൧൭എന്റെ ദൈവമേ; അങ്ങ് ഹൃദയത്തെ ശോധനചെയ്ത് പരമാർത്ഥതയിൽ പ്രസാദിക്കുന്നു എന്നു ഞാൻ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാർത്ഥതയോടെ ഇവയെല്ലാം മനഃപൂർവ്വമായി തന്നിരിക്കുന്നു; ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന അങ്ങയുടെ ജനം അങ്ങയ്ക്ക് മനഃപൂർവ്വമായി തന്നിരിക്കുന്നത് ഞാൻ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു.
18 ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ യഹോവേ, അങ്ങയുടെ ജനത്തിന്റെ ഹൃദയങ്ങളിലെ ഈ വാഞ്ഛയെ എന്നെന്നേക്കും നിലനിർത്തണമേ! അവരുടെ ഹൃദയങ്ങൾ അങ്ങയോടു കൂറു പുലർത്താൻ ഇടയാക്കണമേ!
൧൮ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, അങ്ങയുടെ ജനത്തിന്റെ ഹൃദയത്തിൽ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്ത് അവരുടെ ഹൃദയത്തെ അങ്ങയിലേക്ക് തിരിക്കേണമേ.
19 ഈ ഞാൻ ആ ഗംഭീര സൗധത്തിന് ആവശ്യമായ സാമഗ്രികൾ സംഭരിച്ചിട്ടുണ്ടല്ലോ; അതു പണിയുന്നതിനും അങ്ങയുടെ കൽപ്പനകളും നിയമവ്യവസ്ഥകളും ഉത്തരവുകളും പ്രമാണിക്കുന്നതിനുംവേണ്ടി ഏകാഗ്രമായ ഒരു ഹൃദയം എന്റെ മകനായ ശലോമോനു നൽകണമേ!”
൧൯എന്റെ മകനായ ശലോമോൻ, അങ്ങയുടെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിനും ഞാൻ കരുതിയിട്ടുള്ള മന്ദിരം തീർക്കുവാനും, അങ്ങനെ ഇവയെല്ലാം നിവർത്തിക്കേണ്ടതിന് അവന് ഒരു ഏകാഗ്രഹൃദയം നല്കേണമേ”.
20 അതിനുശേഷം ദാവീദ് സർവസഭയോടുമായി, “നിങ്ങളുടെ ദൈവമായ യഹോവയെ സ്തുതിക്കുവിൻ!” എന്നു പറഞ്ഞു. ജനങ്ങളെല്ലാം തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തുകയും താണുവണങ്ങുകയും ചെയ്തു. അവർ യഹോവയുടെയും രാജാവിന്റെയും മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു.
൨൦പിന്നെ ദാവീദ് സർവ്വസഭയോടും: “ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ” എന്നു പറഞ്ഞു. അങ്ങനെ സഭമുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.
21 പിറ്റേദിവസം എല്ലാ ഇസ്രായേലിനുംവേണ്ടി അവർ യഹോവയ്ക്കു യാഗങ്ങൾ അർപ്പിച്ചു. അവർ ആയിരം കാളയെയും ആയിരം ആട്ടുകൊറ്റനെയും ആയിരം ആണാട്ടിൻകുട്ടിയെയും ഹോമയാഗം കഴിച്ചു. അതിനോടൊപ്പം അവർ പാനീയയാഗങ്ങളും മറ്റുയാഗങ്ങളും ധാരാളമായി അർപ്പിച്ചു.
൨൧പിന്നെ അവർ യഹോവയ്ക്കു് ഹനനയാഗങ്ങളെ അർപ്പിച്ചു; പിറ്റെന്നാൾ യഹോവയ്ക്കു് ഹോമയാഗമായി ആയിരം (1,000) കാളയെയും ആയിരം ആട്ടുകൊറ്റനെയും ആയിരം കുഞ്ഞാടിനെയും അവയുടെ പാനീയയാഗങ്ങളെയും എല്ലാ യിസ്രായേലിനുംവേണ്ടി അനവധി ഹനനയാഗങ്ങളെയും കഴിച്ചു.
22 അന്ന് അവരെല്ലാവരും യഹോവയുടെ സന്നിധിയിൽ മഹാസന്തോഷത്തോടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തു. അവർ പിന്നീടു ദാവീദുരാജാവിന്റെ മകനായ ശലോമോനെ, തങ്ങൾക്കു ഭരണാധിപനായിരിക്കേണ്ടതിന് യഹോവയുടെമുമ്പാകെ അഭിഷേകംചെയ്ത് രണ്ടാമതും രാജാവായി അംഗീകരിച്ചു. അവർ സാദോക്കിനെ പുരോഹിതനായും അഭിഷേകംചെയ്തു.
൨൨അവർ അന്ന് യഹോവയുടെ സന്നിധിയിൽ മഹാസന്തോഷത്തോടെ ഭക്ഷിച്ചു പാനംചെയ്തു; ദാവീദിന്റെ മകനായ ശലോമോനെ രണ്ടാം പ്രാവശ്യം രാജാവാക്കി; അവനെ യഹോവയ്ക്കു് പ്രഭുവായിട്ടും സാദോക്കിനെ പുരോഹിതനായിട്ടും അഭിഷേകം ചെയ്തു.
23 അങ്ങനെ ശലോമോൻ തന്റെ പിതാവായ ദാവീദിന്റെ സ്ഥാനത്ത്, യഹോവയുടെ സിംഹാസനത്തിൽ ഉപവിഷ്ടനായി. അദ്ദേഹം മേൽക്കുമേൽ അഭിവൃദ്ധിപ്രാപിക്കുകയും ഇസ്രായേലെല്ലാം അദ്ദേഹത്തെ അനുസരിക്കുകയും ചെയ്തു.
൨൩അങ്ങനെ ശലോമോൻ തന്റെ അപ്പനായ ദാവീദിന് പകരം യഹോവയുടെ സിംഹാസനത്തിൽ രാജാവായിരുന്നു കൃതാർത്ഥനായി. യിസ്രായേലൊക്കെയും അവന്റെ വാക്ക് കേട്ടനുസരിച്ചു.
24 സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദുരാജാവിന്റെ പുത്രന്മാരും പ്രതിജ്ഞചെയ്ത് ശലോമോനോടുള്ള വിധേയത്വം പ്രഖ്യാപിച്ചു.
൨൪സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ്‌രാജാവിന്റെ സകലപുത്രന്മാരും ശലോമോൻ രാജാവിന് കീഴ്പെട്ടു.
25 യഹോവ എല്ലാ ഇസ്രായേലിനും മുമ്പാകെ ശലോമോനെ ഏറ്റവും ഉന്നതനാക്കി; ഇസ്രായേലിൽ മുമ്പൊരു രാജാവിനും ഇല്ലാതിരുന്ന രാജകീയ പ്രതാപം അദ്ദേഹത്തിനു നൽകി.
൨൫യിസ്രായേലൊക്കെയും കാൺകെ യഹോവ ശലോമോനെ അത്യന്തം മഹത്വപ്പെടുത്തി, യിസ്രായേലിൽ അവന് മുമ്പുണ്ടായിരുന്ന ഒരു രാജാവിനും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവന് നല്കി.
26 യിശ്ശായിയുടെ മകനായ ദാവീദ് ഇസ്രായേലിനെല്ലാം രാജാവായി വാണു.
൨൬ഇങ്ങനെ യിശ്ശായിയുടെ മകനായ ദാവീദ് എല്ലാ യിസ്രായേലിനും രാജാവായി വാണിരുന്നു.
27 അദ്ദേഹം ഇസ്രായേലിനെ നാൽപ്പതുവർഷം ഭരിച്ചു—ഏഴുവർഷം ഹെബ്രോനിലും മുപ്പത്തിമൂന്നുവർഷം ജെറുശലേമിലും.
൨൭അവൻ യിസ്രായേലിനെ വാണകാലം നാല്പതു സംവത്സരം ആയിരുന്നു; അവൻ ഏഴു സംവത്സരം ഹെബ്രോനിലും മുപ്പത്തിമൂന്നു സംവത്സരം യെരൂശലേമിലും വാണു.
28 ദീർഘായുസ്സും ധനവും ബഹുമാനവും ഉള്ളവനായി തികഞ്ഞ വാർധക്യത്തിൽ അദ്ദേഹം മരിച്ചു; അദ്ദേഹത്തിന്റെ മകൻ ശലോമോൻ അദ്ദേഹത്തിനു പിൻഗാമിയായി.
൨൮അവൻ വളരെ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു; അവന്റെ മകനായ ശലോമോൻ അവന് പകരം രാജാവായി.
29 ദാവീദുരാജാവിന്റെ ഭരണകാലത്തിലെ ആദ്യവസാന വൃത്താന്തങ്ങൾ ദർശകനായ ശമുവേലിന്റെയും പ്രവാചകനായ നാഥാന്റെയും ദർശകനായ ഗാദിന്റെയും വൃത്താന്തപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു.
൨൯എന്നാൽ ദാവീദ്‌ രാജാവിന്റെ ആദ്യന്തവൃത്താന്തങ്ങളും, അവന്റെ രാജഭരണം ഒക്കെയും, അവന്റെ പരാക്രമപ്രവൃത്തികളും, അവനും യിസ്രായേലിനും അന്യദേശങ്ങളിലെ സകലരാജ്യങ്ങളിലുമുണ്ടായ എല്ലാ സംഭവങ്ങളും
30 അദ്ദേഹത്തിന്റെ ഭരണത്തിന്റെ വിശദാംശങ്ങൾ, ശക്തി, അദ്ദേഹത്തെയും ഇസ്രായേലിനെയും ചുറ്റുമുള്ള രാജ്യങ്ങളെയും സംബന്ധിച്ച സാഹചര്യവിവരങ്ങൾ എന്നിവയും അവയിൽ വിവരിച്ചിരിക്കുന്നു.
൩൦ദർശകനായ ശമൂവേലിന്റെ വൃത്താന്തത്തിലും നാഥാൻപ്രവാചകന്റെ പുസ്തകത്തിലും ദർശകനായ ഗാദിന്റെ വൃത്താന്തത്തിലും എഴുതിയിരിക്കുന്നുവല്ലോ.

< 1 ദിനവൃത്താന്തം 29 >